| Saturday, 30th June 2018, 6:39 pm

നായകന്മാരല്ല, താരങ്ങള്‍ യഥാര്‍ത്ഥ ജീവിതത്തില്‍ കോമാളികള്‍ മാത്രമാണ്. ഉന്നതരുടെ ക്ലബ്ബ് മാത്രമായ A.M.M.A യെ സംരക്ഷിക്കേണ്ട എന്തുത്തരവാദിത്തമാണ് സി.പി.ഐ.എമ്മിനുള്ളത്? രാജീവ് രവി ചോദിക്കുന്നു.

ശ്രീജിത്ത് ദിവാകരന്‍

കോഴിക്കോട്: അമ്മയുടെ അധികാരസ്ഥാനങ്ങളിലിരിക്കുന്ന ജനപ്രതിനിധികളോട് വിശദീകരണം തേടേണ്ട എന്ന സി.പി.ഐ.എമ്മിന്റെ നിലപാട് നിരുത്തരവാദിത്തപരമാണെന്ന് രാജീവ് രവി. മലയാള സിനിമയിലെ സംഘടനകള്‍ ഉന്നതരുടെ വ്യക്തിതാത്പര്യങ്ങളും ബിസിനസ് താത്പര്യങ്ങളും മാത്രം സംരക്ഷിക്കാന്‍ സൃഷ്ടിച്ച ക്ലബ്ബ് മാത്രമാണെന്നും അവരെ സംരക്ഷിക്കാന്‍ ആവശ്യപ്പെടുന്ന സി.പി.ഐ.എം ജനങ്ങളോടുള്ള ഉത്തരവാദിത്തം മറന്ന് പെരുമാറുകയാണെന്നും സംവിധായകനും ഛായാഗ്രാഹനുമായ രാജീവ് രവി പറഞ്ഞു. തൊഴിലാളികളുടെ ഒരു താത്പര്യവും ഇന്നേവരെ മലയാള സിനിമ മേഖലയിലുള്ള ഒരു സംഘടനയും സംരക്ഷിച്ചിട്ടില്ല.

സി.പി.ഐ.എം അവരുടെ ഒപ്പം നില്‍ക്കുന്നത് അവര്‍ക്ക് ബ്ലാക്ക് മെയ്ല്‍ ചെയ്യാനുള്ള അവസരം തുടര്‍ന്നും നല്‍കലാണ്. സിനിമ രംഗത്തെ സീനിയര്‍ താരങ്ങള്‍ക്ക് നിലപാടുകളില്ല. അവര്‍ക്ക് ക്ലബ്ബുകളേയുള്ളൂ. യഥാര്‍ത്ഥ ജീവിതത്തില്‍ ഈ താരങ്ങള്‍ നായകരല്ല, കോമാളികള്‍ മാത്രമാണ്. സിനിമയില്‍ എന്ത് വീരകൃത്യങ്ങള്‍ ചെയ്താലും യഥാര്‍ത്ഥ ജീവിതത്തില്‍ വൃത്തികേട് കാണിച്ചാല്‍ ജനങ്ങള്‍ ഏതു താരവിഗ്രഹത്തിനേയും തട്ടി താഴെയിടും. കേരള സമൂഹത്തിലെ ജാതിവെറിയുടേയും സ്ത്രീവിരുദ്ധതയുടേയും പ്രതിഫലനം കൂടിയാണ് മലയാള സിനിമ മേഖല. രാജീവ് രവി “ഡൂള്‍ ന്യൂസി”ന് അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞു.

വളരെ പ്ലെയ്ന്‍ ആയ ഒരു പ്രശ്‌നമാണ് നമുക്ക് മുന്നിലുള്ളത്. ഒരു വശത്ത് സെക്ഷ്വലി, മെന്റലി, ഫിസിക്കലി അക്രമിക്കപ്പെട്ട ഒരു നടി, മറുവശത്ത് ആ ക്രിമിനല്‍ കുറ്റത്തിലെ പ്രതി. എന്നിട്ടും അയാള്‍ക്ക് വേണ്ടി ഉയരുന്നതിന്റെ ഒരു ശതമാനം ശബ്ദം പോലും ഇവര്‍ക്കൊപ്പം ആയിരക്കണക്ക് പേര്‍ ജോലി ചെയ്യുന്ന സിനിമ വ്യവസായ ലോകത്ത് നിന്ന് ഉയരുന്നില്ലല്ലോ? എന്താണ് അതിന് കാരണം? ഒരു തരത്തിലുള്ള നീതിബോധവും ഇല്ലാത്തവരാണോ ഈ മേഖലയില്‍ ജോലി ചെയ്യുന്നവര്‍?

ദുരന്തത്തെ അതിജീവിച്ച നടിയുടെ സഹപ്രവര്‍ത്തകരില്‍ നിന്നുള്ള പ്രതികരണങ്ങള്‍ നിരാശാജനകമാണ്. പൃഥ്വിരാജ് മാത്രമാണ് സംസാരിക്കാന്‍ തയ്യാറായത്. കൂടുതല്‍ ചെറുപ്പക്കാര്‍ പുറത്ത് വന്ന് സംസാരിച്ചുവെങ്കില്‍ എന്ന് നമ്മള്‍ ആഗ്രഹിച്ചുപോകും. ഈ വ്യവസ്ഥയുടെ മുഷ്ടിയില്‍ നിന്ന് പുറത്ത് കടന്ന് മലയാള സിനിമ ലോകത്തെ മറ്റൊരു തലത്തിലേയ്ക്ക് ഉയര്‍ത്തേണ്ടത് അവരുടെ ഉത്തരവാദിത്തമാണ്. അവരാണ് അത് ചെയ്യേണ്ടത്. മനുഷ്യരെന്ന നിലയിലുള്ള നമ്മുടെ പ്രാഥമിക കര്‍ത്തവ്യമാണ് അവള്‍ക്കൊപ്പം നില്‍ക്കുക എന്നത്. പക്ഷേ ജെനുവിന്‍ കണ്‍സേണ്‍ വരാതെ പോകുന്നത് എന്താണ്? മനുഷ്യനില്‍ പ്രതീക്ഷ നഷ്ടപ്പെട്ടുപോകുന്ന ഒരവസരം ആണത്. ഇത്രയും അധ:പതിച്ചോ മനുഷ്യര്‍? പുരോഗമിക്കുന്നു എന്ന് വിചാരിക്കുന്ന ഒരു സമൂഹത്തില്‍ കൂടെ പ്രവര്‍ത്തിക്കുന്ന ആളുകളേയും അടുത്ത സുഹൃത്തുക്കളേയും എല്ലാം മറന്ന് സ്വന്തം കാര്യം മാത്രം നോക്കുന്ന ആളുകള്‍ ഉണ്ടാകുന്നത് സമൂഹത്തിന്റെ കുഴപ്പമാണ്. നമ്മള്‍ കൂടി അതിന്റെ ഭാഗമാണ്. നമ്മളും ഉത്തരവാദികളാണ് ആ പെണ്‍കുട്ടിക്ക് നേരിട്ട ആക്രമണത്തില്‍.

മലയാള സിനിമയിലെ ചെറുപ്പക്കാര്‍ അവരുടെ വിശ്വാസങ്ങളും അഭിപ്രായങ്ങളും തുറന്ന് പറയാനായി തയ്യാറാകണം. സിനിമകളിലൂടെ പ്രകടിപ്പിക്കണം. അതുകൂടാതെ വ്യക്തമായും സമൂഹമധ്യത്തില്‍ നിന്ന് സംസാരിക്കണം. അത് കാലഘട്ടം ആവശ്യപ്പെടുന്ന കാര്യമാണ്. അല്ലെങ്കില്‍ ഇത് നീണ്ടു പൊയ്‌ക്കൊണ്ടിരിക്കും. സിനിമകള്‍ ഇല്ലാതായാലോ എന്ന ആകുലതയാകും ചെറുപ്പക്കാര്‍ക്ക്. മറുവശത്തുള്ള ലോബി അത്രയധികം ശക്തമാണ്. എല്ലാക്കാലത്തും അതിജീവനം പ്രാഥമികമായ ആകുലതയാണ്. പക്ഷേ ഇവിടെ അധികാര ലോബിയുമായി സമരസപ്പെട്ടു നില്‍ക്കുന്നവര്‍ക്ക് മാത്രമേ നിലനില്‍പ്പുള്ളൂ. അധികാരലോബിയുടെ ഏതറ്റം വരെയുമുള്ള പ്രവര്‍ത്തികളേയും നിശബ്ദമായിരുന്ന് പിന്തുണയ്ക്കുന്നവര്‍ക്ക് മാത്രമാണ് നിലനില്‍ക്കാനാവുക. അടിസ്ഥാനപരമായ മാനുഷികത പ്രകടിപ്പിക്കാന്‍ പറ്റാത്ത വിധത്തില്‍ നിലംപതിക്കല്‍ പൂര്‍ണ്ണമായിരിക്കുന്നു.

• പൃഥ്വിരാജ് മാത്രമാണ് മുഖ്യധാര ആക്ടേഴ്‌സ് ആയ ആണുങ്ങളില്‍ ഡബ്ല്യു.സി.സി. അംഗങ്ങളായ നാലുപേരുടെ രാജിയെ പിന്തുണച്ച് മുന്നോട്ട് വന്നയാള്‍. നിശബ്ദരായിക്കുന്ന ഈ ചെറുപ്പക്കാരില്‍ പലരും അങ്ങനെ ഭയപ്പെട്ട് പിന്മാറേണ്ട ആളുകളൊന്നുമല്ലല്ലോ, സ്വന്തം നിലയ്ക്ക് എസ്റ്റാബ്ലിഷ്ഡ് ആയിട്ടുള്ള ആളുകളല്ലേ?

അത് പക്വതയില്ലായ്മായാണോ കുശാഗ്രബുദ്ധിയാണോ നിസഹായതയാണോ എന്നൊക്കെ സംശയിക്കണം. അതോ അവര്‍ കണ്‍സേണ്‍ഡ് അല്ലേ? അവരുടേതായ രീതിയില്‍ വളര്‍ന്ന് വന്നിട്ടുള്ള സ്റ്റേച്വര്‍ ഉള്ള ആളുകള്‍ ഉണ്ട്. പക്ഷേ, സ്ത്രീകള്‍ നടത്തുന്ന ഏത് ഇനിഷ്യേറ്റീവിനോടും മലയാളി പുരുഷന്റെ പ്രതികരണം എന്തായിരിക്കും. നമ്മളിത് പണ്ടും കണ്ടിട്ടുണ്ട്. പെണ്ണുങ്ങള്‍ ഇറങ്ങിക്കഴിഞ്ഞാല്‍ പിന്നെ ഇതിനെ കുറിച്ച് പറയുന്ന രീതി വേറെയാണ്. അത് മാറിയിട്ടില്ല. പലരുടെയും പ്രാഥമിക പ്രശ്‌നം അതാണ്.

ചെറുപ്പക്കാരടക്കമുള്ള ആണുങ്ങള്‍ വെറും ആണുങ്ങളാണ്. നമ്മുടെ സ്ത്രീകളാണ് ഉഗ്രന്‍. അവര്‍ എന്തുബോള്‍ഡാണ്. എന്തുമാത്രം റിസ്‌ക് എടുക്കാനും അവര്‍ തയ്യാറാണ്. ചെറുപ്പക്കാരാണെങ്കിലും സൂപ്പര്‍താരങ്ങളാണെങ്കിലും പൊതുവേ നായകന്മാര്‍ സിനിമയില്‍ മാത്രമാണ്. ജീവിതത്തില്‍ അവര്‍ ബഫൂണ്‍സാണ്. പേടിയാണിവര്‍ക്ക്. എല്ലാവരേയും പേടിയാണ്. ഇവരുടെ സംഘടന ടി.വി ചാനലുകള്‍ക്ക് വേണ്ടി ഷോ കളിക്കാന്‍ മാത്രമുള്ളതാണ്. സ്ത്രീകളെയൊക്കെ ഇവര്‍ കാണുന്ന രീതി എന്ത് മോശമാണെന്ന് നമുക്ക് പരിചയപ്പെടുമ്പോള്‍ മനസിലാകും. സ്ത്രീകളെ കുറിച്ച് ഇവര്‍ സംസാരിക്കുന്ന ഭാഷയൊക്കെ കേള്‍ക്കണം. ഈ ആറ്റിറ്റിയൂഡ് എവിടെ നിന്നാണ് ഉണ്ടായി വരുന്നത് എന്ന് നമുക്ക് മനസിലാകും.

•  പക്ഷേ പ്രതികരിക്കുന്ന ആളുകള്‍ അമ്മയെന്ന സംഘടനയെ തകര്‍ക്കാനാണ് ശ്രമിക്കുന്നതെന്നാണ് കേരളത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പാര്‍ട്ടി അഥവാ സംസ്ഥാനം ഭരിക്കുന്ന പാര്‍ട്ടി പറയുന്നത്. സി.പി.ഐ.എമ്മിന്റെ ഈ പ്രസ്താവനയെ എങ്ങനെ കാണുന്നു?

അമ്മയുടെ അധികാരസ്ഥാനങ്ങളിലിരിക്കുന്ന ജനപ്രതിനിധികളോട് യാതൊരു വിശദീകരണവും തേടേണ്ടതില്ല എന്ന സി.പി.ഐ.എമ്മിന്റെ തീരുമാനം നിരുത്തരവാദിത്തപരമാണ്. ഇടതുപക്ഷത്തിന് കൃത്യമായ ഉത്തരവാദിത്തങ്ങളുണ്ട്. ആ ഉത്തരവാദിത്തം നിറവേറ്റുന്നില്ലെങ്കില്‍ അവര്‍ ജനങ്ങള്‍ക്കെതിരെയാണെന്നും ഇടത് കാഴ്ചപ്പാടില്‍ നിന്ന് വ്യതിചലിക്കുകയാണെന്നും മാത്രമാണ് അര്‍ത്ഥം. പൊതുജനം ഈ ജനപ്രതിനിധികളെ ചോദ്യം ചെയ്യുന്ന ദിവസം വരും. അന്ന് സി.പി.ഐ.എമ്മിന് ഉത്തരമുണ്ടാകില്ല. ഈ പ്രതിനിധികളെയൊക്കെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം സി.പി.ഐ.എമ്മിനെന്താണെന്ന് മനസിലാകുന്നേയില്ല, പ്രത്യേകിച്ചും ഗണേഷ് കുമാറിനെ. അതെന്തുകൊണ്ടാണെന്നൊന്നും പറയേണ്ടല്ലോ.

അമ്മ എന്ന സംഘടനയെ കുറിച്ച് സി.പി.ഐ.എം ആകുലപ്പെടേണ്ട കാര്യമെന്താണ്? ഇത് താരസംഘടനയല്ലേ? മുന്‍നിര താരങ്ങളുടെ ബിസിനസ്, താരങ്ങള്‍ക്ക് വേണ്ടി ലോബി ചെയ്യാനുള്ള സംഘടനയാണ്. സ്റ്റാര്‍ സിസ്റ്റം റേറ്റ് ചെയ്യുകയാണ് ഇവര്‍ ചെയ്യുന്നത്. മോഹല്‍ലാല്‍ മമ്മൂട്ടി ദിലീപ് എന്നിങ്ങനെ വണ്‍, റ്റൂ, ത്രീ…സാറ്റലൈറ്റ് റേറ്റിങ്. ടി.വി.ചാനലുകള്‍ക്ക് വേണ്ടി പ്രോഗ്രാം ചെയ്തുകൊടുക്കലല്ലാതെ ഇവര്‍ എന്താണ് ചെയ്യുന്നത്? ചിലര്‍ക്ക് വീട് വച്ചുകൊടുക്കുന്നതോ? ഇവിടെ കാര്‍ പാര്‍ക്ക് ചെയ്യാന്‍ മാത്രം വീടുകള്‍ പണിത താരങ്ങളുണ്ട്. അവര്‍ക്ക് വേണമെങ്കില്‍ ആര്‍ക്കും വീടു പണിത് കൊടുക്കാം. പക്ഷേ ചെയ്യുന്നത് അതല്ല, ചാനലുകളുടെ വേദിയില്‍ പോയി ഡാന്‍സ് ചെയ്ത് കൊടുത്ത് ചാനലുകാര്‍ക്ക് ഭീമമായ ലാഭം ഉണ്ടാക്കിക്കൊടുത്ത് അതിന്റെ ലാഭവിഹിതം വാങ്ങി അതിലൊരു ചെറിയ വിഹിതം കൊണ്ടാണ് വീടുകള്‍ പണിത് കൊടുക്കുന്നത്.

അഭിമുഖം: അമ്മയില്‍ നടക്കുന്നത് മാഫിയാ പ്രവര്‍ത്തനം, നിശ്ശബ്ദമായിരിക്കാന്‍ കഴിയില്ല; ആഷിഖ് അബു സംസാരിക്കുന്നു

സാറ്റലൈറ്റ് അവകാശം അടക്കമുള്ള ഇടപാടുകള്‍ക്ക് വേണ്ടി നടക്കുന്ന മിഡില്‍ ഏജന്റ് സംവിധാനത്തിനുള്ള സംഘടനയാണിത്. യൂണിയനൊന്നുമല്ല. അത്തരം ഒരു സംഘടനയെ കുറിച്ച് സി.പി.ഐ.എമ്മിന് ആകുലപ്പെടേണ്ട കാര്യമെന്താണ്?
ഇത്തരം സംഘടനകളോട് നിങ്ങളുടെ പരിപാടികളുമായി മുന്നോട്ട് പോയ്‌ക്കോളൂ എന്നാണ് സി.പി.ഐ.എം ഇപ്പോള്‍ പറയുന്നത്. ഇവര്‍ക്കൊപ്പം സി.പി.ഐ.എം നില്‍ക്കുന്നിടത്തോളം ഇവര്‍ക്ക് ബ്ലാക്ക് മെയ്ല്‍ ചെയ്യാനുള്ള അവസരം നിലനില്‍ക്കുകയാണ്. സര്‍ക്കാരൊക്കെ ഇടപെട്ട് ചാനലൈസ് ചെയ്യേണ്ട കാര്യങ്ങളാണ് ഇത്. സുതാര്യമല്ലാത്ത പല ഇടപാടുകളും ഇവിടെ നടക്കുന്നുണ്ട്. ഇതിന് ഒരു പവര്‍ലോബിയാണ്. ആ ലോബി കുറേക്കാലമായി ഒരേ കൂട്ടരാണ്. എത്രയോ വര്‍ഷമായി ഇവര്‍ മാത്രമല്ലേ?

എല്ലാവര്‍ക്കും വേണ്ടത് സെലിബ്രിറ്റി സപ്പോര്‍ട്ടാണ്. സെലിബ്രിറ്റികള്‍ ചാനലിന്റെ ചെയര്‍മാനായിരിക്കുന്നു. ചിലര്‍ തെരഞ്ഞെടുപ്പിന് മത്സരിക്കുന്നു. ഇതിനൊക്കെ എന്താണ് പാരാമീറ്റര്‍ എന്ന് മനസിലാകുന്നില്ല. അവരുടെ സാമൂഹ്യജീവിതത്തെ കുറിച്ചോ അവരുടെ യഥാര്‍ത്ഥ രാഷ്ട്രീയത്തെ കുറിച്ചോ ഒട്ടും ആകുലതപ്പെടാതെയാണ് പാര്‍ട്ടി ഇത്തരം തീരുമാനങ്ങള്‍ എടുക്കുന്നത്. അവള്‍ക്കൊപ്പം എന്ന നിലപാട് കൈക്കൊള്ളുകയും ആ പെണ്‍കുട്ടിക്ക് പിന്തുണ നല്‍കുകയും ചെയ്ത ഇടതുപക്ഷത്തുറച്ചു നില്‍ക്കുന്ന ആളുകളുടെ മുഖത്തിട്ട് അടികൊടുക്കുന്ന തരത്തിലാണ് ഇപ്പോള്‍ ഈ തീരുമാനമെടുക്കുന്നത്.

വിനായകന്‍ അമ്മയിലുണ്ടോ എന്നെനിക്കറിയില്ല. ഉണ്ടാകാന്‍ സാധ്യതയില്ല. അവരുടെ മീറ്റിങ്ങിനൊന്നും വിനായകന്‍ ഇതുവരെ പോയിട്ടില്ല എന്നു തോന്നുന്നു. വിനായകനെ പോലെ നിലപാടുള്ളവരെ ഉള്‍ക്കൊള്ളാന്‍ അവര്‍ക്ക് പറ്റില്ല.

• അഭിനേതാക്കളുടെ സംഘടന, സങ്കേതിക വിഭാഗങ്ങളുടെ സംഘടന, തീയേറ്റര്‍ ഓണര്‍മാരുടെ സംഘടന…യഥാര്‍ത്ഥത്തില്‍ ഈ സംഘടനകള്‍ കൊണ്ട് സിനിമ മേഖലയിലെ ആര്‍ക്കും പ്രയോജനമില്ലാ എന്നാണോ?

നഗരങ്ങള്‍ ഉണ്ടായിവരുന്നതിന്റെ ഭാഗമായി ചില ക്ലബ്ബുകള്‍ സൃഷ്ടിക്കപ്പെടും. രാമവര്‍മ്മ ക്ലബ്ബ്, ലോട്ടസ് ക്ലബ്ബ്, റോട്ടറി ക്ലബ്ബ്, ട്രിവാന്‍ഡ്രം ക്ലബ്ബ് എന്നിങ്ങനെയുള്ള തരത്തില്‍. ചില ഉന്നതന്മാരുടെ താവളമായിരിക്കുമത്. അവര്‍ക്ക് പാര്‍ട്ടി ചെയ്യാനുള്ള ഒരു സ്‌പെയ്‌സാണ്. വന്നിരുന്ന് ചീട്ടുകളിക്കാനും ബിസിനസ് സംസാരിക്കാനും ഉള്ള സ്ഥലം. ഇടനിലകള്‍ സൃഷ്ടിക്കുന്നതിനുള്ള ഇടത്താവളം. അത്തരം എലീറ്റ് ഗ്രൂപ്പുകളുടെ ക്ലബ്ബുകളാണ് ഈ സംഘടനകള്‍. അതിന്റെ ജനറല്‍ ബോഡി നടക്കുമ്പോള്‍ മാത്രമാണ് എല്ലാവര്‍ക്കും പരസ്പരം കാണാന്‍ തന്നെ പറ്റുന്നത്.

ഈ സംഘടനകള്‍ക്കൊന്നും ഒരു പ്രസക്തിയുമില്ല. ഈ യൂണിയനുകള്‍ കറക്കുകമ്പനികളും ലോബീയിങ്ങിന്റെ തുടര്‍ച്ചയുമാണ്. ഇവരെക്കൊണ്ടൊന്നും ആര്‍ക്കും ഗുണമില്ല. അമ്മയും ഫെഫ്കയും ഒക്കെ തുടങ്ങിയിട്ട് ആളുകള്‍ക്ക് വീടുവച്ച് കൊടുക്കുന്നു, പെന്‍ഷന്‍ കൊടുക്കുന്നു എന്നൊക്കെ പറയുന്നുണ്ട്. ആ സമയത്ത് റെമ്യൂണറേഷന്‍ തീരുമാനിക്കുമ്പോള്‍ ഒരു താരത്തിന്റെ പ്രതിഫലത്തിന്റെ നിശ്ചിത ശതമാനം ഇതില്‍ വര്‍ക്ക് ചെയ്യുന്ന തൊഴിലാളികള്‍ക്കാണ് എന്ന് തീരുമാനിച്ച് അത് ഓഫീഷ്യല്‍ ആക്കിക്കൂടെ? അത്തരം കാര്യങ്ങളാണ് ഒരു സംഘടന ചെയ്യേണ്ടത്.

അവള്‍ക്കൊപ്പം മാത്രമാണ്! അവള്‍ക്കൊപ്പം നില്‍ക്കാത്തവര്‍ കലാകാരന്മാരോ മനുഷ്യരോ അല്ല: അലന്‍സിയര്‍; നേരത്തേ നടത്തിയ പ്രസ്താവന ദുര്‍വ്യാഖ്യാനം ചെയ്യപ്പെട്ടുവെന്നും അലന്‍സിയര്‍

സിനിമയില്‍ പ്രവര്‍ത്തിക്കുന്ന തൊഴിലാളിക്ക് ലഭിക്കുന്ന പ്രതിഫലവും ഒരു താരത്തിന് ലഭിക്കുന്നതും തമ്മിലുള്ള വ്യത്യാസം ആലോചിക്കണം. നിങ്ങള്‍ക്ക് എന്തെങ്കിലും കമ്മിറ്റ്‌മെന്റ് തൊഴിലാളി സംഘടന എന്ന നിലവിലുണ്ടെങ്കില്‍ ചെയ്യേണ്ടത് അത്തരം കാര്യങ്ങളാണ്. അല്ലെങ്കില്‍ താരങ്ങള്‍ക്ക് നല്‍കുന്ന പ്രതിഫലത്തിനുസരിച്ച് സ്ലാബ് സിസ്റ്റം കൊണ്ടുവരണം. അതിനനുപാതമായിട്ട് തൊഴിലാളികള്‍ക്കും പ്രതിഫലം കിട്ടുന്നുണ്ട് എന്ന് ഉറപ്പ് വരുത്തണം.

സംഘടനകള്‍ അതിനുള്ളിലുള്ള ചിലര്‍ക്ക് മാത്രം പ്രയോജനമുള്ള കാര്യമാണ്. അല്ലാതെ തൊഴിലാളികള്‍ക്ക് അവരെ കൊണ്ട് എന്ത് കാര്യം? തൊഴിലാളികള്‍ സമരം ചെയ്യുമ്പോള്‍ അത് പൊളിക്കാനല്ലേ അവര്‍ നോക്കിയിട്ടിട്ടുള്ളൂ. ഞാന്‍ ഷൂട്ട് ചെയ്യുമ്പോള്‍ കൂടുതല്‍ ബാറ്റയ്ക്ക് വേണ്ടി തൊഴിലാളികള്‍ സമരം ചെയ്തിട്ടുണ്ട്. അവര്‍ ചോദിക്കുന്ന ബാറ്റ കൊടുത്ത് ഷൂട്ട് ചെയ്യാന്‍ ഞാന്‍ റെഡിയായിരിന്നു. ഷൂട്ട് അതുകൊണ്ട് തുടര്‍ന്നു. ഈ സംഘടന വന്ന് ഷൂട്ട് നിര്‍ത്തിച്ചു. പ്രൊഡ്യൂസറെ ബ്ലാക്ക് മെയില്‍ ചെയ്ത് അവര്‍ ഷൂട്ട് നിര്‍ത്തിക്കുകയായിരുന്നു. അതും പറഞ്ഞ് ഞാന്‍ അവരുമായി വഴക്കായി. അതിനവരെന്നെ ഉപദ്രവിച്ചിട്ടുമുണ്ട്.

• രാജീവ് ഫെഫ്ക മെമ്പറല്ലേ? അവരുടെ പ്രവര്‍ത്തനം എങ്ങനെയാണ്?

ഫെഫ്കയുടെ രൂപവത്കരണ കാലം മുതല്‍ ഞാന്‍ ഇവരോട് അകന്ന് നില്‍ക്കുകയായിരുന്നു. അക്കാലത്ത് ഞാനെന്റെ എതിരഭിപ്രായങ്ങള്‍ അറിയിച്ചിരുന്നു. ഞാന്‍ ഫെഫ്കയുമായി എപ്പോഴേ ഡിസ്‌കണക്റ്റ് ചെയതാണ്. ദിലീപിനേയും താരങ്ങളേയും സംരക്ഷിക്കാനായിരുന്നു അവര്‍ അന്നും ശ്രമിച്ചത്. അന്ന് തന്നെ ഞാന്‍ എന്റെ എതിര്‍പ്പ് ഇവരോട് തുറന്ന് പറഞ്ഞ് എതിര്‍ത്തതാണ്. പിന്നെ ഞാന്‍ ഈ സെറ്റപ്പില്‍ ജോലി ചെയ്യാനാവില്ല എന്നു കരുതി ബോളിവുഡിലൊക്കെ പോയി വര്‍ക്ക് ചെയ്ത് വന്നതുകൊണ്ടാകും എന്നെ അധികം ഉപദ്രവിച്ചിട്ടില്ല. മറ്റൊരാളാണ് എന്റെ പോലെ നിലപാട് എടുത്തിരുന്നതെങ്കില്‍ ചിലപ്പോള്‍ ഇവിടെ ജോലി ചെയ്യാന്‍ ബുദ്ധിമുട്ടായേനെ.

അവളുടെ പോരാട്ടത്തിന് പൂര്‍ണ പിന്തുണ; ജനപ്രതിനിധികള്‍ A.M.M.A യില്‍ നിന്ന് രാജിവെക്കണം; പരസ്യ പിന്തുണയുമായി സിനിമാ പ്രവര്‍ത്തകര്‍

തൊഴിലാളികളുടേയോ സഹസംവിധായകരെ കുറിച്ചോ അവരുടെ പ്രതിഫലത്തെ കുറിച്ചോ ഒന്നും സംസാരിക്കാത്ത, അവരുടെ താത്പര്യങ്ങള്‍ സംരക്ഷിക്കാത്ത, താരങ്ങള്‍ മുതല്‍ സംവിധായകര്‍ വരെ മാത്രം നീണ്ട് നില്‍ക്കുന്ന ഒരു ഗ്രൂപ്പാണത്. പല സംവിധായകരും നിര്‍മ്മാതാക്കള്‍ കൂടി ആണല്ലോ. അവിടെ വരെയുള്ളവര്‍ക്ക് വേണ്ട പ്രവര്‍ത്തനമാണ് ഫെഫ്ക നടത്തുന്നത്. അതില്‍ താഴെയുള്ള ഒരാളുടേയും ഒരു ഗുണത്തിനും ഇവര്‍ പ്രവര്‍ത്തിച്ചിട്ടില്ല. പിന്നെ നടത്തുന്നത് എക്‌സ്റ്റോര്‍ഷനാണ്. സ്ഥിരം ഇവര്‍ക്കൊപ്പം വര്‍ക്ക് ചെയ്യുന്ന ചിലരെ പിടിക്കും. അവര്‍ ഒപ്പം ചെന്നില്ലെങ്കില്‍ പണിയില്ലാതാകും. ഇതാണ് പരിപാടി. ഫ്യൂഡല്‍ സംവിധാനമാണ്. തൊഴിലാളി വിരുദ്ധതയാണ് പ്രധാനം.

ബി.ഉണ്ണികൃഷ്ണന്‍ ഫെഫ്കയുടെ നേതാവും ഏരീസ് എന്ന തീയേറ്റര്‍ കമ്പിനിയുടെ സി.ഇ.ഒയും ആണ്. സിനിമ ഇന്‍ഡസ്ട്രിയിലെ മുതലാളി തീയേറ്റര്‍ ഓണറാണ്. അദ്ദേഹം തന്നെയാണ് തൊഴിലാളി സംഘടനയുടെ നേതാവും. പുതു ജനറേഷനില്‍ ആരും ഈ സംഘടനകളുടെ നേതൃത്വം ഏറ്റെടുക്കാന്‍ വരുന്നില്ല എന്നതും പ്രശ്‌നമാണ്. അത്തരം ആറ്റിറ്റിയൂഡും പ്രശ്‌നമാണ്.

സൂപ്പര്‍ താരങ്ങളും സംവിധായകരുമൊന്നും പുരോഗമനപരമായ ഒരു നിലപാടും കൈക്കൊള്ളാതെ സംഘടനകളെ കെട്ടിപ്പിടിച്ചിരിക്കുകയാണ് എന്നാണോ?

ഇവിടെയാരാണ് പുരോഗമനപരമായ ഒരു നിലപാട് എടുക്കുന്നത്. മറ്റെല്ലാ നാട്ടിലും അവിടെ എന്തെങ്കിലും സംഭവമുണ്ടായാല്‍ സിനിമരംഗത്തുള്ളവര്‍ കൂടി നിലപാടുകള്‍ പറയും. അഭിനേതാക്കള്‍ക്ക് അഭിപ്രായങ്ങള്‍ ഉണ്ടാകും. അവര്‍ പ്രവര്‍ത്തിക്കും. തമിഴ്‌നാട്ടില്‍ അമീറും പാ രഞ്ജിത്തുമെല്ലാം എന്ത് ആര്‍ജ്ജവത്തോടെയാണ് പ്രശ്‌നങ്ങളില്‍ ഇടപെടുകയും നിലപാടുകള്‍ പ്രഖ്യാപിക്കുയും ചെയ്യുന്നത്. രാഷ്ട്രീയമായി സംസാരിക്കാന്‍ അവര്‍ റെഡിയാണ്. തമിഴ്‌നാട്ടില്‍ സൂപ്പര്‍ സ്റ്റാര്‍ വിജയ് എന്ത് ഗംഭീരമായാണ് നിലപാട് കൈക്കൊള്ളുന്നത്.

അത്തരത്തില്‍ മനുഷ്യത്വപരമായ ഒരു നിലപാടും ഇവര്‍ ചെയ്യില്ല. ഇവര്‍ക്ക് ഫാന്‍സ് ഉണ്ട്. എത്രയധികം സ്‌നേഹ ബഹുമാനങ്ങള്‍ ഇവര്‍ക്ക് ലഭിക്കുന്നുണ്ട്. പക്ഷേ തിരിച്ച് എന്താണ് ഇവര്‍ ചെയ്യുന്നത്? ഫാന്‍സിനെ കൊണ്ടുള്ള ഇവരുടെ പ്രവര്‍ത്തികള്‍ ബിസിനസിലെ മോശമായ ഒരു ഇന്റര്‍വെന്‍ഷന്‍ ആണ്. പക്ഷേ ഇവര്‍ മനസിലാക്കേണ്ട കാര്യം താരങ്ങള്‍ സിനിമയില്‍ എന്തു ഹീറോയിസം കാണിച്ചാലും വൃത്തികേടുകള്‍ ജിവിതത്തില്‍ കാണിച്ചാല്‍ ജനങ്ങള്‍ തട്ടി താഴെയിടും. കോലം കത്തിക്കുന്ന അവസ്ഥയെത്തിയില്ലേ. ആദ്യമായിട്ടായിരിക്കില്ലേ ഇത് സംഭവിക്കുന്നത്?

 ഇത്രയും മോശമായ തരത്തില്‍, സ്ത്രീവിരുദ്ധവും മനുഷ്യവിരുദ്ധവുമായ രീതിയില്‍ സംഘടനകള്‍ പോകുമ്പോള്‍ ഇടപെടാനുള്ള ബാധ്യതയില്ലേ നിങ്ങളടക്കം എല്ലാവര്‍ക്കും?

വിമര്‍ശിക്കുമ്പോള്‍ നമ്മള്‍ ചില ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കാന്‍ തയ്യാറാവുക കൂടി വേണം. ആഷിഖ് മാത്രമാണ് ഇത് പലപ്പോഴും ആത്മാര്‍ത്ഥമായി ചെയ്യുന്നത്. അതുകൊണ്ടുതന്നെ ഇത്തരം ഒരു സംഭവമുണ്ടാകുമ്പോള്‍ ആഷിഖാണ് ആദ്യം പൊതു നിലപാട് കൈക്കൊള്ളുന്നത്. സമൂലമായ മാറ്റം ഉണ്ടാക്കാന്‍ ആരും മുന്നോട്ട് വരുന്നില്ല.

മലയാള സിനിമയില്‍ പോപുലറും പുതുമ നിറഞ്ഞതുമായ ഒരു സെന്‍സിബിലിറ്റി കൊണ്ടുവരികയും അതുവഴി സിനിമയ്ക്ക് ഒരു മാറ്റമുണ്ടാക്കുകയും ചെയ്ത ചെറുപ്പക്കാരുടെ സംഘത്തിനോ കലാമൂല്യമുള്ള സിനിമകളിലൂടെ ലോകത്തിന് മുന്നില്‍ മലയാള സിനിമയെ അവതരിപ്പിക്കുന്ന ആളുകള്‍ക്കോ ഈ സംഘടന സംവിധാന പരിപാടികളില്‍ ഒരു റോളുമില്ല എന്നോര്‍ക്കണം.മറ്റാരൊക്കെയോ ആണ് ഈ സംഘടനകള്‍ നടത്തുന്നത്. നമ്മുടെ സുഹൃത്തുക്കള്‍ പലരും സോഷ്യല്‍ മീഡിയിലൂടെ മാത്രമാണ് ഇപ്പോള്‍ പൊതുവേ വിമര്‍ശനങ്ങള്‍ നടക്കുന്നത്. അത് മോശമണെന്നല്ല, അതുണ്ടാക്കുന്ന ഇംപാക്റ്റ് മറ്റൊരിടത്ത് നടത്തിയാലും ഉണ്ടാകുന്നില്ല. പിന്നെ ആത്യന്തികമായി നമ്മുടെ സമൂഹത്തിന്റെ പ്രതിഫലനം കൂടിയാണ് മലയാള സിനിമ. സ്ത്രീവിരുദ്ധതയും ജാതി വെറിയും എല്ലാം ഇവിടെയുണ്ട്.

ശ്രീജിത്ത് ദിവാകരന്‍

മാധ്യമ പ്രവര്‍ത്തകന്‍, ഡൂള്‍ന്യൂസ് മുന്‍ എക്‌സിക്യുട്ടീവ് എഡിറ്റര്‍. പത്ര, ദൃശ്യ മാധ്യമങ്ങളിലായി 19 വര്‍ഷത്തെ പ്രവര്‍ത്തന പരിചയം. മാതൃഭൂമി ന്യൂസ്, മീഡിയ വണ്‍ ടി.വി എന്നിവിടങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Latest Stories

We use cookies to give you the best possible experience. Learn more