| Tuesday, 26th February 2019, 4:48 pm

അഭിമുഖം: ഇഫ്തി അസീസ്; സംഗീതം ഒറ്റയ്ക്ക് പഠിച്ച 'കാസറോട്ടാരന്‍ പയ്യന്‍ ' സംഗീതസംവിധായകനായ കഥ

ട്വിങ്കിള്‍ ശീതള്‍

കാസര്‍കോഡ് ഒരു സാദാ മുസ്‌ലിം കുടുംബത്തിലാണ് ഇഫ്തി അസീസ് എന്ന ഇഫ്തി ജനിച്ചത്. സംഗീതം കൊണ്ട് ജീവിക്കാന്‍ കഴിയില്ലെന്ന് പറഞ്ഞവരെ അവഗണിച്ച് പതിനഞ്ചാം വയസിലാണ് ആദ്യ ആല്‍ബം ഇഫ്തി റിലീസ് ചെയ്യുന്നത്. സംഗീതം പഠിക്കുന്നത് എതിര്‍ത്തപ്പോള്‍ സ്വന്തമായി പഠിച്ചെടുത്ത ഇഫ്തി തുടര്‍ന്ന് ഡി കമ്പനിയുടെ ടൈറ്റില്‍ സോങ്ങ് ചെയ്ത് കൊണ്ട് സിനിമയിലേക്ക്. ഇപ്പോള്‍ ജൂണ്‍ എന്ന ചിത്രത്തിലൂടെ പ്രേക്ഷകര്‍ക്കിടയിലേക്ക് ഒരുപിടി മനോഹര ഗാനങ്ങള്‍ സമ്മാനിച്ചു… സംഗീതം പെയ്തു നിറഞ്ഞ ജീവിതയാത്രയെ കുറിച്ച് ഇഫ്തി അസീസുമായി ട്വിങ്കിള്‍ ശീതള്‍ നടത്തിയ അഭിമുഖം.

ജൂണ്‍ സിനിമയിലേക്കുള്ള കടന്നു വരവ് എങ്ങനെയായിരുന്നു?

ജൂണിന്റെ സംവിധായകന്‍ അഹമ്മദ് കബീറുമായുള്ള മുന്‍പരിചയം മൂലമാണ് ഞാന്‍ ഇതിലേക്ക് എത്തുന്നത്. പണ്ട് ഞാന്‍ ചെയ്ത ആല്‍ബത്തിലൂടെയാണ് അഹമ്മദിനെ പരിചയപ്പെടുന്നത്. പിന്നീട് ഒന്ന് രണ്ട് ഷോര്‍ട്ട് ഫിലിംസും അഹമ്മദിനൊപ്പം ചെയ്തു. ആ പരിചയം ആണ് ജൂണിലേക്ക് വഴി തുറന്നത്. പ്രൊജക്റ്റ് ഓണ്‍ ആയപ്പോള്‍ തന്നെ ക്യാമറ മാന്‍, തിരക്കഥാകൃത്തുക്കള്‍, സംഗീത സംവിധായകന്‍ എന്നിവരെ ഉള്‍പ്പെടുത്തി അദ്ദേഹം ഒരു ടീം ഉണ്ടാക്കിയിരുന്നു. അതിനു ശേഷം എന്നെ വിളിച്ച് സംസാരിക്കുകയായിരുന്നു. 2 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഞാന്‍ ചെയ്ത സിനിമയാണ് ജൂണ്‍.

ഡി കമ്പനി സിനിമയിലെ ടൈറ്റില്‍ ഗാന സംവിധാനത്തില്‍ നിന്ന് ജൂണിലെ മുഴുനീള ഗാനങ്ങളിലേക്ക് എത്തിയപ്പോള്‍ സംഭവിച്ച മാറ്റങ്ങള്‍ എന്തെല്ലാമാണ്?

പാട്ടുകള്‍ ഞാന്‍ പണ്ടേ കംപോസ് ചെയ്യാറുണ്ട്. പ്ലസ് വണ്ണില്‍ പഠിക്കുമ്പോഴാണ് എന്റെ ആദ്യ മ്യൂസിക് ആല്‍ബം “ദില്‍ ഹേ ദീവാന” പുറത്തു വരുന്നത്. അന്ന്‌തൊട്ടേ പാട്ടുകള്‍ ചെയ്ത് പരിചയം ഉണ്ട്. അതുകൊണ്ട് തന്നെ ജൂണിലേക്ക് വന്നപ്പോള്‍ വലിയ മാറ്റം ഒന്നും തോന്നിയിട്ടില്ല. പിന്നെയും കുറച്ചു വെല്ലുവിളിയായി തോന്നിയത് ജൂണിന്റെ പശ്ചാത്തലസംഗീതം ചെയ്യാനാണ്. ഇത്രയും വലിയ രീതിയില്‍ പശ്ചാത്തലസംഗീതം ചെയ്തത് ആദ്യമായിട്ടായിരുന്നു. ഹൃസ്വ ചിത്രങ്ങള്‍ പോലെ ആയിരുന്നില്ല, ഒരു മുഴുനീള സിനിമയിലേക്ക് എത്തിയപ്പോള്‍.

പ്ലസ് വണ്ണില്‍ പഠിക്കുമ്പോള്‍ “ദില്‍ ഹേ ദീവാന” എന്ന ആല്‍ബം ചെയ്യാന്‍ പ്രചോദനമായതെന്ത്?

എന്റെ അതിയായ ആഗ്രഹമാണ് “ദില്‍ ഹേ ദീവാന” ചെയ്തതിനു പിന്നില്‍ . ഞാന്‍ വളര്‍ന്നു വന്ന കാലത്താണ് ബാല ഭാസ്‌കര്‍ ആല്‍ബങ്ങള്‍ ഇറക്കിയിരുന്നത്. അന്ന് അദ്ദേഹം ടി.വിയില്‍ നിറഞ്ഞു നിന്നിരുന്ന കാലമായിരുന്നു. അതൊക്കെ ഭയങ്കര പ്രചോദനമായിരുന്നു. കുടുംബത്തിന്റെ തരക്കേടില്ലാത്ത പിന്തുണയും ലഭിച്ചിരുന്നു. അങ്ങനെ എല്ലാ സാഹചര്യങ്ങളും സമയവും ഒത്തു വന്നപ്പോള്‍ “ദില്‍ ഹേ ദീവാന” പുറത്തിറക്കി. പിന്നീട് 2005 ല്‍ എട്ട് പാട്ടുകളോടുകൂടി “മന്ത്ര” എന്ന ആല്‍ബവും ചെയ്തു.

ഈ പറഞ്ഞവയില്‍ നിന്നെല്ലാം വ്യത്യസ്തമായ ഒന്നായിരുന്നല്ലോ “പാച്ച് വര്‍ക്ക്” എന്ന അന്താരാഷ്ട്ര ഓണ്‍ലൈന്‍ മ്യൂസിക്കല്‍ പ്രൊജക്റ്റ്. എങ്ങനെയായിരുന്നു ഇതിന്റെ തുടക്കം?

തീര്‍ച്ചയായും. പാച്ച് വര്‍ക്കിന്റെ പ്രത്യേകത അത് ഒരു ഓണ്‍ലൈന്‍ മ്യൂസിക്കല്‍ ആല്‍ബം ആയിട്ടാണ് ചെയ്തത്. ഞാന്‍ ദുബായില്‍ 5 വര്‍ഷ കാലം ജോലി ചെയ്തിരുന്നു. ആ സമയത്താണ് കാനഡയിലുള്ള ഒരു ഗായകനുമായി ഓണ്‍ലൈന്‍ വഴി പരിചയപ്പെട്ട് ഒരു പാട്ട് ചെയ്തത്. ആ പാട്ട് ഒന്ന് രണ്ട് പത്രങ്ങള്‍ക്കും മറ്റും അയച്ചുകൊടുത്തു. പല പത്രങ്ങളിലും റിപ്പോര്‍ട്ട് ആയി വന്നു. അതോടെ ഈ സംരഭം ഒറ്റ പാട്ടില്‍ നിര്‍ത്താനുള്ളതല്ല എന്ന ബോധ്യം വന്നു. ഒരു ആല്‍ബമായി ഇറക്കാന്‍ തീരുമാനിച്ചു. നെതര്‍ലാന്‍ഡ്സ്, പാകിസ്ഥാന്‍, കാനഡ എന്നിങ്ങനെ 9 രാജ്യങ്ങളില്‍ നിന്ന് 29 കലാകാരന്മാരും 49 സാങ്കേതിക വിദഗ്ധരും ചേര്‍ന്ന് 17 ഗാനങ്ങളുടെ ആല്‍ബമായി “പാച്ച് വര്‍ക്ക്” പുറത്തിറക്കി. നമുക്ക് ആവശ്യമുള്ള ഭാവങ്ങളും ഭാഗങ്ങളും ഓണ്‍ലൈന്‍ വഴി ചെയ്യുന്ന ആള്‍ക്കു മനസിലാക്കി കൊടുക്കുകയും, അവര്‍ അതിനനുസരിച്ചു ചെയ്തു തരുന്നതില്‍ മിക്‌സിങ്ങ് നടത്തിയാണ് ഓരോ ഗാനങ്ങളും ചെയ്തത്. അവരുടെ ഓരോരുത്തരുടെ സവിശേഷത എന്താണോ അത് പാട്ടുകളില്‍ കൊണ്ടുവരാന്‍ സാധിച്ചു. “പാച്ച് വര്‍ക്ക്” എന്നതിന്റെ അര്‍ത്ഥവും അതു തന്നെ ആണല്ലോ, കുറേ അധികങ്ങളുടെ മിശ്രിതം. രണ്ടര വര്‍ഷം കൊണ്ടാണ് ഇത് പൂര്‍ത്തിയാക്കിയത്. ഇത് ഒരിക്കലും ഒരു വാണിജ്യ മേഖലയെ മുന്‍ നിര്‍ത്തി ചെയ്ത ഒന്നല്ല. ഇതിനു പിന്നിലും എന്റെ ആഗ്രഹങ്ങള്‍ തന്നെ ആയിരുന്നു.


തിരക്കഥയും സന്ദര്‍ഭങ്ങളും കേട്ടതിനു ശേഷമാണോ പാട്ടുകള്‍ കംപോസ് ചെയ്യുന്നത്?

അതെ. ഇതില്‍ വരുന്ന ഒട്ടു മിക്ക പാട്ടുകളും ഒരു പശ്ചാത്തലസംഗീതം പോലെയാണ് ചെയ്തിരിക്കുന്നത്. ഗാനത്തിന്റെ ഓരോ ഭാഗങ്ങളും കൃത്യമായി വിവരിച്ചു തന്നിരുന്നു. ഈ സീനില്‍ പാട്ട് തുടങ്ങി ഇത്രയാകുമ്പോള്‍ കഥാപാത്രം എഴുന്നേറ്റ് നടക്കും എന്നിങ്ങനെയുള്ള ചെറിയ കാര്യങ്ങള്‍ പോലും കൃത്യമായി ആസൂത്രണം ചെയ്തിട്ടാണ് പാട്ടുകള്‍ ഓരോന്നും കംപോസ് ചെയ്തത്. അതു കൊണ്ട് തന്നെ ജൂണിലെ രണ്ട് ഗാനങ്ങള്‍ക്ക് ഘടനാപരമായ പല്ലവി, അനുപല്ലവി, ചരണം പോലുള്ളവ മാറ്റി നിര്‍ത്തിയാണ് ചെയ്തത്.  7 ഗാനങ്ങളുള്ള സിനിമയില്‍ രണ്ട് എണ്ണം ഘടനാപരമല്ലെങ്കിലും ബാക്കിയുള്ളത് ഘടനക്കൊത്ത് ചെയ്യാന്‍ സാധിച്ചു എന്നതിലാണ് കാര്യം. തുടക്കത്തില്‍ 6 പാട്ടുകള്‍ ആണ് ഉണ്ടായിരുന്നത്. സിനിമ ചെയ്തതിന് ശേഷമാണ് “കൂട് വിട്ട്” ചെയ്യുന്നത്.

ഇങ്ങനെ അവസാന നിമിഷത്തില്‍ ഗാനങ്ങള്‍ ചെയ്യുമ്പോള്‍ ഗാനസംവിധായകനും ഗാനരചയിതാവും തമ്മിലുള്ള പരസ്പര ധാരണ എങ്ങനെയാണ്?

സംവിധായകനും ഗാനരചയിതാവും ആയിട്ടുള്ള ആശയവിനിമയാണ് പ്രധാനം. ജൂണിനു വേണ്ടി പാട്ടുകള്‍ എഴുതിയത് മൂന്ന് പേരാണ് അനു എലിസബത്ത് ജോസ്, മനു മഞ്ജിത്ത്, വിനായക് ശശികുമാര്‍. വിനായക് എല്ലാ പാട്ടും സംവിധായകന്റെയും എന്റെയും കൂടെ ഇരുന്നാണ് എഴുതിയത്. അപ്പോള്‍ വരുത്തേണ്ട ചെറിയ മാറ്റങ്ങള്‍ അപ്പോള്‍ തന്നെ തിരുത്താറും ഉണ്ട്. അനുവിനോടും മനുവിനോടും ഇതുപോലെ തന്നെയാണ്. ഒരു ഫോണ്‍ കാള്‍ മതി. ഇത്രയും കാലം ടീവിയില്‍ മാത്രം കണ്ടിരുന്ന ഇവരെയും വിനീത് ശ്രീനിവാസനെയും ഒക്കെ നേരില്‍ കണ്ടു ഒരുമിച്ച് വര്‍ക്ക് ചെയ്യാന്‍ പറ്റിയത് തന്നെ ഭാഗ്യമായി കാണുന്നു.


ഒരു സിനിമ ചെയ്യുന്നതിന് മുന്‍പ് സംഗീതസംവിധായകന്‍ എന്ന നിലയില്‍ താങ്കള്‍ നടത്തുന്ന തയ്യാറെടുപ്പുകള്‍ എന്തൊക്കെയാണ്?

തയ്യാറെടുപ്പുകള്‍ എന്നു പറയാന്‍ മാത്രം ഒന്നും ഇല്ല. സംവിധായകന്റെ വ്യക്തത ആണ് പ്രധാനം. സംവിധായകന് കൃത്യമായ ഒരു പ്ലാന്‍ ഉണ്ടെങ്കില്‍ സംഗീതസംവിധായകരുടെ ജോലി കുറച്ചു കൂടി എളുപ്പമാകും. ഇല്ലെങ്കില്‍ അത് കലക്ക വെള്ളത്തില്‍ മീന്‍ പിടിക്കുന്നത് പോലെ ആണ്. അഹമ്മദിന് പാട്ടുകളെ കുറിച്ച് നല്ല വ്യക്തത ഉണ്ടായിരുന്നു. എനിക്ക് എന്റെതായ സ്വാതന്ത്ര്യവും അദ്ദേഹം തന്നിരുന്നു. സിനിമയുമായി ഒത്തുചേര്‍ന്നു പോകുന്ന ഗാനങ്ങള്‍ തിരഞ്ഞെടുക്കുന്നതും സംവിധായകന്‍ ആണ്. സംവിധായകനായിട്ടുള്ള ആശയ വിനിമയമാണ് ഇതിനെല്ലാം പിന്നില്‍. പിന്നെ എഡിറ്ററും നിര്‍മാതാവും മറ്റു സിനിമാപ്രവര്‍ത്തകരും ഒരുപോലെ അധ്വാനിച്ചതിന്റെ ഫലമാണ് സിനിമയില്‍ കാണുന്നത്.

ഒരു പെണ്‍കുട്ടിയുടെ മൂന്ന് കാലഘട്ടങ്ങള്‍ കാണിക്കുന്ന സിനിമയില്‍, കാലഘട്ടങ്ങള്‍ക്ക് യോജിച്ചുള്ള ഗാനങ്ങള്‍ ക്രമപ്പെടുത്തിയത് എങ്ങനെയാണ്?

സിനിമയുടെ തുടക്കത്തില്‍ വരുന്ന “മിന്നി മിന്നി” എന്ന ഗാനം വളരെ ലളിതമായിരിക്കണമെന്ന് സംവിധായകന്‍ മുന്‍പേ പറഞ്ഞിരുന്നു. ഒരു പ്ലസ് വണ്‍ പ്ലസ് ടു പെണ്‍കുട്ടിയുടെ ചിന്താഗതിക്ക് ചേര്‍ന്ന് നില്‍ക്കേണ്ട ഒന്നായിരിക്കണം എന്ന് മനസ്സില്‍ വച്ചുകൊണ്ടാണ് മിന്നി മിന്നി ചെയ്തത്. ഒരു യൂക്കലേലിയും നാലു വരികളും അറിയുന്ന ഒരാള്‍ക്ക് പാടാന്‍പറ്റാവുന്നത്ര ലളിതമായിട്ടാണ് ഇത് ചെയ്തത്. രണ്ടാം പകുതിയില്‍ സൂരജ് സന്തോഷും ആന്‍ അമീം ചേര്‍ന്ന് ആലപിച്ച ഗാനം കുറച്ചും കൂടി പക്വത നിലനിര്‍ത്തി കൊണ്ടാണ് ചെയ്തിരിക്കുന്നത്. ഗാനങ്ങളും പെണ്‍കുട്ടിയുടെ ജീവിതവുമായി നല്ല ബന്ധം ഉണ്ടാക്കി എടുക്കുകയാണ് പ്രധാനമായും ചെയ്തത്.

ബിന്ദു അനിരുദ്ധന്‍, റെയിഷാദ് റൗഫ് എന്നീ നവാഗത ഗായകരിലേക്ക് എത്തിയത് എങ്ങനെയായിരുന്നു?

ബിന്ദുവിനെ ഞങ്ങള്‍ തിരഞ്ഞെടുക്കുകയാണ് ഉണ്ടായത്. അവരുടെ ശബ്ദം “കൂട് വിട്ട്” എന്ന ഗാനത്തിനു ഉചിതമായിരുന്നു. റെയിഷാദിനെ ദുബായില്‍ വച്ചുള്ള പരിചയം ഉണ്ടായിരുന്നു. പാച്ച് വര്‍ക്കില്‍ റെയിഷദ് എന്നോടൊത്ത് വര്‍ക്ക് ചെയ്തിരുന്നു. മേലെ മേലെ ഗാനം ചെയ്യുന്ന സമയത്ത് അദ്ദേഹത്തിന്റെ ശബ്ദം ആ ഗാനത്തിന് യോജിച്ചതാണ് എന്ന് എനിക്ക് തോന്നിയിരുന്നു. കഥ എഴുതുമ്പോള്‍ കഥാപാത്രങ്ങള്‍ ഇങ്ങനെ ഉള്ളവരായാല്‍ കൊള്ളാം എന്ന് വിചാരിക്കുന്നത് പോലെ തന്നെ പാട്ടുകള്‍ ചെയ്യുമ്പോള്‍ ഇന്ന ശബ്ദം കൊടുക്കാം എന്നൊരു ചിന്ത ഉണ്ട്. അതിനു യോജിച്ച ആളുകളെ കൊണ്ടത് ചെയ്യിക്കുന്നു. അല്ലാതെ പുതുമുഖത്തിനെ വച്ചാല്‍ നന്നാകും എന്ന് നോക്കി ചെയ്തതല്ല.

ഈ മേഖലയില്‍ പ്രചോദനം ആരൊക്കെയാണ്?

ഒരുപാടുപേരുണ്ട്. നേരത്തെ പറഞ്ഞതുപോലെ ബാല ഭാസ്‌കര്‍, വിദ്യാസാഗര്‍, ഔസേപ്പച്ചന്‍ ഇവരൊക്കെ വലിയ പ്രചോദനം ആയിരുന്നു. രാവിലെ എഴുന്നേറ്റ് വൈകുനേരം വരെ മ്യൂസിക് ചെയ്യണം എന്നത് മാത്രമാണ് എന്റെ ആഗ്രഹം. പിന്നീട് അഹമ്മദായി കൊണ്ട് വന്നതാണ് ജൂണ്‍.

സ്വാതന്ത്രനായിട്ടാണോ അതോ സിനിമയിലാണോ മ്യൂസിക് ചെയ്യാന്‍ കൂടുതല്‍ താല്പര്യം?

അങ്ങനെ ഇന്നതില്‍ എന്നൊന്നും ഇല്ല. ജൂണിലേക്കു വന്നപ്പോള്‍ അഹമ്മദായാലും ഫ്രൈഡേ ഫിലിം ഹൗസ് ആയാലും ഞാനുമായിട്ട് നല്ല കംഫര്‍ട്ടബള്‍ ആയിരുന്നു. എന്റേതായ രീതിയില്‍ ചെയ്യാനുള്ള സ്വാതന്ത്ര്യം എനിക്കുണ്ടായിരുന്നു. അതു തന്നെയാണ് വലുത്. നമ്മുടേതായ നിലയില്‍ ചെയ്യുമ്പോഴാണ് ഈ കാണുന്ന ഫലം കിട്ടുന്നത്. തന്റേതായ സ്വാതന്ത്ര്യം ലഭിച്ചില്ലെങ്കില്‍ തീര്‍ച്ചയായും പ്രൊജക്റ്റ് ചെയ്തിട്ട് കാര്യമില്ല.

സംഗീതമാണ് വഴിയെന്ന് പറഞ്ഞപ്പോള്‍ വീട്ടില്‍ നിന്നുള്ള പ്രതികരണം എങ്ങിനെയായിരുന്നു ?

ഇപ്പോള്‍ ഫാമിലിയുടെ പിന്തുണ ലഭിക്കുന്നുണ്ട്. എന്നാല്‍ തുടക്കത്തില്‍ ഉണ്ടായിരുന്നില്ല. കാസര്‍കോട് ജില്ലയിലെ ഒരു സാധാ മുസലിം ഫാമിലിയിലാണ് ജനിച്ചത്. മ്യുസിക്കില്‍ ഒന്നും അത്ര താല്‍പര്യമുള്ളതല്ലാത്തതിനാല്‍ മ്യൂസിക് പഠിക്കാന്‍ വിടില്ലായിരുന്നു.  അതുകൊണ്ട് ഞാന്‍ മ്യൂസിക് സ്വന്തമായി പഠിച്ചതാണ്.

അന്ന് മ്യൂസിക് പഠിക്കാന്‍ പറ്റിയ സ്ഥാപനങ്ങള്‍ നാട്ടില്‍ ഉണ്ടായിരുന്നില്ല. രാജേഷ് തൃക്കരിപ്പുര്‍ ആയിരുന്നു ആദ്യഗുരു.  അദ്ദേഹം  പാലക്കാട് ചെമ്പൈ കോളേജില്‍ നിന്നും ഗാനഭൂഷണ്‍ കരസ്ഥമാക്കിയ ആളാണ്.  പത്താം തരത്തില്‍ പഠിക്കുന്ന സമയത്തായിരുന്നു അത്. അപ്പോഴും കീബോര്‍ഡ് വായിക്കുമായിരുന്നു. എന്നാല്‍ ശാസ്ത്രീയമായി പഠിക്കണമെന്നുള്ള ആഗ്രഹം കൊണ്ടാണ് അവിടെ ചേര്‍ന്ന് പഠിച്ചത്. രണ്ട് മാസത്തോളം ഹാര്‍മോണിയം പഠിച്ചിട്ടുണ്ട്. അവിടെ കീബോര്‍ഡ് കൊണ്ടു വന്നപ്പോള്‍ അത് വായിക്കുന്നത് കണ്ടിട്ട് പുള്ളി എന്റെടുത്ത് പറഞ്ഞു അങ്ങനെയാണെങ്കില്‍ കണ്ണൂരിലോ മറ്റ് എവിടെയെങ്കിലും വച്ച് കീബോര്‍ഡ് പഠിച്ചോളു എന്ന്. എന്നാല്‍ പോകാന്‍ പറ്റാത്തതിനാല്‍ അത് നിര്‍ത്തി. വീട്ടില്‍ നിന്നും കണ്ണൂരിലേക്ക് ദൂരമുണ്ട്.

ഈ സംഗീതം ശാസ്ത്രീയമായി പഠിക്കാത്തതിനാല്‍ എന്തെങ്കിലും പ്രശ്‌നമുള്ളതായി തോന്നിയിട്ടുണ്ടോ ?

സംഗീതം പഠിക്കുന്ന സമയത്ത് ആണ് പാട്ട് കംപോസിംങിനെകുറിച്ചൊക്കെ പഠിക്കുന്നത്. അത് കഴിഞ്ഞ് പ്രീഡിഗ്രീക്ക് പഠിക്കുമ്പോഴാണ് ആദ്യ ആല്‍ബം ചെയ്യുന്നത്. കേട്ട് കേട്ടാണ് സംഗിതം പഠിച്ചത്. ആദ്യകാലങ്ങളില്‍ ചലച്ചിത്ര ഗാനങ്ങളൊക്കെ കീബോര്‍ഡില്‍ വായിക്കുമായിരുന്നു. പത്താം തരത്തിന് ശേഷമാണ് സ്വന്തമായി പാട്ടുകള്‍ ചെയ്തു തുടങ്ങിയത്.

പുതിയ പ്രോജക്ടുകള്‍ ?

ഒന്ന് രണ്ട് പേര്‍ വിളിച്ചിരുന്നു. ഒന്നും കൂടികാഴ്ചകളിലേക്ക് എത്തിയിട്ടില്ല. ജൂണ്‍ നല്ല രീതിയില്‍ തീര്‍ക്കുക എന്നതായിരുന്നു ലക്ഷ്യം. സിനിമയ്ക്കു മുന്‍പേ സ്വന്തായിട്ട് രണ്ട് മൂന്ന് പാട്ടുകള്‍ ചെയ്യലും മറ്റു പ്ലാന്‍സും ഉണ്ടായിരുന്നു. അതു പിന്നീട് നോക്കി ചെയ്യുന്നതായിരിക്കും.

DoolNews Video

ട്വിങ്കിള്‍ ശീതള്‍

ബി.എ ജേര്‍ണലിസം വിദ്യാര്‍ത്ഥിനി

We use cookies to give you the best possible experience. Learn more