ഗോത്രവിഭാഗത്തില്‍ നിന്നുള്ള നേതാവായ ദ്രൗപദി മുര്‍മുവിനെ എന്‍.ഡി.എ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയാക്കിയതിന്റെ പശ്ചാത്തലത്തില്‍ സമകാലീന ഇന്ത്യയിലെ ദളിത് രാഷ്ട്രീയത്തെ കുറിച്ച് കാഞ്ച ഐലയ്യ ഷെപ്പേഡുമായി നടത്തിയ ദീര്‍ഘ സംഭാഷണം
രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി ആദിവാസി വിഭാഗക്കാരിയായ ദ്രൗപദി മുര്‍മുവിനെ എന്‍.ഡി.എ തെരഞ്ഞെടുത്തത് ചര്‍ച്ചകയായിരിക്കുകയാണല്ലോ. ഗോത്രവിഭാഗത്തില്‍ നിന്നുള്ള ആദ്യ ഇന്ത്യന്‍ പ്രസിഡന്റ് എന്ന ചരിത്രത്തിനാണ് ഈ സ്ഥാനാര്‍ത്ഥി തെരഞ്ഞെടുപ്പ് വഴിവെച്ചിരിക്കുന്നതെന്നാണ് ഒരു വാദം. ഗോത്ര വിഭാഗങ്ങള്‍ക്കിടയില്‍ സ്വാധീനം വര്‍ധിപ്പിക്കാനും തങ്ങള്‍ എല്ലാവരെയും ഉള്‍ക്കൊള്ളുന്ന പാര്‍ട്ടിയാണെന്ന വ്യാജധാരണയുണ്ടാക്കി രാഷ്ട്രീയലാഭം കൊയ്യാനുള്ള ബി.ജെ.പി നീക്കമാണിതെന്നാണ് മറുവാദം. താങ്കള്‍ ഈ സാഹചര്യങ്ങളെ എങ്ങനെയാണ് വിലയിരുത്തുന്നത് ?
ഭരിക്കുന്ന പാര്‍ട്ടി വലിയ വിജയസാധ്യതയുള്ള ഒരു സീറ്റിലേക്ക് ഗോത്രവിഭാഗത്തില്‍ നിന്നൊരാളെ സ്ഥാനാര്‍ത്ഥിയാക്കുന്നുണ്ടെങ്കില്‍ അത് പോസിറ്റീവായ നടപടി തന്നെയാണ്. കോണ്‍ഗ്രസിനോ യു.പി.എ സഖ്യത്തിനോ മറ്റു പാര്‍ട്ടികള്‍ക്കോ ഇത് നേരത്തെ ചെയ്യാമായിരുന്നല്ലോ. അങ്ങനെ ചെയ്തിരുന്നെങ്കില്‍ ഒരു ഗോത്രവിഭാഗക്കാരി രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയാകുന്നത് ഇത്രയും വലിയ വാര്‍ത്ത പോലുമാകുമായിരുന്നില്ല. ഗോത്രവിഭാഗങ്ങളുടെ വോട്ട് നേടാനോ പാര്‍ട്ടിയുടെ പ്രതിച്ഛായ കൂട്ടാനോ ഇന്‍ക്ലൂസീവ് സര്‍ക്കാരാണെന്ന് കാണിക്കാനോ വേണ്ടിയുള്ള ശ്രമമാണെന്ന ചര്‍ച്ചയും വരില്ലായിരുന്നു.
ഈ മണ്ണിലെ ആദ്യ ജനവിഭാഗത്തെ കോണ്‍ഗ്രസടക്കമുള്ള ഒരു പാര്‍ട്ടിയും ഇത്രയും നാളും തിരിഞ്ഞുനോക്കിയിരുന്നില്ലെന്ന് തന്നെയാണ് ഇതെല്ലാ സൂചിപ്പിക്കുന്നത്. രാജ്യത്തെ ആകെ ജനസംഖ്യയുടെ 8.5 ശതമാനത്തോളം ഗോത്രവിഭാഗക്കാരാണ്. അവരില്‍ നിന്നും ആരെയെങ്കിലും ഒരാളെ ഏതെങ്കിലും ഘട്ടത്തില്‍ ഇപ്പോള്‍ വിമര്‍ശനമുന്നയിക്കുന്ന പാര്‍ട്ടിക്കാര്‍ക്ക് പ്രസിഡന്റാക്കാമായിരുന്നു. എന്നാല്‍ അവരാരും അത് ചെയ്തില്ല.
കമ്യൂണിസ്റ്റുകാര്‍ പി.ബിയിലേക്കോ സെക്രട്ടറി സ്ഥാനത്തേക്കോ ഇതുവരെയും ഒരു ആദിവാസിയെ കൊണ്ടുവന്നിട്ടില്ല, പിന്നെയാണോ രാജ്യത്തിന്റെ പ്രസിഡന്റ് സ്ഥാനത്തേക്ക്. അതുകൊണ്ടു തന്നെ ഇപ്പോള്‍ ദ്രൗപദി മുര്‍മുവിന്റെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ ഉയരുന്നത് അടിസ്ഥാനമില്ലാത്ത വിമര്‍ശനങ്ങളാണ്.
ദ്രൗപദി മുര്‍മു
ഇനി ഇത് സംഘപരിവാറിന്റെ രാഷ്ട്രീയതന്ത്രമാണെങ്കില്‍ തന്നെ ആരാണ് ഇവിടെ തന്ത്രങ്ങള്‍ പ്രയോഗിക്കാത്തത് എന്നുകൂടി പറയണം. ഹിന്ദുത്വയോ മോദിയോ മാത്രമല്ല, ഇവിടെ എല്ലാവരും വോട്ടുബാങ്ക് നോക്കി തന്നെയാണ് രാഷ്ട്രീയനീക്കങ്ങളും തീരുമാനങ്ങളും എടുക്കുന്നത്. മതേതരത്വത്തിന്റെ പേരും പറഞ്ഞ് ഇടത് ലിബറലുകള്‍ സവര്‍ണരെയാണ് എക്കാലവും വളര്‍ത്തിയത്. ഇപ്പോള്‍ തന്നെ നോക്കൂ, യശ്വന്ത് സിന്‍ഹയെയാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ സ്ഥാനാര്‍ത്ഥിയാക്കിയിരിക്കുന്നത്. അദ്ദേഹം സവര്‍ണജാതിയായ കായസ്ത വിഭാഗത്തില്‍ പെട്ടയാളാണ്. പോരാത്തത്തിന് നേരത്തെ ബി.ജെ.പി നേതാവായിരുന്നയാളും.
ദ്രൗപദി മുര്‍മുവിനെതിരെ കുറഞ്ഞപക്ഷം ഒ.ബി.സി വിഭാഗത്തില്‍ പെട്ട, മണ്ഡല്‍ കമ്മീഷന്റെ നിര്‍ദേശങ്ങള്‍ നടപ്പിലാക്കാന്‍ ശ്രമിച്ച ഒരാളെയെങ്കിലും നിര്‍ത്താമായിരുന്നു. അത് പോലും ചെയ്തില്ല. കോണ്‍ഗ്രസും പ്രതിപക്ഷ പാര്‍ട്ടികളും ഗോത്രവിഭാഗത്തില്‍ നിന്നുള്ള ഒരാളെ തന്നെ എതിര്‍സ്ഥാനാര്‍ത്ഥിയാക്കിയ ശേഷമായിരുന്നു ഈ വിമര്‍ശനമെല്ലാം ഉന്നയിക്കുന്നതെങ്കില്‍ മനസിലാക്കാമായിരുന്നു. കോണ്‍ഗ്രസിലും അവരുടെ സഖ്യ കക്ഷികളിലും എത്രയോ ദളിത് – ആദിവാസി വനിതകളുണ്ട്, എന്നിട്ടും ധനികയായ പ്രതിഭ പാട്ടീലിനെ തന്നെയല്ലേ നേരത്തെയും അവര്‍ പ്രസിഡന്റാക്കിയത്. ആര്‍ക്കും ഏതു തരത്തിലുള്ള വിമര്‍ശനവും ഉന്നയിക്കാം. പക്ഷെ കേള്‍ക്കുന്ന ജനങ്ങള്‍ക്ക് വിശ്വസിക്കാന്‍ കൂടി കഴിയണം.
കഴിഞ്ഞ തവണ പ്രതിപക്ഷം ഒരു ദളിത് സ്ത്രീയെ സ്ഥാനാര്‍ത്ഥിയാക്കിയപ്പോള്‍ എന്‍.ഡി.എ നിര്‍ത്തിയത് ദളിത് പുരുഷനെയായിരുന്നു എന്ന് ഓര്‍ക്കണം. അന്ന് കാര്യങ്ങളെല്ലാം ഒരുവിധം സമാധാനത്തിലാണ് നടന്നത്. ദ്രൗപദി എന്നത് ഇന്നും അത്ര പൊതു സ്വീകാര്യത നേടാത്ത ഒരു പേരാണ്. രാഷ്ട്രീയത്തിന്റെ അധികാരകേന്ദ്രങ്ങളിലൊന്നും ഈ പേരുള്ളവരെ കാണാനിടയില്ല. മതേതര പാര്‍ട്ടികളിലോ കമ്യൂണിസ്റ്റ് പാര്‍ട്ടികളിലോ ദ്രൗപദി എന്ന പേരിലൊരാളെ കാണാനാകില്ല. അങ്ങനെ സ്വീകാര്യതയില്ലാത്ത പേര് കൂടി സ്വന്തമായുള്ള ഗോത്രവിഭാഗക്കാരിയെയാണ് എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയാക്കിയിരിക്കുന്നത്. അത് പ്രധാനപ്പെട്ടതാണെന്ന് തന്നെയാണ് എന്റെ പൂര്‍ണവിശ്വാസം.
സംഘപരിവാര്‍ കാലത്തെ ദളിത് രാഷ്ട്രീയം എന്ന വിശാല അര്‍ത്ഥത്തില്‍ കൂടി ഈ സ്ഥാനാര്‍ത്ഥിത്വത്തെയും രാഷ്ട്രീയ സാഹചര്യങ്ങളെയും വിലയിരുത്തേണ്ടതില്ലേ ?
ദളിതരും മനുഷ്യരാണ്. അവരും അധികാരവും പദവികളും ആഗ്രഹിക്കുന്നുണ്ട്. ദളിതരുടെ ഏറ്റവും സുപ്രധാന നേതാവ് അംബേദ്കറാണെന്നത് സത്യം തന്നെയാണ്. ഞാനടക്കമുള്ള ഭൂരിഭാഗം ദളിതരും അംബേദ്കറുടെ ആശയങ്ങളും ആദര്‍ശങ്ങളും പിന്തുടരുന്നവരുമാണ്. പക്ഷെ, കോണ്‍ഗ്രസിനേക്കാള്‍ ബി.ജെ.പിയും ആര്‍.എസ്.എസുമാണ് അംബേദ്കറെ കൂടുതല്‍ വിലമതിക്കുന്നത്. ഇത് ദളിത് വിഭാഗങ്ങള്‍ക്കിടയില്‍ ആശയക്കുഴപ്പമുണ്ടാക്കുന്നുണ്ട്. അംബേദ്കറോടുള്ള നിലപാട് വെച്ചുനോക്കുമ്പോള്‍ കോണ്‍ഗ്രസിനേക്കാള്‍ നല്ലത് ബി.ജെ.പിയുടെ ഭരണമാണല്ലോ എന്ന് അവരില്‍ ചിലരെങ്കിലും ചിന്തിച്ചാല്‍ കുറ്റം പറയാനാകില്ല.
ഇതുവരെ രാജ്യം ഭരിച്ച പാര്‍ട്ടികളില്‍ ബി.ജെ.പിയാണ് അംബേദ്കറെ ഏറ്റവും കൂടുതല്‍ ചേര്‍ത്തുപിടിക്കാന്‍ ശ്രമിക്കുന്നത്. അത് വളരെ വ്യക്തമായ രൂപത്തില്‍ തന്നെ അവര്‍ പ്രകടിപ്പിക്കുന്നുമുണ്ട്. സ്വാഭാവികമായും ദളിതരില്‍ പലരും അവരോടൊപ്പം പോയെന്നിരിക്കും.
അംബേദ്കര്‍ ഭരണഘടന തയ്യാറാക്കി സമര്‍പ്പിച്ചപ്പോള്‍ ആര്‍.എസ്.എസും കമ്യൂണിസ്റ്റും അതിനെ എതിര്‍ത്തിരുന്നു. പാശ്ചാത്യരാജ്യങ്ങളില്‍ നിന്നും കോപ്പിയടിച്ചതാണെന്നും ലോകത്തെ മറ്റെല്ലാ ഭരണഘടനകളും കൂട്ടിക്കുഴച്ചുവെച്ചിരിക്കുകയാണെന്നുമായിരുന്നു ആര്‍.എസ്.എസിന്റെ വിമര്‍ശനം. സാമ്രാജ്യത്വ-ബൂര്‍ഷ്വാ ഭരണഘടനയെ അംഗീകരിക്കില്ലെന്നായിരുന്നു കമ്യൂണിസ്റ്റുകാരുടെ വാദം. ഈ രണ്ട് ഗ്രൂപ്പുകളുടെയും പ്രത്യയശാസ്ത്രപരമായ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നത് ബ്രാഹ്മണരായിരുന്നു എന്ന കാര്യമാണ് ഇവിടെ ഓര്‍ക്കേണ്ടത്. എന്തോ ഭാഗ്യത്തിന് അംബേദ്കര്‍ തയ്യാറാക്കിയ ഇന്ത്യയുടെ ഭരണഘടന നിലവില്‍ വന്നു.
കമ്യൂണിസ്‌റ്റോ കോണ്‍ഗ്രസോ അംബേദ്കറെ പുതിയ രീതിയില്‍ മനസിലാക്കാനും, സമകാലീനകാലത്തെ അദ്ദേഹത്തിന്റെ പ്രാധാന്യം തിരിച്ചറിയാനും, ഭരണഘടനാ സംരക്ഷണത്തിനു വേണ്ടി പോരാടാനും തയ്യാറായിരുന്നെങ്കില്‍ ബി.ജെ.പിക്ക് ഒന്നും ചെയ്യാനാകുമായിരുന്നില്ല. പക്ഷെ അവരിപ്പോഴും പഴയ ‘ഗാന്ധി… നെഹ്‌റു… ഇന്ദിര ഗാന്ധി…’ എന്ന് വിളിച്ച് നടക്കുകയാണ്. അവിടെ എവിടെയും അംബേദ്കറില്ല. കമ്യൂണിസ്റ്റുകാരും അംബേദ്കറോട് സമാനമായ നിലപാടാണ് പുലര്‍ത്തിയത്.
ബി.ജെ.പി ചരിത്രത്തില്‍ മികച്ച ഒരു ദേശീയ നേതാവില്ലാത്തതിനാല്‍ അവര്‍ അംേബദ്കറെ തങ്ങളുടേതാക്കാന്‍ നോക്കുന്നു. ഈയൊരു സാഹചര്യത്തില്‍ ബി.ജെ.പിയേക്കാള്‍ നന്നായി പ്രവര്‍ത്തിക്കുന്നത് കോണ്‍ഗ്രസോ കമ്യൂണിസ്‌റ്റോ ആണെന്ന് എങ്ങനെയാണ് ദളിത് വിഭാഗങ്ങളോട് പറയാന്‍ സാധിക്കുക.
മുസ്‌ലിങ്ങളെയും ക്രിസ്ത്യാനികളെയുമേ തങ്ങള്‍ എതിര്‍ക്കുന്നുള്ളുവെന്നും ദളിതരോടും ആദിവാസികളോടുമൊപ്പം നില്‍ക്കുമെന്നുമാണ് ബി.ജെ.പി പറയുന്നത്. ഒ.ബി.സി-ദളിത്-ആദിവാസി വിഭാഗങ്ങളുടെ പാര്‍ട്ടിയാണ് തങ്ങളെന്ന പ്രതീതി ജനിപ്പിക്കാനും ബി.ജെ.പി ശ്രമിക്കുന്നുണ്ട്. ദളിത് വിഭാഗങ്ങള്‍ ബി.ജെ.പി പറയുന്നത് വിശ്വസിക്കാനുള്ള സാധ്യതയേറെയാണ്. അവരോട് പോയി ബി.ജെ.പി പറയുന്നതല്ല, മതേതര രാഷ്ട്രീയം തന്നെയാണ് നിങ്ങള്‍ക്ക് നല്ലതെന്ന് പറഞ്ഞ് ബോധ്യപ്പെടുത്താന്‍ പ്രയാസമാണ്. കാരണം ഈ പറയുന്ന സെക്യുലര്‍ പൊളിറ്റിക്‌സ് അവര്‍ക്ക് ഒരു ഗുണവും ചെയ്തിട്ടില്ല. ദളിതര്‍ അനവധിയായ പ്രശ്‌നങ്ങളിലൂടെയാണ് ഇന്നും കടന്നുപോകുന്നത്.
ബി.ജെ.പി ദളിതര്‍ക്കൊപ്പമാണെന്ന പ്രതിച്ഛായ സൃഷ്ടിക്കാന്‍ ശ്രമിക്കുന്നുണ്ടെന്നാണല്ലോ പറഞ്ഞത്. ഇക്കഴിഞ്ഞ വര്‍ഷങ്ങളില്‍ ബി.ജെ.പി അധികാരത്തിലുള്ള സംസ്ഥാനങ്ങളില്‍ നിന്നടക്കം ദളിതര്‍ക്ക് നേരെ ക്രൂരമായ അക്രമങ്ങള്‍ നടക്കുന്നതിന്റെ വാര്‍ത്തകള്‍ തുടര്‍ച്ചയായി വന്നിരുന്നു. സമീപകാലത്തായി ദളിതര്‍ക്ക് നേരെ നടക്കുന്ന അതിക്രമങ്ങളെ എങ്ങനെയാണ് വിലയിരുത്തുന്നത് ? അക്രമസംഭവങ്ങളിലാണോ അത് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതിലാണോ വര്‍ധനവുണ്ടായിരിക്കുന്നത് ?
ദളിതര്‍ക്ക് നേരെ എക്കാലത്തും അതിക്രമങ്ങള്‍ നടന്നിട്ടുണ്ട്. ദളിതര്‍ അനീതികള്‍ക്കെതിരെ ശബ്ദിക്കാന്‍ തുടങ്ങിയതോടെ അവര്‍ക്കെതിരെയുള്ള അക്രമങ്ങളും വര്‍ധിച്ചു. കേരളചരിത്രം തന്നെ പരിശോധിച്ചാല്‍ ഇത് കാണാനാകും. ദളിത് സ്ത്രീകള്‍ മേല്‍ക്കുപ്പായം ധരിക്കരുതെന്ന ചട്ടം വന്നപ്പോള്‍ അവര്‍ അതിനെതിരെ ആദ്യം പ്രതികരിച്ചില്ല അതുകൊണ്ട് തന്നെ അവിടെ അക്രമങ്ങളുണ്ടായില്ല. ദളിതര്‍ പൊതുനിരത്തിലൂടെ നടക്കരുതെന്ന ജാതീയ ചട്ടത്തെ അയ്യങ്കാളി ലംഘിച്ചപ്പോള്‍ അവിടെ അക്രമസംഭവങ്ങളും അടിച്ചമര്‍ത്തലുമുണ്ടായി. ഇതുതന്നെയാണ് ഇപ്പോഴും സംഭവിക്കുന്നത്.
ബി.ജെ.പി ഭരണത്തിന് കീഴിലും പല പട്ടിക ജാതി/പട്ടിക വര്‍ഗ സംരക്ഷണ നിയമങ്ങളും ഭേദഗതി ചെയ്യപ്പെടുകയും ഇല്ലാതാകുകയും ചെയ്തിട്ടുണ്ട്. നിരവധി അതിക്രമങ്ങളും നടന്നു. പ്രതിഷേധങ്ങളും അതിനനുസരിച്ച് വര്‍ധിച്ചിട്ടുണ്ട്. നേരത്തെയും ദളിതര്‍ക്കെതിരെ അക്രമങ്ങളും പീഡനങ്ങളുമെല്ലാം നടന്നിരുന്നു. എന്നാല്‍ ഇന്ന് അതെല്ലാം ചോദ്യം ചെയ്യപ്പെടുന്നുണ്ട്. ദളിതര്‍ക്കിടയിലെ രാഷ്ട്രീയ ഇടപെടലുകളും ബോധ്യങ്ങളും ശക്തമായ പ്രതികരണത്തിന് വഴിവെക്കുന്നുണ്ട്. എന്നാല്‍ അതിക്രമങ്ങളുടെ എണ്ണം കൂടിയോ കുറഞ്ഞോ എന്നുള്ളതല്ല ദളിത് മുന്നേറ്റത്തിന്റെ അളവുകോലാകേണ്ടത്, മറിച്ച് വിദ്യാഭ്യാസ-രാഷ്ട്രീയ-മത-സാമൂഹ്യരംഗങ്ങളില്‍ അവര്‍ നേടിയ പുരോഗതിയാണ്.
മതം ദളിത് വിഭാഗങ്ങളുടെ പുരോഗതിയില്‍ വലിയ പങ്കുവഹിക്കും. ഉദാഹരണത്തിന്, രാജ്യത്തെ ആകെ ജനസംഖ്യയുടെ 18 ശതമാനത്തോളം വരുന്ന ദളിതര്‍ മിഡില്‍ ക്ലാസിലേക്കെത്തുന്നതിനേക്കാള്‍ വലിയ മാറ്റമായിരിക്കും അവര്‍ ബുദ്ധമതം സ്വീകരിച്ചാല്‍ ജീവിതനിലവാരത്തില്‍ സംഭവിക്കുക. കാരണം 18 ശതമാനം വരുന്ന ജനങ്ങള്‍ അവരുടെ സ്വന്തം മതവും വിഹാരങ്ങളും സ്‌കൂളുകളും മറ്റു സ്ഥാപനങ്ങളുമായി ജീവിക്കാന്‍ തുടങ്ങിയാല്‍ മറ്റാര്‍ക്കും അവരെ ആക്രമിക്കാനാകില്ല.
മൂന്ന് ശതമാനം മാത്രം വരുന്ന ക്രിസ്ത്യാനികള്‍ക്കെതിരെ അതിക്രമങ്ങള്‍ നടക്കാത്തത് അവര്‍ ഒരു സംഘടിത മതമായതുകൊണ്ടാണ്. വത്തിക്കാന്‍ കേന്ദ്രമായി അന്താരാഷ്ട്ര ബന്ധങ്ങളും അവര്‍ക്കുണ്ട്. ഇപ്പോള്‍ ഒരു ദളിത് കര്‍ദ്ദിനാളെ അവര്‍ നിയമിച്ചിട്ടുണ്ട്. ശൂദ്രനായിരുന്ന ദേവസഹായം പിള്ളയെ വിശുദ്ധനാക്കി പ്രഖ്യാപിച്ചിരിക്കുന്നു. പക്ഷെ ദളിതര്‍ക്ക് അത്തരത്തില്‍ ഒരു മതപരമായ ഐക്യമോ രൂപമോ ഇല്ല.
മതപരിവര്‍ത്തനം ദളിതരുടെ ജീവിതനിലവാരം ഉയര്‍ത്തുന്നതടക്കം വിവിധ തലങ്ങളില്‍ സഹായിക്കുമെന്നാണോ താങ്കള്‍ ഉദ്ദേശിക്കുന്നത് ?
മതപരിവര്‍ത്തനം എന്നല്ല, എല്ലാ ദളിതരും ചേര്‍ന്ന് ഒരു മതത്തിന്റെ ഭാഗമായാല്‍ അത് അവരുടെ ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ വരുത്തുമെന്നും അവരുടെ ഉന്നമനത്തിന് സഹായിക്കുമെന്നും ജാതീയ അതിക്രമങ്ങള്‍ കുറക്കുമെന്നുമാണ് ഞാന്‍ പറയുന്നത്. ഹിന്ദുമതത്തില്‍ നിന്നുകൊണ്ട് ഒരിക്കലും ദളിതര്‍ക്ക് പുരോഗതി കൈവരിക്കാന്‍ സാധിക്കുകയില്ല. ഒരിക്കലും ഒരു ദളിതന് ഹിന്ദുമതത്തിലെ ഉന്നതസ്ഥാനമായ ബ്രാഹ്മണ പദവിയിലെത്താനാകില്ല, അമ്പലങ്ങളുടെയോ ആരാധനാകേന്ദ്രങ്ങളുടെയോ പ്രമുഖസ്ഥാനത്തേക്ക് വരാനാകില്ല. അമ്പലങ്ങളുമായി ബന്ധപ്പെട്ടാണ് സ്വത്തും അധികാരവുമെല്ലാം നില്‍ക്കുന്നതെന്നും ഒാര്‍ക്കേണ്ടതുണ്ട്.
ഹിന്ദുമതത്തില്‍ മാത്രമല്ലല്ലോ ജാതീയത ഉള്ളത്. ക്രിസ്ത്യന്‍-മുസ്‌ലിം വിഭാഗങ്ങള്‍ക്കുള്ളിലെ ജാതീയതയും വിവേചനങ്ങളും ഇന്ന് വ്യാപകമായി ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. മതത്തിനുള്ളിലും മതവിഭാഗങ്ങള്‍ തമ്മിലും നടക്കുന്ന ദുരഭിമാനകൊലകളില്‍ ദളിതര്‍ക്കാണ് ഇന്നും ജീവന്‍ നഷ്ടപ്പെടുന്നത് ?
ഹിന്ദു ഇതര മതങ്ങളിലും ജാതീയ വിവേചനം നിലനില്‍ക്കുന്നുണ്ട്. മതപരിവര്‍ത്തനത്തിന് ശേഷവും അത് പലര്‍ക്കും നേരിടേണ്ടി വരുന്നുമുണ്ടാകാം. പക്ഷെ നമ്മള്‍ ഇവിടെ ശ്രദ്ധിക്കേണ്ടത് മറ്റു ചില കാര്യങ്ങളാണ്. അതായത് പരിവര്‍ത്തനം ചെയ്ത് എത്തുന്ന ഒരു ദളിതന് ഈ മതങ്ങള്‍ക്കുള്ളില്‍ എന്തെങ്കിലും പ്രത്യേക വിലക്കുകളുണ്ടോ, അവര്‍ക്ക് പുരോഹിതരാകാന്‍ പറ്റില്ലെന്നോ മതഗ്രന്ഥങ്ങള്‍ വിശദീകരിക്കരുതെന്നോ ചട്ടമുണ്ടോ എന്നാണ് പരിശോധിക്കേണ്ടത്. ക്രിസ്ത്യന്‍ മതത്തിലും ബുദ്ധമതത്തിലും ഇസ്‌ലാമിലുമെല്ലാം ദളിതര്‍ക്ക് അത്തരം വിലക്കുകള്‍ നേരിടേണ്ടി വരുന്നില്ല. ഹിന്ദുമതത്തില്‍ ശൂദ്രര്‍ക്കോ നായര്‍ക്കോ പോലും മതപരമായി ചില ഉന്നത പ്രവര്‍ത്തനങ്ങള്‍ നടത്താനാകില്ല. സവര്‍ണവിഭാഗത്തിലെ ബ്രാഹ്മണര്‍ക്ക് മാത്രമാണ് പുരോഹിതനാകാന്‍ കഴിയുന്നത്.
ഇന്ത്യന്‍ ഭരണഘടനയുള്ളതുകൊണ്ടാണ് ബി.ജെ.പിക്ക് ഒരു ദളിതയെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാക്കാന്‍ സാധിക്കുന്നത്. മനുധര്‍മയും ഋഗ്വേദവും ഭരിക്കുന്ന അമ്പലങ്ങളില്‍ ബി.ജെ.പിയും ആര്‍.എസ്.എസും ദളിതരെ അനുവദിക്കില്ല. കോണ്‍ഗ്രസും കമ്യൂണിസ്റ്റും മതപരമായ ഈ വിവേചനങ്ങള്‍ക്കെതിരെ രംഗത്തുവരാനും ശ്രമിച്ചിട്ടില്ല.
ദുരഭിമാനകൊലകളിലേക്ക് വന്നാല്‍, ഒരേ ജാതിക്കുള്ളില്‍ വരെ ഇത്തരം കൊലപാതകങ്ങള്‍ നടക്കാറുണ്ട്. വ്യക്തിപരമായ പ്രശ്‌നങ്ങളോ മതപരവും ജാതീയവുമായ കാരണങ്ങളോ വിദ്വേഷമോ അതിന് കാരണമാകാറുമുണ്ട്. എന്നാല്‍ അത്തരം ചില ഒറ്റപ്പെട്ട സംഭവങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രം ദളിത് സാഹചര്യങ്ങളെ അടയാളപ്പെടുത്താന്‍ കഴിയില്ല. ഓരോ കേസിലും എന്താണ് സംഭവിച്ചതെന്നും സമാനമായ സംഭവങ്ങള്‍ നിരന്തരം ആവര്‍ത്തിക്കുന്നുണ്ടോ എന്നതുമെല്ലാം പരിശോധിക്കപ്പെടേണ്ടതാണ്.
ഇന്ന് ഹിന്ദൂയിസം എന്ന് വിളിക്കുന്ന വര്‍ണ ധര്‍മയുടെ മൂവായിരം വര്‍ഷത്തെ ചരിത്രം തൊണ്ടുകൂടായ്മയും അനീതിയും അതിക്രമങ്ങളും നിറഞ്ഞതാണ്. ഇന്ന് അതേ ഹിന്ദൂയിസം ദ്രൗപദി എന്നു പേരുള്ള ഗോത്രവിഭാഗക്കാരിയെ പ്രസിന്റാക്കുന്നുണ്ടെങ്കില്‍ അതിനുള്ളില്‍ സംഭവിക്കുന്ന നവീകരണത്തെ കൂടിയാണ് അത് സൂചിപ്പിക്കുന്നത്.
ബി.ജെ.പി ദളിതര്‍ക്കൊപ്പമാണെന്ന് പറഞ്ഞാലും, സംഘപരിവാറിന്റെ അടിസ്ഥാന ആശയമായ ഹിന്ദുത്വയും മനുധര്‍മയും ക്രിസ്ത്യാനികളെയും മുസ്‌ലിങ്ങളെയും ദളിതരെയും ഒരുപോലെ അപരസ്ഥാനത്ത് നിര്‍ത്തുന്നതാണ്. ബി.ജെ.പി ഭരണത്തിന് കീഴില്‍ ഈ മൂന്ന് വിഭാഗങ്ങള്‍ക്ക് നേരെയും അതിക്രമങ്ങള്‍ വ്യാപകമായി നടക്കുന്നുമുണ്ട്. അതുകൊണ്ട് തന്നെ സംഘപരിവാറിന്റെ ഇരകളെന്ന നിലയില്‍ ക്രിസ്ത്യന്‍-മുസ്‌ലിം-ദളിത് ഐക്യം രൂപപ്പെട്ടു വരേണ്ടതല്ലേ ?
ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ദളിതര്‍ക്കെതിരെ അതിക്രമങ്ങള്‍ നടക്കുന്നുവെന്നത് സത്യമാണ്. പക്ഷെ, ക്രിസ്ത്യന്‍ – മുസ്‌ലിം ന്യൂനപക്ഷ പ്രശ്‌നങ്ങളെ പട്ടികജാതി/പട്ടിക വര്‍ഗ വിഭാഗങ്ങളുടെ പ്രശ്‌നങ്ങളുമായി കൂട്ടിക്കുഴക്കരുത്. പ്രവാചകനെതിരെ ഒരു പരാമര്‍ശമുണ്ടായപ്പോള്‍ രാജ്യത്തെ മുസ്‌ലിങ്ങളെല്ലാം പ്രതിഷേധിച്ചു. നിരവധി രാജ്യങ്ങള്‍ പ്രതിഷേധത്തെ പിന്തുണച്ചു. എന്നാല്‍ ദളിതര്‍ക്കെതിരെ വിവേചനമുണ്ടായപ്പോഴൊന്നും അത്തരം പ്രതികരണമൊന്നുമുണ്ടായില്ല.
ന്യൂനപക്ഷങ്ങളുടെ പോരാട്ടം വേറെ തന്നെയാണ്. എസ്.സിയും എസ്.ടിയും ഒ.ബി.സിയുമാണ് ഒന്നിച്ചു നില്‍ക്കേണ്ടത്, കാരണം ജാതിയാണ് അവര്‍ക്ക് പ്രശ്ങ്ങള്‍ സൃഷ്ടിക്കുന്നത്. മുസ്‌ലിങ്ങള്‍ നേരിടുന്നത് ആ പ്രശ്‌നമല്ല. 700ലേറെ വര്‍ഷം ഭരിച്ച മുസ്‌ലിം ഭരണാധികാരികള്‍ ഒരിക്കലും ഇന്ത്യയിലെ ജാതീയതക്കെതിരെ പ്രവര്‍ത്തിച്ചിട്ടില്ല. പേര്‍ഷ്യന്‍ ഔദ്യോഗിക ഭാഷയാക്കിയ സമയത്ത് ദളിതരെ അവര്‍ ആ ഭാഷ പഠിപ്പിച്ചില്ല. സവര്‍ണരെ മാത്രമാണ് പഠിപ്പിച്ചത്.
ഇന്നും ദളിതരേക്കാള്‍ ഏറെ മുന്നിലാണ് മുസ്‌ലിം വിഭാഗം. വിദ്യാഭ്യാസ മേഖലയില്‍ തന്നെ ആ വ്യത്യാസം കാണാം. ഇംഗ്ലീഷ് വിദ്യാഭ്യാസവും ഉന്നതബിരുദങ്ങളും നേടിയ മുസ്‌ലിങ്ങളേക്കാള്‍ ദളിതരുടെ എത്രയോ കുറവാണ് എണ്ണം. എന്നിട്ടും മുസ് ലി വിഭാഗത്തില്‍ പെട്ടവരാരും ജാതിവിവേചനങ്ങളെ കുറിച്ച് ഒന്നും എഴുതിയില്ല. മുസ്‌ലിം യൂണിവേഴ്‌സിറ്റികളില്‍ ദളിതര്‍ക്ക് സീറ്റും നല്‍കില്ല.
ക്രിസ്ത്യന്‍ വിഭാഗത്തില്‍ നിന്നും സമാനമായ അനുഭവമാണ് ദളിതര്‍ നേരിട്ടതും നേരിടുന്നതും. കത്തോലിക്കരുടെ അധീനതിയിലുള്ള രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെല്ലാം പണമുള്ള സവര്‍ണര്‍ക്ക് മാത്രമാണ് പ്രവേശനം ലഭിക്കുന്നത്. ഈ സ്ഥാപനങ്ങള്‍ ദളിതരെയും പിന്നാക്ക വിഭാഗങ്ങളെയും ഇംഗ്ലീഷ് പഠിപ്പിക്കാന്‍ തയ്യാറാകില്ല.
ബി.ജെ.പിയുടെ ഉന്നത നേതാക്കളെല്ലാം ക്രിസ്ത്യന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും പഠിച്ചിറങ്ങിയവരാണ്. കത്തോലിക്ക സ്‌കൂളില്‍ നിന്നും വിദ്യഭ്യാസം നേടിയ ഒരു ദളിത് നേതാവോ ഒ.ബി.സി നേതാവോ കാണില്ല. നഗരങ്ങളിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി ഗ്രാമങ്ങളില്‍ സ്‌കൂളുകള്‍ തുടങ്ങാനാണ് ഇവര്‍ ആദ്യം ശ്രമിക്കേണ്ടത്.
ക്രിസ്ത്യാനികളും മുസ്ലിങ്ങളും ഒരിക്കലും ദളിത് വിഭാഗങ്ങള്‍ക്കൊപ്പം നിന്നിട്ടില്ല. ദളിത് സംവരണം നടപ്പിലാക്കാന്‍ വേണ്ടി മുസ്ലിങ്ങള്‍ സമരം നടത്തിയ ചരിത്രമുണ്ടോ, ഇല്ലല്ലോ. പിന്നെയെന്തിനാണ് ദളിത് പ്രശ്ങ്ങളെയും ന്യൂനപക്ഷ പ്രശ്നങ്ങളെയും ഒരുമിച്ച് വെക്കാന്‍ ശ്രമിക്കുന്നത്. ദളിതര്‍ എന്ത് കാരണത്തിന്റെ പുറത്താണ് ന്യൂനപക്ഷങ്ങളുടെ പ്രശ്നങ്ങളില്‍ ഇടപെടാനും അവര്‍ക്ക് വേണ്ടി പോരാടാനും തയ്യാറാകേണ്ടത്. ന്യൂനപക്ഷങ്ങള്‍ക്ക് ഞങ്ങളെ പിന്തുണക്കണമെന്നുണ്ടെങ്കില്‍ സ്വാഗതം ചെയ്യും. പക്ഷെ, അവരുടെ പോരാട്ടം അവര്‍ തന്നെ മുന്നോട്ടുകൊണ്ടുപോകണം.
പാര്‍ട്ടി രാഷ്ട്രീയ തലങ്ങള്‍ക്കപ്പുറം അംബേദ്കര്‍ ഇന്ന് വ്യാപകമായി ചര്‍ച്ച ചെയ്യപ്പെടുന്നുണ്ടല്ലോ. സിനിമ പോലുള്ള ജനപ്രിയ കലയിലും അതില്‍ തന്നെ മുഖ്യധാര ചിത്രങ്ങളിലും അംബേദ്കറും അംബേദ്കര്‍ രാഷ്ട്രീയവും ഇടം നേടുന്നുണ്ട്. സമീപകാലത്ത് നിരവധി സ്‌പേസുകളില്‍ അംബേദ്കറിന് ലഭിക്കുന്ന ഈ സ്വീകാര്യത എത്രമാത്രം പ്രതീക്ഷാവഹമാണ് ?
ഇതൊരു തുടക്കം മാത്രമാണ്. അംബേദ്കര്‍ ജനമനസുകളിലും ഇവിടുത്തെ പൊതുഇടങ്ങളിലും ഇതിലുമേറെ ശക്തമായി തന്നെ വളരുന്ന നാളുകളാണ് വരാനിരിക്കുന്നത്. സിനിമകളില്‍ മാത്രമല്ല, സര്‍വകലാശാലകളിലും കോടതികളിലുമെല്ലാം ഇന്ന് ഗാന്ധിയേക്കാള്‍ ചര്‍ച്ച ചെയ്യപ്പെടുന്നത് അംബേദ്കറിന്റെ വാക്കുകളാണ്. ഈ നൂറ്റാണ്ടിന്റെ അവസാനമാകുമ്പോഴേക്കും ബുദ്ധനോളം പ്രധാനപ്പെട്ട വക്താവായി അംബേദ്കര്‍ മാറുന്ന കാഴ്ച നമ്മള്‍ കാണും.
സവര്‍ണ നേതാക്കളേക്കാള്‍ അവര്‍ണരായ നേതാക്കള്‍ക്കാണ് ഇന്ന് സ്വീകാര്യതയേറുന്നത്. ഫൂലേയും സാവിത്രി ഭായിയും അംബേദ്കറും പെരിയാറും നാരായണ ഗുരുവും അയ്യങ്കാളിയുമെല്ലാം ജനങ്ങള്‍ക്കിടയില്‍ നിറഞ്ഞുനില്‍ക്കുകയാണ്. യുവാക്കള്‍ ഇവരെ കുറിച്ചാണ് കൂടുതല്‍ പഠിക്കുന്നത്. തുല്യതയും മനുഷ്യത്വവുമായിരിക്കും വരാന്‍ പോകുന്ന തലമുറയുടെ മുഖമുദ്രകള്‍.
ഡോ. ബി.ആര്‍. അംബേദ്കര്‍
ഈ മാറ്റം എന്നെ ഒട്ടും അത്ഭുതപ്പെടുത്തുന്നില്ല എന്ന് കൂടി ഞാന്‍ പറയട്ടെ. കഴിഞ്ഞ 50 വര്‍ഷമായി ഞാന്‍ ഈ മാറ്റത്തെ വീക്ഷിക്കുന്നുണ്ട്. എന്റെ കോളേജ് പഠനകാലത്ത് അംബേദ്കറിന്റെ പേര് പോലും ക്ലാസില്‍ പറയാനാകില്ലായിരുന്നു. അദ്ദേഹത്തെ കുറിച്ച് പറയുന്ന ഒരു വാക്ക് പോലും സിലബസിലുണ്ടായിരുന്നില്ല. എന്നാല്‍ ഇന്ന് ഒട്ടുമിക്ക യൂണിവേഴ്‌സിറ്റികളിലും അംബേദ്കറെ കുറിച്ച് പഠിപ്പിക്കുന്നുണ്ട്. അംബേദ്കര്‍ മാത്രമല്ല അവര്‍ണ വിഭാഗങ്ങളിലെ മറ്റു നേതാക്കള്‍ക്കും ഈ രീതിയില്‍ ഇടം നേടാനാകുന്നുണ്ട്. പൂനെ യൂണിവേഴ്‌സിറ്റിയുടെ സാവിത്രി ഭായി ഫൂലേ യൂണിവേഴ്‌സിറ്റി എന്ന് പുനര്‍നാമകരണം ചെയ്തു കഴിഞ്ഞു.
സ്‌കൂളുകളിലും സമൂഹത്തിലും സോഷ്യല്‍ മീഡിയയിലുമെല്ലാം ഇവരെ കുറിച്ച് ചര്‍ച്ചകളും പഠനങ്ങളും നടക്കുന്നതോടെ അവരുടെ സ്വീകാര്യതയും വര്‍ധിക്കും. എന്റെ പുസ്തകള്‍ വായിക്കുന്നവരുടെ എണ്ണത്തില്‍ പോലും വലിയ വര്‍ധനവുണ്ടായിട്ടുണ്ട്. സവര്‍ണ വിഭാഗക്കാരും ആ വായനക്കാരിലുണ്ട്. സര്‍വകലാശാലകളിലും പ്രൈവറ്റ് യൂണിവേഴ്‌സിറ്റികളിലുമെല്ലാം എന്റെ പുസ്തകങ്ങള്‍ വായിക്കപ്പെടുന്നുണ്ട്.
ദളിത് രാഷ്ട്രീയം ശക്തി പ്രാപിച്ചുകൊണ്ടിരിക്കുന്ന ഈ കാലത്തും ദളിത് രാഷ്ട്രീയം ചിന്നിച്ചിതറിയ അവസ്ഥയിലാണെന്നും വിഘടിച്ചു നിന്നാണ് പ്രവര്‍ത്തിക്കുന്നതെന്നുമുള്ള വിമര്‍ശനങ്ങളും ഉയരാറുണ്ടല്ലോ ?
ഒരു ജാതിയിലെ മനുഷ്യരെല്ലാവരും ഒരു രാഷ്ട്രീയപ്രസ്ഥാനത്തില്‍ പ്രവര്‍ത്തിക്കണമെന്നും ഒരേ ആശയങ്ങള്‍ പിന്തുടരണമെന്നും പറയുന്നതില്‍ അര്‍ത്ഥമില്ല. ഒരു വിഭാഗത്തില്‍ പെട്ട ആളുകള്‍ അവരുടെ താല്‍പര്യവും സാഹചര്യവും അവസരവും അനുസരിച്ച് വ്യത്യസ്ത പാര്‍ട്ടികളില്‍ പ്രവര്‍ത്തിക്കുന്നുണ്ടാകും. അത് തികച്ചും സ്വാഭാവികമാണ്. ദളിതര്‍ക്കിടയിലും സമാനമായ രാഷ്ട്രീയ-പ്രത്യയശാസ്ത്ര വ്യത്യാസങ്ങളും ഗ്രൂപ്പുകളും പരസ്പര മത്സരങ്ങളുമെല്ലാമുണ്ടാകും.
ദളിതര്‍ക്കുള്ളില്‍ തന്നെ വ്യത്യസ്ത ജാതികളുമുണ്ട്. മഹാരാഷ്ട്രയിലെ മഹര്‍ വിഭാഗക്കാര്‍ അംബേദ്കറൈറ്റുകളാണ്, അതില്‍ തന്നെ ഭൂരിഭാഗവും കോണ്‍ഗ്രിസനൊപ്പമാണ്. ചമാര്‍ വിഭാഗക്കാര്‍ ശിവസേനക്കും ബി.ജെ.പിക്കുമൊപ്പമാണ് കൂടുതലായും നില്‍ക്കുന്നത്. കേരളത്തിലെ ദളിതരിലെ ചില വിഭാഗങ്ങള്‍ കൂടുതലായും സി.പി.ഐ.എമ്മിനൊപ്പമാണെങ്കില്‍ കോണ്‍ഗ്രസിനൊപ്പമാണ് മറ്റു ചിലര്‍ നില്‍ക്കുന്നത്. ഒരൊറ്റ രാഷ്ട്രീയ നിലപാടുകള്‍ മാത്രമേ ഒരു വിഭാഗത്തില്‍ നിന്നുമുണ്ടാകൂ എന്ന് പ്രതീക്ഷിക്കുന്നതില്‍ അര്‍ത്ഥമില്ല. നിരക്ഷരരും പിന്നാക്കം നില്‍ക്കുന്നവരുമായ ദളിതരില്‍ നിന്നും പ്രത്യേകിച്ചും.
കാഞ്ച ഐലയ്യ ഷെപ്പേഡുമായി 2018ല്‍ ഡൂള്‍ന്യൂസ് നടത്തിയ അഭിമുഖം
മറ്റൊരു വിഷയം ഇന്ത്യയിലെ ഭാഷാവൈവിധ്യമാണ്. പല സംസ്ഥാനങ്ങളിലെ ബ്രാഹ്മണര്‍ ഇംഗ്ലീഷ് എന്ന ഒരൊറ്റ ഭാഷ ഉപയോഗിച്ച് പരസ്പരം സംവദിക്കുന്നത് പോലെയല്ല ദളിതരുടെ കാര്യം. മലയാളം പറയുന്ന കേരളത്തിലെ ദളിതരും ഹിന്ദി പറയുന്ന ഉത്തര്‍പ്രദേശിലെ ദളിതരും തമ്മില്‍ ആശയവിനിമയം പോലും നടക്കാറില്ല. ഒരേ ഭാഷയില്‍ സംസാരിക്കാനാകാത്ത ഉത്തര്‍പ്രദേശിലെയും കേരളത്തിലെയും മഹാരാഷ്ട്രയിലെയും ആന്ധ്രാപ്രദേശിലെയും ദളിതരോട് ഒരേ രാഷ്ട്രീയനിലപാട് പുലര്‍ത്തണമെന്ന് എങ്ങനെ പറയാന്‍ സാധിക്കും.
ദളിതരും ആദിവാസികളും ഒ.ബി.സി വിഭാഗക്കാരുമെല്ലാം ദേശീയതലത്തില്‍ ഒരു ഭാഷ ഉപയോഗിക്കണമെന്ന് ഞാന്‍ പറയുന്നതിന്റെ കാരണമിതാണ്. അപ്പോള്‍ ഈ ഐക്യം കൂടുതല്‍ വേഗത്തില്‍ സാധ്യമാകും. എല്ലാവര്‍ക്കും പരസ്പരം സംസാരിക്കാനാകുന്ന ഒരൊറ്റ ഭാഷ പോലുമില്ലാതെ ഇപ്പറയുന്ന ഐക്യം രൂപപ്പെടുത്താനാകില്ല. ഇംഗ്ലീഷ് മാത്രം സംസാരിക്കുന്ന അമേരിക്കയിലെ കറുത്ത വിഭാഗക്കാര്‍ക്കിടയില്‍ പോലും ഡെമോക്രാറ്റുകള്‍, റിപ്പബ്ലിക്കുകള്‍ എന്നിങ്ങനെ വ്യത്യസ്തതകളുണ്ടാകാറുണ്ടെന്നതും ഒരു യാഥാര്‍ത്ഥ്യമാണ്.
ദളിത് പൊളിറ്റിക്‌സിന് സ്വത്വ രാഷ്ട്രീയത്തിനപ്പുറത്തേക്ക് വളരാനാകുന്നില്ലെന്നും ഭൂമി, സ്വത്ത്, രാഷ്ട്രീയാധികാരം തുടങ്ങിയ അടിസ്ഥാന വിഷയങ്ങളില്‍ പോലും ഈ ധാര ശ്രദ്ധിക്കുന്നില്ലെന്നുമാണ് ഉയരുന്ന അടുത്ത വിമര്‍ശനം. ഈ വിമര്‍ശനം വസ്തുനിഷ്ഠമാണെന്ന് കരുതുന്നുണ്ടോ ?
സ്വന്തമായി ഒരു ഐഡിന്റിറ്റിയില്ലാതെ ജീവിക്കാന്‍ നിര്‍ബന്ധിക്കപ്പെട്ടവരായിരുന്നു ദളിതര്‍. സ്വന്തം ഐഡിന്റിറ്റിയില്‍ മുറകെ പിടിച്ചു മുന്നോട്ടുപോകാന്‍ തുടങ്ങിയതില്‍ പിന്നെയാണ് അവര്‍ക്ക് എന്തെങ്കിലും നേടാനായത്. ദളിത് ഐഡിന്റിറ്റിയുടെ പേരില്‍ സംഘടിച്ചും സമരങ്ങള്‍ നടത്തിയും പോരാടിയുമാണ് സംവരണവും മെച്ചപ്പെട്ട വേതനവുമെല്ലാം അവര്‍ നേടിയെടുത്തത്. കമ്യൂണിസ്റ്റുകാര്‍ അവരുടെ കമ്യൂണിസ്റ്റ് ഐഡിന്റിറ്റിയിലല്ലേ നിലനില്‍ക്കുന്നതും സംഘടിച്ച് പ്രവര്‍ത്തിക്കുന്നതും. പിന്നെ എന്തുകൊണ്ടാണ് ദളിത് ഐഡിന്റിറ്റി മാത്രം പ്രശ്‌നമാകുന്നത്.
വ്യത്യസ്ത ജാതികളുടെയും സാമ്പത്തികനിലവാരത്തിന്റെയും പേരില്‍ വേര്‍തിരിഞ്ഞു നിന്ന അടിച്ചമര്‍ത്തപ്പെട്ടവര്‍ക്ക് ദേശീയതലത്തില്‍ ദളിത് ഐഡിന്റിറ്റിയുടെ പേരിലാണ് ഒന്നിച്ചുനില്‍ക്കാനായത്. ദളിത്-അംബേദ്കര്‍ പ്രത്യയശാസ്ത്രങ്ങളുമായാണ് അവര്‍ മുന്നോട്ടുവന്നത്. വിദ്യാഭ്യാസത്തിനു വേണ്ടിയാണ് അവര്‍ ഏറ്റവും കൂടുതല്‍ പോരാടിയത്. സാമ്പത്തികരംഗവുമായി ബന്ധപ്പെട്ട് നോക്കുമ്പോള്‍ വിദ്യാഭ്യാസം നേടുക എന്നതിനേക്കാള്‍ പ്രധാനപ്പെട്ട മറ്റൊന്നുമില്ല.
കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും
മെച്ചപ്പെട്ട വേതനത്തെ കുറിച്ച് ചോദിക്കാന്‍ മാത്രമാണ് കമ്യൂണിസ്റ്റ് ദളിതരോട് പറഞ്ഞത്. എന്നാല്‍ ദളിത് നേതാക്കളും ചിന്തകരുമെല്ലാം വിദ്യാഭ്യാസത്തിനാണ് കൂടുതല്‍ പ്രാധാന്യം നല്‍കിയത്. മെച്ചപ്പെട്ട വിദ്യാഭ്യാസം നേടലാണ് വേതനത്തേക്കാള്‍ പ്രധാനപ്പെട്ടതെന്ന് ഇവരെല്ലാവരും ചൂണ്ടിക്കാണിക്കുന്നുണ്ട്. അതില്‍ തന്നെ ഇംഗ്ലിഷ് വിദ്യാഭ്യാസത്തിന് വലിയ പ്രധാന്യമുണ്ടെന്നാണ് എന്റെ അഭിപ്രായം. ഇതേ കുറിച്ച് ഞാന്‍ നേരത്തെ പലതവണ സംസാരിച്ചിട്ടുണ്ട്. മെച്ചപ്പെട്ട വിദ്യാഭ്യാസം നേടാനായാല്‍ മെച്ചപ്പെട്ട വേതനവും ലഭിക്കും. രാജ്യത്തെ ഓരോ ദളിത് കുട്ടിക്കും ഇംഗ്ലിഷ് വിദ്യാഭ്യാസം നേടാന്‍ കഴിയുന്ന സാഹചര്യമുണ്ടാകണം.
പട്ടികജാതി-പട്ടിക വര്‍ഗ അതിക്രമ നിരോധന നിയമത്തെയും ആ നിയമത്തിന്റെ ഇതുവരെയുള്ള ചരിത്രത്തെയും ഈ കാലഘട്ടത്തില്‍ അതിന്റെ പ്രാധാന്യത്തെയും എങ്ങനെയാണ് വിലയിരുത്തുന്നത് ?
പ്രായോഗിക തലത്തില്‍ ഒരു സമ്പൂര്‍ണ വിജയമൊന്നും ഈ നിയമത്തിന് കൈവരിക്കാന്‍ സാധിച്ചില്ലായിരിക്കാം. പക്ഷെ, പോസിറ്റീവായ നടപടിയായി തന്നെയാണ് ഇതിനെ വിലയിരുത്തുന്നത്. തൊട്ടുകൂടായ്മ നിരോധന നിയമവും സ്ത്രീധന നിരോധന നിയമവുമെല്ലാം ഇത്തരത്തിലുള്ള നിയമങ്ങളാണ്. സമൂഹത്തില്‍ ഒരു തിരുത്തിനും ചില കാര്യങ്ങള്‍ പരിശോധിക്കാനും ഇങ്ങനെയുള്ള പോസിറ്റീവായ നിയമങ്ങള്‍ ആവശ്യമാണ്.
ഏറെ വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും വഴിവെച്ച തീരുമാനമായിരുന്നല്ലോ മുന്നാക്ക സംവരണം. എന്നാല്‍ ഒട്ടുമിക്ക രാഷ്ട്രീയ പാര്‍ട്ടികളും അതിനെ പിന്തുണക്കുകയും ചെയ്തു. ഈ സര്‍ക്കാര്‍ നയത്തെ താങ്കള്‍ എങ്ങനെയാണ് വീക്ഷിക്കുന്നത് ?
മുന്നാക്ക സംവരണം ഒരു തരത്തില്‍ ഗുണം ചെയ്തുവെന്ന് ഞാന്‍ പറയും. മെറിറ്റില്ലാത്തവര്‍ സീറ്റ് നേടുന്നു എന്ന് ഇനി സംവരണത്തിനെതിരെ സംസാരിക്കുന്ന സവര്‍ണ വിഭാഗങ്ങള്‍ക്ക് പറയാന്‍ കഴിയില്ലല്ലോ. ഉദാഹരണത്തിന്, എസ്.സി/എസ്.ടി വിഭാഗക്കാരേക്കാള്‍ മാര്‍ക്ക് കുറഞ്ഞ ഒരു ബ്രാഹ്മണന് സംവരണം വഴി കോളേജില്‍ സീറ്റ് കിട്ടുമല്ലോ, അപ്പോള്‍ പിന്നെ മെറിറ്റും പൊക്കിപ്പിടിച്ചുള്ള വാദങ്ങള്‍ക്ക് സ്ഥാനമേ ഇല്ലാതാവുകയാണ്. അതുകൊണ്ട് അവര്‍ ആ 10 ശതമാനം കൊണ്ടുപോകട്ടെ, ഞങ്ങള്‍ക്ക് നഷ്ടമൊന്നുമില്ല.
Content Highlight: Interview with Kancha Ilaiah Shepherd