പെണ്ണുടലിന്റെ നഗ്‌നതയെ ലൈംഗികതയെന്നു കണ്ടുശീലിച്ച സമൂഹത്തിനു മുന്നിലേക്ക് സ്വന്തം ശരീരത്തിന്റെ സ്വകാര്യതയെ നീക്കിനിര്‍ത്തി അരങ്ങുണര്‍ത്തിയവള്‍ മല്ലിക. സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ക്കെതിരെ, നീതിനിഷേധത്തിനെതിരെ, ലൈംഗികാതിക്രമങ്ങളില്‍ ഇരയ്ക്കു മേല്‍ കുറ്റമാരോപിക്കുന്ന കാട്ടുനീതിക്കെതിരെ തന്റെ ശരീരത്തെത്തന്നെ ആയുധമാക്കുകയാണ് മല്ലിക തനേജയെന്ന തീയേറ്റര്‍ ആര്‍ട്ടിസ്റ്റ്.
സാമൂഹികപ്രസക്തിയുള്ള നിരവധി നാടകങ്ങള്‍ മല്ലിക അരങ്ങിലെത്തിച്ചിട്ടുണ്ടെങ്കിലും ”ഥോടാ ധ്യാന്‍ സേ” (അല്പം ശ്രദ്ധിക്കൂ) എന്ന ഏകാംഗനാടകത്തില്‍ അവര്‍ നടത്തിയ പരീക്ഷണമാണ് ഏറെ മാധ്യമശ്രദ്ധ നേടിയത്. സമൂഹത്തിന്റെ കാപട്യത്തെ സ്വശരീരത്തിന്റെ നഗ്‌നത കൊണ്ട് അപഹസിക്കാനാണ് ഈ കലാകാരി ശ്രമിച്ചത്.
നാടകത്തിന്റെ ആദ്യമിനിറ്റുകളില്‍, സ്റ്റേജിലെ മങ്ങിയ വെളിച്ചത്തില്‍ കാണികളോട് സംവദിക്കുന്നത് നിശ്ചലമായി നില്‍ക്കുന്ന മല്ലികയുടെ നഗ്‌നശരീരമാണ്, ഓരോ കാണിയിലേക്കും ചുഴിഞ്ഞെത്തുന്ന അവരുടെ നോട്ടമാണ്, നിസംഗതയില്‍ നിന്ന് നിസ്സഹായതയിലേക്കും പിന്നെ നിരാശയിലേക്കും ആഴ്ന്നുപോകുന്ന ആ നോട്ടത്തിനിടയിലെ സമയങ്ങളില്‍ സ്തബ്ധരായിരിക്കുന്നവരിലേക്കാണ് മല്ലികയുടെ നാടകം ഇതള്‍വിരിയുന്നത്.
തണുപ്പ് വിട്ടുമാറിയിട്ടില്ലാത്ത ഫെബ്രുവരിയിലെ ഒരു മധ്യാഹ്നത്തില്‍ ഡല്‍ഹിയിലെ ജാമിയ മിലിയ യൂണിവേഴ്‌സിറ്റിയിലെ കൊച്ചുറൂമിലിരുന്ന് ആ നാടകം കണ്ട ഞങ്ങളുടെ 150ഓളം വരുന്ന വനിതാ മാധ്യമസംഘത്തിന് മല്ലികയുടെ നില്പും കണ്ണുകളിലെ നിസംഗതയും വലിയ ഞെട്ടലാണുണ്ടാക്കിയത്. നാടകാന്ത്യമായപ്പോഴേക്കും പലരും കരഞ്ഞു തുടങ്ങി.
തനിക്ക് ഇപ്പോള്‍ തന്റെ ശരീരത്തോട് ബഹുമാനം തോന്നുന്നുവെന്നാണ് ചെറുപ്പത്തില്‍ ലൈംഗികപീഡനത്തിനിരയാക്കപ്പെട്ട ഒരു പെണ്‍കുട്ടി അന്നത്തെ മുഖാമുഖത്തിനിടയില്‍ പറഞ്ഞത്. പലരും തങ്ങള്‍ പെണ്മക്കളെ അസ്വതന്ത്രരായി വളര്‍ത്തുന്നതിലെ അസ്വഭാവികതയും അര്‍ഥശൂന്യതയും തിരിച്ചറിഞ്ഞു ഞെട്ടി. മല്ലിക ‘ഈ ലോകം വളരെ മോശമാണ്. നിങ്ങള്‍ അല്പം ശ്രദ്ധിക്കൂ’ എന്ന് ഉരുവിട്ടു തുടങ്ങിയപ്പോഴാണ് സ്റ്റേജില്‍ അത്രയും നേരം തങ്ങള്‍ കണ്ടുകൊണ്ടിരുന്ന നഗ്‌നതയെ യാഥാര്‍ഥ്യമെന്നു ചിന്തിക്കാന്‍ കാഴ്ചക്കാരിലേറെപ്പേരും തയ്യാറായതുതന്നെ.
നിങ്ങളുടെ ഇതരനാടകങ്ങളില്‍ നിന്നു വിഭിന്നമായി, സദസ്സിനു മുന്നിലെ മങ്ങിയ വെളിച്ചത്തിലേക്ക്, പകുതിയില്‍ നിന്നുപോയ സദസ്സിന്റെ ശ്വാസഗതിയിലേക്ക്, പത്തുമിനിറ്റോളം നീളുന്ന സൂക്ഷ്മമൌനത്തിലേക്ക്, സ്വന്തം ശരീരത്തെ മറയില്ലാതെ കൊണ്ടുനിര്‍ത്തുക വഴി സദസ്യരോട് എന്താണ് സംവദിക്കാനാഗ്രഹിക്കുന്നത്? അതില്‍ എത്രത്തോളം വിജയിച്ചു?
കാലങ്ങളായി സ്ത്രീകള്‍ കേട്ടുകൊണ്ടേയിരിക്കുന്നതെന്താണ്? ‘അല്പം ശ്രദ്ധിക്കൂ, ശരീരം മറച്ചു വസ്ത്രമണിയൂ, തനിയെ പുറത്തിറങ്ങാതിരിക്കൂ, സ്വതന്ത്രരായി സഞ്ചരിക്കാതിരിക്കൂ….’എന്നിട്ടോ? ഇതെല്ലാം അനുസരിച്ചു നടക്കുന്ന സ്ത്രീകള്‍ സുരക്ഷിതരാണോ? അവര്‍ ആക്രമിക്കപ്പെടുന്നില്ലേ? അവര്‍ക്കു നീതി ലഭിക്കുന്നുണ്ടോ? ഈയൊരു പൊള്ളത്തരത്തെ പൊളിച്ചുകാണിക്കാനുള്ള എന്റെ ശ്രമമാണിത്.
ഒരു ആര്‍ട്ടിസ്റ്റിന് സ്വന്തം ശരീരം തന്റെ പൂര്‍ണ്ണ നിയന്ത്രണത്തിലുള്ള മാധ്യമമാണ്. ഞാന്‍ സദസ്സിനോട് പറയാന്‍ ശ്രമിക്കുന്നത് ഇതാണ്-‘അപ്പോള്‍ പ്രശ്‌നം സ്ത്രീശരീരത്തിന്റേതല്ല, നിങ്ങളുടെ കാഴ്ച്ചപ്പാടിന്റേതാണ്.’ ഒരിടത്തിരിക്കാതെ, ഒന്നും പറയാതെ, പ്രത്യേകിച്ചൊന്നും ചെയ്യാതെയുള്ള ആ നില്പ് എനിക്ക് അത്ര എളുപ്പമൊന്നുമല്ല. മൌനത്തിനു ശേഷം ഞാന്‍ പതിയെ സംസാരിച്ചു തുടങ്ങുന്നതോടെയാണ് സദസ്സ് ആ കാഴ്ച്ചയുടെ ഞെട്ടലില്‍ നിന്നു പുറത്തെത്തുന്നത്. ഈ പരീക്ഷണത്തില്‍ ഞാന്‍ എത്ര വിജയിച്ചു എന്നു ചോദിച്ചാല്‍, സദസ്യര്‍ പെട്ടെന്നുതന്നെ ഞാന്‍ സംവദിക്കാനുദ്ദേശിച്ച വിഷയത്തെ ഉള്‍ക്കൊള്ളാറുണ്ട് എന്നേ മറുപടിയുള്ളൂ.
ഞാന്‍ പറയുന്ന വിഷയത്തിന്റെ സാര്‍വലൌകികതയും ഈ സംവേദനം എളുപ്പമാവാന്‍ പ്രധാനകാരണം തന്നെയാണ്. ലോകത്ത് ഏത് ദേശവും സ്ത്രീകളോടുള്ള കാഴ്ചപ്പാടിന്റെ കാര്യത്തില്‍ ഏറെക്കുറെ ഒരേ ചിന്താഗതിക്കാരാണ്. കാഴ്ചക്കാരായ സ്ത്രീകള്‍ പൊതുവെ വൈകാരികമായി പ്രതികരിക്കുമ്പോള്‍ പുരുഷന്മാര്‍ തങ്ങളുടെ കാഴ്ചപ്പാടില്‍ മാറ്റം വന്നുവെന്നും സ്ത്രീത്വത്തെ ബഹുമാനിക്കാന്‍ പഠിച്ചുവെന്നുമാണ് പ്രതികരിക്കാറുള്ളത്.
നഗ്‌നതയ്ക്കപ്പുറം സദസ്യരിലേക്ക് വിഷയത്തെ കാര്യക്ഷമമായി എത്തിക്കാന്‍ നാടകത്തില്‍ എന്തൊക്കെ ടെക്‌നിക്കുകളാണ് ഉപയോഗിക്കുന്നത്?
സ്തബ്ധരായിരിക്കുന്ന കാഴ്ചക്കാരിലേക്ക് കാര്യങ്ങളെത്തിക്കുക കുറച്ചുകൂടി എളുപ്പമാണ്. സ്റ്റേജില്‍ കൂമ്പാരങ്ങളായി ഇട്ടിരിക്കുന്ന വസ്ത്രങ്ങള്‍ തുടര്‍ച്ചയായി അണിഞ്ഞുകൊണ്ട് ഞാനവരോട് വേഗത്തില്‍ സംസാരിച്ചുകൊണ്ടേയിരിക്കും. വാരിവലിച്ചണിയുന്ന വസ്ത്രങ്ങളുടെ ചേര്‍ച്ചക്കുറവും സംസാരത്തിന്റെ വിഭ്രമാത്മകമായ വേഗതയും എന്റെ ഉപകരണങ്ങളാണ്. ‘അല്പം ശ്രദ്ധിക്കൂ’ എന്ന് ഇടക്കിടെ ആവര്‍ത്തിച്ച് ഞാനാ വാക്കിന്റെ അര്‍ത്ഥശൂന്യത അവരിലേക്കെത്തിക്കാന്‍ ശ്രമിക്കുന്നു.
വസ്ത്രങ്ങളോരോന്നും ന്യായമല്ലാത്ത ഉത്തരവാദിത്തങ്ങളായി സ്ത്രീകളെ ശ്വാസംമുട്ടിക്കുന്നതെങ്ങനെയെന്ന് അവരറിയുന്നു. ഉത്തരവാദിത്ത(റെസ്‌പോണ്‍സിബിലിറ്റി)ത്തെ പ്രതികരിക്കാനുള്ള കഴിവായി(എബിലിറ്റി ടു റെസ്‌പോണ്ട്) അവരെക്കൊണ്ട് തിരുത്തിവായിപ്പിക്കാനാണ് ഞാനീ നാടകത്തില്‍ ശ്രമിക്കുന്നത്. വസ്ത്രങ്ങള്‍ക്കുപുറമെ ഒരു ഹെല്‍മറ്റ് കൂടി ധരിച്ചു നിസംഗയായി നില്‍ക്കുന്ന സ്ത്രീയില്‍ എന്റെ നാടകം അവസാനിക്കുന്നു.
ഒരു സ്ത്രീ വര്‍ത്തമാനകാലസമൂഹത്തില്‍ എത്രത്തോളം അരക്ഷിതയാണ്, എന്തു മാത്രം അവഗണനയാണ് അവളുടെ സ്വത്വത്തോട് സമൂഹം കാണിക്കുന്നത് എന്നൊക്കെയാണ് ഞാന്‍ വിശദീകരിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. നഗ്‌നത കുറേക്കൂടി പരിചിതമായ പാശ്ചാത്യസമൂഹത്തിനു പോലും തന്റെ നഗ്‌നശരീരത്തിലേക്കു തറച്ചുനോക്കിനില്‍ക്കുന്നവരിലേക്ക് ആ സ്ത്രീയുടെ നോട്ടം തിരിച്ചെത്തുന്നത് പരിഭ്രമമാണുണ്ടാക്കുന്നത്. എന്റെ നിശബ്ദമായ നോട്ടം അവരെ അസ്വസ്ഥരാക്കുന്നു.
തിയേറ്റര്‍ ആര്‍ട്ടിസ്റ്റാവുന്നതെങ്ങനെയാണ്?
അച്ഛന്‍ ബന്‍വാരി തനേജയും അമ്മ സരസ്വതി തനേജയും തിയേറ്റര്‍ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ പരിചയപ്പെട്ടു വിവാഹിതരായവരാണ്. അച്ഛനിപ്പോഴും നാടകത്തില്‍ സജീവമാണ്. ചെറുപ്പം മുതല്‍ നാടകങ്ങള്‍ കണ്ടുവളര്‍ന്നയാളാണു ഞാന്‍. അച്ഛന്റെ എഴുത്തും റിഹേഴ്‌സലുകളും എന്നെ സ്വാധീനിച്ചിട്ടുണ്ട്. കൂടാതെ, ഡല്‍ഹിയിലെ കിരോരിമാല്‍ കോളേജിലെ ബിരുദപഠനവും അവിടത്തെ തീയേറ്റര്‍ പ്രവര്‍ത്തനങ്ങളും പിന്നീട് ടാഡ്‌പോള്‍ റിപെര്‍ട്ടോറിയെന്ന നാടകസംഘവുമായുള്ള സമ്പര്‍ക്കവും എന്നിലെ തിയേറ്റര്‍ ആര്‍ട്ടിസ്റ്റിനെ വളര്‍ത്തി.
നിങ്ങളുടെ ഈ പരീക്ഷണത്തെ കുടുംബം എങ്ങനെ ഉള്‍ക്കൊള്ളുന്നു?
ഭാഗ്യവശാല്‍ അവരെന്നെ പിന്തുണച്ചു. അവരെ ബോദ്ധ്യപ്പെടുത്തല്‍ പ്രയാസം തന്നെയായിരുന്നു. വളരെ പതിയെ അവരതിലേക്കെത്തിയെന്നു വേണം പറയാന്‍. എന്നെ പിന്തുണക്കുന്നു എന്നതിനേക്കാള്‍ ഏറെ സന്ദേഹങ്ങളുണ്ടായിട്ടും അവരെന്നെ എതിര്‍ത്തില്ല എന്നുപറയുന്നതായിരിക്കും കൂടുതല്‍ ശരി. കാലങ്ങളായി ലോകം ശരിയെന്നു സ്ഥാപിച്ചുകൊണ്ടേയിരിക്കുന്ന ഒരു ചിന്തയെ പാടെ നിഷേധിക്കുന്ന മകളുടെ നിലപാടുകളില്‍, പ്രതികരണങ്ങളില്‍ അവര്‍ ഭയപ്പെടുമെന്നത് സ്വാഭാവികമാണല്ലോ. എന്നിട്ടും അവര്‍ കൂടെനില്‍ക്കുന്നു.
സൂറിച്ച് തിയേറ്റര്‍ പുരസ്‌കാരം നേടിയ ഈ നാടകം ഇന്ത്യയ്ക്കകത്തും വിദേശങ്ങളിലുമായി നിരന്തരം അവതരിപ്പിക്കപ്പെടുന്നുണ്ടല്ലോ. സദസ്സിന്റെ പ്രതികരണങ്ങളില്‍ ശ്രദ്ധേയമായ എന്തെങ്കിലും സാംസ്‌കാരികവ്യത്യാസങ്ങള്‍?
ഇന്ത്യയില്‍ ഈ അവതരണത്തിന് സദസ്സൊരുക്കുകയെന്നത് എപ്പോഴും ശ്രമകരമാണ്. വിദേശങ്ങളില്‍ മിക്കയിടത്തും അരങ്ങിലെ നഗ്‌നത അവര്‍ക്ക് അത്ര അപരിചിതമല്ല. എന്നാലും ലോകത്തെവിടെയായാലും സദസ്യരുടെ നോട്ടവും എന്റെ നോട്ടവും കൂട്ടിമുട്ടുന്ന ആ നിമിഷാര്‍ദ്ധം ഇപ്പോഴും ഒരു വെല്ലുവിളി തന്നെയാണ്. വളരെ പെട്ടെന്ന് അവരുടെ നോട്ടത്തിലെ അമ്പരപ്പും ആസക്തിയും അസ്വീകാര്യതയും ശാന്തമായൊരു തിരിച്ചറിവിലേക്ക്, സഹാനുഭൂതിയിലേക്ക് വന്നുചേരാറുണ്ട്. സത്യത്തില്‍ നമ്മുടെ എല്ലാവരുടേയും ശരീരം ചെറുത്തുനില്‍പ്പിനുള്ള ശക്തമായ ഒരു ഉപകരണം കൂടിയാണ്.. ഓരോ ശരീരവും ഒരര്‍ത്ഥത്തിലല്ലെങ്കില്‍ മറ്റൊരര്‍ത്ഥത്തില്‍ അത് ചെയ്യുന്നുമുണ്ട്.
കേരളത്തില്‍ ഈ നാടകം എപ്പോഴെങ്കിലും അവതരിപ്പിച്ചിട്ടുണ്ടോ? സദസ്സിന്റെ പ്രതികരണം എങ്ങനെയായിരുന്നു?
രണ്ടുതവണ കേരളത്തില്‍ ‘കുറച്ചുകൂടി ശ്രദ്ധിക്കൂ’ ഞാന്‍ അവതരിപ്പിച്ചിട്ടുണ്ട്. ഇന്റര്‍നാഷണല്‍ തിയേറ്റര്‍ ഫെസ്റ്റിവല്‍ ഓഫ് കേരളയാണ് മൂന്നു വര്‍ഷം മുന്‍പ് ത്രിശൂരില്‍ ഒരു അരങ്ങ് സംഘടിപ്പിച്ചത്. അന്ന് ഞാന്‍ രംഗത്തെത്തിയപ്പോള്‍ സദസ്സിലുണ്ടായിരുന്ന 300ഓളം വരുന്ന നാടകസ്‌നേഹികളുടെ കണ്ഠത്തില്‍ നിന്നുയര്‍ന്ന ‘അയ്യോ’വിളികള്‍ ഇന്നും ഓര്‍മ്മയിലുണ്ട്.
അതേവര്‍ഷം തന്നെ കൊച്ചിയിലെ ഒരു കോളേജില്‍ അമ്പതോളം വരുന്ന ഒരു സദസ്സിനു മുന്നിലും ഞാന്‍ നാടകവുമായി എത്തിയിരുന്നു. സാധാരണയായി വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ ഈ നാടകത്തിനു പ്രദര്‍ശനാനുമതി ലഭിക്കാറില്ല. അതിലെ നഗ്‌നതയെന്ന ഘടകം തന്നെയാണ് കാരണവും. അതുകൊണ്ടുതന്നെ ആ അനുഭവവും അവിസ്മരണീയമാണ്. തീര്‍ച്ചയായും പുതിയ തലമുറയുടെ ചിന്തകളില്‍ ഈ പരീക്ഷണം നല്ല മാറ്റങ്ങളുണ്ടാക്കുമെന്ന് ഞാന്‍ ഉറച്ചുവിശ്വസിക്കുന്നു.
പുതിയ നാടകങ്ങള്‍?
മാനസികാരോഗ്യവുമായി ബന്ധപ്പെട്ട ഒരു നാടകവും ലൈംഗികാതിക്രമവും അതിന്റെ നിയമങ്ങളുമായി ബന്ധപ്പെട്ട മറ്റൊന്നും പണിപ്പുരയിലാണ്.
നമുക്കറിയാം മല്ലികയുടെ ഈ പരീക്ഷണം കാഴ്ചക്കാരെ അസ്വസ്ഥരാക്കുന്നത് അതിലെ നഗ്‌നത കൊണ്ടു മാത്രമല്ല, അത് അവരിലോരോരുത്തരിലേക്ക്, അവരുടെ കാഴ്ചപ്പാടുകളിലേക്ക് തിരിച്ചുവെച്ചിരിക്കുന്ന തെളിമയാര്‍ന്ന ഒരു കണ്ണാടിയായതു കൊണ്ട്കൂടിയാണ്. ലോകം മുഴുവന്‍ ഈ 35കാരി ഡല്‍ഹി പെണ്‍കുട്ടിയുടെ ‘അല്പം ശ്രദ്ധിക്കൂ’ എന്ന ഏകാംഗനാടകം കണ്ട് വിശുദ്ധരായില്ലെങ്കിലും വലിയൊരു വിഭാഗമെങ്കിലും സ്ത്രീകളോടുള്ള അവരുടെ സമീപനത്തില്‍ മാറ്റം വരുത്തുമെന്ന് നമുക്കാശിക്കാം. അതുതന്നെയാണ് മല്ലികയുടെ പരീക്ഷണലക്ഷ്യവും.