| Monday, 14th December 2020, 6:58 pm

'നമുക്ക് നേടാൻ ഒരു ഗ്രഹം മുഴുവനുണ്ട്‌' - മഹാമാരികളുടെ രാഷ്ട്രീയവും സമ്പദ്ശാസ്ത്രവും | റോബ് വാലസ് 

ഡൂള്‍ന്യൂസ് ഡെസ്‌ക്

അഭിമുഖം: റോബ് വാലസ് / യാക് പാബസ്ററ്
വിവര്‍ത്തനം: ഡി. സേനന്‍

ഈ പുതിയ കൊറോണ വൈറസ് എത്രത്തോളം അപകട കാരിയാണ്?

നിങ്ങളുടെ പ്രദേശത്തു നടക്കുന്ന രോഗ വ്യാപനത്തിന്റെ വിവിധ ഘട്ടങ്ങളാണത് നിർണ്ണയിക്കുക. നിങ്ങൾ എവിടെ നിൽക്കുന്നു? രോഗ വ്യാപനത്തിന്റെ തുടക്കത്തിലാണോ അതോ, കുത്തനെ ഉയരുന്ന ഘട്ടത്തിലാണോ അഥവാ, വ്യാപനം അമർന്നു തുടങ്ങുമ്പോഴാണോ? നിങ്ങളുടെ പ്രദേശത്തിന്റെ പൊതു ആരോഗ്യ സംവിധാനം എത്ര ഫലപ്രദമാണ്? നിങ്ങളുടെ ജനസംഖ്യ നിർണ്ണയങ്ങൾ എന്തോക്കെയാണ്? നിങ്ങളുടെ പ്രായം? എത്രത്തോളമുണ്ട് നിങ്ങളുടെ രോഗ പ്രതിരോധ ശേഷി? നിങ്ങളുടെ അടിസ്ഥാന ആരോഗ്യാവസ്ഥ? ഡയഗ്‌നോസ് ചെയ്യാൻ പറ്റാത്ത മറ്റൊരു ഘടകം, നിങ്ങളുടെ ജനിതക രോഗ പ്രതിരോധ ശേഷി (immuogenetics) അതായത് നിങ്ങളുടെ രോഗ പ്രതിരോധ ശേഷി നിർണ്ണയിക്കുന്ന നിങ്ങളുടെ ജനിതക ഘടന ഈ വൈറസുമായി നേർക്ക് നേർ വരുന്നുണ്ടോ?

അതിന്നർത്ഥം ഈ വൈറസിനെപ്പറ്റിയുള്ള ബഹളമെല്ലാം ഒരു വെറും ഉമ്മാക്കിയാണോ? Scare Tactics?

അല്ലേയല്ല. വുഹാനിൽ രോഗ വ്യാപനം തുടങ്ങിയ സമയത്ത് കോവിഡിന്റെ മരണനിരക്ക് അഥവാ CFR രണ്ടു ശതമാനത്തിനും നാലു ശതമാനത്തിനും ഇടയിൽ ആടിക്കളിക്കുകയായിരുന്നു. വുഹാനിനു വെളിയിലാകട്ടെ, പൊതു ശരാശരി ഒരു ശതമാനമോ അതിൽ കുറവോ ആയി നിന്നു. എന്നാൽ ഇറ്റലി, അമേരിക്കൻ ഐക്യ നാടുകൾ തുടങ്ങിയ ചിലയിടങ്ങളിൽ മരണ നിരക്ക് ഈ പൊതു ശരാശരിയിൽ നിന്നും ഏറെ മുകളിലും പോയി. പത്തു ശതമാനം മരണ നിരക്കുള്ള സാർസ് (S. A. R. S.) അഞ്ച് തൊട്ടു ഇരുപതു ശതമാനം വരെ നിരക്കുള്ള 1918 –ലെ ഇൻഫ്ലുവെൻസ (സ്പാനിഷ് ഫീവർ) അറുപതു ശതമാനം വരുന്ന പക്ഷിപ്പനി അഥവാ H 5 N 1, ചിലപ്പോൾ തൊണ്ണൂറു ശതമാനം വരെ വരാവുന്ന എബോള തുടങ്ങിയ പകർച്ച വ്യാധികളുമായി തുലനം ചെയ്യുമ്പോൾ ഈ നിരക്ക് അത്ര കാര്യമുള്ളതായി തോന്നില്ല.

പക്ഷെ ഈ നിരക്ക് തീർച്ചയായും സാധാരണ ഫ്‌ളുവിന്റെ (Seasonal Influenza) ദശാംശം ഒരു ശതമാനം (0. 1%) CFR – അഥവാ മരണ നിരക്കിനേക്കാൾ ഏറെ മുകളിലാണ്. അപകടാവസ്ഥ മരണ നിരക്കു കൊണ്ട് മാത്രം തീർച്ചപ്പെടുത്താവുന്ന ഒന്നല്ല. നമുക്ക് സാമൂഹിക ആക്രമണ നിരക്ക് അഥവാ അക വ്യാപനം (Penetrance) എന്ന് വിളിക്കപ്പെടുന്ന ഒരവസ്ഥകൂടി കൈകാര്യം ചെയ്യേണ്ടതുണ്ട്. ലോക ജനതയുടെ എത്ര ശതമാനം ഈ അകവ്യാപനത്തിന് – Penetration – വിധേയമായി

ഒന്നും കൂടി വിശദീകരിക്കാമോ?

ആഗോള യാത്ര ശൃംഖല ഇന്ന് എന്നത്തെക്കാളും സുബന്ധിതമാണ്. വാക്സിനുകളൊ, നിർദ്ദിഷ്ട ആന്റി വൈറൽ മരുന്നുകളോ സാമൂഹിക രോഗ പ്രതിരോധത്തിനുള്ള – Herd Immunity –സാധ്യതയോ നിലവിലില്ലാത്ത ഇപ്പോഴത്തെ അവസ്ഥയിൽ ഒരു ശതമാനം മരണ നിരക്ക് വലിയൊരു അപായാവസ്ഥ തന്നെയാണ്.

രണ്ടാഴ്ചത്തെ ഇൻക്യൂബേഷൻ പീരിയഡുള്ള, രോഗാവസ്ഥ സ്പഷ്ടമാകുന്നതിനു മുന്നേ തന്നെ രോഗ സംക്രമണം നടക്കുന്നു എന്നിപ്പോൾ കൂടുതൽ കൂടുതൽ വ്യക്തമായിട്ടുള്ളതുമായ (തന്മൂലം രോഗ ബാധിതർ തിരിച്ചറിപ്പെടാതിരിക്കുകയും കൂടുതൽ വ്യാപനത്തിന് വഴിയൊരുങ്ങുകയും ചെയ്യുന്നു) കോവിഡ്-19 എത്താത്ത ഇടങ്ങൾ ഈ ഭൂഗോളത്തിൽ ചുരുക്കമായിരിക്കും.

ഉദാഹരണത്തിന് കോവിഡ് -19 നാന്നൂറ് കോടി മനുഷ്യരെ ബാധിക്കുകയാണെന്നിരിക്കട്ടെ, അതിന്റെ ഒരു ശതമാനം എന്ന് പറയുന്ന നാല്കോടി മനുഷ്യരാണപ്പോൾ മരിക്കുക. ഒരു വമ്പൻ സംഖ്യയുടെ ചെറിയ ശതമാനം എന്ന് പറയുന്നതും ഒരു വലിയ സംഖ്യ തന്നെയാകാം.

രോഗാതുരത – Virulence – താരതമ്യേന കുറവുള്ള ഒരു രോഗാണുവിനെ സംബന്ധിച്ചുള്ള വളരെ ഭീതിജനകമായ കണക്കുകൾ?

തീർച്ചയായും. മാത്രമല്ല, നാം പൊട്ടിപ്പുറപ്പെടലിന്റെ – Outbreak – തുടക്കത്തിൽ മാത്രമാണ് എത്തിയിരിക്കുന്നത്. മനസ്സിലാക്കേണ്ട മറ്റൊരു പ്രധാന കാര്യം പല പുതിയ രോഗങ്ങളും അതിന്റെ വ്യാപനവഴികളിൽ പല പല മാറ്റങ്ങളിലൂടെയും കടന്നു പോകുന്നു എന്നതാണ്. പകർച്ചശേഷി (Infectivity) രോഗാതുരത (Virulence) അഥവാ രണ്ടും മാറ്റങ്ങൾക്ക് വിധേയമാകുന്നു. 1918 – വസന്തത്തിലെ ഇൻഫ്ലുവെൻസ സ്പാനിഷ് ഫീവർ ആദ്യ തരംഗത്തിൽ രോഗതീവ്രത കുറവുള്ള ഒന്നായിരുന്നു. തുടർന്ന് അതേ ശൈത്യകാലത്തും 1919 –ലും അതിന്റെ രണ്ടാമത്തെയും മൂന്നാമത്തെയും വരവിലാണ് ആ മഹാമാരി കോടികളെ കൊന്നൊടുക്കിയത്

പക്ഷെ മഹാമാരിയെന്ന് പറയുന്നതിനെ പരിഹസിക്കുന്നവരുടെ വാദം, കൊറോണ വൈറസ്, സാധാരണ കണ്ടുവരുന്ന ഫ്‌ളൂവിനെ അപേക്ഷിച്ചു എത്രയോ കുറച്ച് ആൾക്കാരെയാണ് ബാധിക്കുകയും കൊല്ലുകയും ചെയ്യുന്നതെന്നാണ്‌.?

ഈ പൊട്ടിപ്പുറപ്പെട്ടൽ – outbreak – ഒന്നുമല്ലാതെ അവസാനിച്ചാൽ ഏറ്റവും സന്തോഷിക്കുന്ന ഒരാൾ ഞാനായിരിക്കും. പക്ഷെ മറ്റു മാരക രോഗങ്ങൾ, പ്രത്യേകിച്ചും ഇൻഫ്ലുവൻസകൾ ചൂണ്ടിക്കാട്ടി കോവിഡ് ഉയർത്തുന്ന ഭീഷണിയെ നിസ്സാരവൽക്കരിക്കുന്നത്, ഈ മഹാമാരിയെപ്പറ്റിയുള്ള ജാഗ്രത അനാവശ്യമാണെന്ന് വരുത്തിത്തീർക്കാനുള്ള ഒരു വാചക കസർത്തുമാത്രമാണ്

എന്നുവെച്ചാൽ സാധാരണ ഫ്ലു വുമായുള്ള ഈ താരതമ്യം ഒരു മുടന്തൻ ന്യായം മാത്രം?

രോഗ ഗ്രാഫിന്റെ രണ്ടു ദിശകളിലുള്ള രണ്ടു രോഗാണുക്കളെ – pathogens – താരതമ്യം ചെയ്യുന്നതിൽ യാതൊരർഥവുമില്ല. ശരിയാണ്, സാധാരണ ഫ്ലു വർഷാവർഷം കോടിക്കണക്കിനാൾക്കാരെ ബാധിക്കുന്നുണ്ട്, ലോകാരോഗ്യ സംഘടനയുടെ കണക്കു പ്രകാരം പ്രതി വർഷം ആറു ലക്ഷത്തി അമ്പതിനായിരത്തോളം ആൾക്കാരെ കൊന്നൊടുക്കുന്നുണ്ട്. കോവിഡ്-19 പക്ഷെ അതിന്റെ സംക്രമണ പ്രയാണം തുടങ്ങിയിട്ടേ ഉള്ളു. എന്നാൽ സാധാരണ ഇൻഫ്ലുൻസയിൽ നിന്നും വ്യത്യസ്തമായി, രോഗ വ്യാപനത്തിന്റെ വേഗം കുറക്കാൻ നമുക്കു വാക്സിനുകളില്ല, സാമൂഹിക പ്രതിരോധമില്ല (Herd Immunity,) ദുർബ്ബല സമൂഹങ്ങൾ അരക്ഷിതരായി മാറുന്നു

ഒരു പക്ഷെ ഇങ്ങനൊരു താരതമ്യം തെറ്റിദ്ധരിപ്പിക്കുന്നതാവാം, എങ്കിലും ചോദിക്കട്ടെ, ഈ രണ്ടു രോഗങ്ങളും വൈറസുകൾ, അതും ഒരു പ്രത്യേക വിഭാഗം വൈറസുകൾ – RNA വൈറസുകൾ – ഉണ്ടാക്കുന്നതാണ്. രണ്ടും ബാധിക്കുന്നതു പ്രധാനമായും, വായ, തൊണ്ട ചിലപ്പോൾ ശ്വാസകോശത്തെയും. രണ്ടും വളരെ പെട്ടെന്ന് പകരുന്നവയും. . . . . . . . 

ഇതെല്ലാം രണ്ടു പകർച്ച രോഗാണുക്കളെ – Pathogens – താരതമ്യം ചെയ്യുമ്പോൾ കണക്കിലെടുക്കേണ്ട നിർണ്ണായക വസ്തുതകളെ ഒഴിവാക്കിക്കൊണ്ടുള്ള ഉപരിപ്ലവമായ സാദൃശ്യങ്ങൾ മാത്രമാണ്. ഇൻഫ്ലുവെൻസയുടെ ഡയനാമിക്സ് ഒരുപാട് നമുക്കറിയാം. എന്നാൽ കോവിഡ്-19 –ന്റെ ഡയനാമിക്സിനെപ്പറ്റി നമുക്കൊരു ചുക്കുമറിഞ്ഞുകൂട. അവ അജ്ഞാതങ്ങളിൽ മുങ്ങിക്കിടക്കുന്നു. ഈ മഹാമാരി അതിന്റെ കളിയെല്ലാം കളിച്ചു തീരുന്നതു വരെ കോവിഡിന്റെ ഡയനാമിക്സിന്റെ പല വശങ്ങളും നമുക്ക് തീർച്ചയായും അജ്ഞേയം തന്നെയായിരിക്കും. അതെ സമയം നാം മനസ്സിലാക്കേണ്ടുന്ന ഒരു പ്രധാന വസ്തുത ഇവിടെ കോവിഡ്നെതിരെ ഇൻഫ്ലുവെൻസ എന്നതല്ല കാര്യം, മറിച്ചു കോവിഡും ഇൻഫ്ലുവെൻസയും എന്നതാണ്. ബഹു തല രോഗബാധകൾ അതായതു കോവിഡും ഇൻഫ്ലുവെൻസയും അതുപോലുള്ള മറ്റു പകർച്ച വ്യാധികളും ഒന്നിച്ചു നമ്മുടെ വിവിധ സമൂഹങ്ങളെ ആക്രമിക്കാനുള്ള സാധ്യതയെക്കുറിച്ചാണ് നാം ഉത്ക്കണ്ഠപ്പെടേണ്ടത്

നിങ്ങൾ ഏറെ വർഷങ്ങളായി പകർച്ച വ്യാധികളെപ്പറ്റി, അവയുടെ കാരണങ്ങളെപ്പറ്റി, ഗവേഷണം നടത്തുകയാണല്ലോ; Big Farms Make Big Flu എന്ന നിങ്ങളുടെ കൃതിയിൽ നിങ്ങൾ വ്യവസായിക കൃഷി രീതികളും ജൈവ കൃഷിയും വൈറൽ എപ്പിഡമോളജിയും തമ്മിലുള്ള പരസ്പര ബന്ധങ്ങളെപ്പറ്റി വിശദീകരിക്കുന്നുണ്ടല്ലോ; എന്തെല്ലാമാണ് ഇക്കാര്യത്തെ പറ്റിയുള്ള നിങ്ങളുടെ ഉൾക്കാഴ്ചകൾ?

ഓരോ പുതിയ പൊട്ടിപ്പുറപ്പെടലിന്റെയും – outbreak – യഥാർഥ അപകടം ഓരോ പുതിയ കോവിഡ് പത്തൊൻപതും ഒരു ഒറ്റപ്പെട്ട സംഭവം അല്ലെന്നു തിരിച്ചറിയുന്നതിൽ പരാജയപ്പെടുന്നു, കുറെകൂടി ശരിയായി പറഞ്ഞാൽ അങ്ങിനെ തിരിച്ചറിയുന്നതിനെ നിരാകരിക്കുന്നു എന്നതാണ്. വൈറസുകൾ തുടരെ തുടരെ അവതരിക്കുന്നത് ഭക്ഷണ വ്യവസായത്തോട്, ബഹുരാഷ്ട്ര കുത്തകകളുടെ ലാഭേച്ഛയോട്, വളരെ വളരെ ബന്ധപ്പെട്ടു കിടക്കുന്നൊരു പ്രക്രിയ ആണ്. എന്തുകൊണ്ട് വൈറസുകൾ കൂടുതൽ അപകടകാരികളായി പരിണമിക്കുന്നു എന്നറിയാൻ താത്പര്യമുള്ളവർ നിർബന്ധമായും ഗവേഷണം ചെയ്യേണ്ടതു കാർഷിക വൃത്തിയുടെ, വ്യവസായ മാതൃകയെ പറ്റിയാണ്. അതിൽ തന്നെ വിശേഷിച്ചും പഠിക്കേണ്ടത് ഭക്ഷ്യമൃഗ ഉത്പ്പാദന മേഖലയാണ് (Livestock.) നമ്മുടെ കാലഘട്ടത്തിൽ വളരെ കുറച്ചു ഭരണകൂടങ്ങൾ, വളരെ കുറച്ചു ശാസ്ത്രജ്ഞർ മാത്രമാണങ്ങിനെ ചെയ്യുന്നത്; മറിച്ചു ചെയ്യുന്നവരാണ് ഭൂരിപക്ഷവും. ഓരോ പുതിയ outbreak വരുമ്പോഴും ഭരണകൂടങ്ങൾ, അഥവാ മാധ്യമങ്ങൾ, അഥവാ ആരോഗ്യ മേഖലയുടെ ഭൂരിഭാഗവും, പ്രത്യേകമായ എമർജൻസികളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. രോഗാണുക്കൾക്കിടയിൽ തീർത്തും നിസ്സാരരായ, പ്രാന്തവത്കൃതർ എന്ന് മാത്രം വിശേഷിപ്പിക്കാവുന്ന ചില്ലറക്കാരെ ലോക താരങ്ങളാക്കി മാറ്റുന്ന ഘടനാപരമായ കാരണങ്ങളെ തള്ളിക്കളയുന്നു

ആരാണപാരാധി?

ഞാൻ പറഞ്ഞല്ലോ വ്യവസായവത്കരിക്കപ്പെട്ട കൃഷിയാണ് അഥവാ കൃഷിയുടെ വ്യവ്യവസായവത്കരണമാണ് പ്രതിസ്ഥാനത്തെന്ന്. പക്ഷെ അതിനു കുറെക്കൂടി വിപുലമായ തലങ്ങളുണ്ട്. അവശേഷിക്കുന്ന സ്വാഭാവിക വനങ്ങളിലേക്ക്, ചെറുകിടക്കാരുടെ കൈവശമുള്ള കൃഷിഭൂമികളിലേക്ക്‌, ലോകമെങ്ങും മൂലധനത്തിന്റെ കടന്നാക്രമണം ഭൂമി പിടിച്ചെടുക്കൽ നടന്നുകൊണ്ടിരിക്കുകയാണ്. ഇത്തരത്തിലുള്ള മൂലധന നിക്ഷേപം സൃഷ്ട്ടിക്കുന്ന വനനശീകരണവും വികസനവും ആത്യന്തികമായും രോഗങ്ങളുടെ ആവിർഭാവത്തിനു കാരണമാകുന്നു.

മൂലധനം കൈവശപ്പെടുത്തുന്ന വിശാലമായ ഭൂവിഭാഗങ്ങൾ നിർവഹിച്ചുവരുന്ന വിവിധവും സങ്കീർണവുമായ ധർമ്മങ്ങൾ വികസനത്തിന്റെ ആവശ്യങ്ങൾക്കനുസരിച്ച് ചിട്ടപ്പെടുത്തപ്പെടുമ്പോൾ, അതുവരെയും പ്രാകൃതിക കാരണങ്ങൾ കൊണ്ട്, നേരത്തെ സൂചിപ്പിച്ച ധർമ്മ നിർവ്വഹണം കൊണ്ട്, അടിച്ചമർത്തപ്പെട്ടുകിടന്നിരുന്ന പകർച്ച രോഗാണുക്കൾ – pathogens – വീട്ടുമൃഗങ്ങളിലേക്കും/പക്ഷികളിലേക്കും മനുഷ്യ സമൂഹങ്ങളിലേക്കും കുതിച്ചു ചാട്ടം നടത്തുന്നു. ചുരുക്കത്തിൽ പറഞ്ഞാൽ, ലണ്ടൻ, ന്യുയോർക്ക്, ഹോങ്കോങ് തുടങ്ങിയ മൂലധനകേന്ദ്രങ്ങളെയാണ് നമ്മുടെ പ്രാഥമിക പകർച്ചവ്യാധി ഹോട്ട്സ്പോട്ട്കളായി കണക്കാക്കേണ്ടത്

ഏതു രോഗത്തിനാണിത് ബാധകമാക്കാവുന്നത്?

ഇപ്പോഴത്തെ അവസ്ഥയിൽ മൂലധനത്തിൽ നിന്നും വിട്ടു നിൽക്കുന്ന ഒരു പകർച്ച രോഗാണുവുമില്ല. ഏറെ അകന്നു കിടക്കുന്ന പ്രദേശങ്ങൾക്ക് പോലും ഈ വസ്തുത ബാധകമാണ്. എബോള, സിർക്കാ (Zirka,) പുതുതായി വന്നിട്ടുള്ള മഞ്ഞപ്പനി, കൊറോണ വൈറസുകൾ, ചിലയിനം പക്ഷിപ്പനികൾ, ആഫ്രിക്കൻ പന്നിപ്പനി, തുടങ്ങിയ പല പകർച്ച രോഗാണുക്കളും വളരെ വളരെ അകന്നു കിടക്കുന്ന ഉൾ നാടുകളിൽനിന്നും ആദ്യം നഗരവത്കൃത പ്രാന്തപ്രദേശങ്ങളിലേക്ക്, പിന്നെ പ്രാദേശിക നഗര തലസ്ഥാനങ്ങളിലേക്ക്, ഒടുവിൽ ആഗോളഗതാഗതത്തിലേക്കു തന്നെ ചാടിക്കയറുന്നു. കോംഗോയിലെ പഴം തീനി വവ്വാലിൽ നിന്നും മിയാമിയിൽ വെയിൽകായുന്നവരുടെ കൂട്ട മരണങ്ങളിലേക്കുള്ള അകലം ഏതാനും ആഴ്ചകൾ മാത്രം.

ഈ പ്രക്രിയയിൽ ബഹുരാഷ്ട്ര കുത്തകകളുടെ പങ്കെന്താണ്?

ഭൂവിനിയോഗം കണക്കിലെടുത്താലും ജൈവഭാരം (biomass) – കണക്കിലെടുത്താലും നമ്മുടെ ഗ്രഹമായ ഭൂമി (Planet Earth) ഇന്ന് സത്യത്തിൽ ഒരു വിശാല കൃഷിയിടമാണ് (Planet Farm.) അഗ്രി ബിസിനസ്സ് ഭക്ഷണത്തിന്റെ കമ്പോളം കയ്യടക്കാനുള്ള എല്ലാ ശ്രമങ്ങളും നടത്തിക്കൊണ്ടിരിക്കുകയാണ്. വികസിത വ്യവസായവത്കൃത രാഷ്ട്രങ്ങളിലെ കമ്പനികൾക്ക് ദുർബ്ബല രാഷ്ട്രങ്ങളുടെ ഭൂമിയും പ്രകൃതി വിഭവങ്ങളും കൊള്ളയടിക്കാനുള്ള എല്ലാ ഒത്താശയും ചെയ്തുകൊടുക്കുക എന്നതാണ് നിയോ ലിബറൽ പദ്ധതിയുടെ സുപ്രധാന ധർമ്മം. നീണ്ട കാലങ്ങളിലൂടെ പരിണമിച്ചു രൂപം കൊണ്ട സ്വാഭാവിക വനങ്ങൾ തടഞ്ഞു നിർത്തിയിരുന്ന പല പകർച്ച രോഗാണുക്കളും അഗ്രി ബിസിനസ്സ് നടപ്പിലാക്കുന്ന വന നശീകരണങ്ങളിലൂടെ, അങ്ങിനെ കെട്ടഴിച്ചു വിടപ്പെടുന്നു. ആഗോള മഹാമാരി ഭീഷണി രൂപം കൊള്ളുന്നു.

എന്തുകൊണ്ട്?

സ്വാഭാവിക രീതിയിൽ വളർത്തപ്പെടുന്ന വീട്ടുമൃഗംങ്ങൾ അവയുടെ ഇമ്മ്യൂണിറ്റി കൊണ്ട് വൈറസ് വ്യാപനത്തിനെതിരെ സൃഷിടിച്ചെടുത്തിട്ടുള്ള ഫയർബ്രേക്കുകൾ ഇല്ലാതാക്കുകയാണ് ഇപ്പോഴത്തെ വ്യവസായ വത്കൃത കൃഷിരീതികൾ ചെയ്യുന്നത്. ഇപ്പോൾ നാം അവലംബിക്കുന്ന genetic monoculture വഴി ഉത്പ്പാദിപ്പിക്കപ്പെടുന്ന വീട്ടുമൃഗങ്ങൾക്ക് ഇമ്മ്യൂണിറ്റി തീരെ ഇല്ല എന്നതുകൊണ്ടാണ് ഇത്തരം ഫയർബ്രേക്കുകൾ നമുക്ക് നഷ്ടപ്പെടുന്നത്. എണ്ണം പതിന്മടങ്ങു വർധിക്കുന്നതും പക്ഷിമൃഗ സാന്ദ്രത ക്രമാതീതമായി ഉയരുന്നതും ആത്യന്തികമായും വ്യാപന നിരക്കുകൾ കൂട്ടുന്നു.

ഒരു കൂട്ടിൽ ഒരു കോഴി എന്ന ക്രമത്തിൽ നിന്നും ഒരായിരം കോഴി എന്ന കണക്കിലേക്കു കാര്യങ്ങൾ നീങ്ങുകയാണ് ചെയ്യുന്നത്. ഇതുപോലത്തെ തിങ്ങി നിറച്ച അവസ്ഥകൾ ഇമ്മ്യൂണിറ്റിയെ ഇടിച്ചു താഴ്ത്തുന്നു. വീട്ടുമൃഗപക്ഷി വ്യവസായം അനിവാര്യമായും നല്ലൊരു ശതമാനം പ്രതിരോധ ശേഷി ഇല്ലാത്ത ജീവികളെകൂടി (Susceptibles) ഉത്പ്പാദിപ്പിക്കുന്നുണ്ട്. പുതുരോഗ സൃഷിക്കുള്ള ഇന്ധനങ്ങളാണ് ഇത്തരം ജീവികൾ. ചുരുക്കത്തിൽ പറഞ്ഞാൽ, ലാഭം മാത്രം ലാക്കാക്കുന്ന അഗ്രി ബിസിനസിനെ സംബന്ധിച്ചിടത്തോളം കോടാനുകോട്ടി ഡോളറിനുള്ള ലാഭം ഉണ്ടാക്കുമ്പോൾ എടുക്കേണ്ടുന്ന ഒരു റിസ്ക് മാത്രമാണ് നൂറു കോടി മനുഷ്യരെ വരെ കൊന്നൊടുക്കാവുന്ന ഒരു വൈറസ്. ഇത്തരം ഒരു വൈറസിനെ പേടിച്ചു ലക്ഷം കോടി ഡോളറുകൾ ലാഭമുണ്ടാക്കുന്ന ഒരു ബിസിനസ്സ് എന്തിനു വേണ്ടെന്നു വെക്കണം?

ഈ കമ്പനികൾക്ക് പകർച്ച വ്യാധി വ്യാപനത്തിലേക്കു നയിക്കുന്ന അവരുടെ ഭീകര പ്രവർത്തനങ്ങളുടെ ചെലവ് പുറത്തുള്ള ആരുടെയും അവരൊഴിച്ചുള്ള ആരുടെയും പേരിൽ കെട്ടി വെക്കാനും പറ്റും. ഭക്ഷ്യ മൃഗങ്ങളിൽ/പക്ഷികളിൽ, കാർഷിക ഫാമുകളിലെ തൊഴിലാളികളിൽ, എവിടെയുമുള്ള ഭരണകൂടങ്ങളിൽ, പലതരത്തിലുള്ള ആവാസവ്യവസ്ഥകളിൽ ഇങ്ങിനെ അഗ്രി ബിസിനസ് അവരുടെ പാപത്തിന്റെ ശമ്പളം മറ്റുള്ളവർക്കായി പകുത്തു നൽകുന്നു. ഇവരുണ്ടാക്കുന്ന, ഇവർ മറ്റുള്ളവരിൽ അടിച്ചേൽപ്പിക്കുന്ന, ഇത്തരം അതി ഭീമമായ നഷ്ടങ്ങൾ അവരുടെ തന്നെ ബാലൻസ് ഷീറ്റുകളിലേക്കു തിരിച്ചെടുപ്പിച്ചാൽ, നാമിന്നറിയുന്ന അഗ്രിബിസിനസ്സ് എന്നെന്നേക്കുമായി ഒടുങ്ങിപ്പോകും, തീർച്ച. ഒരു കമ്പനിക്കും ഇവർ ഉണ്ടാക്കി (മറ്റുള്ളവരിൽ അടിച്ചേൽപ്പിക്കുന്ന) തരം നാശ നഷ്ടങ്ങളുടെ ചെലവ് താങ്ങാനാവില്ല

പല മാധ്യമങ്ങളും അവകാശപ്പെടുന്നതു വുഹാനിലെ ഒരു വന്യ ജീവി മാംസ മാർക്കറ്റിൽ നിന്നാണ് കൊറോണ വൈറസിന്റെ തുടക്കം എന്നാണല്ലോ. ഇതെത്രമാത്രം ശരിയാണ്?

ഒരേ സമയം ശരിയുമാണ്, തെറ്റുമാണ്. സ്ഥലപരമായി ഇതിനെ ശരിവെക്കുന്ന തെളിവുകളുണ്ട്. കോൺടാക്ട് ട്രെസിങ് കാണിക്കുന്നത് വന്യ ജീവികളെ വിൽക്കുന്ന വുഹാനിലെ ഹുനാൻ ഹോൾ സെയിൽ സീ ഫുഡ് മാർക്കറ്റ് എന്ന ചന്തയിലാണ് രോഗത്തിന്റെ തുടക്കം എന്നാണ്. വന്യ ജീവികളെ സൂക്ഷിച്ചിരുന്ന ചന്തയുടെ പടിഞ്ഞാറേ മൂലയിലാണെന്നു പാരിസ്ഥിക സാമ്പിളുകളും ചൂണ്ടിക്കാട്ടുന്നു. പക്ഷെ ഇവിടെ പ്രസക്തമായ ചോദ്യം നാമെത്ര പുറകോട്ടു പോകണം, എത്ര ദൂരങ്ങൾ താണ്ടണം എന്നതാണ്. എപ്പോഴാണ് യഥാർഥത്തിൽ അടിയന്തിര ഘട്ടം തുടങ്ങിയത്? സീഫുഡ് മാർക്കറ്റിന്റെ പേരിൽ കേന്ദ്രീകരിക്കുന്ന അന്വേഷണങ്ങൾ ഒരു പ്രധാന വസ്തുത വിസ്മരിക്കുന്നു. ഉൾ നാടുകളിലെ വന്യജീവികളുടെ കാർഷികോൽപ്പാദനവും ഇതേ കാര്ഷികോത്പദനം കൂടുതൽ കൂടുതൽ മൂലധന കേന്ദ്രീകൃതമാകുന്നതും പരിഗണനയ്ക്കു വരുന്നതേയില്ല.

ചൈനയിൽ, ആഗോള തലത്തിലും, വനജീവിമാംസോൽപ്പാദനം സമ്പദ്ഘടനയുടെ നിയമാനുസൃത ഭാഗമായി അംഗീകരിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. വന്യജീവി കൃഷിയ്ക്ക് വ്യവസായവത്കരിക്കപ്പെട്ട കാർഷിക ഘടനയുമായുള്ള അടുപ്പം രണ്ടു മേഖലകളും ഒരേ മൂലധനത്തിന്റെ കീഴിലാണെന്നത് മാത്രമല്ല. വ്യവസായവത്കരിക്കപ്പെട്ട കോഴിതാറാവ്പന്നി ഉത്പ്പാദനം അതി ഭീമമായി വളർന്നു സ്വാഭാവിക വനങ്ങളെ കൂടുതൽ കൂടുതൽ കവർന്നെടുക്കുന്ന സാഹചര്യം വന്യ ജീവി കർഷകരെ പ്രതിസന്ധിയിലാക്കുന്നു. അവർ അനിവാര്യമായും ഉൾവനങ്ങളിൽ നിന്നും പുതിയ വിതരണ സ്രോതസ്സുകൾ കണ്ടെത്താൻ തുടങ്ങുകയും ഈ പ്രക്രിയക്കിടയിൽ കോവിഡ് പത്തൊൻപതടക്കമുള്ള പുതിയ വൈറസുകളെയും മറ്റു പകർച്ച രോഗാണുക്കളെയും കണ്ടുമുട്ടുകയും ഏറ്റുവാങ്ങുകയും ചെയ്യും

ചൈനയിൽ രൂപകൊണ്ടതിൽ ഗവർമെന്റ് ഒളിപ്പിക്കാൻ ശ്രമിച്ച ആദ്യ വൈറസ്സല്ലല്ലോ കോവിഡ് പത്തൊൻപത്?

ശരിയാണ്. പക്ഷെ ഇത് ചൈനക്ക് മാത്രമായി പതിച്ചു നൽകേണ്ട ഒരു ഭരണകൂട വിശേഷമല്ല. അമേരിക്കൻ ഐക്യനാടുകളും യൂറോപ്പും H5N2, H5Nx പോലെ പല പകർച്ച രോഗാണുക്കൾക്കും ജന്മം നൽകിയിട്ടുണ്ട്. അമേരിക്കയുടെയും യൂറോപ്പിന്റെയും ബഹുരാഷ്ട്ര കുത്തകകളും അവരുടെ നിയോ കൊളോണിയൽ ദല്ലാൾ ഭരണകൂടങ്ങളും തന്നെയാണ് പശ്ചിമാഫ്രിക്കക്ക് എബോളയെ (Ebola) സമ്മാനിച്ചത്, ബ്രസീലിൽ സിക്കയെ (Zika) കുടിയിരുത്തിയത്. H 1 N 1 (2009,) H 5 N 2 തുടങ്ങിയ വൈറസ്സുകൾ സ്വന്തം പൗരന്മാരെ കൊന്നൊടുക്കിയപ്പോൾ അമേരിക്കൻ ഐക്യനാടുകളിലെ പൊതുജനാരോഗ്യ വകുപ്പിലെ ഉന്നതന്മാർ അഗ്രി ബിസിനസിന് വേണ്ടി കവർ അപ്പ് എന്ന ദൗത്യമാണ് ഏറ്റെടുത്തത്

ലോകാരോഗ്യ സംഘടന ഇപ്പോൾ അന്താരാഷ്ട്ര ആരോഗ്യ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണല്ലോ. ഇത് ശരിയായൊരു നടപടി ആണെന്ന് തോന്നുന്നുണ്ടോ?

തീർച്ചയായും. പൊതുജനാരോഗ്യം കൈകാര്യം ചെയ്യന്ന ഉദ്യോഗസ്ഥർക്കു ഇതുയർത്തുന്ന റിസ്കിന് മീതെ, റിസ്ക് എങ്ങിനെ വിവിധ സാമൂഹിക വിഭാഗങ്ങളെ ബാധിക്കുന്നുവെന്നതിനു മീതെ യാതൊരു നിയന്ത്രണവും കൊണ്ട് വരാൻ സാധിക്കുന്നില്ല എന്നതാണ് ഇത്തരം ഒരു പകർച്ച രോഗാണുവുന്റെ – pathogen – പ്രാഥമിക ഭീഷണി. എങ്ങിനെ ഈ pathogen പ്രതികരിക്കും എന്ന് നമുക്കൊരൈഡിയയുമില്ല, (നമുക്കൊട്ടും തന്നെ അറിയത്തില്ല.) ഒരു മാംസ ചന്തയിൽ പെട്ടെന്ന് പൊട്ടിപ്പുറപ്പെട്ട വ്യാധി ആഴ്ചകൾക്കുള്ളിൽ ലോകമാകെ പടർന്നു എന്നതാണ് നാം നേരിടുന്ന ഭീഷണ യാഥാർഥ്യം (ഭയാനക സത്യം.) ഈ വൈറസ് ഒരു പക്ഷെ എരിഞ്ഞു തീർന്നു പോകാം (Burn Out.) അങ്ങിനെ സംഭവിച്ചാൽ മഹാ ഭാഗ്യം. പക്ഷെ നമുക്കൊന്നും ഉറപ്പിക്കാൻ പറ്റില്ല.

കൂടുതൽ തയ്യാറെടുക്കുമ്പോൾ, രോഗാണുവിന്റെ escape velocityയെ ഇടിച്ചു താഴ്ത്താൻ നമുക്കാകുന്നു. W. H. O. യുടെ പ്രഖ്യാപനം ഞാൻ മഹാമാരിയുടെ തിയേറ്റർ – pandemic theatre – എന്ന് വിളിക്കുന്ന അവസ്ഥയുടെ ഭാഗമാണ്. അന്തർദ്ദേശീയ സംഘടനകൾ പലതും ഒന്നും ചെയ്യാതിരിക്കുകയും തകർന്നു പോകുകയും ചെയ്തിട്ടുണ്ട്. സ്വന്തം ജഡതയുടെ ഇരകളായിരുന്നവർ. ലീഗ് ഓഫ് നേഷൻസ് തന്നെ ആദ്യ ഉദാഹരണം. ഐക്യ രാഷ്ട്ര സഭയും അതിന്റെ അനുബദ്ധ സംഘടനകളും എപ്പോഴും സ്വന്തം പ്രസക്തി സ്ഥാപിച്ചെടുക്കുന്നതിനെപ്പറ്റി, പ്രവർത്തനങ്ങൾക്ക് അവശ്യ ഫണ്ടിങ് സ്വരൂപിക്കുന്നതിനെപ്പറ്റി, സ്വന്തം അധികാരങ്ങൾ നിലനിർത്തുന്നതിനെപ്പറ്റി വ്യാകുലരാണ്. പക്ഷെ ഇത്തരം ആക്ടിവിസം കോവിഡ് പത്തൊമ്പതിന്റെ തുടർവ്യാപനങ്ങൾക്കെതിരെ അവശ്യ തയ്യറെടുപ്പുകൾ നടത്താനും പ്രതിരോധമുയർത്താനും മനുഷ്യരാശിയെ സജ്ജമാക്കുകയും ചെയ്യുന്നുണ്ട്.

ആരോഗ്യരംഗത്ത് അടിച്ചേൽപ്പിച്ചിട്ടുള്ള നിയോ ലിബറൽ പുനർഘടനകൾ ഗവേഷണത്തത്തെയും ആശുപത്രികളടക്കമുള്ള ആരോഗ്യ പരിപാലനത്തെയും ഏറെ പുറകോട്ടടിപ്പിച്ചിട്ടുണ്ടല്ലോ. ആവശ്യത്തിന് ഫണ്ടിങ്ങുള്ള ആരോഗ്യ രംഗം കോവിഡ് പത്തൊമ്പതിനെതിരെയുള്ള പടയൊരുക്കത്തെ കൂടുതൽ ഫലപ്രദമാക്കില്ലേ? 

മിയാമി ഔഷധോപകരണ കമ്പനിയിലെ ജീവനക്കാരന്റെ പേടിപ്പിക്കുന്ന, ഒപ്പം പലതും വെളിപ്പെടുത്തുന്ന കഥയാണോർമ്മവരുന്നത്. അയാൾ ചൈനയിൽ നിന്നും മടങ്ങിയപ്പോൾ, ഫ്ലൂവിന്റെ ലക്ഷണങ്ങൾ കാണിച്ചതുകൊണ്ട്, കുടുംബത്തെ കരുതി, സമൂഹത്തെ കരുതി, സ്ഥലത്തെ ആശുപത്രിയിൽ കോവിഡ് ടെസ്റ്റ് നടത്തണമെന്ന് നിർബന്ധം പിടിച്ചു. തുച്ഛമായ ഒബാമ കെയർ കൊണ്ട് കോവിഡ് ടെസ്റ്റ് കവർ ചെയ്യാൻ പറ്റുമോ എന്നതായിരുന്നു അയാൾ പ്രധാനമായും പേടിച്ചത്. അയാൾ പേടിച്ചത് തന്നെ നടന്നു. 3270 ഡോളറിനുള്ള ബില്ലാണ് അയാൾക്ക്‌ കിട്ടിയത്

മഹാമാരികൾ പൊട്ടിപ്പുറപ്പെടുമ്പോൾ രോഗത്തിന്റെ ടെസ്റ്റിംഗും പോസിറ്റീവ് ആകുന്നവരുടെ ചികിത്സയും ഫെഡറൽ ഗവർമെന്റ്തന്നെ (സംസ്ഥാനങ്ങളല്ല,) സൗജന്യമായി ചെയ്തു കൊടുക്കും എന്നതിനുള്ള അടിയന്തിര നിയമ നിർമ്മാണത്തിനായുള്ള ഡിമാന്റാണ് അമേരിക്കയിൽ ഇപ്പോൾ ഉയർന്നു വരേണ്ടത്. സഹായം തേടുവാൻ ജനങ്ങളെ സജ്ജരാക്കുകയാണ് വേണ്ടത്. ചികിത്സക്കു പണമില്ലാത്തതു കൊണ്ട് രോഗം മൂടിവെച്ച് മറ്റുള്ളവരെ കൂടി രോഗികളാക്കുന്നതാണ് ഒഴിവാക്കേണ്ടുന്ന കാര്യം. ആവശ്യത്തിന് ജീവനക്കാരുള്ള, ഇതുപോലുള്ള സാമൂഹിക അടിയന്തിരാവസ്ഥകൾ നേരിടാൻ എല്ലാ വിധത്തിലും സജ്ജമായ, ഒരു ദേശീയ ആരോഗ്യ സേവനവകുപ്പ് (National Health Service) ഉണ്ടാകുക എന്നതാണ് വളരെ സുവിദിതമായ പരിഹാര മാർഗ്ഗം. അങ്ങനൊരു സാഹചര്യത്തിൽ സാമൂഹിക സഹകരണത്തെ നിരുത്സാഹപ്പെടുത്തുക എന്ന പരിഹാസ്യമായ പരിഹാര വഴികളിലേക്ക് ആരും പോകില്ല.

വൈറസിനെ കണ്ടെത്തുന്ന ഉടനെ ലോകത്തെങ്ങുമുള്ള ഭരണകൂടങ്ങൾ ഏകാധിപത്യപരമായ, അടിച്ചമർത്തൽ സ്വഭാവമുള്ള നടപടികളിലേക്കാണ് എടുത്തുചാടുന്നത്. നഗരങ്ങളും പ്രവിശ്യകളും മൊത്തമായും നിർബന്ധിത ക്വാറന്റീനിന് കീഴിലാക്കുന്നു. ഇത്തരം കടുത്ത നടപടികൾ ന്യായീകരിക്കാൻ പറ്റുമോ?

ഒരു രോഗ വ്യാപനത്തിന് ശേഷം അതെ രോഗ വ്യാപനത്തെ സ്വേച്ഛാധിപത്യ നിയന്ത്രണങ്ങളുടെ പരീക്ഷണശാലയാക്കുമ്പോൾ നാം തിരിച്ചറിയേണ്ടത് ദുരന്തകാല മുതലാളിത്തം – Disaster Capitalism – പാളം തെറ്റി പായുകയാണെന്നാണ് . പൊതുജനാരോഗ്യത്തിന്റ യുക്തികൾ എന്നെ കരുണയുടെയും പരസ്പര വിശ്വാസത്തിന്റെയും സാധ്യതകളിലേക്കാണ് കൊണ്ട് പോകുന്നത്. ഇപ്പറഞ്ഞത് രണ്ടും രണ്ടു സുപ്രധാന Epidemiological Variables ആണെന്നതും മറക്കാതിരിക്കുക. ഇത് രണ്ടും ഇല്ലെങ്കിൽ ഒരു അധികാരകേന്ദ്രത്തിനും ജനപിന്തുണ ഉറപ്പിക്കാൻ പറ്റില്ല. ഇത്തരം രോഗഭീഷണികളെ ഒറ്റക്കെട്ടായി അതിജീവിക്കാൻ നമുക്കേറെ ആവശ്യം എല്ലാ വിധത്തിലുമുള്ള സഹകരണമാണ് ഐക്യബോധവും പരസ്പര ബഹുമാനവുമാണ് സഹകരണത്തെ ഉരുത്തിരിച്ചെടുക്കുന്നത്. നാമെല്ലാവരും ഈ പ്രതിസന്ധിയിൽ ഒന്നിച്ചാണെന്നുള്ള ബോധം ഉണ്ടാക്കേണ്ടത് വീട് വീടാന്തരം കയറിയിറങ്ങുന്ന ഭക്ഷ്യവിതരണ വണ്ടികളാണ്, കൃത്യമായി കിട്ടുന്ന തൊഴിലില്ലയ്മ വേതനമാണ്, സ്വയം പാലിക്കുന്ന സമ്പർക്ക വിലക്കുകളാണ്, കരുതലുകളും ആവശ്യങ്ങളും ഒരുപോലെ ഉറപ്പു വരുത്തുന്ന അയൽക്കൂട്ടങ്ങളാണ്.

ജർമ്മനിയിൽ AfD പോലുള്ള നിയോ-നാസി തീവ്രവലതുപക്ഷ പാർട്ടികൾ കൊറോണ പ്രതിസന്ധിയുടെ മറവിൽ അവരുടെ അജണ്ടകൾ നടപ്പിലാക്കുന്നു. അവർ വൈറസിന്റെ പേരിൽ വ്യാജവാർത്തകൾ പടച്ചുവിട്ടുകൊണ്ട് കൂടുതൽ കൂടുതൽ സ്വേച്ഛാധിപത്യ നടപടികൾ ഗവര്മെന്റിനോടാവശ്യപ്പെടുന്നു. വിമാന സർവ്വീസുകൾ വെട്ടിക്കുറക്കാനും, നിർബന്ധിത ക്വാറന്റിനുകൾ നടപ്പിലാക്കാനും അന്യരാജ്യത്തുനിന്നെത്തുന്ന തൊഴിലന്വേഷകർക്ക് പ്രവേശനവഴികൾ പരിമിതപ്പെടുത്താനും അതിർത്തികൾ അടച്ചുപൂട്ടാനും എല്ലാം അവർ ആക്രോശിച്ചുകൊണ്ടിരിക്കുകയാണ്. 

ലോകമെങ്ങും പടർന്നു കഴിഞ്ഞ മഹാമാരികളെ സ്വന്തം തീവ്രവാദരാഷ്ട്രീയത്തിന്റെ ആയുധമാക്കാൻ ആഗോള തീവ്രവലതുപക്ഷം കണ്ടെത്തിയ മാർഗ്ഗങ്ങളാണ് അതിർത്തി അടച്ചുപൂട്ടലും യാത്ര നിരോധനവും. തീർച്ചയായും ഇത് ശുദ്ധ ഭോഷ്ക് മാത്രമാണ്. എല്ലായിടത്തും രോഗം എത്തിക്കഴിഞ്ഞ ഇപ്പോഴത്തെ അവസ്ഥയിൽ നാം ചെയ്യേണ്ടത് പൊതുജനാരോഗ്യ സംവിധാനം ശക്തിപ്പെടുത്തുക എന്നതാണ്. ആരു രോഗലക്ഷണവുമായി വന്നാലും അവരെ ചികിത്സിക്കാനും സുഖപ്പെടുത്താനും നമ്മുടെ സംവിധാനങ്ങൾക്ക് കഴിയുമ്പോൾ തീവ്ര വലതുപക്ഷത്തിന്റെ ഡിമാന്റുകൾക്കു പ്രസക്തിയില്ലാതാകുന്നു. ആഗോള ഭീഷണി ഉയർത്തുന്ന മാരക പകർച്ച രോഗാണുക്കളെ നമുക്കിടയിലേക്ക് ആവാഹിക്കാതിരിക്കാൻ പ്രാഥമികമായും വേണ്ടത് അന്യവിദൂരദേശങ്ങളിലെ ജനങ്ങളുടെ ഭൂമി നമ്മുടെ കോർപ്പറേറ്റുകൾ കവർന്നെടുക്കാതിരിക്കുക എന്നതാണ്. അവിടങ്ങളിൽ ജനലക്ഷങ്ങളെ ഭൂരഹിതരാക്കിക്കൊണ്ടു വമ്പൻ ഒഴിച്ചുപോക്കുകൾക്കു ഇതേ കോർപ്പറേറ്റുകൾ കളമൊരുക്കാതിരിക്കുക എന്നതാണ്

സുസ്ഥിരതയിലേക്കു നയിക്കുന്ന മാറ്റങ്ങൾ ഏതു രീതിയിലായിരിക്കണം?

പുതിയ വൈറസുകൾ പൊട്ടിപ്പുറപ്പെടാതിരിക്കാൻ ഭക്ഷ്യോൽപ്പാദനം അടിമുടി മാറേണ്ടിയിരിക്കുന്നു. പാരിസ്ഥിതിക സന്തുലനം നടപ്പിലാക്കാനും മഹാമാരി ഭീഷണികൾ ഒഴിവാക്കാനും അവശ്യം വേണ്ടത് കർഷകരുടെ സ്വയം പര്യാപ്തതയും ബലവത്തായ പൊതുമേഖലയുമാണ്. കൃഷിയിടങ്ങളിലും പ്രാദേശിക തലങ്ങളിലും വൈവിധ്യം ഉറപ്പാക്കിക്കൊണ്ട് പലതരം വിളകളും വിത്തുകളുമിറക്കുക, ഒപ്പം വനവത്കരണം ആകാവുന്ന രീതിയിലെല്ലാം നടപ്പിലാക്കുക, ഭക്ഷ്യ മൃഗങ്ങളെ/പക്ഷികളെ ഇണയെടുത്ത് പ്രത്യുൽപ്പാദനം നടത്താൻ അനുവദിക്കുക, അങ്ങിനെ കാലാകാലങ്ങളായി പ്രകൃതി പരീക്ഷിച്ചുറപ്പുവരുത്തിയ ഇമ്മ്യൂണിറ്റി തലമുറ തലമുറയായി കൈമാറ്റം ചെയ്യാനുള്ള സാഹചര്യമൊരുക്കുക.

ആവശ്യത്തിന് മാത്രം ഉൽപ്പാദിപ്പിക്കുക, അങ്ങിനെ ഉൽപ്പാദിപ്പിച്ചതിനെ ആവശ്യമനുസരിച്ചു മാത്രം വിതരണം ചെയ്യുക. പാരിസ്ഥിതിക സന്തുലനത്തിനു വിഘാത മുണ്ടാക്കാത്ത കാർഷികോൽപ്പാദനത്തിനു സബ്‌സിഡികൾ അനുവദിക്കുക. ഇത്തരത്തിലുള്ള പരീക്ഷണങ്ങളെ സംരക്ഷിക്കുക എന്നൊരു ദൗത്യംകൂടി നമുക്കുണ്ട്. രണ്ടു ദിശകളിൽ നിന്നാണ് ഇതുപോലുള്ള പ്രവർത്തനങ്ങൾക്ക് നേരെ കടന്നാക്രമണമുണ്ടാകുക. ഒന്ന്: നിയോലിബറൽ സാമ്പത്തിക ക്രമം വ്യക്തികൾക്ക് മീതെ, ജനതകൾക്ക് മീതെ അടിച്ചേൽപ്പിക്കുന്ന സമ്മർദ്ദങ്ങളിൽ നിന്ന്. രണ്ടു: മൂലധനം നയിക്കുന്ന ഭരണകൂട അടിച്ചമർത്തലുകൾ വഴി.

രോഗ വ്യാപനങ്ങൾ വർധിച്ചുകൊണ്ടിരിക്കുന്ന വർത്തമാനകാല സാഹചര്യത്തിൽ സോഷ്യലിസ്റ്റുകൾ എന്താണാവശ്യപ്പെടേണ്ടത്‌?

അഗ്രിബിസിനസ്സ് എന്ന കൃഷിയെ മൂലധനനിയന്ത്രണത്തിലുള്ള വ്യവസായമാക്കുന്ന സാമൂഹിക ഉത്പ്പാദന രീതി എന്നെന്നേക്കുമായി കുഴിച്ചു മൂടേണ്ടിയിരിക്കുന്നു. പൊതുജനാരോഗ്യത്തിന്റെ ഗ്യാരണ്ടി അത് മാത്രമാണ്. മൂലധനം നിർണ്ണയിക്കുന്ന ഭക്ഷ്യോൽപ്പാദനം മനുഷ്യരാശിയെ അപകടപ്പെടുത്തുന്ന സംവിധാനങ്ങളിന്മേലാണ് പടുത്തുയർത്തപ്പെട്ടിട്ടുള്ളത്. ഇപ്പോഴത് മാരക മഹാമാരികൾക്കു തിരികൊളുത്തുന്നു. ഇതുപോലുള്ള വിനാശകാരികളായ പകർച്ച രോഗാണുക്കളുടെ -pathogens – ഉൽപ്പാദനം തടയുന്ന രീതിയിൽ ഭക്ഷ്യോൽപ്പാദനത്തിന്റെ സാമൂഹികവൽക്കരണമാണ് നാമാദ്യം ആവശ്യപ്പെടേണ്ടത്‌.

അതിനാവശ്യം ഗ്രാമീണ കർഷക സമൂഹങ്ങളുടെ ആവശ്യങ്ങളുമായി ഭക്ഷ്യോൽപ്പാദനത്തെ കൂട്ടിയിണക്കി പുനർവിന്യാസം ചെയ്യുക എന്നതാണ്. കർഷകർ നമ്മുടെ ഭക്ഷണം ഉൽപ്പാദിപ്പിക്കുമ്പോൾ അവരും പരിസ്ഥിതിയും ഒരേ പോലെ സംരക്ഷിക്കപ്പെടുന്ന, പരിസ്ഥിതിയോട് ഇണങ്ങിച്ചേരുന്ന, കൃഷിരീതികൾ നടപ്പിലാക്കുക എന്നതാണ്. നമ്മുടെ പരിസ്ഥിതിയും നമ്മുടെ ധനസ്ഥിതിയും (Ecologies and Economies) തമ്മിൽ വിഭജിക്കുന്ന ചയാപചയത്തിന്റെ മുറിവുകൾ (Metabolic Rifts) ഉണക്കുക എന്ന വലിയ ദൗത്യം! ചുരുക്കത്തിൽ പറഞ്ഞാൽ, നമുക്ക് നേടാൻ ഒരു ഗ്രഹം തന്നെയുണ്ട് (WE have a planet to win.) 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Interview with Rob Wallace – Covid pandemic and economics

We use cookies to give you the best possible experience. Learn more