എനിക്ക് ഇനി നഷ്ടപ്പെടാന്‍ ഒന്നുമില്ല, വെളിപ്പെടുത്തലുകളുമായി സജീവ് പിള്ള | Sajeev pIllai | Mamangam
അശ്വിന്‍ രാജ്

ആരംഭം മുതല്‍ തന്നെ വിവാദങ്ങളില്‍ നിറഞ്ഞ് നില്‍ക്കുന്ന സിനിമയാണ് മമ്മൂട്ടിയെ നായകനാക്കി ഒരുങ്ങുന്ന മാമാങ്കം സിനിമ. പതിനെട്ട് വര്‍ഷത്തോളം എടുത്ത് രചിച്ച തിരക്കഥയുമായി സിനിമ ആരംഭിക്കുമ്പോള്‍ സജീവ് പിള്ള എന്ന സംവിധായകന്‍ ഏറെ പ്രതിഷയില്‍ ആയിരുന്നു. എന്നാല്‍ ഒരു സുപ്രഭാതത്തില്‍ സിനിമയില്‍ നിന്ന് തന്നെ ആരൂം അല്ലാതെ അദ്ദേഹത്തിനെ പുറത്താക്കി. മാമാങ്കം സിനിമയ്ക്ക് പുറകിലെ ഉള്ളുകളികളെ കുറിച്ച് ഡ്യൂള്‍ ടോക്കില്‍ വെളിപ്പെടുത്തുകയാണ് ശ്രീ സജീവ് പിള്ള.

പതിനെട്ട് വര്‍ഷത്തോളം ഒരു സിനിമയുടെ തിരക്കഥയ്ക്കായി ചിലവഴിക്കുക. പന്ത്രണ്ട് വര്‍ഷത്തോളം അത് സിനിമയാക്കാന്‍ നടക്കുക. ഒടുവില്‍ ഒരു ദിവസം ആ സിനിമയുടെ ആരും അല്ലാതെയാകുക. എന്താണ് ശ്രീ സജീവ് പിള്ളയ്ക്ക് പറയാന്‍ ഉള്ളത് ?

ഞാന്‍ 99 ല്‍ എഴുതി തുടങ്ങി 2010 ല്‍ രജിസ്റ്റര്‍ ചെയ്യുകയും പിന്നീട് മമ്മൂക്കയെ പോയി കാണുകയും വളരെ ഡീറ്റേയില്‍ഡ് ആയി സ്‌ക്രിപ്റ്റ് ഡിസ്‌കഷന്‍സ് ഒക്കെ നടക്കുകയും ചെയ്തതാണ്. അത് എല്ലാം കഴിഞ്ഞ 2012 ആവുമ്പോള്‍ മമ്മൂക്ക കണ്‍ഫോം ചെയ്യുകയും ചെയ്തു. പിന്നീട് ഞാന്‍ ഒരു പ്രൊഡ്യൂസറെ തപ്പി നടക്കുകയായിരുന്നു. കാരണം ഇത് സാധാരണ ഒരു സിനിമയല്ല. വലിയ ഒരു സിനിമയാണ്. വലിയ സെറ്റുകള്‍ ആവശ്യമാണ്. പഴയ കാലം പുനരാവിഷ്‌ക്കരിക്കണം. ആക്ഷന്‍ സ്വീക്കന്‍സുകള്‍ ഒരുക്കണം. വലിയ ഒരു എന്റര്‍ടൈന്‍മെന്റ് സിനിമയായിരുന്നു. ഇത്തരം ഒരു വലിയ ഒരു സിനിമ ഒരുക്കാന്‍ പറ്റുമെന്ന് വളരെ ബ്ലൈന്‍ഡ് ആയിട്ടുള്ള ഒരു വിശ്വാസം എനിക്കുണ്ടായിരുന്നു. കാരണം അതിന് സപ്പോര്‍ട്ട് ആയിട്ടുള്ള സ്‌ട്രെഗ്തും പ്രേക്ഷകരും മാര്‍ക്കറ്റ് എക്കണോമിയും ഉണ്ടാകുമെന്ന് എനിക്ക് ഉറപ്പായിരുന്നു.

2015 ഒക്കെ ആയപ്പോഴെക്കും കുറച്ച് കൂടെ വിശ്വാസം ആയി കാരണം നല്ല ബോക്‌സോഫീസ് കളക്ഷനുകള്‍ വന്നുതുടങ്ങി. ദൃശ്യം പോലുള്ള സിനിമകള്‍ വലിയ കളക്ഷനുകള്‍ ഉണ്ടായി. അത്തരത്തില്‍ വിവിധ നിര്‍മ്മാതാക്കളെ കണ്ട കൂട്ടത്തില്‍ കണ്ട ഒരാളാണ് ഇപ്പോഴത്തെ നിര്‍മ്മാതാവ് ശ്രീ വേണു കുന്നംപ്പള്ളി. അദ്ദേഹം അതിന് മുമ്പ് വലിയ ഒരു സിനിമയില്‍ പണം നിക്ഷേപിച്ച് അത് പാഴായി പോയി എന്ന് പുള്ളി തന്നെ പറയുന്ന ഒരു സാഹചര്യത്തിലാണ് പുള്ളി ഈ പ്രോജക്റ്റിലേക്ക് വരുന്നത്. ആ ഒരു സമയത്ത് ആണ് ഞാന്‍ ചെല്ലുന്നത്. ആ സമയത്ത് ഈ ഒരു സിനിമ ചെയ്യുക എന്ന ഒറ്റ ലക്ഷ്യത്തിലാണ് ഞാന്‍ നില്‍ക്കുന്നത്. അതിനുള്ള സംവിധാനങ്ങള്‍ വരികയാണ്, അതിനുള്ള മുലധനം വരികയാണ് അതിന്റെ ഒരു ആവേശത്തില്‍ ഞാന്‍ വേറെ വരും വരായ്കകളൊന്നും ആലോചിച്ചില്ല. സിനിമ ചെയ്യുക എന്ന ഒരൊറ്റ പാഷനെ നമ്മുടെ മുന്നില്‍ ഉള്ളു. അല്ലാതെ ഇതില്‍ ആരെയെങ്കിലും മെരുക്കുക, ഇതൊരു യുദ്ധമായി കാണുക എന്നതൊന്നും നമ്മുടെ ലക്ഷ്യമെ ആയിരുന്നില്ല. കാരണം ഈ കാണുന്ന ആളുകള്‍ എല്ലാം തന്നെ സ്‌ക്രിപ്റ്റില്‍ വലിയ എക്‌സൈറ്റ്‌മെന്റാണ്. മമ്മൂക്ക പറഞ്ഞിരിക്കുന്നത് അദ്ദേഹത്തിന്റെ ജീവിതത്തിലെ നല്ല സിനിമകളില്‍ ഒന്നാണ്. പ്രൊഡ്യൂസര്‍ പറഞ്ഞിരിക്കുന്നത് ഈ സ്‌ക്രിപ്റ്റ് 25 പ്രാവശ്യം വായിച്ചു എന്നാണ്, നിങ്ങള്‍ക്ക് ആ അഭിമുഖങ്ങള്‍ കണ്ടാല്‍ മനസിലാകും അത്.ആ ഒരു ആവേശത്തിലാണ് ഞാന്‍ ഒപ്പിടുന്നത്. ഒപ്പിടുന്നത് എന്ന് പറയുമ്പോഴും അതിന്റെ ആദ്യ രണ്ട് പേജുകള്‍ മാത്രമാണ് ഞാന്‍ വായിക്കുന്നത്. അതില്‍ തന്നെ ഞാന്‍ കറക്ഷന്‍ പറയുന്നുണ്ട്. എന്നാല്‍ പുള്ളിക്ക് ഇതില്‍ സമയമില്ലെന്നാണ് പറയുന്നത്. അന്ന് രാത്രി തന്നെ പുള്ളിക്ക് ദുബായില്‍ പോണം. പിന്നെ പുള്ളി പറയുന്നത് നമ്മള്‍ അല്ലെ സിനിമ ചെയ്യുന്നത് ഒപ്പിടു എന്നാണ്. വ്യക്തിപരമായി ഈ സിനിമയ്ക്കായി വലിയ ഒരു തുക ചിലവഴിച്ചിട്ടുണ്ട്.

ഒപ്പിടുന്നതിന് മുമ്പ് എഗ്രിമെന്റ് അഭിഭാഷകനെ കാണിച്ചിരുന്നോ ?

ലോകത്ത് ഉള്ള ഒരു അഡ്വക്കേറ്റും ഇങ്ങിനെയൊരു എഗ്രിമെന്റില്‍ ഒപ്പിടാന്‍ സമ്മതിക്കില്ല. ഞാന്‍ പറഞ്ഞിട്ടുള്ള പല ക്ലോസുകളും അതില്‍ ഉണ്ടായിരുന്നില്ല.

എഗ്രിമെന്റിലെ പ്രധാന നിര്‍ദ്ദേശങ്ങള്‍ എന്തായിരുന്നു ?

എല്ലാ കാര്യങ്ങളിലും തീരുമാനം എടുക്കാന്‍ എകപക്ഷീയമായ തീരുമാനം എടുക്കാന്‍ നിര്‍മ്മാതാവിന് അവകാശം കൊടുക്കുന്നതാണ്. സാധാരണ കോര്‍പ്പറേറ്റ് കമ്പനികളില്‍ പോലും ഇത്തരം എഗ്രിമെന്റ് ഒപ്പിടുമ്പോള്‍ ചില പ്രൊസീജര്‍ കൊണ്ടു പോകാറുണ്ട്.

തിരക്കഥയുടെ മുഴുവന്‍ റൈറ്റും നിര്‍മ്മാതാവിന് നല്‍കിയോ ?

ഒന്ന് കോടതി വ്യവഹാരത്തില്‍ നില്‍ക്കുന്ന ഒന്നാണ് അത് കൊണ്ട് അതിന്റെ വിശദാംശങ്ങളിലേക്ക് കടക്കുന്നില്ല. അതില്‍ പറയുന്നത് മൂന്ന് ലക്ഷം രൂപയ്ക്ക് തിരക്കഥയുടെ മുഴുവന്‍ റൈറ്റും നിര്‍മ്മാതാവിന് കൊടുത്തു എന്നാണ് പറയുന്നത്. കോടതി വ്യവഹാരങ്ങളില്‍ നില്‍ക്കുന്നതിനാല്‍ കൂടുതല്‍ കാര്യങ്ങളിലേക്ക് കടക്കുന്നില്ല.

പ്രശ്‌നങ്ങള്‍ ഉണ്ടായപ്പോള്‍ നായകന്‍ മമ്മൂട്ടിയുടെ നിലപാട് ?

തുടക്കത്തില്‍ എന്നെ സ്‌ട്രോഗായി മമ്മൂക്ക എന്നെ പിന്തുണയ്ക്കുകയായിരുന്നു. പിന്നെ മമ്മൂക്കയുടെ വീട്ടില്‍ വെച്ച് നടന്ന കോംപ്രമൈസ് ചര്‍ച്ചയില്‍ ഇത് വരെ പടങ്ങള്‍ ഒന്നും ചെയ്യാത്ത രണ്ട് അസോസിയേറ്റുകളെ നല്‍കണമെന്നാണ്. രണ്ട് തരത്തില്‍ ഉള്ള കാര്യങ്ങള്‍ ചെയ്യാന്‍ എന്നെ സഹായിക്കാന്‍ രണ്ട് പുതിയ അസോസിയേറ്റുകള്‍ നല്‍കിയാല്‍ മതി എന്ന് മമ്മൂക്ക നിര്‍ദ്ദേശിച്ചിരുന്നു. ആ ഘട്ടത്തില്‍ ഒക്കെ എന്നെ പുര്‍ണമായി സപ്പോര്‍ട്ട് ചെയ്യുകയായിരുന്നു മമ്മൂക്ക. പിന്നീട് എന്താണ് സംഭവിച്ചതെന്ന് എനിക്ക് അറിയില്ല.

ഇപ്പോഴത്തെ സംവിധായകന്‍ പത്മകുമാറിന്റെ നിലപാട് എന്തായിരുന്നു ?

പത്മകുമാര്‍ ഈ സിനിമയിലേക്ക് വരുന്നതിന് മുമ്പ് അദ്ദേഹത്തിന്റെ ചില സുഹൃത്തുക്കളായിരുന്നു എന്നെ കാണാന്‍ വന്നിരുന്നത്. അദ്ദേഹം വന്ന് പ്രശ്‌നം തീരുവോളം നിന്നോട്ടെ. പപ്പേട്ടന് കുറച്ച് കാശിന്റെ ആവശ്യമുണ്ട് എന്നൊക്കെയായിരുന്നു. ഞാന്‍ മാനസികമായി തയ്യാറല്ലായിരുന്നു പിന്നീട് സുഹൃത്തുക്കള്‍ വീണ്ടും നിര്‍ബന്ധിച്ചു. പുള്ളി വരും അതിന് ശേഷം പ്രോജക്റ്റ് വീണ്ടും തുടങ്ങും അതിന് ശേഷം പത്മകുമാര്‍ പോകും. അത് തന്നെയായിരുന്നു പത്മകുമാറും എന്നോട് പറഞ്ഞത്. അതിന് ശേഷമാണ് അസോസിയേറ്റ് ആയി ഒരാള്‍ വരട്ടെയെന്ന് എന്നാല്‍ അതിന് ശേഷം പുള്ളി കാര്യങ്ങള്‍ തീരുമാനിക്കാന്‍ തുടങ്ങി. അപ്പോഴേക്കാണ് ഈ പ്രശ്‌നങ്ങള്‍ ആരംഭിക്കുന്നത്.

 

 

 

 

അശ്വിന്‍ രാജ്
ഡൂള്‍ന്യൂസ് സീനിയര്‍ സബ് എഡിറ്റര്‍, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ബിരുദവും ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമയും പൂര്‍ത്തിയാക്കിയിട്ടുണ്ട്.