ഗോഡ് ഫാദര്‍മാരോ പാരമ്പര്യമോ അവകാശപ്പെടാനില്ലാതെ മലയാള സിനിമയിലേക്ക് കടന്ന് വരിക, ഏറേ പ്രതീക്ഷകളോടെ സംവിധാനം ചെയ്ത ആദ്യ പടം തന്നെ തിയേറ്ററില്‍ വന്‍ പരാജയമാവുക, ഒരു പുതുമുഖ സംവിധായകനെ സംബന്ധിച്ചിടത്തോളം തോറ്റ് പിന്‍മാറാന്‍ ഇത് തന്നെ ധാരാളം. എന്നാല്‍ അങ്ങനെയൊരു പിന്‍മാറ്റത്തെ കുറിച്ച് ആലോചിക്കാന്‍ പോലും മിഥുന്‍ മാനുവല്‍ എന്ന വയനാട്ടുകാരനാവുമായിരുന്നില്ല. കൂടെയുള്ളവര്‍ നല്‍കിയ പിന്തുണയില്‍ ധൈര്യപൂര്‍വം തന്നെ മിഥുന്‍ തിരിച്ചെത്തി. പിന്നീടും അയാള്‍ സിനിമകള്‍ ചെയ്തു. ഇതിനിടക്ക് തിയേറ്ററില്‍ പരാജയമായിരുന്ന ആ സ്വപ്ന സിനിമ പ്രേക്ഷകര്‍ സോഷ്യല്‍ മീഡിയിലൂടെ ഏറ്റെടുത്തു.
മൂന്ന് വര്‍ഷങ്ങള്‍ക്കിപ്പുറം തിയേറ്ററില്‍ പരാജയം രുചിച്ച ആ സിനിമയുടെ രണ്ടാം ഭാഗവുമായി അതേ ടീം വീണ്ടുമെത്തി. കൂടെയിറങ്ങിയ മറ്റ് ചിത്രങ്ങളെ ബഹുദൂരം പിന്നിലാക്കി ആ സിനിമ കുതിച്ച് കയറി. അന്ന് ചിത്രത്തെ പുച്ഛിച്ച് തള്ളിയവരെ കൊണ്ട് തന്നെ കൈയ്യടിപ്പിച്ചു.
അതേ ആടിന്റെ വന്‍ വിജയത്തിന് പിന്നില്‍ ഇങ്ങനെയും ഒരു കഥയുണ്ട്. സിനിമയുടെ വന്‍ വിജയമെന്നും മിഥുനിനെ ബാധിച്ചിട്ടില്ല. വയനാട്ടിലെ ആ തനി നാട്ടിന്‍ പുറത്തുകാരനായി ആദ്യ സിനിമ ചെയ്യുന്ന അതേ താല്‍പര്യത്തോടെ തന്റെ പുതിയ ചിത്രത്തിന്റെ എഴുത്ത് പണിയിലാണ് മിഥുന്‍. കുടെ പഴയ പോലെ തങ്ങളുടെ ഫേസ്ബുക്ക് കൂട്ടായ്മയായ സി.പി.സി ( സിനിമാ പാരഡൈസോ ക്ലബ്ബ്) ഗ്രൂപ്പിന്റെ ഈ വര്‍ഷത്തെ അവാര്‍ഡ് നിര്‍ണയത്തിന്റെയും മറ്റും തിരക്കിലും. ഇതിനിടയിലും ആട് 2 വിജയത്തെ കുറിച്ചും പുതിയ സംവിധാനസംരംഭത്തെ കുറിച്ചും ഡൂള്‍ ന്യൂസ് പ്രതിനിധി അശ്വിന്‍രാജുമായി സംസാരിക്കുകയാണ് മിഥുന്‍ മാനുവല്‍.
ആദ്യം തന്നെ അഭിനന്ദനങ്ങള്‍ ആട് 2 വിന്റെ ഗംഭീര വിജയത്തിന്. പക്ഷേ ഇതിനിടക്ക് മിഥുനെതിരെ ട്രോളുകള്‍ വന്നിരുന്നു ആട് 2 വിന്റെ ട്രോള്‍ മത്സരങ്ങളുടെ സമ്മാനം പ്രഖ്യാപിക്കാത്തതിനെ തുടര്‍ന്ന്. ട്രോളന്‍മാരും പ്രേക്ഷകരും കാത്തിരിക്കുകയാണ് ആ മികച്ച ട്രോള്‍ എതാണെന്നറിയാന്‍ ?
താങ്ക്യു… ആ ട്രോളുകള്‍ ഞാന്‍ കണ്ടിരുന്നു. പിന്നെ ട്രോളുകളിലെ വിജയിയ്ക്ക് പടത്തിന്റെ വിജയാഘോഷത്തിന്റെ അന്ന് സമ്മാനം നല്‍കുന്നതാണ്. കാരണം എന്താണെന്നാല്‍ ഒന്ന് സമാധാനത്തോടെ ഇരുന്ന് നോക്കാന്‍ പറ്റാത്തയത്ര ട്രോളുകള്‍ വന്നിട്ടുണ്ട് നമ്മള്‍ ഒരു പത്തോ അഞൂറോ ട്രോളുകള്‍ പ്രതീക്ഷിച്ചിടത്ത് മൂവായിരത്തോളം ട്രോളുകളാണ് വന്നിട്ടുള്ളത്. ഇത് വേര്‍തിരിച്ച് വിലയിരുത്താന്‍ ഒരു പാട് സമയം ആവശ്യമായത് കൊണ്ടാണ് സമയം എടുക്കുന്നത്
ആടിലെ കഥാപാത്രങ്ങള്‍ ഒരോന്നും പ്രേക്ഷകര്‍ക്ക് ഇന്ന് കാണാപാഠമാണ് ഇതില്‍ വ്യത്യസ്തമായ ഒരു റോള്‍ തന്നെയായിരുന്നു സൈജു കുറുപ്പ് ചെയ്ത അറയ്ക്കല്‍ അബു എന്ന കഥാപാത്രം. ഇതിലേക്ക് സൈജുവിനെ എങ്ങിനെയാണ് തിരഞ്ഞെടുത്തത്.?
സത്യം പറഞ്ഞാല്‍ ഇങ്ങനെ ഒരു റോളിലേക്ക് സൈജു ഒരു ഓപ്ഷനേ ആയിരുന്നില്ല മറ്റാരെയെങ്കിലും കൊണ്ട് വരാനായിരുന്നു എന്റെ ഉദ്ദേശ്യം. ഒരു എസ്റ്റാബിളിഷ് കോമേഡിയനെ കൊണ്ട് ആ റോള്‍ ചെയ്യിക്കാം എന്ന് കരുതിയിരിക്കുമ്പോഴാണ് നിര്‍മ്മാതാവ് വിജയ് ബാബു ചേട്ടന്‍ സൈജുവിനെ ഒന്ന് നോക്കാന്‍ പറയുന്നത്. ആ സമയത്താണ് സൈജു എന്നെ വിളിക്കുന്നത് പെട്ടന്ന് സൗഹൃദമൊക്കെയായി. ഞാന്‍ പറഞ്ഞു ചേട്ടാ ചെയ്തു നോക്ക് അറിയില്ല എങ്ങിനാ വരുമെന്ന്, ചെയ്ത് നോക്കാന്‍ പറഞ്ഞു. സൈജു വന്നു എന്ത് കൊണ്ടോ ആ കഥാപാത്രത്തിനെ പെട്ടന്ന് പിടിച്ചെടുക്കാന്‍ സൈജുവിനായി. ശരിക്കും ഗംഭീരമായി ആ റോള്‍ സൈജു ചെയ്തു. ഒരു പൊളിച്ചെഴുത്ത് തന്നെയായിരുന്നു അത്. കാരണം സൈജു അത് വരെ ചെയ്തതില്‍ നിന്ന് വളരെ വ്യത്യസ്തമായിരുന്നു അറയ്ക്കല്‍ അബു. പക്ഷേ ആ റോളിലേക്ക് വേറെയാരെയും ചിന്തിക്കാന്‍ കഴിയാത്ത വിധം സൈജു ആ റോള്‍ മനോഹരമാക്കി. ചില സിനിമകളില്‍ അത് അങ്ങിനെ സംഭവിക്കുകയാണ്. ശരിക്കും വളരെ യാദ്രശ്ചികമായി സംഭവിച്ച ഒരു റോളാണ് അത്.
പാപ്പനായി ജയസൂര്യ അല്ലായിരുന്നെങ്കില്‍ വേറെ ആരെ തിരഞ്ഞെടുക്കുമായിരുന്നു.?
പാപ്പന്റെ കഥ ആദ്യം പറയുന്നത് ജയസൂര്യയോടാണ്. കഥ കേട്ട് അങ്ങേര്‍ക്ക് ഇഷ്ടമാവുകയും ചെയ്തു. സിനിമയുടെ തുടക്കം മുതലേ ഞങ്ങളുടെ കൂടെ അദ്ദേഹം ഉണ്ട്. അതുകൊണ്ട് തന്നെ ജയസൂര്യ അല്ലെങ്കില്‍ മറ്റൊരാള്‍ എന്ന ചോദ്യം വരുന്നില്ല.
ആടിന്റെ ആദ്യ ഭാഗത്ത് നിന്ന് രണ്ടാം ഭാഗത്തിലേക്ക് വരുമ്പോഴേക്കും കമ്മട്ടിപ്പാടം സിനിമ പുറത്ത് വരുന്നു, വിനായകന്‍ സംസ്ഥാനത്തെ മികച്ച നടനാവുന്നു, ആട് 2 വിന്റെ കഥയിലേക്ക് വരുമ്പോള്‍ വിനായകന്റെ ഈ സ്റ്റാര്‍ഡം ഒരു വെല്ലു വിളിയായിരുന്നോ?.
രണ്ടാം ഭാഗം വരുമ്പോള്‍ വിനായകന്റെ സ്റ്റാര്‍ഡം എന്നല്ല എല്ലാ കഥാപാത്രങ്ങളും നമുക്ക് ഒരു വെല്ലുവിളി തന്നെയായിരുന്നു. അത് എന്താണെന്ന് വെച്ചാല്‍ ഇപ്പോള്‍ ധര്‍മ്മേട്ടന്‍ (ധര്‍മ്മജന്‍) തുടങ്ങിയെടുത്തല്ല ഇപ്പോള്‍ നില്‍ക്കുന്നത്. തിരക്കുള്ള ഒരു ഹാസ്യനടനായി. വിനായകന്‍ വെറേ ഒരു ലെവലില്‍ എത്തി. സണ്ണി തിരക്കുള്ള നായകാനായി മാറി, പിന്നെ ഹരികൃഷ്ണന്‍ ഭഗത്. ഇവരൊക്കെയായാലും ഇത്തരത്തില്‍ തിരക്കുള്ളവരായി മാറി. പിന്നെ നമ്മളെ സംബന്ധിച്ചിടത്തോളം ആടിലെ ക്യാരക്ടറുകളെ അവതരിപ്പിക്കുക എന്നതായിരുന്നു.
കാരണം ആടിലെ കഥാപാത്രങ്ങളെ ജനങ്ങള്‍ അത്രക്കും ഇഷ്ടപ്പെട്ടിരുന്നു അപ്പോള്‍ ഒട്ടും കൂടാതെയും കുറയാതെയും അവതരിപ്പിക്കുക എന്നതായിരുന്നു നമ്മുടെ മുന്നിലെ വെല്ലുവിളി. ഞാന്‍ ഇവരുടെ താരമുല്യത്തെക്കാള്‍ അവരുടെ കഥാപാത്രങ്ങളെ മികച്ചതാക്കുക എന്നതാണ് നോക്കിയത്. പിന്നെ വിനായകന്‍ ചേട്ടന്റെ താരമൂല്യം ശരിക്കും ഡ്യൂഡ് എന്ന കഥാപാത്രത്തെ നല്ല രീതിയില്‍ സഹായിച്ചു എന്നു വേണം പറയാന്‍. ഇനി അദ്ദേഹം താരമൂല്യമുള്ള നടനായില്ലായിരുന്നെങ്കിലും ഇത്തരത്തിലെ ഡ്യൂഡ് എന്ന കഥാപാത്രം വരും. കാരണം എന്റെ മനസ്സില്‍ കഥാപാത്രങ്ങള്‍ എല്ലാം സുപ്പര്‍ഹീറോസ് ആണ്. ഇനി കഥയും സന്ദര്‍ഭവും ഒത്ത് വന്ന് അടുത്ത ഒരു ഭാഗം വരുകയാണെങ്കിലും ഇത്തരത്തില്‍ തന്നെയാണ് കഥാപാത്രങ്ങളെ അവതരിപ്പിക്കുക. കാരണം താരങ്ങളേക്കാള്‍ കഥാപാത്രങ്ങളെ പ്രേക്ഷകര്‍ അംഗീകരിക്കുമ്പോള്‍ മാത്രമേ അഭിനേതാവിനും വിജയമുണ്ടാവുകയുള്ളു.
അപ്പോള്‍ ഒരു ആട് 3 പ്രേക്ഷകര്‍ക്ക് പ്രതീക്ഷിക്കാം അല്ലെ ?
നല്ലൊരു തിരക്കഥകിട്ടികഴിഞാല്‍ തീര്‍ച്ചയായും ആട് 3 പ്രതീക്ഷിക്കാവുന്നതാണ്. കാരണം നമ്മുടെ മുന്നില്‍ ഇപ്പോള്‍ തന്നെ അതിനുള്ള വാതിലുകള്‍ തുറന്ന് കഴിഞ്ഞു. നല്ല ഒരു അവസരം വരുകയാണെങ്കില്‍ തീര്‍ച്ചയായും പ്രതീക്ഷിക്കാവുന്നത് തന്നെയാണ് ആട് 3യും
ആട് 2 റിലീസ് ചെയ്തപ്പോള്‍ ഒരു പോരായ്മയായി പ്രേക്ഷകര്‍ പറഞ്ഞ വലിയ ഒരു കാര്യമായിരുന്നു ചെമ്പന്‍ വിനോദിന്റെ ഹൈറേഞ്ച് ഹക്കിം എന്ന കഥാപാത്രം ഇല്ലാത്തത്. എന്താണ് ഹക്കിമിനെ ആട് 2വില്‍ കാണാതിരുന്നത് ?
എനിക്ക് പേള്സണലി വളരെ ഇഷ്ടപ്പെട്ട രണ്ട് കഥാപാത്രങ്ങളാണ് ഹക്കിമും പി.പി ശശിയാശാനും. പക്ഷേ അതില്‍ ഉള്ള ഒരു പ്രശ്നം എന്താണെന്നു വെച്ചാല്‍ ഒരു പൊളിറ്റിക്കല്‍ സറ്റേയര്‍ ഉള്ളിടത്ത് മാത്രമേ നമുക്ക് ഈ രണ്ട് കഥാപാത്രങ്ങളെ വെക്കാന്‍ കഴിയുകയുള്ളു. പക്ഷേ ഈ പ്രാവശ്യം ആദ്യ ഭാഗത്തിനെ പോലെ പൊളിറ്റിക്കല്‍ എലമെന്റ് ഒന്നും കൊണ്ടു വന്നിട്ടില്ല. ശരിക്കും തിരക്കഥയില്‍ സ്പെയ്സ് ഇല്ലാത്തത് കൊണ്ടാണ് ഹക്കിമിന് റോള്‍ ഇല്ലാതിരുന്നത്. വെറുതെ ഒരു സീന് കൊടുത്തിട്ട് കാര്യമില്ലെല്ലോ. അവിടെ ആ കഥാപാത്രം വരുന്നതിന് എന്തെങ്കിലും കാര്യം കൂടെ വേണം.
പൊളിറ്റിക്കല്‍ സറ്റേയറിന്റെ കാര്യം പറഞ്ഞപ്പോഴാണ്, മിഥുനിന്റെ സിനിമകളില്‍ എല്ലാം തന്നെ സമകാലിന രാഷ്ട്രീയ സംഭവങ്ങളെ ആക്ഷേപ ഹാസ്യത്തിലൂടെ അവതരിപ്പിക്കാറുണ്ട്. ഇപ്പോള്‍ ആടില്‍ പി.പി ശശി ആശാന്റെതായാലും അലമാരയില്‍ മണികണ്ഠന്റെ റോള്‍ ആയാലുമൊക്കെ. മിഥുനില്‍ നിന്നും പൊളിറ്റിക്കല്‍ സറ്റേയര്‍ മൂവി പ്രതീക്ഷിക്കാമോ പ്രേക്ഷകര്‍ക്ക് ?.
എനിക്ക് എറ്റവും ഇഷ്ടമുള്ള ഒരു ഏരിയ ആണ് ഈ പൊളിറ്റിക്കല്‍ സറ്റേയര്‍. ഈ പറഞ്ഞപോലെ ആടിന് മുമ്പ് തന്നെ ഒരു പൊളിറ്റിക്കല്‍ സറ്റേയര്‍ ചെയ്യാന്‍ ഒരു പദ്ധതിയുണ്ടായിരുന്നു. പക്ഷേ എന്ത് കൊണ്ടോ അത് നടന്നില്ല. തീര്‍ച്ചയായും എനിക്ക് എറ്റവും ഇഷ്ടപ്പെട്ട ഒരു രീതിയായതു കൊണ്ട് അങ്ങിനെ ഒരു സിനിമ സംഭവിച്ചു കൂടായ്കയില്ല.
ആട് 2 വന്നപ്പോള്‍ ആളുകളെ ഏറെ ഞെട്ടിച്ച ഒരു മാറ്റമാണ് ലോലന്റെ മാറ്റം. ലോലന്‍ ഒരു കട്ട കലിപ്പന്‍ ആയി മാറിയത്. എന്താണ് ലോലന്റെ ഈ മാറ്റത്തിന് കാരണം?
ആടിന്റെ ആദ്യഭാഗത്ത് ലോലന്റെ കഥാപാത്രം ഒരുപാട് ആളുകള്‍ക്ക് ഇഷ്ടപ്പെട്ടങ്കിലും അതില്‍ കൂടുതല്‍ ആളുകള്‍ക്ക് അത് ഇഷ്ടമായിരുന്നില്ല. ആ കൂട്ടത്തില്‍ ചേരുന്നില്ല എന്നൊക്കെ അഭിപ്രായമുണ്ടായിരുന്നു എനിക്ക് പേഴ്സണലി ലോലന്റെ ആ ലോല സ്വഭാവും കൈലി കടിച്ച് പിടിച്ചുള്ള കരച്ചിലും വലിയ ഇഷ്ടമായിരുന്നു. പക്ഷേ അത് സക്രീനില്‍ വര്‍ക്ക് ഔട്ട് ആയില്ലെന്നായിരുന്നു ബഹു ഭൂരിപക്ഷത്തിന്റെയും അഭിപ്രായം. ശരിക്കും ലോലന്റെ ട്രാന്‍സ്ഫോര്‍മേഷന്‍ സീനൊക്കെയുണ്ടായിരുന്നു. സമയ ദൈര്‍ഘ്യം കാരണം നമ്മള്‍ അത് കാണിക്കാതിരുന്നതാണ്. ശരിക്കും ആ സീനൊക്കെ ഷൂട്ട് ചെയ്തതുമാണ്. അവസാന നിമിഷത്തിലേക്ക് അത് എഡിറ്റ് ചെയ്തതാണ്. അപ്പോള്‍ നമ്മള്‍ അത് രണ്ട് വര്‍ഷം കൊണ്ട് ലോലന് വന്ന മാറ്റങ്ങള്‍ എന്ന നിലയില്‍ അത് അവതരിപ്പിക്കുകയായിരുന്നു. അത് കൊണ്ട് തന്നെ ഈ വര്‍ഷം വന്നപ്പോള്‍ ആര്‍ക്കും ഒരു പ്രശ്നവുമില്ല.
ആട് 2 വിന്റെ ഗംഭീര വിജയത്തിന് മുമ്പായി മറ്റൊരു വലിയ സന്തോഷവുമുണ്ടായല്ലോ ലൈഫില്‍, കഴിഞ്ഞ മെയ്മാസത്തില്‍? വിവാഹശേഷമുള്ള മിഥുന്‍ എന്ന സംവിധായകന്റെ ജീവിതം എങ്ങിനെയുണ്ട്?
അതേ വലിയ ഒരു സന്തോഷം തന്നെയായിരുന്നു. കഴിഞ്ഞ മെയ് മാസത്തില്‍ വിവാഹം കഴിഞ്ഞു. മെയ് ഒന്നിനായിരുന്നു വിവാഹം. ശരിക്കും ജീവിതത്തില്‍ കുറച്ച് കൂടെ ഉത്തരവാദിത്വബോധം ഉണ്ടായി, ക്ഷമയുണ്ടായി. ഇതൊക്കെയാണ് പ്രധാന മാറ്റങ്ങള്‍. പിന്നെ ജീവിതത്തില്‍ ശരിക്കും മറ്റൊരാള്‍ കൂടെ ജീവിക്കുമ്പോള്‍ അതിന് അനുസരിച്ച് നമ്മള്‍ അറിയാതെ നമ്മള്‍ മാറും. ശരിക്കും ഒരു ബ്യൂട്ടിഫുള്‍ ലൈഫിലൂടെയാണ് ഇപ്പോള്‍ കടന്ന് പോയികൊണ്ടിരിക്കുന്നത്.
മിഥുനിന്റെ നാട് വയനാടിലെ കമ്പളക്കാട് ആണ്. ശരിക്കും സിനിമയിലേക്കുള്ള കടന്ന് വരവിന് ഏത് തരത്തിലാണ് സഹായകമായത്. അല്ലെങ്കില്‍ ഇത് ഒരു വെല്ലുവിളിയായിരുന്നോ ?
സിനിമയിലേക്ക് കടന്ന് വരുമ്പോള്‍ വയനാട് എന്ന ജോഗ്രഫിക്കല്‍ ബേഗ്രൗണ്ട് എനിക്ക് ഒരു വെല്ലുവിളിയായിരുന്നില്ല. പ്രത്യേകിച്ച് ടെക്നോളജി ഇത്രയ്ക്കും സജീവമായിരിക്കുമ്പോള്‍. കാരണം നമ്മള്‍ ലോകത്തിന്റെ ഏത് മൂലയില്‍ ആയിരുന്നാലും മലയാള സിനിമയില്‍ എത്താന്‍ തുനിഞ്ഞ് ഇറങ്ങിയാല്‍ നമ്മള്‍ക്ക് എത്തിപ്പെടാവുന്നതേയുള്ളു.
പിന്നെ രണ്ടാമത്തെ കാര്യം വയനാട്ടില്‍ ജനിച്ച് വളര്‍ന്നത് കൊണ്ടും ഒരു പക്കാ നാട്ടിന്‍ പുറത്ത്കാരനായതുകൊണ്ടും എന്റെ സിനിമകള്‍ കണ്ടാല്‍ മനസിലാകും എന്നതാണ്. അത് എന്നെ ധാരാളം സ്വാധീനിച്ചിട്ടുണ്ട്. നമ്മുടെ നാട്ടില്‍ നമ്മള്‍ കണ്ട് മറന്ന കഥാപാത്രങ്ങള്‍ ആയാലും സന്ദര്‍ഭങ്ങള്‍ ആയാലും സിനിമയില്‍ നമുക്ക് കൊണ്ട് വരാന്‍ കഴിയാറുണ്ട്. പിന്നെ ആ നാട്ടിലെ ഭൂപ്രകൃതി പോലും എന്നിലെ നാട്ടുകാരനെ സ്വാധീനിച്ചിട്ടുണ്ട് എന്ന് വേണം പറയാന്‍. ഷാജി പാപ്പന്‍ എന്ന കഥാപാത്രത്തിന് പോലും നമ്മുടെ നാട്ടില്‍ കണ്ട് മറന്ന ചിലയാളുകളുടെ മാനറിസങ്ങള്‍ സ്വാധീനിച്ചിട്ടുണ്ട് എന്ന് വേണം പറയാന്‍. അത് പ്രേക്ഷകനും തോന്നുന്നുണ്ട് എന്ന് കരുതുന്നു. അപ്പോള്‍ അങ്ങിനെയുള്ള ഒരു നാട്ടില്‍ ജനിച്ച് വളര്‍ന്നത് ഒരു വലിയ ഭാഗ്യമായിട്ടു തന്നെ ഞാന്‍ കരുതുന്നുണ്ട്.
മിഥുന്റെ ഒട്ടുമിക്ക സിനിമകളുടെയും ഭാഗമാണ് സണ്ണിവെയ്ന്‍. എങ്ങിനെയാണ് സണ്ണിയുമായുള്ള സൗഹൃദം ആരംഭിക്കുന്നത്.?
സത്യം പറഞ്ഞാല്‍ സണ്ണിയെ ഞാന്‍ ആദ്യം കാണുന്നത് ആടിന്റെ കഥ പറയാന്‍ പോയപ്പോള്‍ ആണ്. ഞങ്ങള്‍ ഒരേ നാട്ടുകാരൊക്കെയാണെങ്കിലും മുന്‍പ് കണ്ടിട്ടില്ല, ഒരുമിച്ച് പഠിക്കുകയോ സംസാരിക്കുകയോ ഒന്നും ചെയ്തിട്ടില്ല. എന്റെ എല്ലാ സിനിമയിലും സണ്ണി ഒരു ഭാഗമായിരുന്നു. സിനിമയില്‍ നിന്നുണ്ടായ എറ്റവും അടുത്ത സൗഹൃദങ്ങളില്‍ ഒന്നാണ് സണ്ണിയുടേത്. അത് എല്ലാ കാലവും ഉണ്ടാകുകയും ചെയ്യും
മിഥുന്റെ അടുത്ത് പ്രോജക്ടിനെ കുറിച്ച് എന്തെങ്കിലും ചര്‍ച്ചകള്‍ ആരംഭിച്ചോ എന്താണ് അടുത്ത പരിപാടികള്‍ ?
എഴുത്ത് നടന്നോണ്ടിരിക്കുകയാണ് ചിലപ്പോള്‍ രണ്ട് മൂന്ന് മാസത്തിനുള്ളില്‍ അനൗണ്‍സ് ചെയ്തേക്കും കൂടുതല്‍ ഒന്നും പറയാന്‍ ആയിട്ടില്ല.
സിനിമയില്‍ വരുന്നതിന് മുമ്പ് തന്നെ മിഥുന്‍ വളരെ ആക്ടീവ് ആയിരുന്ന ഒരു ഗ്രൂപ്പാണ് സിനിമാ പാരഡൈസോ ക്ലബ്ബ് എന്ന സി.പി.സി ഗ്രൂപ്പ്. ഇപ്പോള്‍ അതിന്റെ ഈ വര്‍ഷത്തെ അവാര്‍ഡുകളെ കുറിച്ചുള്ള ചര്‍ച്ചകള്‍ നടന്നോണ്ടിരിക്കുകയാണ്. ഈ ചര്‍ച്ചകളിലും മിഥുന്‍ വളരെ ആക്റ്റീവ് ആണല്ലോ?
അതെ. ശരിക്കും സിനിമയില്‍ വരുന്നതിന് മുമ്പ് തന്നെ വളരെ അംഗമായ ഒരു ഗ്രൂപ്പാണ് സി.പി.സി അതില്‍ ഒരു പാട് ആളുകളുമായി ഒരു പാട് നാളത്തെ സൗഹൃദമുണ്ട്. അപ്പോള്‍ അതില്‍ എന്ത് കാര്യമുണ്ടെങ്കിലും നമ്മള്‍ കൂടി നില്‍ക്കും. ആ ഗ്രൂപ്പ് പൂര്‍ണമായും സിനിമക്ക് വേണ്ടി നിലകൊള്ളുന്ന ഗ്രൂപ്പാണ്. ഫാന്‍ ഫൈറ്റുകളോ മറ്റോ ഗ്രൂപ്പില്‍ വച്ച് പൊറുപ്പിക്കില്ല. സിനിമകളെ കുറിച്ചുള്ള ചര്‍ച്ചകളും മികച്ച സിനിമകളെ പരിചയപ്പെടുത്തുന്നതുമായ, സിനിമക്ക് വേണ്ടി ക്രിയേറ്റിവായി നിലകൊള്ളുന്ന ഒരു ഗ്രൂപ്പാണ് ഇത്. ശരിക്കും ഞാന്‍ അംഗമായ ആദ്യത്തെ സിനിമാ ഗ്രൂപ്പാണ് ഇത്. ആ ബന്ധം ഇപ്പോഴും തുടരുന്നു.
സിനിമാ രംഗത്ത് ഇപ്പോള്‍ വിവാദങ്ങള്‍ നിറഞ്ഞ് കൊണ്ടിരിക്കുകയാണല്ലോ. ഈ അടുത്ത കാലത്ത് അഭിപ്രായം പറഞ്ഞതിനെ തുടര്‍ന്ന് നടിമാരായ പാര്‍വതിക്കും റിമാ കല്ലിംങ്ങലിനെതിരെയും സൈബര്‍ ആക്രമണങ്ങള്‍ നടന്നിരുന്നു. ശരിക്കും അഭിപ്രായം പറയുന്ന വനിതാ സിനിമാ പ്രവര്‍ത്തകരെ അംഗീകരിക്കാന്‍ നമ്മുടെ സമൂഹത്തിന് ബുദ്ധിമുട്ടുണ്ടോ ?
എനിക്ക് അങ്ങിനെ തോന്നിയിട്ടില്ല. കാരണം സ്ത്രീകള്‍ക്കെതിരെ മാത്രമല്ല, അഭിപ്രായം പറയുന്ന ആര്‍ക്കെതിരെയും. അത് സിനിമയില്‍ എന്നല്ല എവിടെയായാലും അസഹിഷ്ണുതയോടെയാണ് നോക്കിക്കണ്ടിട്ടുണ്ട്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയുടെ വളര്‍ച്ചക്ക് ശേഷം എല്ലാവര്‍ക്കും തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുന്നതിനുള്ള ഒരു സ്പെയ്സ് വന്നിട്ടുണ്ട്. പക്ഷേ അസഹിഷ്ണുത എന്ന് പറയുന്ന സാധനം എല്ലാ കാലത്തും നമ്മുടെ സമൂഹത്തില്‍ ഉണ്ട് എന്ന് തോന്നാറുണ്ട്. ഇപ്പോള്‍ അത് നമ്മള്‍ പറഞ്ഞ വരികയാണെങ്കില്‍ എവിടെയും എത്താത്ത ഒരു ചര്‍ച്ചയായി മാറും. ഈ പറഞ്ഞ പോലെ റിമയ്ക്കും പാര്‍വതിക്കും മാത്രമല്ല മറ്റ് പല സംഭവങ്ങളുടെ പേരിലും ഇപ്പോള്‍ ശ്രീജിത്തിന്റെ വിഷയത്തില്‍ പോലും രണ്ട് പക്ഷം ഉണ്ടാവുകയും ചെയ്തിട്ടുണ്ട്.
എന്തൊക്കെ പറഞ്ഞാലും നമ്മള്‍ ഇപ്പോളും പല പല പേരുകളിലാണ് അറിയപ്പെടുന്നത്. പല മതങ്ങളുടെയും ജാതികളുടെയും സംഘടനകളുടെയും പാര്‍ട്ടികളുടെയും ഒക്കെ പേരില്‍. ഒരു ചേരിയില്‍ നില്‍ക്കുന്നവന്‍ പറയുന്നത് മറ്റേ ചേരിയില്‍ നില്‍ക്കുന്നവര്‍ക്ക് പിടിക്കാത്തതാണെല്ലോ അസഹിഷ്ണുത എന്ന് പറയുന്നത്. അപ്പോള്‍ എല്ലായിടത്തും ഉള്ളത് പോലെ സിനിമകളിലും ഇത്തരത്തില്‍ അസഹിഷ്ണുത ഉണ്ടെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. അതിനെ മറികടക്കണമെന്നും തോന്നാറുണ്ട്.
അഭിപ്രായസ്വാതന്ത്ര്യം നമ്മുടെ ഭരണഘടന നല്‍കുന്ന അവകാശമാണ്. ഒരാള്‍ അഭിപ്രായം പറയുമ്പോള്‍ അതിനെ അഭിപ്രായം കൊണ്ട് നേരിടാതെ ആഭാസത്തിലേക്കും തെറി വിളിയിലേക്കും മാറുകയാണ് ചെയ്യുന്നത്. ഇതാണ് പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നത്. യഥാര്‍ത്ഥത്തില്‍ സ്ത്രീകള്‍ക്ക് അഭിപ്രായം പറയാം, പുരുക്ഷന്‍മാര്‍ക്ക് അഭിപ്രായം പറയാം. അതിന് എതിര്‍ അഭിപ്രായം ഉണ്ടെങ്കില്‍ പറയാം. എന്നാല്‍ ഇത് അതിനപ്പുറത്തേക്ക് ആഭാസത്തിലേക്കും തെറി വിളിയിലേക്കും മാറുന്നതിനോട് ശക്തമായ വിയോജിപ്പ് തന്നെയാണ് ഉള്ളത്.
ഒരു അഭിപ്രായം പറയുമ്പോള്‍ അതിനെ വസ്തു നിഷ്ടമായി കാണാന്‍ കഴിയുക എന്നതാണ് ഇതിനൊരു പരിഹാര മാര്‍ഗം. പിന്നെ ഇതിനെ കുറിച്ച് അഭിപ്രായം പറഞ്ഞ് നമ്മള്‍ ചികഞ്ഞ് നോക്കുമ്പോള്‍ ഉള്ളി തോലുകളഞ്ഞ പോലെയാവും ഉള്ളില്‍ ഒന്നുമുണ്ടാകില്ല.