|

Interview | ഞാനൊരു കമ്യൂണിസ്റ്റുകാരനല്ല, പക്ഷേ ചില വസ്തുതകള്‍ നാം മനസ്സിലാക്കണം | കെ.കെ. കൊച്ച്

ഷഫീഖ് താമരശ്ശേരി

താലിബാന്‍ അഫ്ഗാനിസ്ഥാന്‍ കീഴടക്കിയതിന് പിന്നാലെ കേരളീയ പൊതുമണ്ഡലത്തിലും തുടര്‍ച്ചയായ നിരവധി സംവാദങ്ങള്‍ നടക്കുകയുണ്ടായി. ജമാഅത്തെ ഇസ്ലാമിയുടെ നിയന്ത്രണത്തിലുള്ള ‘മാധ്യമം’ പത്രം താലിബാന്‍ ഭരണത്തെ സ്വതന്ത്ര അഫ്ഗാന്‍ എന്ന് വിശേഷിപ്പിച്ചതിനെ അനുകൂലിച്ചും പ്രതികൂലിച്ചും ആളുകള്‍ രംഗത്ത് വന്നതോടെ നവമാധ്യമങ്ങളിലും മറ്റും വാദവപ്രതിവാദങ്ങള്‍ രൂക്ഷമാവുകയും ചെയ്തു. ഏതാനും പേര്‍ മാധ്യമത്തിന് നേരെ ബഹിഷ്‌കരണാഹ്വാനവുമായും രംഗത്ത് വന്നു. ഈ സാഹചര്യങ്ങളെ താങ്കള്‍ എങ്ങിനെയാണ് വിലയിരുത്തുന്നത്?

താലിബാന്‍ വിഷയത്തില്‍ മാധ്യമം നല്‍കിയ തലക്കെട്ടിനോട് എനിക്ക് യാതൊരു യോജിപ്പുമില്ല. കാരണം അഫ്ഗാന്‍ ഇന്ന് സാമ്പത്തികമായി തകര്‍ന്ന് തരിപ്പണമായിരിക്കുന്ന ഒരു രാജ്യമാണ്. 97 ശതമാനം ജനങ്ങളും ദാരിദ്ര്യ രേഖയ്ക്ക് താഴെയാണ്. വിലക്കയറ്റവും ഭക്ഷ്യക്ഷാമവും വളരെ രൂക്ഷമായി തുടരുകയാണ്. ഈ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കഴിയാത്ത ഒരു നയമാണ് താലിബാനുള്ളത്.

താലിബാന് ഒരിക്കലും ഒരു ജനാധിപത്യരാജ്യം സൃഷ്ടിക്കാന്‍ കഴിയില്ല. അഫ്ഗാനില്‍ ഒരു ജനാധിപത്യ ഭരണക്രമമല്ല വരാന്‍ പോകുന്നത് എന്നതാണ് ഏറ്റവും പ്രധാനമേറിയ പ്രശ്നം. ജനാധിപത്യ ഭരണം നിലവില്‍ വരുമെങ്കില്‍ മാത്രമേ സാമ്രാജ്യത്വ വിരുദ്ധ സമരം വിജയിച്ചൂ എന്നും അഫ്ഗാന്‍ സ്വതന്ത്രമായി എന്നും പറയാന്‍ സാധിക്കുകയുള്ളൂ.

സാമ്പത്തിക പരിഷ്‌കരണങ്ങളെക്കുറിച്ചും മനുഷ്യാവകാശങ്ങളെക്കുറിച്ചും എന്ത് കാഴ്ചപ്പാടാണ് താലിബാനുള്ളത്. ഇത്തരത്തിലുള്ള നയപരമായ വിഷയങ്ങളില്‍ പൊതുസ്വീകാര്യമായ പരിഷ്‌കരണങ്ങളിലൂടെയായിരിക്കണം അഫ്ഗാനെ ജനാധിപത്യവത്കരിക്കേണ്ടത്. അല്ലാതെ മതമാണ് മുഖ്യപ്രശ്നം രാഷ്ട്രമല്ല എന്ന് താലിബാന്‍ പറഞ്ഞാല്‍ അവിടെ സ്ഥാപിക്കാന്‍ പോകുന്നത് മതരാഷ്ട്രമാണ്. അവിടെ തെരഞ്ഞെടുക്കപ്പെട്ട ഗവണ്‍മെന്റോ നിയമവാഴ്ചയോ അല്ല ജനങ്ങളെ നിയന്ത്രിക്കുന്നത്. മറിച്ച് മതത്തിന്റെ കല്‍പനകളും ശാസനകളുമാണ്. താലിബാന്‍ സ്ഥാപിക്കാന്‍ ശ്രമിക്കുന്നതിനെ മതമേധാവിത്വം എന്ന് പോലും പറയാനാകില്ല. കാരണം ആ മതത്തിനകത്ത് ഒരുപാട് വൈവിധ്യങ്ങളുണ്ട്. അവരില്‍ തന്നെ ന്യൂനപക്ഷങ്ങളുണ്ട്. അവര്‍ക്കൊന്നും ഒരു പ്രാതിനിത്യവും താലിബാന്‍ ഭരണത്തിലില്ല. താലിബാന്‍ മേധാവിത്വത്തെ വംശീയമേധാവിത്വം എന്നേ പറയാനൊക്കൂ.

താലിബാന്‍

മനുഷ്യാവകാശങ്ങളില്ലാത്ത, പൗരാവകാശങ്ങളില്ലാത്ത, സമ്പദ്ഘടനയെ പരിഷ്‌കരിക്കാത്ത ഒരു രാഷ്ട്രത്തിനും ഇനി നിലനില്‍ക്കാന്‍ കഴിയില്ല. ആയുധം കൊണ്ടൊക്കെ ഒരു ജനതയെ അടിച്ചമര്‍ത്താമെന്ന് കരുതുന്നത് വളരെ തെറ്റായ ഒരു സമീപനമാണ്. ഇപ്പോള്‍ കാബൂളില്‍ സ്ത്രീകളടക്കം വന്‍ പ്രകടനമാണ് നടത്തുന്നത്. ലോകത്തിലെ ജനാധിപത്യ ശക്തികള്‍ മുഴുവന്‍ അഫ്ഗാനോട് ആവശ്യപ്പെടുന്നത് അവിടെ ഒരു ജനാധിപത്യ സമൂഹം കെട്ടിപ്പടുക്കണമെന്നാണ്. അഫ്ഗാനില്‍ ആന്തരികമായി വളര്‍ന്നുവരുന്ന സ്ത്രീകളുടെയും പൗരാവകാശ പ്രവര്‍ത്തകുടെയും ജനാധിപത്യവാദികളുടെയുമൊക്കെ സമരങ്ങളെയാണ് നമ്മളിനി പ്രതീക്ഷയോടുകൂടി നോക്കികാണേണ്ടത്. ഇനിയുള്ള കാലത്ത് ആയുധമേന്തിയ സമരങ്ങള്‍ക്കൊന്നും യാതൊരു പ്രസക്തിയുമില്ല. അതാര് നടത്തിയാലും. മാര്‍ക്സിസ്റ്റുകള്‍ നടത്തിയാലും, മുസ്ലിങ്ങള്‍ നടത്തിയാലും.

എന്നാല്‍ മാധ്യമം പത്രം ബഹിഷ്‌കരിക്കണമെന്ന് ആഹ്വാനം ചെയ്യുന്നവരോട് എനിക്ക് ശക്തമായ വിയോജിപ്പാണുള്ളത്. ആശയപരമായ സമരങ്ങളും സംവാദങ്ങളും തുടരുകയാണ് വേണ്ടത്. വൈവിധ്യ ആശയങ്ങള്‍ തമ്മിലുള്ള സംവാദത്തിലൂടെ മാത്രമേ ജനാധിപത്യം ശക്തിപ്പെടുകയുള്ളൂ.

മാധ്യമവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കെ തന്നെയാണ് ജമാഅത്തെ ഇസ്ലാമിയുടെ പ്രതിനിധി കൂടിയായ മീഡിയ വണ്‍ മാനേജിങ് എഡിറ്റര്‍ സി. ദാവൂദിന്റെ ലേഖനം മാധ്യമം പ്രസിദ്ധീകരിക്കുന്നത്. ജമാഅത്തെ ഇസ്ലാമിയുടെ പ്രതികരണമായി വിലയിരുത്തപ്പെട്ട ലേഖനത്തിന്റെ ഉള്ളടക്കവുമായി ബന്ധപ്പെട്ട് വീണ്ടും വാദപ്രതിവാദങ്ങള്‍ രൂക്ഷമായി. സി. ദാവൂദിന്റെ ലേഖനത്തെ എങ്ങിനെയാണ് വിലയിരുത്തുന്നത്?

ദാവൂദ്  കേവലം ഒരു വ്യക്തി മാത്രമല്ല. അദ്ദേഹം ഒരു പ്രസ്ഥാനത്തെയും സ്ഥാപനത്തെയുമൊക്കെ പ്രതിനിധീകരിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ വിമര്‍ശനങ്ങള്‍ വളരെ മാന്യവും അര്‍ത്ഥവത്തും സംസ്‌കാരത്തിന്റെ പ്രകാശനവും കൂടിയായിരിക്കണം. എന്നാല്‍ ആ ലേഖനത്തില്‍ അദ്ദേഹത്തിന്റെ ഭാഷ എന്തായിരുന്നു? ഒരു സാധാരണ മനുഷ്യന് താങ്ങാവുന്ന ഭാഷയാണോ അദ്ദേഹം പ്രയോഗിച്ചത്? വളരെ ഹീനമായ ഭാഷയിലായിരുന്നു ദാവൂദ് പ്രതികരിച്ചത്.

ഞാനൊരു കമ്യൂണിസ്റ്റുകാരനൊന്നുമല്ല, പക്ഷേ ചില വസ്തുതകള്‍ നാം മനസ്സിലാക്കണം. കേരളത്തിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അടിത്തറയെന്നത് ഒരു ഈഴവ  – ദളിത് അടിത്തറയാണ്. അതിനെ നിങ്ങള്‍ക്കൊരിക്കലും നിഷേധിക്കാന്‍ കഴിയില്ല. മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്കാരെല്ലാം കൊലയാളികളാണെന്ന ഏകപക്ഷീയമായ ആരോപണം ഉന്നയിക്കുമ്പോള്‍ മേല്‍പറഞ്ഞ സാമൂഹ്യ വിഭാഗങ്ങളെ കൂടിയാണ് അത് ബാധിക്കാന്‍ പോകുന്നത്. അത് ദാവൂദ് തിരിച്ചറിയേണ്ടതുണ്ട്. ഒരു രാഷ്ട്രീയാഭിപ്രായ പ്രകടനമാകുമ്പോള്‍ പക്വമായ ഒരു വിമര്‍ശനമാണ് മുന്നോട്ടുവെക്കേണ്ടത്.

പിന്നെ, സ്റ്റാലിന്‍ കൊന്നു മാവോ കൊന്നു എന്നൊക്കെ ഇവര്‍ എല്ലാ കാലത്തും പറയുന്നുണ്ടല്ലോ. മുസ്ലിങ്ങള്‍ കൊന്ന കാര്യം ഇവര്‍ എന്തുകൊണ്ട് പറയുന്നില്ല. മുസ്ലിങ്ങളും കൊന്നിട്ടുണ്ടല്ലോ. കൊല്ലാതെയാണോ ഇവര്‍ രാഷ്ട്രങ്ങള്‍ ഉണ്ടാക്കിയത്, ഭരണ സംവിധാനങ്ങള്‍ ഉണ്ടാക്കിയത്. പറയുമ്പോള്‍ അതുകൂടി പറയണ്ടേ.

സി. ദാവൂദ്

എല്ലാതരത്തിലുള്ള ഹിംസകളും ഒഴിവാക്കേണ്ടതാണ്. ഏറ്റവും വലിയ അഹിംസാവാദിയായ ഗാന്ധിയുടെ കാലത്ത് പോലും എന്താ സംഭവിച്ചത്. വിഭജനത്തെത്തുടര്‍ന്ന് 20 ലക്ഷം പേരാണ് കൊല്ലപ്പെട്ടത്. ഇന്ത്യന്‍ ദേശീയസ്വാതന്ത്ര്യ സമരത്തിനിടെ ആന്ധ്രയിലും ബംഗാളിലും മറ്റ് പലയിടങ്ങളിലുമായി പതിനായിരക്കണക്കിന് ആദിവാസികള്‍ കൊല്ലപ്പെട്ടു. ഇത്തരം ചരിത്ര വസ്തുതകളെല്ലാം നിലനില്‍ക്കെ ഒരു പ്രത്യേക വിഭാഗത്തെ മാത്രം ഹിംസയുടെ ആള്‍ക്കാരായി ചിത്രീകരിക്കുന്നത് ശരിയല്ല.

ജ്ഞാനത്തിലും സ്നേഹത്തിലും അധിഷ്ഠിതമായ ഒരു ജനാധിപത്യ സമൂഹത്തെ സൃഷ്ടിക്കാനാണ് നാം ശ്രമിക്കേണ്ടത്. അതിനിടെ ഇതുപോലത്തെ പക്വതയില്ലാത്ത, ശത്രുത മാത്രം ഉള്‍ച്ചേര്‍ന്നിരിക്കുന്ന വിമര്‍ശനങ്ങള്‍ ഒഴിവാക്കുക എന്നതാണ് പ്രസ്ഥാനങ്ങളുടെയും സ്ഥാപനങ്ങളുടെയുമൊക്കെ പ്രാതിനിധ്യത്തിലുള്ളവര്‍ ചെയ്യേണ്ടത്. ഇത് ദാവൂദ് ചെയ്തില്ല എന്നതാണ് പ്രശ്നം. നവമാധ്യമങ്ങളില്‍ എത്ര ഹീനമായാണ് ആളുകള്‍ പരസ്പരം പോരടിക്കുന്നത്. എത്രമാത്രം ശത്രുതയാണ് സമൂഹത്തില്‍ ഇത് സൃഷ്ടിക്കുന്നത്.

ബി.ജെ.പിക്കെതിരെ ഒരു സംഘടിത സമരം നടക്കുമ്പോള്‍ ഫാസിസ്റ്റ് വിരുദ്ധ രാഷ്ട്രീയമുള്ള എല്ലാ സംഘടനകളും ഒത്തുചേര്‍ന്ന് ഐക്യനിര ഉണ്ടാകുന്നില്ലേ. അവരെയെല്ലാം ശത്രുപക്ഷത്ത് നിര്‍ത്തി അടച്ചാക്ഷേപിക്കുന്നത് നല്ല രീതിയല്ല. കമ്യൂണിസ്റ്റുകാരെന്ന് നാം ഒറ്റയടിക്ക് പറയുമ്പോഴും അവരാരും വര്‍ഗത്തിനോ വംശത്തിനോ ഭാഷയ്ക്കോ ഒന്നും അതീതരല്ല. അതാണതിലെ പ്രശ്നം. ഹിന്ദുക്കളും അങ്ങനെ തന്നെയാണ്. ഹിന്ദുക്കള്‍ക്കകത്തും വൈവിധ്യങ്ങളുണ്ട്. ശ്രീനാരായാണ ഗുരു ചിന്തകള്‍ അംഗീകരിക്കുന്നവരില്ലേ. ഹിന്ദുക്കളില്‍ തന്നെ അവഗണിക്കപ്പെട്ടവരും അടിച്ചമര്‍ത്തപ്പെട്ടവരുമായ എത്രമാത്രം അവാന്തര സാമൂഹിക വിഭാഗങ്ങളുണ്ട്. ഹിന്ദു എന്നത് ഏകതാന സമൂഹമൊന്നുമല്ല.

മാധ്യമവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടക്കുന്നതിനിടെ ‘മാധ്യമവും മറ്റുചില കാര്യങ്ങളും’ എന്ന തലക്കെട്ടില്‍ താങ്കള്‍ ഫേസ്ബുക്കില്‍ എഴുതിയ ഒരു പോസ്റ്റില്‍ ‘ഇസ്ലാമോഫോബിയ എന്ന് വിലപിക്കുമ്പോള്‍, ആത്മവിമര്‍ശനം നടത്തേണ്ടത് ജമാഅത്തെ ഇസ്ലാമിയും മാധ്യമവുമാണ്” എന്ന് പരാമര്‍ശിക്കുന്നുണ്ട്. എന്താണതുകൊണ്ട് ഉദ്ദേശിച്ചതെന്ന് കൂടുതല്‍ വ്യക്തമാക്കാമോ?

എത് ചെറിയ വിമര്‍ശനത്തെ പോലും അസഹിഷ്ണുതയോടെയാണ് ജമാഅത്തെ ഇസ്ലാമി നോക്കിക്കാണുന്നത്. വളരെ ചെറിയ വിമര്‍ശനങ്ങളെ പോലും അവര്‍ ഇസ്ലാമോഫോബിയ എന്ന ആരോപണമുന്നയിച്ചാണ് പ്രതിരോധിക്കുന്നത്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ ജമാഅത്തെ ഇസ്ലാമിക്ക് യു.ഡി.എഫുമായായിരുന്നു സഖ്യം. കോണ്‍ഗ്രസ് എല്ലാ കാലത്തും ഒരു സവര്‍ണ മേധാവിത്വം നിലനിര്‍ത്തിയ പാര്‍ട്ടിയാണ്. ഇന്നും അങ്ങനെ തന്നെയാണ്. ഈ സവര്‍ണ മേധാവികളുമായി ജമാഅത്ത് ബന്ധം സ്ഥാപിച്ചപ്പോള്‍ സ്വാഭാവികമായും അതിനെതിരെ വിമര്‍ശനം ഉണ്ടായി. ഇത്തരം വിമര്‍ശനങ്ങളുടെ ഭാഗമായാണ് വെല്‍ഫെയര്‍പാര്‍ട്ടി നേതാക്കളായിരുന്ന ശ്രീജ നെയ്യാറ്റിന്‍കരയും കെ. അംബുജാക്ഷനുമൊക്കെ പാര്‍ട്ടി വിട്ട് പുറത്തുപോയത്. അതിലുണ്ടായിരുന്ന ദളിതര്‍ കൂടുതലും ആ പാര്‍ട്ടി വിട്ട് പോയില്ലേ. ഈ സമയത്തെങ്കിലും അവര്‍ സ്വയം വിമര്‍ശനം നടത്തുകയല്ലേ വേണ്ടത്. അല്ലാതെ എല്ലാതരം രാഷ്ട്രീയ വിമര്‍ശനങ്ങളെയും ഇസ്ലാമോഫോബിയ എന്ന മുദ്ര കുത്തുകയാണോ വേണ്ടത്.

ശ്രീജ നെയ്യാറ്റിന്‍കര, കെ അംബുജാക്ഷന്‍ എന്നിവര്‍

കേവലമായ രാഷ്ട്രീയ താത്പര്യങ്ങള്‍ക്ക് വേണ്ടി അവര്‍ വിശാലമായ ജനവിഭാഗങ്ങള്‍ തമ്മിലുള്ള ഐക്യസാധ്യതകളെ നഷ്ടപ്പെടുത്തുകയാണ് ചെയ്തത്.
ഇത് തന്നെയാണ് ദേശീയ സ്വാതന്ത്ര്യ സമരത്തിലും നടന്നത്. അത് അന്ന് അംബേദ്കര്‍ തന്നെ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ജമാഅത്തെ ഇസ്ലാമിയും ദാവൂദും നടത്തുന്ന ഇത്തരം പ്രചരണത്തിലൂടെ മുസ്ലിം സമുദായത്തെ ഇവര്‍ സങ്കുചിതമാക്കി മാറ്റുകയാണ്. സവര്‍ണമേധാവികളാണോ അല്ലെങ്കില്‍ മുസ്ലിങ്ങള്‍ക്ക് സമാനമായ രീതിയില്‍ ഈ രാജ്യത്ത് അടിച്ചമര്‍ത്തപ്പെട്ടുകൊണ്ടിരിക്കുന്ന പിന്നോക്ക വിഭാഗങ്ങളാണോ അവരുടെ സഖ്യകക്ഷികളാവേണ്ടത് എന്നത് അവര്‍ ചിന്തിക്കേണ്ട വിഷയമാണ്.

ദളിത് മുസ്ലിം ഐക്യരാഷ്ട്രീയത്തെ പ്രത്യയശാസ്ത്രപരമായി സമീപിക്കാതെ സാങ്കേതികമായാണ് ജമാഅത്തെ ഇസ്ലാമി കണ്ടത്. അത്തരം സാങ്കേതിക കാഴ്ചപ്പാടിലൂടെയൊന്നും ഒരു സാമൂഹിക രാഷ്ട്രീയ മുന്നേറ്റം സാധ്യമല്ല. അവരൊരു സിദ്ധാന്തവുമായി വന്ന് കുറേ ദളിത് സ്നേഹം പറഞ്ഞാലൊന്നും അതിനെ ആരും അംഗീകരിക്കാന്‍ പോകുന്നില്ല.

മതം നിലനില്‍ക്കേണ്ടത് അതിന്റെ സര്‍ഗാത്മക സൗന്ദര്യത്തിലൂടെയും പ്രാപഞ്ചിക ബന്ധങ്ങളിലൂടെയുമൊക്കെയാണ്. മനുഷ്യനും പ്രകൃതിയും മനുഷ്യനും മനുഷ്യനും തമ്മിലുള്ള ബന്ധങ്ങളിലൂടെയൊക്കെയാണ് മതം വികസിക്കുകയും മുന്നോട്ടുപോവുകയും ചെയ്യേണ്ടത്. അല്ലാതെ മുഹമ്മദ് നബി പറയുന്ന കല്പനകളെല്ലാം നേരിട്ട് നടപ്പാക്കണമെന്ന് പറയുന്നതില്‍ വലിയ കാര്യമൊന്നുമില്ല. ഇതാണെന്റെ കാഴ്ചപ്പാട്.

ലോക്ഡൗണ്‍ സമയത്ത് ഇടതുപക്ഷ സര്‍ക്കാറിനെ അഭിനന്ദിച്ചുകൊണ്ട് താങ്കള്‍ ഫേസ്ബുക്കില്‍ എഴുതിയിരുന്നു. ഇടത് ഭരണത്തില്‍ തന്നെയാണ് താങ്കള്‍ക്ക് സമഗ്രസംഭാവനയ്ക്കുള്ള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിക്കുന്നത്. നേരത്തെ ജമാഅത്തെ ഇസ്ലാമിയുമായും മാധ്യമവുമായുമെല്ലാം വളരെ അടുത്ത് സഹകരിച്ചിരുന്ന താങ്കള്‍ ഇപ്പോള്‍ അവരുമായുള്ള വിയോജിപ്പുകള്‍ പരസ്യമായി പ്രകടിപ്പിക്കുന്നത് താങ്കള്‍ ഇടതുപക്ഷത്തോട് കൂടുതല്‍ താത്പര്യം പുലര്‍ത്തുന്നതുകൊണ്ടാണെന്നും ആരോപണങ്ങളുണ്ട്. എന്താണ് പ്രതികരണം?

ലോക്ഡൗണ്‍ സമയത്തെ സര്‍ക്കാര്‍ ഇടപെടലുകളെക്കുറിച്ച് ഞാന്‍ നടത്തിയ പ്രതികരണങ്ങളെ എന്റെ രാഷ്ട്രീയ കാഴ്ചപ്പാടുകളുമായി ചേര്‍ത്തുവായിക്കുന്നതില്‍ യാതൊരു അടിസ്ഥാനവുമില്ല. എനിക്ക് പെന്‍ഷനുണ്ട്. എന്റെ മകന് ജോലിയുണ്ട്. എന്നാല്‍ അതുപോലെ ആയിരുന്നില്ല എന്റെ ചുറ്റുവട്ടത്ത് ജീവിക്കുന്ന സാധാരണക്കാരായ മനുഷ്യരുടെ സ്ഥിതി. അവര്‍ അന്നന്ന് കിട്ടുന്ന കൂലിയില്‍ നിന്ന് ജീവിച്ചിരുന്നവരാണ്. ലോക്ഡൗണിനെത്തുടര്‍ന്ന് യാതൊരു വരുമാനവുമില്ലാതെ നില്‍ക്കുന്ന സമയത്ത് അവര്‍ക്ക് ലഭിച്ച ഏറ്റവും വലിയ ആനുകൂല്യമായിരുന്നു സര്‍ക്കാറിന്റെ കിറ്റ് വിതരണം. അത് ലഭിച്ചില്ലായിരുന്നുവെങ്കില്‍ കൂട്ട പട്ടിണിമരണം നടക്കുമായിരുന്നു ഇവിടെ. സണ്ണി എം. കപിക്കാടുമായി ഞാന്‍ ഈ വിഷയം ദീര്‍ഘമായി ചര്‍ച്ച ചെയ്തതാണ്.

കെ.കെ. കൊച്ച്

നമ്മള്‍ അനുഭവിച്ചത് ഒരു എപ്പിഡമിക് അല്ല, ഒരു പാന്‍ഡമിക് ആയിരുന്നു. അങ്ങനെയൊരു പാന്‍ഡമികിലേക്ക് നാമെത്തിയതിന് ചരിത്രപരമായ ഒട്ടേറെ കാരണങ്ങളുണ്ടായിരുന്നു. അതിലേക്ക് ഞാന്‍ പോകുന്നില്ല. ദുരന്തം ഏറ്റവുമധികം ബാധിച്ചത് ദളിത് കോളനികളിലുള്ളവര്‍, മത്സ്യത്തൊഴിലാളികള്‍, തോട്ടംതൊഴിലാളികള്‍ എന്നിവരെയൊക്കെയാണ്. അതുകൊണ്ട് അവര്‍ക്ക് സവിശേഷ ശ്രദ്ധ നല്‍കുന്ന ഒരു നയം വേണമെന്ന ആവശ്യം നമ്മള്‍ മുന്നോട്ടു വെച്ചിരുന്നു. അത്തരം ഘട്ടത്തില്‍ സര്‍വ ജീവിത മാര്‍ഗങ്ങളും നിലച്ചുപോയ മനുഷ്യരുടെ ജീവന്‍ നിലനിര്‍ത്താനാവശ്യമായ ഭക്ഷ്യകിറ്റുകള്‍ നല്‍കാന്‍ തയ്യാറായ സര്‍ക്കാര്‍ നടപടിയെയാണ് ഞാന്‍ പിന്തുണച്ചത്. അതിനര്‍ത്ഥം ഞാന്‍ മാര്‍ക്സിസത്തെ അംഗീകരിക്കുന്നു എന്നല്ല.

ഇടതുപക്ഷത്തോടുള്ള എന്റെ സമീപനങ്ങള്‍ എല്ലാ കാലത്തും പ്രത്യയശാസ്ത്രപരമാണ്. അതിനിയും തുടരും. നേരത്തെ കോണ്‍ഗ്രസ് ഭരണകാലത്ത് എം.എ. കുട്ടപ്പന്റെയും കെ.സി. ജോസഫിന്റെയുമെല്ലാം വേദികളില്‍ സ്ഥിരമായി ഞാന്‍ പങ്കെടുക്കാറുണ്ടായിരുന്നു. അന്നെന്നെ കോണ്‍ഗ്രസ് അനുഭാവി എന്നാണ് വിലയിരുത്തിയത്. അതിലൊന്നും വലിയ കാര്യമില്ല.

ഇപ്പോള്‍ തന്നെ സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചതിനെത്തുടര്‍ന്ന് കോണ്‍ഗ്രസും, സി.എസ്.ഡി.എസും, കേരള കോണ്‍ഗ്രസും, സി.പി.ഐ.എമ്മും ഒക്കെ എനിക്ക് സ്വീകരണവും അഭിനന്ദനവുമൊക്കെ നല്‍കുന്നുണ്ട്. ചില പൊതുപരിപാടികള്‍ നടക്കാനിരിക്കുന്നുമുണ്ട്. ഞാന്‍ എല്ലാവരുമായും സംവാദാത്മകമായ മെച്ചപ്പെട്ട ഒരു സാമൂഹിക രാഷ്ട്രീയ ബന്ധം മാത്രമാണ് നിലനിര്‍ത്തുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Interview with KK Kochu on Taliban – Madhyamam – LDF

ഷഫീഖ് താമരശ്ശേരി

മാധ്യമപ്രവര്‍ത്തകന്‍

Video Stories