മധുരമീ സംഗീതം : ശ്രേയാഘോഷാല്‍ സംസാരിക്കുന്നു
Dool Talk
മധുരമീ സംഗീതം : ശ്രേയാഘോഷാല്‍ സംസാരിക്കുന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 17th May 2012, 11:00 am

ലയാളിള്‍ക്ക്  സുപരിചിതമായ ശബ്ദമാണ് ശ്രേയയുടേത്. ശ്രേയയുടെ പാട്ടുകള്‍ കേട്ടാല്‍ അത് പാടിയത് മലയാളിയല്ലെന്ന് ആരും പറയില്ല. അത്രയ്ക്ക് കൃത്യമാണ് അവരുടെ ഉച്ചാരണം. മലയാളം ഒട്ടും അറിയാത്ത ഒരു പെണ്‍കുട്ടി എങ്ങനെ  മലയാളം പാട്ടുകള്‍ ഇത്ര മനോഹരമായി പാടുന്നു എന്ന് അത്ഭുതപ്പെടാത്തവര്‍ ആരും ഉണ്ടാകില്ല. മലയാളം മാത്രമല്ല, തനിയ്ക്ക് വശമില്ലാത്ത പല ഭാഷകളിലെയും പാട്ടുകള്‍ അനായാസമായി ശ്രേയ പാടും.. ശ്രയയുടെ സംഗീതവിശേഷങ്ങളിലൂടെ..

പല ഭാഷകളും എഴുതാനും വായിക്കാനും അറിയില്ല..പക്ഷേ എങ്ങനെയാണ് ആ ഭാഷ മനസ്സിലാക്കി പാട്ടുകള്‍ പാടുന്നത്..?

ആദ്യമൊക്കെ കുറച്ച് ബുദ്ധിമുട്ടുണ്ടായിരുന്നു. പാട്ടുപാടാനായി ചെല്ലുമ്പോള്‍ ആദ്യം അതിന്റെ വരികളെല്ലാം ഹിന്ദിയില്‍ എഴുതിയെടുക്കും. എനിയ്ക്ക് തോന്നുന്നത് ഹിന്ദിയാണ് ഏറ്റവും എളുപ്പമുള്ള ഭാഷയെന്ന്. ഹിന്ദിയില്‍ എഴുതിയെടുത്ത് പാടുമ്പോള്‍ അത് അത്ര ബുദ്ധിമുട്ടായി തോന്നാറില്ല.

28 വയസ്സിനിടെ നാല് നാഷണല്‍ അവാര്‍ഡുകള്‍ കൂടാതെ ഒട്ടനവധി പുരസ്‌ക്കാരങ്ങള്‍ വേറെയും..അവാര്‍ഡുകള്‍ ശ്രയയെ തേടി വരുകയാണ്. എന്താണ് ഇതിന്റെ രഹസ്യം..?

നല്ല പാട്ടുകള്‍ പാടാന്‍ കഴിയുക, അതിന് പുരസ്‌ക്കാരങ്ങള്‍ ലഭിക്കുക എന്നൊക്കെ പറയുന്നത് വലിയ കാര്യമാണ്. എന്നും പുതുമയോടെ ജീവിക്കുക എന്നതാണ് എന്റെ പോളിസി. നല്ല പാട്ടുകള്‍ ലഭിക്കുമ്പോള്‍ അത് പരമാവധി മികച്ചതാക്കാന്‍ നോക്കും.പിന്നെ അവാര്‍ഡുകള്‍ ലഭിക്കുന്നത് ഒരു ഭാഗ്യമാണ്. അംഗീകാരം ലഭിക്കുമ്പോള്‍ മാത്രമേ ഇനിയും മെച്ചപ്പെടുത്തണമെന്ന തോന്നല്‍ ഉണ്ടാവുകയുള്ളു

സജ്ജയ് ലീല ബന്‍സാലിയുടെ ദേവദാസിലൂടെ ആരംഭിച്ച കരിയര്‍ ഇവിടെ എത്തിനില്‍ക്കുന്നു..തിരിഞ്ഞുനോക്കുമ്പോള്‍ എന്തുതോന്നുന്നു?

സംഗീതത്തെ ഞാന്‍ ആരാധിക്കുന്നു. സംഗീതം ഒരു പ്രൊഫഷനായി മാത്രമല്ല ഞാന്‍ എടുത്തിരിക്കുന്നത്. അത് ഒരു വികാരം കൂടിയാണ്. അതാണ് എന്റെ പല പാട്ടുകളിലും പ്രതിഫലിക്കുന്നത്. സംഗീതത്തിലുള്ള എന്റെ അര്‍പ്പണം പൂര്‍ണമാണെങ്കില്‍ മാത്രമേ നല്ല പാട്ടുകള്‍ എന്നെ തേടി വരികയുള്ളു. സംഗീതത്തെ കുറിച്ച് കൂടുതലറിയാനുള്ള ആവേശം എനിയ്ക്കുണ്ട്. അതുകൊണ്ട് തന്നെ എല്ലാ തരത്തിലുള്ള പാട്ടുകള്‍ കേള്‍ക്കാനും അതിനെ കുറിച്ച് പഠിക്കാനും ഞാന്‍ ശ്രമിക്കാറുണ്ട്.

300ലേറെ സിനിമകളില്‍ ഇപ്പോള്‍ പാടിക്കഴിഞ്ഞു. പിന്നണി ഗാനരംഗത്തേക്ക് വന്ന സമയം എങ്ങനെയായിരുന്നു..?

16 ാം വയസ്സിലാണ് ഞാന്‍ പിന്നണി ഗാന രംഗത്തേക്ക് വന്നത്. സിനിമയിലേക്ക് വന്ന് കുറച്ച് കഴിഞ്ഞപ്പോള്‍ തന്നെ എന്റെ ശബ്ദവും പാടുന്ന രീതിയും മാറാന്‍ തുടങ്ങി. അന്നുമുതല്‍ തന്നെ പാട്ടിനെ മറ്റൊരു കോണിലൂടെ കാണാന്‍ ഞാന്‍ ശ്രമിച്ചിരുന്നു. പക്വത വരുന്നതിനനുസരിച്ച് പാട്ടിനോടുള്ള എന്റെ കാഴ്ചപ്പാടും മാറാന്‍ തുടങ്ങി.

സംഗീതമാണ് ജീവിതം എന്ന് തിരിച്ചറിയാന്‍ തുടങ്ങിയത് എന്നാണ്..?

ചെറുപ്പം മുതല്‍ തന്നെ സംഗീതത്തില്‍ അഭിരുചി ഉണ്ടെന്ന് തിരിച്ചറിഞ്ഞിരുന്നു. എന്നാല്‍ മുന്നോട്ടുള്ള എന്റെ ജീവിതം എങ്ങനെയായിരിക്കും എന്നൊന്നും അറിയില്ലായിരുന്നു. സംഗീതത്തില്‍ ഇത്രയെങ്കിലും ശോഭിക്കാന്‍ കഴിയുമെന്നും കരുതിയിരുന്നില്ല. എങ്കിലും ബോളിവുഡ് മ്യൂസിക്കിനെ ഞാന്‍ അന്നേ സ്‌നേഹിച്ചിരുന്നു. അവിടെ എന്തെങ്കിലുമൊക്കെ ആയിത്തീരണമെന്ന് എനിയ്ക്ക് ആഗ്രഹമുണ്ടായിരുന്നു. ഇന്ന് ഇപ്പോള്‍ എന്റെയൊപ്പമുള്ള പല ഗായകരും സിനിമാഗാനങ്ങളില്‍ നിന്നും അല്‍പം അകന്ന് ശുദ്ധസംഗീതത്തിന്റെ വഴിയേ പോകാനാണ് ആഗ്രഹിക്കുന്നത്. സിനിമാ സംഗീതത്തില്‍ നിന്നു അല്പം മാറി സ്വതന്ത്ര സംഗീതവുമായി മുന്നോട്ടുപോകാന്‍ എനിയ്ക്കും ആഗ്രഹമുണ്ട്.

മിക്‌സിംഗിനെ പറ്റിയാണോ പറയുന്നത് ?

ഒരിക്കലുമല്ല, ഫിലിം മ്യൂസിക്കിനെയും നോണ്‍ മ്യുസിക്കിനേയും കൂട്ടിച്ചേര്‍ക്കണമെന്നല്ല. ഫിലിം മ്യൂസിക്കില്‍ നമുക്ക് ലഭിക്കാത്ത പലതും നോണ്‍മ്യൂസിക്കിലൂടെ അറിയാന്‍ സാധിക്കും.

സംഗീതരംഗത്തെ മത്സരത്തെക്കുറിച്ച് ?

സംഗീതത്തിലെ മത്സരത്തില്‍ ഞാന്‍ വിശ്വസിക്കുന്നില്ല. കാരണം ഓരോരുത്തര്‍ക്കും അവരവരുടേതായ ശബ്ദവും പേഴ്‌സണാലിററിയും ഉണ്ടാകും. കാരണം ഒരാളുടെ ശബ്ദത്തില്‍ പാടേണ്ട പാട്ട് അവര്‍ക്ക് മാത്രമേ പാടാന്‍ കഴിയുകയുള്ളു. രണ്ടും രണ്ടുരീതിയിലുള്ള ആളുകളും ശബ്ദവുമാകുമ്പോള്‍ അവിടെ മത്സരത്തിന് പ്രസക്തിയില്ല. എന്റെ കഴിവില്‍ വിശ്വസിച്ച് എന്നെ ഏല്‍പ്പിക്കുന്ന പാട്ടുകള്‍ പരാമവധി മികച്ചതാക്കാന്‍ ഞാന്‍ ശ്രമിക്കും. എനിയ്ക്ക് വരുന്ന അവസരം മറ്റൊരാള്‍ തട്ടിയെടുക്കുമെന്നൊന്നും തോന്നുന്നില്ല.

ഹിന്ദുസ്ഥാനും ക്ലാസിക്കലും ഫോക്ക് സോഗും അഭ്യസിക്കുന്നുണ്ടല്ലോ..സംഗീത പരിശീലനത്തെ കുറിച്ച്?

ക്ലാസിക്കല്‍ മ്യൂസിക് പഠിക്കുന്നില്ല. ലൈറ്റ് മ്യൂസിക്കിലാണ ഇപ്പോള്‍ കൂടുതല്‍ ശ്രദ്ധ കൊടുക്കുന്നത്. ശാസ്ത്രീയ സംഗീത പഠനം പാതിവഴിയില്‍ നിന്നുപോയിട്ടുണ്ട്. അത് വീണ്ടും തുടങ്ങണം. ശാസ്ത്രീയ സംഗീതം അഭ്യസിച്ച് ആ വഴിയില്‍ പോകാനാണ് കൂടുതല്‍ ഇഷ്ടം. അങ്ങനെ വരുമ്പോള്‍ തന്നെ സിനിമാ ഗാനങ്ങളുമായി ഒരു അകലം പാലിക്കേണ്ടി വരും.

പാട്ടിന്റെ സ്വാധീനം എത്രത്തോളം സിനിമയെയും അതുപോലെ ആളുകളെയും ബാധിക്കുന്നുണ്ട് ?

സിനിമയില്‍ പാട്ടുകള്‍ അനിവാര്യമാണ്. എന്നാല്‍ പണ്ടത്തെയത്ര മൂല്യമുള്ള പാട്ടുകള്‍ വരുന്നുണ്ടോ എന്ന് സംശമയമാണ്. ആളുകളുടെ താത്പര്യങ്ങള്‍ മാറി. 4 മിനിട്ട് നേരം അടിച്ചുപൊളിച്ച് കേള്‍ക്കേണ്ട പാട്ടും ചിലപ്പോള്‍ ആസ്വദിച്ച് കേള്‍ക്കേണ്ട പാട്ടുകളും ഉണ്ടാകും. ഗായകര്‍ തങ്ങള്‍ക്ക് എത്തരത്തിലുള്ള പാട്ടുകളാണ് ചെയ്യാന്‍ കഴിയുകയെന്ന് സംഗീത സംവിധായകരോട് അഭിപ്രായപ്പെടണം.


ഏതുഭാഷയിലാണ് സംഗീതത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കി സിനിമ ചെയ്യുന്നതെന്ന് തോന്നിയിട്ടുള്ളത് ?

കന്നഡ, മലയാളം സിനിമകളിലാണ് സംഗീതത്തിന് കൂടുതല്‍ പ്രാധാന്യം. സൗത്ത് ഇന്ത്യന്‍ സംഗീതത്തെ അങ്ങനെ പ്രത്യേക കാറ്റഗറി ആക്കാനൊന്നും പറ്റില്ല. എന്നാല്‍ മലയാളത്തിലേയും തമഴിലേയും കന്നഡയിലേയും തെലുങ്കിലേയുമെല്ലാം സംവിധായകരുടെ ടേസ്റ്റ് വ്യത്യസ്തമാണ്. പലരും സംഗീതത്തെ പല രീതിയിലാണ് സമീപിക്കുന്നത്. നോര്‍ത്തിലെ സിനിമാസംവിധായകര്‍ക്കും ആളുകള്‍ക്കുമെല്ലാം സൗത്ത് ഇന്ത്യന്‍ സംഗീത സംവിധായകരോടും സിനിമകളോടുമെല്ലാം ഏറെ ബഹുമാനമാണ്.

സംഗീത റിയാലിറ്റി ഷോകളെ കുറിച്ച്.?

റിയാലിറ്റി ഷോകള്‍ക്ക് ഞാന്‍ എതിരല്ല. എന്നാല്‍ റിയാലിറ്റി ഷോകളില്‍ ബുദ്ധിമുട്ടുള്ള പാട്ടുകള്‍ പടിച്ചുപാടാന്‍ പലരും തയ്യാറാകുന്നില്ല എന്ന് തോന്നിയിട്ടുണ്ട്. ഒരു പക്ഷേ അത് അവര്‍ക്കു ലഭിക്കുന്ന മാര്‍ക്കിനെയും മറ്റും ബാധിക്കും എന്നതുകൊണ്ടാവും. കുട്ടികളുടെ പാട്ടിന്റെ നിലവാരത്തിനനുസരിച്ചാണ് ചാനലിന്റെ റേറ്റിംഗ് ഉയരുക. അപ്പോള്‍ സംഗീതത്തില്‍ കുറച്ച് മസാലകള്‍ ചേര്‍ക്കാനും അവര്‍ നിര്‍ബന്ധിതരാവും. എന്നിരുന്നാലും ഞാന്‍ റിയാലിറ്റി ഷോയ്ക്ക് എതിരല്ല. പക്ഷേ റിയാലിറ്റി ഷോ ഫോക്കസ് ചെയ്യുന്നത് ഒരു വ്യക്തിയെ മാത്രമാണ്. ഒരാളെ മാത്രം ഫോക്കസ് ചെയ്യുമ്പോള്‍ അവര്‍ മാത്രമേ ഉയര്‍ന്നുവരുകയുള്ളു. പുതുതായി വരുന്ന എല്ലാവര്‍ക്കും തുറന്നുകൊടുക്കുന്ന വാതിലായിരിക്കണം സംഗീതം..

 

കടപ്പാട്: ദി ഹിന്ദു
മൊഴിമാറ്റം: ആര്യ പി രാജന്‍