| Tuesday, 26th March 2019, 4:43 pm

ഗോമതി ലോക്സഭയിലേയ്ക്ക് മല്‍സരിക്കുന്നതെന്തിനെന്ന് അറിയാമോ?

ജംഷീന മുല്ലപ്പാട്ട്

തോട്ടം തൊഴില്‍ മേഖലയിലെ കൂലി, ബോണസ് തുടങ്ങിയ തൊഴില്‍ പ്രശ്‌നങ്ങളും സാമൂഹിക പ്രശ്‌നങ്ങളും ജീവിതാരക്ഷിതാവസ്ഥയും കേരളത്തിന്റെ പൊതു മണ്ഡലത്തിലെത്തിച്ചത് ഐതിഹാസികമായ പെമ്പിളൈ ഒരുമൈ സമരമായിരുന്നു. അതിന് പ്രധാനമായും നേതൃത്വം
നല്‍കിയത് ജി. ഗോമതിയായിരുന്നു. ഇന്ന് കേരളത്തിലെ ദളിത് ആദിവാസി രാഷ്ട്രീയ മേഖലയിലും പൊതു പ്രവര്‍ത്തന രംഗത്തും സജീവ സാനിധ്യമായ ജി.ഗോമതി പതിനേഴാം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇടുക്കി മണ്ഡലത്തില്‍ നിന്നും മല്‍സരിക്കുകയാണ്. തോട്ടം തൊഴിലാളി കൂടിയായ ജി. ഗോമതി ഡൂള്‍ ടോക്കില്‍ സംസാരിക്കുന്നു.

പെമ്പിളൈ ഒരുമൈ സമരത്തിനു ശേഷം നിരവധി സാമൂഹിക ബഹിഷ്‌ക്കരണങ്ങളും രാഷ്ട്രീയ ആക്രമണങ്ങളും ഗോമതി നേരിട്ടിട്ടുണ്ട്. വീട് ആക്രമിക്കപ്പെടുകയും ജീവനു തന്നെ ഭീഷണി നേരിടുകയും ചെയ്തിട്ടുണ്ട്. ഗോമതി ഇപ്പോള്‍ താമസിക്കുന്നത് മൂന്നാറില്‍ നിന്നും 40 കിലോ മീറ്റര്‍ മാറി പൂപ്പാറയിലാണ്. പൂപ്പാറയിലേയ്ക്ക് താമസം മാറാനുള്ള സാഹചര്യം എന്തൊക്കെയായിരുന്നു?

സമരം നടക്കുമ്പോള്‍ ഞാന്‍ ദേവികുളത്തായിരുന്നു. സാധാരണ ഒരു കുടുംബത്തില്‍ ഭാര്യയായും അമ്മയായും. എനിക്ക് പുറംലോകം എന്താണെന്ന് അറിയില്ലായിരുന്നു. ഈ സമരത്തില്‍ വന്നപ്പോള്‍ ജനങ്ങളെ കണ്ടാണ് എനിക്ക് ധൈര്യം വന്നത്. ആരെയും പേടിക്കാതെ ഞാന്‍ മുദ്രാവാക്യം വിളിച്ചു. രാഷ്ട്രീയക്കാരുടെ പേരും കമ്പനി മാനേജുമെന്റിന്റെ പേരും പറഞ്ഞാണ് ഞാന്‍ മുദ്രാവാക്യം വിളിച്ചത്. ഞാന്‍ വിളിച്ച ഓരോ മുദ്രാവാക്യത്തിനും ജീവനുണ്ടായിരുന്നു. അത് കേട്ടാണ് അടുത്തുള്ള ആളുകളൊക്കെ സമരത്തില്‍ ഒപ്പം കൂടിയത്.

എല്ലാവര്‍ക്കും പേടിയാണ്. ഞാന്‍ എവിടെ പോയി സംസാരിച്ചാലും ആളുകള്‍ കേള്‍ക്കാന്‍ വരാറുണ്ട്. ഞാന്‍ ഒരു രാഷ്ട്രീയക്കാരന്റെ മകളോ പണക്കാരന്റെ മകളോ അല്ല. സാധാരണ തോട്ടം തൊഴിലാളിയുടെ മകളാണ്. അവരുടെ വേദനയും കഷ്ടപ്പാടും ജീവിതവും എന്താണെന്ന് എനിക്ക് നന്നയി അറിയാം. അത് അനുഭവിച്ചു വളര്‍ന്നവളാണ് ഞാന്‍. ഇവിടെയുള്ള രാഷ്ട്രീയക്കാര്‍ക്ക് തോട്ടം തൊഴിലാളികളെ കുറിച്ച് സംസാരിക്കാന്‍ യോഗ്യതയില്‍. എനിക്കതുണ്ട്. കാരണം ജനങ്ങള്‍ക്ക് വേണ്ടി ഞാന്‍ സമരം ചെയ്തിട്ടുണ്ട്. എന്റെ പേരില്‍ 25 കേസുണ്ട്. എന്റെ മകന്റെ പേരില്‍ കേസുണ്ട്. എന്നെ ജീവിക്കാന്‍ അനുവദിച്ചിട്ടില്ല.

ദേവികുളത്ത് താമസിക്കുമ്പോള്‍ എനിക്ക് തീവ്രവാദി ബന്ധമുണ്ട് മാവോയിസ്റ്റ് ബന്ധമുണ്ട് എന്നൊക്കെ ആരോപിച്ചിരുന്നു. ഒരു സമരത്തിന് സ്ത്രീ നേതൃത്വം കൊടുക്കുമ്പോള്‍ നിരവധി ആളുകള്‍ കാണാന്‍ വരും. അങ്ങനെ തമിഴ്‌നാട്ടില്‍ നിന്നുവരെ ആളുകള്‍ എത്തിയിട്ടുണ്ട്. രാഷ്ട്രീയക്കാര്‍ പറയും തമിഴ് തീവ്രവാദികള്‍ വരുന്നുണ്ടെന്ന്. ദേവികുളത്ത് നിന്നും കൊറേ ആളുകള്‍ സമരത്തില്‍ ഉണ്ടായിരുന്നു. അവര്‍ക്ക് ഇതുമൂലം പ്രശ്‌നമായി. പള്ളിയില്‍ പ്രാര്‍ത്ഥന രണ്ടാക്കണം എന്ന് രാഷ്ട്രീയക്കാര്‍ ആവശ്യപ്പെട്ടു. പെമ്പിളൈ ഒരുമൈകാര്‍ക്ക് ഒരു പ്രാര്‍ഥനയും രാഷ്ട്രീയക്കാര്‍ക്ക് വേറെ പ്രാര്‍ഥനയും വേണമെന്നാണ് ആവശ്യപ്പെട്ടത്.

എന്റെ കുടുംബത്തിലും പ്രശ്‌നമായി. മൂന്നാര്‍ പഞ്ചായത്തിലെ നല്ലതണ്ണി വാര്‍ഡിലെ മെമ്പര്‍ ആയതു കൊണ്ട് എനിക്ക് മൂന്നാറില്‍ നില്‍ക്കണം. ഒരു വീട് വാടകക്കെടുത്തു. ഹൗസ് ഓണറുടെ അടുത്ത് പോയി രാഷ്ട്രീയക്കാര്‍ പൊലീസിനെ വെച്ച് പ്രശ്‌നമുണ്ടാക്കി. മുന്നാറില്‍ എല്ലാം കയ്യേറ്റ ഭൂമിയാണ്. ചില ആളുകളുടെ കയ്യില്‍ മാത്രമേ പട്ടയം ഉള്ളൂ. അത് പറഞ്ഞാണ് പൊലീസ് ഹൗസ് ഓണറെ പേടിപ്പിച്ചത്. ഗോമതിയെ വീട്ടില്‍ നിന്നും ഒഴിപ്പിച്ചില്ലെങ്കില്‍ കേസെടുക്കുമെന്ന് ഹൗസ് ഓണറോട് പൊലീസ് പറഞ്ഞു. അങ്ങനെ ആ വീട്ടില്‍ നിന്നും ഒഴിയേണ്ടി വന്നു. വേറെ ആരും എനിക്ക് വീട് തരില്ല. അതുകൊണ്ടാണ് പൂപ്പാറയിലുള്ള അച്ഛന്റെ വീട്ടില്‍ പോയി താമസിക്കേണ്ടി വന്നത്.

2015ല്‍ മൂന്നാറിലെ തോട്ടം തൊഴിലാളികള്‍ അവര്‍ക്ക് കിട്ടുന്ന കൂലി, ബോണസ് തുടങ്ങിയവ വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രത്യക്ഷമായി സമരരംഗത്തേക്ക് വരികയാണ്. ഒമ്പതു ദിവസത്തെ സമരം അന്നത്തെ യു.ഡി.എഫ് സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ഒത്തുതീര്‍പ്പാക്കി. നിലവില്‍ തോട്ടം മേഖലയിലുള്ള രാഷ്ട്രീയ സാഹചര്യം എന്താണ്?

ഞങ്ങളുടെ സമരത്തെ അടിച്ചമര്‍ത്താന്‍ വേണ്ടിയാണ് സര്‍ക്കാര്‍ ഒത്തുതീര്‍പ്പിന് വന്നത്. സമരത്തെ എങ്ങനെയെങ്കിലും നിര്‍ത്തലാക്കാന്‍ വേണ്ടിയാണ് 20 ശതമാനം ബോണസ് കൊടുക്കാമെന്നു പറഞ്ഞത്. അന്ന് യു.ഡി.എഫ് സര്‍ക്കാര്‍ ആയിരുന്നു. തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചപ്പോള്‍ അവര്‍ പറയുന്നു തോട്ടം തൊഴിലാളികളുടെ കൂലി 600 രൂപയാക്കുമെന്ന്. വെറും 69 രൂപയാണ് അന്ന് കൂട്ടിയത്.

സമരത്തില്‍ വന്ന എല്ലാ സ്ത്രീകള്‍ക്കും കുടുംബത്തില്‍ പ്രശ്‌നമുണ്ടായി. സ്‌കൂളില്‍ കുടികളുടെ ഫീസ് അടക്കാന്‍ തന്നെ ബുദ്ധിമുട്ടായിരുന്നു. ഒറ്റമുറി വീട്ടിലാണ് ജീവിക്കുന്നത്, അത് ചെയ്യാം, ഇത് ചെയ്യാം എന്ന് പറഞ്ഞ് നിറയെ വാഗ്ദാനങ്ങള്‍ അവര്‍ ഞങ്ങള്‍ക്ക് തന്നു. 2015ലാണ് യു.ഡി.എഫും എല്‍.ഡി.എഫും ഞങ്ങളുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കിയത്. സമരം നിര്‍ത്തിയതോടെ ആരും ഞങ്ങളെ കുറിച്ച് സംസാരിക്കാതായി. അന്നത്തെ അതേ അവസ്ഥയിലാണ് ഇന്നും തോട്ടം തൊഴിലാളികള്‍ ഉള്ളത്.

മൂന്നാറിലെ തോട്ടം മേഖലയില്‍ എങ്ങനെയാണ് ട്രേഡ് യൂണിയനുകള്‍ പ്രവര്‍ത്തിക്കുന്നത്. ട്രേഡ് യൂണിയനുകള്‍ തോട്ടം തൊഴിലാളികളുടെ പ്രശ്‌നങ്ങളില്‍ ഇടപെടാറുണ്ടോ?

ട്രേഡ് യൂണിയനും രാഷ്ട്രീയക്കാരും ഒറ്റക്കെട്ടാണ്. ട്രേഡ് യൂണിയന്‍ ഇല്ലാതെ രാഷ്ട്രീയക്കാരില്ല. രാഷ്ട്രീയക്കാരില്ലാതെ ട്രേഡ് യൂണിയനും ഇല്ല. എന്നാല്‍ തൊഴിലാളികള്‍ ഇല്ലാതെ ഇവര്‍ രണ്ടും ഇല്ലാ എന്ന് അവര്‍ മനസ്സിലാക്കിയിട്ടില്ല.

സമരത്തിനു ശേഷം തൊഴിലാളികളുടെ ജോലി കൂടിയിട്ടേ ഉള്ളൂ. ഇതൊക്കെ മനസ്സിലാക്കി ജനങ്ങള്‍ തന്നെയാണ് മുമ്പോട്ടു വരേണ്ടത്. എന്നാലെ പ്രശ്‌നങ്ങള്‍ക്ക് ഒരു തീരുമാനം ഉണ്ടാകൂ. ട്രേഡ് യൂണിയന്‍ ലോണ്‍ കൊടുക്കുന്നുണ്ട്. ഇത് പലിശ സഹിതമാണ് തിരിച്ചു പിടിക്കുന്നത്. പഠിച്ച കുട്ടികള്‍ക്ക് ജോലിക്ക് റെക്കമെന്റ്‌റ് ചെയ്യാം എന്ന് പറയും. പറയല്‍ മാത്രേ ഉള്ളൂ. വേറെ ഒന്നും ചെയ്യാറില്ല.

വളരെ അരക്ഷിതാവസ്ഥയിലൂടെയാണ് തോട്ടം തൊഴില്‍ മേഖല നീങ്ങുന്നത്. ഈ സന്ദര്‍ഭത്തിലാണ് വളരെ കുറഞ്ഞ കൂലിക്ക് ഇതര സംസ്ഥാന തൊഴിലാളികളെ തോട്ടം മേഖലയില്‍ ജോലിക്കു വേണ്ടി കമ്പനികള്‍ കൊണ്ടുവരുന്നത്. ഇത് തോട്ടം മേഖലയെ കൂടുതല്‍ അരക്ഷിതാവസ്ഥയിലേയ്ക്ക് എത്തിക്കില്ലേ?

മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ് തുടങ്ങിയ സ്ഥലത്ത് നിന്നാണ് ആളുകളെ കൊണ്ടുവരുന്നത്. അവര്‍ ഇവിടേയുള്ള തോട്ടംത്തോഴിലാളികളേക്കാള്‍ കൂടുതല്‍ അധ്വാനിക്കും. കുടുംബമായാണ് അവര്‍ എത്തിയിരിക്കുന്നത്. ഇത് പോലെയാണ് പണ്ട് ബ്രിട്ടീഷുകാരുടെ കാലത്ത് ഞങ്ങള്‍ ചെയ്തു കൊടുത്തത്. പുറത്തു നിന്നും വരുന്നവര്‍ കൂടുതല്‍ മൂന്നാറില്‍ നില്‍ക്കാറില്ല. മഴക്കാലത്തൊക്കെ അവര്‍ പേടിച്ചു നാട്ടിലേയ്ക്ക് തിരിച്ചു പോകും. കുറച്ചാളുകള്‍ മാത്രം പിടിച്ചു നില്‍ക്കും. ഫാക്ട്ടറിയിലും തോട്ടത്തിലും ഇവര്‍ ഓടി ഓടി ജോലി ചെയ്യും.

50 രൂപയ്ക്കും 75 രൂപയ്ക്കും ജോലി ചെയ്തവര്‍ക്ക് 250, 300 രൂപ കിട്ടും. കമ്പനി വീടും വെള്ളവും കൊടുക്കും. അതിനാല്‍ തൊഴിലാളികളുടെ ജീവിതത്തെ ഇത് ബാധിക്കുന്നുണ്ട്. കുറഞ്ഞ കൂലിക്ക് ജോലിയെടുക്കാന്‍ ആളുകളെ കിട്ടുകയല്ലേ. മൂന്നാര്‍ ടൂറിസ്റ്റ് മേഖല ആയപ്പോള്‍ തന്നെ തോട്ടംത്തൊഴിലാളികളുടെ ജീവിതത്തെ അത് ബാധിച്ചിട്ടുണ്ട്.

എല്ലാ സാധനങ്ങള്‍ക്കും ഇവിടെ വില കൂടുതലാണ്. കൂടാതെ കേരളത്തില്‍ ജീവിക്കാന്‍ അവകാശമില്ലത്തവര്‍ എന്ന് റേഷന്‍ കാര്‍ഡില്‍ കൊടുത്തിട്ടുണ്ട്. ഇതൊന്നും ആരും സംസാരിക്കില്ല. രാഷ്ട്രീയക്കാര്‍ അവര്‍ കയ്യേറിപ്പിടിച്ച ഭൂമിക്കും റിസോര്‍ട്ടുകള്‍ക്കും പുറകെയാണ് ഓടുന്നത്. അല്ലാതെ തോട്ടംത്തൊഴിലാളികള്‍ക്ക് വേണ്ടി ആരും സംസാരിക്കില്ല.

വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഇടുക്കി മണ്ഡലത്തില്‍ നിന്നും സ്ഥാനാര്‍ഥിയയി മല്‍സരിക്കുന്നുണ്ട്. മല്‍സര രംഗത്തേയ്ക്ക് വരാനുണ്ടായിട്ടുള്ള രാഷ്ട്രീയ സാഹചര്യം എന്തൊക്കെയാണ്?

ഇവിടുത്തെ ജനങ്ങളുടെ പ്രശ്‌നത്തെ കുറിച്ച് സംസാരിക്കാന്‍ ആരും ഇല്ല. മാറി വരുന്ന രാഷ്ട്രീയ കക്ഷികള്‍ അവരുടെ പ്രശ്‌നങ്ങള്‍ മാത്രമേ കാണുന്നുള്ളു. തോട്ടം തൊഴിലാളി, ആദിവാസി, കര്‍ഷകര്‍ എന്നിവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ആരും മുന്നോട്ടു വരുന്നില്ല. എന്നാല്‍ ജനങ്ങള്‍ക്ക് നല്ല കാര്യങ്ങള്‍ നടക്കണം എന്നുള്ളതു കൊണ്ടാണ് തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നത്.

പാവപ്പെട്ട ജനങ്ങളുടെ പ്രശ്‌നങ്ങള്‍ എല്ലാവരും അറിയണം. പെമ്പിളൈ ഒരുമൈ സമരമാണ് തോട്ടം തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ ലോകത്തെ അറിയിച്ചത്. നിയമസഭയിലായാലും ലോക്‌സഭയിലായാലും ഞങ്ങളെ കുറിച്ച് ഇതുവരെ ആരും സംസാരിച്ചിട്ടില്ല. അവരുടെ പാര്‍ട്ടിയെ വളര്‍ത്തുക മാത്രമാണ് അവര്‍ ചെയ്തത്.

മുന്നാറില്‍ ഒരുപാട് പ്രശ്‌നങ്ങല്‍ ഉണ്ടെന്നും ഇവയൊക്കെ ആളുകള്‍ അറിയണമെന്നും ഗോമതി പറഞ്ഞു. ഇത്തരത്തില്‍ മൂന്നാറിലുള്ള പ്രശ്‌നങ്ങള്‍ എന്തൊക്കെയാണ്?

ഇവിടെ ഭൂമിയുടെ പ്രശ്‌നമുണ്ട്. കമ്പനിക്കു വേണ്ടി 58 വയസു വരെ തൊഴിലെടുത്ത് കൊടുക്കും. അത് കഴിഞ്ഞ് റിട്ടയേഡ് അയാല്‍ എവിടെ പോകണമെന്ന് ഇവര്‍ക്കറിയില്ല. കാരണം ഭൂമിയില്ല. വീടില്ലാതെ, കുട്ടികളെ പഠിപ്പിക്കാന്‍ കഴിയാതെ, കുട്ടികളെ കല്യാണം കഴിപ്പിച്ചു കൊടുക്കാന്‍ കഴിയാതെ പ്രശ്‌നങ്ങള്‍ അനുഭവിക്കുന്ന കുറെ ആളുകളുണ്ട്.

സത്യം പറഞ്ഞാല്‍ തമിഴര്‍ എന്ന് പറഞ്ഞു ഇടുക്കിയിലെ തോട്ടം തൊഴിലാളികളെ മാറ്റി നിര്‍ത്തുകയാണ്. രാഷ്ട്രീയത്തില്‍ വന്നപ്പോള്‍ എനിക്ക് എല്ലാം മനസ്സിലായി. ജനങ്ങളോട് എനിക്ക് പറയണം രാഷ്ട്രീയക്കാര്‍ ജനങ്ങളെ എങ്ങനെയാണ് പറ്റിക്കുന്നതെന്ന്.

നിലവിലെ എം.പിയായ ജോയ്‌സ് ജോര്‍ജാണ് എല്‍.ഡി.എഫ് പാനലില്‍ വീണ്ടും മല്‍സരിക്കുന്നത്. ജോയ്‌സ് ജോര്‍ജോ അല്ലെങ്കില്‍ മറ്റു രാഷ്ട്രീയക്കാരോ എന്തെങ്കിലും മുന്നാറിനു വേണ്ടി ചെയ്തിട്ടുണ്ടോ?

ഇല്ല, ഒന്നും ചെയ്തിട്ടില്ല. അത് കൊണ്ടാണല്ലോ തോട്ടം തൊഴിലാളിയായ ഞാന്‍ എം.പിയായി മല്‍സരിക്കുന്നത്. കാലാ കാലാമായി മൂന്നാറിലെ ജനങ്ങള്‍ക്ക് വേണ്ടി ഒരു എം.പിയും ഒന്നും ചെയ്തിട്ടില്ല. ഇനിയൊന്നു പറഞ്ഞാല്‍ നാണക്കേടായിപ്പോകും. ഇടുക്കിയ്ക്ക് വേണ്ടി ബജറ്റില്‍ പണം വകയിരുത്തിയിട്ടില്ല.

ഇടുക്കിയ്ക്ക് വേണ്ടി ഫണ്ട് നല്‍കാത്തത് കൊണ്ട് സര്‍ക്കാര്‍ എന്താണ് ഉദ്ദേശിക്കുന്നത്. ഞങ്ങള്‍ ജീവിക്കാന്‍ പോലും അവകാശമില്ലത്തവരാണ് എന്നാണോ. ഇതൊക്കെ ജനങ്ങളോട് പറയണം. ചെറുപ്പക്കാര്‍ ഫേസ്ബുക്കില്‍ ഫേക്ക് ഐഡി തുടങ്ങിയാണ് ഇവിടെയുള്ള രാഷ്ട്രീയക്കാരേയും തോട്ടം മാനേജ്‌മെന്റിനേയും വിമര്‍ശിക്കുന്നത്.

ചെറുപ്പക്കാര്‍ക്ക് പുറത്തു വന്നു സംസാരിക്കാന്‍ പേടിയാണെന്ന് ഗോമതി പറഞ്ഞു. ഇങ്ങനെ ചെറുപ്പക്കാരും തോട്ടം മേഖലയില്‍ ജോലിചെയ്യുന്ന സ്ത്രീകളും പുരുഷന്മാരും ആരെയാണ് ഭയപ്പെടുന്നത്?

ഇവിടെയുള്ള രാഷ്ട്രീയക്കെരേയും കമ്പനിക്കാരേയും തന്നെ. കമ്പനിയെ എതിര്‍ത്താല്‍ ജോലി നഷ്ടപ്പെടും. വീടും നഷ്ട്‌പ്പെടും. പിന്നീട് എങ്ങോട്ടാണ് പോകുക. ഞങ്ങള്‍ ഇവിടെ ജനിച്ചു വളര്‍ന്നവരാണ്. കമ്പിനിയുമായി പ്രശ്‌നമുണ്ടാക്കിയാല്‍ മറ്റൊരു ജോലി ലഭിക്കില്ല. കക്കൂസ് കഴുകി ജീവിക്കേണ്ടി വരും. ഡിഗ്രി പഠിച്ചവര്‍ വരെ ഇവിടെ കക്കൂസ് കഴുകുകയാണ്. എന്നോടൊക്കെ ചെറുപ്പക്കാര്‍ പറയും ജോലിക്ക് റെക്കമെന്റ് ചെയ്യാന്‍. ഞാന്‍ റെക്കമെന്റ്‌റ് ചെയ്താല്‍ സര്‍ട്ടിഫിക്കറ്റു കൂടി ലഭിക്കില്ല.

തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാല്‍ കുറച്ച് ആളുകള്‍ക്ക് ഭൂമി കൊടുക്കും. തെരഞ്ഞെടുപ്പു കഴിഞ്ഞാല്‍ അതും ഇല്ല. ഇപ്പോള്‍ ലൈഫ് എന്ന പദ്ധതി കൊണ്ടുവന്നിട്ടുണ്ട്. മൂന്നാറില്‍ സ്ഥലമേ ഇല്ല. എന്നിട്ടാണ് പുതിയ പദ്ധതി. ഗ്രാമസഭയില്‍ മെമ്പര്‍മാര്‍ അവര്‍ക്ക് ഇഷ്ടമുള്ളവര്‍ക്ക് എല്ലാം കൊടുക്കും. എം.പിയായാലും എം.എല്‍.എ ആയാലും അങ്ങനെ തന്നെയാണ് ചെയ്യുന്നത്. എസ്.സി മേഖലയിലാണ് കൂടുതല്‍ ഫണ്ട് വരുന്നത്.

ഇവിടെ ദളിത് ക്രിസ്ത്യാനികളാണ് കൂടുതലും. ദളിത് എന്താണെന്ന് ആര്‍ക്കും അറിയില്ല. രാഷ്ട്രീയത്തില്‍ വന്ന ശഷമാണ് എനിക്ക് മനസ്സിലായത്. ഞാന്‍ ഒരു ദളിത് കിസ്ത്യാനിയാണ്. ഞങ്ങള്‍ക്ക് ഒന്നും ലഭിക്കാറില്ല. എസ്.സി വിഭാഗക്കാര്‍ക്ക് ലഭിക്കുന്ന ഒന്നും ഞങ്ങള്‍ക്ക് ലഭിക്കാറില്ല. എസ്.സി ഫണ്ടുകള്‍ രാഷ്ട്രീയക്കാരുടെ കൈകളിലാണ് എത്താറുള്ളത്. അല്ലാതെ പാവപ്പെട്ട ആളുകലക്ക് ഒന്നും ലഭിക്കാറില്ല.

ഭൂമിയെ കുറിച്ച് സംസാരിക്കുമ്പോള്‍ ഗോമതി ആദ്യം ഉന്നയിക്കുന്നത് ഇവിടുത്തെ കയ്യേറ്റങ്ങളാണ്. ജോയ്‌സ് ജോര്‍ജിന്റെ കയ്യേറ്റങ്ങള്‍ അടക്കം ഗോമതി ഉന്നയിച്ചിട്ടുണ്ട്. ഇത്തരത്തില്‍ കയ്യേറ്റങ്ങള്‍ മൂന്നാറിലെ ജീവിതങ്ങളെ എങ്ങനെയാണ് ബാധിച്ചിട്ടുള്ളത്?

ജോയ്‌സ് ജോര്‍ജ് 24 ഏക്കര്‍ കയ്യേറിപ്പിടിച്ചിട്ടുണ്ട്. പിന്നെ കുട്ടിയാര്‍വേലിയില്‍ ആളുകള്‍ക്ക് പട്ടയം കൊടുത്തിട്ടുണ്ട്. പക്ഷേ സ്ഥലം കാണിച്ചു കൊടുത്തിട്ടില്ല. പാവപ്പെട്ട ആളുകളുടെ കൂടെ ഞാന്‍ നിന്നിട്ടുണ്ട് എന്നൊക്കെ ജോയ്‌സ് ജോര്‍ജ് ഇപ്പോള്‍ മനസാക്ഷിയില്ലാതെ പറയുകയാണ്. പാവപ്പെട്ട ആളുകളുടെ ഇടയില്‍ പോയി ഞാന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്, അവര്‍ എനിക്കാണ് വോട്ടു ചെയ്യുക എന്നൊക്കെയാണ് പറയുന്നത്.

മുന്നാര്‍ പഞ്ചായത്ത് പ്രസിഡന്റ് എന്‍.ഒ.സി വാങ്ങാതെ കെട്ടിടം പണിയുന്നുണ്ട്. അവര്‍ക്ക് കമ്പനി ഒരു കോട്ടേഴ്‌സ് കൊടുത്തിട്ടുണ്ട്. കമ്പനി ഒരു വീട് കൊടുത്താല്‍ അത് കൈക്കൂലിയാണ്. ഇവരൊക്കെ തോട്ടം തൊഴിലാളികള്‍ക്ക് വേണ്ടി എങ്ങനെ സംസാരിക്കാനാണ്. ബ്ലോക്ക് പഞ്ചാത്തില്‍ കുട്ടികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പെല്ലാം അവരുടെ ബന്ധുക്കള്‍ക്കാണ് കൊടുക്കുന്നത്.

ഇവിടെ ബി.എസ്.സി നഴ്‌സിംഗ് പഠിച്ച എന്റെ സുഹൃത്ത് തൂപ്പ് ജാലിയാണ് ചെയ്യുന്നത്. അവര്‍ ചക്ലിയ വിഭാഗത്തില്‍ പെട്ടതാണ്. സര്‍ക്കാരിന് അവള്‍ക്കു ജോലി കൊടുത്തൂടെ. പാരാമ്പര്യമായി അവരുടെ കുടുംബം തൂപ്പ് ജോലിയാണം ചെയ്യുന്നത്. അത് തന്നെ പഠിച്ചവരും എടുക്കണം.

എം.പി സ്ഥാനാര്‍ഥിയായി ഇടുക്കിയില്‍ നിന്നും ഗോമതി ജയിക്കുകയാണെങ്കില്‍ എന്തൊക്കെ കാര്യങ്ങളാണ് വോട്ടര്‍മാര്‍ക്ക് വേണ്ടി ചെയ്യുക?

ഭൂമിയുടെ പ്രശ്‌നമാണ് പ്രധാനമായും. മുന്നാറിലെ ഭൂമി പ്രശ്‌നം, കൂലി പ്രശ്‌നം ഇവയെ കുറിച്ച് സംസാരിക്കും. ഇവിടെയുള്ള കര്‍ഷകര്‍ക്ക് വേണ്ടി സംസാരിക്കും. ഇടുക്കിയില്‍ ഒമ്പത് കര്‍ഷകര്‍ ആത്മഹത്യ ചെയ്തിട്ടുണ്ട്. അതിനെ കുറിച്ച് ആരും പറഞ്ഞു കേട്ടില്ല. ആദിവാസികള്‍ക്ക് വേണ്ടി സംസാരിക്കും. ആദിവാസികളുടെ ഭൂമി കയ്യേറി പിടിച്ചു വെച്ചിട്ടുണ്ട്. അങ്ങനെ ഒരുപാട് സംസാരിക്കാനുണ്ട് ജനങ്ങളോട്.

ജംഷീന മുല്ലപ്പാട്ട്

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍. മാസ് കമ്മ്യൂണിക്കേഷന്‍സ് ആന്റ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം. തേജസ് ദിനപത്രം , ടൂറിസം ന്യൂസ് ലൈവ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം