Advertisement
Sports News
സഞ്ജു ഭായ് ദൈവത്തെ പോലെ; ഇനി ലക്ഷ്യം കേരളത്തിന് ഒരു കിരീടം
ആദര്‍ശ് എം.കെ.
2022 Dec 22, 11:46 am
Thursday, 22nd December 2022, 5:16 pm

അനന്തപദ്മനാഭന്‍, ടിനു യോഹന്നാന്‍, എസ്. ശ്രീശാന്ത്, സഞ്ജു സാംസണ്‍ എന്നിവര്‍ക്ക് ശേഷം കേരള ക്രിക്കറ്റില്‍ നിന്നും ഉയര്‍ന്നുവന്ന താരങ്ങളില്‍ പ്രധാനിയാണ് രോഹന്‍ എസ്. കുന്നുമ്മല്‍. ആഭ്യന്തര ക്രിക്കറ്റില്‍ മിന്നും ഫോമില്‍ തുടരുന്ന രോഹന്‍ ബംഗ്ലാദേശ് പര്യടനത്തിനുള്ള ഇന്ത്യ എ ടീമിലും ഇടം നേടിയിരുന്നു. ഐ.പി.എല്‍ 2023യില്‍ പല ടീമുകളും ലക്ഷ്യം വെക്കുന്ന താരം കൂടിയാണ് രോഹന്‍.

തന്റെ ക്രിക്കറ്റ് വിശേഷങ്ങളെ കുറിച്ചും ഭാവി പ്രതീക്ഷകളെ കുറിച്ചും രോഹന്‍ ഡൂള്‍ന്യൂസിനോട് മനസുതുറക്കുന്നു.

1. കേരളത്തിലെ ഒരു ക്രിക്കറ്റ് അക്കാദമിയില്‍ നിന്നും കളിച്ചുതുടങ്ങി ഇപ്പോള്‍ ഇവിടെ വരെയെത്തിയിരിക്കുകയാണ് രോഹന്റെ ക്രിക്കറ്റ് കരിയര്‍. ഇതുവരെയുള്ള യാത്രയെ സ്വയം എങ്ങനെ നോക്കിക്കാണുന്നു?

ഇതുവരെയുള്ള യാത്ര അടിപൊളിയായിരുന്നു എന്നുതന്നെ വേണം പറയാന്‍. പണ്ട് ചെറുപ്പത്തില്‍ ക്രിക്കറ്റ് കളിച്ചുനടന്ന സമയത്ത് നമ്മള്‍ ആഗ്രഹിക്കുന്ന കാര്യമാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. അത് ഓരോന്നോരോന്നായി നടക്കുന്നത് കാണുമ്പോള്‍ ഒരുപാട് സന്തോഷമുണ്ട്.

കളിക്കാന്‍ തുടങ്ങിയ സമയത്തും ഇപ്പോഴും തമ്മില്‍ താരതമ്യം ചെയ്യുമ്പോള്‍ ഒരുപാട് ഇംപ്രൂവ് ചെയ്തിട്ടുണ്ട്. ഒരു പ്ലെയര്‍ എന്ന നിലയില്‍ നമ്മള്‍ ഇംപ്രൂവ് ചെയ്യുന്നത് കാണുമ്പോള്‍ വീണ്ടും ഹാര്‍ഡ് വര്‍ക്ക് ചെയ്യാനുള്ള മോട്ടിവേഷന്‍ കൂടിയാണ് ലഭിക്കുന്നത്.

ഇപ്പോള്‍ എന്തൊക്കെ അച്ചീവ് ചെയ്‌തോ, അതില്‍ ഒരുപാട് സന്തോഷം. നമ്മള്‍ ഹാര്‍ഡ് വര്‍ക്ക് ചെയ്ത് അതിന് റിസള്‍ട്ട് ഉണ്ട് എന്ന് കാണുമ്പോള്‍ അതില്‍ ഒരു പ്രത്യേക സന്തോഷമുണ്ട്.

 

 

2. അനന്തപദ്മനാഭന്‍, ടിനു യോഹന്നാന്‍, ശ്രീശാന്ത്, സഞ്ജു സാംസണ്‍ ഈ നിരയിലേക്കാണ് മലയാളികള്‍ ഇപ്പോള്‍ രോഹനെ പ്രതിഷ്ഠിച്ചിരിക്കുന്നത്. കേരളത്തില്‍ നിന്നും വളര്‍ന്നുവന്ന താരമെന്ന നിലയില്‍ ഇന്ത്യന്‍ ടീമിലേക്ക് ഒരു ഈസി എന്‍ട്രി സാധ്യമാണെന്ന തോന്നലുണ്ടോ?

ഇന്ത്യന്‍ ടീമിലേക്ക് ഒരിക്കലും ഒരു ഈസി എന്‍ട്രി ആയിരിക്കില്ല. കാരണം ഇന്ത്യ എന്ന രാജ്യത്ത് അത്രത്തോളം കോമ്പറ്റീഷനാണുള്ളത്. ഒരുപാട് പ്ലെയേഴ്‌സ് ഇപ്പോള്‍ മികച്ച രീതിയില്‍ പെര്‍ഫോം ചെയ്തുകൊണ്ടിരിക്കുന്നു, പെര്‍ഫോം ചെയ്ത പലരും ഇപ്പോള്‍ ഇന്ത്യക്ക് വേണ്ടി കളിക്കുന്നു.

അതുകൊണ്ട് നമ്മള്‍ക്ക് ചെയ്യാവുന്നതിന്റെ മാക്‌സിമം ചെയ്യാന്‍ ശ്രമിക്കുക. എല്ലാ മാച്ചും എല്ലാ പ്രാക്ടീസ് സെഷനും എത്രത്തോളം മികച്ചതാക്കാന്‍ പറ്റുമോ അത്രയും നല്ല രീതിയില്‍ പെര്‍ഫോം ചെയ്യുക. ബാക്കി റിസള്‍ട്ടിനെ കുറിച്ച് അധികം ആലോചിക്കാതിരിക്കുന്നതാണ് നല്ലത്. കാരണം അതൊന്നും നമ്മളുടെ കയ്യിലല്ല.

നമ്മള്‍ ചെയ്യേണ്ട കാര്യങ്ങള്‍ കൃത്യമായി ചെയ്തു കഴിഞ്ഞാല്‍ ദൈവം അനുഗ്രഹിച്ച് ഒരു ദിവസം അവിടെയത്താന്‍ സാധിക്കുമെന്ന് തന്നെയാണ് വിശ്വാസം.

 

3. കഴിവുള്ള മലയാളി താരങ്ങളെ ബി.സി.സി.ഐ വേണ്ട വിധത്തില്‍ പരിഗണിക്കുന്നില്ല എന്ന തോന്നലുണ്ടോ? താങ്കള്‍ക്ക് അര്‍ഹിച്ച പരിഗണന ബി.സി.സി.ഐ നല്‍കിയിട്ടുണ്ടോ?

ഒരിക്കലും അത്തരത്തിലുള്ള ഒരു ചിന്ത ഉണ്ടായിട്ടില്ല. ബി.സി.സി.ഐ എല്ലാവര്‍ക്കും അവരുടെ പ്രകടനത്തിനനുസരിച്ച് അര്‍ഹിക്കുന്ന അവസരം നല്‍കുന്നുണ്ട്. അതുകൊണ്ട് ഒരിക്കലും നമ്മള്‍ക്ക് അങ്ങനെ പറയാന്‍ പറ്റില്ല.

ഞാന്‍ നന്നായി പെര്‍ഫോം ചെയ്തപ്പോള്‍ എനിക്ക് ഇന്ത്യ എ സ്‌ക്വാഡില്‍ സെലക്ഷന്‍ ലഭിച്ചിരുന്നു. എല്ലാവര്‍ക്കും അങ്ങനെ ചാന്‍സ് ലഭിക്കുന്നുണ്ട്. ബി.സി.സി.ഐ പരിഗണിക്കുന്നില്ല എന്ന തോന്നല്‍ ഒന്നും ഉണ്ടായിട്ടില്ല.

4. ഐ.പി.എല്ലിന്റെ മിനി ലേലം ഇത്തവണ കൊച്ചിയില്‍ വെച്ചാണ് നടക്കുന്നത്. സമീപ കാലങ്ങളില്‍ ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച പ്രകടനമാണ് രോഹന്‍ കാഴ്ചവെച്ചിട്ടുള്ളത്. 2023 ഐ.പി.എല്ലിനെ കുറിച്ചുള്ള പ്രതീക്ഷകള്‍ പങ്കുവെക്കാമോ?

ഐ.പി.എല്ലിനെ കുറിച്ച് വളരെ വലിയ പ്രതീക്ഷകള്‍ മനസിലുണ്ട്. ഏതെങ്കിലും ഒരു ടീമില്‍ സെലക്ഷന്‍ കിട്ടിയാല്‍ അടിപൊളിയാണെന്നാണ് കരുതുന്നത്. അങ്ങനെ സെലക്ഷന്‍ കിട്ടുകയാണെങ്കില്‍ വേറെ ഒരു ലെവല്‍ ക്രിക്കറ്റ് എനിക്ക് ഐ.പി.എല്ലില്‍ കളിക്കാന്‍ സാധിക്കും.

പക്ഷേ, അതിനെ കുറിച്ച് കൂടുതല്‍ ആലോചിക്കാതിരിക്കാനാണ് ഞാന്‍ ശ്രമിക്കുന്നത്. കാരണം അതിനെ കുറിച്ച് കൂടുതല്‍ ചിന്തിക്കാന്‍ തുടങ്ങിയാല്‍, കൂടുതല്‍ പ്രതീക്ഷിച്ചാല്‍ ഒക്കെ പ്രശ്‌നമാകും. ഐ.പി.എല്ലില്‍ കളിക്കാന്‍ സാധിച്ചാല്‍ നല്ലത്, കിട്ടിയില്ലെങ്കിലും വലിയ കുഴപ്പമില്ല എന്ന മൈന്‍ഡ് സെറ്റില്‍ നില്‍ക്കുകയാണ്. ബാക്കിയെല്ലാം ലേലത്തിന് നോക്കാം.

 

5. ഐ.പി.എല്ലില്‍ ഏത് ടീമിനൊപ്പം ചേര്‍ന്ന് കളിക്കാനാണ് ഏറ്റവുമധികം താത്പര്യപ്പെടുന്നത്? എന്തുകൊണ്ട്?

ഐ.പി.എല്ലില്‍ ഞാന്‍ ചെറുപ്പം തൊട്ടേ ഒരു മുംബൈ ഇന്ത്യന്‍സ് ഫാന്‍ ആണ്. ചെറുപ്പം തൊട്ടേ സച്ചിന്‍ സാറിനെ ഭയങ്കര ഇഷ്ടമാണ്.

ഏത് ടീമിനൊപ്പം കളിക്കണമെന്ന ചോദ്യത്തിന് പണ്ടൊക്കെ മുംബൈ ഇന്ത്യന്‍സ് എന്ന് പറയുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ അങ്ങനെ ഒന്നും ഇല്ല. ഐ.പി.എല്‍ കളിക്കുക എന്നത് മാത്രമാണ് ഇപ്പോള്‍ മനസിലുള്ളത്.

 

6. സഞ്ജു സാംസണെ കുറിച്ച്…

സഞ്ജു ഭായ് ഞങ്ങള്‍ക്കെല്ലാവര്‍ക്കും ഒരു ദൈവത്തെ പോലെയാണ്. കാരണം അത്രയും കിടിലന്‍ ഒരു പ്ലെയര്‍ കേരള ടീമില്‍ നമ്മുടെ കൂടെ കളിക്കുന്നു എന്ന് പറയുമ്പോള്‍ എനിക്ക് ഉണ്ടാകുന്ന അഭിമാനം ഉണ്ടല്ലോ, അത് വേറെ ഒരു ഫീലാണ്.

പിന്നെ ക്രിക്കറ്റിനെ കുറിച്ചും ലൈഫിനെ കുറിച്ചും എന്ത് കാര്യവും ചോദിക്കാന്‍ പറ്റുന്ന അതെല്ലാം പറഞ്ഞു തരാന്‍ പറ്റുന്ന ഒരാളാണ് സഞ്ജു ഭായ്. ഇതിന് നമ്മള്‍ക്ക് വേറെ ഒരാള്‍ വേണ്ട. അദ്ദേഹം ബെസ്റ്റ് ഇന്‍ ദി വേള്‍ഡ് ആണ്. സോ നമുക്ക് വേറെ ഒരാളെ തേടി പോകേണ്ട ആവശ്യമില്ല. സഞ്ജു ഭായ്‌യുടെ കൂടെ കളിക്കാന്‍ പറ്റിയത് തന്നെ വലിയൊരു ഭാഗ്യമാണ്.

 

 

7. ഐ.പി.എല്‍ ഇന്ത്യന്‍ ടീമിലേക്കുള്ള എന്‍ട്രിയായാണ് പരിഗണിക്കപ്പെടുന്നത്. അതിനാല്‍ തന്നെ മിനി ലേലത്തിന് മുമ്പ് ഏതെങ്കിലും തരത്തിലുള്ള ടെന്‍ഷന്‍ ഉണ്ടോ?

മിനി ലേലത്തിന് മുമ്പ് ചെറിയ ഒരു ടെന്‍ഷന്‍ ഒക്കെ ഉണ്ട്. ഇല്ല എന്ന് പറഞ്ഞാല്‍ അത് കള്ളമായി പോകും. ടെന്‍ഷനുണ്ട്. എന്നാല്‍ അതിനെ കുറിച്ച് ആലോചിക്കാതെ മാക്‌സിമം ഞാനത് കുറയ്ക്കാന്‍ നോക്കുന്നുണ്ട്. വരുന്നിടത്ത് വെച്ച് കാണാം എന്ന മൈന്‍ഡ് സെറ്റില്‍ നില്‍ക്കുകയാണ്.

 

8. ഐ.പി.എല്ലിനെ ഇന്ത്യന്‍ ടീമിലേക്കുള്ള എന്‍ട്രിയായി പരിഗണിക്കപ്പെടുമ്പോള്‍ ആഭ്യന്തര ക്രിക്കറ്റില്‍ തുടര്‍ച്ചയായി മികച്ച പ്രകടനം കാഴ്ചവെക്കുന്ന താരങ്ങളെ അത്രകണ്ട് പരിഗണിക്കുന്ന നിലപാടല്ല പൊതുവേ ബോര്‍ഡ് സ്വീകരിക്കാറുള്ളത്. ആഭ്യന്തര ക്രിക്കറ്റിലെ മികച്ച പ്രകടനം നടത്തുന്ന താരങ്ങള്‍ക്ക് വിലയില്ലാതാകുന്നു എന്ന അഭിപ്രായമുണ്ടോ?

അങ്ങനെ ഒരു അഭിപ്രായമില്ല. ഡൊമസ്റ്റിക് ക്രിക്കറ്റിലെ പെര്‍ഫോമന്‍സ് വെച്ചിട്ടാണ് ഞാന്‍ ഇപ്പോള്‍ ഇന്ത്യ എ ടീമിന് വേണ്ടി സെലക്ട് ചെയ്യപ്പെട്ടത്. സോ അങ്ങനെ ഒരു തോന്നല്‍ ഒരിക്കലുമില്ല.

ഐ.പി.എല്‍ വേറെ തന്നെ ഒരു ലെവല്‍ ക്രിക്കറ്റാണ് എന്നാണ് വിശ്വസിക്കുന്നത്. അതിന് കുറച്ചുകൂടി വ്യത്യാസമുണ്ടെന്നാണ് ഞാന്‍ കരുതുന്നത്.

 

 

 

9. ഈയിടെയായി സഞ്ജു സാംസണ് മികച്ച ഫാന്‍ ബേസാണ് കിട്ടിക്കൊണ്ടിരിക്കുന്നത്. ഒരുകാലത്ത് മലയാളികള്‍ മാത്രം പിന്തുണച്ചിരുന്ന സഞ്ജുവിനിപ്പോള്‍ ഇന്ത്യയിലുടനീളം ആരാധകരുണ്ടായി വരുന്നു. അതുപോലെ മലയാളികള്‍ക്കിടയില്‍ രോഹന്‍ എസ്. കുന്നുമ്മല്‍ എന്ന പേരിനുള്ള സ്വീകാര്യത ദിനം പ്രതി വര്‍ധിക്കുകയാണ്. അടുത്ത സഞ്ജു സാംസണ്‍ എന്നുപോലും പല കോണുകളില്‍ നിന്നും അഭിപ്രായങ്ങളുയരുന്നുണ്ട്. അതിനെ കുറിച്ച്?

സഞ്ജു ഭായ്‌യെ വെച്ചൊന്നും എന്നെ കംപയര്‍ ചെയ്യാനേ പാടില്ല. അദ്ദേഹമൊക്കെ വേറെ ലെവല്‍ താരങ്ങളാണ്, ഞാനൊന്നും അതിന്റെ അടുത്തു പോലും എത്തില്ല. അതിനടുത്തേക്ക് എത്താന്‍ ഞാന്‍ ഇപ്പോഴും വര്‍ക്ക് ചെയ്യുന്നതേയുള്ളൂ. സോ അങ്ങനെ കംപയര്‍ ചെയ്യാനേ പാടില്ല.

ഫാന്‍ബേസ് എന്നതിനെ കുറിച്ചൊന്നും അധികം ആലോചിക്കുന്നേ ഇല്ല. നമ്മള്‍ നമ്മുടേതായ കാര്യങ്ങള്‍ ചെയ്ത് നമ്മുടെ ടീമിന്, കേരള ടീമിന് മാക്‌സിമം എത്ത്രതോളം കൊടുക്കാന്‍ സാധിക്കുമെന്ന് മാത്രമാണ് ഇപ്പോള്‍ ചിന്തിക്കുന്നത്.

കേരള ടീമിന് ഒരു ആഭ്യന്തര ട്രോഫി നേടിക്കൊടുക്കുക എന്ന ചിന്ത മാത്രമാണ് ഇപ്പോഴുള്ളത്. അല്ലാതെ കൂടുതല്‍ കാര്യങ്ങളെ കുറിച്ചൊന്നും ഇപ്പോള്‍ ചിന്തിക്കുന്നില്ല.

 

Content Highlight: Interview with Rohan s Kunnummal

ആദര്‍ശ് എം.കെ.
ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.