എഫ്.സി.സി സന്യാസ സഭ സിസ്റ്റര്‍ ലൂസി കളപ്പുരയെ പുറത്താക്കിക്കൊണ്ടുള്ള ഉത്തരരവ് പുറപ്പെടുവിച്ചിരിക്കുകയാണല്ലോ. എന്താണ് നിലവിലെ അവസ്ഥ?
ഓഗസ്റ്റ് ഏഴിനാണ് ഡിസ്മിസല്‍ ഓര്‍ഡര്‍ കിട്ടിയത്. എന്നെ പുറത്താക്കാന്‍ മെയ് 11ന് തന്നെ ഞാന്‍ അംഗമായിരിക്കുന്ന സന്യാസ സഭ തീരുമാനിച്ചതാണെന്ന് ആ ഉത്തരവില്‍ വ്യക്തമാണ്. അവര്‍ തീരുമാനമെടുത്ത ശേഷം റോമില്‍നിന്നും വത്തിക്കാന്‍ പ്രതിനിധികളില്‍ നിന്നുമുള്ള അനുമതിക്കുവേണ്ടി കാത്തിരിക്കുകയായിരുന്നു. അതാണ് ഓഗസ്റ്റ് അഞ്ചിന് അവര്‍ക്ക് കിട്ടിയത്. അത് ഓഗസ്റ്റ് ഏഴിന് ഇവിടെ എത്തിക്കുകയാണ് ചെയ്തത്. ശേഷം പത്ത് ദിവസത്തിനുള്ളില്‍ അപ്പീല്‍ കൊടുക്കാം എന്നതാണ് എനിക്ക് ചെയ്യാന്‍ പറ്റുന്ന കാര്യം.
എനിക്ക് ഇവിടെ തിരിച്ച് നില്‍ക്കണം, തെറ്റ് ചെയ്തിട്ടില്ലാത്തതുകൊണ്ട് അങ്ങനെ ഇറങ്ങിപ്പോകാന്‍ പറ്റില്ലല്ലോ. അതുകൊണ്ടാണ് അപ്പീല്‍തന്നെ കൊടുത്തത്. അതിന് മറുപടി കിട്ടുന്നതുവരെ എഫ്.സി.സിയിലെ എല്ലാ സിസ്റ്റേഴ്‌സിനേയും പോലെ എല്ലാ അവകാശത്തോടെയും സന്യാസി സഭയില്‍ ഞാനും അംഗമാണ്.
പുറത്താക്കല്‍ നടപടിക്കെതിരെ വത്തിക്കാനില്‍ നല്‍കിയ അപ്പീലില്‍ എന്താണ് മുന്നോട്ടുവക്കുന്ന ആവശ്യം?
എഫ്.സി.സി സിസ്റ്ററാവാതിരിക്കാനുള്ള അപകടകരമായ അവസ്ഥയൊന്നും എനിക്കില്ല. ചെയ്യേണ്ട കാര്യങ്ങള്‍ മാത്രമേ ഞാന്‍ ചെയ്തിട്ടുള്ളൂ. എന്റെ മേല്‍ ആരോപിക്കപ്പെടുന്നവയെല്ലാം ആരോപിക്കാന്‍വേണ്ടി മാത്രമുള്ളതാണ്. ഒരു എഫ്.സി.സി കന്യാസ്ത്രീ എന്ന നിലയില്‍ ആവശ്യമായ എല്ലാ യോഗ്യതയും എനിക്കുണ്ട്. ആ ഉറച്ച നിലപാട് ഉള്ളതുകൊണ്ട് തന്നെ ഇവിടെത്തന്നെ തുടരാനുള്ള നടപടിയാണ് സ്വീകരിക്കേണ്ടത്.
വത്തിക്കാനില്‍നിന്ന് ഡിസ്മിസല്‍ ഓര്‍ഡര്‍ പരിശോധിച്ച് വേണ്ട നടപടികളെടുക്കണം. എനിക്ക് ഇവിടെത്തന്നെയാണ് തുടരേണ്ടത് എന്നാണ് ഞാന്‍ എഴുതിയിരിക്കുന്നത്. ഏതെങ്കിലും കാരണത്താല്‍ അപ്പീല്‍ തള്ളിയാല്‍, ഒരു സ്ത്രീ എന്ന നിലയില്‍ എനിക്ക് കിട്ടേണ്ട എല്ലാ സുരക്ഷിതത്വത്തോടും കൂടി എന്റെ സന്യാസ ദൗത്യം പൂര്‍ത്തിയാക്കി എനിക്ക് വയനാട്ടില്‍ത്തന്നെ ജീവിച്ച് മരിക്കാനുള്ള എല്ലാ സംവിധാനവും ചെയ്ത് തരണമെന്ന ആവശ്യവും അപ്പീലില്‍ ഉന്നയിച്ചിട്ടുണ്ട്. ഇതില്‍ ആദ്യഭാഗത്തിനാണ് പ്രാധാന്യം.
വത്തിക്കാനില്‍നിന്ന് സിസ്റ്റര്‍ ലൂസിക്ക് നീതി ലഭിക്കും എന്ന് വിശ്വസിക്കുന്നുണ്ടോ?
വത്തിക്കാനാണ് നീതി തരേണ്ടത്. ക്രിസ്തുവിന്റെ പ്രതിനിധിയായി സഭയുടെ ഏറ്റവും ഉന്നതമായ സ്ഥാനത്തിരിക്കുന്ന ആളാണ് ഫ്രാന്‍സിസ് മാര്‍പ്പാപ്പ. അദ്ദേഹം നേരിട്ടായിരിക്കില്ല ഈ പ്രശ്‌നത്തില്‍ ഇടപെടുന്നത്. അദ്ദേഹത്തിന്റെ പ്രതിനിധികളുണ്ട്. ആ പ്രതിനിധികളിലൂടെ നീതി ലഭിക്കണം. എന്റെ മേല്‍ ആരോപിക്കപ്പെടുന്ന പ്രശ്‌നങ്ങള്‍ എന്തൊക്കെയാണെന്ന് അവര്‍ പഠിക്കുകയും എനിക്ക് നീതി ലഭിക്കുകയും ചെയ്യുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്.
ദാരിദ്ര്യം, ബ്രഹ്മചര്യം, അനുസരണം എന്നീ അടിസ്ഥാന വ്രതങ്ങള്‍ ലംഘിച്ചു എന്നാണല്ലോ ആരോപിക്കപ്പെടുന്ന കുറ്റങ്ങള്‍. ഇതിനോടുള്ള പ്രതികരണമെന്താണ്?
വ്രതങ്ങളൊന്നും ഞാന്‍ ലംഘച്ചിട്ടില്ല. എല്ലാം പൂര്‍ണമാക്കാനാണ് ഞാന്‍ പരിശ്രമിച്ചത്. എന്തോ തെറ്റിദ്ധാരണയുടെയോ അസൂയയുടെയോ കാരണത്താല്‍ ചാര്‍ത്തപ്പെട്ടതാണ് ഇതെല്ലാം. കൃത്യമായി പറഞ്ഞാല്‍ സ്‌നേഹമാണ് ഏറ്റവും വലിയ പ്രമാണം. യോശുക്രിസ്തു പഠിപ്പിക്കുന്നതും അതാണ്. ആ പ്രമാണത്തിന്റെ അവസാനം വരെയെത്താന്‍ സന്യാസത്തിലെടുക്കുന്ന ചെറിയ ചില ചാലുകളാണ് ഈ മൂന്ന് വ്രതങ്ങളും. ആ വ്രതങ്ങള്‍ തെറ്റിച്ചു എന്ന് എന്റെ മേല്‍ ആരോപിക്കപ്പെടുന്നത് എന്തിനാണെന്ന് എനിക്ക് ഇപ്പോഴുമറിയില്ല.
സമരം ചെയ്യുന്ന കന്യാസ്ത്രീകള്‍ക്ക് പിന്തുണ നല്‍കി എന്നാണ് ആരോപിക്കപ്പെടുന്ന ഒരു കാര്യം. നിതീ നിഷേധിക്കപ്പെടുന്നവര്‍ക്കും അടിച്ചമര്‍ത്തപ്പെടുന്നവര്‍ക്കും നീതി വാങ്ങിക്കൊടുക്കാന്‍ വന്നതാണ് യേശുക്രിസ്തു. അപ്പോള്‍ ഞാന്‍ ശരിയാണ്. മറ്റൊരു കാര്യം കവിതാ പുസ്തകമെഴുതി എന്നതാണ്. അതിനുള്ളില്‍ കര്‍ത്താവിന്റെ സ്‌നേഹത്തെക്കുറിച്ചാണ് വര്‍ണിച്ചിരിക്കുന്നത്. അത് ഞാന്‍ ചെയ്‌തേ പറ്റൂ. കാരണം അതിന് എനിക്ക് കഴിവുതന്നത് ദൈവമാണ്. അപ്പോള്‍ അതും തെറ്റല്ല.
പിന്നെ ദൈവഭക്തി ഗാനങ്ങള്‍ രചിച്ചു. അതും കഴിവുതന്നതുകൊണ്ട് ചെയ്തതാണ്. അങ്ങനെ അതെല്ലാം സമൂഹത്തിനുവേണ്ടി സമര്‍പ്പിക്കുകയാണ് ചെയ്തത്. അതിലുള്ള ഒരു പാട്ട് ‘മനുഷ്യാ നീയാണ് മതമെന്നറിയൂ’ എന്നാണ് തുടങ്ങുന്നത്. ഈ ആശയം സമൂഹത്തിന് പങ്കുവച്ച് കൊടുത്തില്ലെങ്കിലാണ് തെറ്റ്. എന്റെ പരമമായ ലക്ഷ്യം സ്‌നേഹമാണ്. പിന്നെ, വണ്ടിയോടിക്കാന്‍ പഠിക്കുക, ലൈസന്‍സ് എടുക്കുക, വണ്ടിയോടിക്കുക… അതൊക്കെ ഈ സഭയില്‍ ഇതുമുമ്പും ആളുകള്‍ ചെയ്തിട്ടുണ്ടല്ലോ. എന്തുകൊണ്ടാണ് ഇതെല്ലാം എന്റെ മേല്‍മാത്രം ആരോപിക്കപ്പെടുന്നു?
ഞാന്‍ ടെലിവിഷന്‍ ചാനലുകളിലെല്ലാം സംസാരിച്ചത് ആ സിസ്റ്റേഴ്‌സിന് നീതി ലഭിക്കാനും തെറ്റുചെയ്ത ഫ്രാങ്കോ ശിക്ഷിക്കപ്പെടാന്‍ വേണ്ടിയിട്ടുമുള്ള ചില അവസരങ്ങള്‍ ഞാന്‍ ഉപയോഗിക്കുകയായിരുന്നു. പ്രതികരിക്കാനും പ്രതിഷേധം പ്രകടിപ്പിക്കാനും ഒരു അവസരം ലഭിച്ചപ്പോള്‍ സമൂഹമധ്യത്തില്‍ ഞാനത് ചെയ്തു. ഈ കാര്യങ്ങള്‍ക്കെല്ലാം വേണ്ടി സാമ്പത്തിക ചെലവുണ്ട്. അതാരും സ്‌പോണ്‍സര്‍ ചെയ്യില്ല. സ്‌പോണ്‍സര്‍ ചെയ്യാന്‍ ആരെങ്കിലും തയ്യാറായാല്‍ത്തന്നെ അതിന്റെ ആവശ്യമില്ല.
കാരണം ഞാന്‍ അംഗമായ സന്യാസ സഭയ്ക്ക് ഇഷ്ടംപോലെ സ്വത്തുണ്ട്. നമ്മളൊക്കെ അധ്വാനിച്ച് തന്നെയാണ് സഭയ്ക്ക് സ്വത്ത് കൊടുക്കുന്നത്. അത് ചില സ്വാര്‍ത്ഥതയുടെ പേരില്‍ പിടിച്ചുവക്കുന്നവരാണ് യഥാര്‍ത്ഥത്തില്‍ ദാരിദ്ര്യവ്രതത്തിനെതിരെ തെറ്റ് ചെയ്യുന്നത്. ദാരിദ്ര്യവ്രതമെന്താണെന്ന് എന്റെ ജീവിതത്തിലൂടെയാണ് ഞാന്‍ തെളിയിക്കേണ്ടത്. എന്റെ ജീവിത ശൈലിയിലും എന്റെ മനോഭാവത്തിലുമാണ് ദാരിദ്ര്യം ഉണ്ടാവേണ്ടത്.
ഞാന്‍ ചെയ്തതെല്ലാം ചെയ്യേണ്ടതായിരുന്നെന്ന് ഞാന്‍ ആവര്‍ത്തിച്ച് പറയുന്നു. അത് അനുവദിക്കാത്തിടത്താണ് അനുസരണക്കേടുള്ളത്. അനുവദിക്കാത്തവരുടെ ഭാഗത്താണ് തെറ്റ്. എന്തിന്റെ പേരിലാണ് ഇത് നിഷേധിച്ചത് എന്നാണ് കണ്ടുപിടിക്കേണ്ടത്. ഒത്തിരി വിശാലമായ അര്‍ത്ഥമാണ് ഞാന്‍ മനസിലാക്കിയ അനുസരണ വ്രതത്തിനുള്ളത്.
വത്തിക്കാനില്‍നിന്ന് അപ്പീല്‍ തള്ളിയാല്‍, സഭാവസ്ത്രം ഉപേക്ഷിക്കേണ്ടിവന്നാല്‍ മുന്നോട്ട് എങ്ങനെ ജീവിക്കും?
ഈ വസ്ത്രത്തേക്കാള്‍ പ്രധാനമാണല്ലോ ഞാന്‍. അതുകൊണ്ട് ഈ ശരീരത്തില്‍ പൊതിയുന്ന ഏത് വസ്ത്രവും വിലപ്പെട്ടതായിട്ടാണ് ഞാന്‍ കാണുന്നത്. എങ്ങാനും വത്തിക്കാനില്‍നിന്ന് അപ്പീല്‍ തള്ളിയാല്‍ എന്നത്. പ്രവര്‍ത്തനത്തിനായി വയനാട് ഞാന്‍ തെരഞ്ഞെടുത്തതാണ്. ഇവിടെത്തന്നെ മരിക്കണം. സന്യാസിനിയായിത്തന്നെ. പക്ഷേ, വസ്ത്രത്തിന്റെ കാര്യം. അല്ലെങ്കിലും ഞാന്‍ വസ്ത്രം മാറാനായി അപേക്ഷ നല്‍കിയിരിക്കുന്ന ആളാണ്. അതിനായി ഒരുപാട് കാലമായി കാത്തിരിക്കുന്നു.
ഇത് പാരമ്പര്യമായി കന്യാസ്ത്രീകള്‍ ധരിക്കുന്ന വസ്ത്രമാണ്. വസ്ത്രമോ വസ്ത്രത്തിന്റെ തയ്യലിന്റെ സ്‌റ്റൈലോ അല്ല പ്രധാനം. വസ്ത്രത്തില്‍ പ്രത്യേകിച്ചെന്താണ് ഉള്ളത്? ഇതിലെന്ത് ദൈവസ്‌നേഹമാണുള്ളത്?എന്ത് ദാരിദ്ര്യമാണുള്ളത്? എന്ത് ബ്രഹ്മചര്യമാണുള്ളത്? എന്ത് അനുസരണയാണുള്ളത്?
കാലഘട്ടവും കാലാവസ്ഥയും മാറുന്നതനുസരിച്ചും ശരീര പ്രകൃതി മുന്‍നിര്‍ത്തിയും വസ്ത്രധാരണത്തില്‍ മാറ്റം വരുന്നതിനെക്കുറിച്ച് ഞാന്‍ ആഗ്രഹിച്ചിരിക്കുകയാണ്. വത്തിക്കാനില്‍നിന്നുള്ള അനുകൂലമായാലും പ്രതികൂലമായാലും ഞാന്‍ ഈ വസ്ത്രം മാറാനാണ് താല്‍പര്യപ്പെടുന്നത്. കാരണം എനിക്കിത് മാറിയേ പറ്റൂ. എന്റെ ശരീരം അതിന് നിര്‍ബന്ധിക്കുകയാണ്.
ഇപ്പോള്‍ ഇത്രയധികം പ്രശ്‌നങ്ങള്‍ നേരിടേണ്ടി വരികയാണല്ലോ. എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ കന്യാസ്ത്രീ സമരമടക്കമുള്ള കാര്യങ്ങളില്‍ ഇടപെടേണ്ടിയിരുന്നില്ല എന്ന്.
സത്യം പറയട്ടെ, അങ്ങനെ ഇതുവരെ തോന്നിയിട്ടില്ല. അങ്ങനെ തോന്നിയിട്ടുണ്ടെങ്കില്‍ എന്റെ വ്യക്തിത്വം അവിടെ നശിച്ചു എന്നാണ് ഞാന്‍ മനസിലാക്കിയിരിക്കുന്നത്. അങ്ങനെ ചെയ്താല്‍ അത് ലൂസി അല്ലാതെയാവും. ഞാന്‍ ഞാന്‍ തന്നെയാണ്. നിരന്തരം പ്രതിസന്ധികളൊക്കെ ഉണ്ടാവുന്നുണ്ടെങ്കിലും വേണ്ടിയിരുന്നില്ല എന്ന് എനിക്കിതുവരെ തോന്നിയിട്ടില്ല. ഇത്തരത്തില്‍ കുറേപ്പേരുകൂടി മുന്നോട്ടുവരണം എന്നാണ് ഞാന്‍ പറയുന്നത്. കാരണം, ഞാനൊരു സന്യാസി സമൂഹത്തെയോ സഭാ സംവിധാനങ്ങളെയോ അല്ല കുറ്റപ്പെടുത്തുന്നത്. മറിച്ച് അതിലെ പോരായ്മകളെ ചൂണ്ടിക്കാണിക്കുകയാണ് ചെയ്തത്. പോരായ്മകള്‍ കണ്ടെത്തിയാല്‍ മാത്രമെ എന്തിനേയും നമുക്ക് വൃത്തിയാക്കിയെടുക്കാന്‍ പറ്റൂ. അല്ലാതെ, എല്ലാവരെയും പ്രീതിപ്പെടുത്താനായി ചില അപ്രിയ സത്യങ്ങള്‍ മറച്ചുവക്കുന്നതില്‍ കാര്യമില്ല. അത് പറയുകതന്നെ വേണം. ഞാന്‍ ഇനിയും പറയും.
ഇപ്പോള്‍ത്തന്നെ ഫാദര്‍ നോബിള്‍ ഒരു വീഡിയോ ഇറക്കി എന്നെ അധിക്ഷേപിച്ചതുകൊണ്ടാണ് ഞാന്‍ അദ്ദേഹത്തിനെതിരെ സംസാരിക്കേണ്ടി വന്നത്. അതുവരെ അദ്ദേഹവുമായിട്ട് എനിക്ക് യാതൊരു പരിചയവുമില്ല. ഞാന്‍ നേരില്‍ ഇതുവരെ കണ്ടിട്ടുപോലുമില്ലാത്ത മനുഷ്യനാണ്. പക്ഷേ, അദ്ദേഹത്തിന്റെ ആ പ്രവൃത്തി എനിക്കിപ്പോള്‍ സൂചിപ്പിക്കേണ്ടി വരികയാണ്. ഇന്നുവരെ ഞാന്‍ ആരെയും ദ്രോഹിച്ചിട്ടില്ല.
ജോസഫ് പുത്തന്‍പുര എന്ന വൈദികന്‍ കഴിഞ്ഞ ദിവസം 24 ന്യൂസ് ചാനലിന്റെ ജനകീയ കോടതി എന്ന പരിപാടിയില്‍ അവസരമുണ്ടാക്കി എന്നെ വിമര്‍ശിച്ചു. എന്നെ വിമര്‍ശിക്കുകയല്ല അപമാനിക്കുകയാണ് അദ്ദേഹം ചെയ്തത്. അപ്പോള്‍ എനിക്ക് അദ്ദേഹത്തോട് സംസാരിക്കേണ്ടിവന്നു.
പ്രതിസന്ധികളുണ്ടാകട്ടെ. ഒരു വിത്ത് നടണമെങ്കില്‍ മണ്ണ് എന്തായാലും മുറിയപ്പെടണമല്ലോ. അതുകൊണ്ട് അത്തരം മുറിവുകളെയെല്ലാം ഞാന്‍ സ്വാഗതം ചെയ്യുകയാണ്. പക്ഷേ, തെറ്റ് ചെയ്തു എന്ന് പറഞ്ഞ് ചെയ്യാത്ത തെറ്റിന് പുറത്താക്കാന്‍ നോക്കിയാല്‍ ഞാന്‍ ഇറങ്ങിപ്പോവില്ല.
സിസ്റ്റര്‍ ലൂസി കളപ്പുര അംഗമായിരിക്കുന്ന സന്യാസി സമൂഹമാണ് സിസ്റ്റര്‍ക്കെതിരെ നടപടിയെടുത്തിരിക്കുന്നത്. എന്നാല്‍ പുരോഹിതരാണ് സിസ്റ്ററെ വ്യക്തിപരമായി അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നത്. അതിന്റെ കാരണം എന്താണ്?
ഫാദര്‍ നോബിള്‍ ചെയ്ത കാര്യം എടുത്ത് പരിശോധിച്ചാല്‍, സന്യാസ സഭയിലുള്ളവര്‍ മാത്രമല്ല ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നതെന്ന് വ്യക്തമാവും. പുരോഹിത വര്‍ഗം ഇതിന് പിന്നിലുണ്ട് എന്നത് വളരെ വ്യക്തമാണ്. കാരണം, എന്റെ മഠത്തിലെ സിസ്റ്റര്‍ സുപ്പീരിയറുടെ മുറിയിലിരിക്കുന്ന സിസിടിവി ക്യാമറയില്‍നിന്നും വിഷ്വല്‍ എടുത്തുകൊണ്ടുപോയി എന്നെ പരിഹസിക്കാനുള്ള എന്ത് ഉത്തരവാദിത്വമാണ് ആ പുരോഹിതനുള്ളത്? എന്നെ അപമാനിക്കാനും എന്റെ സ്ത്രീത്വത്തെ നിന്ദിക്കാനും എന്ത് അവകാശമാണ് അദ്ദേഹത്തിനുള്ളത്? വ്യക്തിപരമായി എനിക്ക് അദ്ദേഹത്തെ അറിയുകപോലുമില്ല. പിന്നെ എന്തിനാണ് അദ്ദേഹം ഇങ്ങനെ ചെയ്യുന്നത്? കന്യാസ്ത്രീകളുടെ സുരക്ഷിതത്വത്തിന് വേണ്ടി എന്നാണ് അദ്ദേഹം പറയുന്നത്. അദ്ദേഹത്തിന്റെ ഈ പ്രവൃത്തിയിലൂടെ കന്യാസ്ത്രീകള്‍ക്ക് എന്ത് സുരക്ഷിതത്വമാണ് ലഭിച്ചത്?
എന്റെ വ്യക്തിപരമായ വീഡിയോ രംഗങ്ങള്‍ പങ്കുവച്ചാണ് അദ്ദേഹമെന്നെ അപമാനിച്ചിരിക്കുന്നത്. ഇതില്‍ നിന്നും ഒരു കാര്യം ഞാന്‍ ഊഹിച്ചെടുക്കുന്നത്, എഫ്.സി.സി സിസ്റ്റേഴ്‌സിന് മുകളില്‍ അധികാരമുള്ള, അവരെ നയിക്കുന്ന ഒരു ഗ്രൂപ്പിന്റെ പ്രവര്‍ത്തനമാണിത്.
നോ എന്ന് പറയേണ്ടിടത്ത് നോ എന്ന് പറയുന്നതാണ് യഥാര്‍ത്ഥ വിശ്വാസം. അതായത്, ഒരു ബിഷപ്പ് വന്ന് എഫ്.സി.സി സുപ്പീരിയറിനോട് നിങ്ങള്‍ ലൂസിയുടെ കാര്യത്തില്‍ പെട്ടന്ന് നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടാല്‍ ബിഷപ്പേ, ഞങ്ങളുടെ സിസ്റ്ററിന്റെ കാര്യം ഞങ്ങള്‍ ശ്രദ്ധിച്ചോളാം നിങ്ങള്‍ ഇടപെടേണ്ട എന്ന് പറയാനുള്ള ഉത്തരവാദിത്വം അവര്‍ എടുക്കേണ്ടതാണ്.