| Monday, 17th June 2019, 9:30 pm

'എനിക്ക് പേരുണ്ട്, അത് പി.കെ ശശിക്കെതിരെ ലൈംഗികാക്രമണ പരാതി കൊടുത്ത പെണ്‍കുട്ടി എന്നല്ല'

ഹരിമോഹന്‍

പി.കെ ശശിക്കെതിരേ ലൈംഗികാക്രമണ പരാതി നല്‍കിയ പെണ്‍കുട്ടി എന്നറിയപ്പെടേണ്ടെന്നും സ്വന്തം പേരില്‍ത്തന്നെ അറിയപ്പെടാനാണു താന്‍ ആഗ്രഹിക്കുന്നതെന്നും പാലക്കാട് ഡി.വൈ.എഫ്.ഐ ജില്ലാ ഘടകത്തില്‍ നിന്നു രാജിവെച്ച സൗമ്യ രാജ്. തന്നോടൊപ്പം സ്ത്രീപക്ഷ നിലപാടെടുത്തുനിന്ന ഡി.വൈ.എഫ്.ഐ സഖാക്കള്‍ കൂടി ഇരകളായിക്കൊണ്ടിരിക്കുകയാണെന്നും ഡൂള്‍ന്യൂസിന് അനുവദിച്ച അഭിമുഖത്തില്‍ സൗമ്യ പറഞ്ഞു.

അഭിമുഖത്തിന്റെ പൂര്‍ണരൂപം:

രാജിവെയ്ക്കുന്ന കാര്യം ഡി.വൈ.എഫ്.ഐ സംസ്ഥാന നേതൃത്വത്തെ ഏതെങ്കിലും തരത്തില്‍ അറിയിച്ചിരുന്നോ ?

ഡി.വൈ.എഫ്.ഐയുടെ ജില്ലാ ഘടകത്തിനാണ് രാജിക്കത്ത് നല്‍കിയത്. അതായത്, ഞാന്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന ഘടകത്തിന്റെ സെക്രട്ടറിക്കാണു രാജിക്കത്ത് നല്‍കിയത്. രാജിവെയ്ക്കാമെന്നുള്ള തീരുമാനവുമായി ബന്ധപ്പെട്ട് സംസ്ഥാന നേതൃത്വവുമായി സംസാരിച്ചിട്ടില്ല. മുന്‍പു പല പ്രശ്‌നങ്ങളും സംസാരിച്ചിട്ടുണ്ട്. രാജിക്കാര്യവുമായി ബന്ധപ്പെട്ട് ഡി.വൈ.എഫ്.ഐയുടെ ജില്ലാ സെക്രട്ടറിയുമായി സംസാരിച്ചിരുന്നു. സംസ്ഥാന സെക്രട്ടറിയുമായി സംസാരിച്ചിട്ടില്ല.

ഫേസ്ബുക്ക് പോസ്റ്റിലൂടെ പരാതി പറയുന്നത് ശരിയായ നടപടിയല്ല എന്നാണ് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീം പറഞ്ഞത്. അതിനോട് എങ്ങനെയാണു പ്രതികരിക്കുന്നത് ?

ഞാന്‍ അത്തരത്തിലെന്തെങ്കിലും ചെയ്തതായി നിങ്ങള്‍ക്കറിയാമോ ? ഇല്ലല്ലോ. അങ്ങനെയെന്തെങ്കിലും പ്രസ്താവന അദ്ദേഹം നടത്തിയിട്ടുണ്ടെങ്കില്‍ അതു തെറ്റിദ്ധാരണ മൂലമായിരിക്കും. അല്ലാതെ അദ്ദേഹം അങ്ങനെ പറയുമെന്നു ഞാന്‍ വിചാരിക്കുന്നില്ല.

ഡി.വൈ.എഫ്.ഐയുടെ ജില്ലാഘടകത്തില്‍ നിന്ന് ജിനേഷിനെ തരംതാഴ്ത്തിയത് മറ്റു ചില കാരണങ്ങള്‍ കൊണ്ടാണെന്നാണ് റഹീം പറയുന്നത്. അങ്ങനെതന്നെയാണോ ?

ഇത് ഒരു വ്യക്തിയുടെ പ്രശ്‌നമല്ല. ഞാന്‍ മാസങ്ങള്‍ക്കു മുന്‍പു പരാതി കൊടുത്തശേഷം ഡി.വൈ.എഫ്.ഐ നേതാക്കളില്‍ നിന്ന് എനിക്കു നേരിടേണ്ടിവന്ന കുറേ പ്രശ്‌നങ്ങളുണ്ട്. എന്നോടൊപ്പം തന്നെ സ്ത്രീപക്ഷ നിലപാടെടുത്തു നിന്ന കുറച്ച് ഡി.വൈ.എഫ്.ഐ സഖാക്കള്‍ കൂടി ഇതിന് ഇരകളായിക്കൊണ്ടിരിക്കുകയാണ്. ഈ പ്രശ്‌നങ്ങളൊക്കെ പരിഹരിക്കണമെന്നു ഞങ്ങള്‍ ജില്ലാ നേതൃത്വത്തോടു പരമാവധി പറഞ്ഞിരുന്നു. പക്ഷേ അതിനു പരിഹാരമുണ്ടായില്ല. അതുകൊണ്ട് ഇതു നമ്മുടെ പ്ലാറ്റ്‌ഫോമല്ല, ഇവിടെ നിന്നു മാറിനില്‍ക്കാം, ഒഴിവായിപ്പോകാം എന്നായിരുന്നു എന്റെ തീരുമാനം. അപ്പോള്‍ അതിന് കണ്‍വെന്‍ഷന്‍ വരട്ടെ, അതിനുശേഷം മാറിപ്പോകാം എന്നു തീരുമാനിച്ചു. പിന്നീട് കണ്‍വെന്‍ഷന്‍ വന്നപ്പോള്‍, ഈ അനീതിയെല്ലാം അംഗീകരിച്ച് കമ്മിറ്റിയില്‍ തുടരാന്‍ കഴിയില്ല എന്നറിയിച്ചെങ്കിലും കമ്മിറ്റിയില്‍നിന്നു മാറ്റാന്‍ തയ്യാറായില്ല.

ഇപ്പോള്‍ രാജിയിലേക്കു പോകാന്‍ കാരണമായത് ഇക്കാരണങ്ങള്‍ കൊണ്ടാണോ ?

സ്ത്രീപക്ഷ നിലപാടെടുത്ത സഖാക്കളെ പൂര്‍ണമായും അവഗണിക്കുന്ന, ബഹിഷ്‌കരിക്കുന്ന ഒരു നിലപാടായിരുന്നു അവര്‍ സ്വീകരിച്ചത്. ഒരു പരിപാടിയിലും പങ്കെടുപ്പിക്കില്ല, ചുമതലകളില്‍ നിന്നു പൂര്‍ണമായും മാറ്റുക അങ്ങനെയൊരു സമീപനമായിരുന്നു ഉണ്ടായിരുന്നത്. എനിക്കെതിരേ പ്രചാരണം നടത്തിയ ബ്ലോക്ക് സെക്രട്ടറി അടക്കമുള്ള ചിലയാളുകളുണ്ട്. അവര്‍ക്കു കൊടുക്കുന്ന ഒരു പ്രമോഷനും കാര്യങ്ങളും സ്ത്രീപക്ഷ നിലപാടെടുത്തു നിന്ന ആളുകള്‍ക്കു ലഭിക്കുന്നില്ല. അവരെ തരംതാഴ്ത്തുന്ന ഒരു സമീപനമാണു ജില്ലാ കമ്മിറ്റിയെടുക്കുന്നത്. പരാതി ആരോപിക്കപ്പെട്ട നേതാവിന്റെ കൂടെയാണ് ഇവരൊക്കെയെന്ന ബോധ്യപ്പെടലിന്റെയും കൂടി അടിസ്ഥാനത്തിലാണു രാജി. ഡി.വൈ.എഫ്.ഐയോടോ പാര്‍ട്ടിയോടോ ഉള്ള എതിര്‍പ്പല്ല, ഡി.വൈ.എഫ്.ഐയോടും പാര്‍ട്ടിയോടും ചേര്‍ന്നു നിന്നുകൊണ്ടുതന്നെ ഡി.വൈ.എഫ്.ഐയുടെ ഘടകങ്ങളില്‍ നിന്നാണു രാജിവെച്ചത്.

ജിനേഷ് അല്ലാതെ മറ്റാര്‍ക്കെങ്കിലും എതിരേ പാര്‍ട്ടി നടപടിയെടുത്തിട്ടുണ്ടോ ?

ബ്ലോക്ക് ട്രഷററായിട്ടുള്ള സഖാവ് നിസാര്‍ മുഹമ്മദ്, സലാം എന്ന സഖാവ്, പിന്നെ എന്നെ അനുകൂലിക്കുന്ന മറ്റാളുകളും മാറ്റിനിര്‍ത്തപ്പെട്ടിട്ടുണ്ട്.

നിങ്ങള്‍ നേരിട്ടിരുന്ന പ്രശ്‌നങ്ങളെക്കുറിച്ച് പാര്‍ട്ടിക്കു പരാതി നല്‍കിയിരുന്നോ ?

പരാതി പറയുകയായിരുന്നു ചെയ്തത്. എഴുതിനല്‍കിയില്ല. രാജിക്കത്ത് എഴുതിക്കൊടുത്തിട്ടുണ്ട്. നേരത്തേ ഒഴിവാക്കിനിര്‍ത്തിയിട്ട്, അതിന്റെ കൂടെ ഈ സജീവപ്രവര്‍ത്തനത്തില്‍ നിന്നു മാറിനില്‍ക്കുന്നതിന്റെ കാരണവും ചോദിച്ചിരുന്നു. അതിന്റെ ഭാഗമായിട്ട് ഇക്കാരണങ്ങളൊക്കെ ജില്ലാ കമ്മിറ്റിയെ അറിയിച്ചിട്ടുണ്ട്.

പി.കെ ശശിക്കെതിരേ പാര്‍ട്ടി സ്വീകരിച്ച നടപടിയെക്കുറിച്ച് ?

ഞാന്‍ പാര്‍ട്ടിക്കു പരാതി നല്‍കിയിരുന്നു. പാര്‍ട്ടി അന്വേഷിച്ചു. പാര്‍ട്ടിക്കു ബോധ്യപ്പെട്ടപ്പോള്‍, നടപടിയെടുക്കാന്‍ പാര്‍ട്ടി തീരുമാനിച്ചു, അതെടുക്കുകയും ചെയ്തു. പാര്‍ട്ടിയുടെ നടപടി എന്താണെങ്കിലും അതംഗീകരിച്ചു പോവുക എന്ന രീതിയാണു ഞാന്‍ തുടരുന്നത്. ഞാന്‍ എവിടെയും ഒരു പ്രസ്താവനയും കൊടുത്തിട്ടില്ല. ഇതിനുമുന്‍പ് ഇതിനേക്കാള്‍ വലിയ പ്രശ്‌നമുണ്ടായിട്ടും പാര്‍ട്ടിയുടെ അച്ചടക്കത്തിനു വിരുദ്ധമായി ഒരു പ്രസ്താവനയും എന്റെ ഭാഗത്തുനിന്നുണ്ടായിട്ടില്ല.

വിഷയത്തില്‍ നിയമനടപടിയിലേക്കു പോകുന്നുണ്ടോ ?

ഇല്ല. അന്നു ഞാന്‍ ആഗ്രഹിച്ചത് പാര്‍ട്ടിയില്‍ പരാതി കൊടുക്കുക എന്നുള്ളതുതന്നെയാണ് അയാള്‍ക്കു കിട്ടാവുന്ന ശിക്ഷയെന്നാണ്. അതുകൊണ്ടാണു ഞാന്‍ അങ്ങനെ തീരുമാനമെടുത്തത്. അതനുസരിച്ചാണു ഞാന്‍ മുന്നോട്ടുപോയത്. ഇപ്പോള്‍ മറ്റൊന്നിനെക്കുറിച്ചും ഞാന്‍ ആലോചിച്ചിട്ടില്ല.

പേര് വെളിപ്പെടുത്താന്‍ തയ്യാറാകുന്നത് എന്തുകൊണ്ടാണ് ?

പി.കെ ശശി പീഡിപ്പിച്ച, അല്ലെങ്കില്‍ പി.കെ ശശിക്കെതിരേ ലൈംഗികാക്രമണ പരാതി കൊടുത്ത പെണ്‍കുട്ടി എന്നറിയപ്പെടേണ്ട, സൗമ്യ രാജ് എന്നറിയപ്പെടട്ടെ എന്നുതന്നെയാണു ഞാന്‍ ആഗ്രഹിക്കുന്നത്.

ഹരിമോഹന്‍

മാധ്യമപ്രവര്‍ത്തകന്‍

We use cookies to give you the best possible experience. Learn more