മലയാളത്തിലെ പ്രമുഖ സിനിമ നിര്‍മാണ കമ്പനിയായ ഗോകുലം മൂവീസ് ഹിന്ദി, തെലുങ്ക് സിനിമ ഇന്‍ഡസ്ട്രിയിലേക്ക് കടക്കുകയാണ്. മെയ് 20ന് റിലീസാകുന്ന ‘ഉടല്‍’ എന്ന ചിത്രത്തിന്റെ ഹിന്ദി റീമേക്കാണ് ആദ്യം ചെയ്യുക. ഉടലിന്റെ സംവിധായകന്‍ രതീഷ് രഘുനന്ദന്‍ തന്നെയായിരിക്കും ഹിന്ദി പതിപ്പിന്റെയും സംവിധാനം.
ഇന്ദ്രന്‍സ്, ധ്യാന്‍ ശ്രീനിവാസന്‍, ദുര്‍ഗ കൃഷ്ണ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഉടലിന്റെ രചനയും സംവിധായകന്‍ രതീഷ് രഘുനന്ദന്റേതാണ്.
ഉടലിന്റെ റിലീസിന്റെ പശ്ചാത്തലത്തില്‍ ‘ശ്രീ ഗോകുലം മൂവീസ്’ ഉടമ ഗോകുലം ഗോപാലനുമായി നടത്തിയ അഭിമുഖം വായിക്കാം.
ഗോകുലം പോലെയുള്ള ഒരു വന്‍ പ്രൊഡക്ഷന്‍ ഹൗസ് ഉടല്‍ എന്ന ചെറിയ ചിത്രം നിര്‍മിക്കാനുള്ള കാരണം?
ഇതൊരു കൊച്ചു സിനിമയാണെങ്കിലും വലിയ പ്രമേയമാണ്. നമ്മള്‍ ഈ കാലത്തൊക്കെ പത്രങ്ങളിലും മറ്റും വായിച്ചിട്ടുള്ള പോലെ, ഒരു സംഭവത്തെ ആസ്പദമാക്കിയാണ് ഉടലിന്റെ കഥ തുടങ്ങുന്നത്. കുറച്ചു കഴിഞ്ഞ് അത് വലിയ സിനിമയുടെ സ്വഭാവമുള്ള ഒരു കഥയായി മാറും. അതാണ് ഈ സിനിമ എനിക്ക് ഇഷ്ടപ്പെടാന്‍ കാരണം.
നമ്മുടെ നാട്ടില്‍ ഇത്തരം കഥകള്‍ സിനിമയിലൊന്നും വന്നിട്ടില്ല. വിദേശസിനിമകളിലൊക്കെ ഇതുപോലുള്ള രംഗങ്ങള്‍ കണ്ടിട്ടുണ്ട്. അത്തരമൊരു സിനിമ മലയാളത്തിലും വരട്ടെ എന്നാണ് ഞാന്‍ ആഗ്രഹിച്ചത്. എന്തായാലും പ്രേക്ഷകര്‍ക്കും ഇത് ഇഷ്ടമാകും എന്നു തന്നെയാണ് കരുതുന്നത്. പ്രീമിയര്‍ ഷോയില്‍ നല്ല അഭിപ്രായമാണ് കിട്ടിയത്.
ഉടല്‍ ഇതുവരെ മലയാളത്തില്‍ പരീക്ഷിക്കാത്ത ഒരു വിഷയം ആണെന്ന് പറഞ്ഞല്ലോ. സിനിമ കണ്ടപ്പോള്‍ എന്തു തോന്നി?
കഥ കേട്ടപ്പോള്‍ തന്നെ അത് എനിക്കിഷ്ടമായി. തീയേറ്ററില്‍ നമ്മളെ ത്രില്ലടിപ്പിക്കുന്ന സംഗതി സിനിമയിലുണ്ട്. കഥയറിയാമായിരുന്നിട്ട് കൂടി തീയേറ്ററില്‍ ഞാന്‍ ത്രില്ലടിച്ചിരുന്നാണ് സിനിമ കണ്ടത്. പുതുമുഖ സംവിധായകനാണെങ്കിലും രതീഷ് രഘുനന്ദന്‍ നന്നായിതന്നെ സിനിമ എടുത്തിട്ടുണ്ട്.
ഇന്ദ്രന്‍സ് ഉള്‍പ്പടെയുള്ള അഭിനേതാക്കളുടെ പ്രകടനം എങ്ങിനെ ഉണ്ടായിരുന്നു?
ഒറ്റവാക്കില്‍ പറഞ്ഞാല്‍ ഔട്ട്സ്റ്റാന്റിംഗ്. ഒരു കണ്ണിന് കാഴ്ച്ചയില്ലാത്ത കഥാപാത്രമാണ് ഇന്ദ്രന്‍സിന്റെ കുട്ടിച്ചായന്‍. അയാളുടെ നടത്തവും നോട്ടവുമെല്ലാം സ്‌ക്രീനില്‍ അത് പ്രതിഫലിപ്പിക്കുന്നുണ്ട്. രണ്ടാം പകുതിയിലെ ഇന്ദ്രന്‍സിന്റെ പ്രകടനം അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും മികച്ചതാണ്. ദുര്‍ഗാ കൃഷ്ണ അവരുടെ കഥാപാത്രത്തേയും അതിമനോഹരമായിട്ടാണ് അവതരിപ്പിച്ചിരിക്കുന്നത്. അടുത്ത കാലത്തിറങ്ങിയ സിനിമകളില്‍ നായികാ താരങ്ങള്‍ നടത്തിയ പ്രകടനങ്ങള്‍ എടുക്കുകയാണെങ്കില്‍ ഏറ്റവും മികച്ചതു തന്നെയാണ് ദുര്‍ഗയുടേത്.
മലയാളം വിട്ട് ഇനി അന്യഭാഷകളില്‍ സിനിമ ചെയ്യുകയാണല്ലോ. എന്താണ് ഗോകുലത്തിന്റെ ബോളിവുഡ്, ടോളിവുഡ് പദ്ധതികള്‍?
ഉടല്‍ എന്ന സിനിമ കണ്ടതിന് ശേഷം നിരവധി അന്യഭാഷാ നിര്‍മാതാക്കള്‍ റീമേക്ക് അവകാശം ചോദിച്ചു വിളിച്ചിരുന്നു. എന്നാല്‍ ഈ ചിത്രം ഗോകുലം മൂവീസ് തന്നെ ഹിന്ദി, തെലുങ്ക് ഭാഷകളില്‍ നിര്‍മിക്കാന്‍ തീരുമാനിക്കുകയായിരുന്നു. അതിന്റെ പ്രധാന കാരണം ഈ സിനിമക്ക് അത്തരത്തില്‍ ഒരു സാധ്യതയുണ്ട് എന്നതു തന്നെയാണ്. നമുക്ക് ഏത് ഭാഷയിലേക്കും ഇതിനെ പറിച്ചു നടാന്‍ സാധിക്കും.
ശ്രീ ഗോകുലം മൂവിസിനെ സംബന്ധിച്ച് ഇത് വലിയൊരു ചുവടുവെയ്പ്പാണ്. ഏറെ പ്രതീക്ഷയോടെയാണ് ഞാന്‍ ഇതിനെ നോക്കി കാണുന്നത്. ബോളിവുഡിലെ പ്രമുഖ താരങ്ങള്‍ ഉടലിന്റെ റീ മേക്കില്‍ അണിനിരക്കും. അവരുമായുള്ള ചര്‍ച്ചകള്‍ പൂര്‍ത്തിയായി കഴിഞ്ഞു. ഉടല്‍ മലയാളം റിലീസിന് ശേഷം ഇത് സംബന്ധിച്ചുള്ള വിവരങ്ങള്‍ പ്രഖ്യാപിക്കും.
പത്തൊമ്പതാം നൂറ്റാണ്ട് ഉള്‍പ്പടെ ഉള്ള വന്‍ പ്രൊജക്ടുകള്‍ ഉണ്ടല്ലോ മുന്നില്‍. മലയാളത്തില്‍ ഇനി എന്തൊക്കെയാണ് ഗോകുലം മൂവീസ് പ്രേക്ഷകര്‍ക്കായി ഒരുക്കുന്നത്?
ഏറെ പ്രതീക്ഷകളുള്ള നിരവധി ചിത്രങ്ങള്‍ ഞങ്ങള്‍ പ്രേക്ഷകര്‍ക്കായി ഒരുക്കുന്നുണ്ട്. കുഞ്ചാക്കോ ബോബന്‍, രജിഷ വിജയന്‍ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന അജയ് വാസുദേവ് ചിത്രം പകലും പാതിരാവും പൂര്‍ത്തിയായി വരുന്നു.
ഗുരു സോമസുന്ദരം, ജയ് ഭീം ഫെയിം തമിഴ് തുടങ്ങിയവരും ഈ ചിത്രത്തിലുണ്ട്. മറ്റൊന്ന് വിനയന്‍ ചിത്രം പത്തൊന്‍പതാം നൂറ്റാണ്ടാണ്. സിജു വില്‍സണ്‍, അനൂപ് മേനോന്‍ തുടങ്ങിയവര്‍ അഭിനയിക്കുന്ന ഈ ചിത്രം ബിഗ് ബജറ്റ് പടമാണ്.
സുരാജ് വെഞ്ഞാറമൂട്, റോഷന്‍ മാത്യു, അതിഥി രവി, സനുഷ തുടങ്ങിയവര്‍ അഭിനയിക്കുന്ന ലിക്കര്‍ ഐലന്റ്, ഹോം എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം റോജിന്‍ ജോണ്‍ ഒരുക്കുന്ന ജയസൂര്യ ചിത്രം കത്തനാര്‍ തുടങ്ങി നിരവധി ചിത്രങ്ങള്‍ വരാനുണ്ട്.
ഈ സിനിമ പദ്ധിതികളിലൊന്നും സൂപ്പര്‍താര സിനിമകള്‍ കാണാനില്ലല്ലോ? ഡേറ്റാണോ പ്രശ്‌നം?
ഏയ് അല്ല. ഗോകുലം മൂവിസ് താരങ്ങളേക്കാള്‍ കഥക്കും കാലാമൂല്യത്തിനുമാണ് പ്രാധാന്യം നല്‍കുന്നത്. ഓരോ സിനിമക്കും അനുയോജ്യരായ താരങ്ങളെ തെരഞ്ഞെടുക്കുന്നു. സൂപ്പര്‍താരങ്ങള്‍ നമ്മുടെ അഭിമാനമാണ്. അവരുമായി ചേര്‍ന്നുള്ള സിനിമകള്‍ പദ്ധതികളിലുണ്ട്. അത് ഉടനെ തന്നെ പ്രഖ്യാപിക്കും.
CONTENT HIGHLIGHTS: Interview with Gokulam Gopalan, the owner of ‘Sri Gokulam Movies’.