അഭിമുഖം: ജെബി മേത്തര്‍ / സഫ്വാന്‍ കാളികാവ്
ദേശീയ – സംസ്ഥാന രാഷ്ട്രീയ സാഹചര്യങ്ങളില്‍ വലിയ പ്രതിസന്ധിയിലൂടെയാണ് കോണ്‍ഗ്രസ് കടന്നുപോകുന്നത്. കേരളത്തിലെ കോണ്‍ഗ്രസിനകത്തെ ആഭ്യന്തര പോരും മുതിര്‍ന്ന നേതാക്കള്‍ തമ്മിലുള്ള പടലപ്പിണക്കങ്ങളുമാണ് എപ്പോഴും വാര്‍ത്തകളിലുള്ളത്. ഈ സാഹചര്യത്തില്‍ മഹിള കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് വരുന്നത് ഒരു വെല്ലുവിളിയല്ലേ?
കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍, പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍, മുതിര്‍ന്ന നേതാക്കളായ ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എന്നിവര്‍ ഒരുമിച്ചെടുത്ത തീരുമാനത്തിന്റെ ഭാഗമായാണ് എനിക്ക് ലഭിച്ച പുതിയ ഉത്തരവാദിത്തമെന്ന് ഞാന്‍ വിശ്വസിക്കുന്നു.
ചെറിയ പ്രശ്‌നങ്ങളാണ് കോണ്‍ഗ്രസിലുള്ളത്. അത് നേതാക്കള്‍ ഇടപെട്ട് തീര്‍ക്കും. മഹിള കോണ്‍ഗ്രസ് ഇപ്പോള്‍ ശ്രദ്ധിക്കുന്നത് സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അനീതികളെ ചെറുക്കാനാണ്. എന്തൊക്കെ പ്രശ്‌നങ്ങളുണ്ടെങ്കിലും കോണ്‍ഗ്രസ് തിരിച്ചുവരുന്ന സമയമാണിത്. ആ തിരിച്ചുവരവിന് ഊര്‍ജം പകരുന്ന രീതില്‍ സംഭാവന ചെയ്യാന്‍ മഹിള കോണ്‍ഗ്രസിന് കഴിയുമെന്നാണ് എന്റെ വിശ്വാസം.
സി.പി.ഐ.എമ്മില്‍ പ്രശ്‌നങ്ങളില്ലാഞ്ഞിട്ടല്ല. ആ പാര്‍ട്ടിയുടെ ഏകാധിപത്യ പ്രവണതകള്‍ കൊണ്ട് അതൊന്നും പുറത്തുവരാത്തതാണ്. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ മുന്‍ മന്ത്രി എം.എം. മണി മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടുകളോട് വിയോജിച്ച് രംഗത്തെത്തിയത് നമ്മെളെല്ലാവരും കണ്ടതാണ്.
മുല്ലപ്പെരിയാര്‍ ജല ബോംബാണെന്നാണ് എം.എം. മണി പറഞ്ഞത്. അതിനെക്കുറിച്ച് ഒന്നും പിന്നെ നമ്മള്‍ കേട്ടില്ല. ഒരുപക്ഷേ സി.പി.ഐ.എം എം.എം. മണിയെ വിരട്ടിക്കാണും. അതാണ് ഇടതുപക്ഷത്തിന്റെ രീതി. പക്ഷേ കോണ്‍ഗ്രസ് അങ്ങനെയല്ല.
നിലവില്‍ നിയമസഭയില്‍ ഒരു വനിതാ എം.എല്‍.എ പോലും കോണ്‍ഗ്രസിനില്ല. ഒക്ടോബറില്‍ പ്രഖ്യാപിച്ച കോണ്‍ഗ്രസ് കമ്മിറ്റിയിലെ സ്ത്രീ പ്രാതിനിധ്യം സംബന്ധിച്ചും വലിയ വിമര്‍ശനമുണ്ട്. ഇവയോട് എങ്ങനെ പ്രതികരിക്കുന്നു?
സ്ത്രീകള്‍ക്ക് പ്രാതിനിധ്യം നല്‍കണം എന്ന് വിശ്വസിക്കുന്ന പ്രസ്ഥാനമാണ് കോണ്‍ഗ്രസ്. അതിനായി കോണ്‍ഗ്രസ് രാജ്യസഭയില്‍ ബില്ല് പാസാക്കുകയും ചെയ്തിട്ടുണ്ട്.
ഞാന്‍ പ്രവര്‍ത്തിച്ച യൂത്ത് കോണ്‍ഗ്രസിലും സംഘടനാ തെരഞ്ഞടുപ്പില്‍ സ്ത്രീ പ്രാതിനിധ്യം സംവരണത്തിലൂടെ ഉറപ്പാക്കിയ സമീപകാല ഉദാഹരണങ്ങളുണ്ട്. കോണ്‍ഗ്രസ് പാര്‍ട്ടി അതിനായി ശ്രമിക്കുന്നുമുണ്ട്. എന്നാലും കൂടുതല്‍ സ്ത്രീകള്‍ കടന്നുവരണം എന്ന് തന്നെയാണ് ആഗ്രഹിക്കുന്നത്.
മഹിള കോണ്‍ഗ്രസ് മുന്‍ഗണന നല്‍കുന്നത് കേരളത്തിലെ സ്ത്രീ സുരക്ഷക്കായുള്ള ഇടപെടലിനാണ്. കേരളത്തിലെ സ്ത്രീകളുടെ പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കാനും സംഘടനയെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനുമായിരിക്കും ആദ്യം മഹിള കോണ്‍ഗ്രസ് ശ്രദ്ധിക്കുക.
കോണ്‍ഗ്രസ് വിട്ട മുന്‍ മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ ലതിക സുഭാഷിനെ പാര്‍ട്ടിയിലേക്ക് തിരിച്ചെത്തിക്കും എന്ന ഒരു പ്രതികരണം കണ്ടു. ഏത് സാഹചര്യത്തിലാണ് അങ്ങനെ പറഞ്ഞത്?
കോണ്‍ഗ്രസ് പാര്‍ട്ടി വിട്ടവരെ തിരിച്ചുകൊണ്ടുവരുമോ എന്ന ചോദ്യത്തിന്, കോണ്‍ഗ്രസ് ഒരു കുടുംബമാണ് ആര്‍ക്കും മടങ്ങിവരാമെന്നുമാണ് ഞാന്‍ പറഞ്ഞത്.
ലതിക സുഭാഷിനെ പാര്‍ട്ടിയിലേക്ക് കൊണ്ടുവരും എന്ന് പ്രത്യേകമായി പറഞ്ഞിട്ടില്ല. സ്വാഭാവികമായും പാര്‍ട്ടി വിട്ടവര്‍ക്കെല്ലാം തെറ്റുതിരുത്തി മടങ്ങിവരാനുള്ള അവസരം ഈ കോണ്‍ഗ്രസിലുണ്ട്. അതിനുള്ള ഏറ്റവും വലിയ ഉദാഹരണമാണ് ചെറിയാന്‍ ഫിലിപ്പ്.
തുടര്‍ഭരണം എന്ന ചരിത്രനേട്ടവുമായി രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരമേറ്റിട്ട് ആറ് മാസം കഴിയുകയാണ്. പുതിയ രാഷ്ട്രീയ സാഹചര്യത്തില്‍ മഹിള കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റിക്ക് കേരളത്തിലെന്താണ് ചെയ്യാനുള്ളത്?
സംസ്ഥാന സര്‍ക്കാരിനെ സംബന്ധിച്ച് സ്ത്രീ സുരക്ഷ എന്നത് അവരുടെ അജണ്ടയിലേയില്ല.
സ്ത്രീകള്‍ ഇവിടെ അപമാനിക്കപ്പെടുകയാണ്. അതുകൊണ്ടുതന്നെ പ്രതിപക്ഷത്തെ സ്ത്രീ മുന്നേറ്റം എന്ന നിലയില്‍ മഹിള കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തേണ്ട അനിവാര്യ കാലഘട്ടമാണിത്.
ആലുവയിലെ മോഫിയ പര്‍വിന്റെ മരണവുമായി ബന്ധപ്പെട്ട വിഷയത്തില്‍ രണ്ട് ദിവസത്തെ സമരത്തില്‍ ആ വേദിയിലുണ്ടായിരുന്നയാളാണ് ഞാന്‍. കോണ്‍ഗ്രസിന്റെ ശക്തമായ സമര സമ്മര്‍ദത്തിന്റെ ഫലമായാണ് കേസില്‍ കുറ്റക്കാരനായ ഉദ്യോഗസ്ഥനെ സര്‍ക്കാരിന് സസ്‌പെന്‍ഡ് ചെയ്യേണ്ടിവന്നത്. ഇത്തരത്തിലുള്ള നീതി നിഷേധത്തിനെതിരെ മഹിള കോണ്‍ഗ്രസ് നേതൃത്വം നല്‍കിയുള്ള സമരങ്ങള്‍ ഇനിയും കേരളത്തിലുണ്ടാകും.
ദത്ത് വിഷയത്തില്‍ സ്വന്തം കുഞ്ഞിനായി അനുപമ നടത്തിയ പോരാട്ടം, എം.ജി. യൂണിവേഴ്‌സിറ്റിയിലെ ജാതി വിവേചനത്തിനെതിരായി ദീപ പി. മോഹനന്‍ എന്ന ദളിത് ഗവേഷക നടത്തിയ നിരഹാര സമരം. ഈയടുത്ത് പ്രതിപക്ഷത്തിന്റെ ഭാഗമായല്ലാതെ സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കിയ രണ്ട് സ്ത്രീകളുടെ സമരങ്ങളായിരുന്നു ഇത്. ഈ സമരങ്ങളില്‍ മഹിള കോണ്‍ഗ്രസിന്റെ നിലപാടെന്താണ്?
അനുപമക്ക് ജനിച്ച കുട്ടിയെ അമ്മയുടെ സമ്മതമില്ലാതെ കടത്തിക്കൊണ്ടുപോയി എന്നതാണ് ആ കേസിലെ നീതികേട്. അനുപമ എന്ന യുവതി സ്വന്തം കുഞ്ഞിനായി മുട്ടാത്ത വാതിലുകളുണ്ടായിരുന്നില്ല. സി.പി.ഐ.എം കുടുംബത്തില്‍ ജനിച്ച ഒരു ഡി.വൈ.എഫ്.ഐക്കാരിയുടെ ഗതി ഇതാണെങ്കില്‍ മറ്റ് സ്ത്രീകളുടെ അവസ്ഥയെന്തായിരിക്കും. ആ മെറിറ്റിലാണ് കോണ്‍ഗ്രസ് ഈ വിഷയത്തെ കണ്ടത്.
അനുപമ വിഷയത്തില്‍ ശക്തമായ നിലപാടെടുത്ത പ്രസ്ഥാനമാണ് കോണ്‍ഗ്രസ്. യൂത്ത് കോണ്‍ഗ്രസ് അനുപമക്ക് നീതി ലഭിക്കാനായി സമരം ചെയ്ത് റിമാന്‍ഡിലായ സ്ഥിതി വരെ ഉണ്ടായിരുന്നു. നിയമസഭക്കകത്തും ഈ വിഷയം പ്രതിപക്ഷ നേതാവ് ശക്തമായി ഉന്നയിച്ചിട്ടുണ്ട്.
ജാതി വിവേചനത്തിനെതിരായ ദീപ പി. മോഹനന്റെ സമരത്തിലും രമ്യ ഹരിദാസ് എം.പി. അടക്കമുള്ള നേതാക്കള്‍ സജീവമായി പങ്കെടുത്തിരുന്നു. ഈ രണ്ട് സംഭവം നടക്കുമ്പോഴും മഹിള കോണ്‍ഗ്രസിന് ഒരു സംസ്ഥാന കമ്മിറ്റി ഉണ്ടായിരുന്നില്ല. എന്നാലും കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ച് ഞങ്ങളെല്ലാവരും സജീവമായി ഇടപെട്ടിരുന്നു.
പാരമ്പര്യമായി കോണ്‍ഗ്രസ് കുടുംബമാണോ? പഠനം, പാര്‍ട്ടയിലേക്ക് വന്ന സാഹചര്യം?
ഒരു കോണ്‍ഗ്രസ് കുടുംബത്തില്‍ തന്നെയാണ് ഞാന്‍ ജനിച്ചത്. കോണ്‍ഗ്രസിനോടുള്ള സ്‌നേഹത്തിനുള്ള പ്രധാന കാരണവും ഇതുതന്നെയാണ്. എന്റെ ഉപ്പ കെ.എം.ഐ മേത്തര്‍ കെ.പി.സി.സി ജനറല്‍ സെക്രട്ടറിയായിരുന്നു. മുന്‍ കെ.പി.സി.സി പ്രസിഡന്റായിരുന്ന ടി.ഒ ബാവയുടെയും കെ.പി.സി.സി ട്രഷറയായിരുന്ന കെ.സി.എം മേത്തറിന്റെയും പേരമകളാണ് ഞാന്‍.
പഠനകാലത്ത് തന്നെ കെ.എസ്.യുവില്‍ സജീവമായിരുന്നു. എന്നാല്‍ പ്രധാനപ്പെട്ട സംഘടനാ ഭാരവാഹിത്തത്തിലേക്ക് വരുന്നത് യൂത്ത് കോണ്‍ഗ്രസിലൂടെയാണ്. യുത്ത് കോണ്‍ഗ്രസിന്റെ ബ്ലോക്ക് പ്രസിഡന്റ് മുതല്‍ ദേശീയ സെക്രട്ടറി വരെയുള്ള സംഘടനാ ചുമതലകള്‍ പാര്‍ട്ടി ഏല്‍പ്പിച്ചപ്പോള്‍ ഭംഗിയായി നിര്‍വഹിച്ചു എന്നാണ് എന്റെ വിശ്വാസം.
2010ലും 2015ലും 2020ലും പാര്‍ട്ടി എന്നെ ആലുവ നഗരസഭയിലേക്ക് മത്സരിക്കാന്‍ ചുമതലപ്പെടുത്തിയിരുന്നു. ഈ മൂന്ന് തവണയും വിജയിക്കുകയും ചെയ്തു. നിലവില്‍ നഗരസഭ വൈസ് ചെയര്‍പേഴ്‌സണാണ്.
യൂത്ത് കോണ്‍ഗ്രസില്‍ ഏല്‍പ്പിക്കപ്പെട്ട ഉത്തരവാദിത്തങ്ങളുടെ ഭാഗമായി തമിഴ്‌നാട്, കര്‍ണാടക, പോണ്ടിച്ചേരി തുടങ്ങി നിരവധിയിടങ്ങളില്‍ ഓടിനടന്ന് പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇതെല്ലാം പുതിയ ഉത്തരവാദിത്തം ഏല്‍പ്പിക്കാന്‍ കാരണമായെന്ന് വിശ്വസിക്കുന്നു.
നാട്ടിലെ വിദ്യോധയ സ്‌കൂളിലായിരുന്നു ഞാന്‍ പഠിച്ചത്. പ്ലസ്ടുവിന് ശേഷം ബെംഗളൂരുവില്‍ എല്‍.എല്‍.ബി പഠനം പൂര്‍ത്തിയാക്കി. എല്‍.എല്‍.എം ചെയ്തത് കൊച്ചിന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നാണ്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Interview with Jebi Mather, Mahila Congress state president