| Wednesday, 19th June 2019, 4:21 pm

മൂന്ന് പേരുടെ സിനിമകളിൽ മാത്രം സ്ക്രിപ്റ്റ് പോലും നോക്കാതെ ഞാൻ അഭിനയിക്കും

അശ്വിന്‍ രാജ്

വെെറസ് പ്രേക്ഷകര്‍ സ്വീകരിച്ചിരിക്കുകയാണ്. പാര്‍വതി എത്രത്തോളം സംതൃപ്തയാണ്  ?

ഒരുപാട് ലെവലില്‍ ഈ പടം സംതൃപ്തി തരുന്നതാണ് . ഒരു ആര്‍ട്ടിസ്റ്റ് എന്ന നിലയിലും പ്രേക്ഷകയെന്ന നിലയിലും. ഒരു ഓഡിയന്‍സ് എന്ന നിലയിലാണ് ഈ പടം ഞാന്‍ കാണുന്നത്. കാര്യം ഞാന്‍ അന്നു എന്ന കഥാപാത്രത്തെ ചിത്രത്തില്‍ ചെയ്തു. പക്ഷേ എഡിറ്റിന്റെ സമയത്തൊന്നും ഞാന്‍ ഉണ്ടായിരുന്നില്ല. എത്രയോ പ്രോസസിങ്ങിലൂടെ കടന്നുപോയിട്ടുള്ള ഒരു പ്രോഡക്റ്റല്ലെ ഇത്. അങ്ങിനെ ഇത് കാണുമ്പോള്‍. ഓ ഇങ്ങിനെയൊക്കെയാണല്ലെ ചെയ്ത് വെച്ചിരിക്കുന്നത് എന്ന് നമ്മള്‍ ചെയ്ത സിനിമയെ കുറിച്ച് തോന്നുകയെന്നത് അപൂര്‍വ്വമാണ്. സാധാരണ ഡബ്ബിംഗിന്റെ സമയത്തെങ്കിലും കുറച്ച് നമ്മള്‍ കാണും . ഇതില്‍ ഡബ്ബിംഗ് ഇല്ല. ആ രീതിയില്‍ എനിക്ക് പടം വലിയ ഇഷ്ടമായി.

പിന്നെ അതിലെ കഥാപാത്രം വളരെ വ്യത്യസ്ഥമായ ഒന്നാണ്. ഉയരയിലെ പല്ലവി കഴിഞ്ഞ് വൈറസിലെ അന്നുവിലെക്ക് വരുമ്പോള്‍ നല്ല അന്തരം ഉണ്ട്. അവരുടെ മാനറിസവും എല്ലാം.

എന്ന് വെച്ച് രണ്ട് പേരും ബോള്‍ഡാണ്. രണ്ടാം പകുതിയില്‍ ചില മാനറിസം ഉണ്ട് അന്നുവിന്റെ. പേടിയുള്ള ഒരാള്‍ അത് ചെയ്യില്ല. അന്നുവില്‍ ഉള്ള ഒരു ഇന്‍വസ്റ്റിഗേറ്റീവ് പേര്‍സണ്‍ ഉണ്ട്. എല്ലാം വിശകലനം ചെയ്യാന്‍ താല്‍പ്പര്യമുള്ള ഒരാള്‍ അതാണ് അവളെ ബോള്‍ഡാക്കുന്നത്.  ചില റെെറ്റേര്‍സ് ഒക്കെ എന്നെ കാണാന്‍ വരുമ്പോള്‍ അവര്‍ ഭയങ്കര നെര്‍വസ് ആയിരിക്കും പക്ഷേ അവര്‍ എഴുതിവെച്ച സംഭവം കിടിലന്‍ സംഭവമായിരിക്കും. അതുപോലെ ചിലര്‍ ഉണ്ട്, സാധനം കിടുവായിരിക്കും പക്ഷേ പ്രസന്റേഷന്‍ എബിലിറ്റി കുറവായിരിക്കും. ഇത്തരത്തില്‍ ഒരാളാണ് അന്നു.

അത്തരത്തില്‍ ഒരാളെ എനിക്ക് തരുമ്പോള്‍ നമ്മള്‍ വിചാരിക്കും പാര്‍വതിയെ പോലെ അല്ലല്ലോ അന്നു എന്ന്. പക്ഷേ അന്നു ആയി അഭിനയിക്കുമ്പോളാണ് അതേ പേടിയും മറ്റും എന്റെ ഉള്ളിലും ഉണ്ടെന്ന് മനസിലായത്. ഞാന്‍ ആ പേടി പതിയെ ഇല്ലാതാക്കിയതാണ്.

പിന്നെ മലയാള സിനിമയ്ക്കുള്ള വലിയ ഒരു മൈല്‍ സ്റ്റോണ്‍ ആണ് വൈറസ്. ഈ വര്‍ഷം എനിക്ക് രണ്ട് മൈല്‍ സ്റ്റോണ്‍ ഉണ്ട്. ഉയരെയും ഇപ്പോള്‍ വൈറസും. രണ്ടും വേറെ തലങ്ങളിലുള്ള സ്റ്റോണ്‍സാണ്.

ഒരു റിയല്‍ ലെെഫ് ക്യാരക്ടര്‍ ഇന്‍സ്പേയര്‍ ആണ് അന്നു എന്ന കഥാപാത്രം. ചിത്രത്തിനായി മുന്നൊരുക്കങ്ങള്‍ ഉണ്ടായിരുന്നോ ?

തീര്‍ച്ചയായും. സീതു പൊന്നുതമ്പിയുമായി പരമാവധി സമയം ഞാന്‍ സംസാരിച്ചിട്ടുണ്ട്. അവരുടെ നോട്ട് എഴുതുന്ന രീതി കണ്ട് പഠിക്കലായിരുന്നു എന്റെ പ്രധാന പണി. ഒരു അഭിനേത്രി എന്ന നിലയില്‍ എത്രയോ ജീവിതങ്ങള്‍ എനിക്ക് അഭിനയിക്കാന്‍ സാധിക്കുന്നു എന്നതാണ്. പിന്നെ മികച്ച ഒരു ടീം തന്നെ ഉണ്ടല്ലോ. ആഷിഖ്, രാജീവ് രവി, ഷൈജു ഖാലിദ്, ഷറഫു, സുഹാസ് … അവരുടെ ഒരു കളക്ടീവ് വര്‍ക്ക് ഉണ്ടായിരുന്നു. നമ്മള്‍ എപ്പോള്‍ ട്രാക്കില്‍ നിന്ന് പോയാലും ഇവരില്‍ ആരെങ്കിലും ഒരാള്‍ ഉണ്ടായിരുന്നു അവിടെ നമ്മളെ തിരിച്ച് ട്രാക്കിലേക്ക് ആക്കാന്‍. നമ്മള്‍ ട്രാക്ക് ഔട്ടാവാന്‍ വളരെ എളുപ്പമാണ്.

നമ്മള്‍ ഭീതിയോടെ കണ്ടിരുന്ന നിപ കാലം സിനിമയാകുന്നു എന്ന വാര്‍ത്ത കേട്ടപ്പോള്‍‌ പാര്‍വതി എത്രത്തോളം എക്സെെറ്റ് ആയിരുന്നു. ?

ആഷിഖ് അബുവിന്റെ സിനിമയാണെന്ന് അറിഞ്ഞപ്പോള്‍ തന്നെ ഞാന്‍ വീണു. പിന്നെയാണ് റിമയാണ് ഇത് നിര്‍മ്മിക്കുന്നത് എന്ന്. ഈ സിനിമയില്‍ ചെറിയ ഒരു ഭാഗമായാല്‍ പോലും വലിയ നേട്ടമായിരിക്കുമെന്ന് ഞാന്‍ ഉറപ്പിച്ചിരുന്നു.

മൂന്ന് പേരുടെ സിനിമകളിൽ മാത്രം സ്ക്രിപ്റ്റ്  വായിച്ച ശേഷം മാത്രമേ ഞാന്‍  അഭിനയിക്കു എന്നൊന്നും പറയാത്തത്. ബോബി-സഞ്ജയ്, അഞ്ജലി മേനോന്‍, ആഷിഖ് അബു. കാരണം അവരുടെ ഉദ്ദേശ്യശുദ്ധി വളരെ വ്യക്തമാണ്. അതില്‍ ഒരു കലര്‍പ്പുമില്ല.

ഒരു അഭിനേതാവ് കടന്നുപോകുന്ന എല്ലാ മേഖലയിലൂടെയും കടന്ന് പോകണം എന്നാഗ്രഹിക്കുന്ന ഒരാളാണ് ഞാന്‍. എനിക്ക് ആഷിഖിന്റെ സെറ്റ് തീര്‍ത്തും പുതിയ അനുഭവമായിരുന്നു. പിന്നെ റിമ പ്രൊഡ്യൂസ് ചെയ്യുന്നു എന്നത് വലിയ കാര്യമായിരുന്നു.

കാലം മാറുന്നതിന് അനുസരിച്ച വലിയ ഒരു കാര്യമായിരുന്നു സ്ത്രികള്‍ നിര്‍മ്മാണ രംഗത്തേക്ക് വരികയെന്നത്. കാലം കഴിയുവോളം ഇത് നോര്‍മ്മല്‍ ആവും. എടുത്ത് പറയേണ്ട ആവശ്യമില്ല. പക്ഷേ അത് വരെ നമ്മളിത് ഘോര ഘോരം പറഞ്ഞു കൊണ്ടെയിരിക്കണം.

വൈറസിന്റെ സെറ്റ് വളരെ എഫിഷന്റ് ആയിട്ടുള്ള സെറ്റ് ആയിരുന്നു. അതേപോലെ തന്നെ റിമയും ആഷിഖും അവരുടെ ടീം ഷറഫു, സുഹാസ് ഇവരെല്ലാം  ടീമിന് കൊടുക്കുന്ന റെസ്പക്റ്റ് ആണ് അത്. ലീഡേര്‍സ് എങ്ങിനെയാണ് എന്നതിന് അനുസരിച്ചിരിക്കും അവരുടെ സെറ്റ് എങ്ങിനെയുണ്ടാകും എന്നത്. അതിന് റെപ്രസന്‍റേഷന്‍ വേണം, ഒരു സ്ത്രീ, ട്രാന്‍സ് ജെന്‍ഡര്‍, പുരുക്ഷന്‍ എന്നിങ്ങനെ. എങ്കില്‍ മാത്രമേ തിരുത്താന്‍ പറ്റുകയുള്ളു. ഇത് ശരിയാണ് ഇത് തെറ്റാണ് എന്നൊക്കെ പറയാന്‍ കഴിയുന്നവരുണ്ടാകണം.

അടുത്ത കാലത്ത്  ലിനി സിസ്റ്ററുടെ ഭര്‌‍‍ത്താവ് സജീഷ് പാര്‍വതിയെ കുറിച്ച് ഒരു പോസ്റ്റ് ഫേസ്ബുക്കില്‍ ചെയ്തതിരുന്നു. കുട്ടികളുടെ പഠനവുമായി ബന്ധപ്പെട്ട്.   ലിനി സിസ്റ്ററുടെ മരണ വാര്‍ത്ത പാര്‍വതി എങ്ങിനെയായിരുന്നു അറിഞ്ഞത് ?

റിമ സിസ്റ്റര്‍ ലിനിയുടെ ഫോട്ടോ പോസ്റ്റ് ചെയ്തപ്പോഴാണ് കണ്ടത്. അന്ന് ഡബ്ല്യു.സി.സിയുടെ പുനര്‍വായന എന്ന പരിപാടിയുമായി ബന്ധപ്പെട്ട് ഞാനും കളക്ടീവിലുള്ള മറ്റുള്ളവരും തിരക്കിലായിരുന്നു. ഈ വാര്‍ത്ത കേട്ടതോടെ എല്ലാവരും തളര്‍ന്നു. തൊട്ടുപിന്നാലെയാണ് ആ കത്തും പുറത്തുവന്നത്. ഒരു ദിവസം കഴിഞ്ഞു, രണ്ട് ദിവസം കഴിഞ്ഞു ഒന്നും ശരിയാവുന്നില്ല, അങ്ങിനെയാവുമ്പോള്‍ നമ്മള്‍ എന്താണ് ചെയ്യുക.

എനിക്ക് അത്രയും വലിയ ലോസ് ഒന്നും സംഭവിച്ചിട്ടില്ല. പക്ഷേ ഞാന്‍ വളരെ വലിയ വിഷമത്തിലൂടെ കടന്നുപോയപ്പോള്‍  കുറച്ച് ആളുകളാണ് എന്നെ വിളിച്ചിട്ടുള്ളതും സംസാരിച്ചിട്ടുള്ളതും

നമ്മള്‍ വല്ലാതെ ഒറ്റക്കിരിക്കുമ്പോള്‍ നീ വല്ലതും കഴിച്ചോ എന്നൊക്കെ ഒരാള്‍ ചോദിക്കുന്നത് വലിയ കാര്യമാണ്. നമ്മള്‍ വിചാരിക്കും ഇപ്പോള്‍ അങ്ങിനെ ചോദിച്ചിട്ട്  എന്ത് കിട്ടാനാണ് എന്താണ് പറയുക എന്നൊക്കെ. എനിക്ക് അറിയില്ലായിരുന്നു എന്താണ് പറയുക എന്ന്.

ആ കത്തില്‍ ലിനി സിസ്റ്റര്‍ കുട്ടികളുടെ കാര്യം പറഞ്ഞിരുന്നു. സോഷ്യല്‍ ബോയികോട്ടിംഗ് ഉണ്ടാവുമോ ഈ കുട്ടികള്‍ക്ക് സ്‌ക്കൂളില്‍ പോകാന്‍ കഴിയുമോ സജീഷിന്റെ ജോലിക്കാര്യം ഇങ്ങനെ… അപ്പോള്‍ വിളിച്ച് എന്തെങ്കിലും ആവശ്യമുണ്ടോ എന്ന ചോദിക്കുക എന്നതില്‍ ഉപരിയായി ഒന്നും തോന്നിയിരുന്നില്ല. അത് ഞാനല്ല ആരും ചെയ്യുന്നത് ആണ്.

നിപ സമയത്ത് പാര്‍വതി എവിടെയായിരുന്നു ?

നിപ സമയത്ത് ഞാന്‍ വീട്ടിലുണ്ട് അവിടെ നിന്ന് 8 കിലോമീറ്റര്‍ അകലെയാണ് പേരാമ്പ്ര. നമുക്ക് അപ്പോഴൊന്നും ഈ പഴംതീനി വവ്വാലുകളാണ് എന്നൊന്നും അറിയില്ലായിരുന്നു. നമ്മുടെ നാട്ടിലും പറമ്പിലും എല്ലാം ധാരാളം വവ്വാലുകളും ഉണ്ടായിരുന്നു. അതിന്റെ ഒരു പേടി. പിന്നെ പുറത്തേക്ക് ഒന്നും പോകില്ലായിരുന്നു. ഇടയ്ക്ക് എനിക്ക് ഒരു പനി വന്നു, അതിന്റെ ഒരു ടെന്‍ഷന്‍ ഉണ്ടായിരുന്നു. അങ്ങിനെ നമുക്ക് ചുറ്റും ഒരു സൈലന്‍സ് ഉണ്ടായിരുന്നു.

പിന്നെ ഉണ്ടായിരുന്ന ഒരു ടെന്‍ഷന്‍ കോഴിക്കോടിനെ കട്ട് ഓഫ് ചെയ്യുമോ എന്നതായിരുന്നു. അല്ലെങ്കില്‍ സ്റ്റേറ്റ് കട്ട് ഓഫ് ചെയ്യുമോ എന്നതായിരുന്നു.

ആഷിഖിനെ മീറ്റ് ചെയ്യുമ്പോള്‍ ആഷിഖ് പറഞ്ഞത് ഇതിന് പിന്നിലുള്ള എല്ലാ കാര്യങ്ങളും സിനിമയ്ക്ക് ഉള്ള വകയാണ്. പിന്നെ ഈ കമ്മ്യൂണിറ്റി മെഡിസിന്‍ എന്തൊക്കെയാണ് ചെയ്യുന്നത് എന്ന് മനസിലാക്കാന്‍ കഴിയുന്നത് ഈ സിനിമയില്‍ വര്‍ക്ക് ചെയ്തപ്പോഴാണ്.

അന്ന് ഡോക്ടര്‍ സീതു ആയിട്ട് സംസാരിച്ചപ്പോള്‍ മനസിലായത് ഇതിന്റെ ഒരു സെക്കന്റ് വേവ്, തേര്‍ഡ് വേവ് ഒക്കെ വരാനുള്ള സാധ്യതയുണ്ട്. എന്നതാണ്. പക്ഷേ ഭാഗ്യം കൊണ്ട് രണ്ടാം തവണ കൊച്ചിയില്‍ വന്നപ്പോള്‍ നമുക്ക് നിയന്ത്രിക്കാന്‍ പറ്റി.

പിന്നെ മറ്റൊരു ആരോപണം ഉണ്ടായിരുന്നത് ഈ സമയത്ത് പടം ഇറക്കാന്‍ പാടുണ്ടോ എന്നൊക്കെയായിരുന്നു. പക്ഷേ പറയാന്‍ ഉള്ളവര്‍ക്ക് പറയാം. അപ്പോള്‍ നമ്മുടെ മറുപടി കൂടി കേള്‍ക്കണം. ഇത് ഒരു സര്‍വ്വേയിവല്‍ സ്റ്റോറിയാണ്.

സിനിമയ്ക്ക് എതിരെ ഒരു കോര്‍ണറില്‍ നിന്ന് വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. അതില്‍‌പ്രധാനം തിരക്കഥാകൃത്തുക്കളുടെ രാഷ്ട്രീയം പറഞ്ഞുകൊണ്ടാണ്. ഇത്തരം വിമര്ശനങ്ങളെ പാര്‍വതി  എങ്ങിനെയാണ് കാണുന്നത്?

ഞാന്‍ വളരെ കൗതുകത്തോടെയാണ് കാണുന്നത് .ഇവര്‍ മൂന്ന് പേരും ഷറഫു, സുഹാസ്, മൂഹ്‌സിന്‍, പൊളിറ്റിക്കലി ബ്രില്ലന്റ്‌ലി അവേയര്‍ ആണ്. ഫിലിം മേക്കേര്‍സും. അവര്‍ കള്ളം പറയില്ല എന്ന് കരുതി അവര്‍ ഡിസ് റെസ്പക്ടും ചെയ്യില്ല. സമൂഹത്തില്‍ ഉള്ള കാര്യം അവര്‍ പടത്തില്‍ റിഫ്‌ലക്ട് ചെയ്യും എന്നാണ് ഞാന്‍ മനസിലാക്കിയിരിക്കുന്നത്. അതില്‍ ഞാന്‍ അഭിമാനം കൊള്ളുന്നു. അങ്ങിനെത്തെ റൈറ്റേഴ്‌സിനെയാണ് അവശ്യം.

എനിക്ക് എന്റേതായ വിശ്വസങ്ങളുണ്ട്. പൊളിറ്റിക്കലി, സ്പിരിച്വല്‍ ആവാം. പക്ഷേ ഞാന്‍ മാത്രമല്ല ഇവിടെ ജീവിച്ചിരിക്കുന്നത് എന്നുള്ളത് മറ്റുള്ളവര്‍ക്കും ജീവിക്കണം എന്ന സെക്വുലറിസം ഉണ്ടാവണം. അതൊക്കെ ഒരു ഐഡിയല്‍ ആണ്. പക്ഷേ നാട്ടില്‍ നടക്കുന്നത് ഭൂരിപക്ഷം ഉള്ളവര്‍ക്ക് മാത്രമേ സ്‌പെയ്‌സ് ഉള്ളു എന്ന തരത്തിലാണ്. ചരിത്രത്തിലുള്ളത് പലതും ക്വോട്ട് ചെയ്ത് അവര്‍ അന്ന് ചെയ്തതിന് പ്രതികാരം ചെയ്യാം എന്നൊക്കെയുള്ള തരത്തില്‍ ആണ് പെരുമാറുന്നത്. ഇത് സ്ത്രീകളോട് ആണെങ്കിലും ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനോട് ആണെങ്കിലും മുസ്ലിങ്ങളോട് ആണെങ്കിലും അത് പ്രാക്ടീസിങ്ങ് മുസ് ലിം  ആണെങ്കിലും നോണ്‍ പ്രാക്ടീസിങ് മുസ് ലിം  ആണെങ്കിലും, ക്രിസ്ത്യാനികളോട്, ഹിന്ദുക്കളൊട് ആണെങ്കിലും അങ്ങനെ. പക്ഷേ പോയിന്റ് എന്നത് ഈ മൈനോറിറ്റീസ് ആക്രമിക്കപ്പെടുന്നു എന്നതാണ്. മൈനോറിറ്റിയിലേക്ക് ഒരു വ്യക്തി ജനിച്ച് വീഴുന്നതോടെ അവര്‍ ഡിഫൈന്‍ ആകപ്പെട്ടിരിക്കുന്നു. അവര്‍ക്ക് മറ്റൊരു ചോയിസ് ഇല്ല. അവരെ തീരുമാനിച്ചിരിക്കുകയാണ് അവര്‍ ഇതാണ്. എതാണ് അത് ?.  നമ്മള്‍ തീരുമാനിക്കുന്നയാള്‍. നമ്മള്‍ അല്ലല്ലോ അവര്‍ എന്ന് അഹങ്കരിക്കുന്നവര്‍. അതില്‍ ഞാന്‍ എന്നെയും ഉള്‍പ്പെടുത്തുന്നത് അണ്‍ഫോര്‍ച്ചുനേറ്റിലി പ്രിവിലേജ് ആയി ജനിച്ച ഞാന്‍ എന്നത് കൊണ്ടാണ്. അത് കൊണ്ടാണ് ലോവര്‍ കാസ്റ്റ് എന്നല്ല ലോവേര്‍ഡ് കാസ്റ്റ് എന്ന് പറയണമെന്ന് പറയുന്നത്. ഇതിനെ കുറിച്ച് ബോധം ഉണ്ടാവുക എന്നതാണ് പ്രധാനം.

മുമ്പ് ഒരു അഭിമുഖത്തില്‍ പാര്‍വ്വതി പറഞ്ഞിരുന്നു  സിനിമ സംവിധാനം  ചെയ്യുമെന്ന്. ഇപ്പോള്‍ റിമ നിര്‍മ്മാണത്തിലേക്ക് കടന്നിരിക്കുന്നു. സിനിമയിലെ മറ്റ് എന്തെങ്കിലും മേഖലകളില്‍ പാര്‍വതിയെ പ്രതീക്ഷിക്കാമോ ?

അയ്യോ ഇത് മതി. ഇതേ ഒരാളെ കൊണ്ട് ചെയ്യാന്‍ കഴിയു. എനിക്ക്  അറിയില്ല കമല്‍ഹാസനൊക്കെ എങ്ങിനെയാണ് ഇതൊക്കെ ചെയ്യുന്നത് എന്ന്. അത്രയും അവര്‍ക്ക് സിനിമയോട് പ്രണയം ഉണ്ടാവണം. ഞാന്‍ എന്തായാലും അഭിനയത്തില്‍ നിന്ന് മാറില്ല. ശരിയാണ് ഒരു പ്രോജക്ട് ചെയ്യുന്നുണ്ട് അത് 2020 ല്‍ തുടക്കമാകും.

പാര്‍വതിക്ക് നേരെ കല്ലേറുകളും പൂച്ചെണ്ടുകളും ഒരേ പോലെ വരാറുണ്ട്. ഇത്തരം കാര്യങ്ങളെ നേരിടാന്‍ പാര്‍വതിക്കുള്ള സീക്രട്ട് എന്താണ് ?

ഇതില്‍ ഒരു സത്യാസ്ഥ എന്താണ് എന്ന് വെച്ചാല്‍ അത് എല്ലാവരും മനസിലാക്കേണ്ടതാണ് നിങ്ങളെ നിര്‍മ്മിച്ച അതേ വസ്തുക്കള്‍ കൊണ്ടാണ് എന്നെയും നിര്‍മ്മിച്ചിരിക്കുന്നത് ,അതായത് നമ്മളൊക്കെ ഒരേ മണ്ണില്‍ നിന്നാണ് വന്നിരിക്കുന്നത്. അല്ലാതെ എനിക്ക് ടെര്‍മിനേറ്ററിലെ അര്‍ണോള്‍ഡിനെ പോലെ പ്രത്യേക ഒരു വസ്തുവൊന്നുമില്ല.

ആകെ ഉറപ്പുള്ള ഒരു കാര്യം എനിക്ക് നന്നായി സ്‌നേഹിക്കാന്‍ അറിയാം. അങ്ങിനെ സ്‌നേഹിക്കാന്‍ കഴിയുന്നവര്‍ക്ക് മാത്രമേ മുന്നോട്ട് പോകാനും മറക്കാനും പൊറുക്കാനും ഒക്കെ കഴിയുകയുള്ളു. അത് ഒരു സൂപ്പര്‍ പവര്‍ ആയി പറയുകയാണെങ്കില്‍ അതാണ് എന്റെ പവ്വര്‍ എന്ന് പറയാം. പക്ഷേ വിമര്‍ശനങ്ങളെ വിമര്‍ശനങ്ങളായി കാണാനും മറ്റും ഞാന്‍ കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി പഠിച്ചിട്ടുണ്ട്. വിമര്‍ശനങ്ങള്‍ വരുമ്പോള്‍ ഒക്കെ നമ്മള്‍ തളരും പക്ഷേ അങ്ങിനെ തളര്‍ന്നാല്‍ മാത്രമേ നമുക്ക് വീണ്ടും എഴുന്നേറ്റു നില്‍ക്കാന്‍ കഴിയു. നമുക്ക് എപ്പോഴും ഒരു ഫേക്ക് ആയി ആത്മവിശ്വാസം ഒന്നും കാണിച്ച് നില്‍ക്കാന്‍ കഴിയില്ല. ഒരു കാര്യം ഹേര്‍ട് ചെയ്താല്‍ ഹേര്‍ട് ചെയ്തു എന്ന് തന്നെ പറയും.

പിന്നെ ഞാന്‍ വളരെ ബ്ലെസ്ഡ് ആണ്.കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടയ്ക്ക് എനിക്ക് നല്ല സുഹൃത്തുക്കള്‍ ഉണ്ട്.

ഡബ്ലു.സി.സി പുതിയ ചുവട് വെയ്പ്പുകള്‍ നടത്തിയിരിക്കുകയാണ്. പുതിയ വെബ്ബ് സെെറ്റ് രൂപീകരിച്ചു. പാര്‍വതി കാണുന്ന കളക്ടീവിന്‍റെ ഭാവിയെന്താണ്?

ഞാന്‍ കാണുന്ന ഭാവി ഡബ്ലു.സി.സി എപ്പോഴും ഒരു ഫെസിലിറ്റേറ്റീവ് ബോഡിയായി നിലനില്‍ക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. മറ്റുള്ള അസോസിയേഷനും മറ്റും സംസാരിച്ച് തുടങ്ങണം എന്നതാണ് നമ്മുടെ ആവശ്യം. അവര്‍ ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്യണം. അതിന് ഒരു ശബ്ദമായി നമ്മള്‍ എപ്പോഴും ഉണ്ടാകും. ലിംഗഭേദമില്ലാതെ അവസരങ്ങള്‍ ഉണ്ടാവണം എന്നതാണ്. നമ്മുടെ വെബ്ബ് സൈറ്റില്‍ ഒരുപാട് കാര്യങ്ങള്‍ അവതരിപ്പിക്കുന്നുണ്ട്. സ്ത്രീകള്‍ അടക്കമുള്ള ടെക്‌നീഷ്യന്‍സിനെ കൊണ്ട് കൂടുതല്‍ സിനിമകളും മറ്റും ചെയ്യിപ്പിക്കുക എന്നതാണ്. അതില്‍ താല്‍പ്പര്യമുള്ള ഒരുപാട് ആളുകള്‍ ഉണ്ട്. അവര്‍ക്ക് പല കാരണങ്ങള്‍ കൊണ്ട് സ്‌പേയ്‌സ് കിട്ടാറില്ല എന്നതാണ്.

പിന്നെ തീര്‍ച്ചയായും നമ്മള്‍ തുടങ്ങിയതിന്റെ പ്രധാന കാരണം സര്‍വ്വേയ്‌വലിനെ അവര്‍ ആഗ്രഹിക്കുന്ന തരത്തില്‍ പിന്തുണയ്ക്കുക എന്നതാണ്. മറ്റ് എല്ലാ കാര്യത്തിനേക്കാളും പ്രധാന്യം അതിനാണ്. എനിക്ക് ഒക്കെ ഇപ്പോള്‍ ഉള്ള ധൈര്യം കളക്ടീവ് ആണ്. എനിക്ക് ഒന്നും അറിയില്ല കളക്ടീവ് ഇല്ലാതിരുന്ന സമയത്ത് ഞാന്‍ എന്തൊക്കെയാണ് ചെയ്തിരുന്നത് എന്ന്.

അശ്വിന്‍ രാജ്

ഡൂള്‍ന്യൂസ് സീനിയര്‍ സബ് എഡിറ്റര്‍, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ബിരുദവും ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമയും പൂര്‍ത്തിയാക്കിയിട്ടുണ്ട്.

We use cookies to give you the best possible experience. Learn more