ഒരു ഇടവേളക്ക് ശേഷം ‘പത്രോസിന്റെ പടപ്പുകള്‍’ എന്ന സിനിമയിലെ പാട്ടിലൂടെ ജാസി ഗിഫ്റ്റ് മലയാളത്തിലേക്ക് തിരിച്ചു വരികയാണ്. ചിത്രത്തിലെ ‘ഫുള്‍ ഓണ്‍ ആണേ’ എന്ന ഗാനം ഇതിനോടകം ഹിറ്റായി മാറിയിരിക്കുകയാണ്. ഈ തിരിച്ചു വരവിനെ എങ്ങനെ കാണുന്നു?
എനിക്ക് വീണ്ടും ഒരു മേജര്‍ ബ്രേക്കാണ് പത്രോസിന്റെ പടപ്പുകള്‍ തന്നിരിക്കുന്നത്. അതില്‍ വളരെ സന്തോഷം. പത്രോസിന്റെ പടപ്പുകള്‍ എന്ന സിനിമയിലെ പാട്ട് എല്ലാവരും ശ്രദ്ധിച്ചു എന്നറിഞ്ഞതില്‍ വളരെ സന്തോഷം. അതില്‍ നന്ദി പറയാനുള്ളത് മ്യൂസിക്ക് ഡയറക്ടര്‍ ജേക്സ് ബിജോയിക്കും സംവിധായകന്‍ അഫ്സലിനുമാണ്. പ്രത്യേകിച്ച് ജേക്സിന്റെ പാട്ടുകള്‍ ഫോളോ ചെയ്യുന്നുണ്ട്. ഞങ്ങള്‍ ഒരുപാട് പരിപാടികളിലൊക്കെ അദ്ദേഹത്തിന്റെ പാട്ട് പാടും. ഇപ്പോഴുള്ള അദ്ദേഹത്തിന്റെ പാട്ടുകളെല്ലാം മികച്ചതാണ്. അദ്ദേഹത്തിന്റെ സൗണ്ടിംഗും കമ്പോസിങ്ങ് രീതിയുമെല്ലാം ഫോളോ ചെയ്യാറുണ്ട്. അദ്ദേഹത്തിന്റെ പാട്ടിന്റെ കവര്‍ വേര്‍ഷന്‍ ഞാനും നിഖില്‍ മാത്യുവും ചെയ്തിരുന്നു. ഞങ്ങള്‍ വളരെ നല്ല സുഹൃത്തുക്കളാണ്.
സ്റ്റുഡിയോയില്‍ ചെന്ന സമയത്ത് പാട്ടിനെ പറ്റിയുള്ള ഭംഗിയായ ആശയം, പാട്ടിന്റെ സൗണ്ടിംങ്ങാണെങ്കിലും ലിറിക്കല്‍ വ്യു പോയിന്റാണെങ്കിലും എല്ലാത്തിനെയും കുറിച്ച് അദ്ദേഹം പൂര്‍ണ ബോധവാനാണ്. വോയിസ് മിക്സുകളെല്ലാം വളരെ രസകരമായിരുന്നു. പാട്ട് ഷൂട്ട് ചെയ്ത രംഗങ്ങളുമായി നന്നായി ബ്ലെന്‍ഡായി വന്നു. വിഷ്വല്‍സെല്ലാം കണ്ട് ഒരുപാട് പേര്‍ വിളിക്കുകയും മെസേജ് ചെയ്യുകയും ചെയ്യ്തിരുന്നു. ഒരുപാട് പോസിറ്റിവ് റെസ്പോണ്‍സ് ലഭിച്ചിരുന്നു. പ്രത്യേകിച്ച് ഇതിന്റെ ലിറിക്സ് ടിറ്റോയും ശബരീഷും കൂടിയാണ് ചെയ്തിരിക്കുന്നത്. ലിറിക്സിന് ഈ പാട്ടില്‍ വലിയൊരു സ്ഥാനമുണ്ട്. ഒരു ഫാമിലിയെ കാണിച്ച് ഈ പാട്ട് കേള്‍ക്കുമ്പോള്‍ അല്ലെങ്കില്‍ കാണുമ്പോള്‍ ആ ഒരു എഫക്ട് നമുക്ക് കിട്ടും. ഒരു പോസിറ്റീവ് വൈബും തമാശകളുമെല്ലാമുള്ള പാട്ടാണ്. അടുത്തിടെ വളരെ അപൂര്‍വമായി എനിക്ക് പാടാന്‍ പറ്റിയ പാട്ടാണ്. വളരെ സന്തോഷം.
2002 ല്‍ ‘ഭീഭത്സ’ എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെ സംഗീത ജീവിതം ആരംഭിക്കുന്നത്. അങ്ങനെ നോക്കുമ്പോള്‍ സിനിമയിലേക്ക് കടന്നിട്ട് 20 വര്‍ഷമാവുകയാണ്. എങ്ങനെ നോക്കി കാണുന്നു?
ടെക്‌നിക്കലി പറഞ്ഞാല്‍ സിനിമ രംഗത്ത് എത്തിയിട്ട് 20 വര്‍ഷത്തിന് മുകളിലായി. കാരണം ജയരാജ് സാര്‍ സംവിധാനം ചെയ്ത ‘ഭീഭത്സ’ എന്ന സിനിമ 2001ല്‍ പുറത്തിറങ്ങിയതാണ്. അതിന് ശേഷം അശോകേട്ടന്‍ സംവിധാനം ചെയ്ത ‘സഫലം’ എന്ന സിനിമയാണ് മലയാളത്തില്‍ ആദ്യം ചെയ്തത്. ജയരാജ് സാറിന്റെ പടത്തിനിടയില്‍ വന്ന ഗ്യാപ്പില്‍ ചെയ്യ്ത പടമാണത്. അത് പോലെ ഈ 20 വര്‍ഷം മ്യൂസിക്കില്‍ വളരെ അധികം ചെയ്യാന്‍ പറ്റിയിട്ടുണ്ടോ എന്ന് തോന്നിയിട്ടില്ല. പക്ഷെ ഞാന്‍ മനസ്സില്‍ ലെജന്റ്സായി കണ്ടവരുമായി വര്‍ക്ക് ചെയ്യാന്‍ പറ്റി എന്നുള്ളത് വലിയ ഒരു ഘടകമാണ്.
ഒരു ബാന്‍ഡില്‍ കീബോഡിസ്റ്റ് ആയിട്ടാണ് ഞാന്‍ മ്യൂസിക്കിലേക്ക് എത്തുന്നത്. പിന്നീട് ആല്‍ബം വന്നു. അങ്ങനെ സിനിമയിലേക്കും. ഈ 20 വര്‍ഷത്തിനിടയില്‍ അന്‍പത്തഞ്ചോളം കന്നട സിനിമകള്‍ ചെയ്തു. തെലുങ്കില്‍ പത്ത് നൂറ് പാട്ടുകള്‍ പാടാന്‍ പറ്റി. തമിഴിലാണെങ്കിലും പത്ത് അന്‍പത് പാട്ടുകള്‍ പാടാന്‍ പറ്റി.
സൗത്തിലെ ഒരുപാട് മ്യൂസിക്ക് ഡയറക്ടേഴ്സുമായി വര്‍ക്ക് ചെയ്യാന്‍ പറ്റി. അതുപോലെ ഇന്ത്യയില്‍ തന്നെ ഏറ്റവും ടോപ്പില്‍ നില്‍ക്കുന്ന എല്ലാ ആര്‍ട്ടിസ്റ്റുകളുമായി വര്‍ക്ക് ചെയ്യാന്‍ പറ്റി. പ്രത്യേകിച്ച് ശങ്കര്‍ മഹാദേവന്‍ സാറിന് വേണ്ടി പാടാനും പാടിക്കാനും പറ്റി. ശ്രേയ ഘോഷാല്‍, സോനു നിഗം, അലീഷ ചിനൈ, ലക്കി അലി, കെ. കെ, ഹിന്ദിയിലെ മ്യൂസിക്ക് ഡയറക്ടര്‍ അമിത്ത് ത്രിവേദി എന്നിവരുടെ കൂടെയും വര്‍ക്ക് ചെയ്യാന്‍ പറ്റി. ഇത് നോര്‍ത്തിലുള്ളവരുടെ കാര്യമാണ്. കൂടാതെ തെന്നിന്ത്യയിലുള്ള ഏകദേശം എല്ലാവരുടെ കൂടെയും എനിക്ക് വര്‍ക്ക് ചെയ്യാന്‍ പറ്റി. പ്രത്യേകിച്ച് ആരുടെയും പേര് പറയണ്ട ആവശ്യമില്ലല്ലോ.
20 വര്‍ഷത്തെ യാത്രയെ കുറിച്ച് പറയുകയാണെങ്കില്‍ എന്റെ പാട്ടുകള്‍ കേള്‍ക്കുന്നവരില്‍ ഫാസ്റ്റ് ട്രാക്കുകളും മെലഡിയും കേള്‍ക്കുന്നവരുണ്ട്. എന്റെ വര്‍ക്കുകളായതുകൊണ്ട് തന്നെ അവയെ മെലഡിയെന്നും ഫാസ്റ്റ്ട്രാക്കെന്നും ഞാന്‍ വേര്‍തിരിച്ചു കാണാറില്ല.
ഈ കഴിഞ്ഞ രണ്ട് മൂന്ന് വര്‍ഷമായി നമ്മുടെ കണക്കുകൂട്ടലുകളെല്ലാം തെറ്റിച്ചു കൊണ്ട് ഒന്ന് രണ്ട് കാര്യങ്ങള്‍ കടന്നുവന്നു. ഒന്ന് സോഷ്യല്‍ പ്ലാറ്റ്ഫോംസിന്റെ വരവ്. 20 വര്‍ഷം മുമ്പ് സിനിമയിലേക്ക് കടക്കുമ്പോള്‍ എല്ലാവരും വിചാരിക്കുന്നത് പോലെ ഒരു സമയം ആവുമ്പോള്‍ മ്യൂസിക്കില്‍ ഒരു റിട്ടയര്‍മെന്റിന്റെ ഘട്ടം ഉണ്ടാവും എന്ന് വിചാരിച്ചു.
പക്ഷേ, സോഷ്യല്‍ പ്ലാറ്റ്ഫോംസിന്റെ വരവോടു കൂടി മ്യൂസിക്കില്‍ റിട്ടയര്‍മെന്റ് എന്ന സംഭവം ഇല്ലാതായി. നമ്മള്‍ എല്ലാവരും കണ്ടന്റ് മേക്കേഴ്സായി. സത്യം പറഞ്ഞാല്‍ സോഷ്യല്‍ പ്ലാറ്റ്ഫോംസിനെ നമ്മള്‍ നമിക്കേണ്ടത് തന്നെയാണ്. പ്രത്യേകിച്ച് ഈ കൊവിഡ് മഹാമാരി ലൈഫ് സ്‌റ്റൈല്‍ മുഴുവനായും മാറ്റി കഴിഞ്ഞു.
കഴിഞ്ഞ 20 വര്‍ഷം എന്ന് പറയുമ്പോള്‍ ഒരിക്കലും 20 ആയിട്ട് കണക്കാക്കാന്‍ പറ്റില്ല. ലോകം മുഴുവന്‍ റീസെറ്റാക്കിയ കുറച്ച് വര്‍ഷങ്ങള്‍ ഇതിനിടയിലുണ്ട്. അതുകൊണ്ട് ഒരു മുഴുവന്‍ കണക്കെടുപ്പ് ലോകത്താര്‍ക്കും പറ്റില്ല. ഇതുവരെ ലോകത്ത് തിയേറ്ററുകള്‍ അടച്ചിടുന്ന അവസ്ഥ വന്നിട്ടില്ല. എല്ലാ പരിപാടികളും നിന്ന ഒരു അവസ്ഥ വന്നിട്ടില്ല. ഇതിലൂടെയെല്ലാം നമ്മള്‍ കടന്നു പോയത് കഴിഞ്ഞ വര്‍ഷങ്ങളിലാണ്. അതുകൊണ്ട് നമ്മളുടെ കരിയറിലേക്ക് തിരിഞ്ഞു നോക്കുമ്പോള്‍ സന്തോഷിക്കാനുള്ള വകയുണ്ട്. ഇത്രയും നടക്കാന്‍ പറ്റിയല്ലോ എന്നാലോചിച്ച് ദൈവത്തെ സ്തുതിക്കാം.
മലയാളത്തിലെ പുതിയ സംഗീത സംവിധായകരില്‍ ഏറ്റവും ഇഷ്ടമുള്ള ഒരാളെ തെരഞ്ഞെടുക്കാന്‍ പറഞ്ഞാല്‍ ആരുടെ പേര് പറയും?
എല്ലാ സംഗീത സംവിധായകരേയും ഒരുപോലെ ഞാന്‍ ഇഷ്ടപ്പെടുന്നു. പ്രത്യേകിച്ച് ഒരാളുടെ പേര് പറയാന്‍ പറ്റില്ല. കാരണം എല്ലാവരും എന്റെ സുഹൃത്തുക്കളാണ്. എല്ലാവരും എന്റെ കൂടെ വര്‍ക്ക് ചെയ്യുന്നവരാണ്. നല്ല കഴിവും സ്വന്തമായ കാഴ്ചപ്പാടുകളുമുള്ളവരാണ്. അവര്‍ക്ക് സ്വന്തമായി മ്യൂസിക്കല്‍ അപ്രോച്ചുണ്ട്. എനിക്ക് തോന്നുന്നത് ഇപ്പോഴുള്ള സംഗീത സംവിധായകരെല്ലാം കുറച്ച് കൂടെ ബ്രോഡ് മൈന്റഡാണെന്നാണ്.
വേള്‍ഡ് മ്യൂസിക്ക് അഡാപ്റ്റ് ചെയ്യാനും, അതിനെ ഉപയോഗിക്കാനുമുള്ള ശേഷിയുണ്ട്. സംഗീത സംവിധായകരെല്ലാം അവരുടേതായി വര്‍ക്കുകളില്‍ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. അതുകൊണ്ട് ഒരാളെ മാത്രമായിട്ട് പറയാന്‍ സാധിക്കില്ല. എല്ലാവരും നന്നായി ചെയ്യുന്നുണ്ട്. അതില്‍ പ്രധാനമായും എല്ലാവരുടെയും കൂടെ എനിക്ക് വര്‍ക്ക് ചെയ്യാന്‍ പറ്റി എന്നുള്ളത് ഒരു മ്യൂസിക്ക് ഡയറക്ടര്‍ കം സിങ്ങര്‍ എന്ന രീതിയില്‍ ഞാന്‍ എന്‍ജോയ് ചെയ്യുന്നുണ്ട്.
ഹാരിസ് ജയരാജ്, യുവന്‍ ശങ്കര്‍രാജ, അനിരുദ്ധ് രവിചന്ദര്‍ എന്നിങ്ങനെ തെന്നിന്ത്യയിലെ പ്രശസ്ത സംഗീത സംവിധായകരോടൊപ്പം വര്‍ക്ക് ചെയ്തിട്ടുണ്ട്. മലയാളത്തില്‍ നിന്നും മറ്റ് ഭാഷകളിലേക്ക് പോകുമ്പോള്‍ തോന്നുന്ന വ്യത്യാസം എന്താണ്?
ഹാരിസ് ജയരാജും യുവന്‍ ശങ്കര്‍ രാജയുമായൊക്കെ വര്‍ക്ക് ചെയ്തപ്പോള്‍ കണ്ട വ്യത്യാസം എന്ന് പറയാന്‍ പറ്റില്ല. അടിസ്ഥാനപരമായി ഇന്ത്യയിലെ എല്ലാ സംഗീതസംവിധായകരും വര്‍ക്ക് ചെയ്യുന്ന രീതി ഒന്ന് തന്നെയാണ്. എല്ലാവരും സിനിമയുടെ വലിപ്പ ചെറുപ്പം അനുസരിച്ചാണ് പാട്ടുകള്‍ ചെയ്യുന്നത്. വലിയ പടങ്ങള്‍ ചെയ്യുമ്പോള്‍ സ്വാഭാവികമായിട്ടും പാട്ടിന് റീച്ച് കിട്ടും.
എല്ലാവരുടെയും വര്‍ക്കിംഗ് സ്റ്റൈലിലും പാട്ട് പാടിപ്പിച്ചെടുക്കുന്ന രീതിയിലൊക്കെ വ്യത്യാസമുണ്ട്. അതിനെ ക്രോസ് കട്ട് ചെയ്ത് പറയുന്നില്ല. അവരൊക്കെ കത്തി നില്‍ക്കുന്നത് അത്രയും പോപ്പുലറായിട്ടുള്ള ചിത്രങ്ങള്‍ ചെയ്യുന്നതുകൊണ്ടാണ്. അതിലൊക്കെ കൂടുതലും ഭയങ്കര മാസ് എഫക്ടിലുള്ള പാട്ടുകളായിരിക്കും. ഇങ്ങനെയുള്ള പാട്ടുകള്‍ വരുമ്പോള്‍ സ്വാഭാവികമായിട്ടും എനര്‍ജി ലെവലിലൊക്ക വ്യത്യാസം വരും.
അങ്ങനെയുള്ള ചെറിയ വ്യത്യാസങ്ങള്‍ മാത്രമാണ് തോന്നിയിട്ടുള്ളത്.
പക്ഷേ ഇപ്പോള്‍ എല്ലാ തരത്തിലുള്ള മ്യൂസിക്കും എല്ലാ ഭാഷകളിലുമായി തുടങ്ങിയിട്ടുണ്ട്. സൗത്തിലേയും നോര്‍ത്തിലേയും മ്യുസിഷന്‍സ് വര്‍ക്ക് ചെയ്യുന്ന രീതി ഒരു പോലെയായിട്ടുണ്ട്. അവരുടെയൊക്കെ വര്‍ക്കിംഗ് സ്റ്റൈല്‍ ദൂരെ നിന്നും കണ്ടതാണ്. അവരുടെ കൂടെ സ്റ്റുഡിയോയില്‍ നിന്ന് പാടാന്‍ കഴിഞ്ഞതൊക്കെ വലിയ സന്തോഷമായി കാണുന്നു.
Content Highlight: interview with jassie gift