പിടികിട്ടാപുള്ളിയായ മവോയിസ്റ്റെന്നാരോപിച്ച് സാമൂഹ്യപ്രവര്‍ത്തകനായ നദീറിനെതിരെ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുയാണ്. കഴിഞ്ഞവര്‍ഷം ഡിസംബര്‍ 19 നു കോഴിക്കോട് മെഡിക്കല്‍കോളേജില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന കമല്‍ സി ചവറയെ സന്ദര്‍ശിച്ചപ്പോഴായിരുന്നു സ്വതന്ത്ര മാധ്യമപ്രവര്‍ത്തകന്‍ കൂടിയായ നദീറിനെ പൊലീസ് കസ്റ്റഡിയിലെടുക്കുന്നത്. ആറളം ഫാം സന്ദര്‍ശിച്ച മാവോയിസ്റ്റ് സംഘാഗം എന്ന പേരിലായിരുന്നു നദീറിനെ മെഡിക്കല്‍കോളേജ് പൊലീസ് അറസ്റ്റു ചെയ്യുന്നത്.
പ്രദേശവാസികളെ തോക്കൂ ചൂണ്ടി ഭീഷണിപ്പെടുത്തി കാട്ടുതീ എന്ന പ്രസിദ്ധീകരണം വിതരണം ചെയ്‌തെന്നായിരുന്നു ബാലുശേരി സ്വദേശിയായ നദീറിനെതിരായ കേസ്.
മാവോയിസ്റ്റ് ബന്ധമാരോപിച്ച് സാമൂഹ്യപ്രവര്‍ത്തകനെ അറസ്റ്റ് ചെയ്തത് വിവാദമായതോടെ നിലപാട് മാറ്റിയ പൊലീസ് നദീറിനെതിരെ തെളിവുകളൊന്നുമില്ലെന്നും ചോദ്യം ചെയ്യാനായി വിളിപ്പിക്കുകയായിരുന്നെന്നും പറഞ്ഞ് വിട്ടയക്കുകയായിരുന്നു. നദീറിനെതിരെ യാതൊരു തെളിവും കണ്ടെത്താനായിട്ടില്ലെന്ന് ഡി.ജി.പി ലോക്‌നാഥ് ബഹ്‌റയും മാധ്യമങ്ങളോടു പറഞ്ഞിരുന്നു.
പിന്നീട് കേസില്‍ നദീര്‍ നാലാംപ്രതിയാണെന്നും ഹാജരാകണമെന്നും ആവശ്യപ്പെട്ട് സമന്‍സ് ലഭിച്ചപ്പോള്‍ നദീര്‍ കോടതിയില്‍ നല്‍കിയ പരാതിയില്‍ 2016 മാര്‍ച്ചില്‍ രജിസ്റ്റര്‍ ചെയ്ത കേസാണിതെന്നും നദീറിനെ മൂന്നാം പ്രതിയായാണ് ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നുമായിരുന്നു അറിയാന്‍ കഴിഞ്ഞത്. ഇതേത്തുടര്‍ന്ന് നദീര്‍ കേരള ഹൈക്കോടതിയില്‍ നല്‍കിയ കേസ് ഇപ്പോഴും നടന്നുകൊണ്ടിരിക്കുകയാണ്.
ഇക്കഴിഞ്ഞ ഏഴാം തീയതി കേസ് പരിഗണിച്ച കോടതി സര്‍ക്കാരിനോട് എത്രയും പെട്ടന്ന് കേസില്‍ തീരുമാനം ഉണ്ടാക്കണമെന്നും, പോലീസ് റിപ്പോര്‍ട്ട് പെട്ടെന്ന് തന്നെ സമര്‍പ്പിക്കണമെന്നും പറഞ്ഞിരുന്നു. ഇത്തരത്തില്‍ കോടതിയില്‍ കേസ് നടന്നുകൊണ്ടിരിക്കെയാണ് കഴിഞ്ഞ ദിവസം പേരാവൂര്‍ സ്റ്റേഷനു മുന്നില്‍ സ്ഥാപിച്ച പിടികിട്ടാപുള്ളികളുടെ ചിത്രത്തില്‍ നദീറും ഉള്‍പ്പെടുന്നതായുള്ള വാര്‍ത്തകള്‍ പുറത്തു വരുന്നത്.
കോടതിയില്‍ നടന്നുകൊണ്ടിരിക്കുന്ന കേസിലാണ് തീരുമാനം ആകുന്നതിനു മുന്നേ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്. അതും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലെ പൊതുപരിപാടികളില്‍ നിരന്തരം ഇടപെട്ടുകൊണ്ടിരിക്കുന്ന ഒരാള്‍ക്കെതിരെ. പൊലീസ് പിടികിട്ടാപുള്ളിയെന്ന് മുദ്രകുത്തി പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച നദീറിനെ കേസിന്റെ വിവരങ്ങളറിയാന്‍ ബന്ധപ്പെട്ടപ്പോള്‍ താന്‍ കോഴിക്കോട് ആര്‍ട് ഗ്യാലറിയിലുണ്ടെന്ന മറുപടിയാണ് ലഭിച്ചത്.
കോഴിക്കോടിന്റെ ഹൃദയഭാഗത്തുള്ള ആര്‍ട് ഗ്യാലറിയില്‍ നിന്നു ഞായറാഴ്ച ഉച്ഛയ്ക്ക് നദീറുമായി സംസാരിക്കുമ്പോഴും ഇരിട്ടി ഡി.വൈ.എസ്.പിയുടെ കീഴിലുള്ള പൊലീസുകാര്‍ക്ക് നദീര്‍ “പിടികിട്ടാപുള്ളിയാണ്”.. വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് പാരിതോഷികം നല്‍കത്തക്ക വിധത്തില്‍ കണ്ടെത്താന്‍ കഴിയാത്ത “പിടികിട്ടാപുള്ളി”.. പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ച സാഹചര്യത്തില്‍ നദീര്‍ സംസാരിക്കുന്നു.
കോടതിയില്‍ നടന്നുകൊണ്ടിരിക്കുന്ന കേസില്‍ തീരുമാനം ആകുന്നതിനു മുന്നേ തന്നെ പിടികിട്ടാപുള്ളിയായി പൊലീസ് പ്രഖ്യാപിച്ചിരിക്കുകയാണെന്ന് കാണിച്ച് നദീറിന്റെ ഫേസ്ബുക്ക് പോസ്റ്റ് കഴിഞ്ഞദിവസം ചര്‍ച്ചചെയ്യപ്പെട്ടിരുന്നു, എന്തായിരുന്നു അത് ?
പേരാവുര്‍ സ്റ്റേഷനു മുന്നില്‍ ഇവര്‍ മാവോയിസ്റ്റുകളെന്ന പേരില്‍ വലിയൊരു ഫ്ളെക്സ് കണ്ടെന്നു പറഞ്ഞ് എന്നെയൊരു സുഹൃത്ത് വിളിച്ച് കാര്യം പറയുകയായിരുന്നു. ഒളിവില്‍ കഴിയുന്ന പ്രതികളുടെ കൂട്ടത്തില്‍ എന്റെ ചിത്രവും ഉണ്ടെന്നായിരുന്നു അയാള്‍ പറഞ്ഞത്. ആ സുഹൃത്ത് വിളിച്ചപ്പോള്‍ അയാളോട് ഞാനതൊന്ന് അന്വേഷിക്കാന്‍ പറയുകയായിരുന്നു. അതനുസരിച്ച് അയാള്‍ സി.ഐയെ വിളിച്ചു. സി.ഐയുടെ മറുപടി കുറച്ച് നേരം വെയിറ്റ് ചെയ്യണം അന്വേഷിച്ചിട്ട് പറയാമെന്നായിരുന്നു. അതിനുശേഷമാണ് ഞാനത് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുന്നത്. വിവരങ്ങള്‍ മാധ്യമപ്രവര്‍ത്തകരും സുഹൃത്തുക്കളും അന്വേഷിച്ച് പറയണമെന്നാവശ്യപ്പെട്ടാണ് ഞാന്‍ പോസ്റ്റിട്ടത്. അതിനെത്തുടര്‍ന്ന് കുറേയാളുകള്‍ എന്നെ വിളിക്കുകയും പലയിടങ്ങളിലായി ഫ്ളെക്സ് ബോര്‍ഡുകള്‍ കണ്ടെന്നു പറയുകയും ചെയ്തു.
വില്ലേജ് ഓഫീസര്‍ ആയിട്ടുള്ള ഒരാളുണ്ടായിരുന്നു, ഇപ്പോള്‍ അയാള്‍ താലൂക്ക് ഓഫീസിലാണ് ജോലി ചെയ്യുന്നത്. അദ്ദേഹം എന്നോട് പറഞ്ഞത് അയാള്‍ കഴിഞ്ഞദിവസം ഒരു വില്ലേജ് ഓഫീസില്‍ പോയപ്പോള്‍ അവിടെയും പോസ്റ്റര്‍ ഒട്ടിച്ചത് കണ്ടിരുന്നെന്നാണ്. അതിനെക്കുറിച്ച് അന്വേഷിച്ചപ്പോള്‍ രണ്ടുമാസം മുമ്പ് ഒട്ടിച്ചതാണെന്നാണ് അവിടുത്തെ സ്റ്റാഫ് അദ്ദേഹത്തോട് പറയുന്നത്.
പിടികിട്ടാപുള്ളി എന്നു പറയുന്നത് ഒരു ക്രൂരമായ തമാശയാണ്. അതിലെ തമാശ നമ്മള്‍ നോക്കേണ്ടതുണ്ട്. കാരണം ഞാന്‍ ദിവസവും ഇവിടെയുണ്ടാകുന്ന മനുഷ്യനാണ്. മാധ്യമപ്രവര്‍ത്തകര്‍ ആയിട്ടുള്ള ആളുകളും മറ്റു സുഹൃത്തുക്കളും എന്നെ ദിവസവും കാണുന്നുണ്ട്. ഈ പിടികിട്ടാപുള്ളി എന്നു പറയുന്ന പദത്തിന്റെ അര്‍ത്ഥം മാറ്റിയിട്ടുണ്ടോ എന്ന് എനിക്ക് അറിയില്ല.
മാവോയിസ്റ്റ് ബന്ധമാരോപിച്ച് നദീറിനെ കസ്റ്റഡിയിലെടുത്ത പൊലീസ് പിന്നീട് തെളിവില്ലെന്ന് പറഞ്ഞ് വിട്ടയക്കുകയായിരുന്നല്ലോ.. എന്താണ് ആ കേസിന്റെ നിലവിലെ പുരോഗതി ?
കേസ് ഇപ്പോള്‍ ഹൈക്കോടതിയിലാണ്, ഞാന്‍ കൊടുത്ത കേസാണ് സംസ്ഥാനവുമായിട്ടാണ് കേസ് നടക്കുന്നത്. പബ്ലിക് പ്രോസിക്യൂട്ടറും കേസുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്. രണ്ടാഴ്ച കൂടുമ്പോള്‍ കേസിന്റെ ഹിയറിങ് വരികയാണ് പതിവ്. കേസ് പരിഗണിക്കുന്ന കോടതി റിപ്പോര്‍ട്ട് വയ്ക്കാന്‍ പറയുകയും വീണ്ടും കേസ് മാറ്റി വെയ്ക്കുകയുമാണ്. സാങ്കേതികപരമായിട്ട് അതില്‍ ഉള്‍പ്പെട്ടിരിക്കുന്ന മറ്റു പ്രതികളെക്കുറിച്ചുള്ള വിവരങ്ങള്‍ ഇല്ലാ എന്നുള്ള പ്രശ്നമുള്ളതു കൊണ്ടാണ് ഇങ്ങനെ കേസ് നീട്ടിവെയ്ക്കുന്നത്.
ഒരാളുടെ മാത്രം ഫൈനല്‍ റിപ്പോര്‍ട്ട് കൊടുത്തുകൊണ്ട് കേസ് ക്ലോസ് ചെയ്യുന്നതിലേക്ക് പോകുന്നതിലുള്ള സാങ്കേതികമായിട്ടുള്ള പ്രശ്നമാണെന്നാണ് അറിയാന്‍ കഴിയുന്നത്. ഈയടുത്ത ഡിസംബര്‍ ഏഴാം തീയതിപോലും ഹൈക്കോടതി സ്റ്റേറ്റിനോട് എത്രയും പെട്ടെന്ന് കേസില്‍ തീരുമാനം ഉണ്ടാക്കണമെന്നും, പോലീസ് റിപ്പോര്‍ട്ട് പെട്ടെന്ന് തന്നെ കോടതിയില്‍ സമര്‍പ്പിക്കണം എന്നും പറഞ്ഞിരുന്നു.
അത്തരമൊരു സാഹചര്യത്തില്‍ നില്‍ക്കുമ്പോഴാണ് പൊലീസ് ഡിപ്പാര്‍ട്മെന്റിന്റെ ലുക്കൗട്ട് നോട്ടീസ് ശ്രദ്ധയില്‍പ്പെടുന്നത്. ഇപ്പോള്‍ ഹൈക്കോടതിയില്‍ സീല്‍ഡ് ആയിട്ടുള്ള ഒരു കവര്‍ വന്നിട്ടുണ്ടെന്നും എന്റെ അഡ്വക്കേറ്റ് എന്നോട് പറഞ്ഞിട്ടുണ്ട്. ആ സീല്‍ഡ് കവറില്‍ സാക്ഷിയായിട്ടുള്ളയാള്‍ ഇപ്പോഴും മൊഴിയില്‍ ഉറച്ച് നില്‍ക്കുന്നുണ്ട് എന്നാണെന്നാണ് അറിയുന്നത്.
എന്നെ കണ്ടു എന്നു പറയപ്പെടുന്ന വ്യക്തി ഇപ്പോഴും എന്നെ കണ്ടു എന്നു പറയുന്ന മൊഴിയില്‍ ഉറച്ച് നില്‍ക്കുന്നെന്ന്. അങ്ങിനെയാകുമ്പോള്‍ കേസ് കുറച്ചുകൂടെ കോംപ്ലിക്കേറ്റഡ് ആകാന്‍ സാധ്യതയുണ്ട്. അവര്‍ ഇപ്പോഴും, ഒരു വര്‍ഷത്തിനുശേഷം എന്നെ കണ്ടു എന്നു പറയുന്നതില്‍ ഉറച്ച് നില്‍ക്കുകാണ്. പക്ഷേ കേസുമായി ബന്ധപ്പെട്ട് മറ്റൊരു തെളിവുകളും എനിക്കെതിരെ ഇല്ല.
മാവോയിസ്റ്റ് ഗ്രൂപ്പുകളുമായോ പോഷക സങ്കടനകളുമായോ ബന്ധപ്പെട്ടുള്ള ഒരു തെളിവുകളും പൊലീസിന്റെ കൈയ്യില്‍ ഇല്ല എന്നാണ് അറിയുന്നത്. ഞാന്‍ അവരുമായി ബന്ധപ്പെട്ടിട്ടില്ല എന്നത് സത്യവുമാണ്. ഞാനിതുവരെ ആ സ്ഥലത്ത് വരെ പോയിട്ടില്ല.
ഈ സ്ത്രീ പറയുന്നത് ഒരുപക്ഷേ എന്റെ രൂപ സാദൃശ്യമുള്ള ആരെയെങ്കിലും കണ്ടതായിരിക്കാം എന്നു തന്നെയാണ് അന്നും ഞാന്‍ വിശ്വസിക്കുന്നത്, ഇന്നും വിശ്വസിക്കുന്നത്. സാങ്കേതികപരമായിട്ടുള്ള പ്രശ്നങ്ങള്‍ തീരും തീരും എന്ന പ്രതീക്ഷയില്‍ നില്‍ക്കുമ്പോഴാണ് പുതിയ പ്രശ്നങ്ങള്‍ വരുന്നത്. ഒരു വര്‍ഷമായി ഇത് തുടങ്ങിയിട്ട്. കഴിഞ്ഞ ഡിസംബര്‍ 19 നു ആരംഭിച്ചതാണിത്.
ആറളം സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത ഈ കേസിനെക്കുറിച്ച് എപ്പോഴാണ് നദീര്‍ അറിയുന്നത് ?
കോഴിക്കോട് മെജഡിക്കല്‍ കോളേജില്‍ നിന്ന് പൊലീസ് വിളിച്ച് കൊണ്ടുപോകുമ്പോഴൊന്നും ഇത്തരത്തില്‍ എന്റെ പേരില്‍ ഒരു കേസുള്ളതായി എനിയ്ക്ക് അറിയില്ലായിരുന്നു. ദേശീയഗാനത്തെ അധിക്ഷേപിച്ചെന്ന കേസില്‍ അറസ്റ്റിലായ കമല്‍ സി ചവറയെ ആശുപത്രിയില്‍ സന്ദര്‍ശിച്ചപ്പോഴായിരുന്നു സംഭവം. മഫ്തിയിലെത്തിയ പൊലീസുകാരന്‍ പുറത്തേക്ക് വിളിച്ചാണ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്നത്. 2016 സിസംബര്‍ 19 നായിരുന്നു സംഭവം.
അവിടെയത്തിയിട്ടും എന്തിനാണ് സ്റ്റേഷനില്‍ കൊണ്ടുവന്നതെന്നതിനെക്കുറിച്ച് പൊലീസ് ഒന്നും വ്യക്തമാക്കിയിരുന്നില്ല. ഇത്തരത്തില്‍ ഒരു കേസ് ആറളത്ത് എന്റെ പേരിലുള്ളതായി എനിയ്ക്ക് അറിയില്ലായിരുന്നു.
കസ്റ്റഡിയിലെടുത്ത് വിട്ടതിനു ശേഷം നദീര്‍ നടത്തിയ വാര്‍ത്തസമ്മേളനം
മാവോയിസ്റ്റ് സംഘാഗം എന്നാരോപിച്ചായിരുന്നല്ലോ പൊലീസ് കസ്റ്റഡിയിലെടുക്കുന്നത്. എങ്ങിനെയായിരുന്നു പൊലീസ് പെരുമാറിയത് ?
കോഴിക്കോട് മെഡിക്കല്‍ കോളേജ് പൊലീസിന്റെ സമീപനം കൊടും കുറ്റവാളിയോട് പെരുമാറുന്നത് പോലെയായിരുന്നു. മെഡിക്കല്‍ കോളേജ് എസ്.ഐ ഹബീബുള്ളയുടെ പെരുമാറ്റം അത്തരത്തിലായിരുന്നു. എ.എസ്.ഐ എന്റെയടുത്ത് വന്ന് ഫോട്ടോ എടുക്കണം എന്നു പറഞ്ഞു. ഞാന്‍ പറഞ്ഞു ക്രൈം നമ്പര്‍ മാത്രം പറഞ്ഞുകൊണ്ട് അറസ്റ്റുവരെ രേഖപ്പെടുത്താതെ മെഡിക്കല്‍ കോളേജില്‍ വന്നൊരാളെ വിളിച്ചു വരുത്തി ഫോട്ടോ എടുക്കാനൊന്നും പറ്റില്ലാ എന്ന്.
അപ്പോള്‍ എ.എസ്.ഐ പോയി പിന്നെ എസ്.ഐ വന്നിട്ട് ഞാന്‍ ഈ സ്റ്റേഷന്റെ എസ്.എച്ച്.ഒ ആണ് നിങ്ങള്‍ എന്താ ഫോട്ടോയെടുക്കാന്‍ സമ്മതിക്കാത്തതെന്നു ചേദിച്ചു. ഫോട്ടോ എടുക്കാന്‍ സമ്മതിക്കുന്നതിനു പ്രശ്നമൊന്നുമില്ലെന്ന് ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു. നിങ്ങള്‍ എന്തിനാണ് വിളിച്ചു വരുത്തിയതെന്നുവരെ അറിയില്ല, മെഡിക്കല്‍ കോളേജില്‍ ഇരിക്കുന്ന ഒരാളെ സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി ഫോട്ടോ എടുക്കാനാണെന്നു പറഞ്ഞാല്‍ എങ്ങിനെയാണെന്നും ഞാന്‍ ചോദിച്ചു. ഫോട്ടോ എടുത്തു കഴിഞ്ഞാല്‍ എനിയ്ക്ക് പോകാന്‍ കഴിയുമെങ്കില്‍ ഫോട്ടോ എടുത്തോ അല്ലെങ്കില്‍ കേസിന്റെ ഡീറ്റയില്‍ എന്താണെന്ന് പറഞ്ഞു തരണമെന്നും ഞാന്‍ ആവശ്യപ്പെട്ടു.
അപ്പോള്‍ എസ്.ഐ ആറളം സ്റ്റേഷനുമായി ബന്ധപ്പെടുകയായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ടെന്നായിരുന്നു ആറളം സ്റ്റേഷനില്‍ നിന്നുള്ള മറുപടി. അപ്പോള്‍ ഫോട്ടോ എടുത്തോളൂവെന്നും പറഞ്ഞു.
പിന്നീട് കസ്റ്റഡിയിലെടുത്തുകൊണ്ട് പുറത്തുകൊണ്ടു പോകുമ്പോള്‍ മുഖം മൂടണമെന്നായിരുന്നു എസ്.ഐയുടെ നിലപാട്. മുഖം മൂടിയിട്ടേ പോകാന്‍ പറ്റുള്ളു എന്നു പറഞ്ഞപ്പോള്‍ ഞാന്‍ പറഞ്ഞു മുഖം മൂടാന്‍ കഴിയില്ലെന്ന്. അത്തരത്തില്‍ ഭയങ്കര ഹരാസ്മെന്റ് മെഡിക്കല്‍ കോളേജ് സ്റ്റേനില്‍ നിന്ന് അനുഭവിക്കേണ്ടി വന്നിരുന്നു. പക്ഷേ ആറളം എത്തിക്കഴിഞ്ഞ് യാതൊരു പ്രശ്നങ്ങളും ഉണ്ടായില്ല. വളരെ സൗഹൃദപരമായിട്ടായിരുന്നു അവര്‍ പെരുമാറിയത്.
കസ്റ്റഡിയില്‍ എടുത്തയാളെ പിറ്റേ ദിവസം പുറത്തുവിടുന്നത് യാതൊരു തെളിവുകളും ഇല്ലെന്ന് പറഞ്ഞായിരുന്നു. എന്നാല്‍ പിന്നീട് വീണ്ടും പ്രതിയാണെന്നുള്ള റിപ്പോര്‍ട്ടുകളും പുറത്തു വന്നിരുന്നു. എന്തായിരുന്നു ഇത്തരത്തിലുള്ള ആശയക്കുഴപ്പം ?
ഡിസംബര്‍ 19 നാണ് എന്നെ കസ്റ്റഡിയില്‍ എടുക്കുന്നത്. അന്നു വൈകീട്ട് ആറളത്തക്കേ് കൊണ്ടുപോവുകയും പിറ്റേന്ന് തന്നെ വിടുകയും ചെയ്തു. തെളിവില്ലാ എന്നുപറഞ്ഞാണ് വിടുന്നത്. തെളിവില്ലെന്ന ഡി.ജി.പിയുടെ പ്രസ് റിലീസും ഉണ്ടായിരുന്നു. ജനുവരി 4 ാം തീയതി ഹാജരാകാണമെന്ന്പറഞ്ഞാണ് വിടുന്നത്. ഒരു തെളിവുമില്ലാതെ വെറുതെ വിട്ടൊരാള്‍ ജനുവരി 4 ാം തീയതി വീണ്ടും എന്തിനാണ് ഹാജരാകുന്നത് എന്നൊരു ആശയക്കുഴപ്പം ഉണ്ടായിരുന്നു. എനിക്ക് സമന്‍സും വന്നിരുന്നു.
അതിനെത്തുടര്‍ന്ന് ഞങ്ങള്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. കേസിന്റെ ഡീറ്റയില്‍സ് എന്താണെന്ന് അറിയാന്‍ വേണ്ടിയിട്ടായിരുന്നു അത്. ഹൈക്കോടതിയില്‍ പൊലീസ് കൊടുത്ത റിപ്പോര്‍ട്ട് പ്രകാരം ഞാന്‍ നാലാം പ്രതിയായിരുന്നു. ജനുവരിയിലായിരുന്നു ഇത്. അതിനുശേഷം നമ്മള്‍ മറ്റൊരു അഡ്വക്കേറ്റിനെ സമീപിക്കുകയും കോടതിയിലെ കേസിന്റെ വിവരങ്ങള്‍ അറിയാന്‍ ശ്രമിക്കുകയും ചെയ്തു.
ആ അഡ്വക്കേറ്റ് മുഖാന്തിരം കേസിന്റെ എഫ്.ഐ.ആറും കേസിന്റെ പൊലീസ് റിപ്പോട്ടും പരിശോധിച്ചപ്പോള്‍ മൂന്നാം പ്രതിയായിട്ടാണ് പേരു ചേര്‍ത്തിരിക്കുന്നതെന്നും അതും 2016 മെയ് മാസത്തില്‍ തന്നെ പേര് ചേര്‍ത്തിട്ടുണ്ടെന്നുമാണ് അറിയാന്‍ കഴിഞ്ഞത്. അതു കഴിഞ്ഞാണ് കേസിന്റെ പിന്നാലെ പോകാന്‍ തുടങ്ങിയത്. കേസ് പിന്നീട് പരിഗണിക്കുന്നത് ഒരു നാലു മാസം കൂടിക്കഴിഞ്ഞിട്ടായിരുന്നു.
അന്നു പറഞ്ഞിരുന്നത് ടെക്നിക്കല്‍ ആയിട്ട് പൊലീസ് റിപ്പോര്‍ട്ട് കിട്ടിക്കഴിഞ്ഞാല്‍ അതിന്റെ പ്രശ്നങ്ങളൊക്കെ അവസാനിക്കുമെന്നായിരുന്നു. അതില്‍ പിന്നെയാണ് യു.എ.പി.എ കേസില്‍ ഉള്‍പ്പെട്ട 40 പേരെയോ മറ്റോ ഒഴിവാക്കിയിരുന്നു. പക്ഷേ അതില്‍ എന്റെ പേരു ഉള്‍പ്പെട്ടിരുന്നില്ല. അതിനു ശേഷം കേസ് ഇങ്ങനെ നടന്നുകൊണ്ടിരിക്കുകയാണ്. റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കോടതി സര്‍ക്കാരിനോടും പൊലീസിനോടും ആവശ്യപ്പെട്ട് കൊണ്ടിരിക്കുകയാണ്.
നമുക്കത് അത്ര ബുദ്ധിമുട്ടില്ലാത്തതിനാല്‍ അത് അധികം ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല. ഇതിന്റെ പുറകേ മാത്രം പോയത് കൊണ്ട് കാര്യമില്ലലോ.. ഇപ്പോള്‍ ഈ ലുക്കൗട്ട് നോട്ടീസ് വന്നതുകൊണ്ടാണ് ഇത് വീണ്ടും ചര്‍ച്ചയാകുന്നത്.
പൊലീസും കേസും തുടങ്ങിയിട്ട് ഇപ്പോള്‍ ഒരു വര്‍ഷം ആകുന്നു. ഖത്തറില്‍ നല്ലൊരു ജോലിയുള്ള വ്യക്തിയായിരുന്നല്ലോ.. ഇപ്പോഴത്തെ ജോലി പഴയ ജോലിയുടെ അവസ്ഥ എങ്ങിനെയാണ് കാര്യങ്ങള്‍ ?
ഖത്തറില്‍ നല്ലൊരു ജോലിയുള്ള വിസയായിരുന്നു അത് ക്യാന്‍സലായി. ലീവിനു വന്ന സമയമായിരുന്നു കേസും പ്രശ്നങ്ങളും തിരിച്ച് പോകാനിരിക്കുകയായിരുന്നു. അരലക്ഷത്തിലധികം രൂപ സാലറിയുള്ള ജോബ് വിസയായിരുന്നു. അത് ക്യാന്‍സലായി. ട്രാവല്‍ ബാന്‍ ഉണ്ടോ എന്ന കാര്യം അറിയില്ല. യു.എ.പി.എ കേസിനു ഉപരിയായിട്ട് ഇത്തരം കേസുകളില്‍ ആംസ് ആക്ടിന്റെ മൂന്ന് സെഷന്‍സുണ്ട്. ആംസ് ആക്ടിന്റെ പ്രശ്നമെന്നത് തോക്ക് ഉപയോഗിച്ചു എന്നു വരുമ്പോള്‍ നിരോധിതമായ ഉപകരണങ്ങള്‍ ഉപയോഗിക്കുന്നത് യു.എ.പി.എ ആക്ടിനേക്കാള്‍ പ്രശ്നമുള്ള കാര്യമാണ്.
നമ്മള്‍ കേരളത്തില്‍ ചര്‍ച്ചചെയ്യുന്നത് യു.എ.പി.എ കേസിന്റെ കാര്യം മാത്രമാണ്. യു.എ.പി.എയേക്കാള്‍ ഭീകരമാണ് ഈ കേസിന്റെ കാര്യം. കാരണം സൈനികര്‍ക്ക് മാത്രം ഉപയോഗിക്കാന്‍ അനുമതിയുള്ള സാധനം ഒരു പൗരന്‍ ഉപയോഗിച്ചു എന്നു വരുമ്പോഴുള്ള പ്രശ്നമാണ്. ഇത്തരം കേസുകളില്‍ ശിക്ഷിക്കപ്പെടുന്നവര്‍ ആംസ് ആക്ട് ഉള്ളതുകൊണ്ട് മാത്രം നാലോ അഞ്ചോ വര്‍ഷം ശിക്ഷിക്കപ്പെടാവുന്നതാണ്.
അതുകൊണ്ട് തന്നെ നമുക്ക് പുറം നാടുകളിലേയ്ക്ക് പോകുന്ന സമയത്ത് എന്തെങ്കിലും ഒരു പ്രശ്നമുണ്ടായാല്‍ ഇന്റപോളുമായി മറ്റും ബന്ധപ്പെടുകയാണെങ്കില്‍ പിന്നീട് നമുക്ക് ആ രാജ്യത്ത് കാലുകുത്താനേ കഴിയില്ല. അതുമാത്രമല്ല നമ്മളിപ്പോള്‍ കേരളത്തിനു പുറത്ത് മറ്റൊരു സംസ്ഥാനത്ത് പോവുകയാണെങ്കില്‍ അവിടെ എന്തെങ്കിലും തരത്തിലുള്ള പൊലീസ് ഐഡിന്റിഫിക്കേഷന്‍ വരികയാണെങ്കില്‍ അതിപ്പോള്‍ ബൈക്കോടിക്കുമ്പോള്‍ പൊലീസ് പിടിക്കുന്നതാണെങ്കില്‍ പോലും നമുക്ക് പ്രശ്നമാകും.
അതുകൊണ്ട് തന്നെ ഇപ്പോള്‍ ചെറിയ ജോലികള്‍ ചെയ്താണ് ജീവിക്കുന്നത്. ആ ചെയ്യുന്ന ജോലി എന്നു പറയുന്നത് പൊതുജനങ്ങളുമായി ഇടപഴകിയിട്ടുള്ള ജോലികളാണ്. പുസ്തകം വില്‍ക്കുന്നതു പോലുള്ളവ. പുസ്തകം സ്വന്തമായിട്ട് പ്രസിദ്ധീകരിക്കുക അത് വില്‍ക്കുക.
ഇത് തന്നെയാണ് ഞാന്‍ കഴിഞ്ഞയാഴ്ച ഐ.എഫ്.എഫ്.കെയിലും ചെയ്തുകൊണ്ടിരുന്നത്. ഒരു പ്രസാധക സംരംഭം തുടങ്ങിയാണ് ഇപ്പോള്‍ ജീവിക്കുന്നത്. ജീവിക്കാനുള്ള സാഹചര്യം ഉണ്ടാക്കിക്കൊണ്ടിരിക്കുകയാണ്. ഇനി പൊതുജനങ്ങളിലേക്കിടപഴകുമ്പോള്‍ ഈ ലുക്കൗട്ട് നോട്ടീസുണ്ടാക്കുന്ന പ്രശ്ങ്ങള്‍ കൂടി മറികടക്കേണ്ടതുണ്ട്.
ആളുകളുടെ മനസില്‍ തറച്ചിരിക്കുന്ന ഈ ചിത്രം അത് ജീവിതത്തെക്കൂടി ബാധിക്കും. വീട്ടില്‍ അടച്ചിട്ട് ഇരിക്കുക എന്നു പറയുന്ന ഒരു രീതിയിലേക്കായിരിക്കാം ഒരുപക്ഷേ ഇവര്‍ കൊണ്ടു പോകുന്നത്.
ഈ കാലയളവില്‍ എല്ലാ തരത്തിലുമുള്ള ജോലിയ്ക്ക് ശ്രമിച്ചിരുന്നു. വിവിധ മാധ്യമ സുഹൃത്തുക്കള്‍ വഴിയും ജോലിയ്ക്ക് ശ്രമിച്ചിരുന്നു, ഒന്നും ശരിയായില്ല. ശരിയാകില്ലെന്ന് നമുക്കും അറിയാം. ഇങ്ങിനെയൊരു കേസുള്ളതു കൊണ്ട് അവര്‍ക്കൊന്നും ചെയ്യാന്‍ കഴിയില്ല. മാനേജ്മെന്റുകള്‍ക്കും പ്രശ്നമാണല്ലോ.. നമുക്ക് ചെയ്യാന്‍ കഴിയുന്നത് പേഴ്സണലി ചെയ്യാമെന്നേയുള്ളു. അതുകൊണ്ടാണ് ഈ പുസ്തക സംരംഭം.
യു.എ.പി.എ പോലുള്ള കുറ്റങ്ങള്‍ ചുമത്തിയുള്ള കേസ് അത് പൊതു ജീവിതത്തെയും ബാധിക്കുമല്ലോ, സൗഹൃദങ്ങളെയും ബന്ധങ്ങളെയും ഈ കേസ് ബാധിച്ചിട്ടുണ്ടോ ?
നമ്മള്‍ അതിനെക്കുറിച്ച് അങ്ങിനെ കൂടുതല്‍ കെയര്‍ ചെയ്യുന്നില്ല. കാരണം നമ്മള്‍ എപ്പോഴും ആള്‍ക്കാര്‍ക്കിടയിലാണല്ലോ ജീവിക്കുന്നത്. ഒറ്റയ്ക്ക് ഒരു സ്ഥലത്ത് പോയി ജീവിക്കുന്നൊന്നുമില്ലലോ.. എല്ലാര്‍ക്കും ഇടയില്‍ ജവിക്കുന്നതുകൊണ്ട് ഒറ്റപ്പെടലിന്റെ പ്രശ്നങ്ങളൊന്നുമില്ല. അങ്ങിനെയൊരു മനോഭാവത്തോടെ ആരും നമ്മളെ സമീപിക്കാറുമില്ല.
കഴിഞ്ഞായാഴ്ച വരെ കോഴിക്കോട് തന്നെയുണ്ടായിരുന്നു. കഴിഞ്ഞയാഴ്ച തിരുവനന്തപുരത്ത ചലച്ചിത്രമേള വേദിയിലുമായിരുന്നു. അതും അത്രയധികം പൊലീസിന്റെയും പൊതുജനങ്ങളുടെയും ഇടയില്‍ അതാണ് അതിന്റെ ഏറ്റവും വലിയ തമാശ. മേളയ്ക്കിടയില്‍ ഞാനും കോഴിക്കോട് മുന്‍ കലക്ടര്‍ പ്രശാന്ത് ഐ.എ.എസും സംസാരിച്ച് നില്‍ക്കുന്ന ഫോട്ടോ പല സുഹൃത്തുക്കളും എടുത്തിരുന്നു.
പിന്നെ സൗഹൃദങ്ങളൊന്നും ഒരു സുപ്രഭാതത്തില്‍ ഉണ്ടാവുന്നതല്ലല്ലോ.. സുഹൃത്തുക്കള്‍ക്കെല്ലാം എന്നെ അറിയുന്നതാണ്. അതുകൊണ്ട് തന്നെ ഈ കേസ് സൗഹൃദങ്ങളെ ബാധിച്ചിട്ടില്ല.
സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ നദീറിന്റെ അറസ്റ്റും യു.എ.പി.എയുമെല്ലാം ചര്‍ച്ചയായിരുന്നു, എങ്ങിനെയായിരുന്നു സോഷ്യല്‍ മീഡിയയിലൂടെയുള്ള പിന്തുണ ?
ഇത്തരത്തില്‍ ഒരു കേസ് ഉയര്‍ന്നു വന്നപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിന്നും നല്ല പിന്തുണയാണ് ലഭിച്ചിരുന്നത്. എനിയ്ക്ക് പറയാനുള്ളതും സോഷ്യല്‍ മീഡിയയിലൂടെ തുറന്നു പറയാന്‍ കഴിഞ്ഞിരുന്നു. പല മേഖലയിലുള്ളവരും പിന്തുണയുമായ് എത്തിയിരുന്നു. സച്ചിദാനന്ദന്‍ മാഷുള്‍പ്പെടെയുള്ളവര്‍ എന്നെ പിന്തുണച്ച് സംസാരിച്ചിരുന്നു. എന്റെ ഒരു സുഹൃത്ത് അത്തരത്തിലുള്ളവര്‍ ചേര്‍ത്ത് ഒരു വീഡിയോ ഉണ്ടാക്കുകയും ചെയ്തിരുന്നു.
സി.പി.ഐ.എം നേതാക്കളും നദീറിനായി പരസ്യമായി രംഗത്തെത്തിയിരുന്നല്ലോ, ഭരണതലത്തില്‍ നിന്നുള്ള പിന്തുണ എങ്ങിനെയായിരുന്നു. ?
ബേബി സഖാവുമായി നല്ല ബന്ധമാണ്. കഴിഞ്ഞ കെ.എല്‍.എഫിനു ഇവിടെ വന്നപ്പോഴാണ് അദ്ദേഹം നദി എന്റെ ഉറ്റ സുഹൃത്താണെന്നും അദ്ദേഹം മാവോയിസ്റ്റല്ല എന്നും പറഞ്ഞിരുന്നത്.
ബേബി സഖാവ് എന്നെക്കുറിച്ച് സംസാരിച്ചത് പല മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തിരുന്നു. ഇത്തരത്തിലുള്ള ആളുകളുമൊക്കെയായി ബന്ധമുണ്ട് ആ പ്രശ്നം ഉണ്ടായതിനു ശേഷം ഇത്തരത്തിലുള്ള ആളുകളോടൊല്ലാം ഫോണില്‍ സ്ഥിരം സംസാരിക്കുന്നതാണ് പല പരിപാടികളുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങള്‍ക്ക് ബന്ധപ്പെടാറുണ്ട്. പുസ്‌ക പ്രകാശനം പോലുള്ളവ..
കോഴിക്കോട്ടെ കലാ-സാംസ്‌കാരിക രംഗത്തെ നിറ സാന്നിദ്ധ്യനാണ് നദീര്‍, പല ജനകീയ സമരങ്ങളിലും പങ്കെടുക്കുന്ന വ്യക്തിയുമാണ്. ഇത്തരം ജനകീയ കൂട്ടായ്കള്‍ക്കെതിരായ നീക്കമാണ് മാവേയിസ്റ്റ് ബന്ധം ആരോപിച്ച് സമരങ്ങളെ ഇല്ലായ്മ ചെയ്യുന്ന രീതിയെന്ന് വിമര്‍ശനങ്ങള്‍ നേരത്തെ ഉയര്‍ന്നിരുന്നു. അത്തരത്തിലുള്ള നീക്കമാണ് നിങ്ങള്‍ക്കെതിരെ നടന്നതെന്ന് കരുതുന്നുണ്ടോ ? ഇപ്പോഴും ഇത്തരം പരിപാടികളില്‍ പങ്കെടുക്കാറുണ്ടോ ?
കേസ് തുടങ്ങിയതിനുശേഷം അത്തരത്തിലുള്ള മൂവ്മെന്റുകളിലൊന്നും പങ്കെടുത്തിരുന്നില്ല. കോഴിക്കോട് നടക്കുന്ന എല്ലാ സാംസ്‌കാരിക പരിപാടികളിലും പങ്കെടുക്കാറുണ്ട്. പണ്ടു മുതലേ ഞങ്ങള്‍ ഓര്‍ഗനൈസ് ചെയ്യുന്ന പരിപാടികളാണ്. ഫെസ്റ്റിവല്‍ ഓഫ് ഡെമോക്രസി പോലുള്ളവ.. അവയില്‍ ഇപ്പോഴും പങ്കെടുക്കാറുണ്ട്.
കേസില്‍പ്പെടുന്നതിനു മുന്നേ ചുംബന സമരം, നില്‍പ്പു സമരം, ഇരിക്കല്‍ സമരം തുടങ്ങിയ പലപരിപാടികളിലും പങ്കെടുത്തിട്ടുണ്ട്. ഇത്തരത്തില്‍ സമര പരിപാടികളില്‍ പങ്കെടുക്കുന്നവര്‍ പല കേസുകളിലായി അറസ്റ്റുചെയ്യപ്പെടുന്നുണ്ട്. ഇത് ഞാന്‍ 2015 ആഗസ്റ്റ് 30 നു പ്രസിദ്ധീകരിച്ച മാതൃഭൂമി ആഴ്ചപ്പതിപ്പിലും പറഞ്ഞിട്ടുണ്ട്.
പരിസ്ഥിതി, സ്ത്രീ, ദളിത് വിഷയങ്ങളിലുള്‍പ്പെടെ കേരളത്തില്‍ അടുത്ത കാലത്തായി ഉണ്ടായിട്ടുള്ള ജനകീയ സമരങ്ങളിലെ സക്രിയസാന്നിധ്യങ്ങളായ യുവാക്കളെ മാവോയിസ്റ്റ് മുദ്രകുത്തി ഭയപ്പെടുത്തുകയാണ് പൊലീസ് ചെയ്യുന്നത്.
പുസ്തകം വായിക്കുന്നവരെ, സിനിമയും നാടകവും ഇഷ്ടപ്പെടുന്നവരെ, നവമാധ്യമങ്ങളിലൂടെ നിര്‍ഭയമായി അഭിപ്രായപ്രകടനങ്ങള്‍ നടത്തുന്നവരെ, യാത്രചെയ്യാനിഷ്ടപ്പെടുന്ന, വിദ്യാര്‍ഥികളുള്‍പ്പെടെയുള്ള ഈ കൂട്ടായ്മകളിലെ പലരേയും മാവോയിസ്റ്റ്ബന്ധം ആരോപിച്ച് കസ്റ്റഡിയിലെടുക്കുകയും നിരന്തരം പിന്തുടരുകയും ചെയ്തുകൊണ്ട് വ്യക്തിസ്വാതന്ത്ര്യത്തെയും പ്രവര്‍ത്തന സ്വാതന്ത്ര്യത്തെയും ഇല്ലാതാക്കാന്‍ ഭരണകൂടം ശ്രമിച്ചിട്ടുണ്ട്.
മാവോയിസ്റ്റ് പ്രത്യയശാസ്ത്രത്തിലുള്ള അറിവോ പ്രവര്‍ത്തനമോ അല്ല, മറിച്ച് ജനാധിപത്യരീതിയിലുള്ള ജനപക്ഷ രാഷ്ട്രീയമാണ് ഇവരെ ഇതിലേക്ക് നയിക്കുന്നതെന്ന് ഈ യുവാക്കളുടെ ഇടപെടലുകള്‍ സാക്ഷ്യപ്പെടുത്തുന്നുണ്ടായിരുന്നു.
നേരത്തെ ഒരു പഠനയാത്രാസംഘത്തെ കേരളത്തിലെ പൊലീസ് മേപ്പാട് വിത്ത്കാട് ഭൂസമരകേന്ദ്രത്തില്‍നിന്ന് മാവോയിസ്റ്റുകളെന്ന് മുദ്രചാര്‍ത്തി അറസ്റ്റ് ചെയ്തിരുന്നു. വിദ്യാര്‍ത്ഥികളും ഗവേഷകരും പുസ്തകപ്രസാധകരുമടങ്ങുന്ന നിരായുധരായ ആ സംഘത്തെ പൊലീസ് വന്‍കൊള്ളക്കാരെയും ഭീകരവാദികളെയും അറസ്റ്റ്‌ചെയ്യുന്നതുപോലെയായിരുന്നു അറസ്റ്റ്‌ചെയ്ത് കൊണ്ടുപോയത്.
വിദ്യാര്‍ഥി പബ്ലിക്കേഷന്‍സ് എന്ന അവരുടെ കോഴിക്കോട്ടെ സ്ഥാപനം നാട്ടുകാരെ മൊത്തം വിളിച്ചുകൂട്ടി പൊലീസ് തല്ലിത്തകര്‍ത്തു. ഓരോരുത്തരുടെയും വീടുകള്‍ കേന്ദ്രീകരിച്ച് തീവ്രവാദികളെ തിരഞ്ഞുള്ള ഭീകരാന്തരീക്ഷം സൃഷ്ടിച്ചുകൊണ്ടുള്ള റെയ്ഡുകളും നടന്നിരുന്നു. അവസാനം പിറ്റേദിവസം തന്നെ പൊലീസ്, “ഇവര്‍ മാവോയിസ്റ്റുകളല്ല, അതിനുള്ള തെളിവുകള്‍ ലഭിച്ചിട്ടില്ല.” എന്ന പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
പക്ഷേ, അതോടെ മറ്റൊന്നു കൂടി സംഭവിച്ചു. നാട്ടില്‍ ഈ അറസ്റ്റ്‌ചെയ്യപ്പെട്ടവര്‍ പെട്ടെന്നുതന്നെ ഒറ്റപ്പെട്ട ദ്വീപുകളായി മാറുകയായിരുന്നു. ആളുകള്‍ സംസാരിക്കാന്‍തന്നെ ഭയന്നു. സംശയത്തിന്റെ നോട്ടങ്ങള്‍, പിറുപിറുക്കലുകള്‍, രാത്രിവരെ വീട്ടിലെത്താത്തതിനെക്കുറിച്ചുള്ള അപസര്‍പ്പക കഥകള്‍, അങ്ങനെ പലതും അരങ്ങേറിരുന്നു.
ഇത്തരം അറസ്റ്റുകളിലൂടെ പൊലീസ് മുഖ്യമായും ലക്ഷ്യംവെക്കുന്നതും വ്യക്തികള്‍ക്ക് ഇത്തരം നഷ്ടങ്ങള്‍ ഉണ്ടാക്കുകയെന്നു തന്നെയാണ്. ആളുകള്‍ക്കിടയില്‍ വ്യത്യസ്തമായി ചിന്തിക്കുന്ന, ചോദ്യം ചോദിക്കുന്ന, സമരം ചെയ്യാന്‍ തയ്യാറാവുന്ന യുവാക്കളെയും ജനങ്ങളെയും ഒറ്റപ്പെട്ട ദ്വീപുകളിലേക്ക് അരികുവത്കരിക്കുക, അവര്‍ക്ക് ലഭിക്കുന്ന സ്വീകാര്യത തകര്‍ത്തെറിയുക, അവരെ അതിലൂടെ അടിച്ചമര്‍ത്താനുള്ള എല്ലാവിധ തടസ്സങ്ങളും നീക്കം ചെയ്യുക എന്നിവയൊക്കെതന്നെയാണ്.
അതുപോലെതന്നെ “പൊന്മുടിയില്‍ മാവോയിസ്റ്റ് സംഘം സന്ദര്‍ശനം നടത്തി” എന്നൊരു വാര്‍ത്തയുണ്ടായിരുന്നു. ചില പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത ഈ വാര്‍ത്തയുടെ യഥാര്‍ത്ഥ വശമെന്താണെന്നുവെച്ചാല്‍ ഞാനുള്‍പ്പെടെയുള്ള ഇരുപത്തിമൂന്നംഗങ്ങളായിരുന്നു ക്വിയര്‍പ്രൈഡ് (ലൈംഗിക ന്യൂനപക്ഷ സ്വാഭിമാനഘോഷയാത്ര) കഴിഞ്ഞ് പൊന്മുടിയാത്ര നടത്തിയത്.
തിരുവനന്തപുരത്ത് ക്വിയര്‍ പ്രൈഡില്‍ പങ്കെടുക്കാന്‍ മാത്രമായിരുന്നില്ല “തീവണ്ടി” എന്നപേരിലുള്ള ഞങ്ങളുടെ ഫേസ്ബുക്ക് ഗ്രൂപ്പംഗങ്ങളുടെ ഉദ്ദേശ്യം, മറിച്ച് മറ്റൊരു യാത്രയും പദ്ധതിയിട്ടിരുന്നു.
ഇത്തരത്തിലുള്ള ഒരു വെറും “അടിച്ചുപൊളി”യെ പിറ്റേന്നുള്ള നാലുകോളം മാവോയിസ്റ്റ് വാര്‍ത്തയ്ക്കുള്ള സ്‌കോപ്പാക്കി മാറ്റുകയായിരുന്നു. അവിടെയൊക്കെയാണ് ഏറ്റവും പ്രധാനപ്പെട്ട അപകടം കിടക്കുന്നത്. ഈ യാത്രാസംഘത്തിലെ ബഹുഭൂരിപക്ഷം പേരും അടുത്തകാലത്തായി കേരളത്തില്‍ നടന്നിട്ടുള്ള സമരങ്ങളില്‍ ഐക്യപ്പെടുകയോ അഭിപ്രായങ്ങള്‍ പരസ്യമായി പറയുകയോ അതുമല്ലെങ്കില്‍ ജനകീയസമരങ്ങളില്‍ പങ്കെടുത്തവരോ ഒക്കെയായിരുന്നു. ഇവരുടെ ഒത്തുചേരലുകളെ ഭയപ്പാടോടെ നോക്കുന്ന രീതിയിലായിരുന്നു ആ മാവോയിസ്റ്റ് വാര്‍ത്ത. വാര്‍ത്ത വന്നാല്‍പിന്നെ തുടര്‍ന്നുള്ള ചില “കൊളാറ്ററല്‍ ഡാമേജ് ” ഞങ്ങള്‍ക്കുനേരെ ഉണ്ടാവുമല്ലോ, ഉണ്ടാവണമല്ലോ.
മാവോയിസ്റ്റുകള്‍ക്കെതിരെയായിരുന്നു എന്റെ കുറിപ്പ്. മാവോയിസ്റ്റുകളും എനിയ്ക്കെതിരെ കുറിപ്പിറക്കുകയുണ്ടായിരുന്നല്ലോ.. അവര്‍ ആദ്യമായിട്ടാണ് ഇത്തരത്തില്‍ ഒരു കുറിപ്പിറക്കുന്നത്. ഒരു ദളം, മാവോയിസ്റ്റ് ദളം ഇന്ത്യന്‍ ചരിത്രത്തില്‍ ആദ്യമായിട്ടാകും ഇയാള്‍ ഞങ്ങളുടെ കൂട്ടത്തില്‍പ്പെട്ട ആളല്ല എന്നു പറഞ്ഞ് കുറിപ്പ് ഇറക്കുന്നത്.
ഞങ്ങള്‍ക്കെതിരെ നിരന്തരം സംസാരിച്ച കൊണ്ടിരിക്കുന്ന ഒരാളാണ് അയാള്‍ക്ക് ഇതില്‍ ബന്ധമില്ല, അയാളുടെ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ കഴിയില്ല എന്നു പറഞ്ഞുകൊണ്ടായിരുന്നു അവരുടെ പത്ര കുറിപ്പ്. നദീര്‍ മാവോയിസ്റ്റുകള്‍ക്കെതിരെ ഭരണകൂട ശക്തികളുടേതിന് സമാനമായ നിലപാടെടുത്തയാളാണ്. അതുകൊണ്ട് നദീര്‍ പരസ്യമായി മാവോയിസ്റ്റ് സ്‌ക്വാഡില്‍ പ്രവര്‍ത്തിച്ചു എന്ന് പറയുന്നത് സാമാന്യ യുക്തിക്ക് നിരക്കാത്തതാണെന്നും പത്രക്കുറിപ്പിലുണ്ടായിരുന്നു. കഴിഞ്ഞയാഴ്ച തൃശൂര്‍ സാഹിത്യ അക്കാദമിയില്‍ നടന്ന ഒരു പരിപാടിയിലും ഞാന്‍ മാവോയിസ്റ്റുകള്‍ക്കെതിരെ സംസാരിച്ചിരുന്നു.
ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ച സാഹചര്യം എങ്ങിനെ നോക്കി കാണുന്നു ?
കേരളത്തില്‍ ഇതുവരെ എനിയ്ക്ക് ഒരു പ്രശ്നമുണ്ടായിരുന്നില്ല. പക്ഷേ ഇപ്പോള്‍ ഈ ലുക്കൗട്ട് നോട്ടീസ് പരസ്യമായതു കാരണം നമുക്കറിയാത്ത ഒരു സ്ഥലത്ത് എത്തിയാല്‍ പ്രശ്നമാകും. ഈ ലുക്കൗട്ട് നോട്ടീസ് കാണുന്ന വ്യക്തി സ്വാഭാവികമായിട്ടും എങ്ങിനെയാകും പ്രതികരിക്കുകയെന്ന് പറയാന്‍ കഴിയില്ല. ഇത് ആ ആളല്ലേ., പ്രതിഫലം കിട്ടുമെന്ന് പറഞ്ഞ ആളല്ലേ എന്നു പറഞ്ഞ് പിടിച്ച് വച്ചാല്‍ എന്ത് സംഭവിക്കുമെന്ന് പറയാന്‍ കഴിയില്ല.
ഇപ്പോഴത്തെ ഈ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ച രീതിയാണ് നമ്മള്‍ നോക്കേണ്ടത്. കോടതിയുടെ പെന്‍ഡിങ്ങില്‍ ഉള്ള കേസില്‍ പ്രതി എന്നു സംശയിക്കപ്പെടുന്ന ആള്‍ക്കെതിരെ ലുക്ക ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുക എന്നു പറഞ്ഞത് തികഞ്ഞ മനുഷ്യാവകാശ ലംഘനമാണ്. അല്ലെങ്കില്‍ കേസില്‍ വിധി വന്നിട്ടുണ്ടാകണം. കേസ് നടന്നുകൊണ്ടിരിക്കുമ്പോള്‍ ഹൈക്കോടതിയുടെ നിര്‍ദ്ദേശപ്രകാരമാണ് അറസ്റ്റ് ചെയ്യാതിരിക്കുന്നത്.
ഹൈക്കോടതിയുടെ നിര്‍ദ്ദേശമാണ് പൊതുയിടങ്ങളില്‍ ഇറങ്ങി നടക്കുന്ന ഒരു മനുഷ്യനെ അറസ്റ്റ് ചെയ്യാന്‍ പാടില്ല എന്നത്. പെന്‍ഡിങ്ങിലിരിക്കുന്ന കേസില്‍ അതില്‍ തീരുമാനം ആകുന്നതുവരെ അറസ്റ്റ് ചെയ്യാന്‍ പാടില്ല എന്നത് കോടതി തീരുമാനമാണ്. അപ്പോള്‍ കോടതി ഒന്നു പറയുകയും പൊലീസ് ഡിപ്പാര്‍ട്മെന്റ് മറ്റൊന്ന് പ്രവര്‍ത്തിക്കുകയും ചെയ്യുന്നത് എങ്ങിനെയാണെന്ന് മനസിലാകുന്നില്ല.
ഒരു ഫോണ്‍ ചെയ്തു കഴിഞ്ഞാല്‍ ഹാജരാകാന്‍ പറ്റുന്ന കാര്യമേയുള്ളു. ഫോണ്‍ നമ്മള്‍ ഉപയോഗിക്കുന്നുണ്ട്. ഇതുവരെയും അത്തരത്തിലുള്ള ഒരു ബന്ധപ്പെടലുകളും ഉണ്ടായിട്ടില്ല. ഒളിവിലാണെന്ന് പറയുന്നത് എങ്ങിനെയാണെന്നാണ് മനസിലാകാത്തത്. കഴിഞ്ഞ ഒരാഴ്ച ഞാന്‍ തീരുവനന്തപുരത്തായിരുന്നു. ഐ.എഫ്.എഫ്.കെയില്‍ നിറയെ പൊലീസുള്ള സ്ഥലമായിരുന്നില്ലേ അത്. അവിടെ പുസ്‌കം വില്‍ക്കുകയായിരുന്ന ആളെങ്ങിനെയാണ് ഒളിവിലാണെന്ന് പറയാന്‍ കഴിയുക.
ലുക്കൗട്ട് നോട്ടീസ് ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തില്‍ ഇന്നലെ ഒരു സുഹൃത്ത് സി.ഐയുമായി സംസാരിച്ചപ്പോള്‍ അദ്ദേഹം പറയുന്ന കാര്യമുണ്ട്. സാമൂഹികമായ ഇടപെടലുകള്‍ നടത്തുന്നയൊരാളെ തെളിവില്ലാതെ അറസ്റ്റ് ചെയ്യുക കസ്റ്റഡിയില്‍ വയ്ക്കുക എന്ന പറയുന്നത് മനുഷ്യാവകാശ ലംഘനമാണെന്ന്. പക്ഷേ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കുന്നതില്‍ അവര്‍ക്ക് പ്രശ്നമില്ല. അവരു പറയുന്നത് അത് ഞങ്ങളല്ല അത് മുകളിലുള്ളവരുടെ നിര്‍ദ്ദേശമനുസരിച്ച് ചെയ്യുന്നതാണെന്നാണ്.
ലുക്കൗട്ട് നോട്ടീസില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ഫോട്ടോ
എന്നെ തിരിച്ചറിഞ്ഞെന്ന് പറയപ്പെടുന്ന സ്ത്രീ ഇപ്പോഴും മൊഴിയില്‍ ഉറച്ച് നില്‍ക്കുന്നെന്നാണ് പറയുന്നത്. എന്റെ ഫോട്ടോ തിരിച്ചറിഞ്ഞിരുന്നെന്ന്. പല ഫോട്ടോസാണ് ഇവര്‍ കാണിച്ചിരിക്കുന്നത്. ആദ്യം കാണിച്ചിരുന്ന എന്റെ ഫോട്ടോ ചുരുണ്ട മുടിയുള്ളതാണ്, കണ്ണട വച്ചിട്ടുള്ളത്. പച്ച ഷര്‍ട്ടിട്ടുള്ളതായിരുന്നു അത്. ഇപ്പോള്‍ കാണിക്കുന്ന ഫോട്ടോ എന്നു പറയുന്നത് ചന്ദനക്കുറിയൊക്കെ തൊട്ടിട്ടുള്ള ഒന്നാണ്. ആദ്യം അവര്‍ കാണിച്ചിരുന്ന എന്റെ ഫോട്ടോ ഞാന്‍ ഫേസ്ബുക്കില്‍ അപ്ലോഡ് ചെയ്തതായിരുന്നു.
കേസിനെ എങ്ങിനെ നേരിടാനാണ് തീരുമാനം
ലുക്ക് ഔട്ട് നോട്ടീസ് അവര്‍ പിന്‍വലിക്കുക തന്നെവേണം, പൊതു ഇടത്തില്‍ നിരന്തരം ഇടപെട്ട് കൊണ്ടിരിക്കുന്ന മനുഷ്യന്‍ ഒളിവിലാണെന്ന് കാണിച്ചുകൊണ്ട് അയാളെ പിടിച്ചുകൊടുത്താല്‍ പാരിതോഷികം കൊടുക്കുമെന്ന് പറഞ്ഞ് കൊണ്ട്, ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കുകയാണ് ചെയ്തിരിക്കുന്നത്.
ഇത് മാനനഷ്ട കേസ് കൊടുക്കേണ്ട ഒരു സംഭവമാണ്. പക്ഷേ ഇപ്പോള്‍ നമ്മുടെ മേല്‍ കെട്ടിവെച്ച കേസ് തീര്‍ക്കാതെ വീണ്ടും പുതിയ പുതിയ കേസിലേക്ക് എങ്ങിനെ പോകുമെന്നാണ്. അഡ്വക്കേറ്റുമായി ആലോചിച്ച് കൂടുതല്‍ നടപടികളിലേക്ക് നീങ്ങും..
നിയമപരമായി കോടതിയില്‍ ഇപ്പോള്‍ സ്റ്റേറ്റ് പറഞ്ഞിരിക്കുന്നത് ഇദ്ദേഹത്തിന്റെ പേരില്‍ മറ്റ് നടപടികളും അറസ്റ്റ് പോലുള്ള മറ്റുകാര്യങ്ങളും ഒന്നും ഉണ്ടാകില്ലെന്നാണ്. കാരണം കേസ് പെന്‍ഡിങ്ങില്‍ കിടക്കുകയാണ്. അതിനിടയ്ക്കാണ് ഇത്തരത്തില്‍ നോട്ടീസ് വന്നിരിക്കുന്നത്. അത് എങ്ങിനെ തരണം ചെയ്യുമെന്നും അഡ്വക്കേറ്റുമായും മറ്റും ആലോചിക്കേണ്ടതുണ്ട്.