അഭിനയ മോഹം?
അഭിനയിക്കണമെന്ന ആഗ്രഹം തോന്നിയത് എന്ന് മുതലാണെന്ന് ഓര്‍മയില്ല. ചെറുപ്പത്തില്‍ മിമിക്രി ചെയ്യും. ആ സമയത്തൊക്കെ മിമിക്രി സിനിമയിലേക്കുള്ള ഒരു വഴി ആയിരുന്നു. പക്ഷെ നമുക്കീ ആഗ്രഹം മാത്രമല്ലേ ഉളളു, എങ്ങനെ നടപ്പാക്കണമെന്ന് അറിയില്ലല്ലോ. പിന്നെ കോളേജില്‍ പഠിക്കുമ്പോള്‍ ഷോര്‍ട്ട് ഫിലിംസ് ചെയ്യുമായിരുന്നു. മിമിക്രി ചെയ്യുന്നത് കൊണ്ട് സുഹൃത്തുക്കളുടെ ഷോര്‍ട്ട് ഫിലിംസിലേക്ക് വിളിക്കും. ആ സമയത്ത് ഒന്ന് രണ്ട് മ്യൂസിക് ആല്‍ബം ചെയ്തിട്ടുണ്ട്.
ആവാസവ്യൂഹത്തിന്റെ സംവിധായകനായ ക്രിഷാന്തേട്ടനെ 2014 മുതല്‍ തന്നെ അറിയാം. ഞങ്ങള്‍ ഒരുമിച്ച് ഷോര്‍ട്ട് ഫിലിംസും വെബ് സീരിസുകളും ചെയ്തിട്ടുണ്ട്. ഇതിനിടക്ക് എം.ബി.എ കഴിഞ്ഞ് എറണാകുളം എച്ച്.ഡി.എഫ്.സിയില്‍ ജോലി തുടങ്ങി. അവിടെ വെച്ചാണ് സംവിധായകന്‍ വൈശാഖ് സാറിനെ പരിചയപ്പെടുന്നത്. അദ്ദേഹമാണ് ഇര എന്ന സിനിമയിലൂടെ എനിക്ക് ആദ്യമായി കൊമേഷ്യല്‍ സിനിമയിലേക്ക് എന്‍ട്രി തരുന്നത്. മധുര രാജ, നൈറ്റ് ഡ്രൈവ് തുടങ്ങി അദ്ദേഹം ചെയ്യുന്ന സിനിമകളിലൊക്കെ എനിക്ക് റോള്‍ തന്നിട്ടുണ്ട്.
സിനിമക്ക് വേണ്ടി ജോലി ഉപേക്ഷിച്ചു
അന്തവും കുന്തവുമില്ലാതെ സിനിമയിലേക്ക് ഇറങ്ങിയ ആളല്ല. പലരും പറയും എല്ലാം കളഞ്ഞ് സിനിമയിലേക്ക് ഇറങ്ങിയെന്ന്. എനിക്ക് അങ്ങനെ ഇറങ്ങാന്‍ പറ്റില്ലായിരുന്നു. പഠിത്തം കഴിഞ്ഞപ്പോള്‍ ഞാന്‍ ജോലിക്ക് കയറി, നാല് വര്‍ഷം ജോലി ചെയ്തു.
ജോലിക്കിടയില്‍ കൃഷാന്തേട്ടന്റെ തന്നെ ആദ്യത്തെ സിനിമയായ വൃത്താകൃതിയുള്ള ചതുരത്തിലേക്ക് വിളിച്ചു. അതിന്റെ ഫൈനല്‍ ഷെഡ്യൂള്‍ രണ്ടാഴ്ചയോളം വാരണാസിയില്‍ ഷൂട്ട് ചെയ്യണമായിരുന്നു. ആ സിനിമക്കായി ജോലി ഉപേക്ഷിക്കേണ്ടി വന്നു. 2019ലായിരുന്നു അത്. അന്ന് മുതല്‍ അഭിനയം തന്നെയാണെങ്കിലും വേറെ ബിസിനസും ചെയ്യുന്നുണ്ടായിരുന്നു.
കരിക്കില്‍ എന്റെ സുഹൃത്തുക്കളുണ്ടായിരുന്നു. ഒരു ഘട്ടത്തില്‍ എന്നേയും അവര്‍ വിളിച്ചു. അത് ക്ലിക്കായതോടെ എന്നെ വീണ്ടും പരിഗണിക്കാന്‍ തുടങ്ങി. പോപ്പുലറാവാന്‍ കാരണം കരിക്ക് തന്നെയാണ്.
പല തരത്തില്‍ വ്യാഖ്യാനിക്കാന്‍ പറ്റുന്ന സിനിമയാണ് ആവാസവ്യൂഹം. ഈ കഥയും കഥാപാത്രവും സംവിധായകന്‍ എങ്ങനെയാണ് വിവരിച്ചത്? കഥാപാത്രത്തെ പറ്റി എന്തൊക്കെ ആശങ്കകളുണ്ടായിരുന്നു?
മുരളി എന്ന കഥാപാത്രത്തെയായിരുന്നു ഞാന്‍ അവതരിപ്പിക്കേണ്ടിയിരുന്നത്. പിന്നീട് ജോയിയെ അവതരിപ്പിക്കണമെന്ന് പറയുകയായിരുന്നു. സ്‌പെഷ്യലായിട്ടുള്ള ഒരു മനുഷ്യന്‍ എന്നതില്‍ നിന്നും പിന്നീട് ഫ്രോഗ് മാന്‍ എന്ന കോണ്‍സെപ്റ്റിലേക്ക് എത്തുകയായിരുന്നു. ആദ്യം സ്‌ക്രീന്‍ പ്ലേ വായിച്ചിട്ട് ഒന്നും മനസിലായില്ല. വളരെ സങ്കീര്‍ണമായ സ്‌ക്രീന്‍ പ്ലേയാണ്. എഴുത്തുകാരന്‍ കൂടി ആയതുകൊണ്ട് ക്രിഷാന്തേട്ടന് മാത്രമാണ് കൃത്യമായ ധാരണ ഉണ്ടായിരുന്നത്. എന്ത് ചെയ്യണമെന്ന് ധാരണയില്ലാത്തതു കൊണ്ട് സംവിധായകന്‍ പറയുന്നത് കേട്ട് അങ്ങ് ചെയ്തു. അദ്ദേഹം എല്ലാ ആക്‌റ്റേഴ്‌സിനോടും കഥാപാത്രത്തെ പറ്റി വിശദീകരിച്ച് കംഫര്‍ട്ടബിള്‍ ആക്കി എന്താണോ വേണ്ടത് അത് അവരില്‍ നിന്നും എടുക്കുകയായിരുന്നു.
സിനിമയുടെ നരേറ്റീവ് കുറച്ചധികം ഫ്രെഷാണ്. വളരെയധികം ജോണറുകള്‍ ബ്ലെന്‍ഡ് ചെയ്ത യുണീക് സിനിമയാണ്. ഒരു സിനിമാ സ്‌നേഹിയെ സംബന്ധിച്ചിടത്തോളം ഇതുവരെ കണ്ടിട്ടില്ലാത്ത സിനിമയാണ് ഇത്. ആ എക്‌സ്പീരിയന്‍സ് പ്രേക്ഷകര്‍ക്ക് കൊടുക്കണമെന്നാണ് സംവിധായകന്‍ ഉദ്ദേശിച്ചതും. ഇനി അതല്ല ഒരു സാധാരണക്കാരന്‍ കണ്ടാല്‍ അവനും എന്‍ജോയ് ചെയ്യാന്‍ പറ്റണം. ഇന്‍സ്റ്റാഗ്രാം റീല്‍ പോലെയാണ് ഈ സിനിമ ഡിസൈന്‍ ചെയ്തിരിക്കുന്നത്. എല്ലാത്തരം ആളുകളിലേക്കും സിനിമ എത്തണമെന്നുണ്ടായിരുന്നു.
സിനിമ കണ്ട് സാധാരണക്കാരനോട് ഇതിന്റെ കഥ ചോദിച്ചാല്‍ ചിലപ്പോള്‍ റിവെഞ്ച് സ്‌റ്റോറി എന്നാവും പറയുക. അവര്‍ക്ക് വളരെ സുപരിചിതമായ ചുറ്റുപാടില്‍ നടക്കുന്ന കഥയാണ് ഇത്. എന്നാല്‍ സ്‌ക്രീന്‍ പ്ലേയിലേക്ക് വരുമ്പോള്‍ മള്‍ട്ടിപ്പിള്‍ നരേറ്റീവ്‌സ് വരും. ഇത് എല്ലാവര്‍ക്കും ഇഷ്ടപ്പെടണമെന്നും ഇല്ല. ഇഷ്ടപ്പെടുന്നവര്‍ക്ക് ഭയങ്കരമായി ഇഷ്ടപ്പെടുകയും ചെയ്യും.
ചിത്രത്തിലെ കാസ്റ്റിങ് കൗതുകമുണ്ടാക്കുന്നതാണ്. ഷിന്‍സ് ഷാന്‍, ഗീതി സംഗീത, രാഹുല്‍ രാജഗോപാല്‍ അങ്ങനെ കുറച്ച് പേരെ ഒഴിച്ചുനിര്‍ത്തിയാല്‍ മിക്ക അഭിനേതാക്കളും പ്രേക്ഷകര്‍ക്ക് അധികം പരിചയമില്ലാത്തവരാണ്. എന്നാല്‍ ഓരോരുത്തരും മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ചിത്രത്തിന്റെ കാസ്റ്റിങ് എങ്ങനെയായിരുന്നു?
48 ആര്‍ട്ടിസ്റ്റുകളാണ് സിനിമയില്‍ അഭിനയിച്ചത്. ഡോക്യുമെന്ററി സ്വഭാവമുള്ള സിനിമയാണ് ആവാസവ്യൂഹം. ഒരു ഘട്ടത്തില്‍ ശരിക്കും നടന്നതാണോ എന്ന് പ്രേക്ഷകര്‍ക്ക് തോന്നണം. അത് വന്നാല്‍ സിനിമ കുറച്ച് കൂടി രസമാകും. അതുകൊണ്ട് അറിയപ്പെടാത്ത ആളുകള്‍ മതി എന്ന് തീരുമാനിക്കുകയായിരുന്നു. ആവാസവ്യൂഹത്തിന്റെ ഷൂട്ട് തുടങ്ങുമ്പോള്‍ ഞാനും ഷിന്‍സ് ചേട്ടനുമൊന്നും കരിക്കില്‍ അഭിനയിച്ചിട്ടില്ല. ഗീതി ചേച്ചി അഭിനയിച്ച ചുരുളിയും ഇറങ്ങിയിട്ടില്ല.
അധികം അറിയാത്ത ആള്‍ക്കാരെ വെച്ച് തന്നെയാണ് ഷൂട്ട് തുടങ്ങിയത്. പക്ഷേ അതിനിടക്ക് കരിക്കിലെ വീഡിയോ ഒക്കെ ഇറങ്ങി. പിന്നെ ഡോക്യുമെന്ററിയുടെ സ്വഭാവം പോവുമല്ലോ എന്നായിരുന്നു കൃഷാന്തേട്ടന്റെ ചിന്ത.
ബാക്കി കാസ്റ്റിങ്ങൊക്കെ ഞങ്ങളുടെ സര്‍ക്കിളില്‍ നിന്നും തന്നെ വന്നതാണ്. ഷിന്‍സ് ചേട്ടന്‍ വൈപ്പിന്‍കാരന്‍ തന്നെയാണ്. പുള്ളി കാസ്റ്റിങ്ങില്‍ കുറെ ഹെല്‍പ് ചെയ്തിട്ടുണ്ട്. ക്രൂവിലുള്ളവര്‍ പല ജോലികള്‍ ചെയ്തിട്ടുണ്ട്. പ്ലാങ്ക് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ആക്റ്റര്‍ സിനിമയുടെ അസോസിയേറ്റ് ഡയറക്ടറാണ്. ഞങ്ങള്‍ എല്ലാ പണിയും ചെയ്യും. ഹൈറാര്‍ക്കി നമ്മുടെ ഇടയിലില്ല. വളരെ ഡെമോക്രാറ്റിക്കായിട്ടാണ് ഞങ്ങള്‍ സിനിമയെ സമീപിക്കുന്നത്.
സംസ്ഥാന അവാര്‍ഡ് ലഭിച്ചത് സിനിമയെ എങ്ങനെയാണ് ബാധിച്ചത്?
സോണി ലിവുമായിട്ടുമായുള്ള ബിസിനസ് നടന്നു, അത് വലിയൊരു സ്വാധീനമാണ്. നേരത്തെ തന്നെ സോണി കണ്ട് എടുക്കാമെന്നുള്ള തീരുമാനത്തിയിരുന്നു. അവാര്‍ഡ് കിട്ടിയതിന് ശേഷമാണ് ഡീല്‍ ക്ലോസ് ചെയ്തത്.
ഇതുവരെ രാഹുല്‍ ചെയ്തിട്ടുള്ളതില്‍ ഏറ്റവുമധികം ശ്രദ്ധിക്കപ്പെട്ടിട്ടുള്ള കഥാപാത്രങ്ങളാണ് കരിക്ക് ചാനലിലെ ഉല്‍ക്കയിലെ പൊലീസുകാരനും കലക്കാച്ചിയിലെ തമ്പാച്ചനും ഇപ്പോള്‍ ആവാസവ്യൂഹത്തിലെ ജോയിയും. ഇത് മൂന്നും മാനറിസങ്ങളിലും സൗണ്ട് മോഡുലേഷനിലും വളരെയധികം വ്യത്യാസങ്ങളുള്ള കഥാപാത്രങ്ങളാണ്. ഒരു കഥാപാത്രത്തിനായുള്ള ക്രാഫ്റ്റ് രൂപപ്പെടുത്തുന്നത് എങ്ങനെയാണ്?
ഞാന്‍ ഞാനായി സ്‌ക്രീനില്‍ വന്നാല്‍ ഒരു നടനായിട്ട് ഇവിടെ നിലനില്‍ക്കാനാവില്ല. അങ്ങനെ വന്നാല്‍ ആളുകള്‍ക്ക് മടുക്കും. പല ആളുകളെ സ്‌ക്രീനില്‍ പ്രസന്റ് ചെയ്യാന്‍ പറ്റിയെങ്കിലേ നടനായി ഇവിടെ നില്‍ക്കാനാവൂ. ചില സംവിധായകര്‍ അത്ര ഡിമാന്റ് ചെയ്യില്ല, ഒന്ന് ചെയ്ത് പോയാല്‍ മതിയെന്നേ പറയൂ. അങ്ങനെയുള്ളവര്‍ക്ക് അത് ചെയ്ത് കൊടുക്കും.
പിന്നെ കഥാപാത്രത്തിന് എന്തെങ്കിലും സ്‌കോപ് കാണുകയാണെങ്കില്‍ സംവിധായകനോ എഴുത്തുകാരനോ ആയി ഡിസ്‌കസ് ചെയ്ത് അവര്‍ എന്താണ് ഈ കഥാപാത്രം കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് മനസിലാക്കി അതിനനുസരിച്ച് എന്ത് ചെയ്യാന്‍ പറ്റുമെന്നുള്ളത് ആലോചിക്കും. എന്റെ രൂപത്തിലാണോ, ശബ്ദത്തിലാണോ എന്റെ റിഥത്തിലാണോ മാറ്റം കൊണ്ടുവരേണ്ടതെന്ന് ചിന്തിക്കും.
ആക്‌റ്റേഴ്‌സ് ട്രെയ്‌നിങ്ങില്‍ ഇങ്ങനെയുള്ള കുറച്ച് ടെക്‌നിക്‌സ് കിട്ടും. എല്ലാവര്‍ക്കും ഒരേ രീതിയിലാണ് പറഞ്ഞുകൊടുക്കുന്നതെങ്കിലും പലരും പല രീതിയിലാണ് ഇത് യൂസ് ചെയ്യുന്നത്. തിയറി അറിഞ്ഞ് പ്രാക്റ്റിക്കല്‍ ചെയ്യുന്ന പരിപാടിയാണ്.
കലക്കാച്ചിയിലെ കഥാപാത്രം പ്രായമുള്ള ആളാണെന്ന് പറഞ്ഞിരുന്നു. അയാള്‍ക്ക് ഒരു ലെന്‍സ് വെച്ചു. പ്രായമുള്ളയാളാണെങ്കിലും സ്‌ട്രോങ്ങാണ് തമ്പാച്ചന്‍, അങ്ങനെയൊരു ബോഡി ലാഗ്വേജ് പിടിച്ചു. അയാള്‍ ഡയലോഗ് പറയുന്നത് വളരെ കട്ടിയുള്ള ശബ്ദത്തിലാണ്. ആ ശബ്ദം കിട്ടാനായി വെളുപ്പാന്‍ കാലത്താണ് പോയി ഡബ്ബ് ചെയ്തത്.
ഇനി ആവാസവ്യൂഹത്തിലെ ജോയിയിലേക്ക് പോയാല്‍ നിഷ്‌കളങ്കനായ ഒരു കുട്ടിയെ പോലെയാണ്. പതിഞ്ഞ ശബ്ദാണ്. വൈപ്പിനിലെ സ്ലാങ്ങ് പിടിക്കാന്‍ നോക്കിയിട്ടുണ്ട്. കൊച്ചിയുടെ തീരപ്രദേശങ്ങളിലാണ് ജോയി വന്നിട്ടുള്ളത്. കുറച്ച് നാള്‍ ആ കഥാപാത്രം അവിടെ ജീവിച്ച് ആളുകളുമായി ഇടപെടുമ്പോള്‍ ആ സ്ലാങ്ങ് വരും.
എന്റെ വീട് കൊല്ലത്താണ്. ഇതില്‍ അഭിനയിച്ച ഷിന്‍സ് ഷാന്‍ വൈപ്പിന്‍കാരനാണ്. എന്റെ കൂടെ ഡബ്ബിങ് കണ്‍സോളില്‍ അദ്ദേഹമുണ്ടായിരുന്നു. ഓരോ വാക്കുകളും അദ്ദേഹമാണ് എന്നെക്കൊണ്ട് പറയിച്ചത്. സ്ലാങ്ങ് പിടിക്കണെമെന്ന് സംവിധായകന്‍ പറഞ്ഞപ്പോള്‍ എന്റെ ഏക ഡിമാന്റ് ഡബ്ബ് ചെയ്യുമ്പോള്‍ ഷിന്‍സ് ചേട്ടന്‍ കൂടെ വേണമെന്നായിരുന്നു. ചെയ്യുന്ന ജോലി ഏറ്റവും മികച്ചതായി പുറത്ത് വരണമെന്നത് ഏതൊരു അഭിനേതാവിന്റേതാണെങ്കിലും സംവിധായകന്റെയാണെങ്കിലും ആഗ്രഹമാണ്. അതിന് വേണ്ടി എന്നെക്കൊണ്ട് പറ്റുന്നതൊക്കെ ഞാന്‍ ചെയ്യും.
പുതിയ സിനിമകള്‍
റിലീസാവാനുള്ളത് മോണ്‍സ്റ്ററാണ്. ലാല്‍ സാറിന്റെ കൂടെ ചെറിയൊരു കഥാപാത്രമാണ്. കെ.എസ്.എഫ്.ഡി.സി (കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്പ്‌മെന്റ് കോര്‍പറേഷന്‍) പ്രൊഡ്യൂസ് ചെയ്യുന്ന സിനിമയില്‍ ഒരു കഥാപാത്രം ചെയ്തു. അതിന്റെ ഷൂട്ട് കഴിഞ്ഞ് ഡബ്ബ് തുടങ്ങാനിരിക്കുകയാണ്. കൃഷാന്തേട്ടന്റെ തന്നെ മറ്റൊരു പ്രോജക്റ്റ് ഓണായി വരുന്നുണ്ട്. കരിക്കിന്റെ രണ്ട് വര്‍ക്കുകള്‍ ഇറങ്ങാനുണ്ട്.
Content Highlight: Interview with Rahul Rajagopal, the hero of Aavasavyuham, which won the state award for the best film of 2020