| Wednesday, 26th September 2012, 3:57 pm

വാനമ്പാടിയുമായി അല്‍പ്പനേരം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഫേസ് ടു ഫേസ്/ലതാ മങ്കേഷ്‌കര്‍
മൊഴിമാറ്റം/നസീബ ഹംസ


പതിമൂന്നാമത്തെ വയസ്സിലാണ് ലതാ മങ്കേഷ്‌കര്‍ ആദ്യമായി സിനിമയില്‍ പാടുന്നത്. അതിന് ശേഷം നാല് തലുമുറ ആ മാസ്മരിക സംഗീതത്തില്‍ ലയിച്ച് ജീവിക്കുന്നു. ഇന്നും മനസ്സില്‍ നേര്‍ത്ത ചാറ്റല്‍ മഴയായ് പെയ്തിറങ്ങുന്ന ലതാജിയുടെ ശബ്ദം മനസ്സില്‍
സൂക്ഷിക്കുന്നവര്‍ക്കായി ലതാജിയുമായി അല്‍പ്പനേരം…[]

പതിമൂന്നാമത്തെ വയസ്സില്‍ ആദ്യമായി സിനിമയ്ക്ക് വേണ്ടി പാടി. പിന്നീട് നാല് പതിറ്റാണ്ടായി ശബ്ദമാധുരി ജനങ്ങള്‍ ആസ്വദിക്കുന്നു. കൗതുകത്തിന് ചോദിക്കട്ടെ, എത്ര വയസ്സായി?

(ചിരക്കുന്നു) 83! കാലം മാറിയെന്നതൊഴിച്ചാല്‍ എന്റെ ജീവിതത്തിന് വേറെ മാറ്റങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നാതാണ് വാസ്തവം.

കഴിഞ്ഞ എഴുപത് വര്‍ഷമായി താങ്കളുടെ കരിയര്‍ വളരെ ബാലന്‍സ്ഡ് ആയിരുന്നു. ഇതെങ്ങനെ സാധിച്ചു?

നിശ്ചയദാര്‍ഢ്യമല്ലാതെ മറ്റൊന്നുമല്ല. ഞാന്‍ ജനിച്ചത് ഒരു പരാജയമാകാന്‍ വേണ്ടിയല്ലെന്നാണ് വിശ്വസിക്കുന്നത്. നമ്മെ പൂര്‍ണമായും കരിയറിന് വേണ്ടി സമര്‍പ്പിച്ചാല്‍ തോല്‍വി നമുക്ക് മുമ്പില്‍ പരാജയപ്പെടും.

പുതിയ തലമുറയിലെ ഗായകര്‍ക്ക് താങ്കള്‍ എന്ത് ഉപദേശമാണ് നല്‍കുക?

അവര്‍ക്ക് എന്റെ ഉപദേശത്തിന്റെ ആവശ്യമുണ്ടോ… എനിക്കങ്ങനെ തോന്നുന്നില്ല. എന്നെക്കാളും വളരെയധികം സ്മാര്‍ടാണവര്‍.

അവരുടെ പ്രകടനത്തില്‍ താങ്കള്‍ സംതൃപ്തയാണോ?

തീര്‍ച്ചയായും. മികച്ച സംഗീത സംവിധായകരെ കിട്ടിയാല്‍ അവര്‍ മികച്ച പ്രകടനം നടത്തുമല്ലോ.

ഇപ്പോള്‍ ഗാനരംഗത്ത് അത്ര സജീവമല്ലല്ലോ?

സജീവമല്ല എന്നത് ശരിയാണ്. പക്ഷേ അവസാനിപ്പിച്ചിട്ടില്ല. പറ്റാവുന്നിടത്തോളം കാലം ഞാന്‍ പാടും. ഇന്നത്തെ സംഗീത സംവിധായകരുമായി എനിക്ക് വലിയ ബന്ധമില്ല എന്നത് ശരിയാണ്. അവര്‍ കരുതുന്നുണ്ടാവും ലതാ മങ്കേഷ്‌കറിന് പ്രായമായല്ലോ, ഇനി പാടുകയില്ലെന്ന്. എന്നാല്‍ എനിക്ക്  അങ്ങനെയൊരു ആശങ്കയില്ല.

അങ്ങനെയൊരു അനുഭവം ഏതെങ്കിലും സംഗീത സംവിധായകരില്‍ നിന്നും ഉണ്ടായിട്ടുണ്ടോ?

ഒരിക്കല്‍! മഥന്‍ മോഹന്‍ സംവിധാനം ചെയ്ത ചാച്ച സിന്ദാബാദ് എന്ന സിനിമയുടെ റെക്കോര്‍ഡിങ് സമയത്ത് ഇത്തരത്തില്‍ ഒരു അനുഭവം ഉണ്ടായിരുന്നു. അതില്‍ ഒരു ക്ലാസിക്കല്‍ മൂഡിലുള്ള പാട്ടുണ്ട്. ഞാനായിരുന്നു അത് പാടിയത്. എന്റെ പാട്ടില്‍ വലിയ മതിപ്പ്തോന്നാഞ്ഞിട്ടാവും സംവിധായകന്‍ മറ്റൊരാളെക്കൊണ്ട് പാടിക്കാന്‍ തീരുമാനിച്ചു. ഇത് ചിത്രത്തിന്റെ നിര്‍മാതാവായ ഓം പ്രകാശിനോട് പറഞ്ഞപ്പോള്‍ അദ്ദേഹം സംവിധായനോട് ഏറെ കയര്‍ത്തു. ഓം പ്രകാശ് എനിക്ക് സഹോദരനെ പോലെയാണ്.

ഇന്‍തികാമിലും നൈറ്റ് ഇന്‍ ലണ്ടനിലുമൊക്കെ നിങ്ങള്‍ കാബറെ ഗാനങ്ങള്‍ ആലപിച്ചിരുന്നല്ലോ?

ലക്ഷ്മി ലാല്‍-പ്യാരെലാല്‍ ആയിരുന്നു അതിന്റെ സംഗീതം. റെക്കോര്‍ഡിങ്ങിന് മുമ്പ് തന്നെ അവര്‍ എന്നോട് ഇത് ഏത് തരം പാട്ടാണെന്ന് പറഞ്ഞിരുന്നു. മോശമല്ലെന്ന് പൂര്‍ണബോധ്യമുള്ളത് കൊണ്ടാണ് ആ പാട്ടുകള്‍ ഞാന്‍ പാടിയത്. അതില്‍ മോശമായി എന്തെങ്കിലും ഉണ്ടെന്ന് ഇപ്പോഴും കരുതുന്നില്ല.

സഹോദരി ആശാ ബോസ്‌ലേക്ക് വേണ്ടി താങ്കള്‍ വഴി മാറിക്കൊടുത്തു എന്ന് പറഞ്ഞാല്‍?

ദയവ് ചെയ്ത് എന്നെ ഒരു രക്തസാക്ഷിയായി ചിത്രീകരിക്കരുത്. എനിക്ക് വെസ്‌റ്റേണ്‍ പാട്ടുകള്‍ വല്ലാതെ പാടാന്‍ കഴിയില്ല. പക്ഷേ, ആശയ്ക്ക് കഴിയും. ഇതെനിക്ക് എവിടെ വേണമെങ്കിലും പറയാന്‍ കഴിയും.

നിങ്ങളെ രണ്ട് പേരെയും താരതമ്യം ചെയ്താല്‍?

പലപ്പോഴും ഞാന്‍ അങ്ങനെ ചെയ്യാറുണ്ട്. ഞങ്ങള്‍ എന്നും ഒരുമിച്ചായിരുന്നു. അവള്‍ എന്റെ കൂടെയാണെങ്കില്‍ എല്ലാം ഞങ്ങള്‍ക്ക് ഒരുമിച്ച് ചെയ്യണം. രാവിലത്തെ ചായ മുതല്‍ എല്ലാം. അവള്‍ക്ക് എന്തെങ്കിലും പ്രോഗ്രാം ഉണ്ടെങ്കില്‍ എന്റെ അനുഗ്രഹം വാങ്ങിച്ചിട്ടേ പോകൂ. അവളുടെ പാട്ടുപുസ്തകത്തില്‍ എന്റെ ഫോട്ടോ വെച്ചത് കണ്ടിട്ടുണ്ട്. ചില തട്ടലുംമുട്ടലുമൊക്കെ എല്ലാ കുടുംബങ്ങളിലും ഉണ്ടാകുന്നതല്ലേ, അത്രയേ ഉള്ളൂ.

താങ്കളെ ആരാധനയോടെ മാത്രമേ ആളുകള്‍ കണ്ടിട്ടുള്ളൂ. ഒരു അമ്പലത്തില്‍ നില്‍ക്കുന്നത് പോലെയാണ് അവര്‍ നിങ്ങളുടെ മുന്നില്‍ നില്‍ക്കാറ്?

ആളുകളുടെ സ്‌നേഹവും ബഹുമാനവുമണ് എനിക്ക് ലഭിച്ച ഏറ്റവും വലിയ പുരസ്‌കാരം. ഞാന്‍ ഇപ്പോഴും ഒരു മികച്ച ഗായികയാണെന്ന് കരുതുന്നില്ല. വര്‍ഷങ്ങള്‍ നീണ്ട അനുഭവങ്ങളിലൂടെയുമാണ് ഞാന്‍ ഇത്രയെങ്കിലും ആയത്. എല്ലാം ദൈവത്തിന്റെ അനുഗ്രഹം. എന്നെക്കൊണ്ട് നിര്‍ബന്ധിച്ച് ഒന്നും ചെയ്യിക്കാന്‍ ആര്‍ക്കും കഴിയില്ല.

ഒരു ഉദാഹരണം പറയാമോ?

മുഹമ്മദ് റഫി സാറും ഞാനും തമ്മില്‍ റോയല്‍റ്റിയുമായി ബന്ധപ്പെട്ട് ചില പ്രശ്‌നങ്ങളുണ്ടായിരുന്നു. ഒരിക്കല്‍ ഒരു ചടങ്ങില്‍ വെച്ച് റഫി സര്‍ ഇങ്ങനെ പറഞ്ഞു. “ലതയോടൊപ്പം ഇനി ഞാന്‍ ജോലി ചെയ്യില്ല”. പ്രശസ്തരായ നിരവധി ഗായകരും സംവിധായകരുമുള്ള ചടങ്ങില്‍ വെച്ചായിരുന്നു ഇത്. അതിന് മറുപടിയായി ഞാന്‍ ഇങ്ങനെ പറഞ്ഞു.” എന്നോടൊപ്പം റഫി സാര്‍ പാടില്ലെന്ന് പറഞ്ഞത് തെറ്റാണ്. ഞാന്‍ ഇനി റഫി സാറിനൊപ്പം പാടില്ലെന്നാണ് പറയേണ്ടത്.” പിന്നീട് റഫി സാറിനൊപ്പം പാടാനുള്ള പാട്ട് ഞാന്‍ മറ്റൊരാളൊപ്പമാണ് പാടിയത്.

പിന്നീട് റഫിയുമായുള്ള പിണക്കങ്ങള്‍ അവസാനിപ്പിച്ചിരുന്നല്ലോ?

സംഗീത സംവിധായകന്‍ ജയ് കിഷന്‍ ആയിരുന്നു അതിന് മുന്‍കൈയ്യെടുത്തത്. റഫി സാറില്‍ നിന്നും ഒരു ക്ഷമാപണക്കത്ത് ഞാന്‍ ആവശ്യപ്പെട്ടു. അദ്ദേഹം അത് തരികയും ചെയ്തു. പക്ഷേ, പിന്നീട് എപ്പോള്‍ അദ്ദേഹത്തെ കണ്ടാലും പഴയ കാര്യം എനിക്ക് ഓര്‍മ വരും.

ആരുടെ കൂടെ പാടുന്നതാണ് കൂടുതല്‍ ഇഷ്ടം?

കിഷോര്‍ കുമാറിനൊപ്പം പാടിയതാണ് ഞാന്‍ കൂടുതല്‍ ആസ്വദിച്ചത്. വല്ലാത്തൊരു മാസ്മരിക ശബ്ദമാണ് അദ്ദേഹത്തിന്റേത്. ദേവ് ആനന്ദ് നായകനായ സിദ്ദിലാണ് ഞാനും കിഷോറും ആദ്യമായി ഡ്യുയറ്റ് പാടുന്നത്. ഞങ്ങള്‍ രണ്ട് പേരും സൈഗാളിന്റെ വലിയ ആരാധകരാണ്.

വിവാഹിതയാവത്തതില്‍ ഇപ്പോള്‍ നിരാശ തോന്നുന്നുണ്ടോ?

ഒരിക്കലുമില്ല, തനിച്ചുള്ള ജീവിതം ഞാന്‍ ആസ്വദിക്കുകയാണ്. ഒരാളുടെ ജനനവും മരണവും വിവാഹവുമൊക്കെ മുന്‍കൂട്ടി നിശ്ചയിക്കപ്പെട്ടതാണ്.

ലതാജിയുടെ ആരാധകരോട് എന്താണ് പറയാനുള്ളത്?

ലോക സംഗീതത്തില്‍ ഇന്ത്യന്‍ ക്ലാസിക്കല്‍ സംഗീതത്തിന്റെ പ്രാധാന്യം മനസ്സിലാക്കുക. ഇന്ന് വസ്ത്രങ്ങള്‍ക്കും ആഭരണങ്ങള്‍ക്കുമൊക്കെയായി ആളുകള്‍ ഒരുപാട് സമയം കളയുന്നുണ്ട്. അത് പോലെ നമ്മുടെ രാജ്യത്തെ കുറിച്ച് ചിന്തിക്കാനും സമയം കണ്ടെത്തുക. വിലക്കയറ്റം, ദാരിദ്ര്യം എന്നിവയിലൊക്കെ കഷ്ടപ്പെടുന്ന നിരവധി പേര്‍ നമ്മുടെ രാജ്യത്തുണ്ട്. ഇവര്‍ക്കൊക്കെ വേണ്ടി എന്തെങ്കിലും ചെയ്യാന്‍ നമുക്ക് കഴിയണം.

കടപ്പാട്: ടൈംസ് ഓഫ് ഇന്ത്യ

We use cookies to give you the best possible experience. Learn more