| Wednesday, 25th January 2017, 6:29 pm

പരാതിയും പരിഭവവുമില്ല, അര്‍ഹമായത് അര്‍ഹമായ സമയത്തു തന്നെ തേടിയെത്തും; പത്മശ്രീയുടെ നിറവില്‍ ഗുരു ചേമഞ്ചേരി സംസാരിക്കുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

വളരെ സന്തോഷം. ദൈവത്തിനും ഗുരുക്കന്മാര്‍ക്കും നന്ദി. എന്റെ എല്ലാ ഗുരുക്കന്മാരേയും ഞാന്‍ ഈ അവസരത്തില്‍ സ്മരിക്കുന്നു. അവരുടെ അനുഗ്രഹം കൊണ്ട് മാത്രമാണ് എനിക്കിവിടെ നില്‍ക്കാന്‍ സാധിച്ചത്.


മലബാറിന്റെ കഥകളി ആചാര്യന് രാജ്യത്തിന്റെ ആദരം. വൈകിയെങ്കിലും പരാതിയും പരിഭവവുമില്ലാതെ ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍ തനിക്ക് ലഭിച്ച അംഗീകാരത്തെ നാടിന് സമര്‍പ്പിക്കുകയാണ് ചെയ്തത്. 102ാമത്തെ വയസ്സിലും അരങ്ങില്‍ കഥകളി വേഷം കെട്ടിയാടാന്‍ ചങ്കൂറ്റമുള്ള ഗുരു തൊഴു കൈകളോടെ തന്നെ അഭിനന്ദിക്കാനെത്തിയവരെ സ്വീകരിച്ചത്. പുരസ്‌കാര നിറവില്‍ ഗുരു ചേമഞ്ചേരി ഡൂള്‍ന്യൂസ് പ്രതിനിധി അബിനുമായി സംസാരിക്കുന്നു.

രാജ്യം താങ്കളെ പത്മശ്രീ നല്‍കി ആദരിച്ചിരിക്കുകയാണ്. എന്താണ് ആദ്യ പ്രതികരണം?

ഞാന്‍ പൂജാമുറിയില്‍ നില്‍ക്കുമ്പോളായിരുന്നു വിവരം അറിയുന്നത്. വളരെ സന്തോഷം. ദൈവത്തിനും ഗുരുക്കന്മാര്‍ക്കും നന്ദി. എന്റെ എല്ലാ ഗുരുക്കന്മാരേയും ഞാന്‍ ഈ അവസരത്തില്‍ സ്മരിക്കുന്നു. അവരുടെ അനുഗ്രഹം കൊണ്ട് മാത്രമാണ് എനിക്കിവിടെ നില്‍ക്കാന്‍ സാധിച്ചത്.

അംഗീകാരം വളരെ മുമ്പേ തന്നെ ഗുരുവിനെ തേടിയെത്തേണ്ടതായിരുന്നു എന്നാണ് കലാസ്‌നേഹികള്‍ പറയുന്നത്. അങ്ങേയ്ക്ക് എന്ത് തോന്നുന്നു ?

എല്ലാത്തിനും അതിന്റേതായ സമയമുണ്ട്. ഇപ്പോഴാണ് ആ സമയമെത്തിയിരിക്കുന്നത്. കലോത്സവത്തില്‍ മൂന്ന് പേര്‍ക്ക് മാത്രമേ സമ്മാനം ലഭിക്കുകയുള്ളൂ. എനിക്ക് പരാതിയും പരിഭവവുമില്ല.

ഗുരുവിന് പുരസ്‌കാരം ലഭിച്ചതിനെ നാടും ശിഷ്യന്മാരുമെല്ലാം ആഘോഷമാക്കുകയാണല്ലോ?

സംഗീത നാടക അക്കാദമിയാണ് വിവരമറിയിച്ചതും ആദ്യം അഭിനന്ദിച്ചതും. പിന്നാലെ നാട്ടുകാരും ശിഷ്യന്മാരും കലാസ്‌നേഹികളും ഇവിടേയ്ക്ക് എത്തി. എല്ലാവരുടേയും സ്‌നേഹത്തിന് ഒരുപാട് നന്ദിയുണ്ട്.

പത്മശ്രീ പുരസ്‌കാരം കിട്ടിയ ഈ അവസരത്തില്‍, ഇത്രയും നാളത്തെ കലാ ജീവിതത്തിലെ ഏതെങ്കിലും നിമിഷം മനസ്സിലേക്ക് എത്തുന്നുണ്ടോ?

തീര്‍ച്ചയായും. ഒരുപാട് രംഗങ്ങളും അനുഭവങ്ങളും മനസ്സിലേക്ക് ഒഴുകിയെത്തുന്നുണ്ട്. ദശാവതാര കഥകളാണ് അതില്‍ ഏറ്റവും പെട്ടെന്ന് ഓര്‍മ്മയിലേക്ക് കടന്ന് വരുന്നത്. കൂര്‍മ്മാവതാരത്തേയും അതുപോലെ കൃഷ്ണാവതാരവുമാണ് അവയില്‍ പ്രധാനം. കൃഷണ വേഷമാണ് എനിക്ക് ഏറ്റവും പ്രിയപ്പെട്ടത്.

കഥകളിയുടെ ബാലപാഠങ്ങള്‍ പഠിച്ച മേപ്പയ്യൂര്‍ യോഗത്തേയും തുടക്ക കാലത്തെ അനുഭവങ്ങളേയും കുറിച്ച്

ഞാന്‍ കഥകളി പഠിച്ചത് മേപ്പയ്യൂരിലെ കഥകളി യോഗത്തില്‍ നിന്നുമായിരുന്നു. പതിനഞ്ചാം വയസ്സില്‍ ഞാന്‍ മേപ്പയ്യൂരിലെ വാര്യംവീട്ടില്‍ നാടക സംഘത്തിലെത്തുകയായിരുന്നു. അവിടെ നിന്നുമാണ് കഥകളി യോഗത്തിലേക്ക് എത്തുന്നത്. നാടകവും കഥകളിയുമൊക്കെയായി പിന്നീട് ഒരുപാട് കാലം മുന്നോട്ട് പോയി. ഇപ്പോള്‍ അതൊന്നുമില്ല.

ഇന്നത്തെക്കാലത്ത് കഥകളിയ്ക്ക് അര്‍ഹമായ പ്രധാന്യം ലഭിക്കുന്നുണ്ടോ? കലോത്സവത്തിനും മറ്റും മാര്‍ക്കിന് വേണ്ടി മാത്രമാണോ എന്ന് കുട്ടികള്‍ കഥകളി പഠിക്കുന്നത് ?

പണ്ടൊക്കെ വര്‍ഷങ്ങളോളം കഠിന പരിശ്രമം നടത്തിയാണ് ഞങ്ങളൊക്കെ കഥകളി അഭ്യസിച്ചിരുന്നത്. പക്ഷെ ഇന്ന് കലോത്സവത്തിന് വേണ്ടി വെറും രണ്ടോ മൂന്നോ മാസം കൊണ്ടാണ് കുട്ടികള്‍ പഠിക്കുന്നത്. അതുകൊണ്ട് തന്നെ അതിന് അന്തസത്ത നഷ്ടമാകുന്നുണ്ട്.

ഒരു പുരുഷായുസ്സിന് അപ്പുറം കടന്നാണ് ഗുരു നമ്മോടൊപ്പം നില്‍ക്കുന്നത്. അരങ്ങില്‍ ഇനിയും അദ്ദേഹത്തിന് ബാല്യമുണ്ട്. ആ മഹാ പ്രതിഭയ്ക്ക് മംഗളള്‍ നേരുന്നു. ഒപ്പം ഇനിയും അരങ്ങില്‍ വിസ്മയക്കാഴ്ച്ചയുമായി അദ്ദേഹമെത്തുമെന്നും നമുക്ക് പ്രതീക്ഷിക്കാം. അല്ല ഉറപ്പാക്കാം.

We use cookies to give you the best possible experience. Learn more