തൂത്തുക്കുടിയിലെ കൂട്ടക്കൊലയ്ക്ക് കാരണക്കാരായ വേദാന്ത എന്ന കോര്‍പ്പറേറ്റു കമ്പനി ആദ്യം കണ്ണുവച്ചത് നിയംഗിരി മലനിരകളെയായിരുന്നു. ഒഡീഷയിലെ ദോംഗ്രിയ കോന്ദ് ഗോത്രവിഭാഗക്കാര്‍ ആരാധിച്ചുപോന്ന നിയംഗിരി മലനിരകള്‍ കൊള്ളയടിക്കപ്പെടാന്‍ പോകുകയാണെന്ന് അവര്‍ക്കു മനസ്സിലാക്കിക്കൊടുക്കാനായി കിലോമീറ്ററുകളോളം കാല്‍നടയായി നടന്നു ചെന്ന് അവകാശ സമരങ്ങളെപ്പറ്റി പ്രസംഗിച്ച ഒരു ഒറ്റയാള്‍പ്പട്ടാളമുണ്ട്. വേദാന്തയ്‌ക്കെതിരെ ഇന്ത്യയില്‍ നിന്നുയര്‍ന്ന ആദ്യത്തെ ഉറച്ച സ്വരം. കമ്പനി മേധാവികളുടെ ഗുണ്ടകളില്‍ നിന്നുള്ള വധഭീഷണിയും അക്രമങ്ങളും മറികടന്ന് അയാള്‍ നിയംഗിരിക്ക് നേടിക്കൊടുത്തത് സ്വന്തം വനവിഭവങ്ങളുടെ മേലുള്ള അധികാരമാണ്. ഗ്രീന്‍ നോബല്‍ എന്നറിയപ്പെടുന്ന ഗോള്‍ഡ് മാന്‍ പരിസ്ഥിതി പുരസ്‌കാരം വരെയെത്തി നില്‍ക്കുന്നു അദ്ദേഹത്തിന്റെ സമരചരിത്രം. പ്രഫുല്ല സമന്താര ഡൂള്‍ന്യൂസിനോട് സംസാരിക്കുന്നു.
പ്രഫുല്ല സമന്താര എന്ന പേരുമായി ലോകം ബന്ധപ്പെടുത്തുന്നത് പാരിസ്ഥിതികാവകാശ സമരങ്ങളെയാണ്. എന്നാല്‍ ഒഡീഷയിലും മറ്റും രാഷ്ട്രീയപരമായ ഇടപെടലുകള്‍ ധാരാളം നടത്തിയിട്ടുള്ളതായി അറിയാം. അടിയന്തരാവസ്ഥയുമായി ബന്ധപ്പെട്ട സമരങ്ങളിലൂടെയാണ് പൊതുപ്രവര്‍ത്തനമാരംഭിച്ചതെന്നും കേട്ടിട്ടുണ്ട്. ഏതു തരത്തിലുള്ള ആശയങ്ങളാണ് അന്ന് സ്വാധീനിച്ചിരുന്നത്?
പണ്ടും ഇവിടെ സോഷ്യലിസമുണ്ടായിരുന്നില്ല. എങ്കിലും, ജനാധിപത്യപരമായ ഒരു സ്‌പേസ് ഉണ്ടായിരുന്നു. ഗോയങ്കയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ എക്‌സ്പ്രസ്സ് അന്ന് അടിയന്തരാവസ്ഥയ്‌ക്കെതിരെ പൊരുതിയിരുന്നു. ഇന്ദിരാ ഗാന്ധിയുടെ ഭരണത്തിനെതിരെ ജയപ്രകാശ് നാരായണ്‍ നയിച്ച വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്റെ ഭാഗമായിരുന്നു ഞങ്ങള്‍. ധാരാളം പേര്‍ ജയിലിലടയ്ക്കപ്പെട്ടെങ്കിലും, ഇന്ത്യന്‍ എക്‌സ്പ്രസ്സ് അന്ന് പൊരുതി നിന്നിരുന്നു. ഇന്നാകട്ടെ, കോര്‍പ്പറേറ്റ് ഉടമസ്ഥതയിലുള്ള ഒരൊറ്റ മാധ്യമസ്ഥാപനവും സത്യം പറയാന്‍ തയ്യാറല്ല. അടിയന്തരാവസ്ഥ പോലൊരു സാഹചര്യം ഇന്നിവിടെ ഇല്ലാതിരുന്നിട്ടു കൂടി, അവരെല്ലാം സത്യം പറയാതിരിക്കാനാണ് ശ്രമിക്കുന്നത്.
അടിയന്തരാവസ്ഥയുടെ ഭീകരത കേരളത്തെയും ബാധിച്ചിരുന്നല്ലോ. കെ. കരുണാകന്‍ ആഭ്യന്തര മന്ത്രിയായിരുന്ന സമയത്താണല്ലോ രാജന്‍ എന്നൊരു യുവാവ് അറസ്റ്റിലാവുകയും കാണാതാവുകയും ചെയ്തത്. സമൂഹമാധ്യമങ്ങളൊന്നും ഇല്ലാതിരുന്ന കാലമായിരുന്നിട്ടും, അടിയന്തരാവസ്ഥ നിലനിന്ന കാലമായിട്ടു കൂടി, ആ വിഷയം അന്ന് ദേശീയതലത്തില്‍ ചര്‍ച്ചയായി. ഇന്നിപ്പോള്‍ മതത്തിന്റെ പേരില്‍ എത്രപേരാണ് കൊല്ലപ്പെടുന്നത്. എന്നിട്ടുപോലും മാധ്യമങ്ങള്‍ മൗനം പാലിക്കുകയാണ്.
ഞാന്‍ പൊതുപ്രവര്‍ത്തനമാരംഭിച്ചത് വിദ്യാര്‍ത്ഥിയായിരുന്ന കാലത്താണ്. അടിയന്തിരാവസ്ഥക്കാലത്ത് സര്‍ക്കാരിനെതിരെ പ്രവര്‍ത്തിച്ചതിന്റെ ഒരുപാട് അനുഭവങ്ങളുണ്ട് കൈമുതലായി. ഒരു മാധ്യമത്തിന്റെയും സഹായമില്ലാതെയാണ് അന്ന് ഇന്ദിരാ ഗാന്ധിയുടെ സ്വേച്ഛാധിപത്യത്തെ ജനങ്ങള്‍ സ്വമേധയാ പരാജയപ്പെടുത്തിയത്. അവര്‍ ഒരിക്കലും ഹിറ്റലറെപ്പോലെയൊന്നും ക്രൂരയല്ലായിരുന്നു. എങ്കിലും അവരുടെ ഭരണം ജനാധിപത്യവിരുദ്ധമായിരുന്നു. ഭരണഘടനാപരമായ അവകാശങ്ങളെ മാനിച്ചു കൊണ്ടുള്ള ഗ്രാസ്സ്‌റൂട്ട് ജനാധിപത്യത്തിനു മാത്രമേ വ്യവസ്ഥിതിയില്‍ മാറ്റം കൊണ്ടുവരാന്‍ കഴിയൂ എന്ന ബോധ്യമൊക്കെ അന്നേ ഉണ്ടായിരുന്നു.
മഹാത്മാഗാന്ധിയാണ് എക്കാലത്തും എന്റെ ആദര്‍ശപുരുഷന്‍. ലോക് നായക് ജയപ്രകാശ് നാരായണെയും ഞാന്‍ മാതൃകയായിത്തന്നെയാണ് കാണുന്നത്. “ഇന്റലക്ച്വല്‍ സോഷ്യലിസ്റ്റ്” എന്നൊക്കെ വിളിക്കാന്‍ സാധിക്കുന്ന ഒരാളായുള്ളത് അദ്ദേഹമാണല്ലോ. അടിസ്ഥാനപരമായി സോഷ്യലിസത്തിലാണ് വിശ്വസിച്ചിരുന്നത്. അടിയന്തരാവസ്ഥയെ എതിര്‍ത്തുകൊണ്ട് അന്നു നിലവില്‍ വന്ന രാഷ്ട്രീയ ബദലായ ജനതാ പാര്‍ട്ടിയില്‍ ചേര്‍ന്നു പ്രവര്‍ത്തിച്ചതും അവര്‍ മുന്നോട്ടു വച്ച സോഷ്യലിസം എന്ന ആശയത്തെക്കരുതിയാണ്. ജനാധിപത്യം ജയിലിലടയ്ക്കപ്പെട്ടതു പോലെയായിരുന്നു. ഒടുവില്‍ ഒരു ബദല്‍ സര്‍ക്കാര്‍ വരിക തന്നെ ചെയ്തു. എങ്കിലും, ജനതാ പാര്‍ട്ടി യഥാര്‍ത്ഥ സോഷ്യലിസ്റ്റ് പാര്‍ട്ടിയായിരുന്നില്ല. അതു തിരിച്ചറിഞ്ഞപ്പോള്‍ ഞാന്‍ ആ പാര്‍ട്ടിയിലെ പ്രവര്‍ത്തനം അവസാനിപ്പിച്ചു.
ഇക്കോളജിക്കല്‍ ആക്ടിവിസം എന്നത് സാമൂഹിക പ്രവര്‍ത്തനത്തിന്റെ മറ്റു പല തലങ്ങളുമായി ഇടകലര്‍ന്ന് കിടക്കുന്നതാണല്ലോ. വികസനത്തിന്റെ നിര്‍വചനങ്ങളുമായി ബന്ധപ്പെട്ട അനേകം പ്രതിസന്ധികളാണ് നമ്മുടെ പരിസ്ഥിതി ലോല പ്രദേശങ്ങള്‍ നേരിടേണ്ടി വരുന്നത്. എപ്പോഴാണ് കക്ഷിരാഷ്ട്രീയം വിട്ട് പാരിസ്ഥിതിക വിഷയങ്ങള്‍ക്ക് പ്രത്യേക ശ്രദ്ധ കൊടുത്തുകൊണ്ടുള്ള പ്രവര്‍ത്തനങ്ങളിലേക്ക് തിരിയുന്നത്?
ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ സുപ്രധാന വഴിത്തിരിവായിരുന്നു തൊണ്ണൂറുകള്‍. സര്‍ക്കാര്‍ പുതിയ സാമ്പത്തിക നയം സ്വീകരിക്കുകയും ആഗോളവല്‍ക്കരണത്തിന് വാതിലുകള്‍ തുറന്നു കൊടുക്കുകയും ചെയ്തു. ഭരണഘടനയ്ക്ക് തീര്‍ത്തും വിരുദ്ധമായി മിക്ക രാഷ്ട്രീയപ്പാര്‍ട്ടികളും കോര്‍പ്പറേറ്റുകള്‍ക്കു കീഴടങ്ങുകയായിരുന്നു. ഞങ്ങള്‍ ഇതിനെ എതിര്‍ത്തു.
അന്നത്തെ തീരുമാനത്തിന്റെ പരിണിതഫലങ്ങള്‍ ഇന്നിപ്പോള്‍ നമുക്കു വ്യക്തമായി കാണാനുണ്ടല്ലോ. രാജ്യം വികസിക്കുകയാണെന്നാണ് അവര്‍ പറയുന്നത്. ആര്‍ക്കാണ് വികസനം? വിദ്യാഭ്യാസ രംഗത്ത് കാര്യമായ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ നമുക്കായിട്ടില്ല. സാധാരണക്കാരായ പൊതുജനത്തിന് പ്രാപ്യമായ രീതിയില്‍ ആരോഗ്യരംഗത്തെ പരിഷ്‌കരിക്കാന്‍ സാധിച്ചിട്ടില്ല. പകരം, വിദ്യാഭ്യാസവും ആരോഗ്യസംരക്ഷണവും സ്വകാര്യവല്‍ക്കരിക്കപ്പെടുകയാണുണ്ടായത്. കൈയില്‍ പണമുള്ളവര്‍ക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസം ലഭിക്കുന്നുണ്ട്. എന്നാല്‍ അരികുവല്‍ക്കരിക്കപ്പെട്ട സമൂഹങ്ങളോ? കര്‍ഷകര്‍, ദളിതര്‍, ആദിവാസികള്‍ ഇവരൊക്കെ സൗകര്യങ്ങള്‍ കുറഞ്ഞ സര്‍ക്കാര്‍ വിദ്യാലയങ്ങളെയാണ് ആശ്രയിക്കുന്നത്.
ഇതെല്ലാം കണക്കിലെടുത്താണ് തൊണ്ണൂറുകളില്‍ സാമൂഹികപ്രവര്‍ത്തകര്‍ ആഗോളവല്‍ക്കരണത്തിനെതിരെ നിലപാടെടുത്തത്. അവരിലൊരാളായിരുന്നു ഞാനും. പുതിയ സാമ്പത്തിക നയങ്ങള്‍ വന്നതോടെ, വലിയ മാറ്റങ്ങളാണുണ്ടായത്. ഒരു ക്ഷേമരാഷ്ട്രം എന്ന നിലയില്‍ ജനങ്ങളുടെ അടിസ്ഥാനാവശ്യങ്ങള്‍ നടത്തിക്കൊടുക്കാനുള്ള ഉത്തരവാദിത്തം രാജ്യത്തിനുണ്ട്. അതില്‍ ലാഭനഷ്ടക്കണക്കുകളില്ല. വിദ്യാഭ്യാസത്തില്‍ നിന്നും ആരോഗ്യരംഗത്തു നിന്നും എത്ര ലാഭം ലഭിച്ചു എന്നെങ്ങിനെയാണ് പറയാനാവുക? ഇവയൊന്നും വില്പനയ്ക്കു വയ്ക്കാനുള്ളതല്ല. ഇത്തരം അടിസ്ഥാന സൗകര്യങ്ങള്‍ക്ക് ജനങ്ങള്‍ പണം മുടക്കണമെങ്കില്‍, പിന്നെ രാജ്യവും സര്‍ക്കാരുമൊക്കെ എന്തിനാണ്?
ഭരണഘടനയുടെ ആമുഖത്തില്‍ വ്യക്തമായി പറയുന്നുണ്ട് ഇന്ത്യ ഒരു പരമാധികാര സ്ഥിതിസമത്വ മതനിരപേക്ഷ ജനാധിപത്യ റിപ്പബ്ലിക്കാണെന്ന്. ഇപ്പോള്‍ നമ്മള്‍ റിപ്പബ്ലിക്കുമല്ല, ഇവിടെ സ്ഥിതിസമത്വവുമില്ല.
38ാം അനുച്ഛേദത്തില്‍ 2ാമത്തെ സബ്ക്ലാസ്സില്‍ പറയുന്നത് വിവിധ വിഭാഗങ്ങള്‍ തമ്മിലുള്ള അസമത്വങ്ങള്‍ ആവുന്നത്ര കുറച്ചു കൊണ്ടുവന്ന് തീര്‍ത്തും തുടച്ചുമാറ്റാനാണ് സര്‍ക്കാര്‍ ശ്രമിക്കേണ്ടതെന്നാണ്. സ്വാതന്ത്രം നേടി എഴുപതാണ്ടു പിന്നിടുമ്പോള്‍ എന്താണിവിടുത്തെ അവസ്ഥ? അസമത്വം ഏറ്റവുമധികം വര്‍ദ്ധിച്ചു വരികയാണ്. ദിവസക്കൂലിക്ക് ജോലി ചെയ്യുന്നവരും പ്രതിമാസം ഒരു കോടി രൂപ സമ്പാദിക്കുന്നവരും ഇവിടെയുണ്ട്. ഈ സാമ്പത്തിക അസമത്വം നിലനില്‍ക്കുന്നത് എന്തുകൊണ്ടാണ്?
ഒരു കര്‍ഷകന്റെ വരുമാനം ഏകദേശം എത്രയായിരിക്കും? കര്‍ഷക ആത്മഹത്യകള്‍ ഇവിടെ വര്‍ദ്ധിക്കുന്നത് എന്തുകൊണ്ടാണ്? സാമ്പത്തിക രംഗത്ത് അന്നു വന്നിട്ടുള്ള മാറ്റങ്ങള്‍ തന്നെയാണ് കാരണം. കാര്‍ഷികരംഗത്ത് അഭിവൃദ്ധി കൊണ്ടുവരാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നില്ലെന്നു മാത്രമല്ല, സ്വന്തം കൃഷിയിടങ്ങളില്‍ വിട്ടിറങ്ങാന്‍ അവര്‍ നിര്‍ബന്ധിതരാവുകയും ചെയ്യുന്നു.
ഇത് സൃഷ്ടിക്കുന്ന ആഘാതം ഭക്ഷ്യസുരക്ഷയെക്കൂടിയാണ് ബാധിക്കുന്നത്. ഭക്ഷണത്തിനായി അമേരിക്കയെ ആശ്രയിക്കേണ്ട അവസ്ഥ നമുക്ക് അറുപതുകളില്‍ ഉണ്ടായിരുന്നു. അവരുടെ ദയാവായ്പില്‍ ഗോതമ്പു ലഭിക്കുന്നതും കാത്ത് നമ്മള്‍ കീഴടങ്ങേണ്ടി വന്നിരുന്നു.
തൊണ്ണൂറുകളിലെ സാമ്പത്തിക പരിവര്‍ത്തനങ്ങള്‍ക്കു ശേഷം വലിയ വിമാനത്താവളങ്ങളും റോഡുകളും നമ്മള്‍ നിര്‍മ്മിച്ചിട്ടുണ്ട്. എന്നാല്‍ അരികുവല്‍ക്കരിക്കപ്പെട്ട ജനതയോട് നമ്മളെന്താണ് ചെയ്തത്? കര്‍ഷകര്‍, ആദിവാസികള്‍, ദളിതര്‍, തൊഴില്‍ രഹിതരായ ജനങ്ങള്‍ എന്നിവരോട്? യുവാക്കളില്‍ നാല്പത്തഞ്ചു ശതമാനവും തൊഴില്‍ രഹിതരാണിവിടെ. വലിയ മത്സരമാണ് നടക്കുന്നത്. 1:100 എന്നതാണ് ഇവിടുത്തെ കണക്ക്. നൂറുപേര്‍ ശ്രമിച്ചാല്‍ ഒരാള്‍ക്കാണ് അവസരം ലഭിക്കുക. ഭരണഘടനാ വിരുദ്ധമായ വ്യവസ്ഥിതിയാണ് നിര്‍മ്മിക്കപ്പെട്ടിട്ടുള്ളത്.
സാമ്പത്തിക രംഗത്ത് വന്ന ഇത്തരം പരിവര്‍ത്തനങ്ങള്‍ അന്നുണ്ടായിരുന്ന ഒരു ഭരണകൂടത്തിന്റെ മാത്രം പാകപ്പിഴയായിട്ടാണോ കാണുന്നത്? അതോ ഒരു സര്‍ക്കാരിനും രാഷ്ട്രീയപ്പാര്‍ട്ടിക്കും ഇക്കാര്യത്തില്‍ ക്രിയാത്മകമായ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സാധിക്കുകയില്ലെന്നാണോ?
ഇത്തരം സാഹചര്യങ്ങളാണ് ആക്ടിവിസത്തിലേക്ക് തിരിയാന്‍ നിര്‍ബന്ധിച്ചത്. സാമൂഹിക അസമത്വങ്ങള്‍ക്കും അനീതികള്‍ക്കുമെതിരെ പോരാടിയിട്ടുള്ള പശ്ചാത്തലമാണ് ഞങ്ങളുടേത്. സമൂലമായ മാറ്റങ്ങള്‍ വരണമെന്നാണ് ഞങ്ങളുന്നയിക്കുന്ന ആവശ്യം. ദളിതര്‍ക്കും സ്ത്രീകള്‍ക്കും സംവരണം നല്‍കുമ്പോള്‍ മെറിറ്റിനെ റദ്ദു ചെയ്യുന്നു എന്ന് അലമുറയിടുന്നവര്‍ എന്താണ് സ്വാശ്രയ കോളജുകള്‍ക്കെതിരെ സംസാരിക്കാത്തത്? പണമുള്ളവര്‍ക്കു മാത്രം പ്രവേശനം നല്‍കുന്ന കീഴ്‌വഴക്കം മെറിറ്റിനെ റദ്ദു ചെയ്യുന്നതല്ലേ?
സര്‍ക്കാരുകളും മുഖ്യധാരാ രാഷ്ട്രീയപ്പാര്‍ട്ടികളും ഇതേ മന്ത്രമാണ് ജപിച്ചുകൊണ്ടിരുന്നത് – ഉദാരവല്‍ക്കരണം, സ്വകാര്യവല്‍ക്കരണം, ആഗോളവല്‍ക്കരണം. ഇടതുപക്ഷത്തിന്റെ ആദര്‍ശങ്ങള്‍ ഇതിനനുകൂലമല്ലെങ്കിലും, ഇടതു പാര്‍ട്ടികളുടെ സര്‍ക്കാരുകള്‍ ഈ നയം പിന്തുടര്‍ന്നു പോന്നിട്ടേയുള്ളൂ. അവര്‍ മുതലാളിത്തത്തെ എതിര്‍ക്കുന്നു, കോര്‍പ്പറേറ്റ്‌വല്‍ക്കരണത്തെ എതിര്‍ക്കുന്നു. എന്നിട്ടും അധികാരത്തിലേറുമ്പോള്‍ ഇവയെ പ്രതിരോധിക്കാനാവാതെ പോകുന്നു. കേരളത്തിലും ബംഗാളിലുമെല്ലാം ഇവര്‍ ഈ വ്യവസ്ഥിതികളുടെ ഭാഗമായി മാറുകയാണ് ചെയ്തത്. പശ്ചിമബംഗാളില്‍ നന്ദിഗ്രാം പോലൊരു അത്യാഹിതം സംഭവിച്ചില്ലേ? ആഗോളവല്‍ക്കരണത്തിനെതിരായ നയങ്ങള്‍ ഉണ്ടെങ്കിലും ഒരു ബദല്‍ വികസന മാതൃക ആവിഷ്‌കരിക്കാന്‍ അവര്‍ക്കാകാതെ പോകുന്നു. ബുദ്ധദേവ് ഭട്ടാചാര്യയെയും മാണിക് സര്‍ക്കാരിനെയും പോലുള്ള നീതിമാന്മാര്‍ക്ക് തോല്‍വി ഏറ്റുവാങ്ങേണ്ടി വന്നതിന്റെ കാരണവുമിതാണ്. നയങ്ങളുടെ തോല്‍വിയാണത്.
കോര്‍പ്പറേറ്റുകളുടെ കടന്നുകയറ്റം വളരെ പെട്ടന്ന് വലിയൊരു പ്രശ്‌നമായി മാറുകയായിരുന്നില്ലേ. നിയമപ്രകാരമാണ് വന്‍കിട വ്യവസായ സ്ഥാപനങ്ങള്‍ പ്രവര്‍ത്തനമാരംഭിക്കുന്നതെങ്കില്‍ക്കൂടി സമരങ്ങളുണ്ടാകേണ്ടത് അനിവാര്യമല്ലേ?
മാര്‍ക്കറ്റുകള്‍ തുറന്നുകൊടുത്തതിനൊപ്പം നമ്മള്‍ നമ്മുടെ നിയമങ്ങളിലും തിരുത്തലുകള്‍ വരുത്തി. ഖനനവുമായി ബന്ധപ്പെട്ട പോളിസികള്‍ പാടേ മാറി വിദേശ നിക്ഷേപങ്ങള്‍ സ്വീകരിക്കാനാരംഭിച്ചു. 1997 വരെ ഖനനത്തിന് നിയന്ത്രണങ്ങളുണ്ടായിരുന്നു. 2003 ആയതോടെ നൂറു ശതമാനം നിക്ഷേപങ്ങള്‍ അനുവദിച്ചു തുടങ്ങി. അതായത്, നേരത്തേ ഖനനം നിരോധിച്ചിരുന്നയിടങ്ങളിലേക്ക് മൂലധനവുമായി കമ്പനികള്‍ എത്തിത്തുടങ്ങി. നമ്മുടെ കാടുകളില്‍ ഖനികള്‍ സ്ഥാപിക്കുക എന്നതായിരുന്നു അവരുടെ ആവശ്യം. കാടുള്ളിടത്ത് വെള്ളവും, വിഭവങ്ങളും ആദിവാസികളും ഉണ്ടാകും.
ആഗോളവല്‍ക്കരണത്തെ എതിര്‍ക്കുകയെന്നാല്‍ മുതലാളിത്തത്തിന്റെ ആശയങ്ങളെ എതിര്‍ക്കുക എന്നതു മാത്രമല്ല അര്‍ത്ഥം, മറിച്ച് വികസനത്തിന്റെ പേരില്‍ വനവിഭവങ്ങളെ നശിപ്പിക്കുന്ന പ്രവര്‍ത്തികളെ എതിര്‍ക്കുക എന്നു കൂടിയാണ്. ഖനനത്തിനും വ്യവസായങ്ങള്‍ക്കും ഞാന്‍ എതിരാണോയെന്ന് നിങ്ങള്‍ക്ക് ചോദിക്കാം. എന്റെ എതിര്‍പ്പ് ഇത് നിയന്ത്രിക്കാന്‍ ഇവിടെ നിയമങ്ങളില്ല എന്നതിനാലാണ്. പാരിസ്ഥിതിക സന്തുലിതാവസ്ഥ നിലനിര്‍ത്തിയില്ലെങ്കില്‍ നമുക്കിവിടെ ജീവിക്കാനാവാത്ത സ്ഥിതിയാണ് വരിക. വലിയതോതിലുള്ള വിഭവക്കൊള്ളയാണ് കോര്‍പ്പറേറ്റുകള്‍ നടത്തുന്നത്. ഡോളറുകളും സാങ്കേതികതയും കൊണ്ടാണ് അവര്‍ കടന്നു വരുന്നത്. അവരുടെ മൂലധനം ഇരട്ടിയാക്കാന്‍ നമ്മുടെ വനവിഭവങ്ങള്‍ ചൂഷണം ചെയ്യപ്പെടുന്നു. ഇതില്‍ നിയന്ത്രണമേര്‍പ്പെടുത്തേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. എല്ലാവരുടെയും അടിസ്ഥാനാവശ്യങ്ങള്‍ക്കാണ് വിഭവങ്ങള്‍ വീതിക്കേണ്ടത്. അല്ലാതെ ചിലരുടെ ആഢംബരജീവിതത്തിന് സാമ്പത്തിക അടിത്തറ നല്‍കാനല്ല.
നിങ്ങള്‍ എന്നെ വിലയിരുത്തുന്നത് ഒരു പാരിസ്ഥിതിക പ്രവര്‍ത്തകനായിട്ടായിരിക്കും. ഇക്കോളജിസ്‌റ്റെന്നാണ് എന്നെ പൊതുവില്‍ വിശേഷിപ്പിക്കാറ്. എന്നാല്‍, ഞാന്‍ സ്വയം അടയാളപ്പെടുത്തുന്നത് ഒരു രാഷ്ട്രീയ പ്രവര്‍ത്തകനായാണ്. അടിസ്ഥാന മനുഷ്യാവകാശങ്ങളും പ്രകൃതി നിയമങ്ങളും ജീവിക്കാനുള്ള അവകാശവും അഭിപ്രായസ്വാതന്ത്ര്യവും സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം ഓരോ രാഷ്ട്രീയപ്രവര്‍ത്തകനുമുണ്ട്. ഭരണഘടനയിലെ 51ാം അനുച്ഛേദത്തില്‍ പറയുന്നതനുസരിച്ച് എല്ലാ പൗരന്മാര്‍ക്കും പ്രകൃതിയെ സംരക്ഷിക്കാനുള്ള ബാധ്യതയുണ്ട്. പ്രകൃതിയ്‌ക്കെതിരായ അതിക്രമങ്ങളെ ചെറുക്കാനും ഓരോ വ്യക്തിയും ബാധ്യസ്ഥരാണ്.
ആഗോളവല്‍കരണത്തിനു ശേഷമുള്ള മുപ്പതു വര്‍ഷത്തില്‍, നമ്മള്‍ നദികളെ മലിനപ്പെടുത്തി. ശുദ്ധജലസ്രോതസ്സുകളെ കയ്യടക്കി. ഖനികള്‍ക്കും അതില്‍ നിന്നുള്ള ലാഭത്തിനും വേണ്ടി.
എന്നാല്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ആദിവാസി പാരമ്പര്യത്തില്‍, പ്രകൃതിയെ പൊതു സ്വത്തായിക്കണ്ട് സംരക്ഷിക്കുകയാണ്. പരിസ്ഥിതിക്ക് ആഘാതം സൃഷ്ടിക്കുമ്പോള്‍ നിങ്ങള്‍ യഥാര്‍ത്ഥത്തില്‍ ആദിവാസികളുടെ ജീവിതരീതിയിലേക്കാണ് കടന്നു കയറുന്നത്. നിര്‍ബന്ധിത സ്ഥലമേറ്റെടുപ്പ് ഇവിടങ്ങളില്‍ നടന്നിരുന്നു. എങ്ങിനെയാണ് ഇവരുടെ ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കുക? മുപ്പതു വര്‍ഷത്തിനിടെ ഇത്രയും ചെയ്തിട്ട് എങ്ങിനെയാണ് ഭരണഘടനയില്‍ “പരമാധികാരം” എന്ന വാക്കുപയോഗിക്കുക? കൃഷിഭൂമിയും ഭക്ഷ്യ സുരക്ഷയുമില്ലാതെ എന്തു തരത്തിലുള്ള പരമാധികാരമാണുണ്ടാവുക?
സമരങ്ങളുണ്ടാകുന്നത് ആശാവഹമായ മാറ്റം തന്നെയാണ്. എങ്കിലും സര്‍ക്കാരും കോര്‍പ്പറേറ്റുകളും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിനെക്കുറിച്ചും കൃത്യമായ മുന്നറിവുണ്ടാകേണ്ടതുണ്ട്. സമരമുഖത്തുള്ളവര്‍ കോര്‍പ്പറേറ്റുകളെയും അവരെ സഹായിക്കുന്ന സര്‍ക്കാരിനെയും വേറിട്ടുകാണേണ്ടതുണ്ടോ? സമരം യഥാര്‍ത്ഥത്തില്‍ രണ്ടു കൂട്ടര്‍ക്കുമെതിരെയല്ലേ?
പ്രകൃതിയുമായുള്ള സമ്പര്‍ക്കത്തിലൂടെ സ്വയം നിര്‍വചിക്കുന്ന സമൂഹങ്ങളുണ്ട്. അവരുമായി ചേര്‍ന്നാണ് ഞങ്ങള്‍ തുടങ്ങിയത്. പീപ്പിള്‍സ് മൂവ്‌മെന്റ് എഗയ്ന്‍സ്റ്റ് ഡിസ്‌പ്ലേസ്‌മെന്റ് എന്ന നീക്കവുമായി ബന്ധപ്പെട്ടാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. പാരിസ്ഥിതിക പ്രശ്‌നങ്ങളില്‍ പരിഹാരം കാണുക മാത്രമല്ല, ഭരണഘടനയെ സംരക്ഷിക്കുക എന്നതു കൂടിയാണ് ഞങ്ങളുടെ ഉദ്ദേശം. ന്യൂനപക്ഷങ്ങള്‍ക്കു വേണ്ടി നിലകൊള്ളേണ്ടത് ആവശ്യമാണ്.
ബി.ജെ.പിയുടെയും ആര്‍.എസ്.എസിന്റെയും ആശയങ്ങളാണ് ഇപ്പോള്‍ അധികാരത്തിലുള്ളത്. ഭരണഘടനയെ പാടേ നശിപ്പിക്കാനാണ് അവരുടെ ശ്രമം. മതനിരപേക്ഷത എന്ന പദം ഭരണഘടനയില്‍ ഉള്ളിടത്തോളം കാലം അവര്‍ അതില്‍ മാറ്റങ്ങള്‍ വരുത്താനായി ശ്രമിച്ചു കൊണ്ടേയിരിക്കുമെന്ന് നൂറു ശതമാനം ഉറപ്പാണ്. രാജ്യത്തെയാകെ നശിപ്പിക്കാന്‍ പോന്ന ഹിന്ദു രാഷ്ട്രം ഉണ്ടാക്കിയെടുക്കണമെന്നാണ് അവരുടെ ലക്ഷ്യം.
ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ആള്‍ക്കൂട്ട അതിക്രമങ്ങളും ദളിത് പീഡനങ്ങളും മുസ്‌ലിം മതവിശ്വാസികള്‍ക്കു നേരെയുള്ള ആക്രമണങ്ങളും പിന്താങ്ങുന്നത് ഭരണഘടനാവിരുദ്ധരാണ്. നിയംഗിരിയില്‍ ഞങ്ങള്‍ വേദാന്തയ്‌ക്കെതിരെ പോരാടി. പോസ്‌കോ കമ്പനിക്കെതിരെയും പോരാടിയിട്ടുണ്ട്. രാജ്യത്തെ അധികാരവ്യവസ്ഥിതിക്കെതിരെയും പോരാടും. സ്റ്റേറ്റ് പോലും ഒരു കോര്‍പ്പറേറ്റ് സ്ഥാപനമായി മാറിക്കഴിഞ്ഞിരിക്കുകയാണ്. അവര്‍ക്കുവേണ്ടി ജോലിചെയ്യാന്‍ സര്‍ക്കാരിനെ അനുവദിച്ചു കൂടാ.
തൂത്തുക്കുടിയില്‍, അറിയാമല്ലോ, പതിമൂന്നു പേരാണ് വെടിയേറ്റു മരിച്ചത്. എന്തിന്? ശുദ്ധ ജലത്തിനും വായുവിനുമുള്ള അവകാശത്തിനു വേണ്ടി. എല്ലാ നിയമങ്ങളും കാറ്റില്‍പ്പറത്തിക്കൊണ്ടാണ് വേദാന്തയുടെ കോര്‍പ്പറേറ്റ് പ്ലാന്റുകള്‍ വന്നത്. ജീവിക്കാനുള്ള അവകാശമല്ലേ ഹനിക്കപ്പെടുന്നത്? ജനാധിപത്യപരമായ ഒരു സമരത്തിലേര്‍പ്പെട്ടിരുന്നവരെയാണ് സ്റ്റേറ്റിന്റെ പൊലീസ് സൈന്യം കൊന്നുകളഞ്ഞത്. ആര്‍ക്കു വേണ്ടിയാണ് ഈ സ്റ്റേറ്റ് പ്രവര്‍ത്തിക്കുന്നത്? നിസ്സംശയമ പറയാം, കോര്‍പ്പറേറ്റുകള്‍ക്കു വേണ്ടിത്തന്നെയാണ്. അവിടത്തെ പ്രാദേശിക രാഷ്ട്രീയപ്പാര്‍ട്ടിയും കോര്‍പ്പറേറ്റുകളെയല്ലേ പിന്തുണച്ചത്?
ബി.ജെ.പിയോ പ്രധാനമന്ത്രിയോ ഈ വിഷയത്തെ അപലപിച്ചിട്ടില്ല. ഒഡീഷയിലെ കാളിനഗറിലും ടാറ്റയ്ക്കു വേണ്ടി 13 പേരെ കൊലപ്പെടുത്തിയിരുന്നു. നന്ദിഗ്രാമിലും ടാറ്റയ്ക്കു വേണ്ടിയാണ് കൊലപാതകങ്ങള്‍ നടന്നത്. ജനങ്ങളുടെ ജീവിതം പണയപ്പെടുത്തിയാണ് സ്റ്റേറ്റ് കോര്‍പ്പറേറ്റുകളെ സഹായിക്കുന്നത്.
നിയംഗിരി വിഷയത്തിലെ കോടതിവിധി യഥാര്‍ത്ഥത്തില്‍ ചരിത്രപരമാണ്. വിഭവങ്ങളുടെ മേലുള്ള അവകാശം ആര്‍ക്കാണെന്ന് വ്യക്തമാക്കുന്ന ഒന്ന്. ഈ വിധി എങ്ങിനെയാണ് വരാനിരിക്കുന്ന സമരങ്ങളെ സ്വാധീനിക്കുക?
2013ലാണ് നിയംഗിരി വിഷയത്തില്‍ കോടതി വിധി നരുന്നത്. പൊതു വിഭവങ്ങള്‍ക്കു മേല്‍ ആദിവാസി സമൂഹത്തിനുള്ള അവകാശത്തെ അംഗീകരിക്കുന്ന ആ വിധി ചരിത്രപ്രധാനമായ ഒന്നായിരുന്നു. കേരളത്തിലെ കാര്യമെടുക്കൂ. കേരളം പശ്ചിമഘട്ടത്തിന്റെ ഓരത്താണുള്ളത്. ഇന്ത്യയിലെ തന്നെ ഏറ്റവും വൈവിധ്യമാര്‍ന്ന ജൈവസമ്പത്താണവിടെയുള്ളത്. വികസനത്തിന്റെ പേരില്‍ പശ്ചിമഘട്ടത്തെ നശിപ്പിക്കാനാകുമോ? ഗാഡ്ഗില്‍ കമ്മറ്റി സമര്‍പ്പിച്ച റിപ്പോര്‍ട്ട് നമ്മളെല്ലാവരും വായിച്ചതാണല്ലോ. സര്‍ക്കാരോ രാഷ്ട്രീയപ്പാര്‍ട്ടികളോ റിപ്പോര്‍ട്ട് നടപ്പിലാക്കാന്‍ മുന്നോട്ടു വന്നില്ല. സി.പി.ഐ.എം സര്‍ക്കാര്‍ പോലും ഇടപെട്ടില്ല. ഒരു ഗൂഢാലോചന നടക്കുന്നുണ്ടെന്നു തന്നെ അനുമാനിക്കണം. സി.പി.ഐ.എം സര്‍ക്കാര്‍ തീര്‍ച്ചയായും മുന്നോട്ടു വരേണ്ടതുണ്ട്. ഗാഡ്ഗില്‍ കമ്മറ്റിയെയും പശ്ചിമഘട്ടത്തെയും സംരക്ഷിക്കേണ്ട ഉത്തരവാദിത്തം ഏറ്റെടുക്കുകയും വേണം. അവരും ഇതേ കോര്‍പ്പറേറ്റ് സംഘത്തിന് വഴങ്ങിക്കൊടുക്കുകയാണെന്ന് പറയാതെ വയ്യ. ആശയപരമായി ബദല്‍ വികസന പദ്ധതികള്‍ക്ക് രൂപം കൊടുക്കേണ്ട പാര്‍ട്ടിയാണ്.
നിയംഗിരിയില്‍ ഗ്രാമസഭയ്ക്ക് അധികാരം നല്‍കുന്നതായിരുന്നു കോടതി വിധി. ഏതു തരത്തിലുള്ള വികസനമാണ് തങ്ങള്‍ക്കു വേണ്ടതെന്ന് തീര്‍ച്ചപ്പെടുത്താനും തെരഞ്ഞെടുക്കാനുമുള്ള സ്വാതന്ത്ര്യം ജനങ്ങള്‍ക്കുണ്ടാവണം. അപ്പോഴാണ് രാജ്യം യഥാര്‍ത്ഥത്തില്‍ റിപ്പബ്ലിക് ആയി മാറുന്നത്. നിരക്ഷരരായ ദോംഗ്രിയാ ഗോത്രത്തിന് തങ്ങള്‍ക്കെന്താണ് വേണ്ടതെന്ന് തീരുമാനിക്കാനുള്ള അധികാരം ലഭിച്ചു. നിയംഗിരി ജീവനോടെയിരിക്കണമെന്നാണ് അവര്‍ തീരുമാനിച്ചത്. വേദാന്തയോട് പുറത്തു കടക്കാന്‍ അവര്‍ പറഞ്ഞു. ഖനനം നടത്താന്‍ സാധിച്ചില്ലെങ്കിലും ഹരിതബെല്‍റ്റിന് കോട്ടം തട്ടുന്ന മറ്റൊരു അലുമിന പ്ലാന്റ് സ്ഥാപിക്കാന്‍ അവര്‍ക്കായി. തൂത്തുക്കുടിയിലെ പ്ലാന്റ് അടച്ചുപൂട്ടിയതു പോലെ ലഞ്ചിഗഡിലെ പ്ലാന്റും പൂട്ടാനുള്ള സമരത്തിലാണ് ഇപ്പോള്‍ നിയംഗിരിക്കാര്‍. ലഞ്ചിഗഡിലായാലും, തൂത്തുക്കുടിയിലായാലും, വേദാന്തയെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുകയില്ല. അവര്‍ ഇന്ത്യ വിട്ടു പോകുക തന്നെ ചെയ്യണം.
വേദാന്തയുടെ കാര്യമെടുത്താലും, രാഷ്ട്രീയമായി വലിയ സ്വാധീനം ചെലുത്തിക്കൊണ്ടാണ് അവര്‍ പിടിച്ചുനിന്നിട്ടുള്ളത്. ഇന്ത്യയിലെ മുഖ്യ രാഷ്ട്രീയപ്പാര്‍ട്ടികളെല്ലാം ഇവരുടെ പക്കല്‍ നിന്ന് വലിയ തുകകള്‍ സംഭാവനയായി കൈപ്പറ്റിയിട്ടുള്ളവരാണ്. ഇതല്ലേ യഥാര്‍ത്ഥത്തില്‍ നമ്മള്‍ നേരിടേണ്ട വിഷയം?
പല രാജ്യങ്ങളും വേദാന്തയെ പാരിസ്ഥിതിക നിയമങ്ങളുടെ ലംഘകരായി മുദ്രകുത്തി മാറ്റിനിര്‍ത്തിയിട്ടുണ്ട്. നമ്മുടെ സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ നോര്‍വീജിയന്‍ സര്‍ക്കാര്‍ അവരെ ബ്ലാക്ക്‌ലിസ്റ്റ് ചെയ്തിരുന്നു. അവര്‍ക്ക് കമ്പനിയില്‍ ഉണ്ടായിരുന്ന നിക്ഷേപം പിന്‍വലിക്കുകയും ചെയ്തു. വേദാന്ത ഗ്രൂപ്പ് രാഷ്ട്രീയക്കാരെ കൈക്കൂലി കൊടുത്ത് വശത്താക്കുന്നുണ്ടെന്ന് വ്യക്തമാണ്. സിംബാബ്‌വേ പോലുള്ള രാജ്യങ്ങളില്‍ ഇതാണ് സംഭവിച്ചത്. നോര്‍വേ സര്‍ക്കാര്‍ കുറേക്കൂടി ഉത്തരവാദിത്തബോധം ഉള്ളവരായിരുന്നു. ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടും വേദാന്തയില്‍ നിക്ഷേപമുള്ളവരായിരുന്നു. അവരും നിയംഗിരി ചര്‍ച്ചയായതോടെ പിന്‍വാങ്ങിയിട്ടുണ്ട്.
എല്ലാക്കാലത്തും രാഷ്ട്രീയക്കാരെ സ്വാധീനിച്ചുകൊണ്ടാണ് വേദാന്ത പിടിച്ചു നിന്നിട്ടുള്ളത്. വേദാന്തയില്‍ നിന്നും ഏറ്റവുമധികം ഫണ്ടുകള്‍ സ്വീകരിച്ചിട്ടുള്ളത് ബി.ജെ.പിയാണ്. 2013നും 2016നും ഇടയില്‍ ഇവര്‍ക്കു ലഭിച്ചിട്ടുള്ളത് 1400 കോടിയാണ്. കോണ്‍ഗ്രസ്സിനു കിട്ടിയത് 185 കോടിയും. തൂത്തുക്കുടിയില്‍ വേദാന്തയ്‌ക്കെതിരെ മോദിയും സര്‍ക്കാരും ശബ്ദമുയര്‍ത്താതിരുന്നത് ഇതുകൊണ്ടു തന്നെയാണ്. അധികാര കേന്ദ്രങ്ങളും കോര്‍പ്പറേറ്റുകളും ചേര്‍ന്ന ഒരു സംഘം ഇവിടെയുണ്ട്. അനില്‍ അഗര്‍വാളിന്റെ കൈക്കൂലി വാങ്ങിച്ച് മിണ്ടാതിരിക്കുന്ന രാഷ്ട്രീയക്കാരുടെ തനിനിറം പുറത്തു കൊണ്ടുവരണം.
ബാബാ രാംദേവിനെത്തന്നെ നോക്കൂ, അയാള്‍ തികഞ്ഞ ഒരു ബി.ജെ.പി പ്രവര്‍ത്തകനെപ്പോലെയാണ് പെരുമാറുന്നത്. അഴിമതിവിരുദ്ധന്റെ മുഖംമൂടി ധരിച്ചിട്ടുള്ള അയാള്‍ യഥാര്‍ത്ഥത്തില്‍ ഒരു കോര്‍പ്പറേറ്റാണ്. 30,000 കോടിയുടെ ആസ്തിയാണ് രാംദേവിനുള്ളത്. ജഗ്ഗി വാസുദേവും ഈ ഗണത്തില്‍ പെടുന്നയാളാണ്. ഇവരൊക്കെയാണ് കള്ളപ്പണമുണ്ടാക്കുന്നത്. ഇതെല്ലാം ഒരു കോര്‍പ്പറേറ്റ് ഗൂഢാലോചനയുടെ ഭാഗമാണ്. കോര്‍പ്പറേറ്റ് സോഷ്യല്‍ സര്‍വ്വീസ് ഫണ്ട് എന്ന പേരില്‍ ധാരാളം തുക ഈ കമ്പനികള്‍ ഇവര്‍ക്കുവേണ്ടി മുടക്കുന്നുണ്ട്, മരങ്ങള്‍ വച്ചു പിടിപ്പിക്കാനും മറ്റും. പ്രകൃദത്തമായി ഇവിടെയുള്ള കാടുകള്‍ വെട്ടി നശിപ്പിക്കുന്നു, എന്നിട്ട് മരം വച്ചു പിടിപ്പിക്കാനായി പണം ചെലവിട്ട് അതിന് അഭിനന്ദനം പിടിച്ചു പറ്റുന്നു. എന്തൊരു പൊള്ളത്തരമാണ്. വ്യവസായങ്ങള്‍ വികസനത്തിന്റെ ക്ഷേത്രങ്ങളാണെന്നായിരുന്നല്ലോ ഇവരുടെ വാദം. ഇവ യഥാര്‍ത്ഥത്തില്‍ ബോംബുകളാണ്.
നിയംഗിരി ഇപ്പോള്‍?
നിയംഗിരിയിലെ ജനങ്ങള്‍ ജാഗരൂകരാണ്. കഴിഞ്ഞ ജൂണ്‍ 5ന് ആദിവാസി സമൂഹം ഒന്നിച്ചു ചേര്‍ന്ന് വേദാന്തയുടെ പുതിയ പ്ലാന്റ് മാറ്റണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭം സംഘടിപ്പിച്ചു. തൂത്തുക്കുടിയിലെ കൊലപാതകങ്ങളിലുള്ള പ്രതിഷേധമറിയിച്ചു. സെന്‍ട്രല്‍ പൊലീസ് ഫോഴ്‌സിനെ ഇപ്പോഴും അവിടെ വിന്യസിച്ചിട്ടുണ്ട്. ഇന്നോ നാളെയോ ആദിവാസികളെ അടിച്ചമര്‍ത്തി കോര്‍പ്പറേറ്റുകളെ സഹായിക്കാന്‍ അവര്‍ അവസരം നോക്കുകയാണ്. പക്ഷേ, ലഞ്ചിഗഡില്‍ നിന്നും തൂത്തുക്കുടിയിലേക്കും തിരിച്ചും ഞങ്ങളുടെ പോരാട്ടം തുടരുകതന്നെ ചെയ്യും.