മലയന്‍കുഞ്ഞിലേക്കുള്ള വരവ്?
കട്ടപ്പനയില്‍ ദര്‍ശന എന്നൊരു ഫിലിം സൊസൈറ്റിയുണ്ട്. ദര്‍ശനക്ക് വേണ്ടി ഉണ്ണി ആറിന്റ ഒഴിവുദിവസത്തെ കളിയുള്‍പ്പെടെ ഒരുപാട് നാടകങ്ങള്‍ കളിച്ചിരുന്നു. ദര്‍ശനയുടെ കപ്പിത്താന്‍ എന്ന് പറയാവുന്ന ഇ.ജെ. ജോസഫ് സാറാണ് മലയന്‍കുഞ്ഞിന്റെ കാസ്റ്റിങ് കോള്‍ നടക്കുന്നുണ്ട് എന്ന് അറിയിച്ചത്. ദര്‍ശനയുടെ ബാനറിലും എന്റെ പേഴ്‌സണല്‍ നമ്പറില്‍ നിന്നും ആപ്ലിക്കേഷന്‍ അയച്ചിരുന്നു. എന്നാല്‍ ഓഡീഷന് ചെന്നപ്പോള്‍ പ്രായക്കുറവ് മൂലം ആദ്യം റിജക്റ്റ് ചെയ്തു. എനിക്ക് 44 വയസും കഥാപാത്രം അറുപതിനടുത്ത് പ്രായമുള്ളയാളും. പീന്നീട് സംവിധായകന്റെ സുഹൃത്തായ ജോസ്. പി. റാഫേല്‍ വഴി ആദ്യം അയച്ച ചിത്രങ്ങള്‍ വീണ്ടും അയക്കുകയായിരുന്നു. ആര്‍. ജെ. ശാലിനിയാണ് എന്നെ തെരഞ്ഞെടുത്തത്. റിജക്റ്റ് ചെയ്തിട്ടും എന്റെ ഫോട്ടോ അവര്‍ മാറ്റിവെച്ചു. ഷൂട്ടിനിടയിലും അവര്‍ നന്നായി ഹെല്‍പ് ചെയ്തു.
ചിത്രത്തിന്റെ രണ്ടാം പകുതി അനിക്കുട്ടനും പൊന്നിയുമാണെങ്കില്‍ ആദ്യപകുതി അനിക്കുട്ടനും അമ്മയുമാണ്. ഫഹദ് ഫാസിലിനൊപ്പമുള്ള ഷൂട്ടിങ് അനുഭവം എങ്ങനെയായിരുന്നു?
ഫഹദ് ഒരുപാട് ഹെല്‍പ്ഫുള്ളായിരുന്നു. നമ്മള്‍ ചെയ്യുന്നത് നല്ലതാണെന്ന് പറയാനുള്ള അദ്ദേഹത്തിന്റെ മനസാണ് എറ്റവും വലുത്. അക്ഷന്‍ ആന്‍ഡ് റിയാക്ഷന്‍ ആയിരുന്നു പലപ്പോഴും. അദ്ദേഹം എന്താണോ നല്‍കിയത് അത് തിരിച്ച് കൊടുക്കാന്‍ പറ്റി എന്നാണ് തോന്നുന്നത്. ഫഹദിന്റെ കണ്ണിന്റെ കാര്യം പറയേണ്ട കാര്യമില്ലല്ലോ. എന്റെ മകനാണ് നില്‍ക്കുന്നത് എന്ന ബോധ്യത്തോടെയാണ് അഭിനയിച്ചത്. എന്റെ മകനോട് എങ്ങനെയാണോ പെരുമാറുന്നത് അങ്ങനെ തന്നെയാണ് ഫഹദിനെ കാണുമ്പോള്‍ തോന്നിയത്. സെറ്റിലുള്ള എല്ലാവരും സപ്പോര്‍ട്ടീവായിരുന്നു. മഹേഷ് സാറും ഒപ്പമുള്ളവരുമെല്ലാം സഹായിച്ചു.
കഥാപാത്രത്തിനായുള്ള തയ്യാറെടുപ്പുകള്‍?
പ്രായം കൂടുതല്‍ തോന്നിക്കാനായി ശരീരഭാരം ഉയര്‍ത്തിയിരുന്നു. മേക്ക് അപ്പ് അല്ലായിരുന്നു, മേക്ക് ഡൗണായിരുന്നു. ഡാര്‍ക്കാക്കി, നരയിട്ടു. ഞാന്‍ തന്നെയാണ് ചിത്രത്തിനായി ഡബ് ചെയ്തത്. പ്രായമായ കഥാപാത്രമാവുമ്പോള്‍ അതുപോലെ സംസാരിക്കണമല്ലോ. ശബ്ദം മാറുമ്പോള്‍ സജി സാര്‍(സംവിധായകന്‍) ചേച്ചി സൗണ്ട് വിട്ടുപോകുന്നു എന്ന് പറയും. തിയേറ്റര്‍ ആര്‍ട്ടിസ്റ്റായിരുന്നത് സൗണ്ട് മോഡുലേഷന്‍ മാറ്റുന്നതിനും ഡബ്ബിങിനും ഗുണം ചെയ്തു.
ഇടുക്കിയിലാണല്ലോ താമസിക്കുന്നത്? അത് ഇടുക്കിക്കാരിയായ കഥാപാത്രത്തെ അവതരിപ്പിക്കുന്നതില്‍ സഹായിച്ചോ?
ഇടുക്കിയില്‍ വന്നിട്ട് 23 വര്‍ഷമായി. പിറവമാണ് സ്വദേശം. അവിടെ നിന്നും പിന്നീട് കോട്ടയത്തേക്ക് മാറി. ഇടുക്കിയിലേക്ക് കല്ല്യാണം കഴിച്ച് വന്നതാണ്. അത് സഹായകരമായിട്ടുണ്ട്. സിനിമയില്‍ കാണുന്നത് പോലെ മണ്ണിടിച്ചിലിന്റെ ഭീകരത ഒന്നും ഇതുവരെ അനുഭവിച്ചിട്ടില്ല. ഞങ്ങള്‍ താമസിക്കുന്നതിന്റെ ആറേഴ് കിലോമീറ്റര്‍ ചുറ്റളവില്‍ നിരപ്പായ സ്ഥലമാണ്. ന്യൂസിലൊക്കെ കാണിക്കുന്നതേ ഞങ്ങളും കണ്ടിട്ടുള്ളൂ.
മലയന്‍കുഞ്ഞിന് മുമ്പ് എവിടെയായിരുന്നു?
തിയേറ്റര്‍ ആര്‍ട്ടിസ്റ്റായിരുന്നു. 17ാം വയസിലാണ് നാടകം കളിക്കാന്‍ തുടങ്ങിയത്. വളരെ ആഗ്രഹിച്ച് നാടകത്തിലേക്ക് വന്ന ആളല്ല. സംസ്‌കൃതമാണ് പഠിച്ചത്. ബന്ധു ഒരു ബാലേ സമിതിയിലുണ്ടായിരുന്നു. അതില്‍ ശ്രീകൃഷ്ണനായിട്ടും സരസ്വതിയായിട്ടും വേഷമിടാന്‍ പോയിരുന്നു. അങ്ങനെയാണ് നാടകത്തില്‍ താല്‍പര്യം വന്നുതുടങ്ങിയത്. നാടകത്തിലൊക്കെ ആറ് മാസത്തെ വര്‍ക്ക് വരുന്നുണ്ട്. ആദ്യം വീട്ടില്‍ നിന്നും പിന്തുണ ഒന്നും ലഭിച്ചിരുന്നില്ല. ഫൈറ്റ് ചെയ്ത് നിന്നു. 97 മുതലാണ് പ്രൊഫഷണല്‍ നാടകങ്ങള്‍ ചെയ്യാന്‍ തുടങ്ങിയത്. നാടകം കളിക്കുന്നതിന്റെ സുഖം ഒന്ന് വേറെ തന്നെയാണ്. നായികകഥാപാത്രമായിരിക്കും മിക്കവാറും. ചിലപ്പോള്‍ രണ്ട് കഥാപാത്രങ്ങളെ അവതരിപ്പിക്കേണ്ടി വരും. പ്രായമുള്ളതും കുറഞ്ഞതുമൊക്കെ ഒരേ നാടകത്തില്‍ ചെയ്തിട്ടുണ്ട്. ഹസ്ബന്റ് നാരായണ കുറുപ്പും തിയേറ്റര്‍ ആര്‍ട്ടിസ്റ്റാണ്.
മലയന്‍കുഞ്ഞിന് മുമ്പ് ജല്ലിക്കെട്ടിലും സാജന്‍സ് ബേക്കറിയിലും അഭിനയിച്ചിട്ടുണ്ട്. ജല്ലികെട്ടില്‍ ഞാനൊരു ബാങ്ക് മാനേജറുടെ ക്യാരക്ടര്‍ ആണ് ചെയ്തത്. ആ ചിത്രത്തില്‍ അഭിനയിക്കാന്‍ സാധിച്ചതില്‍ ഭയങ്കര അഭിമാനമുണ്ട്. സാജന്‍സ് ബേക്കറിയിലെ ഗ്രേസ് ആന്റണിയുടെ അമ്മയുടെ വേഷമാണ് ചെയ്തത്. അതില്‍ ചെറുതായി കണ്ണടച്ച് തുറക്കുമ്പോള്‍ പോകുന്ന റോള്‍ ആയിരുന്നു.
സിനിമ സ്വപ്നം കണ്ടിരുന്നോ?
തീര്‍ച്ചയായും ആഗ്രഹമുണ്ടായിരുന്നു. എന്നാല്‍ അവിടേക്ക് വരാന്‍ പറ്റുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. നമുക്ക് കടക്കാന്‍ പറ്റാത്ത ഒരു മേഖലയാണ് ഇതെന്നാണ് വിചാരിച്ചിരുന്നത്.
സിനിമയിലേക്ക് എത്താന്‍ വൈകിയെന്ന തോന്നലുണ്ടോ?
ഒരിക്കലും ഇല്ല. എല്ലാത്തിനും അതിന്റേതായ സമയം ഉണ്ട് ദാസാ എന്നാണ് ഞാന്‍ വിചാരിക്കുന്നത്. എന്റെ ടൈം ഇതായിരുന്നു. അങ്ങനെ വിചാരിക്കുന്ന ആളാണ് ഞാന്‍. ഇതിന് മുമ്പ് വംശം എന്ന സിനിമയുടെ ഷൂട്ട് നടന്നത് ഞങ്ങളുടെ നാട്ടില്‍ വെച്ചാണ്. അന്ന് അതിന്റെ സെറ്റില്‍ പോകണമെന്ന് ഭയങ്കര ആഗ്രഹമായിരുന്നു. വീട്ടില്‍ നിന്ന് സമ്മതിക്കാത്തതിനാല്‍ പോകാന്‍ പറ്റിയില്ല.
പുതിയ സിനിമകള്‍?
ബേസില്‍ ജോസഫിന്റെ പാല്‍ തു ജാന്‍വറാണ് ഒന്ന്. ജോണി ആന്റണി ചേട്ടന്റെ ഭാര്യയയിട്ടാണ് അഭിനയിക്കുന്നത്. മറ്റൊന്ന് പാര്‍വതി തിരുവോത്ത്, ഉര്‍വശി, അലന്‍സിയര്‍ എന്നിവര്‍ അഭിനയിക്കുന്ന ഉള്ളൊഴുക്കാണ്. അതില്‍ പാര്‍വ്വതിയുടെ അമ്മയായിട്ടാണ് അഭിനയിക്കുന്നത്. മുഴുനീള കഥാപാത്രമാണ്.
Content Highlight: Interview with Jaya kurup who portrayed who played Anikuttan’s mother in the film malayankuju