| Tuesday, 25th May 2021, 8:53 pm

'പ്രഫുല്‍ കെ പട്ടേലിനെ തിരിച്ചുവിളിക്കുന്നത് വരെ പ്രതിഷേധങ്ങള്‍ തുടരും' | അഭിമുഖം: ലക്ഷദ്വീപ് എം.പി. മുഹമ്മദ് ഫൈസല്‍ / ഷഫീഖ് താമരശ്ശേരി

ഷഫീഖ് താമരശ്ശേരി

എന്താണിപ്പോള്‍ ലക്ഷദ്വീപില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്?

കഴിഞ്ഞ ഡിസംബര്‍ മാസത്തില്‍ ലക്ഷദ്വീപിന്റെ പുതിയ അഡ്മിനിസ്ട്രേറ്റര്‍ ആയി പ്രഫുല്‍ കെ പട്ടേല്‍ ചാര്‍ജെടുത്തതിന് ശേഷമുള്ള ഓരോ പ്രവര്‍ത്തനങ്ങളും അദ്ദേഹത്തിന്റെ വ്യക്തിപരമായ സാമ്പത്തിക താത്പര്യങ്ങള്‍ക്ക് വേണ്ടിയുള്ളതും ദ്വീപിനെ തകര്‍ക്കുന്നതുമായിരുന്നു. തന്റെ താത്പര്യങ്ങള്‍ നടപ്പാക്കുന്നതിന് വേണ്ടിയുള്ള നിയമനിര്‍മാണങ്ങള്‍ നടത്താനാണ് അദ്ദേഹം ശ്രമിക്കുന്നത്. ഒടുവില്‍ അദ്ദേഹം കൊണ്ടുവന്ന ലക്ഷദ്വീപ് ഡെവലപ്മെന്റ് അതോറിറ്റി ഡ്രാഫ്റ്റില്‍ പോലും സവിശേഷമായ നിരവധി അധികാരങ്ങളാണ് അതോറിറ്റിക്ക് നല്‍കിയിരിക്കുന്നത്.

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുള്ള സ്ഥലം കൂടിയാണിപ്പോള്‍ ലക്ഷദ്വീപ്. ആ സാഹചര്യത്തിലാണ് ഈ രീതിയിലുള്ള നിയമനിര്‍മാണങ്ങള്‍ക്ക് അഡ്മിനിസ്ട്രേഷന്‍ ശ്രമം നടത്തുന്നത്. പരസ്പരം കൂടിനിന്ന് പ്രതിഷേധിക്കാന്‍ പോലും സാധിക്കാത്ത സാഹചര്യമാണിപ്പോള്‍ ദ്വീപിലുള്ളത്. ദ്വീപുകള്‍ തമ്മിലുള്ള ബന്ധവും നഷ്ടപ്പെട്ടിരിക്കുന്ന സാഹചര്യമാണ്. ഏതാണ്ട് നാല് ദ്വീപുകള്‍ ഇപ്പോള്‍ പൂര്‍ണമായും അടച്ചിട്ടിരിക്കുകയാണ്.

നേരത്തെ ദാമന്‍ ദിയുവിലും ദാദ്ര നാഗര്‍ ഹവേലിയിലും അദ്ദേഹം ചെയ്തിട്ടുള്ളത് സമാനമായ പ്രവര്‍ത്തനങ്ങള്‍ തന്നെയാണ്. നിരവധി മത്സ്യത്തൊഴിലാളികളുടെ വീടുകളടക്കം തകര്‍ത്തുകൊണ്ടാണ് അദ്ദേഹം അവിടെ റോഡ് വികസനവും മറ്റും നടപ്പാക്കിയത്. ആ മാതൃക തന്നെ ഇപ്പോള്‍ ദ്വീപിലും നടപ്പാക്കാന്‍ ശ്രമിക്കുന്നു. അതിന് നിയമപിന്തുണകൂടി ലഭിക്കുന്നതിന് വേണ്ടിയുള്ള നിയമനിര്‍മാണങ്ങളാണ് ഇപ്പോള്‍ അദ്ദേഹം നടത്തിക്കൊണ്ടിരിക്കുന്നത്.

പ്രഫുല്‍ കെ പട്ടേല്‍

ഓരോ ദിവസവും അദ്ദേഹം ഓരോ ഉത്തരവുകളിറക്കിക്കൊണ്ടിരിക്കുകയാണ്. ഏറ്റവുമൊടുവില്‍ പുറത്തുവന്ന ഉത്തരവ് മൃഗസംരക്ഷണ വകുപ്പിന് കീഴിലുള്ള ഡയറി ഫാമുകളെല്ലാം അടച്ചുപൂട്ടണമെന്നാണ്. അതേ സമയം തന്നെ ലക്ഷദ്വീപിലെ സഹകരണ സംഘങ്ങള്‍ വഴി അമൂലിന്റെ ഉത്പന്നങ്ങളെല്ലാം വില്‍ക്കാന്‍ നിര്‍ബന്ധിക്കുന്ന സാഹചര്യങ്ങളുമുണ്ട്. സാമ്പത്തിക താത്പര്യമാണ് അദ്ദേഹം ലക്ഷ്യം വെക്കുന്നതെന്ന് വ്യക്തമാണ്.

എന്തുകൊണ്ടാണ് ഇത് ബി.ജെ.പിയുടെ നീക്കങ്ങളല്ല, പകരം പ്രഫുല്‍ കെ പട്ടേലിന്റെ വ്യക്തിപരമായ താത്പര്യങ്ങള്‍ മാത്രമാണ് എന്ന് നിങ്ങള്‍ പറയുന്നത്. അദ്ദേഹം ബി.ജെ.പി നോമിനിയല്ലേ?

അതിന് ചില കാരണങ്ങളുണ്ട്. നേരത്തെ ലക്ഷദ്വീപില്‍ അഡ്മിനിസ്ട്രേറ്റര്‍മാരായിരുന്ന ഫാറൂഖ് ഖാനും ദിനേശ്വര്‍ ശര്‍മയുമെല്ലാം ബി.ജെ.പി നോമിനികള്‍ തന്നെയായിരുന്നു. എന്നാല്‍ ഇരുവരും ജനദ്രോഹപരമായ ഒരു നടപടികളും ദ്വീപില്‍ കൊണ്ടുവന്നിരുന്നില്ല. എന്നാല്‍ പ്രഫുല്‍ പട്ടേല്‍ വന്നതിന് ശേഷം മാത്രമാണ് ഇത്തരം കാര്യങ്ങള്‍ നടക്കുന്നത്. അദ്ദേഹം നേരത്തെ ദാമന്‍ ദിയുവിലും ദാദ്ര നാഗര്‍ ഹവേലിയിലും ഇത്തരം കാര്യങ്ങള്‍ തന്നെയാണ് ചെയ്തിട്ടുള്ളത് എന്നതുകൊണ്ട് കൂടിയാണ് ഈ നീക്കങ്ങള്‍ അദ്ദേഹം വ്യക്തിപരമായി നടത്തുന്നതാണെന്ന് ഞങ്ങള്‍ കൂടുതലായി സംശയിക്കുന്നത്. എന്തായാലും ഈ ബില്ലുകളെല്ലാം ഇപ്പോള്‍ കേന്ദ്രത്തിന്റെ പരിഗണനയിലാണുള്ളത്. അവ കേന്ദ്രം പാസാക്കുമോ എന്നതിന്റെ കൂടി അടിസ്ഥാനത്തിലേ ബി.ജെ.പിയെ മൊത്തത്തില്‍ ഈ വിഷയത്തില്‍ വിലയിരുത്താനാകൂ.

എന്തെല്ലാമാണ് പ്രഫുല്‍ കെ പട്ടേല്‍ ദ്വീപില്‍ നടപ്പാക്കാന്‍ ശ്രമിച്ചത്?

ആദ്യം പട്ടേല്‍ ചെയ്തത് ദ്വീപില്‍ ഗുണ്ടാ നിയമം കൊണ്ടുവരികയായിരുന്നു. പ്രിവന്‍ഷന്‍ ഓഫ് ആന്റി സോഷ്യല്‍ ആക്ടിവിറ്റീസ് (പാസ) നിയമം കൊണ്ടുവന്നു. ആരെയും മുന്‍കൂട്ടി തടങ്കലിടാന്‍ കഴിയുന്നതായിരുന്നു ഈ നിയമം. നിങ്ങളോര്‍ക്കണം ഇന്ത്യയില്‍ കുറ്റകൃത്യങ്ങളുടെ നിരക്കില്‍ ഏറ്റവും പിന്നിലുള്ള പ്രദേശമാണ് ലക്ഷദ്വീപ്. കൊലപാതകം, പീഡനം, തട്ടിക്കൊണ്ടുപോവല്‍, കലാപം ഉള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങള്‍ ദ്വീപില്‍ കേട്ടുകേള്‍വിയില്ലാത്തതാണ്. ഗുണ്ടകളുമില്ല. അത്തരമൊരു പ്രദേശത്താണ് ഗുണ്ടാ ആക്ട് കൊണ്ടുവരുന്നത്. ഈ വിഷയം ഞാന്‍ വ്യക്തിപരമായി ചില ബി.ജെ.പി എം.പിമാരുടെയും ശ്രദ്ധയില്‍പ്പെടുത്തുകയുണ്ടായി. ലക്ഷദ്വീപില്‍ എന്തിനാണ് ഗുണ്ടാ ആക്ടെന്ന് അവരും അല്‍ഭുതപ്പെട്ടിരുന്നു.

പിന്നീട് ദ്വീപുകളില്‍ മദ്യം ഒഴുക്കാനാണ് അദ്ദേഹം ശ്രമിച്ചത്. ഗുജറാത്ത്, നാഗാലാന്‍ഡ് പോലുള്ള സംസ്ഥാനങ്ങളെപ്പോലെ മദ്യനിരോധനം നിലനില്‍ക്കുന്ന പ്രദേശമാണ് ലക്ഷദ്വീപ്. നൂറ് ശതമാനം തദ്ദേശവാസികളും മുസ്‌ലിംങ്ങളായതിനാല്‍ വിശ്വാസപരമായ കാരണങ്ങളാലും ദ്വീപില്‍ മദ്യം ആരും പോല്‍സാഹിപ്പിക്കാറില്ല. എന്നാല്‍, ടൂറിസ്റ്റുകള്‍ മാത്രം വരാറുള്ള ആള്‍താമസമില്ലാത്ത ദ്വീപുകളില്‍ മദ്യം ലഭിക്കുമായിരുന്നു. ആള്‍താമസമുള്ള മൂന്നുദ്വീപുകളിലെ റിസോര്‍ട്ടുകളില്‍ മദ്യവിതരണത്തിന് അനുമതി നല്‍കുകയാണ് ഇപ്പോള്‍ അഡ്മിനിസ്‌ട്രേറ്റര്‍ ചെയ്തിരിക്കുന്നത്. ഇക്കാര്യത്തെകുറിച്ച് ചോദിച്ചപ്പോള്‍ റിസോര്‍ട്ടുകളില്‍ മാത്രമല്ലേ പിന്നെ എന്താണ് പ്രശ്‌നം എന്ന മറുപടിയാണ് ലഭിക്കുന്നത്. റിസോര്‍ട്ടുകളില്‍ മദ്യവില്‍പ്പനനടത്തിയാല്‍ അത് പുറത്തേക്ക് എത്തുമെന്ന കാര്യത്തില്‍ ഒരു സംശയവുമില്ല. യാത്ര കപ്പലുകളില്‍ ടൂറിസ്റ്റുകള്‍ക്ക് വേണ്ടി എന്ന പേരിലും മദ്യവിതരണത്തിന് പദ്ധതിയുണ്ട്. യാത്രാകപ്പലുകളില്‍ സാധാരണ പത്തുശതമാനമേ ടൂറിസ്റ്റുകള്‍ ഉണ്ടാവാറുള്ളൂ.

ഗോവധനിരോധന നിയമമായിരുന്നു അദ്ദേഹം നടപ്പാക്കാന്‍ ശ്രമിച്ച മറ്റൊരു കാര്യം. ബി.ജെ.പി ഭരണത്തിലുള്ള സംസ്ഥാനങ്ങളിലെന്ന പോലെ ദ്വീപില്‍ ബീഫ് വില്‍പനയും ഉപയോഗവും നിരോധിക്കാനുള്ള നീക്കവും തുടങ്ങിക്കഴിഞ്ഞു. കന്നുകാലികളെ കശാപ്പുചെയ്യുന്നതും ഗോമാംസം കൈവശംവക്കുന്നതും തടവും കനത്തപിഴയും ലഭിക്കുന്ന കുറ്റമാക്കിവരികയാണ്. സ്‌കൂളുകളിലെ ഭക്ഷ്യമെനുവില്‍ നിന്നും മാംസാഹരങ്ങള്‍ ഒഴിവാക്കിയിരുന്നു.

കൂടാതെ പഞ്ചായത്ത് നിയമങ്ങളിലും അദ്ദേഹം മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ശ്രമിച്ചു. കരട് നിയമത്തിലെ 14 പ്രകാരം രണ്ടിലധികം കുട്ടികളുള്ളവര്‍ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കഴിയില്ല. ഉദ്യോഗസ്ഥഭരണത്തിന് കൂടുതല്‍ അധികാരങ്ങള്‍ നല്‍കുന്ന വിധത്തില്‍ നിയമങ്ങള്‍ കൊണ്ടുവരുന്നതും പരിഗണനയിലുണ്ട്. വിവിധകാരണങ്ങള്‍ ചൂണ്ടിക്കാട്ടി നൂറുകണക്കിനാളുകളെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. ടൂറിസംവകുപ്പില്‍ നിന്ന് 190 പേര്‍ക്ക് മാത്രം ഈയടുത്ത് ജോലിനഷ്ടമായി. ആകെ 65,000 ജനസംഖ്യയുള്ള ദ്വീപില്‍ ഈ 190 എന്നത് വലിയൊരു കണക്കാണ്. സ്‌കൂളുകളില്‍ ഉച്ചഭക്ഷണം ഉണ്ടാക്കുന്നവരെയും കായികാധ്യാപകരെയും പിരിച്ചുവിട്ടു. മൃഗസംരക്ഷണവകുപ്പ്, കാര്‍ഷികവകുപ്പ് എന്നിവയില്‍ നിന്നും നിരവധിപേരെ പുറത്താക്കി. ചരക്കുഗതാഗതത്തിനും മറ്റും വര്‍ഷങ്ങളായി ദ്വീപുകാര്‍ ആശ്രയിക്കുന്ന ബേപ്പൂരിനെ ഒഴിവാക്കി മംഗലാപുരത്തേക്ക് മാറ്റാന്‍ തീരുമാനിച്ചു.

മത്സ്യത്തൊഴിലാളികള്‍ അവരുടെ വലകളും മറ്റ് ഉപകരണങ്ങളും സൂക്ഷിക്കുന്ന ഷെഡുകള്‍ തീരസംരക്ഷണ നിയമത്തിന്റെ ലംഘനമെന്നാരോപിച്ച് പൊളിച്ചുമാറ്റി, അപൂര്‍വം വാഹനങ്ങള്‍ മാത്രമുള്ള നിലവില്‍ യാതൊരു ഗതാഗതപ്രശ്‌നവുമില്ലാത്ത ദ്വീപില്‍ നിരവധി വീടുകളും കെട്ടിടങ്ങളും പൊളിച്ചുമാറ്റേണ്ടി വരുന്ന രീതിയില്‍ 7 മീറ്റര്‍ വീതിയില്‍ റോഡ് നിര്‍മിക്കാനുള്ള നീക്കങ്ങളുമാരംഭിച്ചു. ദ്വീപിലെ ജനവാസത്തെ ദുസ്സഹമാക്കുന്ന രീതിയിലുള്ള വലിയ ടൂറിസം വികസന പദ്ധതികളും നടപ്പാക്കാനാരംഭിച്ചു. അങ്ങനെ ചുരുങ്ങിയ കാലം കൊണ്ട് പ്രഫുല്‍ പട്ടേല്‍ നടപ്പാക്കിയത് ദ്വീപ് ജനതയുടെ പരമ്പരാഗത സാമൂഹിക ജീവിതത്തെ അടിമുടി തകര്‍ക്കുന്ന അനേകം പദ്ധതികളാണ്.

ഈ വിഷയത്തില്‍ ഇനിയെന്ത് ചെയ്യാനാണ് നിങ്ങളുടെ തീരുമാനം?

നിലവില്‍ തന്നെ ഞാന്‍ രണ്ട് തവണ പ്രധാനമന്ത്രിയെ കണ്ടിട്ടുണ്ട്. അതിന് ശേഷം ആഭ്യന്തരമന്ത്രിയെയും കണ്ടു. ഈ കരട് നിയമങ്ങളെല്ലാം കേന്ദ്ര ആഭ്യന്തര വകുപ്പ് പുനപരിശോധിക്കുമെന്നാണ് ഇരുവരും എന്നോട് പറഞ്ഞിട്ടുള്ളത്. നിലവിലെ വിഷയങ്ങള്‍ എന്റെ പാര്‍ട്ടിയുടെ പ്രസിസണ്ട് ശരദ് പവാറുമായും ഞാന്‍ സംസാരിച്ചിട്ടുണ്ട്. എത്രയും പെട്ടന്ന് പ്രഫുല്‍ കെ പട്ടേലിനെ തിരിച്ചുവിളിക്കുന്നതിനുള്ള സമ്മര്‍ദങ്ങളാണ് ഞങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നത്.

കേരളത്തില്‍ നിന്നുള്ള എളമരം കരീം, ഇ.ടി. മുഹമ്മദ് ബഷീര്‍ തുടങ്ങി വിവിധ നേതാക്കളോട് ഇതിനകം തന്നെ ഞാന്‍ സംസാരിച്ചിട്ടുണ്ട്. എല്ലാവരും ഞങ്ങള്‍ക്ക് പരിപൂര്‍ണ പിന്തുണ നല്‍കിയിട്ടുണ്ട്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Content Highlight: Interview with mohammed faizal p p- Lakshadweep MP

ഷഫീഖ് താമരശ്ശേരി

മാധ്യമപ്രവര്‍ത്തകന്‍

We use cookies to give you the best possible experience. Learn more