ആരാണ് ബാബ രാംദേവ്? അണ്‍ടോള്‍ഡ് സ്റ്റോറി ഓഫ് ബാബാ രാംദേവ് രചയിതാവ് പ്രിയങ്ക പഥക് നരേന്‍ സംസാരിക്കുന്നു
Daily News
ആരാണ് ബാബ രാംദേവ്? അണ്‍ടോള്‍ഡ് സ്റ്റോറി ഓഫ് ബാബാ രാംദേവ് രചയിതാവ് പ്രിയങ്ക പഥക് നരേന്‍ സംസാരിക്കുന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 15th August 2017, 12:29 pm

 

 

2002 മുതല്‍ സന്‍സ്‌കാര്‍ ടിവിയിലെ വയറുകൊണ്ടുള്ള അഭ്യാസപ്രകടനത്തിന് ശേഷമാണ് ബാബാരാംദേവ് എന്ന രാം കിശന്‍ യാദവ് ഇന്ത്യയില്‍ പ്രശസ്തനാകുന്നത്. രാംദേവ് ചാനലുകളില്‍ പ്രത്യക്ഷപ്പെടുന്നതിനെ കുറിച്ച് “ഗോഡ്മാന്‍ ടു ടൈകൂണ്‍ ദി അണ്‍ടോള്‍ഡ് സ്റ്റോറി ഓഫ് ബാബാ രാംദേവ്” എന്ന പുസ്തകത്തില്‍ പ്രിയങ്ക പഥക് നരേന്‍ വിവരിക്കുന്നത് ഇപ്രകാരമാണ്.

“ബ്രോഡ്കാസ്റ്റ് ഓഡിയന്‍സ് റിസര്‍ച്ച് കൗണ്‍സിലിന്റെ കണക്കനുസരിച്ച് 2016 വര്‍ഷത്തെ പതഞ്ജലിയുടെ പരസ്യം ജനുവരി ആദ്യവാരത്തില്‍ 11,897 ആയിരുന്നെങ്കില്‍ മാര്‍ച്ച് 25 ആകുമ്പോഴേക്ക് അത് 24,050 ഇരട്ടിമടങ്ങില്‍ വര്‍ധിച്ചുവെന്നാണ്. ഇക്കാലയളവില്‍ 234,934 തവണയാണ് വിവിധ ചാനലുകളിലായി രാംദേവ് പ്രത്യക്ഷപ്പെട്ടത്. ഇതിനര്‍ത്ഥം ഓരോ മുപ്പത് സെക്കന്റുകളിലും രാംദേവിന്റെ മുഖം ഏതെങ്കിലുമൊരു ചാനലില്‍ പ്രത്യക്ഷപ്പെട്ടിരുന്നുവെന്നാണ്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പരസ്യമിറക്കുന്ന പത്ത് കമ്പനികളിലൊന്നാണ് പതഞ്ജലി ആയൂര്‍വേദ ലിമിറ്റഡ്. ഇതു കാരണം രാംദേവിന്റെ മുഖം സര്‍വ്വവ്യാപിയായി.”

രാംദേവിന്റെ ജീവിതം വിലയിരുത്തുന്ന പ്രിയങ്കയുടെ പുസ്തകം ജഗര്‍നോട്ട് ബുക്ക്‌സ് ആണ് പ്രസിദ്ധീകരിച്ചിരുന്നത്. പുസ്തകം ഓണ്‍ലൈനിലടക്കം ലഭ്യമായിരുന്നെങ്കിലും ദില്ലി കര്‍ക്കദുമയിലെ ജില്ലാ കോടതി പുസ്തകം നിരോധിക്കുകയായിരുന്നു. രാംദേവിന്റെ ഹരജിയെ തുടര്‍ന്നായിരുന്നു നിരോധനം.

എന്നാല്‍ ഉത്തരവിനെതിരെ മേല്‍ക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് പ്രിയങ്കയും ജഗര്‍നോട്ട് ബുക്ക്‌സും. രാംദേവിന്റെ വളര്‍ച്ചയുടെ പിന്നാമ്പുറ കഥകളടക്കം പ്രതിപാദിക്കുന്ന പുസ്തകത്തെ കുറിച്ച് പ്രിയങ്ക പഥക് നരേന്‍ സംസാരിക്കുന്നു.

ആദ്യമായി പുസ്തകം ഇറക്കിയതിന് അഭിനന്ദനങ്ങള്‍. ഇത്തരമൊരു പുസ്തകം പുറത്തിറക്കണമെന്ന് തോന്നാന്‍ കാരണമെന്താണ് ? ബാബാ രാംദേവിനെ പോലെ ഒരാളുടെ പിന്നാമ്പുറം അന്വേഷിച്ചത് എങ്ങനെയായിരുന്നു ?

മിന്റില്‍ റിലീജിയണ്‍ ബീറ്റ് കൈകാര്യം ചെയ്യുന്ന സമയത്ത് തന്നെ ഇന്ത്യയിലെ ആള്‍ദൈവങ്ങളെയും അവരുടെ കച്ചവടങ്ങളെയും കുറിച്ചുള്ള പുസ്തകത്തെ കുറിച്ച് ആലോചിച്ചിരുന്നു. ഇങ്ങനൊരു ആശയം മുന്നോട്ടുവെച്ചപ്പോള്‍ പ്രസാധകനായ ചിക്കി സര്‍ക്കാരാണ് രാംദേവിനെയും അദ്ദേഹത്തിന്റെ പതഞ്ജലിയെയും പറ്റി പുസ്തകമെഴുതാന്‍ 2016 ഏപ്രിലില്‍ എന്നോട് ആവശ്യപ്പെട്ടത്.

പതഞ്ജലി മാര്‍ക്കറ്റിനെ ഇളക്കി മറിക്കുന്ന സമയമായിരുന്നു അത്. 2007-09 കാലയളവില്‍ തന്നെ രാംദേവിനെ കുറിച്ച് എഴുതാന്‍ സാധിച്ചിരുന്നതിനാല്‍ രാംദേവിന്റെ ജീവിതത്തിലുണ്ടായ പ്രധാന മാറ്റങ്ങള്‍ മനസിലാക്കാനും സ്വയം അഴിച്ചു പണിയുന്നതിനും പുതിയ കൂട്ടുകെട്ടുകളുണ്ടാക്കി ഉന്നതയില്‍ തന്നെ തുടരാനുള്ള രാംദേവിന്റെ അപാരമായ കഴിവിനെ പറ്റിയും തിരിച്ചറിവുണ്ടായിരുന്നു. ബാബ രാംദേവുമായുള്ള കൂടിക്കാഴ്ചകളില്‍ എന്താണ് അദ്ദേഹമെന്നോ എന്താണ് അദ്ദേഹത്തെ പ്രചോദിപ്പിച്ചതെന്നോ മനസിലാക്കാന്‍ എനിക്കു കഴിഞ്ഞിട്ടില്ല എന്നാണ് തോന്നുന്നത്. ബാബ രാംദേവിന്റെ ജീവിതത്തിന്റെ ഭാഗമായിരുന്ന ആളുകളുടെ ഓര്‍മ്മകളിലാണ് കഥ ഒളിച്ചിരിക്കുന്നതെന്നാണ് എനിക്കു തോന്നുന്നത്. ആ ഒരു രീതിയില്‍ മുന്നോട്ടുപോയാല്‍ അല്ലാതെ എനിക്ക് ബാബ രാംദേവിന്റെ വളര്‍ച്ചയെ യഥാര്‍ത്ഥമായി പരിശോധിക്കാന്‍ കഴിയില്ല എന്ന് എനിക്കുതോന്നി.

പ്രിയങ്ക പഥക് നരേന്‍

ചില സോഴ്സുകള്‍ കണ്ടെത്താന്‍ എളുപ്പമായിരുന്നെങ്കിലും മറ്റുള്ളവ കണ്ടെത്തുന്നതിന് മാസങ്ങളെടുത്തിരുന്നു. പലരും എന്നോട് ചോദിച്ചിരുന്നത് നിങ്ങള്‍ രാംദേവിന് വേണ്ടിയാണോ അല്ലെങ്കില്‍ പ്രതികൂലമായാണോ എഴുതുന്നത് എന്നാണ്. പക്ഷമില്ലെന്ന് പറഞ്ഞപ്പോള്‍ ആരും വിശ്വസിച്ചില്ല. നിങ്ങള്‍ എന്താണോ ഓര്‍മിക്കുന്നത് അത് കേള്‍ക്കാനാണ് ആഗ്രഹിക്കുന്നതെന്നാണ് ഞാന്‍ പറഞ്ഞത്.

എന്നാല്‍ പോലും അവരെല്ലാം കാര്യങ്ങള്‍ പറയുകയും സംസാരിക്കാന്‍ സന്നദ്ധരായവരെ ബന്ധപ്പെടുത്തി തരികയും ചെയ്തു. ആരെങ്കിലുമൊന്ന് ചോദിച്ചിരുന്നെങ്കില്‍ എല്ലാം പറയാമെന്ന തരത്തില്‍ നില്‍ക്കുകയായിരുന്നു അവരെന്നാണ് എനിക്ക് തോന്നിയത്. അത് ഞാന്‍ തന്നെ ആയിരിക്കണമായിരുന്നില്ല. ഏത് വ്യക്തിയായിരുന്നാലും മതിയായിരുന്നു. രാംദേവിനെയും അദ്ദേഹത്തിന്റെ വികസിച്ചു കൊണ്ടിരിക്കുന്ന സാമ്രാജ്യത്തെയും കുറിച്ച് തങ്ങളുടെ ഓര്‍മ്മകളില്‍ ഉള്ളത് പറയാന്‍ സന്നദ്ധരായിരുന്നു അവര്‍.

♦ രാംദേവും ബാലകൃഷ്ണയും അഭ്യസ്തവിദ്യരല്ല, ബാലകൃഷ്ണയ്ക്കെതിരെ വ്യാജബിരുദ ആരോപണത്തില്‍ സി.ബി.ഐ കേസെടുത്തിരുന്നു. കര്‍മവീര്‍ ആണ് ഇരുവരെയും നയിക്കുകയും ഒന്നിച്ച് നിര്‍ത്തുകയും സ്വന്തം സ്വാധീനം ഉപയോഗിച്ച് അടിത്തറ ഉണ്ടാക്കി കൊടുക്കുകയും ചെയ്തത്. അദ്ദേഹത്തെ കുറിച്ച് കൂടുതല്‍ എന്തെങ്കിലും വിവരിക്കാനാകുമോ ?

വളരെ ഗൗരവഭാവക്കാരനായ ആചാര്യ കര്‍മവീര്‍ വിദ്യാസമ്പന്നനായ സന്ന്യാസിയാണ്. ഇന്ത്യയിലെ പ്രമുഖ സര്‍വകലാശാലയായ ഹരിദ്വാറിലെ ഗുരുകുല്‍ കാംഗ്രി സര്‍വകലാശാലയില്‍ നിന്നും മൂന്നു ബിരുദം അദ്ദേഹത്തിനുണ്ട്. മഹാരാഷ്ട്രയിലും ഉത്തരാഖണ്ഡിലുമായി ചെറിയ ആശ്രമങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്. ഈ രണ്ട് സ്ഥലങ്ങളിലും സമയം ചിലവഴിച്ച് സൗജന്യമായി യോഗാ ക്ലാസുകള്‍ നല്‍കുന്ന കര്‍മവീര്‍ ചിന്തിച്ച് അളന്നു മാത്രം സംസാരിക്കുന്നയാളാണ്.

അങ്ങനെയൊക്കെയാണെങ്കിലും രാംദേവിനും ആചാര്യ ബാലകൃഷ്ണയ്ക്കമുള്ള പിന്തുണ അദ്ദേഹം തുടരുകയാണുണ്ടായത്. എന്തെങ്കിലും പ്രശ്നമുണ്ടെങ്കില്‍ ഭാവിയിലും ഇവര്‍ക്ക് പിന്തുണയുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു.


Read more:  ദേശീയപതാക ഉയര്‍ത്താന്‍ മടി കാണിക്കുന്ന ആര്‍.എസ്.എസ് ഞങ്ങളുടെ ദേശസ്‌നേഹ സര്‍ട്ടിഫിക്കറ്റ് പരിശോധിക്കാന്‍ വരേണ്ടെന്ന് മുസ്‌ലീങ്ങള്‍


♦ ആചാര്യ കര്‍മവീര്‍ നിരസിച്ചതിന് ശേഷം ശങ്കര്‍ ദേവിന്റെ ശിഷ്യനായാണ് ബാബാ രാംദേവ് കൃപാലു ബാഗ് ആശ്രമത്തില്‍ സ്വയം അവരോധിച്ചത്. ശങ്കര്‍ ദേവിനെ കുറിച്ചും അദ്ദേഹത്തിന്റെ ഞെട്ടിക്കുന്ന മരണത്തെ കുറിച്ചും വിശദീകരിക്കാമോ ?

എല്ലാ അര്‍ത്ഥത്തിലും വളരെ ശാന്തനായ അതിമോഹങ്ങളൊന്നുമില്ലാത്ത വയോദ്ധികനായിരുന്നു ശങ്കര്‍ദേവ്. ഗുരുവില്‍ നിന്ന് പിന്തുടര്‍ച്ചയായി ലഭിച്ച ഫലോദ്യാനം ആശ്രമത്തില്‍ അദ്ദേഹത്തിനുണ്ടായിരുന്നു. അദ്ദേഹത്തിന് ആ ഉദ്യാനം സ്വന്തം ഇടംപോലെ പരിപാലിക്കുന്ന കുടിയാന്മാരുമുണ്ടായിരുന്നു.

എനിക്കു തോന്നുന്നത് ശിഷ്യന്മാരെ നേടിയെടുത്തുകൊണ്ട് ഈ കുടിയാന്മാരില്‍ നിന്നും രക്ഷപ്പെടണമെന്ന് അദ്ദേഹം കണക്കുകൂട്ടിയിരുന്നു എന്നാണ്. വയസുകാലത്ത് തന്നെ ശുശ്രൂഷിക്കാനും ഗുരുവിന്റെ പാരമ്പര്യം സജീവമായി നിലനിര്‍ത്താനും ശിഷ്യന്മാരാണ് നല്ലതെന്ന് അദ്ദേഹം ചിന്തിച്ചിരുന്നു.

അങ്ങനെയാണ് കര്‍മവീറിനെയും അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരെയും അദ്ദേഹം ശ്രദ്ധിക്കുന്നത്. പിന്നീട് ഒരുമിച്ചവര്‍ “കൃപാലു ബാഗ്” ആശ്രമം എന്ന ഔദ്യോഗിക വിലാസത്തില്‍ പുതിയ ട്രസ്റ്റ് രൂപീകരിക്കുകയും ചെയ്തു. തന്റെ ശിഷ്യന്മാര്‍ക്ക് ഇഷ്ടദാനം നല്‍കിയ ഈ ആശ്രമം 12 വര്‍ഷങ്ങള്‍ക്ക് ശേഷം പ്രസിദ്ധമാവുകയായിരുന്നു. പിന്നീട് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ജനങ്ങള്‍ അങ്ങോട്ടേക്ക് എത്തി. പക്ഷെ ശങ്കര്‍ദേവ് സന്തുഷ്ടനായിരുന്നില്ല. ശിഷ്യന്മാര്‍ ഏക്കറു കണക്കിന് ഭൂമി വാങ്ങി കൂട്ടുകയും ആഢംബര കാറുകളില്‍ സഞ്ചരിക്കുകയും ചെയ്യുമ്പോള്‍ അദ്ദേഹം ദുഖത്തോടെ ഹരിദ്വാറില്‍ സൈക്കിളിലും റിക്ഷകളിലുമായി അലഞ്ഞിരുന്നുവെന്നാണ് ആളുകളുടെ ഓര്‍മ്മ.

നല്ല കടുത്ത വേദനയ്ക്ക് കാരണമാകുന്ന സ്പൈനല്‍ ട്യൂബര്‍കുലോസിസ് ശങ്കര്‍ദേവിന് പിടിപ്പെട്ടിരുന്നു. അദ്ദേഹത്തിന്റെ ദുഖത്തിന് ഇതും കാരണമായിരിക്കാം. കടുത്ത വേദന ഉണ്ടായിട്ട് പോലും കാര്യമായ ചികിത്സയോ പരിശോധനയോ അദ്ദേഹത്തിന് ലഭിച്ചിരുന്നില്ലെന്നാണ് പ്രദേശത്തെ ഒരു ഡോക്ടറുമായി സംസാരിച്ചപ്പോള്‍ മനസിലാക്കാന്‍ സാധിച്ചത്. മറ്റെവിടെയെങ്കിലും കാണിച്ചതിന്റെ തെളിവുകളുമില്ല.

അദ്ദേഹത്തിന്റെ ഒറ്റപ്പെടലിനും വേദനയ്ക്കും മറ്റു പല കാരണങ്ങളും ഉണ്ടാകാനിടയുണ്ട്. ജീവിതം സ്വയം അവസാനിപ്പിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്ന തരത്തില്‍ അദ്ദേഹം നിരാശനായിരുന്നു. 2005ല്‍ ഒരു രാത്രി ഉത്തരങ്ങളേക്കാള്‍ ഒരുപാട് ചോദ്യങ്ങള്‍ ബാക്കിവെക്കുന്ന കുറിപ്പും എഴുതിവെച്ച് അദ്ദേഹം എങ്ങോട്ടോപോയി. പിന്നീട് തിരിച്ചുവന്നില്ല. ഒരുപക്ഷേ ആ വേദന, അത് എന്തുകാരണം കൊണ്ടുള്ളതായാലും, താങ്ങാനായി കാണില്ല.


Read more:   ഭരണകൂടത്തിന്റെ ഇണ്ടാസ് കണ്ടാല്‍ മുട്ടടിക്കുന്ന ജനുസ്സല്ല മോഹന്‍ഭഗവതിന്റേതെന്ന് മനസിലായില്ലേ; പരിഹാസവുമായി കെ. സുരേന്ദ്രന്‍


 

ഇനിയും ഉത്തരം ലഭിക്കേണ്ട ദുരൂഹതയാണ് ഇത്. പുതുതായി എന്തെങ്കിലും പുറത്തു വരികയോ ആരെങ്കിലും എന്തെങ്കിലും വെളിപ്പെടുത്തുകയോ ചെയ്യേണ്ടതായുണ്ട്. അതു വരെയും ബാബ രാംദേവിന്റെ ജീവിതകഥയിലെ നിഗൂഢതയായി തന്നെ നിലനിര്‍ത്തേണ്ടി വരും.

♦ മതചാനലുകളായ സന്‍സ്‌കാറും ആസ്തയുമാണ് രാംദേവിന് അടിത്തറയുണ്ടാക്കി കൊടുത്തത്. ആസ്ത ഇപ്പോള്‍ രാംദേവിന് കീഴിലാണ് എങ്ങനെയാണ് അത് സാധിച്ചത് ?

ആസ്തയുടെ ഉടമസ്ഥന്‍ കിറിത് മെഹ്തയായിരുന്നു. കുറഞ്ഞ വാക്കുകളില്‍ വിശദീകരിക്കാന്‍ സാധിക്കാത്ത വിധം സങ്കീര്‍ണമാണ് ഇതിന് പിന്നിലെ കഥ. അത് അദ്ദേഹത്തിന്റെ തന്നെ വാക്കുകളില്‍ പുസ്തകത്തില്‍ വിശദീകരിച്ചിട്ടുണ്ട്.

♦ സ്വദേശി പ്രചാരകനായിരുന്ന രാജീവ് ദീക്ഷിതാണ് രാംദേവിനെ രാഷ്ട്രീയത്തിലേക്ക് എത്തിച്ചത്. പിന്നീട് ദുരൂഹ സാഹചര്യത്തില്‍ അദ്ദേഹം മരണപ്പെടുകയാണ് ഉണ്ടായത്. രാജീവ് ദീക്ഷിതിന്റെ മൃതശരീരം പോസ്റ്റ്മോര്‍ട്ടം ചെയ്യുക പോലുമുണ്ടായില്ല ?

എനിക്കറിയില്ല. പോസ്റ്റ്മോര്‍ട്ടം നടത്തണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. ഇക്കാര്യം ഉന്നയിച്ച് കൊണ്ട് അമ്പതോളം പേര്‍ ഒപ്പിട്ട നിവേദനവും രാംദേവിന് സമര്‍പ്പിക്കുകയുണ്ടായി. ഇതില്‍ ഒമ്പത് പേര്‍ മൃതദേഹം സംസ്‌ക്കരിക്കുന്ന ദിവസം പോസ്റ്റ്മോര്‍ട്ടം ആവശ്യപ്പെട്ട് രാംദേവിന്റെ മുറിയിലെത്തി തര്‍ക്കിച്ചിരുന്നു. രാംദേവിന് മാത്രം വെളിപ്പെടുത്താന്‍ സാധിക്കുന്ന കാര്യങ്ങളാണ് അവ.

 

♦ ഉന്നതങ്ങളില്‍ എക്കാലത്തും രാംദേവിന് സുഹൃദ്ബന്ധങ്ങള്‍ ഉണ്ടായിരുന്നു. അദ്ദേഹത്തിനെതിരായ ആദ്യ ടാക്സ് കേസും ഇതില്‍ അന്നത്തെ ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായിരുന്ന എന്‍.ഡി തിവാരി, ഗവര്‍ണര്‍ പങ്കും പറയാന്‍ സാധിക്കുമോ ?

ദിവ്യ ഫാര്‍മസിയുടെ നികുതിവെട്ടിപ്പ് അന്വേഷണ ഉദ്യോഗസ്ഥനായ ജിതേന്ദര്‍ റാണയുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷിച്ചിരുന്നത്. ആ വര്‍ഷം ആശ്രമത്തില്‍ ദിവസം 22 ലക്ഷം രൂപ വരുമാനമായി വന്നത് എണ്ണിയതായി ജീവനക്കാര്‍ ഓര്‍ക്കുന്നുണ്ട്. ചുരുങ്ങിയത് 5 കോടിയെങ്കിലും നികുതിവെട്ടിച്ചതായി തെഹല്‍ക്ക അന്ന് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

അന്വേഷണ ഉദ്യോഗസ്ഥനായ റാണ റെയ്ഡ് നടത്തിയിരുന്നു. എന്നാല്‍ രാംദേവിന്റെ സുഹൃത്ത് കൂടിയായ ഗവര്‍ണര്‍ അന്വേഷണം പ്രഖ്യാപിക്കുകയും റാണയോട് തുടര്‍ച്ചയായി വിശദീകരണം ആവശ്യപ്പെടുകയുമായിരുന്നു. സ്ഥിതി കൂടുതല്‍ വഷളായപ്പോള്‍ ജിതേന്ദര്‍ റാണ നേരത്തെ തന്നെ വിരമിക്കല്‍ ചോദിച്ചു വാങ്ങുകയായിരുന്നു. ഞാന്‍ മനസിലാക്കിയെടുത്തോളം ആ കേസ് വീണ്ടും മുന്നോട്ട് പോയിട്ടില്ല.

രാംദേവ് വി.എച്ച്.പിക്കും കോണ്‍ഗ്രസിനുമൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്. ബി.ജെ.പിയിലും സമാജ്വാദി പാര്‍ട്ടിയിലും സുഹൃത്തുക്കളുണ്ട്. സുബ്രതാ റായിയുടെ സാമ്പത്തിക ഉപദേഷ്ടാവാണ് അദ്ദേഹത്തെ നയിക്കുന്നത്. ഇതെല്ലാം കൂടെ രാംദേവ് എങ്ങനെയാണ് കൈകാര്യം ചെയ്യുന്നത്

എനിക്കും അതറിയാന്‍ ആഗ്രഹമുണ്ട്. പക്ഷെ ആളുകളെ ആകര്‍ഷിക്കാനുള്ള ബാബാ രാംദേവിന്റെ കഴിവിനെ ആരാധിക്കേണ്ടിയിരിക്കുന്നു. രാംദേവ് പ്രശംസിച്ച ഒരു പ്രമുഖ രാഷ്ട്രീയക്കാരന്‍ എന്നോട് പറഞ്ഞത് രാംദേവ് സ്നേഹമുള്ളയാളാണെന്നും എപ്പോഴും ബന്ധം നിലനിര്‍ത്തുന്നുണ്ടെന്നുമായിരുന്നു. ഈ പറഞ്ഞത് എനിക്ക് വിശ്വസനീയമായി തോന്നി.

കാന്‍സറും എച്ച.ഐ.വിയും സ്വവര്‍ഗിക ലൈംഗികത വരെയും മാറ്റാന്‍ കഴിയുമെന്നാണ് രാംദേവും പതഞ്ജലിയും അവകാശപ്പെട്ടത്. ഇതിന്റെ പേരില്‍ ഒരിക്കല്‍ പോലും അവര്‍ വിചാരണ ചെയ്യപ്പെട്ടിട്ടില്ല

എന്റെ അറിവിലും ഇല്ല.

 

കടപ്പാട്: ദ വയര്‍