അഭിമുഖം: ഷൈജു ആന്റണി / അന്ന കീര്‍ത്തി ജോര്‍ജ്
ക്രിസ്ത്യന്‍ യുവത്വമേ ഇതിലേ എന്ന പേരില്‍ ക്ലബ് ഹൗസില്‍ നടന്ന ചര്‍ച്ചയും അതിലുയര്‍ന്നുവന്ന ചില വാദങ്ങളും സമീപ കാലത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ഈ ചര്‍ച്ചകള്‍ നയിച്ചവര്‍ മുന്നോട്ടുവെച്ച വാദങ്ങളെ എങ്ങനെയാണ് നോക്കിക്കാണുന്നത്? ഇത്തരം പ്രചരണങ്ങളുടെ പ്രത്യാഘാതം എന്തായിരിക്കും?
വിവാദമായ ക്ലബ് ഹൗസ് ചര്‍ച്ചകള്‍ക്ക് പിന്നിലുണ്ടായിരുന്ന കാസ എന്ന സംഘടന ഒരു സംഘപരിവാര്‍ സ്‌പോണ്‍സേഡ് സംഘടനയാണ്. സംഘപരിവാറുകാര്‍ പുറകില്‍ നിന്നു പ്രവര്‍ത്തിപ്പിക്കുന്ന സംഘടനയാണിത്. ബി.ജെ.പിയുടെ ഐ.ടി. സെല്‍ പ്രവര്‍ത്തിക്കുന്നത് പോലെ തന്നെയാണ് ഈ സംഘടനയുടെയും പ്രവര്‍ത്തനം.
ക്ലബ് ഹൗസിലെ ചര്‍ച്ചയുടെ പേര് തന്നെ എടുക്കുക, ക്രിസ്ത്യന്‍ യുവത്വമേ ഇതിലേ എന്നതിനപ്പുറം വെറുതെ ഒരു ഹൈഫന്‍ ഇട്ട് കെ.സി.വൈ.എം. എന്ന് ചേര്‍ത്തിരിക്കുന്നു. കെ.സി.വൈ.എമ്മുമായി ഇതിന് ഒരു ബന്ധവുമില്ല.
കെ.സി.ബി.സിയുടെ ഔദ്യോഗിക യുവജന സംഘടനയായ കെ.സി.വൈ.എമ്മിന്റെ പേര് ഉപയോഗിക്കുന്നതിലൂടെ ഇത് സഭയുടെ നിലപാടാണ് എന്ന തരത്തില്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാകുന്നു. ഇത് അബദ്ധത്തില്‍ സംഭവിക്കുന്നതല്ല. കൃത്യമായ ഐ.ടി. പ്ലാനിംഗാണ്. ഒരു ഇന്‍സ്റ്റഗ്രാം പേജ് കാസ തുടങ്ങിയിട്ടുണ്ട്. കെ.സി.വൈ.എമ്മിന്റെ ആശയങ്ങള്‍ എന്ന പേരില്‍. അതിനും ക്ലബ് ഹൗസിലെ ആ ഗ്രൂപ്പ് പോലെ കെ.സി.വൈ.എമ്മുമായി ഒരു ബന്ധവുമില്ല.
അതായത്, സംഘപരിവാര്‍ പിന്തുണയുള്ള പുറത്തുനിന്നുള്ള കാസ പോലുള്ള ഗ്രൂപ്പുകള്‍, തങ്ങളുടെ ആശയങ്ങള്‍ കെ.സി.ബി.സിയുടെ ഔദ്യോഗിക സംഘടന പറയുന്നു എന്ന രീതിയില്‍ ജനങ്ങള്‍ക്കിടയില്‍ എത്തിക്കാനുള്ള ഗൂഢശ്രമമാണ് നടത്തുന്നത്. അവര്‍ പറഞ്ഞ തീവ്ര വര്‍ഗീയതക്കെതിരെ സംസാരിക്കാന്‍ കേരളത്തിലെ ക്രിസ്തീയ വിശ്വാസികളായവര്‍ തന്നെ മുന്നോട്ടുവന്നു എന്നത് സന്തോഷമുള്ള കാര്യമാണ്.
പക്ഷെ ഒരു തരത്തിലുള്ള സെക്‌റ്റേറിയനിസം അഥവാ വിഘടനവാദവും ഇതേ തുടര്‍ന്ന് സംഭവിച്ചിട്ടുണ്ട്. ഇസ്ലാം മതത്തില്‍പ്പെട്ടവര്‍ ഒരു ഗ്രൂപ്പ് തുടങ്ങി അവരെ ന്യായീകരിക്കുന്നു. ക്രിസ്ത്യന്‍ ഗ്രൂപ്പുകള്‍ തങ്ങളെ ന്യായീകരിക്കാനായി മറ്റൊരു ഗ്രൂപ്പ് തുടങ്ങുന്നു. അങ്ങനെ വളരെ കൃത്യമായ ഒരു വിഭജനം ഇവിടെ സംഭവിച്ചു.
ഈ വിഭജനം സംഭവിക്കണമെന്ന് ഈ ഗ്രൂപ്പുകള്‍ തുടങ്ങിയ ക്രിസ്തീയ – ഇസ്ലാം കക്ഷികളുടെ താല്‍പര്യമല്ല. പക്ഷെ ഈ ഗ്രൂപ്പുകള്‍ക്കിടയിലൂടെ കൃത്യമായ വിഭജനമുണ്ടാക്കാന്‍ തക്ക വിധത്തില്‍ ആരോ പുറകില്‍ നിന്നും ചരടുവലിക്കുന്നുണ്ട്. വലിയ വിദ്വേഷ പ്രചരണമാണ് ഈ പ്രക്രിയയിലൂടെ നടക്കുന്നത്.
ഇത്തരം വിദ്വേഷ പ്രചരണങ്ങളെ ഏറെ ആശങ്കയോടെയാണ് ഞാന്‍ വീക്ഷിക്കുന്നത്. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് കാനഡയില്‍ ഒരു സംഭവം നടന്നിരുന്നു. റോഡരികില്‍ നില്‍ക്കുകയായിരുന്ന ഒരു മുസ്ലിം കുടുംബത്തിനിടയിലേക്ക് ഒരു ചെറുപ്പക്കാരന്‍ വണ്ടിയോടിച്ചു കയറ്റി.
ആ കുടുംബത്തിലെ മുത്തശ്ശിയും അച്ഛനും അമ്മയും മകളുമടക്കം മൂന്ന് തലമുറയില്‍ പെട്ടവരാണ് കൊല്ലപ്പെട്ടത്.
ആ യുവാവിന് ഈ കുടുംബത്തെ അറിയില്ല. എന്നിട്ടും ആ ചെറുപ്പക്കാരന്റെ മനസ്സില്‍ ആരോ കുത്തിവെച്ച വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും വിത്തുകളാണ് അവനെ കൊണ്ട് അതു ചെയ്യിച്ചത്. കനേഡിയന്‍ പൊലീസ് പറയുന്നതിനനുസരിച്ച് അവന്‍ മുന്‍പ് ഒരു തീവ്രവാദ പ്രവര്‍ത്തനത്തിലും ഏര്‍പ്പെട്ടിട്ടില്ല, അക്രമം നടത്തിയിട്ടില്ല, അവനെതിരെ കേസുകളൊന്നുമില്ല. പക്ഷെ അവന്റെ ഉള്ളില്‍ വിതക്കെപ്പട്ടിരുന്ന വെറുപ്പത്തിന്റെ വിത്ത് അപകടകരമായ വിധത്തില്‍ വളരുന്നത് ആരും അറിഞ്ഞില്ല.
വെറുപ്പിന്റെ വിത്ത് ഒരാളുടെ ഉള്ളില്‍ വിതച്ചു കഴിഞ്ഞാല്‍ അത് പിന്നെ സ്വയമേവ വളര്‍ന്നുകൊള്ളും. ഇപ്പോള്‍ ഈ ക്ലബ് ഹൗസ് ചാറ്റ് റൂമുകളിലും സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലും വിതക്കുന്ന വിദ്വേഷത്തിന്റെ വിത്ത് എത്രമാത്രം വളരുമെന്നോ അപകടകരമാകുമെന്നോ ആര്‍ക്കും കാണാനാകില്ല.
ഈ വെറുപ്പിന്റെ വിത്ത് വിതക്കുക എന്നത് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന ഗ്രൂപ്പുകളുടെയോ അതിന്റെ തലപ്പത്തിരിക്കുന്നവരുടെയോ പ്ലാന്‍ ഓഫ് ആക്ഷന്‍ ആയിരിക്കണമെന്നില്ല, ഇതിന് പിന്നില്‍ ഒരു ബുദ്ധികേന്ദ്രം കൃത്യമായി പ്രവര്‍ത്തിക്കുന്നുണ്ട്. കാനഡയില്‍ സംഭവിച്ചത് വൈകാതെ കേരളത്തിലെ ഏതെങ്കിലും പട്ടണത്തില്‍ സംഭവിച്ചാല്‍ അത്ഭുതപ്പെടാനില്ല. ഇന്ന് നടക്കുന്ന വിദ്വേഷ പ്രചരണങ്ങള്‍ ഒരു നിസാരകാര്യമല്ല, സര്‍ക്കാരും ഇന്റലിജന്‍സ് സംവിധാനങ്ങളും ആശങ്കയോടുകൂടി തന്നെ ഇവയെ കാണേണ്ടതുണ്ട്.
വാഴ്ത്തപ്പെട്ട സി. റാണി മരിയക്ക് സംഭവിച്ചതാണ് ഈയവസരത്തില്‍ ഓര്‍മ വരുന്നത്. റാണി മരിയയെ കുത്തിക്കൊന്നത് സമുന്ധര്‍ സിംഗ് എന്ന ബജ്റംഗ് ദള്‍ പ്രവര്‍ത്തകനാണ്. അയാള്‍ പിന്നീട് റാണി മരിയയുടെ വീട്ടിലെത്തി പൊട്ടിക്കരഞ്ഞു കൊണ്ട് മാപ്പ് പറഞ്ഞിരുന്നു. ചെയ്യുന്നത് ഇത്രയും വലിയ പാതകമാണെന്ന് അയാള്‍ക്കറിയില്ലായിരുന്നു. കന്യാസ്ത്രീകള്‍ ഹിന്ദുക്കളെ മതപരിവര്‍ത്തനം ചെയ്യുന്നു, ഹിന്ദു മതത്തിനും ദൈവങ്ങള്‍ക്കും എന്തോ സംഭവിക്കുന്നു എന്ന് പറഞ്ഞ് ആരോ പടച്ചുവിട്ട വെറുപ്പിന്റെ വിത്ത് സമുന്ധര്‍ സിംഗിന്റെ ഉള്ളിന്റെ വളര്‍ന്നു വലുതായിട്ടാണ് ആ കൊലപാതകം സംഭവിക്കുന്നത്.
സി. റാണി മരിയ
റാണി മരിയയെ കുത്തിക്കൊന്ന ആ ബസില്‍ കയറുന്നതിന് മുന്‍പ് അയാള്‍ ദൈവങ്ങള്‍ക്ക് മുന്‍പില്‍ താണുവണങ്ങി, അവരെ രക്ഷിക്കുമെന്ന് പ്രതിജ്ഞ ചെയ്തിരുന്നു. പ്രസാദമായ തേങ്ങാപ്പൂളിന്റെ കഷ്ണങ്ങള്‍ ബസിലെ എല്ലാവര്‍ക്കും നല്‍കിയിരുന്നു. പിന്നീടാണ് സമുന്ധര്‍ സിംഗ് ബസില്‍ നിന്നും റാണി മരിയയെ വലിച്ചിറക്കി കുത്തിക്കൊന്നത്.
വെറുപ്പിന്റെ സുവിശേഷമാണ് ഇന്ത്യയില്‍ വര്‍ഗീയ കലാപങ്ങള്‍ക്ക് വഴിവെച്ചത്. മുസ്ലിമും ഹിന്ദുവും ക്രിസ്ത്യാനിയുമെല്ലാം അതിന്റെ ഇരകളായിട്ടുണ്ട്. കണ്ഡമാല്‍ കൂട്ടക്കൊലയടക്കമുള്ള സംഭവങ്ങള്‍ക്കെല്ലാം പിറകില്‍ വെറുപ്പിന്റെ വിത്ത് പാകി കലാപത്തിനായി കാത്തിരുന്ന ചിലരുണ്ടായിരുന്നു.
സമാനമായ രീതിയില്‍, മലയാളി സമൂഹത്തിന്റെ മതേതര മനസിന് തുരങ്കം വെച്ച് നിലവിലെ സാമൂഹികാന്തരീക്ഷത്തെ തകര്‍ക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ന് കേരളത്തില്‍ വിദ്വേഷ പ്രചരണങ്ങള്‍ നടക്കുന്നത്. ഇതിന്റെ പ്രത്യാഘാതമായി ഒരു അപകടമുണ്ടായാല്‍ എല്ലാവരും ഉണരും, അപ്പോഴേക്കും ആരുടെയെങ്കിലും ജീവന്‍ പൊലിഞ്ഞിട്ടുണ്ടാകും. അതുകൊണ്ട് തന്നെ അപകടം ഉണ്ടാകുന്നതിന് മുന്‍പ് നമുക്ക് ഉണരാന്‍ കഴിയേണ്ടതുണ്ട്.
ഈ സാഹചര്യത്തില്‍ നിയമം എന്ത് പറയുന്നു എന്നത് കൂടി നമ്മള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ഈയടുത്ത് മതപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് കര്‍ണാടക ഹൈക്കോടതിയുടെ ഒരു വിധി വന്നിരുന്നു. ഒരു മതം പ്രചരിപ്പിക്കാനായി മറ്റൊരു മതത്തെ ഇകഴ്ത്തി കാണിക്കരുതെന്നായിരുന്നു ഈ കോടതി വിധി.
ക്രൈസ്തവ മതത്തില്‍ പെട്ട രണ്ട് പേര്‍ യേശുവാണ് ഏക രക്ഷകനെന്നും മറ്റൊരു മതത്തിലും രക്ഷയില്ലെന്നും തന്റെ വീട്ടില്‍ വന്നു പ്രസംഗിച്ചുവെന്ന് കാണിച്ച് ഒരു സ്ത്രീ നല്‍കിയ പരാതിയുമായി ബന്ധപ്പെട്ടായിരുന്നു ഈ വിധി. ഭഗവത്ഗീതയിലും ഖുറാനിലും രക്ഷയില്ല എന്ന് അവര്‍ പഠിപ്പിച്ചത് മതവികാരത്തെ വ്രണപ്പെടുത്തിയെന്നായിരുന്നു സ്ത്രീയുടെ പരാതി.
ആര്‍ട്ടിക്കിള്‍ 295 പ്രകാരം ഏതെങ്കിലും മതവിഭാഗത്തില്‍ പെട്ടവരുടെ വികാരത്തെ വ്രണപ്പെടുത്തുന്ന പരാമര്‍ശം നടത്തിയാല്‍ കേസെടുക്കാം. പൊലീസ് തയ്യാറാക്കിയ കുറ്റപത്രത്തില്‍ ആര്‍ട്ടിക്കിള്‍ 298 ചേര്‍ത്തിട്ടുണ്ടായിരുന്നു. ഒരു കൊല്ലം വരെ തടവും ശിക്ഷയും ലഭിക്കാവുന്ന വകുപ്പാണിത്. ഒരാളുടെ മതവികാരം വ്രണപ്പെടുത്തുന്ന രീതിയില്‍ സംസാരിക്കുകയോ ശബ്ദമുണ്ടാക്കുകയോ ചേഷ്ടകള്‍ കാണിക്കുകയോ വസ്തുക്കള്‍ പ്രദര്‍ശിപ്പിക്കുകയോ ചെയ്യുന്നത് പോലും കുറ്റകരമാണെന്നാണ് ഇതില്‍ പറയുന്നത്.
ആര്‍ട്ടിക്കിള്‍ 298 പ്രകാരം വിചാരണ നടത്തരുതെന്ന് ആവശ്യപ്പെട്ട് പ്രതികള്‍ കോടതിയെ സമീപിച്ചെങ്കിലും കോടതി ഈ ഹരജി തള്ളി. ഒരു വ്യക്തിക്ക് അയാളുടെ മതം പ്രചരിപ്പിക്കാം, ആ മതത്തിന്റെ ഗുണങ്ങളും പ്രത്യേകതകളും പ്രസംഗിക്കാം. പക്ഷെ മറ്റൊരാളുടെ മതം മോശമാണെന്ന് പറയാനോ താഴ്ത്തിക്കെട്ടാനോ ആര്‍ക്കും അധികാരമില്ലെന്ന് വിധിച്ചുകൊണ്ടാണ് കോടതി ഹരജി തള്ളിയത്.
കര്‍ണാടക ഹൈക്കോടതിയുടെ ഈ വിധി എല്ലാവര്‍ക്കും ബാധകമാണ്. ക്ലബ് ഹൗസില്‍ ഒരു ക്രിസ്ത്യാനി മുസ്ലിം മതവിഭാഗത്തെ ഇകഴ്ത്തി കാണിക്കുന്ന രീതിയില്‍ സംസാരിച്ചതായി ആരെങ്കിലും കേസ് കൊടുത്താല്‍ സംസാരിച്ചയാള്‍ക്കെതിരെ ആര്‍ട്ടിക്കിള്‍ 298 പ്രകാരം കേസെടുക്കാം.
ഒരു മുസ്ലിം ക്രിസ്ത്യാനിക്കെതിരെ പറഞ്ഞാലും സംഘപരിവാറുകാരന്‍ മുസ്ലിമിനെതിരെ പറഞ്ഞാലുമെല്ലാം ഈ വകുപ്പ് പ്രകാരം കേസെടുക്കാം.
കേരളത്തില്‍ ആരും ഇത്തരം പരാതികളുമായി മുന്നോട്ടുവന്നിട്ടില്ല. ഏതോ സംവാദം എന്ന മട്ടിലാണ് ഇവിടെ മുസ്ലിങ്ങള്‍ ക്രിസ്ത്യാനികളെയും ക്രിസ്ത്യാനികള്‍ മുസ്ലിങ്ങളെയും ഇകഴ്ത്തി സംസാരിക്കുന്നത്. നിയമസംവിധാനം ശക്തമായ രീതിയില്‍, ശരിയായ വഴിയിലൂടെ മുന്നോട്ടുവന്നാല്‍ പക്വതയാര്‍ന്ന മതപ്രചാരണം കേരളത്തില്‍ നടക്കും.
വിദ്വേഷ പ്രചരണങ്ങള്‍ തടയാന്‍ നിയമം നടപ്പില്‍ വരുത്തേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞിരിക്കുകയാണ്. അല്ലാതെ ഇത് തടയാനാകുമെന്ന് തോന്നുന്നില്ല. മതവികാരം വ്രണപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ പീനല്‍ കോഡില്‍ പറയുന്ന നിയമങ്ങള്‍ ശക്തമായി നടപ്പില്‍ വരുത്താന്‍ തുടങ്ങിയാല്‍, യേശുവാണ് ഏക രക്ഷകനെന്ന് ബൈബിള്‍ കണ്‍വെന്‍ഷനുകളിലും അള്ളാഹുവല്ലാതെ മറ്റൊരു ദൈവമില്ലെന്ന് മസ്ജിദുകളുടെ ഉച്ചഭാഷിണിയിലും പ്രസംഗിക്കാനോ ജയ് ശ്രീറാം വിളിക്കണമെന്ന് പറഞ്ഞ് ആക്രമിക്കാനോ ആര്‍ക്കുമാകില്ല.
കേരളത്തില്‍ ഇന്ന് നടക്കുന്ന വിദ്വേഷ പ്രചരണങ്ങള്‍ കലാപമായി മാറിക്കഴിഞ്ഞാല്‍ ആ കലാപമുണ്ടാക്കുന്ന മനുഷ്യരെ പോലും നമുക്ക് കുറ്റപ്പെടുത്താനാകില്ല. തങ്ങളെ വിശ്വസിപ്പിച്ചു വെച്ചിരിക്കുന്ന കുറെ പ്രചാരണങ്ങളുടെ പുറത്താണ് അവരത് ചെയ്യുന്നത്.
അപകടകരമായ അവസ്ഥയിലൂടെയാണ് നമ്മുടെ മതേതരത്വം കടന്നുപോകുന്നതെന്ന് സര്‍ക്കാര്‍ തിരിച്ചറിഞ്ഞ്, ഇതിന്റെ വിവിധങ്ങളായ വശങ്ങള്‍ ആഴത്തില്‍ മനസ്സിലാക്കി കര്‍ശനമായി തന്നെ നിയമം നടപ്പില്‍ വരുത്തണം.
ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പിലെ 80-20 മായി ബന്ധപ്പെട്ട കോടതിവിധിയാണല്ലോ അടുത്ത കാലത്തായി ക്രിസ്ത്യന്‍ – മുസ്ലിം വിഷയങ്ങള്‍ വീണ്ടും ചര്‍ച്ചയിലേക്ക് കൊണ്ടുവന്നത്? കോടതിവിധിയെയും ന്യൂനപക്ഷ വകുപ്പിലെ പദ്ധതികളെയും കുറിച്ചുള്ള നിരീക്ഷണമെന്താണ്?
ക്രിസ്ത്യാനികള്‍ക്കുള്ള ന്യൂനപക്ഷ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ എന്നാല്‍ ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്ന സ്‌കോളര്‍ഷിപ്പിലെ 80-20 മാത്രമാണെന്ന്
ആരൊക്കയോ ചേര്‍ന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണ്. 80 ശതമാനം ഒരു വിഭാഗത്തിനും ബാക്കിയുള്ള 20 ശതമാനം മറ്റുള്ള എല്ലാ വിഭാഗങ്ങള്‍ക്കുമായി കൊടുത്തുവെന്ന് പറയുമ്പോള്‍ കടുത്ത പക്ഷപാതമാണ് നടന്നതെന്ന് സ്വാഭാവികമായും കേള്‍ക്കുന്നവര്‍ക്കെല്ലാം തോന്നും.
പ്രത്യേക കമ്മീഷന്‍ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് സ്‌കോളര്‍ഷിപ്പ് നടപ്പിലാക്കുന്നത് എന്ന വസ്തുത ഈ ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് സംബന്ധിക്കുന്ന സര്‍ക്കാര്‍ ഉത്തരവിലെവിടെയും പ്രതിപാദിച്ചിട്ടില്ല. അതുകൊണ്ട് തന്നെ ഇത് എല്ലാ വിഭാഗങ്ങള്‍ക്കുമുള്ളതാണെന്ന രീതിയില്‍ പ്രചാരണം നടത്താനായി. ഇതുപയോഗിച്ചാണ് ഈ വിഷയത്തിലെ മുതലെടുപ്പുകള്‍ നടന്നത്.
എങ്ങനെയാണ് ഒരു വിഭാഗത്തില്‍ വിഭാഗീയത വളര്‍ത്തേണ്ടത് എന്ന് കാസക്ക് നന്നായിട്ടറിയാം. ഒരു പ്രത്യേക സ്‌കോളര്‍ഷിപ്പിന്റെ പേരിലാണ് കാസ കോടതിയെ സമീപിച്ചത്. ആ സ്‌കോളര്‍ഷിപ്പില്‍ 20 ശതമാനം കിട്ടിയിരിക്കുന്നത് ലത്തീന്‍ കത്തോലിക്ക വിഭാഗത്തിനും പരിവര്‍ത്തിത ക്രൈസ്തവര്‍ എന്ന വിഭാഗത്തിനുമാണ്. മറ്റുള്ളവര്‍ക്ക് കൊടുത്തില്ല എന്നായിരുന്നു ഇവരുടെ പരാതി.
സ്‌കോളര്‍ഷിപ്പ് ലത്തീന്‍ കത്തോലിക്കര്‍ക്കോ മുസ്ലിങ്ങള്‍ക്കോ മാത്രമായി കൊടുക്കരുതെന്നും ജനസംഖ്യാനുപാതികമായി കൊടുക്കണമെന്നുമാണ് കോടതി വിധി വന്നത്. ഇതോടെ ലത്തീന്‍ കത്തോലിക്കാ വിഭാഗവും സീറോ മലബാര്‍ വിഭാഗവും തമ്മിലുള്ള ഐക്യം നഷ്ടപ്പെടുക എന്ന കാര്യമാണ് അക്ഷരാര്‍ത്ഥത്തില്‍ സംഭവിച്ചത്.
യഥാര്‍ത്ഥത്തില്‍ മുന്നോക്ക വിഭാഗങ്ങളായ സീറോ മലബാറിനോ സീറോ മലങ്കരയ്ക്കോ യാക്കോബായക്കോ ഓര്‍ത്തഡോക്സ് സുറിയാനിക്കോ തുല്യമായി ലത്തീന്‍ കത്തോലിക്ക വിഭാഗത്തെ പരിഗണിക്കുന്ന സാഹചര്യം വന്നാല്‍ ലത്തീന്‍ വിഭാഗത്തിന് ലഭിക്കുന്ന ഈ മെറിറ്റ് കം മീന്‍സ് സ്‌കോളര്‍ഷിപ്പില്‍ ഗണ്യമായ കുറവുണ്ടാകും. കോടതി വിധിയിലൂടെ ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ തമ്മില്‍ തന്നെ വിഭാഗീയത വളരാനുള്ള സാഹചര്യമാണ് ഒരുങ്ങിയിരിക്കുന്നത്.
അതേസമയം ഈ കേസില്‍ കോടതി പരിഗണിച്ച വസ്തുതകളെയോ വിധിയെയോ കുറ്റപ്പെടുത്താനാകില്ല. ഈ കേസ് ഫ്രെയിം ചെയ്തിരിക്കുന്നത് അങ്ങനെയാണ്. അതുകൊണ്ട് തന്നെ കേസ് നല്‍കിയവരുടെ ലക്ഷ്യങ്ങളെ കുറിച്ചാണ് നമ്മള്‍ ചിന്തിക്കേണ്ടത്.
മറ്റൊരു പ്രധാന വസ്തുത, ഓരോ ന്യൂനപക്ഷ സമൂഹത്തിനും വേണ്ടി പ്രത്യേക ക്ഷേമ പദ്ധതികള്‍ ആവിഷ്‌കരിക്കാനാകാത്ത സാഹചര്യം സൃഷ്ടിക്കപ്പെട്ടിരിക്കുകയാണ് എന്നതാണ്. കേന്ദ്ര ന്യൂനപക്ഷ വകുപ്പ് ആറ് ന്യൂനപക്ഷ വിഭാഗങ്ങളെ കണ്ടെത്തിയിട്ടുണ്ട്. ആ വിഭാഗങ്ങളുടെ പിന്നോക്കാവസ്ഥയെ കുറിച്ച് കൃത്യമായി പഠിച്ച് അവര്‍ക്ക് ആവശ്യമായ കാര്യങ്ങള്‍ ചെയ്തുകൊടുക്കലാണ് ന്യൂനപക്ഷ വകുപ്പിന്റെ ചുമതല. ആ പദ്ധതിക്ക് തുരങ്കം വെക്കുകയാണ് ഇപ്പോഴത്തെ കോടതി വിധി.
ജൈനമതത്തിനോ ഇസ്ലാം മതത്തിനോ മുന്നോട്ടുവരാന്‍ സഹായിക്കുന്ന പദ്ധതികളായിരിക്കല്ല ക്രിസ്ത്യന്‍ സമൂഹത്തിന് ആവശ്യമായിരിക്കുക.
ന്യൂനപക്ഷ ക്ഷേമ പദ്ധതികളുടെ അടിസ്ഥാന ആശയം തന്നെ ഓരോ വിഭാഗത്തിനും സഹായകമായ പദ്ധതികള്‍ രൂപീകരിക്കുക എന്നതാണ്. ആ അടിസ്ഥാനതത്വമാണ് ഇവിടെ ഇല്ലാതായിരിക്കുന്നത്.
ജനസംഖ്യാനുപാതികമായി പദ്ധതിയുടെ വിഹിതം വിതരണം ചെയ്യണമെന്ന കോടതി വിധി വരുന്നതിലൂടെ ഓരോ വിഭാഗത്തിന്റെയും ആവശ്യങ്ങള്‍ക്കനുസരിച്ചുള്ള പ്രത്യേക പദ്ധതികള്‍ രൂപീകരിക്കനോ നടപ്പിലാക്കാനോ സര്‍ക്കാരിനാകില്ല. ക്രിസ്ത്യാനികളുടെ പിന്നോക്കാവസ്ഥ പഠിക്കാനായി ജസ്റ്റിസ് എ.വി. കോശി അധ്യക്ഷനായ കമ്മിറ്റിയെ സര്‍ക്കാര്‍ നിയോഗിച്ചിട്ടുണ്ട്. ഈ കമ്മിറ്റി സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ടിനനുസരിച്ചുള്ള പദ്ധതികള്‍ നടപ്പിലാക്കല്‍ ഇനി പ്രായോഗികമായ നടപടിയല്ലാതായി തീരും.
ഈ സ്‌കോളര്‍ഷിപ്പല്ല ക്രിസ്ത്യാനിക്ക് ലഭിക്കേണ്ട പ്രധാന അവകാശം. ന്യൂനപക്ഷമായ ക്രിസ്ത്യാനിക്ക് ആവശ്യമുള്ള കാര്യങ്ങള്‍ എന്തെല്ലാമാണെന്ന് പഠിച്ച് അവ നടപ്പിലാക്കുന്നതിന് ഉതകുന്ന രീതിയില്‍ ന്യൂനപക്ഷ ക്ഷേമ വകുപ്പില്‍ സമ്മര്‍ദം ചെലുത്തുകയും സര്‍ക്കാരിന് മുന്നില്‍ കാര്യങ്ങള്‍ അവതരിപ്പിക്കുകയുമാണ് ചെയ്യേണ്ടത്.
സീറോ മലബാര്‍ സഭയില്‍ പാവപ്പെട്ട കര്‍ഷകരുണ്ട്. ഒരു ഏക്കറില്‍ താഴെ മാത്രം ഭൂമിയുള്ള ഇവരുടെ ഉപജീവനം കഷ്ടപ്പാടിലാണ്. സാമ്പത്തിക സ്ഥിതി തികച്ചും മോശമാണ്. ഈ കര്‍ഷകര്‍ക്ക് വേണ്ടി പ്രത്യേക ക്ഷേമനിധി തന്നെ ന്യൂനപക്ഷ വകുപ്പിനോട് ആവശ്യപ്പെടാവുന്നതാണ്. തീരദേശ വാസികളായ ലത്തീന്‍ കത്തോലിക്ക വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് വേണ്ടിയും സമാനമായ പദ്ധതികള്‍ ആവശ്യപ്പെടാവുന്നതാണ്. എന്നാല്‍ അത്തരത്തിലുള്ള നടപടികളൊന്നും തന്നെ ഇവിടെ നടക്കുന്നില്ല.
കൂലിപ്പണി, കാര്‍ഷികവൃത്തി, മത്സ്യത്തൊഴില്‍ എന്നിങ്ങനെ സ്വന്തം അധ്വാനം കൊണ്ട് ജീവിക്കുന്നവര്‍ സമൂഹത്തില്‍ പിന്നോക്കാവസ്ഥയിലായിരിക്കുമെന്ന് വിവിധ ന്യൂനപക്ഷ കമ്മീഷനുകള്‍ കണ്ടെത്തിയിട്ടുണ്ട്. അത്തരം വിഭാഗങ്ങളെ മുന്‍നിരയിലേക്ക് കൊണ്ടുവരാനുതകുന്ന സാമ്പത്തിക ഉത്തേജക പാക്കേജുകള്‍ കൊണ്ടുവരാന്‍ ന്യൂനപക്ഷ ക്ഷേമ വകുപ്പിന് ഉത്തരവാദിത്തമുണ്ട്.
ഇത്തരം കാര്യങ്ങളെയെല്ലാം തമസ്‌കരിച്ചുകൊണ്ട് 80/20 മാത്രമാണ് ശ്രദ്ധിക്കേണ്ടതെന്ന് കാസ അവതരിപ്പിച്ചിരിക്കുന്നു. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരുടെ ബുദ്ധി എത്രമാത്രം ശക്തമാണെന്ന് തിരിച്ചറിയാതെയാണ് സമസ്തയും മുസ്ലിം ലീഗുമടക്കമുള്ള വിഭാഗങ്ങള്‍ ഇതിനെ പ്രതിരോധിക്കുന്നതും ക്രൈസ്തവ മതനേതാക്കള്‍ കോടതി വിധിയെ അനുകൂലിക്കുന്നതും.
കാസ എന്ന സംഘപരിവാര്‍ സംഘടന കേന്ദ്ര സര്‍ക്കാരിന് കാര്യങ്ങള്‍ എളുപ്പമാക്കി കൊടുക്കുകയാണ് ഈ വിധിയിലൂടെ ചെയ്തതെന്ന് കൂടി ഈ അവസരത്തില്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ബി.ജെ.പി. സര്‍ക്കാര്‍ അധികാരത്തിലേറിയെ ശേഷം നേരത്തെ തന്നെയുണ്ടായിരുന്ന ചില പദ്ധതികള്‍ കൊണ്ടുനടക്കുകയെന്നല്ലാതെ ന്യൂനപക്ഷങ്ങള്‍ക്കായി മറ്റൊന്നും ചെയ്തിട്ടില്ല.
ഇപ്പോള്‍ ഓരോ വിഭാഗങ്ങള്‍ക്കുമായുള്ള പ്രത്യേക ക്ഷേമ പദ്ധതികള്‍ നടപ്പിലാക്കുക എന്ന ഉത്തരവാദിതത്തില്‍ നിന്നു കൂടി കേന്ദ്ര സര്‍ക്കാര്‍
ഒഴിവായിരിക്കുന്നു. ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് വിധിയില്‍ അപ്പീല്‍ പോയി അനുവാദം വാങ്ങിയാലേ ഏതെങ്കിലും വിഭാഗത്തിനായി പ്രത്യേകം പദ്ധതികള്‍ നടപ്പിലാക്കാനുമാകൂ. അതിനുവേണ്ടി, ലിസ്റ്റ് ചെയ്തിരിക്കുന്ന ന്യൂനപക്ഷങ്ങളെ മുഖ്യധാരയിലേക്ക് കൊണ്ടുവരികയാണ് വേണ്ടതെന്നും അത് ഭരണഘടനയുടെ ഭാഗമാണെന്നും പറഞ്ഞ് കോടതിയെ സമീപിക്കണം. അതിന് ഇന്നത്തെ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാവില്ല.
ഗുരുതരമായ നിയമപ്രശ്നങ്ങളുണ്ടാക്കുന്ന, ന്യൂനപക്ഷ ക്ഷേമ പദ്ധതികളെ മുഴുവന്‍ കീഴ്മേല്‍ മറിക്കുന്ന, ഒരുപക്ഷെ അങ്ങനെ ഒരു സംവിധാനത്തെ തന്നെ ഇല്ലാതാക്കാന്‍ സാധിക്കുന്ന കോടതി വിധിയാണ് ഇപ്പോള്‍ വന്നിരിക്കുന്നത്. എന്നാല്‍ വലിയ നേട്ടമെന്ന പോലെ ഈ വിധി ആഘോഷിക്കപ്പെടുകയാണ്.
കേരളത്തിലെ ക്രൈസ്തവര്‍ക്കിടയില്‍ ഒരിടവേളയക്ക് ശേഷം ലവ് ജിഹാദ് ആരോപണങ്ങള്‍ വീണ്ടും ശക്തമായിരിക്കുകയാണ്. പല അന്വേഷണ ഏജന്‍സികളും വിവിധ സര്‍ക്കാരുകളും അന്വേഷിച്ചിട്ടും ലവ് ജിഹാദ് നടന്നുവെന്നതിന് ഇതുവരെയും തെളിവുകള്‍ കണ്ടെത്താനായിട്ടില്ല. സുപ്രീം കോടതിയും കേന്ദ്ര ആഭ്യന്തര വകുപ്പും ലവ് ജിഹാദ് കേസുകളില്ലെന്ന് അറിയിച്ചു കഴിഞ്ഞതാണ്. എന്നാല്‍ കേരളത്തിലെ സഭാനേതാക്കളും പുരോഹിതരുമടക്കം ലവ് ജിഹാദ് സംഭവങ്ങള്‍ നിരന്തരം സംഭവിക്കുന്നുവെന്ന ആരോപണങ്ങളുമായി മുന്നോട്ടുവന്നിരിക്കുന്നു. എന്തായിരിക്കാം ഇതിന് കാരണം?
ലവ് ജിഹാദില്‍ ഇത്രയേറെ പേര്‍ പെട്ടുപോയി എന്നു പറയുന്നവരോട് ആദ്യം ചോദിക്കേണ്ട ചോദ്യം ലവ് ജിഹാദിന് ഇവര്‍ കൊടുക്കുന്ന നിര്‍വചനമെന്താണ് എന്നാണ്. മുസ്ലിമായ പുരുഷന്‍ മറ്റു മതവിഭാഗത്തില്‍പ്പെട്ടവരെ സ്നേഹം നടിച്ച് വഞ്ചിച്ച് കല്യാണം കഴിച്ച് ജിഹാദി പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടി സിറിയയിലും അഫ്ഗാനിസ്ഥാനിലും കൊണ്ടുപോകുന്നുവെന്നും അടിമവൃത്തിക്കോ ലൈംഗിക അടിമകളായോ ഉപയോഗിക്കുന്നുവെന്നുമായിരുന്നു ലവ് ജിഹാദിനെ കുറിച്ച് ആദ്യ കാലങ്ങളില്‍ പറഞ്ഞിരുന്നത്.
ഈ ആരോപണങ്ങളുയര്‍ന്നപ്പോള്‍ തന്നെ വിവിധ ഏജന്‍സികള്‍ അന്വേഷണം നടത്തിയിരുന്നു. ഒറ്റപ്പെട്ട ഒന്നോ രണ്ടോ സംഭവങ്ങള്‍ മാത്രമാണ് അവര്‍ക്ക് കണ്ടെത്താനായത്. അതു പോലും മറ്റൊരാള്‍ വശീകരിച്ചു കൊണ്ടുപോയതാണെന്ന് തെളിയിക്കാനായില്ല. നിമിഷ ഫാത്തിമ, സോണിയ സെബാസ്റ്റിയന്‍ എന്നിവരുടെ കാര്യത്തിലെല്ലാം സ്വന്തം ഇഷ്ടപ്രകാരമായിരുന്നു അവര്‍ പോയതെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്.
പുറത്തുവന്ന കേസുകള്‍ ഇത്തരത്തിലായതോടെ ലവ് ജിഹാദ് ആരോപണങ്ങള്‍ നടത്തിയവര്‍ ആദ്യത്തെ നിര്‍വചനത്തില്‍ വെള്ളം ചേര്‍ക്കാന്‍ തുടങ്ങി. ഒടുവില്‍ എല്ലാ മിശ്രവിവാഹങ്ങളും ലവ് ജിഹാദാണെന്ന നിലയിലെത്തി കാര്യങ്ങള്‍. മുസ്ലിം യുവാവ് ക്രിസ്ത്യന്‍ യുവതിയെ കല്യാണം കഴിക്കുന്നത് ലവ് ജിഹാദായി തീര്‍ന്നു.
മിശ്രവിവാഹങ്ങള്‍ ലവ് ജിഹാദാണെന്ന് പറഞ്ഞാല്‍ ക്രിസ്ത്യാനിയും ഹിന്ദുവും തമ്മിലുള്ള വിവാഹങ്ങളെ എന്ത് പേരിട്ട് വിളിക്കും? ഈ ചോദ്യം
ഉന്നയിക്കുമ്പോള്‍ പലയിടത്തും ജിഹാദി പ്രവര്‍ത്തനങ്ങള്‍ക്കായി മതപരിവര്‍ത്തനം നടത്താന്‍ വേണ്ടി മാത്രം നടന്ന പല സംഭവങ്ങളുമുണ്ടെന്ന് പുരോഹിതന്മാരടക്കം പറയും.
അത്തരത്തില്‍ പറഞ്ഞ ഒരു പുരോഹിതനോട് നിങ്ങള്‍ പറയുന്നവരുടെ കോണ്‍ടാക്ട് തരൂ ഞാനവരോട് സംസാരിക്കാം എന്ന് പറഞ്ഞു. അങ്ങനെ തരാന്‍ പറ്റിയ ആരുമില്ലെന്നായിരുന്നു അതിന് മറുപടി. അദൃശ്യമായ രീതിയില്‍ ലവ് ജിഹാദ് നടക്കുന്നുവെന്ന് പ്രചാരണങ്ങളെ പുരോഹിതന്മാരടക്കമുള്ളവര്‍ വിശ്വസിക്കാന്‍ തുടങ്ങിയിരിക്കുകയാണ്.
ലവ് ജിഹാദിന് തെളിവുകളുണ്ടാവില്ല, ഇരയായവര്‍ പരാതിപ്പെടാന്‍ മുന്നോട്ടുവരില്ല, കേസ് കൊടുക്കാന്‍ പറ്റില്ല, അന്വേഷിക്കാനും കണ്ടുപിടിക്കാനും പറ്റില്ല, എന്നാല്‍ സംഘടിതമായ അദൃശ്യ പ്രക്രിയയായി ഇത് നടക്കുന്നുണ്ട്, ഇത് നിങ്ങള്‍ വിശ്വസിക്കണം എന്നാണ് ലവ് ജിഹാദ് നടക്കുന്നുവെന്ന് പ്രചരിപ്പിക്കുന്നവരുടെ വാദം. യുക്തിപരമായി ഇതില്‍ വിശ്വസിക്കാന്‍ എനിക്ക് സാധിക്കില്ല.
കല്യാണം കഴിച്ച ഒരു മുസ്ലിമും ക്രിസ്ത്യാനിയും വിവാഹമോചിതരായാല്‍ അതിന് കാരണം ലവ് ജിഹാദാണെന്ന് പറയുമ്പോള്‍ വസ്തുതകളുടെ അടിസ്ഥാനത്തില്‍ തെളിയിക്കാന്‍ അവര്‍ക്ക് കഴിയണ്ടേ. അതൊന്നും ഇത്തരം പ്രചാരണങ്ങള്‍ നടക്കുന്ന സോഷ്യല്‍ മീഡിയയില്‍ ചോദ്യമാകുന്നില്ല. വസ്തുതകള്‍ കൈയ്യിലില്ലാതെ, വിഷയത്തെ കുറിച്ച് പഠിക്കാതെ നടത്തുന്ന പ്രചാരണങ്ങളെ കണ്ണുമടച്ച് വിശ്വസിക്കുന്ന നിലയിലേക്ക് കാര്യങ്ങള്‍ എത്തിയിരിക്കുകയാണ്.
കേരളത്തില്‍ എത്ര മിശ്രവിവാഹം നടന്നിട്ടുണ്ടെന്നും അതില്‍ എത്ര പേര്‍ വിവാഹമോചിതരായെന്നും രൂപതകള്‍ തിരിച്ച് അന്വേഷിച്ച് കണ്ടെത്താന്‍ ക്രൈസ്തവ സഭകളെ സംബന്ധിച്ചിടത്തോളം രണ്ടോ മൂന്നോ ദിവസം മാത്രം മതി. അങ്ങനെ ഒരു നടപടി ഇതുവരെയും സഭാനേതാക്കള്‍ സ്വീകരിച്ചിട്ടില്ല. കൃത്യമായ ഒരു കണക്കും ആരുടെയും കൈയ്യിലില്ല.
ഇല്ലാത്ത ഒരു കാര്യം ഉണ്ട് ഉണ്ട് എന്ന് ഒരായിരം തവണ പറഞ്ഞാല്‍ ഗീബില്‍സിയന്‍ തന്ത്രം പോലെ എല്ലാവരും അത് യഥാര്‍ത്ഥത്തില്‍ സംഭവിക്കുന്നു എന്ന് തന്നെ വിശ്വസിക്കാന്‍ തുടങ്ങും. ഒരു കേസ് പോലുമില്ലെങ്കിലും മനുഷ്യര്‍ ലവ് ജിഹാദില്‍ വിശ്വസിക്കും. ഈ വിശ്വസിക്കാന്‍ തുടങ്ങിയിരിക്കുന്ന പ്രവണതയെ ഊട്ടിയുറപ്പിക്കുന്നതിന് വേണ്ടിയുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. അതിനുവേണ്ടി എന്തെല്ലാം ഗൂഢതന്ത്രങ്ങള്‍ കളത്തിലിറങ്ങുമെന്ന് കാണാനിരിക്കുന്നതേയുള്ളു.
ലവ് ജിഹാദ് പ്രചാരണങ്ങളുടെ തുടക്കത്തില്‍ തന്നെ ഇത് പ്രതിരോധിക്കാന്‍ പറ്റാത്ത തരത്തില്‍ ഇത് വളരുമെന്ന് ഞാന്‍ സഭാനേതാക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. ലവ് ജിഹാദ് ആരോപണങ്ങളില്‍ പറയും പോലെയാണ് കാര്യങ്ങളെന്ന് മനുഷ്യര്‍ വിശ്വസിക്കാന്‍ തുടങ്ങിയാല്‍ അത് സ്വാഭാവികമായും വെറുപ്പുണ്ടാക്കും. ആരോപണങ്ങളും അവ വിശ്വസിക്കലും കഴിഞ്ഞ് അതു സൃഷ്ടിച്ച വെറുപ്പിനെ പ്രതിരോധിക്കാനുള്ള മാര്‍ഗങ്ങളെ കുറിച്ച് ചിന്തിക്കേണ്ട ഘട്ടത്തിലെത്തി നില്‍ക്കുകയാണ് നമ്മള്‍.
യോഗി ആദിത്യനാഥിന്റെ പൊലീസിന് പോലും ഒരു സംഘടിത ശ്രമമെന്ന നിലയില്‍ ലവ് ജിഹാദുണ്ടായി എന്ന് കണ്ടുപിടിക്കാനായിട്ടില്ലെന്ന് ഓര്‍ക്കണം. കേരള പൊലീസിനും സാധിച്ചിട്ടില്ല. മാനന്തവാടിയില്‍ നാല്‍പതിലേറെ കുട്ടികള്‍ ലവ് ജിഹാദില്‍ അകപ്പെട്ടു പോയെന്ന് വീരവാദം മുഴക്കിയവരുണ്ട്. എന്നാല്‍ മാനന്തവാടിയില്‍ തന്നെ നാല്‍പതിലേറെ കേസ് കൊടുക്കൂ എന്നാണ് ഇവരോട് പറഞ്ഞത്. എന്നാല്‍ ഇന്ത്യയില്‍ പോലും ഒരൊറ്റ കേസോ പരാതിയോ നിലവിലില്ല.
ക്രിസ്തീയ യുവത്വമേ ഇതിലേ എന്ന വിവാദമായ ക്ലബ് ഹൗസ് ചര്‍ച്ചയുമായി ബന്ധപ്പെട്ട് കെ.സി.വൈ.എം. ഇറക്കിയ വിശദീകരണ കുറിപ്പില്‍
ലവ് ജിഹാദിനെ കുറിച്ചുള്ള സംഘടനയുടെ നിലപാട് വിശദീകരിച്ചിരുന്നു. ലവ് ജിഹാദ് ഏതാണ് മിശ്ര വിവാഹമേതാണ് എന്ന് കണ്ടെത്തി, ലവ് ജിഹാദിനെ മാത്രം എതിര്‍ക്കണമെന്നാണ് ഇതില്‍ പറയുന്നത്. എല്ലാ മിശ്രവിവാഹങ്ങളെയും മതപരിവര്‍ത്തനവും ജിഹാദുമായി കണ്ട് പ്രചരിപ്പിക്കുന്നതിനെ അംഗീകരിക്കാനാകില്ലെന്നും കുറിപ്പില്‍ പറഞ്ഞിരുന്നു.
ജിഹാദി പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി മതപരിവര്‍ത്തനം നടന്നിട്ടുള്ളതിന്റെ എന്തെങ്കിലും തെളിവുണ്ടെങ്കില്‍ അതിനെ ഒറ്റപ്പെട്ട കേസായി മാത്രം കാണണമെന്നും കെ.സി.വൈ.എമ്മിന്റെ പ്രസ്താവനയില്‍ പറയുന്നുണ്ട്. ഇത് ആശ്വാസകരമാണ്.
മുന്‍കാലങ്ങളില്‍ നിന്നും വ്യത്യസ്തമായി വിവിധ ക്രൈസ്തവ ഗ്രൂപ്പുകളില്‍ നിന്നും മതനേതാക്കളില്‍ നിന്നും മുസ്ലിം വിരുദ്ധമായ പല പരാമര്‍ശങ്ങളും അടുത്ത കാലത്തായി ഉണ്ടാകുന്നുണ്ട്. ക്രൈസ്തവ സമൂഹങ്ങള്‍ക്കിടയില്‍ മുസ്ലിം വിരുദ്ധത വളരുന്നുണ്ടോ? എന്താണ് ഇതിന്റെ യാഥാര്‍ത്ഥ്യമെന്നാണ് കരുതുന്നത്?
മുസ്ലിം തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ എന്ന് പറയുമ്പോള്‍ വേള്‍ഡ് ട്രേഡ് സെന്റര്‍, ശ്രീലങ്കയിലെ ചാവേര്‍ ആക്രമണം, പല സ്ഥലങ്ങളിലും പള്ളികള്‍ തകര്‍ത്തത് എന്നിങ്ങനെ നമ്മുടെ കണ്‍മുമ്പില്‍ വരുന്ന ഒരുപാട് സംഭവങ്ങളുണ്ട്. പക്ഷെ അത്തരം ആക്രമണങ്ങളെയെല്ലാം ഒരു സമുദായവുമായി ബന്ധിപ്പിക്കാതെ തീവ്രവാദമായി മാത്രം കണ്ടിരുന്ന ഒരു കാലം നമുക്കുണ്ടായിരുന്നു. തീവ്രവാദികള്‍ തീവ്രവാദികള്‍ മാത്രമായിരുന്നു.
ഐ.എസ്. എന്ന സംഘടന 21 കോപ്റ്റിക് ക്രിസ്ത്യാനികളെ കഴുത്തറുത്ത് കൊന്നത് മനുഷ്യമനസാക്ഷിയെ ഞെട്ടിച്ച സംഭവമാണ്. ഇത് നടന്ന സമയത്ത് തീവ്രവാദികളുടെ പ്രവര്‍ത്തനമാണെന്നല്ലാതെ മുസ്ലിങ്ങളുടെ പ്രവര്‍ത്തനമാണെന്ന് ആരും പറഞ്ഞിരുന്നില്ല. എന്നാല്‍ ഇന്ന് ഇതേ സംഭവത്തിന്റെ വീഡിയോ ഇത് മുസ്ലിങ്ങളുടെ പ്രവര്‍ത്തനമാണെന്നും ഇവര്‍ നമ്മളോട് ഇങ്ങനെയാണ് പെരുമാറുന്നതെന്നും പറഞ്ഞാണ് പ്രചരിപ്പിക്കപ്പെടുന്നത്.
കാനഡയില്‍ ഒരു ക്രിസ്ത്യന്‍ പയ്യന്‍ മുസ്ലിം കുടുംബത്തെ വണ്ടിയിടച്ചു കൊന്നതുകൊണ്ട് ക്രിസ്ത്യാനികളെല്ലാം തീവ്രവാദികളാണെന്ന് പറയാനാകുമോ? അതുപോലെ എത്രയോ സംഭവങ്ങളുണ്ട്. തീവ്രവാദ പ്രവര്‍ത്തനങ്ങളെ സമുദായവുമായി ബന്ധപ്പെടുത്തുന്നതിന് പിന്നില്‍ കൃത്യമായ ബുദ്ധികേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ആ ബുദ്ധികേന്ദ്രങ്ങളെ തിരിച്ചറിയണം.
persecution.org എന്ന വെബ്സൈറ്റില്‍ പരിശോധിച്ചാല്‍ ഹൈന്ദവ തീവ്രവാദം എത്രമാത്രമാണ് ക്രിസ്ത്യന്‍ സമൂഹത്തെ വേട്ടയാടുന്നതെന്ന് മനസ്സിലാകും. പള്ളികളില്‍ പോകാന്‍ അനുവദിക്കാതിരിക്കുക, പള്ളികള്‍ അടിച്ചുതകര്‍ക്കുക, വീടുകളും കടകളും തകര്‍ക്കുക, കുടുംബങ്ങളെ ഉപദ്രവിക്കുക, ഊര് വിലക്ക് കല്‍പിക്കുക എന്നിങ്ങനെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ക്രൈസ്തവര്‍ക്കെതിരെ ഹൈന്ദവ തീവ്രവാദികളുടെ നേതൃത്വത്തില്‍ നിരവധി പ്രശ്നങ്ങള്‍ നടക്കുന്നുണ്ട്. ഈ സംഭവങ്ങളുടെ പേരില്‍ ഹിന്ദുക്കളെ മുഴുവന്‍ തീവ്രവാദികളായി കണക്കാക്കാനാകുമോ?
തീവ്രവാദത്തിന് എല്ലായിടത്തും ഒരേ സ്വഭാവവും രാഷ്ട്രീയവുമാണ്. അത് അക്രമമാണ്, മറ്റുള്ളവരെ ഇല്ലാതാക്കലാണ്, എതിര്‍സ്വരങ്ങളെ നിശബ്ദമാക്കലാണ്, എതിര്‍വിഭാഗത്തെ ചുട്ടെരിക്കലാണ്. എല്ലാ തീവ്രവാദത്തെയും ഒരേ കണക്കുകൊണ്ട് തന്നെ കാണണം. ഹിന്ദു തീവ്രവാദത്തെയും മുസ്ലിം തീവ്രവാദത്തെയും ക്രിസ്ത്യന്‍ തീവ്രവാദത്തെയും എതിര്‍ക്കേണ്ടതുണ്ട്.
ക്രിസ്ത്യന്‍ – മുസ്ലിം എന്നീ രണ്ട് ന്യൂനപക്ഷങ്ങളെ തമ്മിലടിപ്പിക്കുന്നതിലൂടെ ‘ഭിന്നിപ്പിച്ച് ഭരിക്കുക’ എന്ന ബ്രിട്ടീഷ് തന്ത്രമാണ് സംഘപരിവാര്‍ രാജ്യത്ത് നടപ്പിലാക്കാന്‍ ശ്രമിക്കുന്നതെന്ന വാദങ്ങളെ എങ്ങനെ കാണുന്നു?
കേരളത്തിലെ രണ്ട് പ്രബല ന്യൂനപക്ഷ വിഭാഗങ്ങളാണ് മുസ്ലിങ്ങളും ക്രിസ്ത്യാനികളും. ഇന്ത്യയില്‍ മറ്റൊരിടത്തും ന്യൂനപക്ഷങ്ങള്‍ക്ക് പ്രബലമായ സ്ഥാനമുള്ളതായി കാണാനാകില്ല. ഗോവയിലും മണിപ്പൂരുമൊക്കെ ക്രിസ്ത്യന്‍ സമൂഹത്തെ പ്രബലരായി കാണാം. പക്ഷെ ആ സംസ്ഥാനത്തിലെ ഭൂരിപക്ഷമാണ് ക്രിസ്ത്യാനികള്‍ എന്നതാണ് കേരളവുമായി ഈ സംസ്ഥാനങ്ങള്‍ക്കുള്ള വ്യത്യാസം.
ന്യൂനപക്ഷ സമൂഹങ്ങള്‍ വളരെ സൗഹാര്‍ദത്തോടെ കഴിയുന്ന കേരളത്തില്‍ ഇരു വിഭാഗങ്ങളും ഉയര്‍ത്തിപ്പിടിച്ചിരുന്ന ആശയം മതനിരപേക്ഷതയാണ്. മതേതരത്വവും നാനാത്വത്തില്‍ ഏകത്വവുമാണ് ഏറ്റവും നല്ലതെന്ന് ഈ അടുത്ത കാലം വരെ നമ്മള്‍ വിശ്വസിച്ചിരുന്നു. കേരളത്തിന്റെ പ്രധാന വിശേഷണം പോലും ഈ സമൂഹത്തിന്റെ മതേതരത്വമായിരുന്നു.
എന്നാല്‍ ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ സ്പര്‍ധ വളര്‍ത്തി മതേതരത്വം പറയുന്നതില്‍ അര്‍ത്ഥമില്ലെന്ന് അവരെ കൊണ്ട് തന്നെ പറയിപ്പിക്കുകയാണ് സംഘപരിവാറിന്റെ അജണ്ട. രാജ്യത്തെ മതേതരത്വം ഇല്ലാതായാല്‍ പിന്നെ മതരാജ്യം സ്ഥാപിക്കുക എന്നത് വളരെ എളുപ്പമാണ്.
രാജ്യത്ത് ഏറ്റവും കൂടുതല്‍ പീഡനം അനുഭവിക്കുന്ന ന്യൂനപക്ഷങ്ങള്‍ തന്നെ മതേതരത്വം വേണ്ട എന്ന് പറയുകയാണ്. ന്യൂനപക്ഷങ്ങള്‍ തമ്മില്‍ പരസ്പരം കടിച്ചു കീറിയാല്‍ പിന്നെ ഭൂരിപക്ഷ വര്‍ഗീയതക്ക് എളുപ്പത്തില്‍ സ്ഥാനം ലഭിക്കും. ഇതിന്റെ ഭീകരത മനസ്സിലാക്കി ഭൂരിപക്ഷ സമുദായത്തില്‍ പെട്ടവര്‍ തന്നെ മുന്നോട്ടു വരുന്നുണ്ട്.
ദളിത് ആദിവാസി സമൂഹങ്ങളെ കുറിച്ച് പഠിച്ചാല്‍ ഈ തന്ത്രം കുറച്ചു കൂടി വ്യക്തമാകും. ദളിത് ആദിവാസി വിഭാഗങ്ങള്‍ക്കിടയില്‍ നിരവധി സംഘടനകളുണ്ട്. അത് രാഷ്ട്രീയക്കാരുടെ തന്ത്രമാണ്. ദളിത് ആദിവാസി വിഭാഗങ്ങള്‍ ഒന്നിച്ചു നില്‍ക്കുകയും തങ്ങളുടെ ആവശ്യങ്ങള്‍ ഉന്നയിക്കുകയും ചെയ്താല്‍ അത് ഇവരുടെ അധികാരത്തിന് ഭീഷണിയാകും.
അപ്പോള്‍ വിവിധ സംഘടനകളുണ്ടാക്കി അവരെ തങ്ങളുടെ രാഷ്ട്രീയ നേട്ടത്തിനായി മാത്രം ഇവിടുത്തെ രാഷ്ട്രീയക്കാര്‍ ഉപയോഗിക്കുകയാണ്. ഏത് ഭാഗത്താണ് നേട്ടമുണ്ടായത് എന്ന ചോദ്യങ്ങളിലേക്ക് മാത്രമായി ചുരുങ്ങുകയാണ്. ഇപ്പോഴും ആദിവാസിയെയോ ദളിതനനെയോ മുഖ്യധാരയിലേക്ക് എത്തിക്കാന്‍ നമുക്കായിട്ടില്ല.
എത്ര പള്ളികളില്‍ ദളിത് ക്രിസ്ത്യാനികള്‍ കൈക്കാരന്മാരായിട്ടോ മറ്റു സ്ഥാനങ്ങളിലോ ഉണ്ടെന്ന് നോക്കിയാല്‍ അത് വളരെ തുച്ഛമായ എണ്ണമാണെന്ന് കാണാന്‍ കഴിയും. ഇത്തരത്തിലുള്ള ഗുരുതരമായ പ്രശ്നങ്ങള്‍ നിലനില്‍ക്കുമ്പോഴാണ് വേറെ കാര്യങ്ങള്‍ പറഞ്ഞ് ഇവിടെ തര്‍ക്കമുണ്ടാക്കുന്നത്.
ജോസഫ് മാഷിന്റെ കൈ വെട്ടിയത്, ഹാഗിയ സോഫിയ, ശ്രീലങ്കന്‍ പള്ളി ആക്രമണം തുടങ്ങിയ സംഭവങ്ങളെ തുടര്‍ന്ന് കേരളത്തിലെ
ക്രൈസ്തവര്‍ അരക്ഷിതാവസ്ഥയിലൂടെയാണ് കടന്നുപോകുന്നതെന്ന് പല കോണുകളില്‍ നിന്ന് ആവര്‍ത്തിക്കപ്പെടുന്നുണ്ടല്ലോ? ക്രൈസ്തവ വിശ്വാസിയും ആ സമൂഹത്തെ അടുത്ത് നിന്ന് വീക്ഷിക്കുന്ന വ്യക്തിയുമെന്ന നിലയില്‍ കേരളത്തിലെ ക്രൈസ്തവര്‍ നേരിടുന്ന ‘അരക്ഷിതാവസ്ഥയുടെ’ യാഥാര്‍ത്ഥ്യത്തെ എങ്ങിനെയാണ് മനസ്സിലാക്കുന്നത്?
കേരളത്തിലെ ക്രിസ്ത്യന്‍ സമൂഹത്തിന് ഇപ്പോള്‍ അരക്ഷിതാവസ്ഥ അനുഭവപ്പെടുന്നു എന്നത് സത്യമാണ്. രണ്ടോ മൂന്നോ വര്‍ഷങ്ങള്‍ക്ക് മുന്‍പ് വരെ സംസ്ഥാനത്തെ ക്രൈസ്തവര്‍ക്ക് അത്തരമൊരു അരക്ഷിതാവസ്ഥ ഉണ്ടായിരുന്നില്ല. ഓരോ ആക്രമണവും തീവ്രവാദികളുടെ ആക്രമണമായിട്ടായിരുന്നു ഇവിടുത്തെ സമൂഹം കണ്ടിരുന്നത്. ഇന്ന് ആ ബോധ്യങ്ങളില്‍ മാറ്റം വന്നുകഴിഞ്ഞു.
കേരളത്തിലെ ക്രൈസ്തവര്‍ക്ക് അരക്ഷിതാവസ്ഥ തോന്നുന്നതിന് ഇടയായ മറ്റു ചില പ്രധാന കാരണങ്ങള്‍ കൂടിയുണ്ട്. അതിലൊന്ന് റബറിന്റെ വിലയിടിവാണ്. മലയോര കര്‍ഷകരുടെ ജീവിതനിലവാരം തകര്‍ന്നു. വിദേശരാജ്യങ്ങളില്‍ ജോലി ചെയ്യുന്ന മക്കളുടെ ശമ്പളത്തെ ആശ്രയിച്ച് മാത്രമായി ഇവിടുത്തെ ക്രിസ്ത്യന്‍ സമൂഹത്തിന്റെ നിലനില്‍പ്.
മിക്ക ക്രിസ്ത്യന്‍ കുടുംബങ്ങളും മക്കളെ വിദേശത്തേക്ക് പറഞ്ഞയക്കുന്നു, അവര്‍ ജോലി നേടി അവിടെ താമസമാകുന്നു. അവര്‍ അയച്ചു തരുന്ന ശമ്പളം കൊണ്ട് ഇവിടെയുള്ള മാതാപിതാക്കള്‍ കഴിയുന്നു എന്ന രീതിയിലേക്ക് മാറിയിരിക്കുന്നു കാര്യങ്ങള്‍.
അങ്ങനെ ക്രിസ്ത്യന്‍ സമൂഹത്തിന്റെ സാമൂഹികാന്തരീക്ഷം പടിപടിയായി മാറിയപ്പോള്‍ കേരളത്തിനകത്ത് വ്യവസായവും ബിസിനസും ചെയ്യുന്ന ഈ സമൂഹത്തില്‍ പെട്ടവരുടെ എണ്ണം കുറഞ്ഞു. സ്വാഭാവികമായ പ്രക്രിയയായിരുന്നു ഇത്. ചെറിയ പട്ടണങ്ങളില്‍ കച്ചവടം നടത്തിയിരുന്നവര്‍ മക്കള്‍ വിദേശത്ത് പോയതോടെ ആ കടമുറികള്‍ വാടകയ്ക്ക് നല്‍കി. സ്വന്തമായി കച്ചവടം ചെയ്യുന്നത് നിര്‍ത്തി. രണ്ടോ മൂന്നോ ദശാബ്ദങ്ങളിലൂടെ നടന്ന മാറ്റമാണിത്. ഈ വിഭാഗത്തില്‍ പെടാത്ത മറ്റു ക്രിസ്ത്യാനികളില്‍ ഭൂരിഭാഗവും കര്‍ഷകരാണ്. അവര്‍ ദാരിദ്ര്യത്തിലൂടെയും കഷ്ടപ്പാടുകളിലൂടെയുമാണ് കടന്നുപോകുന്നത്.
ഈയൊരു സമയത്ത് ഇവര്‍ പുറത്തേക്ക് നോക്കുമ്പോള്‍ മുസ്ലിം സമൂഹത്തിലുള്ളവര്‍ വ്യവസായവും ബിസിനസുമെല്ലാം നടത്തുന്നതായി കാണുന്നു. യൂസഫലി, അബ്ദുള്‍ വഹാബ് തുടങ്ങിയ പ്രമുഖരായ മുസ്ലിം ബിസിനസുകാര്‍ എല്ലായിടത്തും പെട്ടന്ന് ജനശ്രദ്ധ നേടുന്നു. ഈ സാഹചര്യത്തെ ലവ് ജിഹാദ് പ്രചരണങ്ങളും മറ്റു സംഭവങ്ങളുമായി കൂട്ടിക്കുഴച്ചാണ് ഇവിടെ അരക്ഷിതാവസ്ഥ ഉണ്ടാക്കിയെടുത്തത്.
യഥാര്‍ത്ഥത്തില്‍ സാമ്പത്തികരംഗവുമായി ബന്ധപ്പെട്ട സാമൂഹിക പരിവര്‍ത്തനമാണ് ഇവിടെ നടന്നത്. ഈ സാഹചര്യത്തിലേക്ക് സംഘപരിവാര്‍ നരേറ്റീവുകള്‍ കൂടി കടന്നുവരുന്നു. അതില്‍ മുസ്ലിം എന്ന് പറഞ്ഞാല്‍ യൂസഫലിയും അബ്ദുള്‍ വഹാബുമാണെന്ന് പടച്ചുവെച്ചിരിക്കുകയാണ്. അങ്ങനെ ഒരു അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തിച്ചപ്പോള്‍ ക്രിസ്ത്യാനികള്‍ ആ പ്രചരണങ്ങള്‍ വിശ്വസിക്കാന്‍ തുടങ്ങി.
ഇതിനിടയില്‍ ചില മുസ്ലിം നേതാക്കളുടെ വിവേകരഹിതമായ പ്രസ്താവനകളും വന്നു. ഹാഗിയ സോഫിയ വിഷയത്തില്‍ പ്രതികരിക്കേണ്ട ആവശ്യമേയില്ലായിരുന്നു. ഇത്തരം വിഷയങ്ങളില്‍ പക്വമായ പ്രതികരണങ്ങള്‍ നടത്താന്‍ സാധിക്കുന്ന മുസ്ലിം നേതാക്കളുടെ കുറവുണ്ടായിട്ടുണ്ട്. മുസ്ലിം സമുദായത്തില്‍ നവോത്ഥാന മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന പ്രസ്ഥാനങ്ങള്‍ ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്.
ക്രിസ്ത്യന്‍ സമൂഹത്തിലെ പ്രശ്നങ്ങള്‍ക്കെതിരെ പ്രതികരിക്കുന്ന നിരവധി പേര്‍ ആ സമുദായത്തിനുള്ളില്‍ തന്നെയുണ്ട്. ശക്തമായ ആത്മവിമര്‍ശനം അവിടെ നടക്കുന്നുണ്ട്. പക്ഷെ മുസ്ലിം സമുദായത്തിനകത്ത് നവോത്ഥാന ചിന്തകളുള്ളവര്‍ അനവധിയുണ്ടെങ്കിലും പരസ്യമായി പറയുന്നവരുടെ എണ്ണം വല്ലാതെ കുറഞ്ഞിരിക്കുന്നു.
അപകടകരമായ പ്രസംഗങ്ങള്‍ നടത്തുന്ന ഉസ്താദുമാരുണ്ട്. അവകരുടെ പ്രസംഗങ്ങള്‍ കട്ട് ചെയ്ത് സംഘപരിവാര്‍ ക്രിസ്ത്യന്‍ ഗ്രൂപ്പുകളില്‍ പ്രചരിപ്പിക്കുകയാണ്. ഈ ഉസ്താദുമാരുടെ പ്രസംഗങ്ങളിലെ പ്രശ്നങ്ങള്‍ മനസ്സിലാക്കുകയും തിരുത്തല്‍ വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തുകൊണ്ട് മുസ്ലിം സമുദായത്തിനകത്തു നിന്നു തന്നെ നവോത്ഥാന ചിന്തകര്‍ ഉയര്‍ന്നുവരണം
നിരവധി നവോത്ഥാന ചിന്തകര്‍ ആ സമൂഹത്തിനുള്ളിലുണ്ട്. പക്ഷെ അവര്‍ പരസ്യമായി ശക്തമായ നിലയില്‍ മുന്നോട്ടുവന്നിട്ടില്ല. അവര്‍ പരസ്യ നിലപാടുകളുമായി മുന്നോട്ടുവരേണ്ടത് ആ സമൂഹത്തിന്റെ മാത്രമല്ല, ഈ കാലഘട്ടത്തിന്റെ കൂടി ആവശ്യമാണ്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Interview with Shaiju Antony on Christian Muslim Conflict