Interview- കോടതികള്‍ പൊതുബോധങ്ങളില്‍ നിന്ന് സ്വതന്ത്രമാകുന്നത് ശുഭ സൂചനയാണ്
Interview
Interview- കോടതികള്‍ പൊതുബോധങ്ങളില്‍ നിന്ന് സ്വതന്ത്രമാകുന്നത് ശുഭ സൂചനയാണ്
സഫ്‌വാന്‍ കാളികാവ്
Thursday, 8th June 2023, 7:26 pm

രഞ്ജിത്ത് മാരാര്‍

2023 ജൂണ്‍ അഞ്ചിന് കേരള ഹൈക്കോടതി ജസ്റ്റിസ് കൗസര്‍ എടപ്പഗത്തിന്റെ സിംഗിള്‍ ബെഞ്ച് പുറപ്പെടുവിച്ച ഒരു വിധി വലിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കുകയാണ്. സ്ത്രീയുടെ നഗ്‌നത കേവലം ലൈംഗികതക്കപ്പുറം മനസ്സിലാക്കണമെന്നാണ് കോടതി പറയുന്നത്. ആക്ടിവിസ്റ്റായ രഹ്ന ഫാത്തിമ തന്റെ മാറിടങ്ങള്‍ പ്രദര്‍ശിപ്പിച്ച് മക്കള്‍ക്ക് ചിത്രം വരക്കാന്‍ ക്യാന്‍വാസൊരുക്കിയ കേസിലായിരുന്നു കോടതിയുടെ നിരീക്ഷണം.

പൊതുബോധ സങ്കല്‍പ്പങ്ങള്‍ക്കൊപ്പം നില്‍ക്കാതെ കോടതിയെടുത്ത നിലപാട് സമൂഹത്തില്‍ ഒരുപാട് മറ്റങ്ങള്‍ വരുത്തുമെന്ന് പറയുകയാണ് കേസില്‍ രഹ്ന ഫാത്തിമയുടെ അഡ്വക്കറ്റായിരുന്ന രഞ്ജിത്ത് മാരാര്‍.

രഹ്ന ഫാത്തിമയുടെ കേസില്‍ ഭൂരിപക്ഷ പൊതുബോധത്തിന് അത്ര രസിക്കാത്ത നിരീക്ഷണമാണ് ഹൈക്കോടതിയുടെ ഭാഗത്തുനിന്ന് ഉണ്ടായത്. വിധിയെക്കുറിച്ചും, ഇന്ത്യന്‍ സാഹചര്യത്തില്‍ വിധിയുടെ പ്രസക്തിയെക്കുറിച്ചും?

കലയുടെയും പ്രതിഷേധത്തിന്റെയും ഭാഗമായി ഉപയോഗിക്കാവുന്ന ആയുധം കൂടിയാണ് ശരീരമെന്നാണ് രഹ്ന ഉയര്‍ത്താന്‍ ശ്രമിച്ച വിഷയം. ഒരു കുട്ടി അമ്മയുടെ ദേഹത്ത് പെയ്ന്റ് ചെയ്തു എന്നത് മാത്രം കാണാതെ അവരെന്ത് സന്ദേശമാണ് അതിലൂടെ നല്‍കാന്‍ ശ്രമിച്ചതെന്നതാണ് ഈ കേസില്‍ കോടതി കണ്ടെത്തിയത്.

രഹ്ന ഫാത്തിമ

പുരുഷന്റെയും സ്ത്രീയുടെ ശരീരം രണ്ട് രീതിയില്‍ കാണേണ്ട കാര്യമില്ലെന്നാണ് ഒരു രക്ഷിതാവെന്ന നിലയില്‍ രഹ്ന കുട്ടികളെ പഠിപ്പിപ്പിച്ചത്. ഇതാണ് അവര്‍ സമൂഹത്തോട് പറയാനും ശ്രമിച്ചത്. നഗ്‌ന ശരീരം ലൈംഗികതയുടെ ഭാഗമായി മാത്രം കണക്കാക്കാന്‍ പറ്റില്ല എന്ന് പറഞ്ഞുവെക്കുകയാണ് കോടതിയും.

കേസിനാധാരമായ ഈ ഒരു വീഡിയോ മാത്രമായി ഈ വിഷയത്തെ ജഡ്ജ് ചെയ്യാന്‍ കഴിയില്ല. കാരണം കുട്ടികള്‍ക്ക് ഈ കേസില്‍ ഒരു ബദ്ധിമുട്ടും ഉണ്ടായിട്ടില്ല. ലൈംഗികതക്ക് വേണ്ടി ഉപയോഗിച്ചു എന്ന പരാതി ഈ കേസില്‍ കുട്ടികള്‍ക്കില്ല.

ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്റെ ഭാഗമായിട്ടാണ് ഈ ഒരു പെയ്ന്റങ്ങിനെ രഹ്ന അവതരിപ്പിച്ചത്. അതുകൊണ്ടുതന്നെയാണ് ഇതൊരു ഒഫന്‍സായി കാണാനാകില്ലെന്ന് കോടതി വിധിയില്‍ പറഞ്ഞത്.

ശരീരം സെക്സിന് വേണ്ടി മാത്രമാണെന്ന ഒരു പൊതുബോധം ഇവിടെയുണ്ട്. എന്നാല്‍ അത് ആര്‍ട്ടിന് വേണ്ടി ഉപയോഗിക്കുന്ന ടൂള്‍ കൂടിയാണ് എന്നത് കാണാന്‍ നമ്മള്‍ തയ്യാറാകുന്നില്ല. ആ ബോധത്തില്‍ നിന്നാണ് ശരീരം കാണുന്ന ഉത്തേജനമായിട്ട് ലൈംഗിക അതിക്രമങ്ങളെ ന്യായീകരിക്കുന്നത്. ഇത്തരത്തിലുള്ള
പൊതുബോധം കേരളത്തില്‍ കുറച്ച് കൂടുതലാണ്.

ബെംഗളൂരുവിലോ നോര്‍ത്തിലെ വലിയ നഗരങ്ങളിലോ യാത്ര ചെയ്യുമ്പോള്‍ സ്ത്രീകള്‍ അവര്‍ക്ക് കംഫര്‍ട്ടബിളായ വസ്ത്രം ധരിക്കുന്നത് നമുക്ക് കാണാം. ആരും അത് പ്രശ്നവല്‍ക്കരിക്കാറില്ല. എന്നാല്‍ കേരളത്തില്‍ അങ്ങനെയല്ല. അത്തരത്തിലുള്ള നമ്മുടെ കാഴ്ചപ്പാടുകളില്‍ മാറ്റം വരാന്‍ ഇപ്പോഴുള്ള ഈ വിധിക്ക് സാധിക്കും. അതുതന്നെയാണ് രഹ്ന ഇതിലൂടെ ഉദ്ദേശിച്ചതെന്നുമായിരുന്നു ഞങ്ങളുടെ വാദം. അത് ജഡ്ജ് കൗസര്‍ എടപ്പകത്ത് അംഗീകരിച്ചു.

മുന്‍കൂര്‍ ജാമ്യാപേക്ഷയിലും ഇതേ വാദം തന്നെയാണ് ഉയര്‍ത്തിയിരുന്നത്. അന്ന് മറ്റൊരു ജഡ്ജായിരുന്നു കേസ് കേട്ടത്. എന്നാല്‍ അദ്ദേഹം ഈ വാദങ്ങള്‍ അംഗീകരിച്ചില്ല. എന്നാല്‍ അന്വേഷണം കഴിഞ്ഞ ശേഷം ഇവിടെ ലൈംഗികതയുടെ എലമെന്റ് ഇല്ലെന്നത് കോടതിക്ക് ബോധ്യപ്പെട്ടു.

ഈ കേസില്‍ പല വിദേശ രാജ്യങ്ങളിലെ കോടതി ജഡ്ജ്‌മെന്റുകളും സമാന വിഷയങ്ങളില്‍ കോടതികളുടെ കാഴ്ചപ്പാടുകളും ചര്‍ച്ചയായിട്ടുണ്ട്.

കേസിലുണ്ടായ ഒരു കാര്യം ഉദാഹരണ സഹിതം പറഞ്ഞാല്‍. ഞന്‍ ഒരു പുരുഷനായി ജനിച്ചതുകൊണ്ട് എനിക്ക് ഷര്‍ട്ട് ഇല്ലാതെ എന്റെ വീട്ടിനകത്ത് നില്‍ക്കാം. എന്തുകൊണ്ട് ഒരു സ്ത്രീക്ക് ഇത് പറ്റുന്നില്ലെന്ന് കുട്ടികള്‍ക്ക് മനസിലാക്കിക്കൊടുക്കാന്‍ ഈ വിഷയം സഹായിച്ചു.

നമ്മള്‍ വളര്‍ന്ന സാഹചര്യത്തില്‍ ഒരു പുരുഷന്‍ സ്ത്രീയുമായി സംസാരിക്കുമ്പോള്‍ തന്നെ സ്വാഭാവികമായി വരുന്ന ഒരു നാണമുണ്ട്. അവിടെ എന്തെങ്കിലും തെറ്റായി പെരുമാറുന്നത് കൊണ്ടല്ല അങ്ങനെ ഉണ്ടാകുന്നത്. എന്നാല്‍ വളര്‍ന്നുവരുന്ന കുട്ടികള്‍ അങ്ങനെ നാണിക്കേണ്ടതില്ലെന്ന് പഠിപ്പിക്കാനുള്ള ഒരു സാഹചര്യമുണ്ടാക്കുകയാണ് വേണ്ടത്.

ശരീരപ്രകൃതി വ്യത്യസ്തമായതുകൊണ്ടോ, ജെന്‍ഡര്‍ വ്യത്യാസം കൊണ്ടോ വ്യത്യസ്ത അവകാശങ്ങളല്ല ഉള്ളതെന്ന് കുട്ടികള്‍ക്ക് മനസിലാക്കിക്കൊടുക്കേണ്ടതുണ്ട്, പ്രത്യേകിച്ച് പെണ്‍കുട്ടികള്‍ക്ക്. കോടതി പറഞ്ഞതും അത് തന്നെയാണ്. തെയ്യം, പുലിക്കളി തുടങ്ങിയവയിലൊക്കെ പുരുഷന്മാരുടെ ശരീരം ഉപയോഗിക്കുന്നുണ്ട്.

അവിടെയൊന്നും ലൈംഗികതയുടെ എലമെന്റ് ആരും ചര്‍ച്ചയാക്കുന്നില്ല. അപ്പോള്‍ പിന്നെ ഒരു സ്ത്രീ സമാനമായ കാര്യം ചെയ്യുമ്പോഴും, ഒരു അമ്മ മകന് സ്വശരീരത്തില്‍ ചിത്രം വരക്കാന്‍ അനുവദിച്ച് എന്നതിലും ലൈംഗികത എങ്ങനെ കാണാനാകുമെന്നാണ് കോടതി ചോദിക്കുന്നത്.

പുരുഷന്റെയും സ്ത്രീയുടെയും ശരീരം രണ്ട് തരത്തില്‍ കാണേണ്ടതില്ലെന്ന് കോടതി കാണുന്നുണ്ട്. അമ്പലത്തിനുള്ളില്‍ പോയാല്‍ പലവിധത്തിലുള്ള ആര്‍ട്ട് ഫോംസ് നമുക്ക് കാണാനാകും. വിഗ്രഹത്തില്‍ വസ്ത്രമില്ലല്ലോ. അവിടെ ലൈംഗിക ഉത്തേജനത്തേക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഇല്ലാത്തത് എന്തുകൊണ്ടാണ്. അതാണ് കോടതി കണ്ടത്. നമ്മുടെ വാദവും അത് തന്നെയാണ്.

ഒരു വീഡിയോയെ ചൂണ്ടിക്കാണിച്ച് മാത്രം ഒന്നിനേയും വിലയിരുത്തുക സാധ്യമല്ല. അതിലൂടെ എന്ത് സന്ദേശമാണ് നല്‍കാന്‍ ഉദ്ദേശിക്കുന്നതെന്നതാണ് ആത്യന്തികമായി നോക്കേണ്ടത്. ഈ പക്വത സമൂഹം കൈവരിക്കേണ്ടതുണ്ട്. അതിലേക്ക് നമ്മുടെ സമൂഹം പതുക്കെയാണെങ്കിലും യാത്ര ചെയ്ത് വരുന്നുണ്ട്. നാളെ എത്തേണ്ടതും അവിടേക്കാണ്. അതിന് കോടതി വിധികളും സഹായകരമാകേണ്ടതുണ്ട് എന്നാണ് നമ്മള്‍ വാദിച്ചത്. അത് കോടതി ശരിവെക്കുകയും ചെയ്തു.

എനിക്ക് തോന്നുന്നത്, ഞങ്ങള്‍ ഉദ്ദേശിച്ച പ്രതലത്തില്‍ നിന്ന് മുകളിലേക്ക് കാര്യങ്ങളെ കോടതി മനസിലാക്കി എന്നതാണ്. അവിടെയാണ് ഒരു അഡ്വക്കറ്റ് എന്ന നിലയില്‍ ഞാന്‍ ഭാഗ്യവാനാണെന്ന് വിശ്വസിക്കുന്നത്. എപ്പോഴും ഇത്തരം വിഷയങ്ങളില്‍ ഒരു പുഷ് കൊടുക്കാനേ നമുക്ക് കഴിയൂ.

പോള്‍വാള്‍ട്ടിനെ ഒരു ഉദാഹരണമായി എടുത്താല്‍ അതിന് ഉപയോഗിക്കുന്ന വടിയാകാനേ ഒരു വക്കീലിന് കഴിയുകയുള്ളു. ചാടേണ്ടത് അപ്പോഴും കായിക താരം തന്നെയാണ്. ആ ചാട്ടമാണ് കൗസര്‍ എടപ്പകത്ത് എന്ന ജഡ്ജ് നമ്മുടെ സമൂഹത്തിന് വേണ്ടി ചാടിയിരിക്കുന്നത്. അദ്ദേഹം അതിന് അഭിനന്ദനം അര്‍ഹിക്കുന്നുണ്ട്.

കൗസര്‍ എടപ്പഗത്ത്

മുന്‍കൂര്‍ ജാമ്യാപേക്ഷയുടെ സമയത്ത് ഇതേവാദം ഞങ്ങള്‍ ഉന്നയിച്ചെങ്കിലും അന്നത്തെ ഹെക്കോടതി ജഡ്ജ് മനുസ്മൃതിയും ഖുര്‍ആനും ക്വാട്ട് ചെയ്താണ് ‘അമ്മ ഇങ്ങനൊയൊക്കെയാവണം’എന്ന് പറഞ്ഞുതന്നത്. അതിന് ശേഷം 15 ദിവസത്തോളം അവര്‍ക്ക് ജയിലില്‍ കിടക്കേണ്ടിവന്നു.

ഹൈക്കോടതില്‍ എത്തുന്നതുവരെയുള്ള നിയമപോരാട്ടം?

വലതുപക്ഷ ആശയങ്ങള്‍ ഫേസ്ബുക്കിലൂടെയും മറ്റും പ്രചരിപ്പിക്കുന്ന ഒരു വക്കീലാണ് ഈ കേസ് കൊടുത്തിട്ടുള്ളത്. അയാള്‍ക്ക് ശരിക്കും ഈ കേസില്‍ ഒരു റോളുമില്ല. അദ്ദേഹത്തിന്റെ ഒരു അവകാശവും ഈ കേസില്‍ ഹനിക്കപ്പെടുന്നില്ല. തീവ്ര ഹിന്ദുത്വ സംഘടകളുടെ ഭാഗമാണെന്നാണ് ഇയാള്‍ സ്വയം പറഞ്ഞുകൊണ്ടിരിക്കുന്നത്.

രഹ്നയുടെ പശ്ചാത്തലം കൂടി മനസിലാക്കണം. അനുകൂലമായ കോടതി വിധിക്ക് ശേഷം ശബരിമലയില്‍ പ്രവേശിക്കാന്‍ ശ്രമം നടത്തിയ ആളാണവര്‍. അതില്‍ കേസുണ്ട്. ഇതുകൂടാതെ ശരീരം ഉപയോഗിച്ച് തന്നെ അവര്‍ പലതും പറയാന്‍ ശ്രമിക്കാറുണ്ട്.

ഫെമിനിസ്റ്റ്- ബോഡി റൈറ്റ് പ്രൊട്ടസ്റ്റിനെ പല സമയത്ത് അവര്‍ ഉയര്‍ത്തിപ്പിടിച്ചിട്ടുണ്ട്. അവര്‍ പറയാന്‍ ശ്രമിച്ച അവരുടെ രാഷ്ട്രീയത്തിന്റെ ഭാഗമായിട്ടാണ് ഈ കേസ്. ആ ചിന്തകള്‍ക്ക് സ്പേസ് കൊടുക്കാന്‍ താല്‍പര്യമില്ലാത്തവരില്‍ ഉള്‍പ്പെട്ട ഒരാളാണ് കേസുകൊടുത്തിരിക്കുന്നത്.

ഇയാളുടെ പരാതിക്ക് ശേഷം ഫൈനല്‍ റിപ്പോര്‍ട്ട് വന്നു. അതിന് ശേഷം ഡിസചാര്‍ജ് പെറ്റീഷന്‍ ഫയല്‍ ചെയ്തു. ഇതേതുടര്‍ന്നാണ് കേസ് നിലനില്‍ക്കും എന്ന പോക്‌സോ കോടതി വിധി വരുന്നത്. അതിനെ ചോദ്യം ചെയ്താണ് ഹൈക്കോടതിയില്‍ റിവിഷന്‍ ഫയല്‍ ചെയ്തത്. തുടര്‍ന്ന് ജസ്റ്റിസ് കൗസറിന്റെ അടുത്ത് നിന്ന് അനുകൂല വിധിയുണ്ടാകുൃകയായിരുന്നു.

യാദൃശ്ചികമായോ അല്ലാതെയോ മുസ്ലിം കുടുംബത്തില്‍ ജനിച്ചയാളാണ് രഹ്ന. പക്ഷേ വിശ്വാസപരമായി ഇസ്ലാം ഫോളോ ചെയ്യുന്ന ആളല്ല അവര്‍. അവര്‍ ഒരു ലിബറല്‍ ജീവിതം നയിക്കുന്നയാളാണ്. ശബരിമലയില്‍ പ്രവേശനത്തിന് ശ്രമിക്കുന്നത് പോലും അവര്‍ വിശ്വാസിയായിട്ടല്ല. സുപ്രീം കോടതി സ്ത്രീകള്‍ക്ക് നല്‍കിയ അവകാശ സംരക്ഷണത്തിന്റെ ഭാഗമായി അവര്‍ നടത്തിയ ഒരു സമരമായിരുന്നു അത്.

ശബരിമല വിധിയില്‍ ഒരു അഡ്വക്കറ്റ് എന്ന നിലയില്‍ എനിക്ക് അഭിപ്രായ വ്യത്യാസമുണ്ട്. പക്ഷേ രഹ്ന ചെയ്തതില്‍ കുറ്റമില്ലെന്ന് എന്നെ വിശ്വസിപ്പിക്കുന്നത് കോടതി വിധിയാണ്. ആ കോടതി വിധി അനുസരിക്കാന്‍ എനിക്ക് ബാധ്യതയുണ്ട്.

പരാതിക്കാരന്റെ രാഷ്ട്രീയത്തെക്കുറിച്ച് സൂചിപ്പിച്ചല്ലോ, നമ്മുടെ സിസ്റ്റത്തില്‍ ഇങ്ങനെയുള്ള കേസുകളുടെ നടപടി വേഗത്തിലാകുന്നതിന് പിന്നില്‍ രാഷ്ട്രീയ സാഹചര്യങ്ങള്‍ സ്വാധീനിക്കാറുണ്ടോ?

അങ്ങനെ പൂര്‍ണമായി പറയാനാകില്ല. പോക്‌സോ കേസുകളിലെ ഒരു പ്രശ്‌നം, അത് അന്വേഷിക്കല്‍ പൊലീസിന്റെ നിര്‍ബന്ധ ബാധ്യതയാണ്. ഇത്തരം കേസുകളില്‍ പരാതിക്കാരന്‍ തേര്‍ഡ് പാര്‍ട്ടിയാണെങ്കിലും അന്വേഷിക്കേണ്ട ബാധ്യത പൊലീസിനുണ്ട്.

ഉദാഹരണത്തിന് പറവൂര്‍ പീഡനക്കേസെടുക്കുക. അവിടെ ഇരയാക്കപ്പെട്ടത് പ്രായപൂര്‍ത്തിയാകാത്ത ഒരു പെണ്‍കുട്ടിയായിരുന്നു. പ്രതിയായത് കുട്ടിയുടെ അച്ഛനും അമ്മയുമാണ്. കോടതി ഇവരെ ശിക്ഷിക്കുകയും ചെയ്തു.

ഇവിടെയൊക്കെ തേര്‍ഡ് പാര്‍ട്ടിയായിരുന്നു പരാതിക്കാരന്‍. അതുപോലെ ഇത്തരം കേസിന്റെ അന്വേഷണത്തില്‍ നിന്ന് പ്രാഥമികമായി പൊലീസിന് ഒഴിഞ്ഞുമാറാനോ കേസെടുക്കാതിരിക്കാനോ കഴിയില്ല. എന്നാല്‍, കേസിന്റെ നെല്ലും പതിരും എന്താണെന്ന് തിരിച്ചറിയാനുള്ള കഴിവുകൂടി പൊലീസിനുണ്ടാകണം. ചില സമയത്ത് ആരാണ് കുറ്റാരോപിതന്‍ അല്ലെങ്കില്‍ കുറ്റാരോപിത എന്നുള്ളത് പൊലീസ് അന്വേഷിക്കണം.

ഈ വിധി നമ്മുടെ സമൂഹത്തിന്റെ മനോഭാവത്തില്‍ എന്തെല്ലാം മാറ്റം വരുത്തും?

ഉറപ്പായും മാറ്റമുണ്ടാക്കും. ഈ സംഭവത്തില്‍ രഹ്ന ഒരു ലീഡറാണ്. സമൂഹം ബ്രേക്ക് ചെയ്യേണ്ട കാര്യങ്ങള്‍ക്കെതിരെ ഫൈറ്റ് ചെയ്യാന്‍ ഒരാള്‍ മുന്നിട്ടിറങ്ങിയാല്‍ തീര്‍ച്ചയായും സമൂഹം അവരെ ഫോളോ ചെയ്യും. അങ്ങനെ ഒരുപാട് പേരില്‍ മാറ്റം വരും. ഈ മാറ്റം സമൂഹത്തില്‍ മൊത്തത്തില്‍ പ്രതിഫലിക്കും.

അമേരിക്കയില്‍ നടന്ന മങ്കീസ് ട്രയല്‍ അല്ലെങ്കില്‍ സ്‌കോപ്പ് ട്രയല്‍ എന്ന് വിളിക്കപ്പെട്ട ഒരു കേസ് ഉണ്ടായിരുന്നു.

ഡാര്‍വിന്റെ പരിണാമ സിദ്ധാന്തമാണ് നമ്മളെയൊക്കെ പഠിപ്പിക്കുന്നത്. കുരങ്ങനില്‍ നിന്നാണ് മനുഷ്യന്റെ പരിണാമം എന്നാണല്ലോ ഡാര്‍വിന്റെ തിയറി. ക്രിസ്റ്റിയാനിറ്റി അത് സമ്മതിച്ചിരുന്നില്ല. അവരുടെ വിശ്വാസപ്രകാരം ആദം- ഹവ്വ എന്നീ ആദി മനുഷ്യരില്‍ നിന്നാണ് മനുഷ്യന്റെ പരിണാമം എന്നാണ്.

അമേരിക്കയിലെ ഒരു ക്രിസ്ത്യന്‍ മിഷനറി സ്‌കൂളില്‍ ഡാര്‍വിന്റെ പരിണാമം പഠിപ്പിക്കാന്‍ ഒരു ടീച്ചര്‍ തയ്യാറായതിന് പിന്നാലെയാണ് കേസിന്റെ തുടക്കം. അത് സര്‍ക്കാരിനും മതത്തിനും എതിരാണെന്ന് ചൂണ്ടിക്കാണിച്ച് ആ ടീച്ചര്‍ക്കെതിരെ കേസ് എടുത്തു. ഇതിന്റെ ട്രയലൊക്കെ നടന്നത് വളരെ ആഘോഷപൂര്‍വമായിരുന്നു.

കേസില്‍ ആ ടീച്ചറെ കോടതി ശിക്ഷിക്കുകയും ചെയ്തു. പിന്നീട് അമേരിക്കന്‍ സുപ്രീം കോടതിയില്‍ ഈ കേസ് പോകുന്ന സാഹചര്യം വരെയുണ്ടായി. അങ്ങനെയുള്ള സമൂഹത്തില്‍ നിന്ന് ഒരുപാട് മാറ്റം ഉണ്ടായില്ലേ. ഡാര്‍വിനെ ഇപ്പോള്‍ എല്ലാവരും പഠിപ്പിച്ചു തുടങ്ങിയില്ലേ. അതുപോലെ സമൂഹം മാറും, മാറിയേ പറ്റൂ.

ഇന്ത്യയില്‍ അബോര്‍ഷനുള്ള അവകാശം പല ഹൈക്കോടതികളും അനുവദിച്ച് നല്‍കുന്നുണ്ട്. അത് സ്വന്തം ശരീരത്തില്‍ ഒരു സ്ത്രീക്കുള്ള അവകാശവുമായി ബന്ധപ്പെട്ട രാഷ്ട്രീയമാണ്.

അമേരിക്ക നേരത്തെ റോ വേര്‍സേസ് വെയ്ഡ് കേസില്‍ ഗര്‍ഭച്ഛിദ്രം നടത്താനുള്ള അവകാശം സ്ത്രീകള്‍ക്ക് നല്‍കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ അവരത് ഫോളോ ചെയ്യുന്നില്ല. ആ കാര്യത്തില്‍ നമ്മള്‍ കുറച്ചുകൂടി അഡ്വാന്‍സെഡ് ആണെന്ന് കരുതാം. അതുപോലെ സമൂഹത്തില്‍ മാറ്റം വരും. മാരിറ്റല്‍ റേപ്പ് സംബന്ധിച്ച ചര്‍ച്ചകളൊക്കെ നടക്കുന്ന സമയമാണെല്ലോ ഇത്. ആ ചര്‍ച്ചകള്‍ക്കിടയില്‍ ഈ വിഷയവും നല്ല മാറ്റങ്ങള്‍ക്ക് വഴിയൊരുക്കും.

പ്രായപൂര്‍ത്തിയായവര്‍ തമ്മിലുള്ള പരസ്പര സമ്മതപ്രകാരമുള്ള ലൈംഗിക ബന്ധം കുറ്റകരമല്ലാതാക്കിയ ജോസഫ് ഷൈന്‍ വിധി, 2018 ആര്‍ട്ടിക്കിള്‍ 377 സംബന്ധിച്ച സുപ്രീം കോടതി വിധി, ഇപ്പോള്‍ കോടതിക്ക് മുന്നിലുള്ള സെയിം സെക്‌സ് മാരേജ് എന്നിവയെ ഒക്കെ എതിര്‍ക്കുന്നവരില്ലേ.

ഇതൊക്കെ പതിയെ പതിയെ മാറ്റിയെടുക്കാനേ പറ്റു. അങ്ങനെയുള്ളവരെ സന്തോഷിപ്പാക്കാന്‍ സര്‍ക്കാരും സിസ്റ്റവും തുനിയുമ്പോഴാണ് ഇങ്ങനെയുള്ള കേസുകള്‍ ഉണ്ടാകുന്നത്. അപ്പോള്‍ അതിന് വിഭിന്നമായി കോടതികളുടെ ഭാഗത്ത് നിന്ന് ഇടപെടലുണ്ടാകുന്നത് ശുഭസൂചനയാണ്. അത്തരം പൊതു അഭിപ്രായത്തില്‍ നിന്ന് ജുഡീഷ്യറി സ്വതന്ത്രമാണ് എന്നാണ് കോടതി ഇടപെടല്‍ തെളിയിക്കുന്നത്.

എങ്ങനെയാണ് നിങ്ങള്‍ ഈ കേസിന്റെ ഭാഗമാകുന്നത്? അതിന്റെ നാള്‍വഴികള്‍?

ആദ്യം രഹ്ന എന്നെ ബന്ധപ്പെടുന്നത് ശബരിമല കേസില്‍ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ്. അതില്‍ ജാമ്യം എടുത്ത ശേഷവും പിന്നേയും ഒരു കേസ് വന്നു. അതിപ്പോള്‍ ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഇതുപോലെ മറ്റൊരു വീഡിയോയുടെ പേരിലും കേസ് വന്നിട്ടുണ്ട്. അത് എന്തോ ബീഫ് കുക്ക് ചെയ്തതുമായി ബന്ധപ്പെട്ട വിഷയമാണ്.

ചിത്രം വരച്ചതുമായി ബന്ധപ്പെട്ട കേസ് വരുന്നത് കൊവിഡ് ലോക്ക്ഡൗണ്‍ സമയത്താണ്. പൊതുസമൂഹത്തെ സംബന്ധിച്ച് ഇതൊരു താല്‍പര്യമുള്ള വിഷയമാണ്. അതാണ് ഇതിന് ഇത്ര ജനശ്രദ്ധ കിട്ടിയത്.

ഈ കേസില്‍ രഹ്ന മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുന്നത് തന്നെ ഈ വിഷയത്തെ അഡ്രസ് ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ്. എന്നാല്‍ അന്ന് കോടതി ജാമ്യം അനുവദിച്ചില്ല. അതുകൊണ്ടാണ് രഹ്നക്ക് ജയിലില്‍ പോകേണ്ടിവന്നത്. അതിന് ശേഷം ജാമ്യം ലഭിക്കുകയും ചെയ്തു. ഈ കേസില്‍ പോക്‌സോ കേസ് വന്നത് തികച്ചും നിര്‍ഭാഗ്യകരമാണ്. അത് ആ കുട്ടികളെയാണ് ബാധിച്ചത്. പക്ഷേ ഈ ഫൈറ്റില്‍ അവസാനം രഹ്ന വിജയിച്ചു. അവരുടെ ഫൈറ്റ് കഴിഞ്ഞെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. മുകളില്‍ സൂചിപ്പിച്ചപോലുള്ള കേസുകള്‍ അവര്‍ക്കെതിരെ ഇനിയും ഉണ്ട്.

Content Highlight: Interview with  Rehana Fathima’s advavate Ranjith Marar

സഫ്‌വാന്‍ കാളികാവ്
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍, കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദവും, ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമയും പൂര്‍ത്തിയാക്കിയിട്ടുണ്ട്.