| Wednesday, 22nd September 2021, 2:23 pm

Interview: കേരളത്തില്‍ ഇനിയൊരു ഭൂസമരം ഉണ്ടാകില്ല; ളാഹ ഗോപാലന്‍

അമേഷ് ലാല്‍

ഒന്ന് രണ്ടു വര്‍ഷങ്ങള്‍ക്ക് മുന്‍പ് വരെ ജനകീയ സമരങ്ങളിലേക്ക് വന്നു നില്‍ക്കുന്ന ജയ് ഭീം എന്നെഴുതിയ ഒരു വെള്ള അംബാസിഡര്‍ കാറുണ്ടായിരുന്നു. അതില്‍ നിന്ന് സഹായികളുടെ അകമ്പടിയോടെ ഒരാള്‍ പുറത്തിറങ്ങുമായിരുന്നു. കേരളത്തിന് ദളിത് ഭൂമി പ്രശ്നത്തിന്റെയും ഭൂസമരത്തിന്റെയും പുതിയ പാഠങ്ങള്‍ പഠിപ്പിച്ച ളാഹ ഗോപാലന്‍. ആള്‍ക്കൂട്ടവും അനുയായി വൃന്ദവുമായി എത്തിയിരുന്ന ചെങ്ങറ ഭൂസമര നായകന്‍ ഇന്ന് ആരവങ്ങളൊഴിഞ്ഞ് സമരഭൂമിക്ക് പുറത്ത് പത്തനംതിട്ടയിലെ സ്വന്തം ഓഫീസിലുണ്ട്. ഒരു ജീവിതകാലം കേരളത്തിലെ ദളിതന്റെ ഭൂമിക്ക് മേലുള്ള അവകാശം പിടിച്ച് വാങ്ങാനും സമരമുന്നണി കെട്ടിപ്പടുക്കാനും ചെലവിട്ട ളാഹ ഇന്ന് ഭൂസമരങ്ങളുടെ ഭാവിയിലും സ്വന്തം ജനതയുടെ ഉന്നമനത്തിലും തരിമ്പും പ്രതീക്ഷ പുലര്‍ത്തുന്നില്ല. കേരളത്തില്‍ ഇനിയൊരു ഭൂസമരമുണ്ടാകില്ലെന്നും ഇനി അതിന് വേണ്ടി സംസാരിക്കുന്നതില്‍ അര്‍ത്ഥമില്ലെന്നും പറഞ്ഞ് ആദ്യം സംസാരിക്കാന്‍ വിസമ്മതിച്ചെങ്കിലും സ്വന്തം ജീവിതവും സമരവും അടയാളപ്പെടുത്തുകയാണ് ളാഹ ഗോപാലന്‍.

കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ളാഹ ഗോപാലന്‍ ചുറ്റുമൊരു ആള്‍ക്കൂട്ടവുമായാണ് എവിടെയും എത്തിയിരുന്നത്. ഇന്നിപ്പോ ഒറ്റയ്ക്ക് ഇവിടെ ഈ ആഫീസില്‍ കഴിയുകയാണ്?

പ്രധാനമായുള്ളത് നിരാശ തന്നെ. ഒരു പ്രയോജനവുമില്ലാത്തതിന് വേണ്ടി സംസാരിക്കുവാനും താല്‍പര്യമില്ല.

എന്താണ് ചെങ്ങറ സമരത്തില്‍ നിന്നും മാറി നില്‍ക്കുന്നത് ?

ഭൂമിക്ക് ആവശ്യമുള്ളവര്‍ ഇല്ല.എനിക്ക് നുണ പറയാനറിയില്ല. സത്യം മാത്രമേ പറയാന്‍ അറിയൂ. സത്യത്തിന് യാതൊരു പ്രയോജനവുമില്ല. അതുകൊണ്ടാണ് ഞാന്‍ അതില്‍ നിന്നും മാറി നില്‍ക്കുന്നത്. തന്നെയുമല്ല ഇതൊക്കെ എഴുതി എഴുതി എല്ലാവരും മടുത്തു. പറഞ്ഞു പറഞ്ഞ് ഞാനും മടുത്തു. ഇനി ഇതു കൊണ്ട് യാതൊരു പ്രയോജനവുമില്ല. ചത്ത പശുവിന്റെ ജാതകം വായിച്ചിട്ട് ഒരു കാര്യവുമില്ല. ഭൂസമരങ്ങളെ പറ്റി ഇനി പറഞ്ഞിട്ട് ഒരു കാര്യമില്ല. ഇനിയൊരു ഭൂസമരം ഈ ഭൂമിയില്‍ ഉണ്ടാവില്ല. ഭൂസമരങ്ങള്‍ എല്ലാം അടിച്ചു പൊളിച്ചു കളഞ്ഞു.

ഇപ്പോഴും പുതിയ സമരങ്ങളുണ്ടായി വരികയാണല്ലോ പല സ്ഥലങ്ങളിലായി?

അങ്ങനെ ഉണ്ടാകുന്നതു കാരണമാണ് ഇത് ഇല്ലാതാകുന്നത്.

തുടക്കം കുറിച്ച ആള്‍ എന്ന നിലയില്‍ എന്തെങ്കിലും പറയുവാന്‍ ഉണ്ടോ?

തുടക്കം കുറിച്ചു എന്ന് പറഞ്ഞാല്‍ അതിനു മുന്‍പ് ഇവിടെ ആര്‍ക്കും ഭൂസമരം ഇല്ലായിരുന്നല്ലോ. അരനൂറ്റാണ്ടിലേറെയായി എകെജിയുടെ ഭൂസമരം കഴിഞ്ഞതിനുശേഷം, അദ്ദേഹത്തിന്റെ ഭൂസമരം മറ്റൊരു മോഡല്‍ ആയിരുന്നു, മിച്ചഭൂമി കണ്ടെത്തുക എന്നും പറഞ്ഞ്, അത് വലിയ വഞ്ചനയായിരുന്നു എന്ന് ഞാന്‍ ജനങ്ങളുടെ മുമ്പില്‍ അവതരിപ്പിച്ചു കാണിച്ചു. ജനങ്ങള്‍ക്ക് അതു ബോധ്യപ്പെടുകയും ചെയ്തു. ഇപ്പോള്‍ അവര്‍ മറ്റൊരു മോഡലില്‍ ഇപ്പോള്‍ നടത്തിയ സമരത്തെ തകര്‍ത്തു. അത്രയേ ഉള്ളൂ കാര്യം.

എങ്ങനെ?

ഒരു സമരത്തെ എങ്ങനെയാ എതിര്‍ക്കുന്നത്…? ഓരോ സമരത്തിന്റെയും സ്വഭാവത്തിന്റെ അടിസ്ഥാനത്തില്‍ അതിനെ നശിപ്പിക്കുക എന്നുള്ളതാണല്ലോ, തോല്‍പ്പിക്കാന്‍ ആഗ്രഹിക്കുന്നവര്‍, എപ്പോഴും ഇവിടുത്തെ ഭൂമാഫിയകള്‍ ഈ സമരങ്ങളെ ഇഷ്ടപ്പെടുന്നില്ല. ചെങ്ങറയില്‍ ഒരു ഭൂസമരം തുടങ്ങിക്കഴിഞ്ഞപ്പോള്‍ പിന്നെ മുഴുവന്‍ ഭൂസമരക്കാര്‍ ആണ്. അഭിസാരികകളായ സ്ത്രീകള്‍വരെ ഭൂസമരം നടത്തുകയാണ്.

ഇങ്ങനെ ഞാന്‍ പറയുന്നത് നിങ്ങള്‍ക്ക് ഇഷ്ടപ്പെടുമൊ. ഞാന്‍ പറയുന്നത് സത്യമാണ്. അങ്ങനെയുള്ള സ്ത്രീകള്‍ വരെ ഭൂസമരത്തിന്റെ പേരും പറഞ്ഞു ഇറങ്ങിയിരിക്കുകയാണ്. ആ സമരവും ഒക്കെ എങ്ങനെയാണ് വിജയിക്കുന്നത്. സമരം എന്നു പറഞ്ഞാല്‍ അതിനൊരു സത്യസന്ധതയും ആത്മാര്‍ത്ഥതയുണ്ട്. ആത്മാര്‍ത്ഥതയോട് കൂടി ഒരു കാര്യം ചെയ്തെങ്കിലേ അത് വിജയിക്കുകയുള്ളു. ആ സമരത്തെ പൊളിക്കാന്‍ ഒരുപാട് സമരങ്ങള്‍ ഇങ്ങനെ വന്നു. ആ സമരങ്ങളെല്ലാം ഉണ്ടായിരിക്കുന്നത് ഈ ഭൂമാഫിയകള്‍ പണം കൊടുത്ത് ഒരുപാട് സമരക്കാരെ കൊണ്ടുവന്നതാണ്. ഒറ്റ സമരമായി നിന്നപ്പോള്‍ അതിനു ശക്തി ഉണ്ടായിരുന്നു. ആ സമരത്തെ പൊളിച്ചടുക്കി കയ്യില്‍ കൊടുത്തു. അതാണതിന്റെ സത്യം. അതുകൊണ്ടാണ് ഇപ്പോള്‍ ഞാന്‍ അതിനെക്കുറിച്ച് പറയുന്നില്ല എന്ന് പറഞ്ഞത്. ഇനി ഞാന്‍ ഒരു ഭൂസമരത്തിന് തയ്യാറുമല്ല. ഒന്നാമത് 2 അറ്റാക്ക് കഴിഞ്ഞു പ്രഷറും ഒക്കെയായി ഇരിക്കുകയാണ്. സംസാരിക്കുമ്പോള്‍ ശ്വാസംമുട്ടും. പഴയതുപോലെ പറയാന്‍ എനിക്ക് ഒരു താല്പര്യമില്ല. താത്പര്യമുള്ള വിഷയമാണെങ്കിലേ പറയാന്‍ നമുക്കൊരു ആത്മാര്‍ത്ഥത ഉണ്ടാകൂ, ആ ആത്മാര്‍ത്ഥത ഇപ്പോള്‍ ഇല്ല.

ളാഹ ഗോപാലന്റെ അനുഭവങ്ങള്‍ തുറന്ന് പറയുകയാണെങ്കില്‍ ഏതെങ്കിലും കാലത്ത് ഇനിയൊരു സമരം ഉണ്ടാകുകയാണ് എങ്കില്‍, ആത്മാര്‍ത്ഥമായി ആരെങ്കിലും ചെയ്യുന്നുണ്ടെങ്കില്‍ അവര്‍ക്ക് ഒരു വഴികാട്ടി ആയിക്കൂടെ…?

ഉണ്ടാവില്ല. ഉണ്ടാവില്ല. ഒരാളും ആത്മാര്‍ഥമായി ചെയ്യാന്‍ പോകുന്നില്ല. നിങ്ങള്‍ വിചാരിക്കും എന്നെ കൊണ്ടു മാത്രമേ ഇത് കഴിയൂ എന്നുള്ള ഒരു അഹംഭാവം ആണെന്ന്. കേരളത്തിന്റെ ചരിത്രം അറിയാവുന്നവര്‍ രാജ്യത്ത് ഇല്ല അല്ലെങ്കില്‍ ഭാരതത്തിന്റെ ചരിത്രം അറിയാവുന്നവര്‍. അവസാനത്തെ കണ്ണി എന്ന നിലയിലാണ് ഞാന്‍ ഇത് തുടങ്ങിയത്. അറിയാവുന്നവര്‍ ഉണ്ടായിരുന്നുവെങ്കില്‍ ഇതുപോലെ ഡൂപ്ലിക്കേറ്റ് സമരക്കാര്‍ വരില്ല. ഒരു സമരം തുടങ്ങി ജനങ്ങള്‍ ശ്രദ്ധിക്കാന്‍ തുടങ്ങി വിജയിക്കാന്‍ സാധ്യതയുണ്ട് എന്ന ലവലില്‍ വന്നപ്പോഴേക്കും പിന്നെ അതിനെ തോല്‍പ്പിക്കുവാന്‍ കഴിയുക എന്ന് പറഞ്ഞാല്‍. മറ്റു സമരങ്ങള്‍ ഉണ്ടാവുകയാണ് പിന്നെ

മറ്റ് ഭൂസമരങ്ങള്‍ ഉണ്ടായത് ഇതിനെ തോല്‍പ്പിക്കാന്‍ വേണ്ടിയാണ് എന്നാണോ?

ഒരു സമരം പോരേ…. ഒരേ ആശയത്തില്‍ ഒരു സമരം പോരേ… ഒരേ ആശയത്തില്‍ പലസമരം വരുക എന്നു പറഞ്ഞാല്‍ ആശയക്കുഴപ്പമുണ്ടാക്കുക എന്നുള്ളതാണ്. ഉദാഹരണത്തിന് അരിപ്പയില്‍ ഞാന്‍ ചെന്നപ്പോള്‍ അവിടെ ഒരു ബോര്‍ഡ് കണ്ടു.. ‘പത്തു സെന്റു ഭൂമി തന്നാല്‍’ ഞാന്‍ അഞ്ചേക്കര്‍ ഭൂമി ചോദിച്ചുകൊണ്ട് ചെങ്ങറ സമരം ശക്തിപ്പെട്ടു വന്നപ്പോഴാണ് പത്തു സെന്റ് ഭൂമി തന്നാല്‍ സമരം അവസാനിപ്പിക്കാം എന്നു പറഞ്ഞു ഒരു സമരക്കാരന്‍ രംഗത്തുവരുന്നത്. അപ്പോള്‍ പത്തുസെന്റ് ചോദിക്കുന്നതിന്റെ കൂടിയോ അഞ്ചേക്കര്‍ ചോദിക്കുന്നവരോട് കൂടെയൊ സര്‍ക്കാര്‍ നില്‍ക്കുക…? അപ്പോള്‍ ഈ സമരത്തെ പരാജയപ്പെടുത്താന്‍ അല്ലേ പത്തു സെന്റ് മതി എന്നു പറഞ്ഞ് രംഗത്തുവരുന്നത്.

മറ്റു സമരങ്ങളെല്ലാം ഇതിനെ തകര്‍ക്കാന്‍ വേണ്ടി ആയിരുന്നു എന്നാണോ?

അവര്‍ പട്ടയം വാങ്ങിപ്പോയവരാണ്. കണ്ണൂരുകാരന്‍ ഒരുത്തന് നേതാവാകാന്‍ വേണ്ടി. പട്ടയം വാങ്ങരുത് എന്നു ഞങ്ങള്‍ തീരുമാനമെടുത്തിരുന്നതാണ്. ഇവന്റെ സ്വഭാവം എനിക്ക് നേരത്തെ അറിയാമായിരുന്നു. ജാനുവിന്റെ സമരത്തിനൊപ്പമൊക്കെ ഉണ്ടായിരുന്നവനാണ്. വെടിവയ്പ്പ് ഒക്കെ വന്നപ്പോള്‍ അവിടുന്നു മുങ്ങി.

കബളിപ്പിക്കപ്പെട്ട് പോയീ എന്നല്ലേ അവര്‍ പറഞ്ഞത്, നിങ്ങള്‍ പരിശോധിച്ചു നോക്കൂ.. 2011 ഡിസംബര്‍ മൂന്നാം തീയതിയാണ് പട്ടയ മേള നടക്കുന്നത്. മുഖ്യമന്ത്രി ഉള്‍പ്പെടെ അഞ്ച് മന്ത്രിമാര്‍ വന്നിരുന്ന് പട്ടയമേള നടത്തുമ്പോള്‍ ഞങ്ങള്‍ പട്ടയം ബഹിഷ്‌കരിക്കാനാണ് തീരുമാനിച്ചിരുന്നത്. അന്ന് ഇയാള്‍ പട്ടയം വാങ്ങാനായി കുറെ ആള്‍ക്കാരെയും സംഘടിപ്പിച്ച് എനിക്കെതിരെ ഒരു വലിയ നിവേദനം ഒക്കെ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന അച്യുതാനന്ദന് ഏല്‍പ്പിച്ചിട്ട് പട്ടയം വാങ്ങിയ പാര്‍ട്ടിയാണ്.

എന്നിട്ട് പട്ടയം കിട്ടിയ അതാത് വില്ലേജുകളില്‍ പോയി താല്‍ക്കാലിക ഷെഡ് വയ്ക്കാന്‍ കിട്ടുന്ന മൂവായിരം രൂപയും വാങ്ങിയിരുന്നു. ഞങ്ങളുടെ തീരുമാനം ഉണ്ടായിരുന്നു പട്ടയം വാങ്ങിയവരെ തിരിച്ചു കയറ്റില്ല എന്ന്. അങ്ങനെ പലയിടത്തും അലഞ്ഞ് ഒടുവില്‍ അരിപ്പയില്‍ കമ്യൂണിസ്റ്റുകാര്‍ നടത്തിയ ഒരു സമരത്തില്‍ ചെന്നുകയറി അവര്‍ സമരം അവസാനിപ്പിച്ച് പോയപ്പോഴും ഇവര്‍ അവിടെ കൂടി. പിന്നീട് ഒരുപാട് പേര്‍ അവിടെ ചെന്നു കൂടിയിട്ടുണ്ട്. ഞാന്‍ കബളിപ്പിച്ചത് കൊണ്ട് പോയി എന്നാണല്ലോ പറയുന്നത്. ചെങ്ങറയില്‍ പട്ടയം കിട്ടാത്തവര്‍ വാങ്ങണ്ട എന്ന തീരുമാനത്തെ എതിര്‍ത്ത് പോയവരാണല്ലോ. ഒരു നേതൃത്വം എടുത്ത തീരുമാനത്തെ എതിര്‍ത്ത് പോയാല്‍ എന്റെ സ്ഥാനത്ത് ആരാണെങ്കിലും ഇതുതന്നെയല്ലേ ചെയ്യാന്‍ പറ്റൂ. അതിന് ഞാനാണോ കുറ്റക്കാരന്‍.

ചെങ്ങറ സമരം പൊളിച്ചത് അവരാണ്. ഇവിടെ നിന്നും കുറെ പേരെയും കൊണ്ടുപോയി അവിടെ വേറൊരു ഭൂസമരം, അരിപ്പ ഭൂസമരം, അവരുടെ ഡിമാന്റോ ചെങ്ങറയില്‍ നിന്നും പട്ടയം കിട്ടിയവരുടെ പ്രശ്നം പരിഹരിക്കപ്പെടണം. ചെങ്ങറയില്‍ പട്ടയം കിട്ടിയവര്‍ കൊഴിഞ്ഞു പോകാന്‍ ഞാന്‍ പറഞ്ഞൊ.. ഇവിടുത്തെ സമരസമിതി അങ്ങനെ ഒരു തീരുമാനമെടുത്തോ… സമരസമിതിയുമായി യാതൊരു ബന്ധവും ഇല്ലാത്ത ആളാണ് ശ്രീരാമന്‍ കൊയ്യോന്‍ അയാള്‍ പുറത്തു വന്നു വിളിച്ചപോള്‍ ഇറങ്ങിപ്പോയതല്ലേ.’വനം മന്ത്രി ആദിവാസിക്ക് ഒരേക്കര്‍ തരാമെന്നു പറഞ്ഞു, ഞങ്ങള്‍ക്ക് 5സെന്റ് തരാമെന്നു പറഞ്ഞു. അന്‍പത് സെന്റിന്റെ പട്ടയം കൊണ്ട് പോയവന്‍ അഞ്ച് സെന്റിന് പോയിക്കിടന്നിട്ട് എന്നെ ചീത്ത പറയുകയാണ്.

കൊയ്യോന്‍ ആദ്യം സമരസമിതിയില്‍ ഉണ്ടായിരുന്നില്ലേ?

ഇല്ല. സമരസമിതിയില്‍ കൊയ്യോന്‍ ഇല്ല. അവനെ ഞാന്‍ അതില്‍ അടുപ്പിച്ചിട്ടേയില്ല. കാഴ്ചക്കാരനായി വന്നിട്ടുണ്ട്. അവന് ഞാന്‍ ഒരു സ്ഥാനവും കൊടുത്തില്ല, അതാണ് പ്രശ്നവും. ഗീതാനന്ദന്റെ സമരം അടിച്ചു പൊളിച്ചു കളഞ്ഞ കൂട്ടത്തില്‍ ഇവനുണ്ട്. ആ ചരിത്രമറിയാവുന്ന ഞാന്‍ ഇവനൊരു സ്ഥാനവും കൊടുത്തിരുന്നില്ല. ഇവര്‍ കുറച്ചു പേരുവന്നു; കൊയ്യോന്‍, സണ്ണി കപിക്കാട്, കെ.കെ കൊച്ച് പിന്നൊരു എം.ഡി തോമസ് ഇവരെല്ലാം കളിപ്പീര് പരിപാടിയുമായി നടക്കുന്ന കാണാം. എല്ലായിടത്തും ചെന്നു തല കാണിച്ചു കിട്ടാവുന്നത് അടിച്ചു കൊണ്ട് പോകുന്ന പരിപാടിയാണ്.

ആദ്യത്തെ ചര്‍ച്ചയ്ക്ക് ഞങ്ങളെ മുഖ്യമന്ത്രി വിളിപ്പിച്ചു. നാളെ ചര്‍ച്ചയാണെങ്കില്‍ ഇന്ന് വൈകിട്ട് ഇവരെല്ലാം കൂടി വന്നിട്ട് പറയുകയാണ്. ഞങ്ങളെ കൂടി ചര്‍ച്ചയില്‍ ഉള്‍പ്പെടുത്തണം. ഞങ്ങള്‍ നാലും സാറും. സാര്‍ ഒരു ഒപ്പിട്ട് തന്നേച്ചാ മതി. ബാക്കി ഞങ്ങള്‍ ഫാക്സ് ചെയ്തോളാം. ഒരു സമരസമിതി തീരുമാനിച്ച ചര്‍ച്ചയില്‍ പങ്കെടുക്കാനുള്ളവരെ മാറ്റി ഇവരെ വെച്ചാല്‍ ആ സമരത്തില്‍ സ്പ്ലിറ്റ് ഉണ്ടാവാന്‍ വേറെ എന്തെങ്കിലും വേണോ? എനിക്കിവരെ കാര്യമായി അറിയില്ല. കൊയ്യോനെ മാത്രമേ അറിയൂ ഇവനിങ്ങനെ ഒരു പറ്റീരുകാരനാണെന്ന്. ഞാന്‍ ഇവരോട് സ്നേഹമായിട്ട് പറഞ്ഞ് എന്നെ നിങ്ങള്‍ക്ക് അറിയത്തില്ല, നിങ്ങളെ എനിക്കുമറിയത്തില്ല. ഞാനീ സമരം തുടങ്ങി, എനിക്കൊരു ലക്ഷ്യമുണ്ട്. ഇത് നിങ്ങള്‍ മനസിലാക്കിക്കൊള്ളണം എന്നില്ല. നിങ്ങള്‍ രാഷ്ട്രീയ പാര്‍ട്ടിയുടെ സമരം കണ്ടു വളര്‍ന്നവരാ, ഇത് രാഷ്ട്രീയ പാര്‍ട്ടിയുടെ സമരമല്ല.

ഈ സമരത്തില്‍ അവര് ചോദിക്കുന്ന ചോദ്യത്തിന് മറുപടി പറയാന്‍ എന്നെക്കൊണ്ടേ പറ്റൂ, നിങ്ങളെക്കൊണ്ട് പറ്റില്ല. അതുകൊണ്ട് ഈ സമരം തീരുന്നത് വരെ നിങ്ങളൊന്ന് ക്ഷമയോടെ നില്‍ക്ക്. ഈ സമരം പൊളിയുകയാണെങ്കില്‍ പൊളിയട്ടെ. വിജയിക്കുന്നെങ്കില്‍ വിജയിക്കട്ടെ. ഈ സമരം വിജയിച്ചാല്‍, നമുക്കിതിന് ശേഷം വലിയൊരു സംഘടനക്ക് രൂപം കൊടുത്ത് എല്ലാരേം ഉള്‍പ്പെടുത്തി നമുക്ക് മുന്നോട്ട് പോകാം. ഒരു സമരം വിജയിച്ച മാനദണ്ഡം ജനങ്ങളോട് പറഞ്ഞ് നമുക്ക് കൂടുതല്‍ ആളെ സംഘടിപ്പിക്കാം. അങ്ങനെ എല്ലാര്‍ക്കും ഒന്നിച്ച് നില്‍ക്കാം. ഇവിടെ ദളിതുകള്‍ക്ക് നൂറുകണക്കിന് സംഘടനയുണ്ട്. ഇതൊക്കെ മാറ്റി ഒരു സംഘടനയായി നില്‍ക്കാന്‍ കഴിയുന്ന രീതിയില്‍ നമുക്ക് മുന്നോട്ട് പോകാം. അതാണ് എന്റെ ലക്ഷ്യം. എന്നെ എന്തായാലും നിങ്ങള്‍ ഇതിന് മുന്‍പ് സമരരംഗത്തോ സംഘടനാ രംഗത്തോ ഒന്നും കണ്ടു കാണില്ല. കാരണം എനിക്ക് ജോലി ഉണ്ടായിരുന്നു. ഏപ്രില്‍ മാസത്തില്‍ ജോലി അവസാനിപ്പിച്ച് നാല് മാസത്തെ പ്രവര്‍ത്തനം കൊണ്ടാണ് ഞാന്‍ സമരം തുടങ്ങിയത്. ഇത് പറഞ്ഞത് അവര്‍ക്ക് ഇഷ്ടപ്പെട്ടില്ല. അവര്‍ ഇറങ്ങിപ്പോയി അന്ന് തൊട്ട് ചെങ്ങറയില്‍ സ്പ്ലിറ്റ് ഉണ്ടാക്കാനുള്ള പരിപാടിയാണ് അവര്‍ നോക്കിയത്. അതില്‍ പിന്നെ അവരെ ഇങ്ങോട്ട് അടുപ്പിച്ചിട്ടുമില്ല.

ഇപ്പോള്‍ ചെങ്ങറ സമരത്തിന്റെ അവസ്ഥയെന്താണ്?

ഇപ്പോള്‍ ഞാന്‍ ഇതങ്ങു നിര്‍ത്തി.

വ്യക്തിപരമായി മാറിയതാണോ അതോ മറ്റെന്തെങ്കിലും കാരണമുണ്ടോ?

എന്തായാലും അത് പറയാന്‍ എനിക്ക് ലജ്ജയാണ്. ഈ വിഭാഗത്തില്‍ ജനിച്ച് പോയല്ലോ എന്ന ലജ്ജ. അല്ലെങ്കില്‍ ചെങ്ങറ പോലെ ലോകം അംഗീകരിച്ച ഒരു സമരത്തില്‍ നിന്ന് ആരെങ്കിലും പിരിഞ്ഞ് പോയി പത്ത് പേരെയും കൊണ്ട് അവിടെ പോയി കിടക്കുമോ? ഹാരിസണ്‍ പോലൊരു കമ്പനിയുടെ എസ്റ്റേറ്റില്‍ ആയിരക്കണക്കിന് ആള്‍ക്കാരെയും കൊണ്ട് കയറി, പത്ത് വര്‍ഷത്തോളം സമരം ചെയ്ത് ഒരാള്‍ക്ക് പോലും ഒരു പോറല് പോലും ഏല്‍പ്പിക്കാതെ, ഒരു ഈര്‍ക്കില്‍ കൊണ്ട് പോലും ഒരാളെയും പരിക്കേല്‍പ്പിക്കാതെ, ഒരു ചോരപ്പുഴയൊഴുക്കാതെ, ഇങ്ങനെ നിരായുധരായി നടത്തിയ ഒരു സമരത്തില്‍ നിന്ന് സ്പ്ലിറ്റ് ഉണ്ടാക്കി പോകുന്നവന്‍ വര്‍ഗ്ഗസ്നേഹമുള്ളവനാണോ? ഇപ്പൊ ചെങ്ങറയില്‍ ഉള്ളവരും അത് പോലെ തന്നെ.

എന്റെ ജാതിയില്‍ പെട്ടവര്‍ക്ക് മണ്ണും വേണ്ട, ഒരു മണ്ണാങ്കട്ടയും വേണ്ട. അവര്‍ക്ക് വ്യഭിചാരവും മദ്യപാനവും ഒക്കെയാണ് പ്രധാനം. ഇതിനെതിരെ ഞാന്‍ പറഞ്ഞത് കൊണ്ട് എന്നെ കണ്ടുകൂടാതായി. ദളിതുകളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ട് വരണമെന്നാണ് അംബേദ്കര്‍ ആഗ്രഹിച്ചത്. അതിന് വേണ്ടി ഇപ്പോഴുള്ള ദളിതന്റെ അവസ്ഥ മാറണമെന്ന ലക്ഷ്യത്തോടെ ഞാന്‍ ഈ സമരം നടത്തി.

ഇവിടുത്തെ ദളിതന്റെ അവസ്ഥയെന്താണ്? അവനിവിടെ എവിടെയെങ്കിലും സ്ഥാനമുണ്ടോ? അവന്റെ വിഷയങ്ങള്‍ ഇവിടെ ചര്‍ച്ചയാകുന്നുണ്ടോ? തെരുവിലെ പട്ടി ചത്താല്‍ പോലും ഇവിടെ ചര്‍ച്ചയല്ലേ? പാമ്പിനെ പിടിച്ചാല്‍ ചര്‍ച്ചയാ, ദളിതന്‍ മുക്കിന് മുക്കിന് മരക്കൊമ്പേല്‍ ചത്ത് കിടക്കുവാ, ഏത് ചാനലുകാരാ അവന്റെ പ്രശ്നം ചര്‍ച്ചയ്ക്കെടുക്കുന്നെ? അപ്പൊ സമൂഹത്തില്‍ ഞങ്ങളോടുള്ള അവഗണന മാറ്റിയെടുക്കണമെന്നാണ് ഞാന്‍ ആഗ്രഹിച്ചത്. ഈ അവഗണന മാറ്റണമെങ്കില്‍ ആദ്യമായിട്ട് മദ്യപാനം, തെറ്റായ ജീവിതരീതി ഒക്കെ മാറണം. ഞാന്‍ ആദ്യം തൊട്ട് വെക്കുന്ന ഒരു ഡിമാന്റുണ്ട്, ഒരു ഭാര്യ, ഒരു ഭര്‍ത്താവ്, അവരുടെ മക്കള്‍. അവര്‍ പരസ്പരം സ്നേഹിക്കുക. നല്ല കുടുംബജീവിതം നയിക്കുക. ഇപ്പൊ ദളിത് കോളനികളില്‍ മദ്യപാനികളും, വ്യഭിചാരവും, തമ്മിലടിയും, പോലീസുകാര് പോലും തഴഞ്ഞ് കളഞ്ഞിരിക്കുന്ന ഒരു വര്‍ഗമായിട്ട് കിടക്കുന്ന അവസ്ഥയ്ക്ക് ഒരു മാറ്റം വരണം.

ചെങ്ങറയില്‍ നിന്നൊരു പുതിയ ദളിതന്‍ ഉണ്ടാവുക, ഇത് മറ്റുള്ളവര്‍ കണ്ട് ചെങ്ങറയിലെ പോലൊരു ജീവിതം നയിക്കണം. ശ്രമിച്ചിട്ട് നടക്കുകേല. ഇവരെല്ലാം കൂടി അങ്ങൊന്നിച്ചു. മദ്യപാനികളും അഭിസാരികകളും ഒക്കെ. മാതൃകാപരമായ കുടുംബ ജീവിതം, സമ്പൂര്‍ണ്ണ മദ്യനിരോധനം, ഓരോ കുടുംബത്തിനും അരയേക്കര്‍ ഭൂമി, അതില്‍ കൃഷി ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ വിറ്റഴിച്ച് നല്ല ജീവിതം നയിക്കുന്ന ദളിതര്‍. ഇങ്ങനെ ദളിതന് ഭൂമി കിട്ടിയാല്‍ അവര്‍ കൃഷി ചെയ്ത് മാതൃകാജീവിതം നയിക്കുമെന്ന് ചെങ്ങറ ചൂണ്ടിക്കാട്ടി കേരളത്തില്‍ ഭൂമിയില്ലാത്ത മറ്റുള്ളവര്‍ക്ക് കൂടി ഭൂമി വാങ്ങി കൊടുക്കുക എന്നതായിരുന്നു എന്റെ ലക്ഷ്യം. പക്ഷേ അവര്‍ക്കത് വേണ്ട.

എന്താണ് ഇപ്പൊ ഈ ഓഫീസില്‍ ഒറ്റയ്ക്ക് താമസിക്കുന്നത്?

ഇതെന്റെ ഓഫീസാണ്. ഞാന്‍ എന്റെ അധ്വാനം കൊണ്ട് നിര്‍മ്മിച്ചതാണിത്. ഇവിടെ കിടന്ന് മരിക്കണം അതാണ് എന്റെ ആഗ്രഹം. അതിന് ശേഷം ആര് വേണമെങ്കിലും എടുത്തോട്ടെ. ഇവിടെ കിടന്നേ ഞാന്‍ മരിക്കൂ. എനിക്കിത് വേണ്ട. പക്ഷേ ചെങ്ങറയിലുള്ളവര്‍ക്ക് അവകാശം ഉന്നയിക്കാന്‍ അധികാരമില്ല. ഈ ആഫീസ് ഈ സമരം കൊണ്ടുണ്ടാക്കിയതാണ്. പക്ഷെ നമ്മള്‍ സംഭാവന വാങ്ങുമ്പോള്‍ രസീത് കൊടുക്കുമല്ലോ, അത് നോക്കിയാല്‍ ചെങ്ങറയില്‍ ഇപ്പോഴുള്ള എത്ര പേര്‍ ഇതിന് പിരിവ് നല്‍കിയിട്ടുണ്ട്. ഒരു രൂപ പോലും നല്‍കിയിട്ടില്ല. പിന്നെ അവര്‍ക്ക് എന്ത് അവകാശമാണുള്ളത്? അവരോട് ആരാണ് സംസാരിക്കാന്‍ പോകുന്നത്. അതിലും ഭേദം ആത്മഹത്യയാണ്. ഞാന്‍ മടുത്തു.

ചെങ്ങറയ്ക്ക് ശേഷം മൂന്നര ലക്ഷം പേര്‍ക്കാണ് കേരളത്തില്‍ ഭൂമി ഇല്ലാത്തത്. അവര്‍ക്കൊക്കെ മൂന്ന് സെന്റ് മതി. ബുദ്ധിമുട്ടാന്‍ വയ്യ. ഈ സമരത്തെ അട്ടിമറിക്കാനാണ് അത് കൊണ്ട് വന്നത്. ചെങ്ങറയില്‍ സമരം ചെയ്തവര്‍ക്ക് 75 സെന്റ്, 50 സെന്റ്, 25 സെന്റ് വീതം കിട്ടി. അത് കഴിഞ്ഞപ്പോ ഉമ്മന്‍ ചാണ്ടി ഭൂരഹിതരില്ലാത്ത കേരളം കൊണ്ട് വന്നു. എന്തിനാ, ഭൂരഹിതരുണ്ടെങ്കിലല്ലേ ഗോപാലന്‍ സംഘടിപ്പിക്കൂ. മൂന്നര ലക്ഷം പേര് അപേക്ഷിച്ചു.

അടുക്കളയില്‍ ശവമടക്കുന്നത് അവസാനിപ്പിക്കണം എന്ന് പറഞ്ഞിട്ടാണ് നമ്മള്‍ ചെങ്ങറയില്‍ സമരം തുടങ്ങുന്നത്. വിവരമുണ്ടെങ്കില്‍ ഇങ്ങനെ ചെയ്യുവോ? ദളിതന്‍ അല്ലാത്തവന്‍ ലക്ഷം വീട്ടില്‍ താമസിക്കുവോ? ഈ ലക്ഷം വീട്ടില്‍ നിന്ന് മാറി അന്‍പത് സെന്റില്‍ താമസിക്കാന്‍ ഇടയുണ്ടായാല്‍ അവരെന്നെ പൂവിട്ട് തൊഴുവണോ വേണ്ടയോ? ലോകം മുഴുവന്‍ അംഗീകരിച്ച ഭൂപരിഷ്‌കരണ ബില്‍ തെറ്റാണെന്ന് കമ്മ്യൂണിസ്റ്റ് കാരെക്കൊണ്ട് അംഗീകരിപ്പിച്ച് അന്‍പത് സെന്റ് വാങ്ങിയെടുക്കാന്‍ കഴിഞ്ഞെങ്കില്‍ ഈ ദളിതനെല്ലാം കൂടി ഒന്നിച്ച് നിന്ന് ഇതില്‍ കൂടുതല്‍ വാങ്ങിച്ചെടുക്കാനാണോ നോക്കേണ്ടത്, അതോ ഇവിടുന്നിറങ്ങി ഓടുവാണോ വേണ്ടത്? എത്ര വിവരമുണ്ടായിട്ടാ അങ്ങനെ ചെയ്യുന്നത്?

ഇത് അവര് മാത്രമായിട്ടാണെന്ന് ഞാന്‍ കരുതുന്നില്ല, കക്ഷി രാഷ്ട്രീയക്കാര്‍ക്ക് ഈ അമ്പത് സെന്റ് വീതം കൊടുക്കാതിരിക്കാന്‍ വേണ്ടി അവര് കൂടി ചേര്‍ന്നാണ് ഇത് പൊളിച്ചത്. ഞാനായിരുന്നു അവര്‍ക്കൊരു തലവേദന. അവര്‍ മൂന്ന് ചര്‍ച്ച നടത്തി, മൂന്നിലും ഞാന്‍ ബഹിഷ്‌കരിച്ച് ഇറങ്ങി പോരുകയായിരുന്നു. കേരളത്തില്‍ ആദ്യമായിട്ടാണ് ഒരു ദളിതന്‍ മുഖ്യമന്ത്രിയുടെ മുഖത്ത് നോക്കി സംസാരിച്ചിട്ട് ഇറങ്ങി പോരുന്നത്. അത് അവര്‍ക്ക് സഹിക്കാന്‍ കഴിയില്ലല്ലോ. എന്നെ ഒറ്റപ്പെടുത്താന്‍ ഞങ്ങളുടെ ആളുകളെ തന്നെ ഉപയോഗപ്പെടുത്തി. അവര്‍ക്ക് അന്‍പത് കിട്ടിയിട്ടും ഒരേക്കര്‍ കിട്ടിയിട്ടും എന്നെക്കുറിച്ച് മറ്റുള്ളവര്‍ പറയുന്നതില്‍ അവര്‍ വീണു. മറ്റവര്‍ ഉപയോഗപ്പെടുത്തി. ഇവര്‍ക്ക് അങ്ങനെ നിന്ന് കൊടുക്കാവോ എന്നാണ് എന്റെ ചോദ്യം. അവരോട് നൂറു ശതമാനം പിണക്കം എനിക്കില്ല. ഈ കൊയ്യോന്‍ അടക്കം ഇതിനിറങ്ങിയിരിക്കുന്നവന്മാരാണ് ഈ പാവങ്ങളെ ഒറ്റു കൊടുത്തത്.

പണ്ട് പൊതുയോഗങ്ങളില്‍ ളാഹ ഗോപാലന്‍ പ്രസംഗിക്കുന്നത് ഓര്‍മ്മയുണ്ട്. രണ്ടു ശങ്കരന്മാരാണ് ദളിതനെ ഒറ്റു കൊടുത്തതെന്ന് ?

രണ്ടു ശങ്കരനും ഒരു ഗാന്ധിയും. ജാതി സൃഷ്ടിച്ചത് ഒന്നാം ശങ്കരനാണ്. മണ്ണില്‍ നിന്നും സമൂഹത്തില്‍ നിന്നും അവരെ അകറ്റിയത് ജാതി വ്യവസ്ഥയാണ്. അവര്‍ക്ക് വഴി നടക്കാന്‍ പറ്റില്ല. അമ്പലത്തില്‍ കേറാന്‍ പറ്റില്ല. അങ്ങനെ അസ്പൃശ്യരാക്കിയത് ശ്രീ ശങ്കരാചാര്യരുടെ ഹിന്ദുമത സൃഷ്ടിയും ഹിന്ദുമതത്തിലെ ജാതി വ്യവസ്ഥയുമാണ്. അംബേദ്കര്‍ വര്‍ണ്ണ വിവേചനത്തോട് പോരാടി. മനുസ്മൃതിയായിരുന്നു ഈ രാജ്യത്തെ ഭരണഘടനയായി ഉപയോഗിച്ച് കൊണ്ടിരുന്നത്. ആ മനുസ്മൃതി പരസ്യമായി കത്തിച്ചു അദ്ദേഹം. ഇന്ത്യന്‍ ഭരണഘടന ഇന്ത്യക്ക് സംഭാവന ചെയ്തു. ഒന്നാം ശങ്കരന്‍ കൊണ്ട് വന്ന വിവേചനത്തെ അവസാനിപ്പിച്ച് കൊണ്ട് ഇന്ത്യക്ക് അംബേദ്കര്‍ ഒരു ഭരണഘടന സംഭാവന ചെയ്തു. തുല്യനീതിയും സമത്വവും സാഹോദര്യവും നടപ്പിലാക്കുന്ന ഒരു ഭരണഘടന.

അതിന് ശേഷം വന്ന രണ്ടാം ശങ്കരന്‍ ഇ.എം.എസ് വന്നിട്ട് ഭൂപരിഷ്‌കരണ ബില്ലുണ്ടാക്കി. ദളിതന് മൂന്ന് സെന്റും അല്ലാത്തവന് പതിനഞ്ചേക്കറും. അങ്ങനെ വിവേചനപരമായ ഒന്നായിരുന്നു ഭൂപരിഷ്‌കരണ ബില്‍. ഒന്നാം ശങ്കരന്‍ കാണിച്ച വിവേചനം തന്നെ രണ്ടാം ശങ്കരനും ആവര്‍ത്തിച്ചു. ഇതിനെതിരെ അംബേദ്കറുടെ ആശയങ്ങളില്‍ ഊന്നി നിന്ന് കൊണ്ട് ഭൂപരിഷ്‌കരണ ബില്‍ തെറ്റാണെന്ന് അവരെക്കൊണ്ട് തന്നെ സമ്മതിപ്പിക്കുകയായിരുന്നു ഞാന്‍. അങ്ങനെയുള്ള എന്നെ ഇവര്‍ നാലണയ്ക്ക് വേണ്ടി തള്ളിപ്പറഞ്ഞു.

കെ.എസ്.ഇ.ബിയിലായിരുന്നല്ലോ ജോലി. ജോലിയില്‍ നിന്ന് വിട്ട് നാല് മാസത്തിനുള്ളില്‍ തന്നെ സമരം ആരംഭിച്ചെന്ന് പറഞ്ഞല്ലോ, അത്ര പെട്ടെന്ന് സംഘടിപ്പിക്കാന്‍ പറ്റുന്ന അവസ്ഥ ഉണ്ടായിരുന്നോ?

ഞാന്‍ നേരത്തെ തൊട്ടേ ആശയപരമായി ദളിതരോട് ഒരു കൂറ് കാണിക്കുന്നവനാണ്. ജാതി വിവേചനത്തിന്റെ വേദന അനുഭവിച്ചാണ് വളര്‍ന്നത്. ഞാന്‍ ജനിച്ചത് ആലപ്പുഴ ജില്ലയിലെ വെട്ടിയാറാണ്. ചുനക്കര ഹൈസ്‌കൂളിലാണ് പഠിച്ചത്. അവിടെയൊക്കെ ഈ തംബ്രാനും അടിയാനുമൊക്കെ ഉണ്ടായിരുന്നു. അച്ഛനും അമ്മയും ചെറുപ്പത്തിലേ മരിച്ചു. പതിമൂന്നാമത്തെ വയസിലാണ് അച്ഛനുമമ്മയും മരിച്ചത്. അതിന് ശേഷമാണ് ഞങ്ങള്‍ അവിടുന്ന് വിറ്റു പെറുക്കി ളാഹയില്‍ എത്തിയത്. അന്ന് ഒരുപാട് പട്ടിണി കിടന്നിട്ടുണ്ട്. ഈ അനുഭവങ്ങളില്‍ നിന്ന് ഞാന്‍ ഒരുപാട് പഠിച്ചു. അങ്ങനെ നില്‍ക്കുമ്പോഴാണ് ജോലി കിട്ടിയത്. അന്ന് തീരുമാനിച്ചു. ഇനിയൊരു പട്ടിണി ഉണ്ടാകാന്‍ പാടില്ല. സര്‍വ്വീസില്‍ ഇരിക്കുമ്പോള്‍ തന്നെ പാവപ്പെട്ട ദളിതനെ ഉപദ്രവിക്കുന്നിടത്ത് ഞാന്‍ ചാടി വീണിട്ടുണ്ട്, അങ്ങനെ ഒരുപാട് അടിയൊക്കെ കിട്ടിയിട്ടുണ്ട്. അങ്ങനെ ഒരുപാട് ആളുകളെ എനിക്ക് പരിചയമുണ്ട്. അത് പോലെ ഞാന്‍ ജോലി കിട്ടുന്നതിനൊക്കെ മുന്‍പ് കോഴഞ്ചേരി ആശുപത്രിയില്‍ രോഗികള്‍ക്ക് കൂട്ടിരിക്കാന്‍ പോകുമായിരുന്നു. അപ്പൊ അവരുടെ ബന്ധുക്കളോ, ആശുപത്രിയില്‍ എത്തുന്ന വേറെ ആരെങ്കിലുമോ ഭക്ഷണമൊക്കെ വാങ്ങി തരും. അങ്ങനെ ഞാന്‍ കുറേക്കാലം കഴിഞ്ഞിട്ടുണ്ട്. കാരണം കൂലിപ്പണിക്ക് ആരെങ്കിലും നിര്‍ത്താറായിട്ടില്ല. അങ്ങനെ ഒരുപാട് അലഞ്ഞ് ജീവിച്ചു.

ഈ സ്ഥിതി നമ്മുടെ കുട്ടികള്‍ക്ക് വരരുത് എന്ന് ഞാന്‍ അന്നേ തീരുമാനിച്ചിരുന്നു. ജോലിയില്‍ നിന്ന് പിരിഞ്ഞപ്പോള്‍ ഞാന്‍ എന്റെ കൂടെയുള്ള കുറച്ചാളുകളുമായി സമരത്തിനിറങ്ങുകയായിരുന്നു. ആദ്യം ഞങ്ങള്‍ പത്തനംതിട്ട കളക്ട്രേറ്റിന് മുന്നില്‍ ഒരു രാപ്പകല്‍ സമരം ആരംഭിച്ചു. 22 ആവശ്യങ്ങള്‍ ഉന്നയിച്ചുള്ള ആ സമരം 150 ദിവസം നീണ്ടു നിന്നു. ആ 150 ദിവസം കൊണ്ട് ആയിരക്കണക്കിന് ആളുകളെ എനിക്ക് സംഘടിപ്പിക്കാന്‍ കഴിഞ്ഞു. അതിന് ശേഷമാണ് ഞങ്ങള്‍ തോട്ടങ്ങളിലേക്ക് കയറാന്‍ തുടങ്ങിയത്. സിവില്‍ സ്റ്റേഷന്റെ മുന്നില്‍ നിന്ന് മാറി തോട്ടങ്ങളിലേക്ക് കയറാന്‍ തുടങ്ങിയതോടെ പിടിച്ചാല്‍ പിടി കിട്ടാത്ത വിധം ആയിരക്കണക്കിന് ആളുകള്‍ വരാന്‍ തുടങ്ങി. അതോടെ മറ്റുള്ള ദളിത് സംഘടനാ നേതാക്കള്‍ക്ക് പിടിച്ച് നില്‍ക്കാന്‍ കഴിയാതെ വന്നു. ജനം മുഴുവന്‍ ഈ സമരത്തിന് പിന്നാലെ കൂടി.

ളാഹ ഒരാളെപ്പോലും അഭിപ്രായം പറയാന്‍ അനുവദിക്കില്ല എന്നൊരു ആരോപണമുണ്ട്?

എനിക്കെതിരെ വേറൊന്നും പറയാനില്ലാത്തത് കൊണ്ട് തെളിവില്ലാത്ത കുറച്ച് ആരോപണങ്ങള്‍ ഉന്നയിക്കുന്നു. ചര്‍ച്ച ഇല്ലെങ്കില്‍ സംഘടന ഇല്ല. അഭിപ്രായം പറയണമെന്നാണ് ഞാന്‍ എപ്പോഴും പറഞ്ഞിരുന്നത്. പട്ടികജാതിക്കാരന്റെ സംഘടനയില്‍ ചര്‍ച്ചയില്ല. വായും പൊളിച്ചിരിക്കും. അങ്ങനെ വായിനോക്കി ഇരിക്കുന്നവനെ ഞാന്‍ വഴക്ക് പറയും. എന്റെ ഉത്തരം മുട്ടുന്ന തരത്തിലുള്ള ചര്‍ച്ച നിങ്ങള്‍ നടത്തണം എന്നാണ് പറഞ്ഞിട്ടുള്ളത്. പക്ഷേ ഇപ്പോള്‍ എന്നെ എതിര്‍ക്കാന്‍ അതൊക്കെ ഒരു കാരണമായി പറയുകയാണ്. കൊയ്യോനാണ് ഇതിന്റെ തുടക്കം.

ചെങ്ങറയില്‍ ഇപ്പോള്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ ഇടപെടല്‍ ഉണ്ടല്ലോ?

ചെങ്ങറയില്‍ ഇപ്പോള്‍ എല്ലാ പാര്‍ട്ടിയും ഉണ്ട്. സി.പി.ഐ.എമ്മുണ്ട്. കോണ്‍ഗ്രസുണ്ട്. എസ്.ഡി.പി.ഐ ഉണ്ട്. ഡി.എച്ച്.ആര്‍.എം ഉണ്ട്. ലോകത്തുള്ള എല്ലാ പാര്‍ട്ടിയും ഉണ്ട്.

സാധുജന വിമോചന മുന്നണിയുടെ നേതൃത്വം ഇപ്പോള്‍ ആര്‍ക്കാണ്?

ഞാനിതിന്റെ നേതൃത്വം ആര്‍ക്കും കൊടുത്തിട്ടില്ല. എന്റെ സംഘടന ഞാന്‍ പിരിച്ച് വിട്ടു. പലരും പലയിടത്തും കൂടുന്നുണ്ട്. അതുമായിട്ടൊന്നും എനിക്കൊരു ബന്ധവുമില്ല. ഞാന്‍ പൂര്‍ണ്ണമായും വിട്ടു. അത്രത്തോളം ഞാന്‍ മടുത്തു. എനിക്കൊന്ന് മരിച്ച് കിട്ടിയാല്‍ മതി. എനിക്ക് അങ്ങനെ തോന്നാന്‍ കാരണം ഞാനീ ജനിച്ച ജാതിയാണ്. പന്നികളെ പോലെ ഇങ്ങനെ നടക്കാതെ ഈഴവരും, കൃസ്ത്യാനികളും ഒക്കെ വളരുന്നത് എങ്ങനെയാണെന്ന് നോക്കി അത് പോലെ സമൂഹത്തിന്റെ മുഖ്യധാരയില്‍ വരാനാണ് ഞാന്‍ ഇവിടുത്തെ ദളിതനോട് പറയുന്നത്.

ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയപ്പോ ഇവിടുത്തെ ഈഴവന്റെ അവസ്ഥ എന്തായിരുന്നു? ഇപ്പൊ അവരുടെ അവസ്ഥയെന്താണ്? അന്നത്തെ മുസ്ലിമാണോ ഇന്നത്തെ മുസ്ലിം? അതേ സമയം അന്നത്തേതിനേക്കാള്‍ പിറകോട്ടല്ലേ പട്ടികജാതിക്കാര്‍ പോയിട്ടുള്ളത്. ആരെന്ത് പറഞ്ഞിട്ടും ഒരു കാര്യവുമില്ല. മദ്യം, വ്യഭിചാരം, നിങ്ങള്‍ ഞങ്ങളുടെ കോളനികള്‍ കേറി നോക്ക് ഇവിടെ വന്നൊരു പെണ്ണ് കെട്ടി, ന്യായമായ രേഖയില്ല, രണ്ടു പിള്ളേരായി, അവന്‍ കളഞ്ഞിട്ട് മൂന്നാമത്തെ വീട്ടില്‍ ചെന്ന് അടുത്ത കല്യാണം കഴിക്കും. ഒരു പരാതിയും ഞങ്ങടെ ആള്‍ക്കാര്‍ക്ക് ഇല്ല. സ്വന്തം കുഞ്ഞുങ്ങളെ പഠിപ്പിക്കണമെന്നില്ല. കേരളത്തിലുണ്ടായിട്ടുള്ള സാമൂഹ്യ പരിഷ്‌ക്കരണം ഞങ്ങളുടെ ജനങ്ങള്‍ക്കിടയില്‍ ഉണ്ടായിട്ടില്ല.

ചെങ്ങറയില്‍ ബുദ്ധമത ആശയങ്ങള്‍ മുന്നോട്ട് വെച്ചിരുന്നോ ?

ബുദ്ധന്റെയും അയ്യങ്കാളിയുടെയും അംബേദ്കറുടെയും ആശയങ്ങളുമായി മുന്നോട്ട് പോകുക എന്നതായിരുന്നു നമ്മള്‍ പറഞ്ഞത്. എന്നാല്‍ നമ്മള്‍ നിര്‍ബന്ധിക്കുമ്പോ ഈ ഫോട്ടോയൊക്കെ വാങ്ങിച്ച് വെക്കുമെന്നല്ലാതെ ആ ആശയങ്ങള്‍ പഠിക്കാനോ അതുമായി മുന്നോട്ട് പോകാനോ ഒന്നും അവര്‍ തയ്യാറല്ല. ഇപ്പോ ആ ഫോട്ടോയൊക്കെ കത്തിച്ചെന്നാ പറഞ്ഞു കേട്ടത്.

സമരത്തിന്റെ ആദ്യഘട്ടങ്ങളില്‍ വലിയ അക്രമമൊക്കെ ഉണ്ടായിരുന്നല്ലോ, അതിനെയൊക്കെ എങ്ങനെയാണ് നേരിട്ടത്?

എതിര്‍കക്ഷി പോലീസായിരുന്നു. അവരെ പെട്ടെന്നുള്ള മൂവ്മെന്റില്‍ നിന്ന് പിന്തിരിപ്പിക്കാനുള്ള ചില മാര്‍ഗ്ഗങ്ങള്‍ എന്ന നിലയ്ക്കാണ് ആത്മഹത്യ ശ്രമമൊക്കെ നടത്തിയത്. പിന്നീട് അത് ചെങ്ങറ മോഡല്‍ സമരമെന്ന നിലയില്‍ ലോകം മുഴുവന്‍ ഇപ്പൊ നടത്തുവാ. അരക്കിലോമീറ്റര്‍ അകലെയാണ് പോലീസും തൊഴിലാളികളും നിലയുറപ്പിച്ചത്. അവര്‍ക്ക് ഹാരിസണ്‍ ശമ്പളവും കൊടുത്തിരുന്നു. ഇപ്പുറത്ത് പതിനായിരക്കണക്കിന് ആളുകളാണ് ഉണ്ടായിരുന്നത്. ആര്‍ക്കും ആ സമരത്തെ തോല്‍പ്പിക്കാന്‍ സാധിക്കില്ലായിരുന്നു.

ജീവിക്കാന്‍ കഴിയാത്ത വിധത്തിലുള്ള ഒരു ബുദ്ധിമുട്ടൊന്നും അന്നില്ലായിരുന്നു. അവരവിടെ നില്‍ക്കും. നമ്മള്‍ മറ്റു വഴികളിലൂടെ പുറത്ത് പോയി സാധനങ്ങളൊക്കെ എത്തിക്കും. ഞാന്‍ രണ്ടാഴ്ച കൂടുമ്പോ അവിടെയെത്തി അവരോട് സംസാരിക്കും. ആറു കൗണ്ടറുകളായി തിരിച്ച് ഓരോ കൗണ്ടറിനും ഓരോ കമ്മിറ്റിയൊക്കെ നിശ്ചയിച്ച് ആ കമ്മിറ്റിയായിരുന്നു എല്ലാം ചെയ്തിരുന്നത്. അവര്‍ക്ക് എന്തെങ്കിലും സംശയം ഉണ്ടായാലുടന്‍ അവര്‍ എന്നെ വിളിക്കും. ഈ അടുത്ത കാലം വരെ അതങ്ങനെ തന്നെ ആയിരുന്നു.

ഞാന്‍ നടന്ന വഴിയില്‍ പുഷ്പമിട്ട് അതില്‍ക്കൂടി എന്നെ നടത്തിയ ജനതയാണ്. അതിനിടക്ക് പുറത്ത് നിന്നുള്ളവര്‍ വന്ന് വിഘടനം ഉണ്ടാക്കിയപ്പോ, അവര്‍ സ്വയം ചിന്തിക്കാതെ പെരുമാറി. ഇത്രയും കാര്യങ്ങളൊക്കെ ചെയ്ത മനുഷ്യനെക്കുറിച്ച് പറയുമ്പോ അത് കണ്ണുമടച്ച് വിശ്വസിക്കരുതെന്ന ഒരു സ്വയം ചിന്ത അവര്‍ക്കുണ്ടായില്ല. അതാണല്ലോ ഈ വിഭാഗം അടിമകളായി കിടക്കുന്നത്. സ്വന്തമായി ചിന്തയില്ല. അതുകൊണ്ടാണ് കുടിയേറി വന്ന മറ്റു മൂന്ന് മതങ്ങള്‍ക്കും ഇവരെ അടിമകളാക്കി ഇവിടെ മുന്നേറാന്‍ കഴിഞ്ഞത്. ദ്രാവിഡന് സ്വന്തമായ ഒരു ആശയമോ തനതായ ഒരു ചിന്തയോ ഇല്ല. ലഹരി ഉള്ളത് കൊണ്ടാണ് ഈ മൂന്ന് മതക്കാര്‍ക്കും ഞങ്ങടെ ജനങ്ങളെ അവരുടെ അടിമകളാക്കി മാറ്റാന്‍ കഴിഞ്ഞത്. ഈ ലഹരി ഉപേക്ഷിച്ചെങ്കില്‍ മാത്രമേ ഈ ജനത മുന്നേറൂ. കൊയ്യോനെപ്പോലുള്ളവര്‍ ദളിതനെ നശിപ്പിക്കുന്ന ഏജന്റുകളാണ്. അല്ലാതെ രക്ഷിക്കാനുള്ളതല്ല. രക്ഷിക്കാന്‍ ആണെങ്കില്‍ ദളിതന് രക്ഷപ്പെടാനുള്ള അവസാനത്തെ കച്ചിത്തുരുമ്പായിരുന്നു ചെങ്ങറ സമരം. അതിനെ ഒറ്റപ്പെടുത്തി തകര്‍ക്കുന്ന ഏജന്റുമാരാണ് ഇവര്‍. ചെങ്ങറ സമരത്തെ, മുത്തങ്ങ സമരത്തെ തകര്‍ത്തവന്‍ എങ്ങനെ ദളിതനെ സ്നേഹിക്കും?

സി.കെ ജാനു ഇപ്പോള്‍ ബി.ജെ.പി മുന്നണിയിലാണ്. സംഘപരിവാര്‍ മുന്നണിയില്‍ നിന്നാല്‍ ദളിതനും ആദിവാസിക്കും രക്ഷയുണ്ടാകുമോ?

അല്‍പ്പമെങ്കിലും വിവരമുള്ളവര്‍ ചെയ്യുമോ? ലക്ഷ്യബോധമുള്ളവര്‍ പോകുമോ? ഇവര്‍ ചരിത്രം പഠിച്ചിട്ടില്ല. മുത്തങ്ങ സമരം തന്നെ എ.കെ ആന്റണിയുടെ ആവശ്യത്തിന് വേണ്ടി നടത്തിയതാണ്. ഒരു ഭൂമി സമരം നടത്തണമെങ്കില്‍ അംബേദ്കറെ കുറിച്ച് പഠിക്കാത്തവന്‍ ഭൂമി സമരം നടത്താന്‍ പറ്റുമോ? ഈ സി.കെ ജാനു എവിടെങ്കിലും അംബേദ്കറെ കുറിച്ച് പറയുന്നത് കേട്ടിട്ടുണ്ടോ? ഇന്ന് വരെ അംബേദ്കറുടെ പേര് പറഞ്ഞിട്ടുണ്ടോ? സി.കെ ജാനുവിന്റെ സമരം തെറ്റായ ലൈനിലാണെന്ന് പറഞ്ഞാണ് ഞാനീ സമരം തുടങ്ങിയത് തന്നെ. നായനാര്‍ സര്‍ക്കാര്‍ വന നിയമം ശക്തമാക്കി. വയനാട്ടിലെ കയ്യേറ്റക്കാര്‍ക്ക് കയ്യേറാനുള്ള അവസരം ഇല്ലാതായി. ഈ വന നിയമം അട്ടിമറിക്കാനായി ജാനുവിനെ ആയുധമാക്കുകയായിരുന്നു. ജാനു സെക്രട്ടേറിയറ്റിന് മുന്നില്‍ കുടില്‍കെട്ടി സമരം ചെയ്തല്ലോ, 48 മത്തെ ദിവസം സമരം ഒത്തുതീര്‍പ്പായി. ആ വ്യവസ്ഥകള്‍ നടപ്പാക്കണം എന്ന് പറഞ്ഞാണ് മുത്തങ്ങയില്‍ കേറിയതും വെടിവെപ്പായതും. ആ വെടിവെപ്പ് തന്നെ ആന്റണി അറിഞ്ഞോണ്ട് ചെയ്തതാ. ഇല്ലെങ്കില്‍ വന നിയമത്തില്‍ അയവ് വരുത്താന്‍ പറ്റില്ല. ആദിവാസികളെ നാലെണ്ണത്തിനെ കൊല്ലുക എന്നതാണ് അയാള്‍ കണ്ട മാര്‍ഗം. വനനിയമത്തില്‍ അയവ് വരുത്തി.

അംബേദ്കറിസത്തിന് ഇനി കേരളത്തില്‍ എന്തെങ്കിലും ഭാവിയുണ്ടോ ?

ഇല്ല.

ഡി.എച്ച്.ആര്‍.എം ഒക്കെ അംബേദ്കര്‍ പ്രസ്ഥാനവുമായി മുന്നോട്ട് വരുന്നുണ്ടല്ലോ?

അവരുടെ ഈ പ്രവര്‍ത്തന മേഖലയില്‍ ഒരു നൂറു ക്യാമറ വെച്ച് കൊടുത്താല്‍ അറിയാം അവിടെ എന്ത് നടക്കുന്നു എന്ന്. അത്രയ്ക്ക് മോശം കാര്യങ്ങളാണ് അവിടെ നടക്കുന്നത്. എന്റെ പ്രസംഗത്തിന്റെ മറവില്‍ വളര്‍ന്നു വന്നവരാണ് അവരൊക്കെ. സ്വന്തമായിട്ട് രണ്ടു വാക്ക് പറയാന്‍ അറിയുന്ന ആരെങ്കിലും ആ കൂട്ടത്തിലുണ്ടോ?

ഗുജറാത്തില്‍ ഒക്കെയുണ്ടാകുന്ന ദളിത് മുന്നേറ്റമൊക്കെ ശ്രദ്ധിക്കുന്നുണ്ടല്ലോ?

അവിടെ ജിഗ്നേഷ് മേവാനി തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതായി അറിഞ്ഞു. അവിടെ ഉണ്ടായ അടിച്ചമര്‍ത്തലുകളില്‍ നിന്നാണ് അയാള്‍ ഉയര്‍ന്നു വന്നത്. ഉന സംഭവത്തില്‍ ഉണ്ടായ ആള്‍ക്കൂട്ടം പെട്ടെന്ന് ഉണ്ടായതാണ്. അത് നിലനില്‍ക്കില്ല. അംബേദ്കര്‍ ലേബര്‍ പാര്‍ട്ടി ഉണ്ടാക്കി. മത്സരിച്ചു. 15 സീറ്റില്‍ വിജയിച്ചു. പിന്നത്തെ തവണ പതിനഞ്ചിലും തോറ്റു. പിന്നെ പുള്ളി തെരഞ്ഞെടുപ്പിനെ നേരിട്ടിട്ടില്ല. ജാതികള്‍ തമ്മിലുള്ള വ്യത്യാസത്തെ മറ്റവര്‍ മുതലെടുക്കും. കുറവനോട് ചോദിക്കും നീ എന്തിനാടാ പുലയന് വോട്ട് ചെയ്തതെന്ന്. കുറവനും പുലയനുമെല്ലാം നായര്‍ക്ക് വോട്ട് ചെയ്യാം. അങ്ങനെ കഴിഞ്ഞ കാല അനുഭവം നോക്കുമ്പോള്‍ ഈ ജനം ബോധവാന്മാരാകാതെ ഒന്നും നടക്കില്ല.

ഞാന്‍ അതിനാണ് ശ്രമിച്ചത്. ഞാന്‍ അമ്പേ പരാജയപ്പെട്ടു. എന്റെ ചുവടുവെപ്പ് ശക്തമാണെന്ന് സവര്‍ണ്ണര്‍ക്ക് മനസിലാക്കി. അതനുസരിച്ച് അവര്‍ വര്‍ക്ക് ചെയ്തു. പതിനഞ്ച് കൊല്ലം കൊണ്ട് ഞാനുണ്ടാക്കിയ മൂവ്മെന്റിനെ അവര്‍ രണ്ടു കൊല്ലം കൊണ്ട് പൊളിച്ച് കയ്യില്‍ തന്നു. ഈ ജനതയ്ക്ക് സ്വന്തമായി ചിന്തിക്കാന്‍ കഴിവില്ല. അങ്ങനെ കഴിവുണ്ടായാല്‍ ഞങ്ങളേ ഇന്ത്യ ഭരിക്കൂ. ഇത് അവര്‍ക്ക് അറിയാം. 20 ശതമാനമാണ് 80 ശതമാനത്തെ ഭരിക്കുന്നത്. ഇങ്ങനെയുള്ള കാര്യങ്ങള്‍ മനസ്സിലാക്കിക്കൊണ്ട് മൂവ്മെന്റ് ഉണ്ടാക്കിക്കൊണ്ട് വരുന്നവനെ നിലനിര്‍ത്തിക്കൊണ്ട് പോയാല്‍ അപകടമാണെന്ന് അവര്‍ക്കറിയാം. ജിഗ്നേഷിനും അത് തന്നെയാണ് സംഭവിക്കാന്‍ പോകുന്നത്. ഇത്തവണ ജയിച്ചാല്‍ അതൊരു ഭാഗ്യം. മിക്കവാറും സാധ്യതയില്ല. അവര്‍ അനുവദിക്കില്ല. ജിഗ്നേഷിനെ ഞാനിങ്ങനെ ഉറ്റു നോക്കികൊണ്ടിരിക്കുവാ, ഇപ്പൊ തന്നെ ഇവര്‍ നേര്‍ക്കു നേര്‍ മത്സരമാക്കിയത് ഇവനെ തോല്‍പ്പിക്കാനാണെന്നാണ് ഞാന്‍ കരുതുന്നത്.

വീട്ടില്‍ പോകാറില്ലേ?

പോകാറില്ല. മക്കളൊക്കെ സെറ്റിലായി. അവരൊക്കെ വല്ലപ്പോഴും വരും. ഇവിടെയിപ്പോ സഹായത്തിന് എനിക്ക് അസുഖമായപ്പോ ചെങ്ങറക്കാര്‍ ഏര്‍പ്പാടാക്കിയ ഒരു നഴ്സ് ഉണ്ട്. അവര് ശമ്പളം കൊടുത്ത് കൊണ്ട് വന്നതാ. ഇപ്പൊ അവര്‍ക്കും എവിടെയും പോകാന്‍ നിവൃത്തിയില്ലാതായി. ഇപ്പൊ എന്റെ പെന്‍ഷന്‍ കൊണ്ടാണ് അവരും കഴിഞ്ഞു പോകുന്നത്. ചെങ്ങറക്കാരിപ്പോ വലിയ ശത്രുതയിലാണ്. എന്നെ കയ്യില്‍ കിട്ടിയെങ്കില്‍ കൊന്നേനെ. ഞാന്‍ മരിച്ച് പോയാല്‍ ഈ കുടുംബം എന്ത് ചെയ്യുമെന്ന് എനിക്കറിയില്ല. എനിക്ക് ഇവിടെ വെച്ച് അറ്റാക്ക് വന്നു. അപ്പൊ ചെങ്ങറക്കാര്‍ പറഞ്ഞത്. അവിടെ കിടക്കട്ടെ എന്നാണ്. ഞാന്‍ ആ അസുഖത്തോടെ അങ്ങ് തീര്‍ന്നു പോകുമെന്നും ചിലര്‍ക്ക് നേതാവാകാമെന്നും വിചാരിച്ചു. എന്നെ ഇവരെല്ലാം കൂടി കിംസില്‍ എത്തിച്ചത് കൊണ്ട് രക്ഷപ്പെട്ടു. അല്ലെങ്കില്‍ ഇവിടെ കിടന്ന് തീര്‍ന്നേനെ.

ഒരു കാലത്ത് കേരളത്തിലെ ഭൂസമരങ്ങളുടെ മുഖമായിരുന്ന ളാഹ ഗോപാലന്‍ ഇന്ന് നിരാശയിലാണ്?

എനിക്ക് നിരാശയില്ല. ഞാന്‍ ചെയ്യാനുള്ളത് ചെയ്തു. എന്റെ ഈ വര്‍ഗം രക്ഷപ്പെട്ടില്ല. രക്ഷപ്പെടാനായിരുന്നേല്‍ ഈ സമരത്തോടെ ഞങ്ങള്‍ രക്ഷപ്പെട്ടേനെ. അതിലുള്ള നിരാശ മാത്രമേ ഉള്ളൂ. കേരളത്തില്‍ അജയ്യമായ ഒരു ശക്തിയായി മാറുമായിരുന്നു. കമ്മ്യൂണിസ്റ്റ് കാര് പോലും ഭൂപരിഷ്‌കാരണ ബില്ലിലെ അപാകതകള്‍ മനസ്സിലാക്കിയത് എന്നില്‍ നിന്നാണ്.

കേരളത്തിലെ ഭൂസമരങ്ങളുടെ ഭാവി?

ഇല്ല. ഇനിയുണ്ടാവില്ല.

Content Highlight: Interview with Laha Gopalan

അമേഷ് ലാല്‍

We use cookies to give you the best possible experience. Learn more