തിരുവനന്തപുരത്തെ ഭരണസിരാകേന്ദ്രത്തിന് മുന്നില്‍ ഒരു പകല്‍ മുഴുവന്‍ ഞങ്ങള്‍ പീഡിപ്പിക്കപ്പെട്ടിട്ടും ഒരു മന്ത്രിമാരും തിരിഞ്ഞ് നോക്കിയില്ലയെന്നതിലാണ് ഞങ്ങള്‍ക്കുള്ള ശക്തമായ പ്രതിഷേധം. മുഖ്യമന്ത്രിയുള്‍പ്പെടെയുള്ള വിവിധ വകുപ്പ് മന്ത്രിമാര്‍ ആരും വന്നില്ല. പ്രവാസി എന്ന നിലയില്‍ ഞങ്ങളുടെ അരികില്‍ പിരിവിനായും മറ്റ് പലതിനായും എത്തുന്നവരാണവര്‍. എന്നാല്‍ എന്താണ് ഞങ്ങള്‍ക്ക് പറ്റിയതെന്ന് വിളിച്ച് ചോദിക്കാന്‍ ആരും തയ്യാറായില്ല
പ്രവാസികളുടെ യാത്രാദുരിതങ്ങള്‍ പരിഹാരമില്ലെന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമായിരുന്നു കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ഉണ്ടായ എയര്‍ ഇന്ത്യ വിമാനത്തിലെ പ്രശ്‌നങ്ങള്‍.
എയര്‍ ഇന്ത്യമാനേജ്‌മെന്റിന്റെ പിടിപ്പുകേടിന്റെ ഭാഗമായി പ്രശ്‌നങ്ങള്‍ തുടര്‍ക്കഥയാവുമ്പോള്‍ അവിടെ ബലിയാടുകളാവുന്നത് പ്രവാസജീവിതത്തില്‍ നിന്നും മോചനം തേടി നാട്ടിലെത്തുന്ന സാധാരണക്കാരാണ്. [] കഴിഞ്ഞ ദിവസം എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ കൊച്ചി അബുദാബി വിമാനത്തില്‍ യാത്രക്കാര്‍ക്കുണ്ടായത് ആദ്യത്തെ സംഭവമല്ല. എന്നാല്‍ പുറം ലോകം ഈ വിഷയത്തിന്റെ തീവ്രത അറിയുന്നത് ആദ്യമായിട്ടാണെന്ന് മാത്രം.
കൊച്ചിയില്‍ ഇറങ്ങേണ്ട യാത്രക്കാരെ തിരുവനന്തപുരത്തിറക്കി ബുദ്ധിമുട്ടിക്കുകയും അവരെ വിമാനറാഞ്ചികളും തീവ്രവാദകളുമാക്കിയ എയര്‍ ഇന്ത്യയില്‍ അന്നേ ദിവസം യാത്രചെയ്യുകയും പ്രതിഷേധത്തിന് നേതൃത്വം നല്‍കുകയും ചെയ്ത അബ്ദുള്‍ ഖാദറുമായി ഡൂള്‍ ന്യൂസ് പ്രതിനിധി മുഹമ്മദ് സുഹൈല്‍ നടത്തിയ അഭിമുഖം
എന്തായിരുന്നു ആ ദിവസത്തെ സംഭവം?
പതിനെട്ടാം തീയതി വൈകുന്നേരം ആറ് മണിക്ക് അബൂദാബി എയര്‍പോര്‍ട്ടിലേക്ക് എത്താനായിരുന്നു ഞങ്ങള്‍ക്ക് ലഭിച്ചിരുന്ന വിവരം. 9.55 നായിരുന്നു അവിടെ നിന്നും വിമാനം പുറപ്പെടേണ്ടിയിരുന്നത്. യാത്രക്കാരെല്ലാവരും ആറ് മണിക്ക് തന്നെ എത്തിയിരുന്നെങ്കിലും വിമാനം പുറപ്പെടാന്‍ താമസിച്ചു. കാരണം അഞ്ച് ജീവനക്കാരെ വെച്ചാണ് അവിടെ നിന്നും പുറപ്പെടേണ്ട മൂന്ന് എയര്‍ ഇന്ത്യ വിമാനങ്ങളിലേക്കുമുള്ള യാത്രക്കാരുടെ ബോര്‍ഡിങ് എടുക്കുന്നത്.
അരമണിക്കൂര്‍ വ്യത്യാസത്തില്‍ മൂന്ന് വിമാനങ്ങളാണ് കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് അബൂദാബിയില്‍ നിന്നും പോകുന്നത്. ഈ വിമാനങ്ങളിലേക്കുള്ള എല്ലാ യാത്രക്കാരെയും എയര്‍ ഇന്ത്യയുടെ അഞ്ച് ജീവനക്കാര്‍ മാത്രമാണ് മനേജ് ചെയ്യുന്നത്. മറ്റ് രണ്ട് വിമാനങ്ങള്‍ക്ക് ചെറിയ വ്യത്യാസത്തിന് കടന്ന് പോകാനായി.
എയര്‍പോര്‍ട്ട് അതോറിറ്റി നല്‍കിയിരുന്ന സമയത്തിന് യാത്ര പുറപ്പെടാന്‍ ആവാത്തതിനാല്‍ ഞങ്ങളുടെ വിമാനത്തെ തടഞ്ഞുവെച്ചു. 9.55 ന് പുറപ്പെടേണ്ട വിമാനം മൂന്ന് മണിക്കൂറിന് ശേഷമാണ് പുറപ്പെടാനാവുന്നത്. പത്ത് മണിക്ക് പുറപ്പെടേണ്ടിയിരുന്ന ഞങ്ങളുടെ വിമാനം 10.30 നും പുറപ്പെടാത്തത് കൊണ്ടാണ് തടഞ്ഞുവെക്കേണ്ടിവന്നത്. എയര്‍പോര്‍ട്ട് അതോറിറ്റിക്ക് അതല്ലാതെ മറ്റ് മാര്‍ഗങ്ങളില്ലായിരുന്നു. എന്നാല്‍ എയര്‍ ഇന്ത്യ ഞങ്ങളോട് പറഞ്ഞത് അവര്‍ അനുമതി നല്‍കാത്തത് കൊണ്ടാണ് വിമാനം പുറപ്പെടാത്തത് എന്നാണ്.
അതിനിടയ്ക്ക് പതിനൊന്ന് മണിക്ക് യാത്രക്കാരുടെ നിര്‍ബന്ധത്തിന് വഴങ്ങി ലഘു ഭക്ഷണം നല്‍കി. ഒരു മണിയോടെയാണ് വിമാനം പുറപ്പെട്ടത്. ശരിയായ സമയത്തിന് പുറപ്പെട്ടിരുന്നെങ്കില്‍ മൂന്നരമണിക്ക് എത്തുമായിരുന്ന വിമാനം ആറര മണിയോടെയാണ് കൊച്ചിയിലെത്തുന്നത്. രണ്ട് തവണ കൊച്ചിയില്‍ ഇറക്കാനായി ശ്രമിച്ചെങ്കിലും മഞ്ഞ് കാരണം അതിനായില്ല. മഞ്ഞ് ഞങ്ങളും കാണുന്നുണ്ട്. റണ്‍ വേ കാണാനാവത്തതിനാല്‍ തിരുവനന്തപുരത്തേക്ക് പോവുകയാണെന്ന് പറഞ്ഞു. രണ്ട് തവണ ശ്രമിച്ചതിനാല്‍ ഇന്ധനം ഏതാണ്ട് തീര്‍ന്നിരുന്നു എന്ന് വിമാന അധികൃതര്‍ പറഞ്ഞു. അത് തന്നെയാണ് അവര്‍ ചെയ്യേണ്ടത്. സാധാരണ അങ്ങനെയാണ് ചെയ്യാറ്.
തിരുവനന്തപുരത്ത് നിന്നും ഇന്ധനം നിറച്ച് അരമണിക്കൂറിനകം തിരിച്ച് വരുമെന്നും എയര്‍ ഇന്ത്യ അധികൃതര്‍ പറഞ്ഞു. ആ സമയം ആകുമ്പോഴേക്കും മഞ്ഞ് പോകുമെന്നും അറിയിച്ചു. ഏഴ് മണിയോട് കൂടി തിരുവനന്തപുരത്തിറങ്ങി. ഇതേ കാരണങ്ങള്‍ കൊണ്ട് തന്നെ കൊച്ചിയില്‍ ഇറങ്ങേണ്ടിയിരുന്ന ഖത്തര്‍ എയര്‍വേയ്‌സ്, കിങ്ഫിഷര്‍, ഇത്തിഹാദ് തുടങ്ങി മൂന്ന് വിമാനങ്ങള്‍ തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ എത്തിയിരുന്നു. അരമണിക്കൂറിനകം ഈ വിമാനങ്ങളെല്ലാം തന്നെ കൊച്ചിയിലേക്ക് പറന്നു.
സാധാരണ ഗതിയില്‍ വിമാനം നിര്‍ത്തുന്നിടത്തായിരുന്നില്ല ഞങ്ങളുടെ വിമാനമുണ്ടായിരുന്നത്. ഇങ്ങനെയെത്തുന്ന വിമാനങ്ങള്‍ നിര്‍ത്തുന്ന വിജനമായ ഇടമാണത്. അരമണിക്കൂര്‍ കഴിഞ്ഞതിന് ശേഷം ഞങ്ങളുടെ വിമാനത്തിന് ഗോവണി പിടിപ്പിച്ചു. അതിന് ശേഷം ഒന്ന് രണ്ട് ഉദ്യോഗസ്ഥര്‍ വരികയും പോവുകയും ചെയ്തു. തുടര്‍ന്ന് ഒരു അനൗണ്‍സ്‌മെന്റ് ഉണ്ടായി. ഫ്‌ളൈറ്റിന്റെ സമയം അവസാനിച്ചതിനാല്‍ തങ്ങള്‍ കൊച്ചിയിലേക്ക് ബസ് ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും ആയിരുന്നു അത്. അപ്പോഴേക്കും സമയം എട്ട് മണിയായിരുന്നു.
എന്തായിരുന്നു അപ്പോഴുള്ള നിങ്ങളുടെ പ്രതികരണം?
ബസ്സിനല്ല ടിക്കറ്റ് എടുത്തതെന്നും മണിക്കൂറുകള്‍ യാത്ര ചെയ്ത് ബസ്സിന് കൊച്ചിയിലേക്ക് പോകാനാവില്ലെന്നും ഞങ്ങള്‍ യാത്രക്കാര്‍ പറഞ്ഞു. ഗര്‍ഭിണികളും കുട്ടികളുമടങ്ങുന്ന യാത്രക്കാര്‍ക്ക് അത്തരത്തിലൊരു സാഹസത്തിന് ആവില്ലെന്ന് ഞങ്ങള്‍ തീര്‍ത്ത് പറഞ്ഞു. വിമാനത്തില്‍ നിന്നുമിറങ്ങാന്‍ ഞങ്ങള്‍ തയ്യാറായില്ല. ഇനി പറക്കാന്‍ പെര്‍മിഷന്‍ ഇല്ലായെന്നും ഇന്ധനം നിറച്ച് തരാന്‍ എയര്‍പോര്‍ട്ട് അധികൃതര്‍ തയ്യാറായില്ല എന്നുള്ള വാദമെല്ലാം പിന്നീട് പൊള്ളയാണെന്ന് തെളിഞ്ഞു.(ഇതേ വിമാനത്തില്‍ തന്നെയാണെല്ലോ പിന്നീട് കൊച്ചിക്ക് കൊണ്ട് പോയത്.)
ഒമ്പത് മണിയോടുകൂടി കേരള പോലീസ് സ്ഥലത്തെത്തി കാര്യങ്ങള്‍ അന്വേഷിച്ച് തിരിച്ച് പോയി. ഈ സമയത്ത് തന്നെ സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥര്‍ വിമാനം വളഞ്ഞു. പൈലറ്റ് അപ്പോഴേക്കും വിമാനം ഹൈജാക്ക് ചെയ്തതായി എല്ലാ വിമാനത്താവളത്തിലേക്കും മെസേജ് ചെയ്തു.
ഒരു കടലാസില്‍ വിമാനം ഹൈജാക്ക് ചെയ്തതായി എഴുതിയിട്ട് താഴെയുള്ള സി.ഐ.എസ്.എഫിനും ഇട്ടുകൊടുത്തു. എന്നാല്‍ ഞങ്ങള്‍ വിമാനം ഹൈജാക്ക് ചെയ്തതല്ല എന്നും സര്‍വീസ് മുടക്കിയതിലുള്ള പ്രശ്‌നമാണെന്നും കേരളാ പോലീസ് എയര്‍പോര്‍ട്ട് അതോറിറ്റിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.( ആ റിപ്പോര്‍ട്ടാണ് ഞങ്ങളുടെ ഇപ്പോഴത്തെ പ്രധാന പിടിവള്ളി).
സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥര്‍ വിമാനത്തിലേക്ക് കയറാന്‍ ശ്രമിച്ചപ്പോള്‍ ഞങ്ങള്‍ അവരോട് കാര്യം പറയുകയും അവര്‍ തിരിച്ച് പോവുകയും ചെയ്തു. വേറെ പൈലറ്റിനെ എത്തിക്കാമെന്ന് പറഞ്ഞ എയര്‍ ഇന്ത്യ ഉന്നത ഉദ്യോഗസ്ഥരെ സ്വാധീനിച്ച് ഞങ്ങളെ ഭീഷണിപ്പെടുത്താനാണ് ശ്രമിച്ചത്.
വിമാനത്തിനകത്ത് ഉണ്ടായ അനുഭവങ്ങള്‍ എന്തെല്ലാമായിരുന്നു?
ഞങ്ങളെ പുറത്തിറക്കാനായി എ.സി ഓഫ് ചെയ്തു. സ്ത്രീകളും കുട്ടികളുമുള്‍പ്പെടെയുള്ള യാത്രക്കാര്‍ക്ക് തലേ ദിവസം തന്നിരുന്ന ലഘുഭക്ഷണമല്ലാതെ മറ്റൊന്നും ഈ സമയമായിട്ടും തന്നിരുന്നില്ല. യാത്രക്കാരെ പുറത്തിറക്കാനുള്ള തന്ത്രമായിട്ടായിരുന്നു അവര്‍ അത് ചെയ്തിരുന്നത്. ഏകദേശം ഒരു പന്ത്രണ്ട് ഒരു മണിയോടുകൂടി കുറേ പോലീസുകാരെയും കൂട്ടി എ.ഡി.ജി.പി കയറിവരികയും എയര്‍ ഇന്ത്യ അധികൃതര്‍ കാണിച്ച് കൊടുത്ത ഒരാളെ അറസ്റ്റ് ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തു. ഞങ്ങള്‍ എല്ലാ യാത്രക്കാരും കൂടി അത് തടഞ്ഞു. പോലീസുകാര്‍ യാത്രക്കാരെ രൂക്ഷമായി കയ്യേറ്റം ചെയ്യാന്‍ തുടങ്ങിയതോടെ യാത്രക്കാര്‍ ഒന്നടങ്കം പ്രതിഷേധിച്ചു. മറ്റ് യാത്രക്കാര്‍ അതെല്ലാം ക്യാമറയില്‍ പകര്‍ത്തി. ( ഈ വിഷ്വലുകളാണ് ചാനലുകള്‍ പിന്നീട് സംപ്രേക്ഷണം ചെയ്തത്).
അതോടുകൂടി പിന്‍വാങ്ങിയ എ.ഡി.ജി.പി പുറത്തിറങ്ങുകയും വിമാനത്തില്‍ കയറരുതെന്ന് ഞാന്‍ പറഞ്ഞിരുന്നില്ലേ എന്ന രീതിയില്‍ മറ്റ് പോലീസുകാരോട് തട്ടിക്കയറുകയും ചെയ്തു. ആ സമയത്ത് മാധ്യമ പ്രവര്‍ത്തകര്‍ ഞങ്ങളുമായി ബന്ധപ്പെടുന്നുണ്ടായിരുന്നു. ഞങ്ങള്‍ക്കെതിരെ കേസെടുക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞതൊക്കെ അങ്ങനെ ഞങ്ങള്‍ അറിഞ്ഞു. മാധ്യമ പ്രവര്‍ത്തകരുടേയും പൊതുസമൂഹത്തിന്റേയും പിന്തുണകൊണ്ട് പുതിയ പൈലറ്റിനേയും കൂട്ടിവന്ന് എയര്‍ ഇന്ത്യ കൊച്ചിയിലേക്ക് പോകാന്‍ നിര്‍ബന്ധിതരായി. വിമാനം വഴി ഞങ്ങളെ കൊച്ചിയിലെത്തിക്കണം, അത്രയേ ഞങ്ങളും ആവശ്യപ്പെട്ടിരുന്നുള്ളു
യഥാര്‍ത്ഥത്തില്‍ നിങ്ങള്‍ കോക്പിറ്റില്‍ കയറിയോ?
കോക്പിറ്ററില്‍ കയറിയെന്ന് പറയുന്നത് വലിയൊരു കള്ളമാണ്. രണ്ട് പേരാണ് കോക്പിറ്റില്‍ സാധാരണയായി ഉണ്ടാകുക. പൈലറ്റും സഹ പൈലറ്റും. മൂന്നാമതൊരാള്‍ക്ക് കയറാന്‍ പറ്റാത്തത്രയും ചെറുതാണ് അത്. രണ്ടാമതായി അവര്‍ അകത്ത് കയറി ഡോര്‍ ലോക്ക് ചെയ്ത് കഴിഞ്ഞാല്‍ പിന്നെ ഒരു കാരണവശാലും പുറത്ത് നിന്ന് തുറക്കാന്‍ കഴിയില്ല. വിമാനം റാഞ്ചുന്നത് പോലുള്ള സംഭവങ്ങള്‍ ഒഴിവാക്കാനുള്ള സംവിധനമാണത്. മറ്റെന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ മാത്രം തുറക്കാനായി ഒരു താക്കോല്‍ പുറത്തുണ്ടാകും. അത് അതീവരഹസ്യമായി സൂക്ഷിക്കുന്നതാണ്. ആ താക്കോല്‍ ഉപയോഗിച്ച് വേണം പുറത്ത് നിന്ന് തുറക്കാന്‍.
ഞങ്ങള്‍ എന്തെങ്കിലും പ്രശ്‌നം ഉണ്ടാക്കുന്നുണ്ടെങ്കില്‍ അവര്‍ ഒരിക്കലും കോക്പിറ്റ് തുറക്കാന്‍ സന്നദ്ധരാവില്ല. പകരം അവര്‍ കോക്പിറ്റ് തുറന്ന് ചില കാര്യങ്ങള്‍ ഞങ്ങളോട് വിശദീകരിക്കാനായിരുന്നു ശ്രമിച്ചിരുന്നത്. വിമാനത്തിന്റെ ഇന്ധനം തീര്‍ന്നത് കണ്ടില്ലേ, ഈയൊരവസ്ഥയില്‍ വിമാനത്തിന് പറക്കാന്‍ കഴിയില്ല തുടങ്ങിയ കാര്യങ്ങള്‍ കോക്പിറ്റ് തുറന്ന് നമുക്ക് കാണിച്ച് തരികയാണ് ചെയ്തത്. ഞങ്ങള്‍ അത് കോക്പിറ്റിന്റെ പുറത്ത് നിന്ന് നോക്കിക്കാണുകയും ചെയ്തു. അതിനെയാണ് അവര്‍ കോക്പിറ്റില്‍ കയറിയതാക്കി മാറ്റിയത്.
പിന്നെ കൊച്ചിയിലെത്തുന്നത് എപ്പോഴാണ്?
അഞ്ച് അഞ്ചരയോട് കൂടിയിട്ട് ഞങ്ങള്‍ തിരുവനന്തുപുരത്ത് നിന്നും കൊച്ചിയിലെത്തി. പ്രശ്‌നങ്ങളൊക്കെ പരിഹരിക്കപ്പെട്ടു എന്ന രീതിയില്‍ യാത്രക്കാരൊക്ക വലിയ സന്തോഷത്തിലായിരുന്നു. എന്നാല്‍ കൊച്ചി എയര്‍പ്പോര്‍ട്ടിലെത്തിയപ്പോള്‍ ഞങ്ങള്‍ കണ്ടത് ഭീകരാന്തരീക്ഷമായിരുന്നു. വിമാനത്തില്‍ നിന്നും പുറത്തേക്ക് നോക്കിയപ്പോള്‍ ഒരുപാട് സി.ഐ.എസ്.എഫുകാര്‍ വിമാനം വളയുന്നത് കണ്ടു. ആരേയും ഒറ്റയ്ക്ക് ഒറ്റയ്ക്ക് അധികൃതര്‍ക്ക് വിട്ടുകൊടുക്കേണ്ടന്നും ഒറ്റക്കെട്ടായി നില്‍ക്കാനും ഞങ്ങള്‍ തീരുമാനിച്ചു.
അടുത്ത പേജില്‍ തുടരുന്നു
യാത്രക്കാരെ പത്ത് പത്ത് പേരായി ഇറക്കി വന്‍ ബന്താവസില്‍ എയര്‍പോര്‍ട്ടിലേക്ക് കൊണ്ടുപോയി. എയര്‍ ഇന്ത്യയുമായി ചര്‍ച്ചയ്ക്ക് നേതൃത്വം നല്‍കിയ ഞങ്ങള്‍ ആറ് പേരെ അവര്‍ തടഞ്ഞുവെച്ചു. ഞങ്ങളുടെ പാസ്‌പോര്‍ട്ട് വാങ്ങിക്കുകയും അതിനകത്തുനിന്ന് വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്തു. ഞങ്ങള്‍ എന്ത് തെറ്റാണ് ചെയ്തതെന്ന് ഉദ്യോഗസ്ഥരോട് ചോദിച്ചു. മിണ്ടരുതെന്നായിരുന്നു അവരുടെ കലപ്‌ന.[]
അതിനിടെ സിവില്‍ ഡ്രസില്‍ കേരളാപോലീസുകാര്‍ എത്തി. അവര്‍ ഞങ്ങള്‍ക്ക് വലിയ പിന്തുണയാണ് നല്‍കിയത്. കഴിഞ്ഞ കുറേ കാലമായി എയര്‍ ഇന്ത്യയും ഈ പട്ടാളക്കാരും കൂടി ഇത് ചെയ്യാന്‍ തുടങ്ങിയിട്ട്. ഇത്തരം സംഭവങ്ങളില്‍ പ്രതികരിക്കുന്ന ആളുകളെയൊക്കെ അവര്‍ ഇത്തരത്തില്‍ ഭീഷണിപ്പെടുത്തുകയാണ് ചെയ്യാറ്. ഇനി അഥവാ അവര്‍ നിങ്ങളെ അറസ്റ്റ് ചെയ്താല്‍ തന്നെ ഞങ്ങളുടെ കൈകളിലേക്കാണ് കൈമാറുക. നിങ്ങളെ ഞങ്ങള്‍ മാന്യമായി പരിഗണിക്കും. കേരളാ പോലീസ് ഉദ്യോഗസ്ഥര്‍ ഞങ്ങള്‍ക്ക് ഉറപ്പ് തന്നു.
തിരുവനന്തപുരത്തെ എ.ഡി.ജി.പിയുടെ നേതൃത്വത്തിലുള്ള പോലീസുകാരില്‍ നിന്നും വ്യത്യസ്തമായ അനുഭവമായിരുന്നു ഇത്. അറുപതോളം വരുന്ന സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥന്‍മാര്‍ ഒരു വൃത്തമുണ്ടാക്കി അതിന് നടുവിലാക്കിയിട്ടായിരുന്നു ഞങ്ങള്‍ ആറു പേരെ കൊണ്ടുവന്നത്. തീവ്രവാദികളെ കൊണ്ട് വരുന്നത് പോലെ. ഞങ്ങളുടെ മുഖത്ത് കറുത്ത തുണിയിട്ടില്ല എന്ന് മാത്രം.
മറ്റ് യാത്രക്കാര്‍ തിരിച്ചുപോയിരുന്നോ?
പുറത്ത് ഇറങ്ങിയപ്പോള്‍ ഞങ്ങളെ കാത്ത് ബാക്കിയുള്ള യാത്രക്കാര്‍ നില്‍ക്കുന്നുണ്ടായിരുന്നു. ഏഴ് മണിയോട് കൂടിയിട്ടാണ് ഞങ്ങള്‍ ലഗേജ് എടുത്ത് പുറത്തെത്തുന്നത്. നിങ്ങള്‍ പോയ്‌ക്കോളൂ നിങ്ങളുടെ പേരില്‍ കേസൊന്നുമില്ലെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. അതോടുകൂടി അതുവരെ അടക്കിവെച്ചിരുന്ന എല്ലാ ദേഷ്യവും പുറത്തേക്ക് വന്നു. ഞങ്ങള്‍ മാധ്യമപ്രവര്‍ത്തകരുടെ മുന്നിലായിരുന്നു അപ്പോള്‍. അതുവരെ ഞങ്ങള്‍ അനുഭവിച്ച എല്ലാ വേദനയും മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
സത്യത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ വലിയ പിന്തുണയുള്ളത് കൊണ്ടാണ് ഞങ്ങള്‍ക്ക് ഇതില്‍ വിജയിക്കാനായത്. സാധാരണ ഗതിയില്‍ ഇത്തരം സംഭവങ്ങളില്‍ വിമാനം മറ്റ് എയര്‍പോര്‍ട്ടുകളില്‍ കൊണ്ടിടും. മറ്റ് വാഹനങ്ങളില്‍ സൗകര്യം ഏര്‍പ്പെടുത്തിയെന്ന് പറയും. എന്നിട്ട് എയര്‍ ഇന്ത്യയുടെ സ്റ്റാഫ് വിമാനത്തില്‍ നിന്നും ഇറങ്ങിപ്പോകും. പിന്നെ അവര്‍ എ.സി ഓഫ് ചെയ്യും. എ.സി ഓഫ് ചെയ്താല്‍ പിന്നെ വിമാനത്തിനകത്ത് അധിക സമയം നില്‍ക്കാന്‍ കഴിയാത്തതുകൊണ്ട് സ്വാഭാവികമായും ആളുകള്‍ എല്ലാം ഇറങ്ങിപ്പോകും.
എന്നാല്‍ ഞങ്ങള്‍ ജീവനക്കാരെ പുറത്തേക്ക് വിട്ടില്ല. അതാണ് വിമാനം റാഞ്ചിയെന്നാക്കാന്‍ അവര്‍ ശ്രമിച്ചത്. വിമാനം റാഞ്ചിയെന്ന് ആക്കണമെങ്കില്‍ ഞങ്ങളുടെ കയ്യില്‍ ആയുധം വേണം. അല്ലെങ്കില്‍ രക്തം പൊടിയണം, ജീവനക്കാരെ കെട്ടിയിടണം. അത്തരമൊരു സംഭവവും അവിടെ ഉണ്ടായിരുന്നില്ല. ലാന്‍ഡ് ചെയ്ത് ഒരു മണിക്കൂറിന് ശേഷമാണ് വിമാനം റാഞ്ചിയെന്ന സന്ദേശം അവര്‍ അയ്ക്കുന്നത്. അങ്ങനെയും അത് കളവാണെന്ന് വ്യക്തമായി. ആകാശത്ത് വെച്ചല്ലല്ലോ ഇത് നടക്കുന്നത്.
പ്രവാസി സംഘടനകള്‍ ഈ വിഷയത്തെ എങ്ങനെയാണ് കണ്ടത്?
ഈ വിഷയം പ്രവാസികള്‍ക്കിടയില്‍ വലിയ യോജിപ്പിന് സഹായകരമായിട്ടുണ്ട്. സാധാരണ ഇത്തരം പ്രശ്‌നങ്ങളില്‍ പ്രവാസി സംഘടനകള്‍ ഇടപെടുമ്പോള്‍ ഏത് പാര്‍ട്ടിക്കാണ് ഇത് ഗുണം ചെയ്യുക ദോഷം ചെയ്യുക എന്ന് നോക്കാറുണ്ട്. എന്നാല്‍ ഇത്തവണ അത് ഉണ്ടായില്ല. പാര്‍ട്ടികള്‍ക്കതീതമായ ഒരു കൂട്ടായ്മയുണ്ടായി. കെ.എം.സി.സി വരെ പ്രവാസി സംഘടനകള്‍ ശക്തമായാണ് ഇതില്‍ ഇടപെട്ടത്.
ഈ വിഷയത്തില്‍ താങ്കള്‍ക്ക് ഇടപെടാന്‍ സാധിച്ചതില്‍ എന്ത് തോന്നുന്നു.
വ്യക്തിപരമായി ഈ വിഷയത്തില്‍ എനിയ്ക്ക് ക്രഡിറ്റുണ്ടെന്ന് തോന്നുന്നില്ല. ഞാന്‍ അത്തരം സംഭവങ്ങളെ നിരുത്സാഹപ്പെടുത്തുകയാണ് ചെയ്യാറ്. ഫേസ് ബുക്കിലെ അത്തരം കമന്റുകളെ ഞാന്‍ പ്രോത്സാഹിപ്പിക്കുന്നില്ല. ഞങ്ങള്‍ യാത്രക്കാരെല്ലാവരും കൂടിയാണ് ഈ സംഭവത്തെ നേരിട്ടത്. പ്രവാസികളുടെ യാത്രാദുരിതത്തിന് സ്ഥായിയായ ഒരു പരിഹാരമാണ് ഉണ്ടാകേണ്ടത്. പൊതുജനശ്രദ്ധയില്‍ കൊണ്ടുവന്ന ഈ പ്രശ്‌നത്തില്‍ മറ്റ് യാത്രക്കാരുടെ കൂടെ എനിയ്ക്കും ഇടപെടനായി എന്നതാണ് എന്റെ സ്വകാര്യ സന്തോഷം.
എയര്‍ ഇന്ത്യയുടെ യഥാര്‍ത്ഥ അവസ്ഥ ഇപ്പോള്‍ എന്താണ്?
എയര്‍ ഇന്ത്യ എന്ന പൊതുമുതല്‍ നശിപ്പിക്കപ്പെടുകയാണ്. ഇത് വെടക്കാക്കി തനിക്കാക്കാന്‍ ചിലരുണ്ട്. ഇത് നശിപ്പിച്ച് ഇതിന്റെ വിലകുറച്ച് സ്വകാര്യവത്ക്കരിക്കാനാണ് ചിലരുടെ ശ്രമം. രാഷ്ട്രീയ സ്വാധീനമുള്ള പ്രബലരായ വ്യക്തികള്‍ തുടങ്ങാന്‍ പോകുന്ന അല്ലെങ്കില്‍ തുടങ്ങിയ എയര്‍വേസുകള്‍ വന്നിട്ടുണ്ട്. അത്തരം എയര്‍വേസുകള്‍ക്ക് നന്നാകാന്‍ വേണ്ടി എയര്‍ ഇന്ത്യയെ തകര്‍ക്കണം. എയര്‍ ഇന്ത്യ എക്‌സ്പ്രസിനെ പൊളിക്കണം. ഒരു കാര്യം നമുക്ക് നിഷേധിക്കാനാവില്ല. ഗള്‍ഫ് മേഖലയിലേക്ക് മറ്റ് എയര്‍ലൈന്‍സുകള്‍ തരുന്നതിനേക്കാള്‍ കുറഞ്ഞ താരിഫാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് നല്‍കുന്നത്. ഇത് അമേരിക്കയിലേക്കും യു.കെയിലേക്കും ഉള്ള താരിഫിനേക്കാള്‍ ആനുപാതികമായി മൂന്ന് ഇരട്ടി വരുമെങ്കിലും.
ഗള്‍ഫ് മേഖലയിലേക്ക് മറ്റ് എയര്‍ലൈന്‍സുകള്‍ തരുന്നതിനേക്കാള്‍ കുറഞ്ഞ താരിഫാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് നല്‍കുന്നത്. ഇത് അമേരിക്കയിലേക്കും യു.കെയിലേക്കും ഉള്ള താരിഫിനേക്കാള്‍ ആനുപാതികമായി മൂന്ന് ഇരട്ടി വരുമെങ്കിലും
കേരളത്തിലെ രാഷ്ട്രീയ നേതൃത്വം വിഷയത്തില്‍ ഇടപെട്ടതിനെ കുറിച്ച് ?
തിരുവനന്തപുരത്തെ ഭരണസിരാകേന്ദ്രത്തിന് മുന്നില്‍ ഒരു പകല്‍ മുഴുവന്‍ ഞങ്ങള്‍ പീഡിപ്പിക്കപ്പെട്ടിട്ടും ഒരു മന്ത്രിമാരും തിരിഞ്ഞ് നോക്കിയില്ലയെന്നതിലാണ് ഞങ്ങള്‍ക്കുള്ള ശക്തമായ പ്രതിഷേധം. മുഖ്യമന്ത്രിയുള്‍പ്പെടെയുള്ള വിവിധ വകുപ്പ് മന്ത്രിമാര്‍ ആരും വന്നില്ല. പ്രവാസി എന്ന നിലയില്‍ ഞങ്ങളുടെ അരികില്‍ പിരിവിനായും മറ്റ് പലതിനായും എത്തുന്നവരാണവര്‍. എന്നാല്‍ എന്താണ് ഞങ്ങള്‍ക്ക് പറ്റിയതെന്ന് വിളിച്ച് ചോദിക്കാന്‍ ആരും തയ്യാറായില്ല.
യു.എ.ഇയിലും ജി.സി.സി യിലും മന്ത്രിമാരും രാഷ്ട്രീയ നേതാക്കന്‍മാരും എത്താത്ത ഒരൊറ്റാഴ്ചയും കടന്ന് പോയിട്ടില്ല. എന്നിട്ട് പോലും അവര്‍ അതിന് തയ്യാറായില്ലെന്നതിനേക്കാള്‍ സങ്കടകരമായി എന്താണുള്ളത്. എന്നാല്‍ പ്രവാസിക്ക് വേണ്ടി ഒരാളും ഒരു മൊട്ടുസൂചിയുടെ ഉപകാരം കൂടി ചെയ്തിട്ടില്ല. ആനുപാതികമായി നോക്കിയാല്‍ ഞങ്ങള്‍ നല്‍കുന്നതിന്റെ മൂന്നിലൊന്ന് ചാര്‍ജ് മാത്രമേ അമേരിക്കയിലേക്കുള്ളു. മന്ത്രിമാരുള്‍പ്പെടെയുള്ളവര്‍ യാത്ര ചെയ്ത് എഴുതിത്തള്ളുന്ന പണം ഞങ്ങള്‍ ഗള്‍ഫ് പ്രവാസികളുടെ ചുമലില്‍ വെയ്ക്കുകയാണ്.
വാല്‍ക്കഷ്ണം: യാത്രക്കാര്‍ക്കെതിരായി കേസ് എടുക്കില്ലെന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ വാക്ക് പാഴ്‌വാക്കായി. ആറ് യാത്രക്കാര്‍ക്കെതിരെ വലിയതുറ പോലീസ് സ്‌റ്റേഷനില്‍ വിമാനം റാഞ്ചാനും വധിക്കാന്‍ ശ്രമിച്ചെന്നുമുള്ള പൈലറ്റിന്റെ പരാതിയില്‍ പാവം പ്രവാസികളെ വിളിച്ചുവരുത്തി ചോദ്യം ചെയ്യല്‍.. “പ്രശ്‌നക്കാരായ” പ്രവസികള്‍ക്ക് നല്‍കാവുന്ന ഏറ്റവും നല്ല ശിക്ഷ. ഇനി ആരും ഇങ്ങിനെ പ്രശ്‌നക്കാരവരുത് !!!.