സമൂഹത്തോട് സംവദിക്കുക അല്ലെങ്കില്‍ നിലനില്‍ക്കുന്ന വ്യവസ്ഥകളോട് പ്രതികരിക്കുക എന്നത് എല്ലാക്കാലത്തും സംഭവിക്കുന്ന അല്ലെങ്കില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന ഒന്നാണ്. സമൂഹത്തില്‍ ചലനങ്ങളുണ്ടാക്കുന്നവരെ സമൂഹം എപ്പോഴും വീക്ഷിച്ചുകൊണ്ടിരിക്കും. ഈ ചലനങ്ങള്‍ തങ്ങള്‍ക്കെതിരെയാവുമ്പോള്‍ വീക്ഷണങ്ങള്‍ പ്രതികരണങ്ങളായി മാറും. ഓരോ കാലത്തും അതാത് കാലത്തെ രീതികളനുസരിച്ച് സമൂഹത്തോടുള്ള പ്രതികരണങ്ങളുടെ ആവിഷ്‌കാര രീതികളില്‍ മാറ്റമുണ്ടാകാം. വിവിധ വിഷയങ്ങളെക്കുറിച്ച് സമൂഹത്തെ ബോധവല്‍ക്കരിക്കുന്നതിനും നിലനില്‍ക്കുന്ന വ്യവസ്ഥിതിയോടുള്ള പ്രതിഷേധം അറിയിക്കുന്നതിനും കേരളത്തിലങ്ങോളമിങ്ങോളം ഒരു കാലത്ത് നിലനിന്നിരുന്ന ഒരു ആവിഷ്‌കാര രീതിയായിരുന്നു തെരുവുനാടകങ്ങള്‍.
എന്നാല്‍ അടുത്തകാലത്തായി കേരളത്തിലെ പൊതു ഇടങ്ങളില്‍ ഫ്‌ളാഷ്‌മോബ് എന്ന കലാരൂപം ശക്തമയൊരു പ്രതിരോധ മാര്‍ഗ്ഗമായി മാറിയിട്ടുണ്ട്. വിദ്യാര്‍ഥികളടക്കമുള്ള നിരവധി ഗ്രൂപ്പുകള്‍ തങ്ങളുടെ ആശയങ്ങള്‍ പ്രകടിപ്പിക്കുന്നതിനായി ഈയൊരു മാര്‍ഗ്ഗം ഉപയോഗിച്ചു വരുന്നു. എന്നാല്‍ കേരളത്തില്‍ ഫ്ളാഷ്മോബ് ഒരു വിവാദമായി മാറുന്നതും കേരളം ഇത്രയധികം ചര്‍ച്ച ചെയ്തതും മലപ്പുറത്ത് എയിഡ്സ് ബോധവത്കരണത്തെക്കുറിച്ച് നടത്തിയ ഫ്ളാഷ്മോബിലൂടെ ആയിരുന്നു. ഇതില്‍ പങ്കെടുത്ത മൂന്ന് പെണ്‍കുട്ടികള്‍ തട്ടമിട്ടത് സോഷ്യല്‍ മീഡിയയിലൂടെ വൈറലാവുകയും ഈ സംഭവം പിന്നീട് ഒരു പ്രത്യേക മതവിഭാഗത്തെ സംബന്ധിക്കുന്നത് എന്ന തരത്തില്‍ കേന്ദ്രീകരിക്കപ്പെടുകയുണ്ടായി.
ഇതുമായി ബന്ധപ്പെട്ട വിവാദം കത്തിക്കയറുന്നതിനിടയിലാണ് കേരളത്തിലെ അന്താരാഷ്ട്ര ചലചിത്രോത്സവ വേദിയില്‍ സമൂഹത്തില്‍ നിഷേധിക്കപ്പെടുന്ന പെണ്ണിടങ്ങളെക്കുറിച്ച് ഫ്രീ തിങ്കേഴ്‌സ് എന്ന ഗ്രൂപ്പ് നടത്തിയ ഫ്ളാഷ്‌മോബും സങ്കുചിത മതമൗലിക വാദത്തിന്റെയും തട്ടത്തിന്റെ പൊളിറ്റിക്‌സിലേക്കും ഉള്‍പ്പെടുത്തി വ്യാപക സൈബര്‍ ആക്രമണത്തിന് ഇരയാകുകയായിരുന്നു. ഇതില്‍ പങ്കെടുത്തവരില്‍ ഒരാളായ കെ.എസ്.യു ജില്ലാ വൈസ് പ്രസിഡന്റും മലപ്പുറത്തെ മഞ്ചേരി സ്വദേശിയായ ജസ്ലക്കെതിരെ അത്രയധികം തെറിയഭിഷേകങ്ങളാണ് “സൈബര്‍ ആങ്ങളമാരും ഓണ്‍ലൈന്‍ മുഫ്തിമാരും” അഴിച്ചുവിട്ടത്. വനിതാക്കമമ്മീഷന് വരെ പരാതി നല്‍കേണ്ടി വന്ന ഈയൊരു സാഹചര്യത്തില്‍ ഫ്ളാഷ്മോബ് വിവാദത്തൈക്കുറിച്ചും താന്‍ നേരിട്ട സൈബര്‍ ആക്രമണത്തെക്കുറിച്ചും സംസാരിക്കുകയാണ് ഒരു കലാകാരി കൂടിയായ ജസ്ല മാടശ്ശേരി.
ഫ്‌ളാഷ്‌മോബ് വിവാദത്തില്‍ നിന്നു തന്നെ തുടങ്ങാം. എന്താണ് യഥാര്‍ത്ഥത്തില്‍ അന്നു സംഭവിച്ചത്?
കേരളത്തന്റെ അന്താരാഷ്ട്ര ചലചിത്ര വേദിയായ ഐ.എഫ്.എഫ്.കെയില്‍ ഞാന്‍ തുടര്‍ച്ചയായി പങ്കെടുക്കാന്‍ തുടങ്ങിയിട്ട് മൂന്ന് വര്‍ഷമേ ആയുള്ളൂ. ചലചിത്രങ്ങള്‍ കാണുക എന്നതിലുപരി നമ്മുടെ ചിന്തകളും പ്രതികരണങ്ങളും ആവിഷ്‌കരിക്കാനുള്ള ഒരു വേദി കൂടിയാണ് ഐ.എഫ്.എഫ്.കെ. അതുകൊണ്ടാണ് അത്തരമൊരു വേദിയില്‍ ഫ്‌ളാഷ്‌മോബ് നടത്താന്‍ തങ്ങള്‍ തീരുമാനിക്കുന്നതും.
യഥാര്‍ത്ഥത്തില്‍ മലപ്പുറത്ത് നടന്ന വിഷയവുമായി ബന്ധപ്പെട്ടല്ല ഞങ്ങള്‍ ഫ്‌ളാഷ്‌മോബ് നടത്തിയത്. കേരളത്തിലെ പൊതു സമൂഹത്തില്‍ നഷ്ടപ്പെടുന്ന പെണ്ണിടങ്ങള്‍ക്കെതിരെ ആയിരുന്നു ഞങ്ങളുടെ ഫ്‌ളാഷ്‌മോബ്. മലപ്പുറത്തെ ആ സംഭവവും ഇതിനു പിന്നിലെ ഒരു ഘടകമായിരുന്നു. പക്ഷേ മൊത്തത്തില്‍ സ്ത്രീകള്‍ ഇന്നനുഭവിക്കുന്ന വിവേചനങ്ങള്‍ക്കെതിരെയാണ് ഞങ്ങള്‍ പ്രതികരിച്ചത്. അതേസമയം ഈ പ്രതിഷേധത്തിന്റെ മീഡിയം ഫ്ളാഷ്‌മോബ് ആക്കിയതിനു പിന്നില്‍ മലപ്പുറത്ത് നടന്ന സംഭവം തന്നെയാണ്.
അവതരണത്തിനിടയില്‍ ട്രാന്‍സ്ജെന്ററടക്കം എല്ലാവരും ഞങ്ങളുടെ കൂടെ കൂടി. അതോടെ ലിംഗസമത്വം എന്ന നിലയിലേക്കു കൂടി ഇത് മാറി. ഞങ്ങള്‍ നല്ല നിലയില്‍ പ്രോഗ്രാം അവതരിപ്പിച്ചു. ഞങ്ങളോടൊപ്പം ചേര്‍ന്നവരുടെ ജാതിയോ ലിംഗമോ ഒന്നും തന്നെ ഞങ്ങള്‍ പരിഗണിച്ചിരുന്നില്ല. ഞങ്ങള്‍ ഉന്നയിച്ച നിലപാടില്‍ മാത്രമായിരുന്നു ഞങ്ങളുടെ ഫോക്കസ്. ആരുടെയും ഔദാര്യമല്ല പെണ്ണിന്റെ സ്വാതന്ത്ര്യം എന്നു മനസ്സിലാക്കിക്കൊടുക്കാനായിരുന്നു ഞങ്ങളുടെ ഉദ്ദേശ്യം.
ആള്‍ക്കൂട്ടത്തിനെ അത് വ്യക്തമായി ബോധ്യപ്പെടുത്താന്‍ കഴിഞ്ഞു എന്നു തന്നെയാണ് തങ്ങളുടെ വിശ്വാസം. പക്ഷേ പ്രതിഷേധം കഴിഞ്ഞ് വൈകുന്നേരം ആവുമ്പോഴേക്കും സ്ഥിതിഗതികള്‍ ആകെ മാറുകയായിരുന്നു. ഫോണും ഫേസ്ബുക്കുമൊക്കെ തുറക്കാന്‍ പറ്റാത്ത അവസ്ഥയായി. അത്രയധികം കോളുകളും തെറി പറഞ്ഞുള്ള മെസേജുകളുമായിരുന്നു നിറയെ. സോഷ്യല്‍ മീഡിയയിലൂടെ ഒരു വിഭാഗം അസഭ്യപ്രചരണം ആരംഭിച്ചിരുന്നു. ആ ഒരു സംഭവത്തെ തട്ടത്തിന്റെയും മതത്തിന്റെയും ഒരു സങ്കുചിത രാഷ്ട്രീയത്തിലേക്ക് ചുരുക്കുകയാണ് അവര്‍ ചെയ്തത്.
മതത്തിനെതിരെയയാരുന്നില്ല ഞങ്ങള്‍ ഫ്‌ളാഷ്‌മോബ് സംഘടിപ്പിച്ചത്. അത് തുടക്കത്തില്‍ തന്നെ വ്യക്തകമാക്കുകയും ചെയ്തിരുന്നു. ” എന്ിാരു പെണ്ണിനെ വേണം, നെിക്ക് കാലുമടക്കി തൊഴ്ിക്കാനും തണുപ്പത്ത് കെട്ടിപ്പിടിച്ചുറങ്ങാനും എന്റെ മക്കളെ പെറ്റു കൂടാടനും എനിക്കൊരു പെണ്ണിനെ വേണം എന്ന തീര്‍ത്തും സ്ത്രീ വിരുദ്ധമായൊരു ഡയലോഗ് പറഞ്ഞാണ് ഞങ്ങള്‍ പരിപാടി തുടങ്ങുന്നത്. ഫല്‍ഷ്മോബ് അവതരിപ്പിക്കുന്നതിനു തൊട്ടു മുമ്പ് ഒരു ചാനല്‍ വന്ന് പരിപാടിക്ക് ശേഷം ഞങ്ങള്‍ അവരുടെ ലൈവില്‍ വന്ന് സംസാരിക്കണമെന്ന് പറഞ്ഞിരുന്നു. അതു പ്രകാരമാണ് ഞാന്‍ സംസാരിച്ചത്. ആ ലൈവ് വീഡിയോ കണ്ടവര്‍ക്കൊക്കെ അറിയാം. അതില്‍ ഏതെങ്കിലുമൊരു പ്രത്യക മതത്തെ വിമര്‍ശിക്കുകയോ അല്ലെങ്കില്‍ മത വിരുദ്ധമായ ഒന്നും തന്നെ ഞാന്‍ അതില്‍ പറഞ്ഞിട്ടില്ല.
പൊതു ഇടത്തിലെ പെണ്ണിന്റെ രാഷ്ട്രീയത്തെക്കുറിച്ചു മാത്രമാണ് പറഞ്ഞത്. അത്രേ ചെയ്തുള്ളു. പക്ഷേ ഇത് ചെയ്തു വന്നപ്പോള്‍ പറഞ്ഞു വന്നപ്പോള്‍ ഇത് ഒരു തട്ടത്തിന്റെ വക്കിലേക്ക് മാത്രം ചുരുങ്ങി പക്കാ മുസ്‌ലിം പൊളിറ്റിക്സായി മാറി,നാട്ടിലും വീട്ടിലും നില്‍ക്കാന്‍ പറ്റാത്ത അവസ്ഥയായി മാറുകയുണ്ടായി.
ഇതില്‍ പങ്കെടുത്ത എല്ലാവരും ഇത്തരത്തിലുള്ളൊരു വിമര്‍ശനം നേരിടുകയുണ്ടായോ?
ഇല്ല. എന്റെ കൂടെ മറ്റു പെണ്‍കുട്ടികളും ഉണ്ടായിരുന്നു. പക്ഷേ അവരൊന്നും ഇത്തരത്തിലൊരു ആക്രമണം നേരിടുകയോ ചര്‍ച്ചചെയ്യപ്പെടുകയോ ചെയ്തിട്ടില്ല. എനിക്കു തോന്നുന്നു ഞാന്‍ മാത്രമായിരുന്നു അത്തരം സൈബര്‍ ആങ്ങളമാരുടെ ഇര. ഒന്നാമതായി ചാനലില്‍ വന്ന് ചെറിയൊരു പ്രതികരണം നടത്തിയത് ഞാനാണ്. പിന്നെ ജസ്ല എന്ന ഈ ഞാന്‍ മലപ്പുറത്തെ ഒരു മുസ്‌ലിം ചുറ്റുപാടില്‍ നിന്നും വരുന്ന കുട്ടിയാണ്. ഒരു പെണ്‍കുട്ടി എന്നതിനപ്പുറം ഒരു മുസ്‌ലിം പെണ്‍കുട്ടി എന്നതു മാത്രമാണിവിടെ ടാര്‍ഗറ്റ് ചെയ്യപ്പെട്ടത്.
ഞാന്‍ തലയില്‍ തട്ടമിടാത്തതും ഇട്ടതുമായ ചിത്രങ്ങള്‍ എഫ്.ബിയിലൂടെയും മറ്റും പ്രചരിപ്പിച്ചാണ് എനിക്കെതിരെ അസഭ്യവര്‍ഷങ്ങള്‍ നടത്തിക്കൊണ്ടിരുന്നത്. തീര്‍ച്ചയായും മതെ എന്റെ തിരഞ്ഞെടുപ്പാണ്, അതുപോലെ തട്ടവും എന്റെ തെരഞ്ഞെടുപ്പാണ്. ഞാനൊരിക്കലും തന്നെ ഒരു മതത്തിന്റെയും കീഴില്‍ നില്‍ക്കുന്നയാളല്ല. മുസ്ലിം എന്നല്ല ഒരു മതത്തിന്റെയും ബാനറില്‍ നില്‍ക്കാനും ഞാന്‍ ആഗ്രഹിക്കുന്നില്ല. പക്ഷേ മുസ്ലിം പാരമ്പര്യമുള്ള ഒരു ബാക്ഗ്രൗണ്ടില്‍ നിന്നുമാണ് ഞാന്‍ വരുന്നത്. അതുതന്നെയാണ് പലര്‍ക്കും പ്രശ്നമുണ്ടാക്കിയതും പല “ആങ്ങളമാരുടെയും” ചോര തിളച്ചതും.
ഞാന്‍ മാപ്പു പറയണം എന്നാണ് ഇവരുടെയൊക്കെ ആവശ്യം. ഞാന്‍ ആരോട് മാപ്പു പറയണം. എന്തിനു മാപ്പ് പറയണം എന്നാണ് ഞാന്‍ ചോദിക്കുന്നത്. കേരളത്തിലെ എല്ലാ പള്ളികളിലും അന്ത്യനാളിന്റെ അടയാളം എന്നു പറഞ്ഞ് സംസാരിക്കുകയാണ് എന്നെ കുറിച്ച്. ഇങ്ങനെ വരുമ്പോള്‍ നമ്മള്‍ ആലോചിക്കേണ്ട ഒരു കാര്യമുണ്ട്.. ഇത്തരത്തില്‍ ദുര്‍വ്യാഖ്യാനം നടത്തി എന്താണ് ഇവര്‍ മതത്തെ ആക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത് എന്നത്. ഞാന്‍ എന്തോ അശ്ലീലം ചെയ്തു എന്ന തരത്തിലേക്ക് വരെ പിന്നീട് കാര്യങ്ങള്‍ മാറുകയുണ്ടായി.
എന്റെ ഫോട്ടോസ് മോര്‍ഫ് ചെയ്ത് പ്രചരിപ്പിക്കാന്‍ തുടങ്ങി. പിന്നീട് വാട്ട്സപ്പില്‍ എനിക്കെതിരെ നടപടിയെടുക്കാനായി നടന്നിട്ടുള്ള രഹസ്യ ചര്‍ച്ചകള്‍ കിട്ടിയപ്പോഴാണ് വിഷയം എതത്താളം കൈവിട്ടു പേയെന്ന് മനസ്സിലാവുന്നത്. നാട്ടിലേക്ക് വന്നാല്‍ മണ്ണെണ്ണ ഒഴിച്ച് കത്തിക്കും എന്നുവരെ പറഞ്ഞു. ഇതിനുള്ള ഫണ്ട് ഗള്‍ഫില്‍ നിന്നു വരെ അറേഞ്ച് ചെയ്യുകയുണ്ടായി. ഭീഷണികള്‍കൊണ്ട് പൊറുതി മുട്ടിയപ്പോഴാണ് ഞാന്‍ വനിതാക്കമ്മീഷനെ പരാതിയുമായി സമീപിക്കുന്നത്.
എങ്ങനെയാണ് സ്ത്രീകളുടെ അവകാശത്തിനു വേണ്ടി സംഘടിപ്പിച്ച ഒരു പ്രതിഷേധസംഗമത്തില്‍ മതം ഒരു പ്രശ്നമായി കടന്നുവന്നത്?
ഒരു പെണ്‍കുട്ടി പുറത്തിറങ്ങുമ്പോള്‍ പൊതു ഇടങ്ങളില്‍ അവളൊന്ന് ശബ്ദം ഉയര്‍ത്തുമ്പോള്‍ അതിനെ മതവിരുദ്ധം എന്ന പേരില്‍ അഴിഞ്ഞാട്ടക്കാരിയായി ചിത്രീകരിക്കുന്ന ഒരു വൃത്തികെട്ട പ്രവണതയാണ് ഇന്നു നാം കണ്ടുവരുന്നത്. മലപ്പുറത്തെ പെണ്‍കുട്ടികള്‍ ഫല്‍ഷ്മോബ് സംഘടിപ്പിച്ചതിലെ കാര്യമായാലും ഞങ്ങള്‍ നടത്തിയ പ്രതിഷേധ പരിപാടി ആയാലും അതിനെ മതപരമായ ഒരു ചട്ടക്കൂടിലേക്ക് ്അല്ലെങ്കില്‍ പ്രശ്നത്തിലേക്ക് ദുര്‍വ്യാഖ്യാനം ചെയ്യുന്ന ഈ പ്രവണത ഒരിക്കലും അംഗീകരിക്കാനാവില്ല.
കഴിഞ്ഞ ദിവസം ഒരു മുസ്‌ലിം പ്രഭാഷകന്‍ പൊതു ഇടത്തില്‍ പെണ്ണ് നൃത്തം ചെയ്യുന്നതും വാദ്യോപകരണങ്ങള്‍ വായിക്കുന്നതും അന്ത്യനാളിന്റെ അടയാളമാണെന്നൊക്കെ ഘാരഘോരം പ്രസംഗിക്കുകയുണ്ടായി. ഇക്കൂട്ടര്‍ ധരിച്ചുവെച്ചിരിക്കുന്ന മതം എന്താണെന്നാണ് എനിക്ക് മനസ്സിലാവാത്തത്.
ഇതാണോ സമാധാനം ? എന്തു പ്രബോധനമാണവര്‍ നടത്തിക്കൊണ്ടിരിക്കുന്നത്? എന്തെങ്കിലുമൊരു വിഷയത്തെക്കുറിച്ച് പ്രതികരിക്കുമ്പോള്‍ നമ്മള്‍ മാത്രം അഴിഞ്ഞാട്ടക്കാരികളാകുന്നു. ഇത് എവിടുത്തെ നിയമം ആണെന്നാണ് എനിക്ക് മനസ്സിലാവാത്തത്. ഇസ്‌ലാമിനെ ഇത്തരത്തില്‍ ദുര്‍വ്യാഖ്യാനം ചെയ്യുന്നവരാണ് മതത്തിന്റെ പേരില്‍ ഇത്തരം വിഷയങ്ങള്‍ ആവിശ്യമില്ലാതെ വലിച്ചിഴയ്ക്കുന്നത്.
യഥാര്‍ത്ഥത്തില്‍ മുസ്ലിം സ്ത്രീകള്‍ക്ക് ഈ സ്വാതന്ത്ര്യങ്ങളൊന്നും തന്നെ ഇല്ലേ? സ്ത്രീകള്‍ വീടിനുള്ളില്‍ അടങ്ങിക്കഴിയേണ്ടവരാണെന്നാണോ ഇസ്ലാം പറയുന്നത്?
യഥാര്‍ത്ഥത്തില്‍ ഇസ്ലാം അത്ര വലിയ സങ്കുചിത മതം ഒന്നുല്ല. മതത്തിന്റെ പേരും പറഞ്ഞ് മതത്തെ വിറ്റു ജീവിക്കുന്നവര്‍ തന്നെ ഇതിനെ ആവശ്യമില്ലാതെ ദുര്‍വ്യാഖ്യാനം ചെയ്തുകൊണ്ടിരിക്കുകയാണ്. യഥാര്‍ത്ഥത്തിലുള്ള ഒരു ഇസ്മാമിനെയല്ല ഇവര്‍ നമുക്ക് കാണിച്ചു തരുന്നത്. പല ചരിത്രപുരുഷന്മാരുടെയും സ്ത്രീകളുടെയും ചരിത്രങ്ങള്‍ ശരിയായ രീതിയില്‍ ഇവര്‍ നമുക്ക് പറഞ്ഞു തരുന്നില്ല എന്നതാണ് വാസ്തവം.
മതങ്ങളിലെ പെണ്ണിടങ്ങള്‍ എന്ന വിഷയത്തെക്കുറിച്ച് ഞാന്‍ ചെറിയൊരു പഠനം നടത്തിയിരുന്നു. കാരണം ചെറുപ്പം മുതലേ എന്നെ ഒന്നും ചെയ്യാന്‍ സമ്മതിക്കാതിരുന്നപ്പോള്‍ അങ്ങനെയാണെങ്കില്‍ ഈ മതം പറയുന്നത് എന്താണെന്ന് അറിയണമല്ലോ എന്നായി എന്റെ മനസ്സ്. അങ്ങനെ ഒരു മൂന്നു വര്‍ഷം ഞാന്‍ എന്നെക്കൊണ്ട് കഴിയുന്ന തരത്തില്‍ പെണ്ണിടങ്ങളെക്കുറിച്ച് പഠിക്കാന്‍ ശ്രമിച്ചു. ഇതില്‍ നിന്ന് എനിക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞത് ഇസ്ലാമില്‍ ഒരുപാട് പെണ്ണുങ്ങളുടെ വീര ചരിത്രങ്ങളുണ്ട്. പക്ഷേ ഇവരെയൊക്കെ മറച്ചു വെക്കുന്ന ഒരവസ്ഥയാണ് മദ്രസ കാലഘട്ടത്തില്‍ നാം കാണുന്നത്. യഥാര്‍ത്ഥത്തില്‍ ധീരതയുടെയും മനക്കരുത്തിന്റെയുമൊക്കെ പ്രതീകങ്ങളായ ഇസ്ലാമിലെ പെണ്ണിടങ്ങളെയൊക്കെ മൂടിവെച്ചുകൊണ്ടാണ് ഈ പണ്ഡിതനന്മാര്‍ നമ്മോട് സംസാരിക്കുന്നത്.
നരകത്തിന്റെ വിറകുകൊള്ളിയാണ്, അന്ത്യനാളിന്റെ അടയാളമാണ് ഞാന്‍ എന്നൊക്കെ പറഞ്ഞുകൊണ്ടാണ് ഈ ഉസ്താദുമാര്‍ പ്രസംഗിക്കുന്നത്. പതിനായിരം മുതല്‍ ലക്ഷക്കണക്കിന് രൂപ വാങ്ങിയിട്ടാണ് ഇവരും പ്രസംഗിക്കുന്നത്. ഇതേ ഇസ്ലാം തന്നെ പറഞ്ഞിട്ടുണ്ട് മതത്തെ ഇത്തരത്തില്‍ വിറ്റുജീവിക്കുന്നവരും അന്ത്യനാളിന്റെ അടയാളമാണെന്ന്. മറ്റു മതസ്ഥര്‍ക്കിടയില്‍ ഇത്തരത്തിലുള്ള ദുര്‍വ്യാഖ്യാനങ്ങള്‍ ഇസ്ലാം മതം ഒരു കോമിക്ക് ആയി മാറുന്നതിന് മാത്രമേ സഹായകരമാവുകയുള്ളൂ.
നേരത്തെയും ഇത്തരം ഭീഷണികള്‍ നേരിട്ടുണ്ടോ?
തീര്‍ച്ചയായും അത് മാത്രമേ ഉണ്ടായിട്ടുള്ളൂ…. ഞാന്‍ എന്റേതായ വഴികളിലൂടെ സഞ്ചരിക്കാന്‍ തുടങ്ങിയപ്പോള്‍ മുതല്‍ ഭീഷണികളും തെറിവികളും കൂട്ടായിട്ടുണ്ട്. ഒരുപാട് ട്രാവല്‍ ചെയ്യുന്ന ഒരാളാണ് ഞാന്‍. എന്റെ ട്രാവലിങ് അനുഭവങ്ങളൊക്കെയും എഫ്.ബിയിലൂടെ പങ്കുവെക്കാറുമുണ്ട്. ഇപ്പോള്‍ രാത്രിയായാല്‍ തെറികളുടെയും ഉപദേശങ്ങളുടെയും കോളുകളാണ് എനിക്ക്.
ഇസ്ലാമിലെ പെണ്ണ് പുറത്തിറങ്ങി ചരിത്രം തിരുത്തിക്കുറിക്കേണ്ട ആവശ്യം ഇല്ല എന്നൊക്കെയാണ് ഉപദേശം. തസ്ലീമ നെസ്റിനെപോലെ ആവേണ്ട ആവിശ്യമില്ലെന്നും കൊന്നുകളയും എന്നൊക്കെയാണ് ഭീഷണി. നെറ്റ് നമ്പറുകളാണ് കൂടുതലും. ഇതിലെ മറ്റൊരു കാര്യം എന്നെ തെറിവിളിക്കാന്‍ മാത്രമായി ഒരു ദിവസത്തേക്ക് മാത്രമൊക്കെ ഫേസ്ബുക്കില്‍ വ്യാജ അക്കൗണ്ട് ഉണ്ടാക്കിയിട്ടുണ്ട്. ഭീഷണികള്‍ കുടുംബത്തിലേക്കും കടന്നതോടെയാണ് ഞാന്‍ പരാതി കൊടുക്കാന്‍ തീരുമാനിച്ചത്.
ഞാന്‍ നിങ്ങളോട് സംസാരിക്കുന്ന ഈ നിമിഷം വരെ എന്റെ വീട്ടുകാരെയടക്കം നിരന്തരം ഉപദ്രവിച്ചുകൊണ്ടിരിക്കുകയാണ്. വിഷയത്തില്‍ ഞാന്‍ മാപ്പു പറയണമെന്നാണ് ഇവരുടെ ആവശ്യം. നമ്മളെല്ലാം കണ്ടതാണ് സ്വന്തമായൊരു അഭിപ്രായം പറഞ്ഞതിന്റെ പേരില്‍ ആര്‍.ജെ സൂരജിനെക്കൊണ്ട് മാപ്പ് പറയിച്ചത്. ഞാന്‍ മതത്തെക്കുറിച്ച് ഒരക്ഷരം പറഞ്ഞിട്ടില്ല. എന്റെ വീഡിയോ ആര്‍ക്കു വേണമെങ്കിലും കണ്ടു നോക്കാവുന്നതാണ്.
ചില സമയത്ത് ഞാന്‍ സകാര്‍ഫ് അല്ലെങ്കില്‍ തട്ടം ഇടാറുണ്ട്. എനിക്ക് തോന്നുമ്പോഴൊക്കെ ബുര്‍ഖ ഇടാറുണ്ട്. അതെന്റെ പേഴ്സണല്‍ ചോയ്സ് മാത്രമാണ്. പക്ഷേ ഞാന്‍ ഫ്‌ളാഷ്‌മോബ് കളിച്ച സമയത്ത് എന്റെ തലയില്‍ തട്ടമുണ്ടായിരുന്നു എന്നതിന്റെ പേരില്‍ ഇത് തട്ടത്തിന്റെ പൊളിറ്റിക്സ് എന്ന പേരിലൊക്കെ മാറ്റി നമ്മുടെ സ്വതന്ത്രമായി ജീവിക്കാനുള്ള അവകാശത്തെ ഇല്ലാതാക്കുകുയാണ് ശരിക്കും ചെയ്യുന്നത്.
ജസ്‌ല ഏറ്റലും കൂടുതല്‍ വിമര്‍ശനങ്ങള്‍ നേരിടുന്നത് സോഷ്യല്‍ മീഡിയകളിലാണ്. സോഷ്യല്‍ മീഡിയ എന്ന പ്ലാറ്റ്ഫോമിനെക്കുറിച്ച് എന്താണ് പറയാനുള്ളത്?
തീര്‍ച്ചയായും സോഷ്യല്‍ മീഡിയ എന്നത് വളരെ വലിയൊരു പ്ലാറ്റ്ഫോം തന്നെയാണ്. അഭിപ്രായ സ്വാതന്ത്ര്യങ്ങള്‍ക്ക് ഇടമില്ലാത്ത നമ്മളെ പോലുള്ളവര്‍ക്ക് തീര്‍ച്ചയായും ഇത് വളരെ വലിയൊരു സ്പേസ് തന്നെയാണ്. യുവജനങ്ങളെ ഏറ്റവും കൂടുതല്‍ ഒരുമിച്ചു കിട്ടുന്ന ഒരു പ്ലാറ്റ്ഫോം എന്ന നിലക്കാണ് അതിന്റെ സാധ്യത വര്‍ധിക്കുന്നത്. ഞാന്‍ ഫേസ്ബുക്കില്‍ മാത്രം ജീവിക്കുന്ന ഒരു ജീവി അല്ല. അതിനപ്പുറത്തേക്ക് കൂടുതല്‍ ലോകങ്ങള്‍ കാണാന്‍ ശ്രമിക്കുകയും ആ ലോകങ്ങളെ മറ്റുള്ളവരുടെ മുന്നിലേക്ക് ഫേസ്ബുക്കിലൂടെ എത്തിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നുവന്നേയുള്ളൂ. എല്ലാവര്‍ക്കും ഓരോ ശരികള്‍ ഉണ്ടാവുമല്ലോ. അത് എല്ലാവരും ഉള്‍ക്കൊള്ളണം എന്നില്ല. പക്ഷെ നമ്മളുടെ ശരികളെ ശരികളെ മനസ്സിലാക്കുക എങ്കിലും ചെയ്യുന്ന ചുരുക്കം ചിലരുണ്ടാകും. അവരിലേക്ക് നമ്മുടെ ആശയങ്ങളെ എത്തിക്കാന്‍ ഇതിലൂടെ സാധ്യമാവും.
ഞാന്‍ ചെയ്യുന്നതൊക്കെ പബ്ലിസിറ്റിക്ക് വേണ്ടിയാണെന്ന് പലരും പറയുന്നു. അവര്‍ക്ക് എന്തു വേണമെങ്കിലും പറയാം. ഒരാള്‍ക്ക് നമ്മളെ നെഗറ്റിവിറ്റി മാത്രം കാണാനാണ് ആഗ്രഹമെങ്കില്‍ അയാള്‍ക്ക് ഏതൊരു കാര്യവും അങ്ങനെയേ കാണാന്‍ കഴിയൂ. നമ്മള്‍ പറയുന്നതില്‍ എത്രത്തോളം കാര്യമുണ്ടെങ്കിലും പോസിറ്റീവ്സ് ഉണ്ടെങ്കിലും അതൊന്ന് ഗ്രഹിക്കാന്‍ പോലും ഇത്തരക്കാര്‍ തയ്യാറാവില്ല. നെഗറ്റീവുകള്‍ മാത്രം കണ്ട് വിമര്‍ശിക്കുക എന്നതാണ് ഇവരുടെ ഏക ജോലി.
വിമര്‍ശനങ്ങളെയൊക്കെ ജസ്‌ല എങ്ങനെ നേരിടുന്നു? ഇത് എപ്പോഴെങ്കിലും തന്റെ വഴികളില്‍ നിന്ന് പിന്തിരിയാനുള്ള മാനസികാവസ്ഥയിലേക്ക് എത്തിച്ചിട്ടുണ്ടോ?
നമ്മള്‍ ഒരു ഡമോക്രാറ്റിക് കണ്‍ട്രിയിലാണ് ജീവിക്കുന്നത്. അപ്പോള്‍ നമ്മുടെ ഭരണഘടന നമ്മള്‍ക്ക് തരുന്ന അവകാശങ്ങള്‍ ഉപയോഗിക്കാനുള്ള സ്വാതന്ത്ര്യം നമുക്ക് ലഭിക്കണം. എന്തിനെയും ഏതിനെയും വര്‍ഗ്ഗീയവല്‍ക്കരിക്കുകയും മതത്തിന്റെ ബാനറില്‍ വെറുതെ പ്രതിഷേധം ഉണ്ടാക്കുകയും ചെയ്യുന്ന ഒരു പറ്റം ആളുകളാണ് ഇതിനു പിന്നില്‍. നമ്മള്‍ക്ക് എത്രത്തോളം ഇതൊക്കെ കണ്ടില്ലെന്ന് നടിക്കാന്‍ പറ്റും?
നമുക്കിതിനെതിരെ അടങ്ങിയൊതുങ്ങി വീട്ടില്‍ ഇരിക്കാം. അങ്ങനെ നിന്നു കഴിഞ്ഞാല്‍ ഈ പറയുന്ന പ്രശ്നങ്ങളൊന്നും തന്നെ എനിക്ക് വരാന്‍ പോവുന്നില്ല. പക്ഷേ അത്തരത്തില്‍ നിര്‍ജ്ജീവമായിരിക്കാന്‍ എനിക്ക് താല്‍പര്യമില്ല. നമ്മള്‍ക്ക് തെറ്റ് എന്ന് തോന്നുന്നത് പറയാനുള്ള ഒരു സ്വാതന്ത്ര്യം വേണം. അതുപോലെത്തനെന എന്റെ ശരികള്‍ പറയാനുള്ള സ്വാതന്ത്ര്യവും വേണം. പിന്നെ ശരിയും തെറ്റും. എന്റെ ശരികള്‍ എല്ലാവരുടെയും ശരികള്‍ ആവമണമെന്നില്ല. ഇതൊക്കെ തീര്‍ത്തും വ്യക്തിപരമായ കാര്യങ്ങളാണ്.
വിമര്‍ക്കുന്നവരില്‍ ഒരാള്‍ പോലും നമ്മളടുത്ത് കാര്യങ്ങള്‍ ചോദിക്കുന്നില്ല. അവരിങ്ങനെ വിമര്‍ശിച്ചുകൊണ്ടിരിക്കുന്നു. പക്ഷേ വിമര്‍ശനങ്ങളൊക്കെയും സ്വാഗതം ചെയ്യുന്ന ഒരാളാണ് ഞാന്‍. ഇതൊക്കെ കൂടുതല്‍ കൂടുതല്‍ എനര്‍ജി മാത്രമേ എനിക്ക് തരുന്നുള്ളൂ.. ഇതിപ്പോള്‍ എനിക്ക് നല്ല ശീലമാണ്. വിമര്‍ശിക്കുന്നവരോട് എനിക്കൊന്നേ പറയാുള്ളൂ.. നിങ്ങള്‍ വിമര്‍ശനങ്ങള്‍ തുടര്‍ന്നു കൊണ്ടേയിരിക്കുക.
ജസ്‌ല മുസ്‌ലിം കുടുംബത്തില്‍ നിന്നു വരുന്ന ഒരു കുട്ടിയാണ്…മതം എപ്പോഴെങ്കിലും ജസ്‌ലയുടെ സ്വപനങ്ങള്‍ക്ക് തടസ്സമായിട്ടുണ്ടോ?
ഒരു മതത്തിന്റെയും വേലിക്കെട്ടുകള്‍ ഇല്ലാതെ സ്വതന്ത്രമായി ഈ സമൂഹത്തില്‍ ജീവിക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. എന്റെ ഒരുപാട് സ്വപ്നങ്ങള്‍ ഈയൊരു ബാനറില്‍ ഇല്ലാതായിട്ടുണ്ട്. എനിക്ക് ഒരുപാട് വിഷമം തോന്നിയ കുറേ കാര്യങ്ങള്‍ ഉണ്ട്. ഞാന്‍ ക്ലാസ്സിക്കല്‍ ഡാന്‍സ് പഠിച്ച ഒരാളാണ്. ഡാന്‍സ് എന്നു പറഞ്ഞാല്‍ എനിക്ക് അത്രയ്ക്ക് പാഷന്‍ ആയിരുന്നു. ഞാന്‍ ചെറുതായിരുന്ന സമയത്ത് അവര്‍ എന്റടുത്തു ചോദിച്ചു.
മതം വേണോ ഡാന്‍സ് വേണോ എന്ന്. ഞാന്‍ പറഞ്ഞു എനിക്ക് ഡാന്‍സും പഠിക്കണം അതുപോലെ മദ്രസയിലും പഠിക്കണമെന്ന്. എന്റെ വാപ്പയും ഉമ്മയും തന്നെയാണ് എന്നെ ഡാന്‍സ് സ്‌കൂളില്‍ ചേര്‍ത്തത്. പക്ഷേ മതത്തിന്റെ ഫോഴ്സ് കാരണം അവര്‍ക്ക് തന്നെ എന്നെ പിന്തരിപ്പിക്കേണ്ടി വന്നു. ഇതോടെ ഞാന്‍ അത് നിര്‍ത്തി. ഇതുപോലെ ഒരുപാട് കാര്യങ്ങള്‍ എനിക്ക് മാറ്റി നിര്‍ത്തേണ്ടി വന്നിട്ടുണ്ട്. ഓരോ ചെറിയ ചെറിയ കാര്യങ്ങള്‍ പോലും എനിക്ക് വളരെയധികം വിഷമം ഉണ്ടാക്കിയിട്ടുണ്ട്. ചെറുപ്പത്തില്‍ നന്നായി പെയിന്റ് ചെയ്തുകൊണ്ടിരിന്ന ഒരാളായിരുന്നു ഞാന്‍. എന്നെ എല്ലാം കൊണ്ടും അവര്‍ മടുപ്പിച്ചു. പക്ഷേ അന്ന് അവസാനിപ്പിച്ചവയില്‍ ചിലതെങ്കിലും എനിക്ക് പിന്നീട് തിരിച്ചു പിടിക്കാനായിട്ടുണ്ട്.
ജസ്‌ലയുടെ പിന്നീടുള്ളൊരു മാറ്റം എങ്ങനെയായിരുന്നു?
ഞാന്‍ മതത്തെ ഒരുപാട് അറിയാന്‍ ശ്രമിച്ചു എന്നുള്ളതാണ് എന്നില്‍ ഇത്രയധികം മാറ്റങ്ങള്‍ വരാന്‍ കാരണം. ദൈവത്തില്‍ വിശ്വസിക്കുന്ന ഒരാളാണ് ഞാന്‍. പക്ഷേ അതിനെ ഒരു ചട്ടക്കൂടില്‍ നിര്‍ത്തുന്ന ഒരാളല്ല ഞാന്‍. ഇങ്ങനെയാണ് എന്റെ ദൈവം. ഇങ്ങനെയൊക്കെ നടന്നാല്‍ മാത്രമേ എനിക്ക് ദൈവത്തില്‍ വിശ്വസിക്കാന്‍ കഴിയൂ എന്നുള്ള ഒരു കാര്യത്തെ ഞാന്‍ അംഗീകരിക്കുന്നില്ല. എസ്.എസ്.എല്‍.സി വരെ മതപരമായ ആചാരങ്ങള്‍ മുടങ്ങാതെ ചെയ്തുകൊണ്ടിരുന്ന ഒരാളായിരുന്നു ഞാന്‍. മതപരമായ ഒന്നിനെക്കുറിച്ചും ചോദ്യം ചെയ്യാന്‍ പാടില്ല എന്നായിരുന്നു ഞാന്‍ ചെറുപ്പത്തില്‍ കേട്ടത്. മതപരമായിട്ടുള്ള എന്തെങ്കിസും കാര്യങ്ങളെക്കുറിച്ച് ചെറുപ്പത്തില്‍ ഞാന്‍ ഉമ്മയോട് സംശയം ചോദിക്കും. .ഉമ്മാ ഇതെന്താ ഇങ്ങനെ? പക്ഷേ അത്തരം കാര്യങ്ങളെക്കുറിച്ചൊന്നും നമ്മള്‍ ചോദ്യം ചോദിക്കാന്‍ പാടില്ലെന്നായിരുന്നു ഉമ്മയുടെ മറുപടി. കാരണം അവരെ അങ്ങനെയാണ് പഠിപ്പിച്ചു വെച്ചിരിക്കുന്നത്.
എല്ലാത്തില്‍ നിന്നും എന്നെ റെസ്ട്രിക്ടു ചെയ്തു നിര്‍ത്തിയപ്പോള്‍ ആണ് എനിക്ക് മതത്തെ കുറിച്ച് കൂടുതല്‍ പഠിക്കണമെന്നു തോന്നിയത്. ഖുര്‍ആന്‍, ഹദീസുകള്‍, ചരിത്ര ഗ്രന്ഥങ്ങള്‍ തുടങ്ങിയവയൊക്കെ പിന്നീട് ഞാന്‍ സ്വന്തമായി പഠിക്കുകയുണ്ടായി. അതിനു ശേഷം ഹിന്ദു മതത്തെ അറിയാന്‍ ശ്രമിച്ചു. മഹാഭാരതമൊക്കെ വായിച്ചു നോക്കി. പിന്നീട് കുറച്ചുകാലം ബുദ്ധ മതത്തിന്റെ പിന്നാലെ ആയിരുന്നു ഞാന്‍. ഇതിലൊക്കയും ചില സിമിലാരിറ്റീസ് നമുക്ക് കാണാന്‍ കഴിയും. അതേസമയം പല അസംബന്ധങ്ങളും ഉണ്ടെന്നും തോന്നിട്ടിയുണ്ട്.
ഞാന്‍ ഉദാഹരണം പറയാം. കസബ എന്ന മൂവിയില്‍ സ്ത്രീ വിരുദ്ധമായ പല സീനുകളും ഉണ്ട്. ഞാന്‍ ആ പടം തിയറ്ററില്‍ പോയി കണ്ട ഒരാളാണ്. ആ സിനിമയില്‍ തിയറ്ററില്‍ ഏറ്റവും കൂടുതല്‍ കയ്യടി ലഭിച്ചത് ഈയൊരു സീനിനാണ്. മമ്മൂട്ടി എന്ന താരത്തെ നമുക്കറിയാം. തീര്‍ച്ചയായും ഇദ്ദേഹത്തെ ഒരു സൂപ്പര്‍ ഹീറോയായി കാണുന്ന ഒരുപാടു പേരുണ്ട് നമ്മുടെ നാട്ടില്‍. അപ്പോള്‍ മമ്മൂട്ടിയെ പോലൊരാള്‍ ഇത്തരത്തിലുള്ളൊരു സീനില്‍ അഭിനയിക്കുമ്പോള്‍ ഇതിനെ ഹീറോയിസമാക്കി എടുക്കാനും അതിനെ അനുകരിക്കാനുമാണ് സമൂഹം ശ്രമിക്കുക. നെഗറ്റിവിസം അനുകരിക്കാനാണ് നമ്മള്‍ പലപ്പോഴും ശ്രമിക്കുക. ഇതു തന്നെയാണ് മതത്തെക്കുറിച്ചും എനിക്ക് പറയാനുള്ളത്. അപ്പോള്‍ ഇതുപോലുള്ളൊരു കാര്യങ്ങളില്‍ പ്രതികരിക്കുമ്പോള്‍ അതിന്റേതായ പ്രശ്നങ്ങള്‍ ഉണ്ടാകും
മതങ്ങളെക്കുറിച്ച് വളരെ ചെറിയ രീതിയില്‍ എനിക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞു എന്നതാണ് വിശ്വാസം. എല്ലാ മതത്തിലും ദൃഷ്ടാന്തങ്ങളുണ്ട്. ഒരോരുത്തരും പറയും എന്റെ മതം മാത്രമാണ് യഥാര്‍ത്ഥ മതം. ഒരാള്‍ക്ക് ശരി എന്നു തോന്നുന്ന കാര്യങ്ങളില്‍ എന്തെങ്കിലുമൊക്കെ മറ്റുള്ളവര്‍ക്കും ശരി എന്നു തോന്നുന്നുവെങ്കില്‍ അതാണ് എന്റെ മതം. വഴിയില്‍ കിടക്കുന്ന ഒരു മുള്ള് കണ്ടാല്‍ അത് ആര്‍ക്കും ഉപദ്രവകരാവാത്ത തരത്തില്‍ മാറ്റിയിടാന്‍ ഞാന്‍ ശ്രമിച്ചിട്ടുണ്ടെങ്കില്‍ അതാണ് ഞാന്‍ ഉയര്‍ത്തിപ്പിടിക്കുന്ന മതം. അതേസമയം ആ മുള്ളു കണ്ടിട്ടും ഇതു കാണാതെ പോകുന്നിടത്തും ഒരു മതമുണ്ട്.
ഫ്‌ളാഷ്‌മോബ് വിവാദം വന്നപ്പോള്‍ ഞങ്ങള്‍ക്ക് അങ്ങനെ ഒരു ഫ്രീഡത്തിന്റെ ആവശ്യം ഇല്ല, പിന്നെ നിങ്ങള്‍ക്കെന്താണ് പ്രശ്നം എന്നു പറഞ്ഞുകൊണ്ട് മുസ്‌ലിം പെണ്‍കുട്ടികള്‍ തന്നെ ഫെയ്സ്ബുക്കിലും മറ്റു സോഷ്യല്‍ മീഡിയകളിലും ഇതിനെതിരെ ശക്തമായ പ്രതികരണങ്ങളുമായി രംഗത്തെത്തിയിരുന്നു?
അതെ അത്തരത്തില്‍ ഒരുപാട് പ്രതികരണങ്ങള്‍ വന്നിട്ടുണ്ട്. ഞാന്‍ നേരത്തെ ശരിയുടെ കാര്യം പറഞ്ഞതുപോലെ തന്നെയാണ് സ്വാതന്ത്ര്യത്തിന്റെ കാര്യവും. അവരുടെ സ്വാതന്ത്ര്യം എന്നു പറയുന്നത് അവര്‍ ജീവിക്കാനാഗ്രഹിക്കുന്ന ഒരു ചുറ്റുപാടാണ്. അവര്‍ ഇപ്പോള്‍ ജീവിക്കുന്ന ഒരു ചുറ്റുപാടായിരിക്കും അവരുടെ ലോകം. ഇതാണ് എന്റെ ലൈഫ് എന്ന് വിചാരിച്ച് ജീവിക്കുന്ന ഒരു പെണ്ണിനെ സംബന്ധിച്ചിടത്തോളം അവര്‍ ഈയൊരു ചട്ടക്കൂടില്‍ ഓക്കെയാണ്. അതവരുടെ സ്വാതന്ത്ര്യം. ഇതുപോലെ എന്നെപോലെ ചിലരുടെ സ്വാതന്ത്ര്യം എന്നു പറയുന്നത് ഞങ്ങള്‍ ജീവിക്കാനഗ്രഹിക്കുന്നത് ഇതില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായ തലങ്ങളായിരിക്കും. അത് ലഭിക്കാത്ത ഒരാള്‍ക്ക് തീര്‍ച്ചയായും പല തടസ്സങ്ങളും നേരിടുന്നതായി തോന്നും. എന്റെ ആഗ്രഹങ്ങള്‍ക്കനുസരിച്ച് മതത്തെ വളച്ചൊടിക്കണം എന്നല്ല ഞാന്‍ പറഞ്ഞുവരുന്നത്. അത്തരത്തിലുള്ള ഒരു സ്പേസ് പലര്‍ക്കും ലഭിക്കുന്നില്ല എന്നത് യാഥാര്‍ത്ഥ്യമാണെന്നാണ് ഞാന്‍ പറഞ്ഞു വന്നത്.
ഞാനൊരു ഇന്‍ഡിവിജ്യുവല്‍ ആണ്. എന്റെ വ്യക്തിത്വത്തെ ഏറ്റവും കൂടുതല്‍ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ഒരാളാണ് ഞാന്‍. എന്റെ ലൈഫില്‍ ഞാന്‍ ഏറ്റവും കൂടുതല്‍ സ്നേഹിക്കുന്നത് എന്നെത്തന്നെയാണ്. അപ്പോള്‍ എന്റെ വ്യക്തിത്വത്തോട് നീതി പുലര്‍ത്താന്‍ കഴിയാത്ത ഒരു സാഹചര്യം വരുമ്പോഴാണ് ഇവിടെ സ്വാതന്ത്ര്യത്തിന്റെ പ്രശ്നമുദിക്കുന്നത്. ഒരുപാട ്സ്വപ്നങ്ങളൊക്കെയുള്ള ഒരു പെണ്‍കുട്ടിയെ സംബന്ധിച്ചിടത്തോളം വല വിലക്കുകളും അവള്‍ക്ക് നേടിടേണ്ടി വരും. ചെറുപ്പം മുതലേ അതാണ് നിന്റെ ലോകം എന്ന് ആരൊക്കെയോ ചേര്‍ന്ന് പറഞ്ഞുവെച്ചിട്ടുണ്ട്. ഇത് വിശ്വസിച്ചു ജീവിക്കുന്ന ഒരു പെണ്‍കുട്ടിയെ സംബന്ധിച്ചിടത്തോളം അവള്‍ സംതൃപ്തയാണ്. പക്ഷേ ഇതിനപ്പുറത്തേക്കും ഒരു ലോകമുണ്ടെന്ന് ചിന്തിക്കുന്ന ഒരു പെണ്‍കുട്ടിയെ സംബന്ധിച്ച്..ആ ലോകത്ത് ചിരിക്കണം ആ ലോകത്ത് നടക്കണം ആ ലോകത്ത് പറക്കണം എന്നൊക്കെ ചിന്തിക്കുമ്പോള്‍ ദേര്‍ ആര്‍ ലോട്സ് ഓഫ് ബാരിയേഴ്സ്. അപ്പോള്‍ നമ്മള്‍ ഇതെല്ലാം ബ്രേക്ക്ഔട്ട് ചെയ്യാന്‍ ശ്രമിച്ചു തുടങ്ങും.
ഫേസ്ബുക്കിലെ ആങ്ങളമാര്‍ക്കപ്പുറം മുസ്‌ലിം സമുദായത്തിന്റെ സപ്പോര്‍ട്ട് എപ്പോഴെങ്കിലും കിട്ടിയിട്ടുണ്ടോ?
എന്റെ നാടായ മലപ്പുറത്ത് വളരെ ഫോര്‍വേഡായി ചിന്തിക്കുന്ന ഒരുപാട് പേരുണ്ട്. പക്ഷേ മതമാണ് എല്ലാം, മതത്തിന്റെ ലോകത്തു മാത്രം ഒതുങ്ങി ജീവിക്കേണ്ടവരാണ് നമ്മള്‍ എന്നു പറയുന്നവരുടെ സപ്പോര്‍ട്ട് എനിക്ക് കിട്ടാറില്ല. പക്ഷേ ഈ ചോദ്യത്തില്‍ തന്നെ ഒരു പ്രശ്നമുണ്ട്. കാരണം ഇവരെ ഒരിക്കലും മുസ്‌ലിം സമുദായം എന്നു പറയരുത്. ഐ ഡോണ്‍ഡ് തിങ്ക് ദാറ്റ് ദേ ആര്‍ നോട്ട് മുസ്ലിംസ്. വെറും മുസ്ലിം നാമധാരികള്‍ മാത്രമാണവര്‍. കാരണം അവരുടെ വിമര്‍ശന രീതി ഒരിക്കലും ഇസ്ലാമിന്റെ രീതികളുമായി ഒത്തുപോകുന്നവയല്ല. വളരെയധികം മോശപ്പെട്ട രീതിയിലാണ് ഇവരുടെ പ്രതികരണം.
അവള്‍ക്കൊപ്പം, പെണ്ണിനൊപ്പം എന്നു പറയുന്ന ജസ്‌ല സരിതയെ അനുകൂലിക്കാത്തതെന്തുകൊണ്ട്?
സരിത മൈരാണ് എന്നൊരു പോസ്റ്റ് ഞാന്‍ ഇട്ടിരുന്നു. ആ പോസ്റ്റില്‍ ഞാന്‍ എന്താണ് ഉദ്ദേശിച്ചതെന്ന് അടുത്ത പോസ്റ്റില്‍ ഞാന്‍ വളരെ വ്യക്തമാക്കി അവതരിപ്പിച്ചിരുന്നു. അതായത് സരിത എന്ന വ്യക്തിയെ അല്ല സരിത എന്ന വിഷയത്തെ ആണ് ഞാന്‍ ഉദ്ദേശിച്ചത്. ഒരു സ്ത്രീ എന്നതിനുമപ്പുറം സരിത എന്നത് ഒരു വിഷയം തന്നെയായിരുന്നു എന്ന് ഇപ്പോഴും ഞാന്‍ ഉറപ്പിച്ചു പറയുന്നു.
ഞാനടക്കമുള്ളവര്‍ സാധാരണയായി അവളോടോപ്പം അല്ലെങ്കില്‍ ഇരയോടൊപ്പം പെണ്ണിനൊപ്പം എന്നൊക്കെ പറയാറുണ്ട്. ശരിയാണ് സരിത ഒരു സ്ത്രീയാണ്. കേരളത്തില്‍ അടുത്ത കാലത്തൊന്നും ഇത്രയും തൊലിക്കട്ടിയുള്ള മറ്റൊരു സ്ത്രീ ഇല്ല എന്നു തന്നെ പറയാം. ഇതൊക്കെ ശരിയാണ്. പക്ഷേ ഞാന്‍ ഒരു കാര്യം പറയട്ടെ എന്റെ ശരീരത്തെ ഒരു വസ്തുവാക്കി മാത്രം കാണുന്നു. അതായത് എന്റെ കുഞ്ഞിന്റെ അച്ഛന്‍ ഇയാളെന്ന് പറയുന്നു. പിറ്റേന്ന് പറയുന്നു സോറി.. ഇയാളല്ല മറ്റയാളാണെന്ന്. പിറ്റേന്ന് വീണ്ടും മാറ്റി പറയുന്നു.. ഇതിങ്ങനെ തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. അതായത് സ്വന്തം താല്‍പര്യങ്ങള്‍ക്കു വേണ്ടി സ്വന്തം ശരീരത്തെ ഞാന്‍ തന്നെ കച്ചവട വസ്തുവാക്കുകയും ഇത്തരത്തില്‍ പറയുകയും ചെയ്യുമ്പോള്‍ അത്തരത്തിലുള്ളൊരു പെണ്ണിനൊപ്പരം നില്‍ക്കാന്‍ എനിക്കു തോന്നുന്നില്ല. അങ്ങനെയുള്ളൊരു സ്ത്രീയോടൊപ്പം നില്‍ക്കാന്‍ മാത്രം വിശാലമനസ്‌കത ഉള്ള ഒരാളല്ല ഞാന്‍.
എല്ലാ പൊളിറ്റിക്സിനെയും അംഗീകരിക്കുന്ന ഒരാളാണ് ഞാന്‍. എല്ലാ സ്വതന്ത്ര ആശയങ്ങളെയും ഉള്‍ക്കൊള്ളുകയും സ്നേഹിക്കുകയും ചെയ്യുന്ന ഒരാളാണ് ഞാന്‍. പക്ഷേ എന്റെ ശരീരത്തിന്റെ പൊളിറ്റിക്സ് ഞാന്‍ ആര്‍ക്കും വിട്ടുകൊടുത്തിട്ടില്ല. മൈ ബോഡി ഈസ് മൈ റൈറ്റ് എന്നാണ് ഞാന്‍ കരുതുന്നത്. അതൊക്കെ ഓരോരുത്തരുടെയും വ്യക്തി സ്വാതന്ത്ര്യമാണ്. എന്റെ ശരീരത്തിന്റെ വീഡിയോ ഞാന്‍ തന്നെ ഷൂട്ട് ചെയ്ത് ഞാന്‍ തതന്നെ അപ്ലോഡ് ചെയ്ത് ലൈക്ക് കൂട്ടുന്ന ഒരു സംഭവം ഉണ്ടല്ലോ.. അതുകൊണ്ടാണ് സരിതയെക്കുറിച്ചല്ല സരിത എന്ന വിഷയത്തെക്കുറിച്ച് ഞാന്‍ അങ്ങനെ പറഞ്ഞത്.
മലപ്പുറത്തെ ഫ്‌ളാഷ്‌മോബ് വിവാദത്തിന്റെ പശ്ചാത്തലത്തില്‍ എസ്.എഫ്.ഐ നടത്തിയ ഫ്‌ളാഷ്‌മോബ് പ്രതിഷേധത്തെക്കുറിച്ച് എന്താണ് അഭിപ്രായം?
എസ്.എഫ്.ഐയുടെ ഈയൊരു പ്രതിഷേധത്തോട് ഞാന്‍ ഒരിക്കലും യോജിക്കുന്നില്ല. ഇതില്‍ തട്ടമിട്ടുകൊണ്ട് ഫ്‌ളാഷ്‌മോബ് നടത്തിയത് മുഴുവനും മറ്റു മതത്തിലെ കുട്ടികളാണ്. അവര്‍ തട്ടമിട്ടു കൊണ്ട് നടത്തിക്കോട്ടേ. അതില്‍ വിരോധമില്ല. പക്ഷെ ഇത് കളിച്ചു കൊണ്ട് അവര്‍ സംസാരിച്ചത് മതത്തെ കുറിച്ചാണ്. ഇസ്‌ലാം മതത്തില്‍ സ്വാതന്ത്ര്യമില്ല അല്ലെങ്കില്‍ തട്ടത്തിനുള്ളില്‍ സ്വാതന്ത്ര്യമില്ല എന്നായിരുന്നു അവര്‍ പറഞ്ഞത്. അത് ശരിയല്ല. തട്ടത്തിനുള്ളില്‍ സ്വാതന്ത്ര്യം ഉണ്ട് എന്നു തന്നെയാണ് ഞാന്‍ ഇപ്പോഴും പറയുന്നത്. പക്ഷേ ആ സ്വാതന്ത്ര്യത്തെ കാണിക്കാന്‍ കഴിയുന്നില്ല എന്നതാണ് വസ്തുത. ആ ഒരു രീതിയില്‍ മതത്തെ അല്ലെങ്കില്‍ ആ വേഷത്തെ അവഹേളിക്കരുതായിരുന്നു. അപ്പോള്‍ അവര്‍ക്ക് ഒരു കാര്യത്തെ കുറിച്ച് പറയാനറിയില്ലെങ്കില്‍ പറയാതിരിക്കുകയാണ് വേണ്ടത്.
“മലപ്പുറം” എന്നു പറയുമ്പോള്‍ പൊതു സമൂഹത്തില്‍ ചിലര്‍ക്കെങ്കിലും ഒരു പുച്ഛം അല്ലെങ്കില്‍ ഇപ്പോഴും പുരോഗമനനില്ലാത്ത കുറേയാളുകള്‍ ജീവിക്കൊന്നൊരിടം എന്ന മനോഭാവമുണ്ട്. ജസ്ലയ്ക്ക് അങ്ങനെ എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ?
ഞാനൊരു മലപ്പുറം കാരിയായതുകൊണ്ടു തന്നെ ഇതു ഞാന്‍ പലപ്പോഴും ഇതനുഭവിച്ചിട്ടുണ്ട്. ഞാന്‍ പലസ്ഥങ്ങളിലും പരിപാടികള്‍ക്ക് പോവാറുണ്ട്. പക്ഷേ ആദ്യമൊന്നും എന്നെ വീട്ടില്‍ നിന്ന് ഒറ്റയ്ക്ക് വിടാറില്ല. പിന്നീട് അതിലൊക്കെ മാറ്റം വരികയും എന്റെ യാത്രകളെല്ലാം പിന്നീട് ഒറ്റയ്ക്കായി മാറുകയും ചെയ്തിട്ടുണ്ട്. ഇത്തരത്തില്‍ പല സ്ഥലങ്ങളിലും ഞാന്‍ എത്തിപ്പെടുമ്പോള്‍ മലപ്പറത്തു നിന്ന് ഒറ്റയ്ക്കൊരു പെണ്‍കുട്ടിയോ.. മലപ്പുറത്ത് ഇത്തരത്തിലുള്ള പരിപാടികളില്‍ പങ്കെടുക്കുന്നവരുണ്ടോ.. അതും ഒരു മുസ്‌ലിം പെണ്‍കുട്ടി എന്ന തരത്തിലുള്ള അത്ഭുതമായിരുന്നു പലരിലും. പക്ഷേ ഈ കാര്യത്തില്‍ പൂര്‍ണ്ണമായി അവരെ കുറ്റം പറയാനാവില്ല എന്നാണ് എനിക്ക് തോന്നുന്നത്.
അപ്പോള്‍ മലപ്പുറത്ത് ഇപ്പോഴും ഒരു മാറ്റവുമില്ലെന്നണോ പറയുന്നത്?
അങ്ങനെയല്ല.. മലപ്പുറത്ത് ഒരുപാട് മാറ്റമുണ്ട്. ജനങ്ങള്‍ ഒരുപാട് ഫോര്‍വേഡ് ആയിട്ടുണ്ട്. വിദ്യാഭ്യാസപരമായും മറ്റു മേഖലകളിലും നല്ല മാറ്റങ്ങള്‍ വന്നിട്ടുണ്ട്. പക്ഷേ ഇതിനിടയിലും കുറച്ചു പേരുണ്ട്. നഞ്ഞെന്തിന് നാനാഴി എന്നു പറയുന്നത് പോലെയാണ് ഇവരുടെ കാര്യം. ഇവരാണ് യഥാര്‍ത്ഥത്തില്‍ മലപ്പുറത്തെ ഇത്തരത്തില്‍ പറയിപ്പിക്കുന്നത്. ആ ഒരു യാഥാര്‍ത്ഥ്യത്തെ നമ്മള്‍ അംഗീകരിച്ചല്ലേ മതിയാവൂ.
പൊതു സമൂഹത്തില്‍ സ്ത്രീകളോടുള്ള സമീപനത്തില്‍ മാറ്റമുണ്ടായിട്ടുണ്ടോ?
വലിയ രീതിയിലുള്ള മാറ്റങ്ങളൊന്നും തന്നെ ഇല്ല എന്നു പറയാം. സമൂഹത്തിന്റെ പറച്ചിലുകളില്‍ മാറ്റം വന്നിട്ടുണ്ടെന്ന് വേണമെങ്കില്‍ പറയാം, അതായത് അവര്‍ പറയുന്ന വിഷയങ്ങളില്‍ മാറ്റം വന്നിട്ടേയുള്ളൂ. സത്രീകളോടുള്ള സമീപനം ഇന്നും ഒരുപോലെ തന്നെയാണ്. പണ്ടത്തെ സ്ത്രീകള്‍ക്ക് മാറു മറയ്ക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടായിരുന്നില്ലല്ലോ. എന്നാല്‍ ഇന്നത് ഉണ്ടല്ലോ എന്നത് തന്നെ വലിയൊരു മാറ്റമല്ലേ എന്നു പറയുന്നതില്‍ കാര്യമില്ല. കാരണം ഇന്നത്തെ സാഹചര്യം വേറെയാണ്. നമ്മള്‍ എത്ര ഡവലപ്ഡ് ആയി എന്നു പറയുമ്പോഴും ഇതിലൊന്നും തന്നെ കാര്യമായ മാറ്റങ്ങള്‍ വന്നില്ല എന്ന് ഉറപ്പിച്ചു പറയാം. അതുകൊണ്ടല്ലേ ഞാന്‍ ഡാന്‍സ് കളിച്ചത് ഇത്രയധികം ചര്‍ച്ചയാക്കപ്പെട്ടതും. എനിക്ക് പകരം ഏതെങ്കിലും ഒരു ആണ്‍കുട്ടിയാണ് ഇത് ചെയ്തതെങ്കില്‍ ആരെങ്കിലും എന്തെങ്കിലും പറയുമോ? ഏതെങ്കിലും ഒരു ആണ്‍കുട്ടി ഡാന്‍സ് കളിച്ചതിന്റെ പേരില്‍ വിമര്‍ശിക്കപ്പെട്ടത് നിങ്ങള്‍ കണ്ടിട്ടുണ്ടോ? ഞെരിയാണി വരെ പാന്റ് ഇട്ടിട്ട് ഒരു ആണ്‍കുട്ടി അവിടെ കിടന്ന് ഡാന്‍സ് കളിക്കുകയാണെന്നു വിചാരിക്കുക. ആരെങ്കിലും അവനെ ഒന്ന് നോക്കുമോ..കാണുമോ.. ചര്‍ച്ച ചെയ്യപ്പെടുമോ.. ഇല്ല.. ഞാനൊരു പെണ്ണായതുകൊണ്ട് മാത്രമാണ് ചര്‍ച്ച ചെയ്തപ്പെട്ടത്…എസ്പെഷ്യലി ഞാന്‍ ഒരു മുസ്‌ലിം കുടുംബത്തിലെ പെണ്‍കുട്ടിയും. ഇത് നമ്മുടെ സമൂഹത്തിന്റെ ഒരു രീതിയാണ്.
ചുംബന സമരം പോലെയുള്ള സമര രീതികളോടുള്ള അഭിപ്രായം
എന്റെ നിരവധി സുഹൃത്തുക്കള്‍ ചുംബന സമരത്തിന്റെ ഭാഗമായിട്ടുണ്ട്. അതവരുടെ വ്യക്തി സ്വാതന്ത്ര്യമാണ്. പക്ഷേ ആ ഒരു സമരരീതിയോട് വ്യക്തിപരമായി എനിക്ക് യോജിപ്പില്ല. ഇതൊരു ആവിഷ്‌കാര സ്വാതന്ത്ര്യമാണ്..ഓകെ ശരിയാണ്. പക്ഷേ അതിന്റെ പൊളിറ്റിക്സിനോട് ഞാന്‍ യോജിക്കുന്നുണ്ടെങ്കിലും ഒരാളെ ചുംബിക്കുന്നതുകൊണ്ടോ കെട്ടിപ്പിടിക്കുന്നതുകൊണ്ടോ അവിടൊന്നും സംഭവിക്കാന്‍ പോണില്ല. പക്ഷേ ഇവിടെ സംഭവിച്ചത് മറ്റൊന്നായി മാറിയിപ്പോയി. ഒരു സമര രീതി എന്നതിനപ്പുറം അതൊരു വേദിയായി മാറുകയാണുണ്ടായത്. ഈ മാറ്റത്തോട് പേഴ്സണലി ഞാന്‍ യോജിക്കുന്നില്ല. പക്ഷേ ഇതിനെ എതിര്‍ക്കുകയോ ചുംബന സമരത്തിന്റെ ആളുകളെ വെറുക്കുകയോ ഒന്നും ചെയ്യുന്നില്ല.
ജസ്‌ല ഒരു ഫെമിനിസ്റ്റ് ആണോ ?
ഫെമിനിസ്റ്റ് ആണോ എന്ന് ചോദിക്കുമ്പോള്‍ ഫെമിനിസ്റ്റ് കൊണ്ട് എന്താണ് ഞാന്‍ ഉദ്ദേശിക്കുന്നത് എന്ന് ആദ്യം വ്യക്തമാക്കണം. എന്നാലേ ഞാന്‍ ഫെമിനിസ്റ്റ് ആണോ അല്ലയോ എന്ന് പറയാന്‍ കഴിയൂ. കാരണം ഞാന്‍ ക്ലാസ്സ് എടുക്കാനൊക്കെ പോകുന്ന സമയത്ത് ഇതു പലപ്പോഴും ഞാന്‍ നേരിട്ടതാണ്. ഒരു തവണ gender equaltiyയെക്കുറിച്ച് ക്ലാസ് എടുക്കാന്‍ പോയ സമയത്ത് ഞാന്‍ വിഷയത്തെ കുറിച്ച് സംസാരിച്ചുകൊണ്ടിരിക്കുകയാണ്. അപ്പോള്‍ ഒരു പയ്യന്‍ എന്റടുത്തു ചോദിച്ചു.. ആണുങ്ങള്‍ മുണ്ട് പൊക്കി മൂത്രമൊഴിക്കും.. ഷര്‍ട്ട് ഇടാതെ നടക്കും.. അതുപോലെയൊക്കെ നിങ്ങള്‍ക്കു നടക്കാന്‍ പറ്റുമോ ഇല്ലല്ലോ.. പിന്നെന്തിനാണ് നിങ്ങള്‍ gender equalityയെക്കുറിച്ച് പറയുന്നതെന്നായിരുന്നു അവന്റെ ചോദ്യം.
അതായത് ആ കുട്ടിയുടെ കാഴ്ചപ്പാടില്‍ ഫെമിനിസം എന്നു പറഞ്ഞാല്‍ അതാണ്. പക്ഷേ എന്നെ സംബന്ധിച്ചിടത്തോളം ജനാധിപത്യപരമായിട്ടുള്ള ഒരു സമത്വത്തിനു വേണ്ടിയുള്ള സ്വതന്ത്രമായൊരു വാദം മാത്രമാണ് ഫെമിനിസം. അത്ര മാത്രമേ ഞാന്‍ ഇതുകൊണ്ട് ഉദ്ദേശിക്കുന്നുള്ളൂ. അതായത് നമ്മള്‍ക്ക് ചെയ്യണമെന്നു തോന്നുന്ന കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുന്ന ഒരിടം. അതു കിട്ടാതെയാകുമ്പോള്‍ അതിനോടുള്ള പ്രതിഷേധം സ്വാഭാവികമാണ്. ഇതിനെ ഫെമിനിസത്തിന്റെ ബാനറില്‍ നിര്‍ത്താന്‍ കഴിയുമെങ്കില്‍ തീര്‍ച്ചയായും ഞാന്‍ ഒരു ഫെമിനിസ്റ്റ് ആണ്.
ഫ്‌ളാഷ്‌മോബ് പോലുള്ള രീതികളിലൂടെ സമൂഹത്തില്‍ നടക്കുന്ന അനീതികള്‍ക്കെതിരെ പ്രതികരിച്ചു വരുന്നു. ഇത്തരത്തില്‍ കലയെയും വ്യത്യസ്ത മാധ്യമങ്ങളിലൂടെയും സമൂഹത്തില്‍ സ്വാധീനം ചെലുത്താന്‍ കഴിയുമെന്ന് തോന്നുന്നുണ്ടോ?
ഓരോ കാലഘട്ടത്തിനും അത് ആവശ്യപ്പെടുന്ന അതിന്റേതായ മാറ്റങ്ങള്‍ ഉണ്ട്. അപ്പോള്‍ കല ആയാലും പ്രതിഷേധമായാലും നമ്മള്‍ അതിനനുസരിച്ചുള്ള മാറ്റങ്ങള്‍ ആവിഷ്‌കാരത്തിലും വരുത്തിക്കൊണ്ടിരിക്കുന്നു. ഇവിടെ അതിനുപയോഗിക്കിന്ന മാധ്യമത്തിനേക്കാള്‍ അതിന്റെ കണ്ടന്റിന് അല്ലെങ്കില്‍ ഉദ്ദേശ്യ ലക്ഷ്യങ്ങള്‍ക്കാണ് പ്രസക്തി. തീര്‍ച്ചയായും കലയെ ഒരുപാട് സ്നേഹിക്കുന്ന ഒരാളാണ് ഞാന്‍. കലയുടെ എല്ലാ രാഷ്ട്രീയത്തേയും ഞാന്‍ അതിന്റെ സത്ത ചോരാതെ ഉള്‍ക്കൊള്ളുന്നു.
സിനിമയാവട്ടെ ചിത്രമാവട്ടെ പാട്ടാവാട്ടെ എന്തുമാവട്ടെ ഏതു രീതിയിലുള്ള കലയെയും ബഹുമാനിക്കുന്ന ഒരാളാണ് ഞാന്‍. സംസാരത്തെ പോലും ഞാന്‍ ഒരു കലയായിട്ടാണ് കാണുന്നത്. അപ്പോള്‍ നമ്മുടെ കലകളെ സമൂഹത്തിന് കൂടി ഉപകാരമാകുന്ന തരത്തില്‍ ഉപയുക്തമാകുമ്പോള്‍ നമ്മുടെ ആത്മ സംതൃപ്തി എന്നതിലപ്പുറം അപ്പോള്‍ എല്ലാ കലകളെയും ഗ്രഹിക്കണമെന്ന് ആഗ്രഹിക്കുന്ന ഒരാളാണ് ഞാന്‍.
അനുഭവങ്ങളിലൂടെ ജീവിതത്തെ നോക്കികാണാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ആസ്വാദനം.. ഏതു വികാരമായാലും പ്രവൃത്തിയായാലും അത് ആസ്വദിക്കുക എന്നതാണ് എനിക്ക് ഏറ്റവും ഇഷ്ടമുള്ള കാര്യം. പക്ഷേ ഈ ആസ്വാദനം തന്നെയാണ് പലപ്പോഴും മറ്റുള്ളവര്‍ക്കിടയില്‍ പ്രശ്നമുണ്ടാക്കുന്നതും. ആരോ വരച്ച ചിത്രത്തിലെ ജീവനില്ലാത്ത പൂമ്പാറ്റയായി ജീവിക്കേണ്ട കാര്യം നമുക്കില്ലല്ലോ…