| Monday, 23rd September 2019, 7:27 pm

പാലാരിവട്ടം പുട്ടും മരട് നെയ്‌റോസ്റ്റും ഉണ്ടായതെങ്ങനെ; പരസ്യവാചകത്തിന് പിന്നിലെ 'തല' ഇവിടെയുണ്ട്

ജിതിന്‍ ടി പി

‘വേര്‍ എവര് യു ഗോയിംഗ് ഐ ആം ദേര്‍’ എന്ന പരസ്യവാചകം മലയാളികള്‍ മറക്കാനിടയില്ല. മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ 1989 ല്‍ സംവിധാനം ചെയ്ത വന്ദനം എന്ന സിനിമയിലെ ഹിറ്റ് ഡയലോഗാണിത് (പരസ്യവാചകമാണിത്). സമാനമായി രണ്ട് പരസ്യവാചകങ്ങളാണ് ഇന്ന് സോഷ്യല്‍ മീഡിയയില്‍ ഹിറ്റായത്.

തലശ്ശേരിയിലെ ലാ ഫെയര്‍ റെസ്റ്റോറന്റിനായി വിവിഇക്യു എന്ന പരസ്യകമ്പനി തയ്യാറാക്കി നല്‍കിയ ‘പാലാരിവട്ടം പുട്ടും മരട് നെയ്‌റോസ്റ്റു’മാണ് ഇക്കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയിലെ താരം. ‘തൊട്ടാല്‍ പൊളിയുന്ന കണ്‍സ്ട്രക്ഷന്‍’ എന്ന അടിക്കുറിപ്പോടെ വന്ന പാലാരിവട്ടം പുട്ടും ‘പൊളിക്കാനായി പണിഞ്ഞത്’ എന്ന അടിക്കുറിപ്പോടെ വന്ന മരട് നെയ്‌റോസ്റ്റും ശരവേഗത്തിലാണ് സോഷ്യല്‍ മീഡിയയില്‍ ഹിറ്റായത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

പാലാരിവട്ടം പുട്ടിന്റേയും മരട് നെയ്‌റോസ്റ്റിന്റേയും പിന്നിലെ ‘തല’ പത്തനംതിട്ട സ്വദേശി മനു ഗോപാലാണ്. പരസ്യവാചകങ്ങളിലൂടെയും സിനിമയിലൂടെയും ശ്രദ്ധേയനായ മനു ഗോപാല്‍ പാലാരിവട്ടം പുട്ടിന്റേയും മരട് നെയ്‌റോസ്റ്റിന്റേയും പിന്നിലെ കഥ ഡൂള്‍ന്യൂസിനോട് സംസാരിക്കുന്നു…

ഭക്ഷണത്തിന് പേര് നല്‍കാന്‍ പാലാരിവട്ടം, മരട് എന്നീ സംഭവങ്ങള്‍ മുന്‍നിര്‍ത്തുന്ന ആശയത്തിലേക്ക് എങ്ങനെയാണ് എത്തുന്നത്?

ഞാന്‍ പോയി ഭക്ഷണം കഴിച്ചിട്ടുള്ള ഹോട്ടലാണ് ലാഫെയര്‍ ഹോട്ടല്‍. നല്ല ഭക്ഷണമാണ്. ഞാന്‍ ജോലി ചെയ്യുന്ന വിവിഇക്യു (VVeQ)  എന്ന പരസ്യകമ്പനിയുടെ ക്ലൈയന്റ് കൂടിയാണ് അവര്‍. ജോലിയുടെ ഭാഗമായി തന്നെ നമുക്ക് ചിലപ്പോള്‍ ആഴ്ചയില്‍ മൂന്നോ നാലോ വര്‍ക്കുകള്‍ ഇതുപോലെ ചെയ്യേണ്ടിവരും.

അങ്ങനെയിരിക്കെ ഒരു ദിവസം പത്രത്തിലാണ് പാലാരിവട്ടം പാലവുമായി ബന്ധപ്പെട്ട വാര്‍ത്ത ശ്രദ്ധയില്‍പ്പെടുന്നത്. അതിന്റെ ഒരു ക്രൂഷ്യല്‍ ഡേ ആയിരുന്നു എന്ന് തോന്നുന്നു ആ സമയത്ത്. അങ്ങനെയാണ് അതുമായി കണക്ട് ചെയ്യാമെന്ന് വിചാരിച്ചത്. അതില്‍ നിന്ന് പൊളിക്കുക എന്ന വാക്കു കിട്ടി. അപ്പോള്‍ ഈ പൊളിക്കുന്ന ഫുഡ് എന്താണ് എന്നാലോചിച്ചു.

മലയാളികള്‍ സ്വഭാവികമായിട്ടും പൊളിച്ചുകളിക്കുന്ന ഫുഡ് പുട്ടാണ്. മറ്റൊന്നും പൊളിക്കില്ല. ഇഡ്ഢലിയൊക്കെയാണെങ്കില്‍ അടര്‍ത്തിയും മറ്റുമാണ് കഴിക്കുന്നത്. അങ്ങനെ അതുമായി കണക്ട് ചെയ്ത് പുട്ടിലെത്തി. പുട്ട് എന്ന് പറഞ്ഞാല്‍ സോഫ്റ്റായിരിക്കണമല്ലോ, അപ്പോള്‍ അത് വേഗം പൊളിയണം.

അത് രണ്ടുകൂടെ മിക്‌സ് ചെയ്തിട്ട് പത്ത് മിനിറ്റ് കൊണ്ടുണ്ടാക്കിയ ആശയമാണ്. മരട് നെയ് റോസ്റ്റും അങ്ങനെ ഉരുത്തിരിഞ്ഞ ആശയമാണ്.

മരട് നെയ്‌റോസ്റ്റ് പാലാരിവട്ടം പുട്ട് വൈറലായതിന് ശേഷമാണ് വന്നത്. മരടിലേക്കെത്തിയതും ഇങ്ങനെയായിരുന്നോ?

പാലാരിവട്ടം പ്രശ്‌നം നടക്കുന്ന സമയത്ത് തന്നെ മറുവശത്ത് മരട് ഫ്‌ളാറ്റ് പൊളിക്കലുമായി ബന്ധപ്പെട്ട വിഷയം ഉണ്ട്. അത് പിന്നെ പൊളിക്കുകയാണല്ലോ. കെട്ടിപ്പണിഞ്ഞതിന് ശേഷം പൊളിക്കുകയാണ്. അപ്പോഴാണ് നെയ്‌റോസ്റ്റിന്റെ ചിത്രവും വരുന്നത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

നെയ്‌റോസ്റ്റിന്റെ രൂപവും ഇത് പോലെ കെട്ടിപ്പൊക്കുന്നതാണല്ലോ. പിന്നെ പൊളിക്കുക എന്നുള്ളതിന് മലയാളത്തില്‍ അടിച്ചുപൊളിക്കുക എന്നൊരര്‍ത്ഥം കൂടിയുണ്ടല്ലോ. ആ ഒരു പൊളിയുടെ മീനിംഗാണ് നമ്മള്‍ ഇന്‍വര്‍ട്ടര്‍ കോമയിലൂടെ ഉദ്ദേശിച്ചത്.

എത്ര വര്‍ഷമായി ഈ മേഖലയില്‍ ജോലി ചെയ്യുന്നു?

കുറച്ചധികം കാലമായി ഈ ജോലിയില്‍ ഉണ്ട്. ആദ്യം റേഡിയോ മിര്‍ച്ചിയില്‍ ഒരു വര്‍ഷം കോപ്പി റൈറ്ററായിരുന്നു. പിന്നെ റേഡിയോ മാംഗോയില്‍ പ്രോഗ്രാം പ്രൊഡ്യൂസറായി എട്ട് വര്‍ഷത്തോളമുണ്ടായിരുന്നു. പിന്നെയാണ് സിനിമയിലേക്ക് വരുന്നത്. പത്ത്-പതിനഞ്ച് വര്‍ഷത്തെ മീഡിയ എക്‌സ്പീരിയന്‍സ് ഉണ്ട്.

റേഡിയോ എഫ്.എമ്മിലെ പ്രവൃത്തി പരിചയം ഈ ജോലിയില്‍ സഹായകരമായോ?

തീര്‍ച്ചയായും. റേഡിയോ എക്‌സ്പീരിയന്‍സില്‍ നിന്നാണ് ഫണ്‍ മൂഡ് വരുന്നത്. എഫ്.എം റേഡിയോ എന്ന് പറഞ്ഞാല്‍ ഒരു ഫണ്‍ ആണല്ലോ. അതില്‍ നിന്നാണ് ഈയൊരു മേഖലയിലേക്ക് ഞാന്‍ വീണത്. എന്റെ ഒരു ടേസ്റ്റ് ഇതാണെന്ന് ആ ലൈഫില്‍ നിന്നാണ് മനസിലാക്കിയത്. സീരിയസ് കാര്യത്തെ നോണ്‍ സീരിയസിലേക്ക് അപ്രോച്ച് ചെയ്യുന്ന ഒരു സുഖം.

ഇതിന് മുന്‍പും പരസ്യവാചകങ്ങള്‍ ഹിറ്റായിട്ടുണ്ട്?

ഞാന്‍ റേഡിയോ മിര്‍ച്ചിയില്‍ ഉള്ള സമയം തിരുവനന്തപുരത്ത് മഹീന്ദ്രയുടെ ആപ്‌കോ എന്നൊരു ഓട്ടോറിക്ഷയ്ക്കായി പരസ്യവാചകം ചെയ്തിരുന്നു. അവരുടെ ഒരു ഏജന്‍സിയ്ക്ക് വേണ്ടി പെട്ടെന്ന് വേണമെന്ന് പറഞ്ഞപ്പോള്‍ ഞാന്‍ ഒരു ഓട്ടന്‍തുള്ളല്‍ പാട്ടിന്റെ ട്യൂണില്‍ ഒരു വാചകമെഴുതി.

‘പിക്കപ്പിന്നിവനൊപ്പം നില്‍ക്കാന്‍ പക്കാ മറ്റൊരു വാഹനമില്ല’ എന്ന രണ്ട് വരിയായിരുന്നു. ഇത് നമ്മള്‍ മിക്‌സ് ചെയ്തിട്ട് ഓട്ടന്‍തുള്ളലിന് സമാനമാക്കി കൊടുത്തു. എന്റെ മനസില്‍ തങ്ങി നില്‍ക്കുന്ന ഒരു വര്‍ക്ക് അതാണ്. പത്ത് വര്‍ഷം മുന്‍പാണ് അത്.

തിരുവനന്തപുരത്ത് അത് ഭയങ്കര ഹിറ്റായിരുന്നു. പിന്നെയും ഒരുപാട് പ്രൊഡക്ട്‌സിന് വേണ്ടി ചെയ്തിട്ടുണ്ട്.

സിനിമയിലും കൈ നോക്കിയിട്ടുണ്ട്?

അതെ. പൃഥ്വിരാജിന്റെ എസ്ര എന്ന സിനിമയില്‍ സംഭാഷണം ചെയ്തിരുന്നു. ഒക്ടോബര്‍ 25 ന് പുറത്തിറങ്ങുന്ന മുന്തിരി മൊഞ്ചന്‍ എന്ന സിനിമയുടെ തിരക്കഥയും ഞാനാണ്.

റേഡിയോ, സിനിമ അതിനിടയില്‍ പരസ്യവാചകവും. ഏത് ജോലിയോടോണ് കൂടുതല്‍ ഇഷ്ടം?

വലിയ ആക്‌സപറ്റന്‍സാണ് ഈ ജോലി നല്‍കുന്നത്. നമ്മള്‍ പറയുന്ന ഒരു ചെറിയ വാചകം വലിയൊരു ഓഡിയന്‍സിന്റെ മനസിലേക്ക് എത്തിക്കുക എന്ന് പറയുന്നത് വളരെ പെയ്ഡ് ജോബാണ്. രണ്ട് മണിക്കൂറുള്ള സിനിമ രണ്ട് മിനിറ്റിലാക്കുക എന്നൊക്കെ പറയുന്നത് പോലെ.

പണ്ടൊക്കെ വെറുതെ പുകഴ്ത്തലാണ്. ഇപ്പോള്‍ അങ്ങനെയല്ല. സത്യസന്ധമായിട്ട് പ്രൊഡക്ടിനെക്കുറിച്ച് പറയുകയാണ്. സത്യസന്ധമായിട്ട് പറയാനാണ് ബുദ്ധിമുട്ട്. സിനിമയില്‍ സജീവമാകുന്നുണ്ടെങ്കില്‍ പോലും ഈ മേഖല എനിക്ക് ഇഷ്ടമാണ്. ചാലഞ്ചിംഗായിട്ടുള്ള വര്‍ക്കാണ്. അതിന്റെ റിസല്‍റ്റ് നമുക്ക് കാണാന്‍ പറ്റും.

കുടുംബം?

പത്തനംതിട്ട കോന്നിയാണ് സ്വദേശം. അച്ഛന്‍, അമ്മ, ഭാര്യ രണ്ട് പെണ്‍മക്കള്‍. ഇതാണ് കുടുംബം.

WATCH THIS VIDEO:

ജിതിന്‍ ടി പി

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദം, ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമ. 2017 മുതല്‍ ഡൂള്‍ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു.

Latest Stories

We use cookies to give you the best possible experience. Learn more