| Wednesday, 4th January 2023, 8:30 pm

Interview | മുതലാളിത്തവും ഫാസിസവുമല്ല, മനുഷ്യത്വമാണ് ഞങ്ങള്‍ക്ക് പിന്നില്‍ | പ്രശോഭ് കെ.

ജാസിം മൊയ്തീന്‍

പ്രശോഭ് കെ.

കേരളത്തില്‍ പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട് പുതിയ ചര്‍ച്ചകള്‍ക്ക് വഴി തുറന്നിരിക്കുകയാണ് പ്രശോഭിന്റെ പുസ്തകം കത്തിക്കല്‍, പ്രശോഭിന്റെ ചിന്തകളോട് യോജിക്കുമ്പോഴും പുസ്തകം കത്തിക്കുക എന്ന പ്രവര്‍ത്തിയോട് യോജിക്കാനാവില്ലെന്ന് കുറെയധികം ആളുകള്‍ പറയുന്നുണ്ട്. പുസ്തകം കത്തിച്ചതില്‍ കുറ്റബോധമുണ്ടോ ?

തെല്ലും കുറ്റബോധമില്ല. പുസ്തകം ഒരു മെറ്റീരിയല്‍ മാത്രമാണ്. അതിലെ ഉള്ളടക്കത്തിനാണ് പ്രസക്തി. മനുഷ്യവിരുദ്ധമായ ഉള്ളടക്കമുള്ള പുസ്തകങ്ങള്‍ കത്തിക്കുക തന്നെയാണ് വേണ്ടത്. ഒരു വര്‍ഷമായി ഫേസ്ബുക്കില്‍ ഇടപെടാറില്ലായിരുന്നു. എന്നാലും പരിസ്ഥിതി സംബന്ധമായി സി.എക്‌സ്. ടെഡി, സുധീര്‍, ദിലീഷ് തുടങ്ങിയവരുടെ എഴുത്തുകള്‍ നിരന്തരം വായിക്കാറുണ്ടായിരുന്നു.

അവര്‍ കൃത്യമായും കുടിയേറ്റ കര്‍ഷകരും മലയോരത്തെയും മലയടിവാരത്തെയും കര്‍ഷകരും അനുഭവിക്കുന്ന പ്രശ്‌നങ്ങളെ കുറിച്ചാണ് സംസാരിച്ചിരുന്നത്. അവരൊരിക്കലും കുന്നുകള്‍ മുഴുവന്‍ ഇടിച്ചു കളയണമെന്നോ പുഴയിലെ മണല്‍ മുഴുവന്‍ ഊറ്റിയെടുക്കണമെന്നോ പറഞ്ഞവരായിരുന്നില്ല. അവരൊരിക്കലും കോര്‍പറേറ്റുകള്‍ക്ക് വേണ്ടി സംസാരിച്ചിട്ടുമില്ല.

എന്നാല്‍ നിരന്തരം മനുഷ്യരുടെ പ്രശ്‌നങ്ങള്‍ അവര്‍ ഉന്നയിച്ചു തുടങ്ങിയതോടെ കാല്‍പനിക ലോകത്ത് ജീവിക്കുന്ന ചിലര്‍ ഭ്രാന്ത് പിടിച്ച അവസ്ഥയിലായി. വീരാന്‍കുട്ടി മാഷും തുടര്‍ച്ചയായി അത്തരം കാല്‍പനിക പോസ്റ്റുകളിട്ടതും ശ്രദ്ധയില്‍പ്പെട്ടു. വീരാന്‍കുട്ടി മാഷിനെ വര്‍ഷങ്ങളായി ഫോളോ ചെയ്യുന്ന വ്യക്തിയാണ് ഞാന്‍. വീരാന്‍കുട്ടിയുടെ കവിതകളിലെ പാരിസ്ഥിതിക അവബോധം എന്ന വിഷയത്തിലായിരുന്നു ഡിഗ്രി പഠന കാലത്ത് എന്റെ സെമിനാര്‍. വീരാന്‍കുട്ടി മാഷിനെയും  അദ്ദേഹത്തെ പോലുള്ള കവികളെയും കാണാന്‍ വേണ്ടി മാത്രം വിവിധ കവിത ഫെസ്റ്റിവലുകള്‍ക്ക് പോവുകയും ചെയ്തിട്ടുണ്ട്.

അത്രമാത്രം സ്‌നേഹിക്കുകയും ഉള്ളില്‍ കൊണ്ടു നടക്കുകയും ചെയ്ത ഒരാളില്‍ നിന്നും തീര്‍ത്തും മനുഷ്യവിരുദ്ധമായും മനുഷ്യരനുഭവിക്കുന്ന പ്രശ്‌നങ്ങളെ കുറിച്ച് സംസാരിക്കുന്നവരെ പരിഹസിച്ചുകൊണ്ടും നിരന്തരം പോസ്റ്റുകള്‍ വന്നത് എന്നെ വല്ലാതെ വിഷമിപ്പിച്ചു. ഞാനടക്കമുള്ള കര്‍ഷക കുടുംബങ്ങള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങളെ പരിഹസിക്കുന്ന തരത്തിലായിരുന്നു അദ്ദേഹം തുടര്‍ച്ചയായി പോസ്റ്റുകളിട്ടത്.

മാത്രവുമല്ല വളരെ മാന്യമായി അദ്ദേഹത്തോട് കണക്കുകള്‍ നിരത്തി ചോദ്യങ്ങള്‍ ചോദിച്ചതിനോട് അദ്ദേഹം പ്രതികരിച്ചതുമില്ല. അങ്ങനെയൊരു സാഹചര്യത്തിലാണ് ഞാന്‍ പുസ്തകം കത്തിച്ചത്. അതൊരു തെറ്റായിട്ട് ഇപ്പോഴും തോന്നിയിട്ടില്ല.  ഉള്ളടക്കം മനുഷ്യവിരുദ്ധമാണെങ്കില്‍ അത് കത്തിക്കുക തന്നെ ചെയ്യണം എന്നതാണ് എന്റെ പക്ഷം.

കവികളും കവിതയും എങ്ങനെയാണ് കുറ്റക്കാരാകുന്നത് ?

എന്റെ വീട് പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാടിനടുത്ത പള്ളിക്കുറുപ്പിലാണ്. ഞങ്ങളുടെ നാട്ടിലുള്ള സാധാരണക്കാരായ മനുഷ്യര്‍ എന്താവശ്യത്തിനും മണ്ണാര്‍ക്കാട് നഗരത്തെയാണ് ആശ്രയിക്കുന്നത്. നേരത്തെ 8 കിലോമീറ്റര്‍ വേണ്ടിയിരുന്നു പള്ളിക്കുറുപ്പ് നിന്നും മണ്ണാര്‍ക്കാടെത്താന്‍. എന്നാല്‍ നെല്ലിപ്പുഴക്ക് കുറുകെ ഒരു പാലം വന്നതോടെ ഈ ദുരം പകുതിയായി കുറഞ്ഞു.

സാധാരണക്കാരായ മനുഷ്യര്‍ക്ക് അവരുടെ ജീവിത്തതിലെ വിലപ്പെട്ട മണിക്കൂറുകള്‍ ലാഭിക്കാനായി. ഇതൊരു യാഥാര്‍ത്ഥ്യമായി നിലനില്‍ക്കുമ്പോള്‍ തന്നെയാണ് ഞാനടക്കമുള്ള വിദ്യാര്‍ത്ഥികള്‍ ക്ലാസ് മുറികളില്‍ കുറ്റിപ്പുറം പാലം എന്ന കാല്‍പനിക കവിത പഠിക്കുന്നതും പാലം വന്നാല്‍ നാട്ടില്‍ വരുന്ന മാറ്റങ്ങളെ കുറിച്ചുള്ള കവിയുടെ ആശങ്കകള്‍ എഴുതി മാര്‍ക്ക് വാങ്ങുന്നതും.

ഇത്തരത്തിലുള്ള മനുഷ്യരുടെ നിത്യജീവിതവുമായി ബന്ധമില്ലാത്ത കാല്‍പനികതകളെല്ലാം ചോദ്യം ചെയ്യപ്പെടണമെന്ന് തന്നെയാണ് എന്റെ പക്ഷം. ഇത്തരം കാല്‍പനികത വളര്‍ത്തലും പഠിപ്പിക്കലുമെല്ലാം വലിയൊരു കുറ്റകൃത്യമായാണ് ഞാനിപ്പോള്‍ കാണുന്നത്. അതിന്റെ ഇരയാണ് ഞാനടക്കമുള്ള വിദ്യാര്‍ത്ഥികള്‍.

എന്റെ അച്ഛനടക്കമുള്ള കര്‍ഷകര്‍ കാട്ടുപന്നിയുടെയും വന്യമൃഗങ്ങളുടെയും ശല്യത്തില്‍ നിന്നും രക്ഷ നേടാന്‍ പാട്ടകൊട്ടിയും പടക്കം പൊട്ടിച്ചും വയലില്‍ കാവല്‍ നില്‍ക്കുമ്പോള്‍ ഞാന്‍ ഭൂമിയുടെ അവകാശികള്‍ വായിക്കുകയായിരുന്നു.

അച്ഛനടക്കമുള്ള കര്‍ഷകരെ ഗുരുതരമായി ബാധിക്കുമായിരുന്ന ഗാഡ്ഗില്‍ റിപ്പോര്‍ട്ടിന് വേണ്ടി ഇത്തരം കാല്‍പനിക പരിസ്ഥിതി വാദത്തിന്റെ പുറത്ത് ഘോരഘോരം സംസാരിച്ചിരുന്നു എന്നതിലാണ് എനിക്കിപ്പോള്‍ കുറ്റബോധം. ഇത്തരത്തില്‍ തലമുറകളെ മുഴുവന്‍ കണ്ണുകെട്ടി സമൂഹത്തിലേക്ക് ഇറക്കിവിട്ടു എന്നത് ഈ കാല്‍പനിക കവികള്‍ ചെയ്ത ഏറ്റവും വലിയ കുറ്റകൃത്യമാണ്. അത് ഇനിയുള്ള കാലത്ത് ചോദ്യം ചെയ്യപ്പെടും.

മുതലാളിത്തവും ഫാസിസ്റ്റ് മനോഭാവവുമാണ് നിങ്ങള്‍ക്ക് പിന്നില്‍ എന്നാണ് കവികളടക്കമുള്ളവര്‍ ആരോപിക്കുന്നത്. അതിനുള്ള മറുപടി ?

ഞങ്ങള്‍ക്ക് പിന്നിലുള്ളത് മുതലാളിത്തവും ഫാസിസവുമൊന്നുമല്ല, മനുഷ്യത്വമാണ്. ഞങ്ങള്‍ സംസാരിക്കുന്ന മനുഷ്യര്‍ക്ക് വേണ്ടിയാണ്. കവികള്‍ക്ക്‌  മലയോരവും വയലും ഗ്രാമവുമെല്ലാം കവിതയെഴുതാനുള്ള വിഷയങ്ങളും ഒഴിവു സമയങ്ങളില്‍ വന്ന് കാറ്റും തണുപ്പും കൊള്ളാനുള്ള ഇടങ്ങളുമാണ്. ഞങ്ങള്‍ക്കങ്ങനയല്ല.

വീടുവെക്കാന്‍ പാറപൊട്ടിക്കുന്നതിനെ കുറിച്ചുള്ളൊരു ചോദ്യത്തിന്, കേരളത്തില്‍ ആര്‍ക്കാണ് ഇനി വീട് വേണ്ടത് എന്ന് ചോദിച്ചൊരു കവിയെ എനിക്കറിയാം. യു.ജി.സി. സ്‌കെയില്‍ ശമ്പളം വാങ്ങി, മണിമാളിക പോലുള്ള വീട്ടിലിരുന്ന് അദ്ദേഹമിത് ചോദിക്കുമ്പോള്‍ കേരളത്തില്‍ വീടില്ലാത്ത ലക്ഷക്കണക്കിന് മനുഷ്യര്‍ ഇപ്പോഴുമുണ്ട് എന്നുള്ള യാഥാര്‍ത്ഥ്യം അദ്ദേഹം മനസ്സിലാക്കിയിട്ടില്ല.

വീടുവെക്കാന്‍ വേണ്ടി ആകെയുള്ള അഞ്ച് സെന്റില്‍ മണ്ണിട്ടതിനും, ഒരു ചെറിയ കുന്നിടിച്ചതിനും കേസിലകപ്പെട്ട നിരവധി പേര്‍ ഇവിടെയുണ്ട്. ഈ യാഥാര്‍ത്ഥ്യമൊന്നും മനസ്സിലാക്കാതെയാണ് മേല്‍പറഞ്ഞ കവി കേരളത്തില്‍ ഇനി ആര്‍ക്കാണ് വീട് വേണ്ടത് എന്ന് ചോദിക്കുന്നത്. വീടില്ലാത്തവര്‍ക്ക് വേണ്ടി സംസാരിക്കുന്നതിനെയാണോ ഞങ്ങള്‍ കോര്‍പറേറ്റുകള്‍ക്ക് വേണ്ടിയാണ് സംസാരിക്കുന്നത് എന്നും കോര്‍പറേറ്റുകളാണ് ഞങ്ങള്‍ക്ക് പിന്നിലെന്നും പറയുന്നത്.

വീട് എന്നത് മനുഷ്യന്റെ അടിസ്ഥാന ആവശ്യമാണ്. ക്വാറിയില്‍ നിന്നും കല്ല് ലഭിക്കാതെ സര്‍ക്കാര്‍ നല്‍കുന്ന 4 ലക്ഷം രൂപക്ക് എത്ര സാധാരണക്കാരന് വീട് വെക്കാന്‍ പറ്റും. ബദല്‍ മാതൃകയിലുള്ളതും സുസ്ഥിര വികസന മാതൃകയിലുള്ളതുമായ വീട് വെക്കണമെന്നാണ് യു.ജി.സി സ്‌കെയില്‍ ശമ്പളം വാങ്ങുന്ന നഗരകേന്ദ്രീകൃത കാല്‍പനിക കവികള്‍ പറയുന്നത്.

ഗാഡ്ഗില്‍, കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകള്‍ക്കെതിരെ നടന്ന സമരത്തില്‍ നിന്ന്

ഇന്നാട്ടിലെ ഏത്ര സാധാരണക്കാരന് അത് സാധ്യമാകും. 900 രൂപയാണ് ഒരു വര്‍ഷത്തിനുള്ളില്‍ കരിങ്കല്ലിന്ന് മാത്രം വര്‍ദ്ധിച്ചിട്ടുള്ളത്. ഇതിനെ കുറിച്ചൊക്കെ പറയുമ്പോള്‍ ഞങ്ങള്‍ കോര്‍പറേറ്റുകള്‍ക്ക് വേണ്ടി സംസാരിക്കുന്നവരാകുന്നു. ഇപ്പറയുന്ന ആളുകളേക്കാള്‍ എത്രയോ ആത്മാര്‍ത്ഥതയോടു കൂടി പരിസ്ത്ഥിത സംരക്ഷണത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നവരാണ് കര്‍ഷകര്‍.

കവികളെ സംബന്ധിച്ച് കര്‍ഷകര്‍ അവരുടെ പുസ്തകങ്ങളിലും വായനകളിലും മാത്രമുള്ള ആളുകളാണ്. അതിന് പുറത്തുള്ളതെല്ലാം അവര്‍ക്ക് കുടിയേറ്റ ഭീകരരും കുരിശ് കൃഷിക്കാരുമാണ്. ഇവരുടെ പുസ്തകങ്ങളിലുള്ള കര്‍ഷകര്‍ മാത്രം നല്ല കര്‍ഷകരും മറ്റുള്ള കര്‍ഷകരെല്ലാം ഭീകരരും എന്ന വേര്‍തിരിവ് ആദ്യം അവസാനിപ്പിക്കണം.

പടവലങ്ങ പോലുള്ള കേരളത്തില്‍ പുഴയും മലയും വയലുമെല്ലാം സംരക്ഷിക്കേണ്ടതുണ്ട്. എന്നാല്‍ അതോടൊപ്പം തന്നെ മനുഷ്യരുടെ അടിസ്ഥാന ആവശ്യങ്ങളും നിറവേറ്റപ്പെടേണ്ടതുണ്ട്. സുസ്ഥിര വികസനത്തിന്റെയും പരിസ്ഥിതി സൗഹാര്‍ദ്ദ വികസനത്തിന്റെയും ഉദാഹരണമായി കാല്‍പനിക കവികളും പരിസ്ഥിതി വാദികളും പറയുന്ന രാജ്യങ്ങളിലെയും കേരളത്തിലെയും ജനസാന്ദ്രത തമ്മിലുള്ള വ്യത്യാസം ഇവരാരും മനസിലാക്കുന്നില്ല.

കവി റഫീഖ് അഹമ്മദ് പറഞ്ഞത് മയിലായി മാറാനാണ് തനിക്ക് ആഗ്രഹമെന്നാണ്. മയിലിനെ പോലെ ഇത്രയധികം കര്‍ഷകര്‍ക്ക് ദ്രോഹം ചെയ്യുന്ന മറ്റൊരു ജീവിയില്ല. ഈ യാഥാര്‍ത്ഥ്യങ്ങളൊക്കെ പറയുമ്പോള്‍ നമ്മള്‍ ഫാസിസ്റ്റുകളാകുന്നു, മുതലാളിത്തത്തിന്റെ വാക്താക്കളാകുന്നു. ഇത്തരം കാല്‍പനിക കവികള്‍ കൂടി പങ്കെടുത്ത് തുരങ്കം വെച്ച എത്ര പദ്ധതികളാണ് കേരളത്തിലുള്ളത്. അതെല്ലാം ഉണ്ടായിരുന്നെങ്കില്‍ കേരളത്തിന്റെ വളര്‍ച്ച എവിടെയെത്തുമായിരുന്നു.

Content Highlight: Interview with Prashob K

ജാസിം മൊയ്തീന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍

We use cookies to give you the best possible experience. Learn more