| Friday, 7th June 2013, 4:27 pm

ഞാന്‍ പുള്ളിപ്പുലികള്‍ക്കിടയിലെ ആട്ടിന്‍കുട്ടി : ചാക്കോച്ചനുമായി അല്പനേരം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചിത്രത്തിന്റെ പേര് കേട്ടപ്പോള്‍ മുതല്‍ തന്നെ സിനിമയുടെ ഭാഗമാകണമെന്ന് ആഗ്രഹിച്ചിരുന്നെന്നും സിനിമയ്ക്കായി പത്ത് കിലോ കുറയ്ക്കാന്‍ ലാല്‍ ജോസ് ആവശ്യപ്പെട്ടെന്നും ചാക്കോച്ചന്‍ പറയുന്നു..ചാക്കോച്ചന്റെ സിനിമാ വിശേഷങ്ങള്‍…


ഫേസ് ടു ഫേസ്/ കുഞ്ചാക്കോ ബോബന്‍


[] എല്‍സമ്മ എന്ന ആണ്‍കുട്ടിക്ക് ശേഷം സംവിധായകന്‍ ലാല്‍ ജോസും കുഞ്ചാക്കോ ബോബനും ഒന്നിക്കുന്ന പുതിയ ചിത്രമാണ് പുള്ളിപ്പുലികളും ആണ്‍കുട്ടിയും.

കുട്ടനാടിന്റെ കഥ പറയുന്ന പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയുടേയും തിരക്ക് ആസ്വദിക്കുകയാണ് ചാക്കോച്ചന്‍. സിനിമാ ചിത്രീകരണത്തിനിടെ ബോട്ടില്‍ നിന്നും കായലില്‍ വീണ് ചെറുതായി പരിക്ക് പറ്റിയെങ്കിലും ചാക്കോച്ചന്റെ വീര്യം ഒട്ടും ചോര്‍ന്നിട്ടില്ല.

ചിത്രത്തിന്റെ പേര് കേട്ടപ്പോള്‍ മുതല്‍ തന്നെ സിനിമയുടെ ഭാഗമാകണമെന്ന് ആഗ്രഹിച്ചിരുന്നെന്നും സിനിമയ്ക്കായി പത്ത് കിലോ കുറയ്ക്കാന്‍ ലാല്‍ ജോസ് ആവശ്യപ്പെട്ടെന്നും ചാക്കോച്ചന്‍ പറയുന്നു..ചാക്കോച്ചന്റെ സിനിമാ വിശേഷങ്ങള്‍…[]

സിനിമയുടെ ഷൂട്ടിങ് നടക്കുന്നത് ചാക്കോച്ചന്റെ ഗ്രാമമായ ആലപ്പുഴയിലും പരിസരത്തും ? അത് നന്നായി ആസ്വാദിച്ചോ ?

സിനിമ പൂര്‍ണമായും കുട്ടനാട്ടില്‍ വെച്ച് തന്നെ ചിത്രീകരിക്കണമെന്നത് ലാല്‍ ജോസിന് നിര്‍ബന്ധമായിരുന്നു. ആലപ്പുഴക്കാരനായ എന്നെ ചിത്രത്തിലെ നായക കഥാപാത്രമായി തിരഞ്ഞെടുത്തത് സ്വാഭാവികം മാത്രമാണ്. പത്ത് വര്‍ഷം മുന്‍പ് ചിത്രീകരിച്ച ജലോത്സവം എന്ന ചിത്രവും ഇവിടെ വെച്ച് തന്നെയായിരുന്നു ചിത്രീകരിച്ചത്.

ചിത്രത്തിന്റെ പേര് തന്നെ വ്യത്യസ്തമാണല്ലോ ?

എല്‍സമ്മ എന്ന ആണ്‍കുട്ടി എന്ന ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കുമ്പോഴാണ് തിരക്കഥാകൃത്തായ എം സിന്ധുരാജ് ഇതിന്റെ കഥ എന്നോട് പറയുന്നത്. ചിത്രത്തിന്റെ പേര് കേട്ടപ്പോള്‍ തന്നെ ഇഷ്ടമായി .ഇതിന്റെ ഭാഗമാകണമെന്ന് അന്നേ ഞാന്‍ ആഗ്രഹിച്ചിരുന്നു.

കുട്ടനാട്ടിലെ ഇന്നത്തെ ചെറുപ്പക്കാരുടെ പ്രതിനിധിയാണ് ചിത്രത്തിലെ എന്റെ കഥാപാത്രമായ ഗോപന്‍. ടൂറിസ്റ്റുകളെ ആകര്‍ഷിക്കാന്‍ വേഷംകെട്ടുന്ന ചെറുപ്പക്കാരന്‍. ഒരു പണിക്കും പോകാത്ത അലസന്മാരായ 3 ചേട്ടന്മാരും അമ്മയും അടങ്ങുന്നതായിരുന്നു ഗോപന്റെ ലോകം.

എല്‍സമ്മ എന്ന ആണ്‍കുട്ടിയിലെ പാലുണ്ണി എന്ന പേര് എനിയ്ക്ക് ഏറെ ഇഷ്മായിരുന്നു. ചക്കാട്ടുതറയില്‍ ഗോപന്‍ എന്നാണ് ഈ കഥാപാത്രത്തിന്റെ പേര്, ആട് ഗോപന്‍, ചക്ക ഗോപന്‍ എന്നിങ്ങനെ ആളുകളുടെ ഇഷ്ടത്തിനനുസരിച്ച് പേര് മാറുന്നുണ്ട്.

ചാക്കോച്ചന്റെ കഥാപാത്രത്തെക്കുറിച്ച് ?

കുട്ടനാട്ടില്‍നിന്ന് പുറപ്പെട്ടെങ്കിലും ഫോര്‍ട്ട് കൊച്ചിയില്‍ എത്താത്ത ജീവിതം. പുള്ളിപ്പുലിയെപ്പോലുള്ള ചേട്ടന്മാര്‍ക്കിടയില്‍പ്പെട്ടുപോകുന്ന ആട്ടിന്‍കുട്ടി. ജീവിതയാത്രയില്‍ ആ ആട്ടിന്‍കുട്ടി പുള്ളിപ്പുലിയാകുന്ന കഥയാണിത്.

ഒരു പണിക്കും പോകാത്ത അലസന്മാരായ 3 ചേട്ടന്മാരും അമ്മയും അടങ്ങുന്നതായിരുന്നു ഗോപന്റെ ലോകം. ജീവിക്കാന്‍ ബാങ്ക് ലോണില്‍ വാങ്ങിയ ഒരു ഹൗസ്‌ബോട്ടായിരുന്നു അവന്റെ പ്രതീക്ഷ. ബോട്ടിന്റെ ഓണറും യാത്രക്കാരെ കാന്‍വാസ് ചെയ്യുന്നവനും ഗൈഡും എല്ലാം ഒരാള്‍തന്നെ.

താന്തോന്നികളായ ചേട്ടന്മാര്‍ എന്ത് ചെയ്താലും അതിന്റെ തിക്തഫലം അനുഭവിക്കേണ്ടത് ഗോപനാണ്. വീടിനകത്തും പുറത്തും ചേട്ടന്മാരെക്കൊണ്ട് പൊറുതിമുട്ടിയ ഒരനിയന്റെ ജീവിതപോരാട്ടത്തിന്റെ കഥയാണിത്.

അടുത്ത പേജില്‍ തുടരുന്നു

ഏതൊരു പ്രൊജക്ടടും ഏറ്റെടുക്കുന്നതിന് മുന്‍പ്, ആ കഥാപാത്രത്തിന് എന്നെ സ്വാധീനിക്കാന്‍ കഴിയുന്നുണ്ടോ എന്നാണ് ആദ്യം നോക്കാറ്. ഒരു ജീവിത പോരാട്ടത്തിന്റെ കഥ പറയുന്ന പുള്ളിപ്പുലികളും ആണ്‍കുട്ടിയിലും കോമഡിയും കുടുംബകഥയും ഒരുമിച്ചാണ് പറയുന്നത്.

റോമന്‍സ്, 101 വെഡ്ഡിങ്‌സ്, ഓഡിനറി എന്നീ ചിത്രങ്ങളില്‍ നിന്നും വ്യത്യസ്തമായി ചാക്കോച്ചന്‍ അഭിനയിക്കുന്ന ഒരു മുഴുനീള കഥാപാത്രം, ഇതൊരു വെല്ലുവിളിയല്ലേ ?

ഏതൊരു പ്രൊജക്ടടും ഏറ്റെടുക്കുന്നതിന് മുന്‍പ്, ആ കഥാപാത്രത്തിന് എന്നെ സ്വാധീനിക്കാന്‍ കഴിയുന്നുണ്ടോ എന്നാണ് ആദ്യം നോക്കാറ്. ഒരു ജീവിത പോരാട്ടത്തിന്റെ കഥ പറയുന്ന പുള്ളിപ്പുലികളും ആണ്‍കുട്ടിയിലും കോമഡിയും കുടുംബകഥയും ഒരുമിച്ചാണ് പറയുന്നത്. എനിയ്ക്ക് പുറമെ സുരാജ് വെഞ്ഞാറംമൂടും ഹരിശ്രീ അശോകനുമൊക്കെയുള്ള കോമഡി രംഗങ്ങള്‍ നിവധി ഉണ്ട്. വെല്ലുവിളിയെന്ന് പറയാമോ എന്ന് അറിയില്ല. എന്തായാലും കഥാപാത്രത്തെ മനോഹരമാക്കാന്‍ ശ്രമിച്ചിട്ടുണ്ട്.[]

ഗോപന്‍ എന്ന കഥാപാത്രമായി മാറാന്‍ എന്തൊക്കെ ചെയ്തു ?

കഥാപാത്രം ആവശ്യപ്പെടുന്ന രീതിയിലുള്ള മാറ്റങ്ങളെല്ലാം ഞാന്‍ ചെയ്തിട്ടുണ്ട്. അതില്‍ ഞാന്‍ തൃപ്തനുമാണ്. ചക്ക ഗോപന്‍ എന്ന കഥാപാത്രത്തിന് വേണ്ടിയുള്ള മേക്ക് ഓഫര്‍ കേട്ടപ്പോള്‍ ഞാന്‍ ആദ്യം ഞെട്ടി. എന്നോട് പത്ത് കിലോ കുറയ്ക്കാനായിരുന്നു ലാല്‍ ജോസ് ആവശ്യപ്പെട്ടിരുന്നത്. ഊശാന്താടി വെക്കാനും മുടി കുറച്ചുകൂടി ചെറുതാക്കി വെട്ടാനുമായിരുന്നു പിന്നെയുള്ള നിര്‍ദേശങ്ങള്‍. പത്ത് കിലോ കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടതിന് ശേഷം ഞാന്‍ കുറച്ച് കഷ്ടപ്പെടാന്‍ തുടങ്ങി. അങ്ങനെ 3 കിലോ വരെ കുറഞ്ഞു. ഷൂട്ടിങ് തുടങ്ങുന്നതിന് മുമ്പായിരുന്നു ഇത്. ഷൂട്ടിങ് തുടങ്ങി എന്നെ കണ്ടപ്പോള്‍ ഇനി തടി കുറയ്‌ക്കെണ്ടാന്നായിരുന്നു ലാലു പറഞ്ഞത്. പിന്നെ അതിനേക്കാളൊക്കെ ഉപരിയായി എന്റെ മേക്കപ്പ് മാന്‍ നന്നായി കഷ്ടപ്പെട്ടാണ് രൂപവ്യത്യാസം വരുത്തിയത്. അതിന്റെ ക്രഡിറ്റ് അദ്ദേഹത്തിനാണ്.

ആലപ്പുഴ ഭാഷയാണോ ചിത്രത്തില്‍ ഉപയോഗിച്ചത് ?

അങ്ങനെ ആലപ്പുഴ ഭാഷയിലൊന്നുമല്ല സംസാരിച്ചത്. അതിനെ കുറിച്ച് ചിന്തിച്ചിട്ടുമില്ല. ഗോപന്‍ എന്ന സാധാരണക്കാരനെ വളരെ ഫ്രീയായിട്ടാണ് അവതരിപ്പിച്ചത്. അവന്‍ ഉപയോഗിക്കുന്ന ഭാഷയും അതേ രീതിയില്‍ തന്നെയാണ്. സംസാരഭാഷയില്‍ വരുത്തേണ്ട ചില സൂക്ഷഭേദങ്ങളെക്കുറിച്ച് തിരക്കഥാകൃത്തും സംവിധായകനും പറഞ്ഞിരുന്നു. ആലപ്പുഴയിലുള്ള ആളുകള്‍ എങ്ങനെ സംസാരിക്കുമെന്ന് അവര്‍ എന്നോട് ചോദിച്ച് മനസിലാക്കിയിരുന്നു.

എല്‍സമ്മയ്ക്കും സ്പാനിഷ്മസാലയ്ക്കും ശേഷം ലാലിനൊപ്പമുള്ള അടുത്ത ചിത്രം? ഇത് ഒരു തിരിച്ചുവരവാണോ ?

എന്നേക്കാളുപരി ഈ കഥാപാത്രത്തെക്കുറിച്ച് തികച്ച ആത്മവിശ്വാസമുള്ളത് ലാലിനാണ്. എന്താണ് സിനിമയെക്കുറിച്ച് ഉദ്ദേശിച്ചതെന്നും അതെങ്ങനെ കൃത്യമായി ആളുകളിലെത്തിക്കാമെന്നും അദ്ദേഹത്തിന് അറിയാം. പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയും എന്ന ചിത്രത്തിന്റെ ഷൂട്ടിങ് അധികസമയവും കായലില്‍ വെച്ച് തന്നെയായിരുന്നു. ഷൂട്ടിങ്ങിന്റെ ആദ്യ ദിവസം തന്നെ എന്റെ വഞ്ചി മറിയുകയും ഞാന്‍ വെള്ളത്തില്‍ വീഴുകയും ചെയ്തു. എന്നാല്‍ അതെല്ലാം രസകരമായ അനുഭവങ്ങളായാണ് എടുത്തത്.

വരാനിരിക്കുന്ന ചിത്രങ്ങള്‍ ?

മോട്ടോര്‍ സൈക്കിള്‍ ഡയറീസ്. പുള്ളിപുലിയില്‍ നിന്നും തികച്ചും വ്യത്യസ്തമായ കഥയും കഥാപാത്രവും. പുള്ളിപ്പുലിയുടെ സെറ്റ് ആലപ്പുഴയില്‍ ആയിരുന്നതിനാല്‍ തന്നെ ദിവസവും വീട്ടില്‍ പോകാനും വീട്ടിലുണ്ടാക്കുന്ന ഭക്ഷണം കഴിക്കാനുമെല്ലാം കഴിഞ്ഞിരുന്നു. എന്നാല്‍ മോട്ടോര്‍ സൈക്കിള്‍ ഡയറീസിന്റെ ഷൂട്ടിങ് നടക്കുന്നത് ലഡാക്ക്, ചണ്ഡീഗഡ്, ദല്‍ഹി, കൊല്‍ക്കത്ത, ഗോവ തുടങ്ങിയ സ്ഥലങ്ങളിലാണ്. അതുകൊണ്ട് തന്നെ കിട്ടാവുന്ന സമയമത്രയും ആലപ്പുഴയില്‍ തന്നെ ചിലവഴിക്കാനാണ് ഇപ്പോള്‍ ഉദ്ദേശിക്കുന്നത്.

We use cookies to give you the best possible experience. Learn more