| Wednesday, 14th December 2022, 9:17 pm

ജോയുടെ കള്ളത്തരം മറയ്ക്കാനായിരുന്നു ഡെയ്‌സിയുടെ പ്രണയം

അമൃത ടി. സുരേഷ്

 സാമര്‍ത്ഥ്യ ശാസ്ത്രത്തിന് മുമ്പ് തന്നെ കരിക്ക് ഫ്‌ളിക്കില്‍ ‘റോക്ക് പേപ്പര്‍ സിസേഴ്സ്’ എന്ന സീരിസ് എഴുതി അഭിനയിച്ചിട്ടുണ്ട്. ഇപ്പോള്‍ കരിക്കിന് വേണ്ടിയും ഒരു സീരിസ് എഴുതി ഹിറ്റാക്കിയിരിക്കുകയാണ്. എഴുത്തിലേക്കും അഭിനയത്തിലേക്കും എങ്ങനെയാണ് വരുന്നത്?

പണ്ട് മുതല്‍ തന്നെ എഴുതുമായിരുന്നു. കോളേജില്‍ പഠിക്കുമ്പോള്‍ കുറച്ച് അധികം ഷോര്‍ട്ട് സ്‌റ്റോറികള്‍ എഴുതുമായിരുന്നു. സാമര്‍ത്ഥ്യ ശാസ്ത്രത്തിന്റെ സംവിധായകന്‍ ശ്യാമിന്‍ ഗിരീഷും ഞാനും കോളേജില്‍ ഒരുമിച്ചുണ്ടായിരുന്നു. ഞാന്‍ എക്കണോമിക്‌സായിരുന്നു പഠിച്ചത്. എനിക്ക് ആ സമയം ആക്ടിങ്ങിനോടായിരുന്നു താല്‍പര്യം. അങ്ങനെ പോവുമ്പോള്‍ ശ്യാമിന്‍ തന്നെയാണ് നിനക്ക് എഴുതിക്കൂടെയെന്ന് ഒരിക്കല്‍ ചോദിച്ചത്. അന്നെനിക്ക് ലാപ്‌ടോപ്പില്ല. അവന്റെ ലാപ്‌ടോപ്പ് എനിക്ക് തന്നു. പഴയ സ്‌ക്രിപ്റ്റിന്റെ ഫോര്‍മാറ്റ് ലൈബ്രറിയില്‍ നിന്നും എടുത്ത് വായിച്ചത് അറിയാം. അല്ലാതെ പുതിയ ഹോളിവുഡ് ഫോര്‍മാറ്റൊന്നും അറിയില്ലായിരുന്നു. അതൊക്കെ കാണിച്ചുതന്ന് എഴുതിക്കോളാന്‍ പറഞ്ഞു. അങ്ങനെയാണ് സ്‌ക്രിപ്റ്റ് എഴുതാന്‍ തുടങ്ങിയത്. ഞാനും ശ്യാമിനും കോളേജിന് ശേഷം ഒരു ടീമായി.

 ഇതുവരെ കണ്ടതില്‍ ഏറ്റവും ഇഷ്ടപ്പെട്ട ഒരു സീരിസ് ഏതായിരിക്കും?

നെറ്റ്ഫ്‌ളിക്‌സിലുള്ള ഒ.എ. എന്നൊരു ഇംഗ്ലീഷ് സീരിസാണ് എനിക്ക് ഏറ്റവും ഇഷ്ടം. ആരും കാണാത്തതുകൊണ്ടായിരിക്കും അവര്‍ അതിന്റെ പ്രൊഡക്ഷന്‍ നിര്‍ത്തി. രണ്ട് സീസണ്‍ കഴിഞ്ഞ് മൂന്നാമത്തെ സീസണ്‍ ഇതുവരെ ഇറങ്ങിയിട്ടില്ല. ഇന്ത്യന്‍ സീരിസുകളില്‍ ഫാമിലി മാന്‍, സേക്രട്ട് ഹാര്‍ട്ട് എന്നിവ കണ്ടിട്ടുണ്ട്. പെട്ടെന്ന് ചോദിച്ചാല്‍ ഒരു ഫേവറിറ്റ് പറയാന്‍ ബുദ്ധിമുട്ടായിരിക്കും.

കരിക്കിലേക്ക് എങ്ങനെയാണ് എത്തുന്നത്?

ആവാസ വ്യൂഹം സിനിമയുടെ സംവിധായകന്‍ കൃഷാന്ത് സാര്‍ ഞാന്‍ പഠിച്ച തേവര എസ്.എച്ച് കോളേജിലെ ഫാക്കല്‍റ്റിയായിരുന്നു. അങ്ങനെ കൃഷാന്ത് സാറിനെ പരിചയമുണ്ട്. ആ പരിചയം വെച്ചാണ് ആവാസ വ്യൂഹത്തില്‍ അഭിനയിച്ചത്. കൃഷാന്ത് സാറിന് കരിക്കിലെ അര്‍ജുന്‍ രത്തനെ നേരത്തെ അറിയാം. കരിക്കില്‍ വരുന്നതിന് മുന്നേ അര്‍ജുനും ശ്യാമിനും കൃഷാന്ത് സാറും ഒന്നിച്ച് സീ ഫൈവിന് വേണ്ടി ഒരു വെബ് സീരിസ് ചെയ്തിട്ടുണ്ട്. ആ പരിചയത്തിലാണ് ശ്യാമിനെ പിന്നീട് നിഖിലേട്ടന്‍ (നിഖില്‍ പ്രസാദ് ) വിളിക്കുന്നത്.

സാമര്‍ത്ഥ്യ ശാസ്ത്രത്തില്‍ ഏറ്റവുമധികം ശ്രദ്ധ നേടുന്നത് ജൂഡ്, ജോ, വേണു എന്നീ കഥാപാത്രങ്ങളാണ്. ഉണ്ണിയും ശബരീഷും കൃഷ്ണ ചന്ദ്രനും സ്ഥിരം ചെയ്യുന്ന വേഷങ്ങളില്‍ നിന്നും വ്യത്യസ്തമായതാണ് ഈ കഥാപാത്രങ്ങള്‍. പ്രത്യേകിച്ചും 24 വയസുള്ള കൃഷ്ണ ചന്ദ്രന്‍ 35 വയസിലധികം പ്രായം തോന്നിക്കുന്ന വേണുവിനെ അവതരിപ്പിച്ചത് ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ഈ കഥാപാത്രങ്ങള്‍ അവതരിപ്പിക്കാന്‍ ഇവരെ തെരഞ്ഞെടുക്കുന്നത് എങ്ങനെയാണ്?

അനുവും ജീവനും അര്‍ജുനും ഉണ്ടാവില്ല എന്ന് നിഖിലേട്ടന്‍ നേരത്തെ പറഞ്ഞിരുന്നു. അവര്‍ക്ക് ആ സമയത്ത് വേറൊരു സ്‌ക്രിപ്റ്റിങ്ങിലിരിക്കേണ്ടി വരും. അതുകൊണ്ട് ബാക്കിയുള്ളവരെ വെച്ച് നോക്കണം എന്നാണ് പറഞ്ഞത്. സാമര്‍ത്ഥ്യ ശാസ്ത്രം ഒരു മാസം കൊണ്ട് എഴുതിയ സ്‌ക്രിപ്റ്റ് ആണ്. ഇതിന് വേണ്ടി ഭയങ്കരമായി എഫേര്‍ട്ട് ഇട്ടു എന്നൊക്കെ ഞാന്‍ പറഞ്ഞാല്‍ ഭയങ്കര കള്ളമാവും. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് ഒന്നാം തീയതി ഷൂട്ട് തുടങ്ങണമെന്നാണ് നിഖിലേട്ടന്‍ പറഞ്ഞത്.

ആദ്യം പ്ലാന്‍ ചെയ്തത് അഞ്ച് കള്ളന്മാരുടെ കഥയായിരുന്നു. അപ്പോള്‍ കള്ളന്മാരുടെ കഥ വേണ്ട കുറച്ചുകൂടി നല്ല ആളുകളുടെ കഥ ചെയ്‌തോളാന്‍ നിഖിലേട്ടന്‍ പറഞ്ഞു. ഉണ്ണി ചേട്ടനെ വ്യത്യസ്തമായ ഒരു വേഷത്തില്‍ അഭിനയിപ്പിക്കണമെന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നു. ആ കഥാപാത്രത്തെ ആദ്യം ഒരു പള്ളീലച്ചനായിട്ടാണ് എഴുതിയത്. പിന്നെ പള്ളീലച്ചന്‍ വേണ്ട എന്നൊരു തീരുമാനത്തിലേക്ക് എത്തിയതാണ്. വേണു എന്ന കഥാപാത്രത്തെ കൃഷ്ണ ചന്ദ്രന് ചെയ്യാന്‍ പറ്റുമെന്ന് എനിക്ക് നല്ല വിശ്വാസമുണ്ടായിരുന്നു. കൃഷ്ണ ചന്ദ്രനായിരുന്നു പേടി ഉണ്ടായിരുന്നത്. കാരണം ഇതുവരെ കോമഡി ആയിരുന്നു ചെയ്തിരുന്നത്, ഇത് ചെയ്തുകഴിഞ്ഞാല്‍ എങ്ങനെ ഉണ്ടാവും, ഈ കഥാപാത്രം ഭയങ്കര റൂഡാണല്ലോ എന്നൊക്കെ പറഞ്ഞ് അവന് പേടിയായിരുന്നു. പക്ഷേ പിന്നെ അത് നന്നായിട്ട് വരികയാണ് ചെയ്തത്. ബാക്കി കഥാപാത്രങ്ങളൊന്നും അത്ര വെല്ലുവിളിയാണെന്ന് എനിക്ക് തോന്നുന്നില്ല. എല്ലാവര്‍ക്കും ചെയ്യാന്‍ പറ്റുന്നത് പോലെയുള്ള കഥാപാത്രങ്ങളാണ്.

എവിടെയോ എഴുതി വന്നപ്പോള്‍ ശബരീഷിനെ വില്ലനാക്കാമെന്ന് വിചാരിച്ചു. ആകാശ് എന്ന കഥാപാത്രമാവാന്‍ ആരേയും കിട്ടിയില്ലായിരുന്നു. അങ്ങനെ വന്നപ്പോള്‍ ആ റോളിലേക്ക് അനുവിനെയോ ജീവനേയോ വിളിക്കണോയെന്ന് സംശയം വന്നു. പക്ഷേ പുതിയ ഒരാളെ തന്നെ വിളിക്കാം എന്നൊരു തീരുമാനത്തിലേക്ക് എത്തുകയാണ് ചെയ്തത്.

ജോയും ഡെയ്‌സിയും തമ്മില്‍ ഒടുവില്‍ വേര്‍പിരിയുന്നത് പ്രേക്ഷകര്‍ക്ക് വിഷമമുണ്ടാക്കിയിരുന്നു. എന്നാല്‍ ആദ്യത്തെ അഞ്ച് എപ്പിസോഡിലും ഇവര്‍ തമ്മില്‍ ഒരു ഇഷ്ടമുണ്ടെന്ന് വ്യക്തമായി പറയുന്നില്ല. പ്രേക്ഷകര്‍ ഓരോന്ന് ഊഹിക്കുകയായിരുന്നു. ആറാമത്തെ എപ്പിസോഡിലാണ് ജോയ്ക്കും ഡെയ്‌സിക്കുമിടയില്‍ ഒരു കണക്ഷനുണ്ടെന്ന് സീരിസ് വ്യക്തമായി പറയുന്നത്. ആ കണക്ഷന്‍ വേണമെന്ന് തുടക്കം മുതല്‍ തന്നെയുണ്ടായിരുന്നോ?

അത് തുടക്കം മുതല്‍ തന്നെ വേണമെന്ന് തീരുമാനിച്ചതാണ്. പക്ഷേ ഇത്രയും ചര്‍ച്ച ചെയ്യപ്പെടുമെന്ന് വിചാരിച്ചില്ല. അവരുടെ വേര്‍പിരിയല്‍ വേദനിപ്പിച്ചു എന്ന് ആളുകള്‍ പറയുന്നുണ്ട്. ഒരു കവറപ്പ് ആയിരുന്നു ഈ ബന്ധം കൊണ്ട് ഉദ്ദേശിച്ചത്. സീരിസ് തുടങ്ങുന്നത് തന്നെ ‘താന്‍ തന്ന മീനൊക്കെ രണ്ട് ദിവസം കഴിയുമ്പോള്‍ ചത്ത് പോവുകയാണ്’ എന്ന് ജോയോട് കുട്ടികള്‍ പറയുന്ന ഡയലോഗിലാണ്. അങ്ങനെ സീരിസിന്റെ തുടക്കം മുതല്‍ പല ഭാഗത്ത് ജോ കള്ളനാണെന്ന് കാണിക്കുന്നുണ്ട്. അതില്‍ നിന്നും പ്രേക്ഷകരുടെ ശ്രദ്ധ തിരിക്കാനാണ് ഡെയ്‌സിയുമായുള്ള ബന്ധം ഞാന്‍ ഇട്ടുകൊടുത്തത്. പക്ഷേ അത് ഇത്രയും വര്‍ക്കാവുമെന്ന് വിചാരിച്ചില്ല.

ജോ ആണ് കള്ളന്‍ എന്ന് എവിടെയോ ആളുകള്‍ കണ്ടുപിടിക്കുമായിരുന്നു. കാരണം ശബരീഷിന്റെ കഥാപാത്രത്തെ നോക്കുകയാണെങ്കില്‍ ഡയലോഗ് വളരെ കുറവാണ്, അധികം സംസാരിക്കുന്നില്ല, ബാക്ക്ഗ്രൗണ്ടില്‍ അവിടെയും ഇവിടെയും നിക്കുന്നുണ്ട്, അപ്പോള്‍ ആളുകള്‍ക്ക് ഊഹിക്കാന്‍ പറ്റും. ഈ കൂട്ടത്തില്‍ ശബരീഷാണ് സ്റ്റാര്‍. കരിക്കെന്ന് പറയുമ്പോള്‍ ജോര്‍ജ് ലോലനെന്നാണല്ലോ. അങ്ങനെയുള്ള ഒരാളെ എന്തിനാണ് ഇങ്ങനെ വെറുതേ കൊണ്ടുനിര്‍ത്തിയിരിക്കുന്നതെന്ന് ആളുകള്‍ ആലോചിക്കും. പക്ഷേ അതിനിടക്ക് ഡെയ്‌സി വന്നതുകൊണ്ട് ആളുകള്‍ ശ്രദ്ധിക്കാതെ പോയി എന്നാണ് വിശ്വസിക്കുന്നത്. പിന്നെ അനുവോ ജീവനോ അവസാനം ഒരു സര്‍പ്രൈസ് എന്‍ട്രി നടത്തുമെന്ന് ആളുകള്‍ പ്രതീക്ഷിച്ചു. അങ്ങനെ ഒരുപാട് ഫാക്ടേഴ്‌സ് ഉണ്ട്.

ശബരീഷ് ഇതിന് മുമ്പ് റൊമാന്‍സ് ചെയ്തിട്ടില്ല. ശബരീഷിനെക്കൊണ്ട് റൊമാന്റിക് പോര്‍ഷന്‍സ് ചെയ്യിച്ചെടുക്കുന്നത് വെല്ലുവിളി ഉയര്‍ത്തിയിരുന്നോ?

നല്ല വെല്ലുവിളിയായിരുന്നു. ശബരീഷ് റൊമാന്‍സിനെ ക്രിഞ്ചെന്ന് വിളിക്കുന്ന ആളാണ്. ഇടക്ക് ക്രിഞ്ചെന്ന് പറഞ്ഞ് പോവും. പിന്നെ നമ്മളെല്ലാവരും ചുമ്മാ ചെയ്യെടാ എന്ന് പറഞ്ഞാണ് ചെയ്യിക്കുന്നത്. പുള്ളിക്ക് റൊമാന്‍സൊന്നും ചെയ്യാന്‍ തീരെ താല്‍പര്യമില്ല. ജോ-ഡെയ്‌സി വീഡിയോയോ, സ്റ്റാറ്റസോ വരുമ്പോള്‍ അവന് അയച്ചുകൊടുത്ത് കണ്ടോ നീ എന്ന് ചോദിക്കും.

ആകാശ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച എബ്രഹാം വടക്കനും ശ്രദ്ധിക്കപ്പെട്ടിരുന്നു. എബ്രഹാം എങ്ങനെയാണ് നിങ്ങളുടെ ടീമിലേക്ക് എത്തുന്നത്?

എബ്രഹാമിനെ ഓഡിഷനിലൂടെയാണ് കിട്ടിയത്. ആകാശ് എന്ന കഥാപാത്രത്തിലേക്ക് കുറച്ചാളുകളുടെ പേര് വന്നിരുന്നു. ശ്യാമിനോട് ആരോ പറഞ്ഞിട്ടാണ് എബ്രഹാമിനെ കിട്ടുന്നത്. ശബരീഷിന്റെ ബോഡി ലാംഗ്വേജിനോട് ചേര്‍ന്ന് നില്‍ക്കുന്ന ഒരാളെ എനിക്ക് നേരത്തെ ഇഷ്ടപ്പെട്ടിരുന്നു. അയാളെ എടുക്കാമെന്ന് ഞാന്‍ പറഞ്ഞപ്പോള്‍ എബ്രഹാമിനെ നേരത്തെ തന്നെ വിളിച്ച് പോയി, നീ വെറുതെ അവന്റെ ഓഡിഷന്‍ ചെയ്യ് എന്ന് ശ്യാമിന്‍ പറഞ്ഞു. സീരിസിലെ അവസാനത്തെ അഞ്ച് മിനിട്ട് സീനാണ് എബ്രഹാമിനെക്കൊണ്ട് ഓഡിഷന്‍ ചെയ്യിപ്പിച്ച് നോക്കിയത്. ആ ഒഡിഷന്‍ വീഡിയോ അയച്ച മൊമെന്റില്‍ തന്നെ ഇയാള്‍ മതിയെന്ന് തീരുമാനിച്ചു.

ഇതിന് മുമ്പ് എബ്രഹാം ആവറേജ് അമ്പിളി എന്ന സീരിസില്‍ വളരെ ചെറിയ ഒരു റോള്‍ ചെയ്തിട്ടുണ്ട്. സെറ്റില്‍ നമ്മളെല്ലാവരും ഒരു ഫാമിലി പോലെയായിരുന്നു. അതുകൊണ്ട് ആക്ട് ചെയ്യുകയാണെന്ന ടെന്‍ഷനൊന്നും എബ്രഹാമിനോ മറ്റാര്‍ക്കെങ്കിലുമോ ഉണ്ടായിരുന്നില്ല.

സൗദി വെള്ളക്ക കണ്ടിറങ്ങിയ പ്രേക്ഷകര്‍ പറഞ്ഞത് ഡെയ്‌സിയുടെ അമ്മൂമ്മയല്ലേ ആയിഷുമ്മ എന്നായിരുന്നു. ദേവി വര്‍മ എങ്ങനെയാണ് സീരിസിലേക്ക് എത്തുന്നത്?

അമ്മൂമ്മയുടെ കൊച്ചുമോന്‍ സിദ്ധാര്‍ത്ഥ്, എബ്രഹാം വടക്കന്റെ ഫ്രണ്ടാണ്. ഒരു അമ്മൂമ്മ വേണമെന്ന് ആലോചന വന്നപ്പോഴാണ് എബ്രഹാം ദേവി വര്‍മയുടെ കാര്യം പറയുന്നത്. സൗദി വെള്ളക്കയുടെ ഷൂട്ട് കഴിഞ്ഞിട്ടാണ് അമ്മൂമ്മ ഞങ്ങള്‍ക്കൊപ്പമാവുന്നത്. പക്ഷേ ആദ്യം ഇറങ്ങിയത് സാമര്‍ത്ഥ്യ ശാസ്ത്രമായിരുന്നു. അമ്മൂമ്മ തന്നെയാണ് ഡബ്ബ് ചെയ്തതും. പുള്ളിക്കാരിയുടെ കൂടെ സിദ്ധാര്‍ത്ഥും വരുമായിരുന്നു. സിദ്ധാര്‍ത്ഥാണ് പറഞ്ഞ് കൊടുക്കുന്നത്. എളുപ്പമായിരുന്നു അമ്മൂമ്മയെ കൊണ്ട് അഭിനയിപ്പിക്കുന്നത്. പ്രായമായ ആളുകളെ കിട്ടാന്‍ പാടാണ്.

ഡെയ്‌സി എന്ന കഥാപാത്രത്തിനെതിരെ വിമര്‍ശനങ്ങള്‍ വന്നിരുന്നു. ഫുട്‌ബോള്‍ അറിയാത്ത സ്ത്രീകള്‍ ഇപ്പോഴുമുണ്ടോ എന്നുള്ള ചോദ്യങ്ങളുയര്‍ന്നിരുന്നു. പ്രത്യേകിച്ചും ഡെയ്‌സി ഒരു ടീച്ചര്‍ കൂടിയാണ്. ഫുട്‌ബോള്‍ അറിയാത്തവരും നിഷ്‌കളങ്കരായവരുമാണ് സ്ത്രീകള്‍ എന്നൊരു ധാരണ പണ്ട് ഉണ്ടായിരുന്നു. വേള്‍ഡ് കപ്പ് കൂടി നടക്കുന്ന ഈ സമയത്ത് അത്തരത്തിലുള്ള പല ധാരണകളും മാറുന്നുണ്ട്. ഫുട്‌ബോളിനോട് താല്‍പര്യമുള്ള നിരവധി സ്ത്രീകള്‍ മുന്നോട്ട് വരുന്നുണ്ട്. പതിവ് രീതികള്‍ക്ക് മാറ്റമുണ്ടാകുന്ന സമയത്ത് പഴയ ധാരണകളെ വീണ്ടും കൊണ്ടുവരുന്നതല്ലേ ഡെയ്‌സിയുടെ കഥാപാത്ര സൃഷ്ടി?

അതിനെ പറ്റി പറഞ്ഞാല്‍ പേഴ്‌സണലി എനിക്ക് ഫുട്‌ബോള്‍ അറിയില്ല. അനിയന്‍ ഫുട്‌ബോള്‍ കാണുന്നതുകൊണ്ടാണ് ഞാന്‍ ആഴ്‌സണലിനെ കുറിച്ച് അറിയുന്നത്. ഡെയ്‌സിക്ക് ആഴ്‌സണല്‍ എന്താണെന്ന് അറിയില്ല. പക്ഷേ ഡെയ്‌സിക്ക് ഫുട്‌ബോള്‍ അറിയില്ല എന്ന് എവിടെയും പറയുന്നില്ല. കാരണം ഡെയ്‌സി ചോദിക്കുന്നത് ആഴ്‌സണല്‍ രാജ്യമാണോ എന്നാണ്. ഇവിടെയുള്ള മിക്ക ആളുകള്‍ക്കും അര്‍ജന്റീന, ബ്രസീല്‍ എന്നുള്ള രാജ്യങ്ങള്‍ കളിക്കുന്നു എന്നറിയാം. ഇത്തരം ഒരു പ്രീമിയര്‍ ലീഗുണ്ട്, അതില്‍ ക്ലബ്ബുകള്‍ കളിക്കുന്നുണ്ട്, അതില്‍ ആഴ്‌സണല്‍ എന്നൊരു ക്ലബ് ഉണ്ടെന്ന് അധികം ആളുകള്‍ക്ക് അറിയില്ല. ഇനി ഉണ്ടെങ്കിലും ഡെയ്‌സിക്ക് അത് അറിയില്ല.

എഴുതുമ്പോള്‍ തന്നെ ഇതിനെ കുറിച്ച് ആലോചിച്ചിരുന്നു. വളരെ മടിയുള്ള ഒരാളായിട്ടാണ് എനിക്ക് ഡെയ്‌സിയെ വേണ്ടത്. കാരണം ഡെയ്‌സിയുടെ അമ്മ ഒരു ഫെമിനിസ്റ്റും ഭയങ്കര സ്‌ട്രോങ്ങുമാണ്. ഡെയ്‌സിയുടെ അച്ഛന്‍ ചെറുപ്പത്തില്‍ തന്നെ മരിച്ച് പോയതാണ്. എനിക്ക് ഇങ്ങനത്തെ ആളുകളെ അറിയാം. അച്ഛന്‍ മരിച്ച കുടുംബത്തില്‍ അമ്മക്ക് ഭാരം മുഴുവന്‍ തലയില്‍ എടുത്ത് വെക്കേണ്ടി വരും. എല്ലാ കാര്യവും അവര്‍ തന്നെ ചെയ്യും. അമ്മ എല്ലാം ചെയ്യും എന്ന് മകള്‍ ചിന്തിക്കും.

അമ്മ എപ്പോഴും ഡെയ്‌സിയെ പ്രൊട്ടക്ട് ചെയ്യുന്നത് കൊണ്ടായിരിക്കും ഡെയ്‌സി ഇങ്ങനെ ആയിപ്പോയത്. അതുകൊണ്ട് തന്നെ ഡെയ്‌സി കുറച്ച് ഉള്‍വലിഞ്ഞ, അധികം കാര്യങ്ങളില്‍ ഇടപെടാത്ത, വേറെ ഒന്നിനെക്കുറിച്ചും ബോതേര്‍ഡ് അല്ലാത്ത ആളാണ്. ചിലപ്പോള്‍ ഒരു ടൂറ് പോലും പോയിട്ടുണ്ടാവില്ല. വീട്ടില്‍ നിന്നും മാറി നില്‍ക്കുന്നത് ഈ ഒരു സന്ദര്‍ഭത്തിലായിരിക്കും. എനിക്ക് അറിയാവുന്ന ഇതുപോലത്തെ ആളുകളുണ്ട്. ഡെയ്‌സിക്ക് ക്യാച്ച് ചെയ്യാനറിയാത്തത് പോലെ എനിക്കും ക്യാച്ച് ചെയ്യാനറിയില്ല. എന്നാല്‍ ചില സ്ഥലങ്ങളില്‍ ഡെയ്‌സി സ്‌ട്രോങ്ങാവുന്നുമുണ്ട്.

ഡെയ്‌സിക്ക് ഒരു സിന്‍ഡ്രല റഫറന്‍സാണ് കൊടുത്തത്. ഒരു അഡ്വഞ്ചറിന് പോകുന്നു, ജീവിതത്തില്‍ ഇതുവരെ വിചാരിക്കാത്തതുപോലെ ഡ്രസ് ഇടുന്നു. അതിനുവേണ്ടിയാണ് വീഴുമ്പോള്‍ ഷൂസ് ഊരിപ്പോകുന്നതും ജോ എടുത്തുകൊണ്ട് പോകുന്നതും. അതെല്ലാം തിരിച്ച് കൊടുക്കേണ്ടി വരുന്നുണ്ട് ഡെയ്‌സിക്ക്. ഒരു മിഡ്‌നൈറ്റില്‍ സാഹസികമായ ഒരു യാത്രക്ക് പോകുന്ന ഒരു സിന്‍ഡ്രലയാണ് ഡെയ്‌സി.

എഴുത്തും അഭിനയവും എങ്ങനെയാണ് മുന്നോട്ട് കൊണ്ടുപോകുന്നത്?

ഞാന്‍ തിരക്കുള്ള അഭിനേത്രിയൊന്നുമല്ല. കുറച്ച് പരസ്യങ്ങള്‍ ചെയ്യും. അതാണ് എന്റെ വരുമാനമാര്‍ഗം എന്ന് വേണമെങ്കില്‍ പറയാം. ഇപ്പോള്‍ എല്ലാത്തിനും സമയമുണ്ട്. സമയമില്ലാതെ വരുമ്പോഴാണ് ഇതില്‍ ഏത് തെരഞ്ഞെടുക്കണം എന്ന തീരുമാനമെടുക്കേണ്ടി വരുന്നത്. രണ്ടും ആസ്വദിച്ചാണ് ചെയ്യുന്നത്. എഴുത്ത് കുറച്ച് സ്‌ട്രെസ്ഫുള്ളാണെങ്കിലും അത് ഞാന്‍ ആസ്വദിക്കാറുണ്ട്. സ്‌ക്രിപ്റ്റ് എഴുതി അവസാനിപ്പിക്കുമ്പോള്‍ സമാധാനം കിട്ടാറുണ്ട്.

സാമര്‍ത്ഥ്യ ശാസ്ത്രത്തിന് തുടര്‍ച്ചയുണ്ടാവുമോ?

അത് നിഖിലേട്ടനോട് ചോദിക്കേണ്ടി വരും.

പുതിയ വര്‍ക്കുകള്‍?

നിലവില്‍ ഒന്നും ചെയ്യുന്നില്ല. സാമര്‍ത്ഥ്യ ശാസ്ത്രം ഒരു മാസം കൊണ്ട് തട്ടിക്കൂട്ടിയതാണ്. ഈ വരുന്ന വിമര്‍ശനങ്ങള്‍ ഞാന്‍ കേള്‍ക്കണം. നല്ല എഫേര്‍ട്ട് ഇട്ട് കുറച്ച് സമയമെടുത്ത് ഒരു പത്ത് ഡ്രാഫ്‌റ്റൊക്കെ ഉണ്ടാക്കി മാക്‌സികം പോളിഷ് ചെയ്തിട്ടേ ഇനി ചെയ്യുന്നുള്ളൂ എന്നൊരു തീരുമാനം എടുത്തിട്ടുണ്ട്.

Content Highlight: interview with nileen sandra, writer and script writer of samarthya shasthram

അമൃത ടി. സുരേഷ്

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ജേര്‍ണലിസത്തില്‍ പി.ജിയും പൂര്‍ത്തിയാക്കിയിട്ടുണ്ട്.

We use cookies to give you the best possible experience. Learn more