| Wednesday, 11th January 2017, 4:27 pm

സായുധരായ മാവോയിസ്റ്റുകളെ ആശയപ്രചരണം കൊണ്ട് തിരുത്താനാവില്ല: പാലോളി മുഹമ്മദ് കുട്ടി സംസാരിക്കുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

മാവോയിസ്റ്റുകളെ കൈകാര്യം ചെയ്ത രീതി. (ചിരിക്കുന്നു) അവരെ ആശയപരമായി പ്രശ്‌നങ്ങള്‍ പറഞ്ഞു ബോധ്യപ്പെടുത്തി ശരിയാക്കേണ്ടതാണ് എന്നാണു ഇപ്പൊ സി.പി.ഐ അടക്കം പറയുന്നത്. അത് നമ്മക്ക് പറയാം, ഭരണം ഇല്ലെങ്കില്‍. നേരെമറിച്ചു മാവോയിസ്റ്റുകളുടെ കേന്ദ്രങ്ങളില്‍ വയനാട്  പോലുള്ള സ്ഥലങ്ങളില്‍  അവര്‍  ജനങ്ങളെ ബോധ്യപ്പെടുത്താന്‍ വേണ്ടിയിട്ടു ആശയപരമായി പ്രവര്‍ത്തിക്കുന്നത് തോക്കുകള്‍ കയ്യില്‍ വച്ചുകൊണ്ടാണ്.


കഴിഞ്ഞ ദിവസം സ്വകാര്യ സന്ദര്‍ശനത്തിനായി യു.എ.ഇയിലെത്തിയതായിരുന്നു  മുതിര്‍ന്ന സി.പി.ഐ.എം നേതാവ് പാലോളി മുഹമ്മദ് കുട്ടി.  മുന്‍ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി കൂടിയായിരുന്ന പാലോളി മുഹമ്മദ് കുട്ടിയുമായി ഡൂള്‍ന്യൂസ് പ്രതിനിധി  ഷാഹുല്‍ ഈസാ  നടത്തിയ അഭിമുഖം.

എല്‍.ഡി.എഫ് ഭരണത്തെ എങ്ങനെ  വിലയിരുത്തുന്നു?

കഴിഞ്ഞ കാല എല്‍.ഡി.എഫ് ഗവണ്‍മെന്റുകളെക്കാള്‍ നല്ല ഒരു  ഭരണമാണ് ഇപ്പോഴുള്ളത്.  മുന്‍വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്തമായി കാലിയായ ഖജനാവും അച്ചടക്കം നഷ്ടപ്പെട്ട ഭരണ സംവിധാനവുമായാണ്  ഈ ഗവണ്മെന്റിനു അധികാരം ഏല്‍ക്കേണ്ടി വന്നത്. അതുകൊണ്ടു ഇപ്പോഴത്തെ കുത്തഴിഞ്ഞ അവസ്ഥക്ക് മാറ്റം വരുത്തി  കാര്യങ്ങള്‍  ചിട്ടയിലും അച്ചടക്കത്തിലും ആക്കാന്‍ ഒരു രണ്ടു വര്‍ഷമെങ്കിലും വേണ്ടി വരും. ഈ ഭരണം ജനങ്ങള്‍ക്ക് അനുകൂലമാകുന്ന ഒരു ഭരണം ആയി മാറും എന്ന കാര്യത്തില്‍ സംശയമില്ല.

മുമ്പെങ്ങുമില്ലാത്ത വിധത്തിലുള്ള ആക്രമണമാണ് പ്രതിപക്ഷം  നടത്തിക്കൊണ്ടിരിക്കുന്നത്. പ്രത്യക്ഷത്തില്‍ യു.ഡി.എഫും ബി.ജെ.പിയും തമ്മില്‍ ധാരണ ഇല്ലെങ്കിലും തിരശീലക്കു പിന്നില്‍ അവര്‍ തമ്മില്‍ ധാരണ ഉണ്ട്.  പല വിഷയങ്ങളിലും ബി.ജെ.പി നയിക്കുന്ന കേന്ദ്ര ഗവണ്‍മെന്റിനെതിരെ മിണ്ടാതിരിക്കുന്ന യു.ഡി.എഫ് ഉത്തരവാദിത്വമില്ലാത്ത പ്രതിപക്ഷമായാണ് കേരളത്തില്‍ പ്രവര്‍ത്തിക്കുന്നത്.

ഈ അടുത്തകാലത്ത് കേരളത്തില്‍ നടന്ന സംഭവങ്ങള്‍  ഉദാഹരണമായി   മാവോയിസ്റ്റുകളുടെ  കൊലപാതകം,  മനുഷ്യാവകാശ പ്രവര്‍ത്തകരുടെ പേരില്‍ യു.എ.പി.എ ചുമത്തിയത്, ലോക്കപ്പ് മരണങ്ങള്‍ തുടങ്ങിയവ സൂചിപ്പിക്കുന്നതെന്താണ്? മുഖ്യമന്ത്രി പിണറായി വിജയന്  പോലീസിന്റെ മേല്‍ നിയന്ത്രണം ഇല്ല എന്നാണോ?

ഇത് രണ്ടു പ്രശ്‌നങ്ങളാണ്.  ഒന്ന് കഴിഞ്ഞ യു.ഡി.എഫിന്റെ കാലത്തു പൊലീസിനെ അഴിച്ചുവിട്ട രീതിയായിരുന്നു. ആ സ്ഥിതി മാറ്റിയെടുക്കാന്‍ അവരെ ശരിയായ രീതിയില്‍ നിയന്ത്രിക്കാന്‍ കുറച്ചുസമയം എടുക്കും. പൊലീസിന്റെ നടപടികള്‍ പാര്‍ട്ടിയും ഗവണ്‍മെന്റും നിരീക്ഷിച്ചു വരികയാണ്. ഉചിതമായ സമയത്ത് നടപടി  എടുക്കും

മറ്റൊന്ന്, മാവോയിസ്റ്റുകളെ കൈകാര്യം ചെയ്ത രീതി. (ചിരിക്കുന്നു) അവരെ ആശയപരമായി പ്രശ്‌നങ്ങള്‍ പറഞ്ഞു ബോധ്യപ്പെടുത്തി ശരിയാക്കേണ്ടതാണ് എന്നാണു ഇപ്പൊ സി.പി.ഐ അടക്കം പറയുന്നത്. അത് നമ്മക്ക് പറയാം, ഭരണം ഇല്ലെങ്കില്‍. നേരെമറിച്ചു മാവോയിസ്റ്റുകളുടെ കേന്ദ്രങ്ങളില്‍ വയനാട്  പോലുള്ള സ്ഥലങ്ങളില്‍  അവര്‍  ജനങ്ങളെ ബോധ്യപ്പെടുത്താന്‍ വേണ്ടിയിട്ടു ആശയപരമായി പ്രവര്‍ത്തിക്കുന്നത് തോക്കുകള്‍ കയ്യില്‍ വച്ചുകൊണ്ടാണ്.

 പാലോളി മുഹമ്മദ് കുട്ടിയും ഷാഹുല്‍ ഈസയും

പക്ഷെ  അങ്ങനെ വ്യക്തമായ ഒരു ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ഇല്ലല്ലോ ഇതുവരെ?

പത്രത്തിലൊക്കെ വന്നത് നിങ്ങള്‍ കണ്ടില്ലേ

കഴിഞ്ഞ യു.ഡി.എഫ് ഗവണ്മെന്റിന്റെ കാലത്തും ഇത്തരം വാര്‍ത്തകള്‍ വന്നിരുന്നു.  അന്ന് പ്രതിപക്ഷം അതിനെ എതിര്‍ത്തിരുന്നു.

ശരിയാണ്, ഒരു സ്വയം വിമര്‍ശനം ഈ കാര്യത്തില്‍ വേണം, ആദിവാസികള്‍ ഉള്‍പ്പെടെയുള്ള ജനങ്ങളെ തെറ്റായ വഴിക്കു സ്വാധീനിക്കാനും അവിടെ അക്രമം നടത്താനും പുറപ്പെട്ടാല്‍ ഭരിക്കുന്ന കാലത്തു ഗവണ്മെന്റ് അതിനു ഉത്തരം പറയണം, ഭരണം ഇല്ലായെന്നുണ്ടെങ്കില്‍ നമുക്ക് വിമര്‍ശനവും അഭിപ്രായ പ്രകടനവും നടത്തിപ്പോകാം,

അങ്ങനെയാണെങ്കില്‍ യു.ഡി.എഫിന്റെ കാലത്തു മാവോയിസ്റ്റ് സാന്നിധ്യത്തെക്കുറിച്ചു പറഞ്ഞ  കാര്യങ്ങള്‍ ശരിയാണെന്നു സമ്മതിക്കുമോ? അന്ന് ഇത് കേന്ദ്രത്തിന്റെ ഫണ്ട് തട്ടാനുള്ള അടവാണെന്നു കോടിയേരി ഉള്‍പ്പെടെ പറഞ്ഞിരുന്നു.

ഞാനതോര്‍ക്കുന്നില്ല, എന്തായിരുന്നാലും ഇത് അതല്ല. മാവോയിസ്റ്റുകള്‍ അവിടെ വന്നു താവളമടിച്ചു ഇത്രയും കാലമായിട്ടു പ്രവര്‍ത്തിക്കുന്നുണ്ട്, സ്വാധീനിക്കാന്‍ ശ്രമിക്കുന്നുണ്ട് സായുധരായിട്ടാണ് ക്യാമ്പ് അടിച്ചിട്ടുള്ളത് എന്ന് വളരെ പ്രകടമായിട്ടു വന്നതാണ്. അതിനോടെടുക്കുന്ന സമീപനം വ്യത്യസ്തമാണ്.  മാവോയിസ്റ്റുകളുടെ കൂട്ടത്തില്‍ നിന്നും ഒരു സെറ്റ് ആളുകള്‍ സായുധ സമരം അപ്രായോഗികമാണെന്ന് പറഞ്ഞു വന്നല്ലോ, അവരെ ആശയ പ്രചാരണം നടത്തി ശരിയാക്കുന്നതു  പോലെ തോക്കിന്റെ ആളുകളെ പറ്റില്ല.

 

അപ്പോഴും ഒരു ഇടതു സര്‍ക്കാരിന് പൊലീസിന്റെ കൊലപാതകം ന്യായീകരിക്കാന്‍ പറ്റുമോ ?

അതിപ്പോ സാധാരണ ഒരു ആക്‌സിഡന്റില്‍ ഒരാള്‍ മരണപ്പെട്ടാല്‍ നമുക്ക്  വേദനിക്കും.  നേരെമറിച്ചു ഒരു യുദ്ധത്തില്‍, അതിര്‍ത്തിയില്‍ നടക്കുന്ന സംഭവങ്ങളില്‍ നാലാളെ വെടിവച്ചിട്ടു എന്ന് കേട്ടാല്‍ സന്തോഷമാണല്ലോ നമുക്കൊക്കെ, അപ്പോള്‍  വെടിവെപ്പിന്റെ സന്ദര്‍ഭമാണ്, സാഹചര്യമല്ല. അതാണ് ആളുകള്‍ കണക്കിലെടുക്കുന്നത്

ബന്ധുനിയമന വിവാദത്തില്‍ പെട്ട ഇ.പി ജയരാജന്‍ രാജിവെക്കണം എന്ന് അങ്ങ് ആവശ്യപ്പെടുകയുണ്ടായല്ലോ? എന്നാല്‍  ഇപ്പോള്‍ മന്ത്രി എം.എം മണിക്കെതിരെ കോടതി പരാമര്‍ശം വന്ന സ്ഥിതിക്ക് അദ്ദേഹവും രാജി വെക്കേണ്ടതല്ലേ ?

ഇ.പി ജയരാജന്റെ പേരില്‍ ഉണ്ടായ ആരോപണം ദൗര്‍ഭാഗ്യകരമായിപ്പോയി അത് ഒരു ശരിയായ രീതിയും അല്ലായിരുന്നു.  ഒരു  കമ്മ്യൂണിസ്റ്റ് മന്ത്രിയില്‍ നിന്നും ഉണ്ടാവാന്‍ പാടില്ലാത്ത  സമീപനം ആണത്. എന്നാല്‍ മണി ആശാന്റെ കാര്യത്തില്‍ സംഭവം മറ്റൊന്നാണ്.

മണി ആശാന്റെ വായില്‍ നിന്നും വീണ ഒരബദ്ധത്തിന്റെ പേരില്‍ ആണ്  കഴിഞ്ഞ യു.ഡി.എഫ് ഗവണ്മെന്റ് മണി ആശാനെതിരെ കേസെടുത്തത്.  അതുകൊണ്ടു കോടതിയുടെ ആ പരാമര്‍ശത്തിന്റെ പേരില്‍ സഖാവ് മണി രാജിവെക്കേണ്ട ആവശ്യം ഒന്നുമില്ല . ഇടുക്കി ജില്ലയിലെ എസ്റ്റേറ്റുകളില്‍ മുതലാളിമാരുടെ കൊടും ക്രൂരത നടമാടിയിരുന്ന കാലത്താണ് സ. മണി രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങുന്നത്.

തൊഴിലാളികളെ  എസ്റ്റേറ്റ് മുതലാളിമാര്‍ അടിച്ചു കൊല്ലുന്ന കാലമായിരുന്നു അത്.  ആ സമയം അവിടെ നടക്കുന്ന തൊഴിലാളി  പീഡനങ്ങള്‍ കണ്ടും അനുഭവിച്ചും  ആണ്  മണിയെപ്പോലുള്ളവര്‍ സംഘടനാ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നത്.  ആ  കാലത്തു മുതലാളിമാരോട് ഒപ്പം കൂടി തൊഴിലാളികളെ കൊല്ലുന്നതിനും പീഡിപ്പിക്കാനും ഒക്കെ കൂട്ട് നിന്ന ഗുണ്ടകളെ. . നിരന്തരമായി മനുഷ്യരെ ആക്രമിച്ചു കൊലചെയ്യുന്ന ഒരു  സെറ്റ്  ആളുകളെ  ജനങ്ങള്‍  പ്രതിരോധിച്ചിട്ടുണ്ടാവാം,  നേരെ മറിച്ചു നിരപരാധി ആയിട്ടുള്ള ഒരാളെ  ആക്രമിച്ചാല്‍ അത് തെറ്റ്.

ഇപ്പൊ പിണറായി മുഖ്യമന്ത്രി ആയതിനു ശേഷം കണ്ണൂര്‍ ജില്ലയില്‍ എത്ര സഖാക്കളെ കൊന്നു.  .

ലാവലിന്‍ കേസില്‍ ഹൈക്കോടതിയില്‍ നിന്നും എതിരായ പരാമര്‍ശം ഉണ്ടായാല്‍ പിണറായി വിജയന്‍ മുഖ്യമന്ത്രി സ്ഥാനത്തു നിന്ന് മാറേണ്ടി വരുമോ?

ഇല്ല. ഹൈക്കോടതിയില്‍ നിന്നും എതിരായ വിധി ഉണ്ടായാല്‍ സുപ്രീം കോടതിയെ സമീപിക്കും.

ഫാസിസ്റ്റു ശക്തികള്‍ നമ്മുടെ രാജ്യത്തെ വര്‍ഗീയമായി ധ്രുവീകരിക്കുകയും, ദലിതുകള്‍ ഉള്‍പ്പെടെയുള്ള ന്യൂനപക്ഷങ്ങള്‍ ആക്രമിക്കപ്പെടുകയും ചെയ്യുന്ന ഈ സമയത്ത് സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടല്‍ ഫലപ്രദമാകുന്നുണ്ടോ?

1965 നു മുന്‍പുള്ള കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അവസ്ഥയും ഇന്നത്തെ അവസ്ഥയും തമ്മില്‍ ഒരുപാട് വ്യത്യാസമുണ്ട്. 1960 കളില്‍ ഇന്ത്യ ഒട്ടാകെ ഉണ്ടായിരുന്ന  പ്രസ്ഥാനമാണ്  കമ്മ്യൂണിസ്റ്റ് പാര്‍ട്ടി.  ബീഹാര്‍, യു.പി, ആന്ധ്ര, ബംഗാള്‍, ത്രിപുര, കേരളം തുടങ്ങി മിക്ക  സംസ്ഥാനങ്ങളിലും നിര്‍ണായക സ്വാധീനം കമ്മ്യുണിസ്റ്റ് പാര്‍ട്ടികള്‍ക്കുണ്ടായിരുന്നു. എന്നാല്‍  പിളര്‍പ്പിന് ശേഷം കമ്മ്യുണിസ്റ്റ് പാര്‍ട്ടികളുടെ സ്വാധീനം ക്രമേണ  നഷ്ടപ്പെടുകയാണുണ്ടായത്. കേരളം  ബംഗാള്‍, ത്രിപുര തുടങ്ങിയ സംസ്ഥാനങ്ങളില്‍ മാത്രമായി സി.പി.ഐ.എം ചുരുങ്ങുകയായിരുന്നു.

മറ്റു  സംസ്ഥാനങ്ങളില്‍ സി.പി.ഐ ആയിരുന്നു കൂടുതല്‍.  പിന്നീട് നക്‌സലൈറ്റ് ഉണ്ടായി നാഗ റെഡ്ഢിയും കൂട്ടരും പിളര്‍ന്നതും സി.പി.ഐ.എമ്മില്‍ നിന്നാണ്. അതിനു ശേഷം സി.പി.ഐ.എം പ്രധാനമായിട്ടുള്ളത് ബംഗാളിലും  കേരളത്തിലും ഒക്കെയാണ്. അപ്പോള്‍ ദേശീയതലത്തില്‍ ഉണ്ടാവുന്ന പ്രശ്‌നങ്ങളിലെ പ്രതികരണങ്ങള്‍  ഈ സംസ്ഥാനങ്ങളില്‍ ചില ചലനങ്ങള്‍ ഉണ്ടാക്കാന്‍ കഴിയും എന്നുള്ളതല്ലാതെ മറ്റുള്ളിടത്തു നമ്മള്‍ വിചാരിച്ചാല്‍  ചലനങ്ങള്‍ ഉണ്ടാക്കാന്‍ കഴിയില്ല.

ഇപ്പോള്‍ ജെ.എന്‍.യു വിഷയത്തിലാണെങ്കിലും, ഒരു കാലത്ത് ജെ.എന്‍.യുവിലെ പ്രധാനപ്പെട്ട ശക്തിയായിരുന്നു നമ്മള്‍. അതുകഴിഞ്ഞു ഇപ്പൊ മറ്റവരുടെ കയ്യിലാണ്, അതിനി ബി.ജെ.പിയുടെ കയ്യിലേക്ക് പോകുവാണ്  അപ്പൊ അതിന്റെ പരിമിതി അതിലുണ്ട്. ദേശീയതലത്തില്‍ സമരം സംഘടിപ്പിക്കാനുള്ള സംഘടനാ ശേഷി പാര്‍ട്ടിക്ക് കുറവാണ്.

രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് റിട്ടയര്‍മെന്റ് വേണ്ടതല്ലേ?

അത് രണ്ടു രീതിയില്‍ കാണണം. ചില ആളുകള്‍ക്ക് അപൂര്‍വം ചില ആളുകള്‍ക്ക് പ്രായമായതുകൊണ്ടു അവരുടെ ബുദ്ധി, അതുപോലെ തന്നെ പ്രവര്‍ത്തനക്ഷമത അതിനൊന്നും യാതൊരു കോട്ടവും വരില്ല. അതില്‍പെട്ട ഒരാളാണ് സഖാവ് ഇ.എം.എസ്. മറ്റു പലരെ സംബന്ധിച്ചും ഒരു പത്തെഴുപതു എഴുപത്തഞ്ചു വയസ്സ് കഴിഞ്ഞാല്‍ പറയാനേ കഴിയൂ, പ്രവര്‍ത്തിച്ചു കാണിച്ചു മാതൃകയാവാന്‍ കഴിയില്ല.

എപ്പോളായാലും നമ്മുടെ പാര്‍ട്ടിയുടെ ഒരു രീതി ഉപദേശിച്ചു വിടലല്ല, നേതാക്കള്‍ മുന്നില്‍ നടന്നു പ്രവര്‍ത്തിച്ചു  കാണിക്കലാണ്. അപ്പോള്‍ ആ രീതിയില്‍ നല്ലതു ചെറുപ്പക്കാരായ ആളുകള്‍ക്ക് അവസരം കൊടുക്കുന്നതിനു വേണ്ടി ഒരു പരിധി നിശ്ചയിക്കണം. പക്ഷെ ഇത്തരത്തിലുള്ള  വ്യക്തികളുടെ   (മുതിര്‍ന്നവരുടെ) സേവനം പാര്‍ട്ടി പ്രയോജനപ്പെടുത്തണം. അവരെ ഇപ്പോള്‍ കമ്മറ്റിയില്‍ ഇട്ടിട്ടില്ലെങ്കിലും പ്രധാനപ്പെട്ട രാഷ്ട്രീയ പ്രശ്‌നങ്ങള്‍ അവരുമായിട്ട്  ചര്‍ച്ച ചെയ്യുക, അവരുടെ നിര്‍ദ്ദേശങ്ങള്‍ മനസ്സിലാക്കുക. അത് പാര്‍ട്ടിക്ക്  ഗുണം ചെയ്യും.

കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പിലാക്കുന്നതിനെക്കുറിച്ചു പഠിച്ച സമിതിയുടെ അധ്യക്ഷന്‍ താങ്കള്‍ ആയിരുന്നല്ലോ. ആ റിപ്പോര്‍ട്ടിന്റെ മേല്‍ തുടര്‍നടപടികള്‍ ശരിയായ രീതിയില്‍ കഴിഞ്ഞ മന്ത്രിസഭാ കാലത്തു നടന്നിരുന്നില്ല,  ആ റിപ്പോര്‍ട്ടിന്റെ ഭാവി എന്താണ് ഈ പുതിയ ഗവണ്‍മെന്റില്‍?

സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് ഈ ഗവണ്മെന്റ്  നടപ്പിലാക്കും.

Latest Stories

We use cookies to give you the best possible experience. Learn more