ഒരു ഫിലിം മേക്കർ എന്ന നിലയിൽ സമൂഹ മാധ്യമങ്ങളിൽ താങ്കൾ വളരെ ആക്റ്റീവ് ആണോ? ഈ ട്രെൻഡെല്ലാം എങ്ങനെയാണ് കോമഡിയായി സിനിമയിൽ ഉൾപ്പെടുത്തുന്നത്?
ഞാൻ സോഷ്യൽ മീഡിയയിൽ അത്യാവശ്യം ആക്റ്റീവാണ്. ആക്റ്റീവ് എന്ന് പറഞ്ഞാൽ പോസ്റ്റ് ഇടുകയും കമന്റ് ഇടുകയും ചെയ്യുന്ന ഒരാളല്ല. ഇൻസ്റ്റയിലെ ഗ്രൂപ്പുകളിലെല്ലാം ഞാനുണ്ട് . ഡോഗ് മീംസ്, ബ്ലാക്ക് ഹ്യൂമർ തുടങ്ങിയ ഗ്രൂപ്പുകളിലെല്ലാം ഞാനുണ്ട്. അതിൽ സ്ട്രൈക്ക് ചെയ്യുന്ന കാര്യങ്ങളൊക്കെ സിനിമയിലേക്ക് എടുക്കും. അത് എടുത്ത് സിനിമയിൽ ഇടാമെന്ന് വിചാരിക്കുന്നതല്ല, നമ്മൾ എഴുതി വരുമ്പോൾ ഈ സാധനം മനസിലേയ്ക്ക് വരും. അങ്ങനെ ഉപയോഗിക്കുന്നതാണ്.
സ്ക്രിപ്റ്റിൽ നിന്നല്ലാതെ ഷൂട്ടിങ് സമയത്ത് ഡയലോഗുകൾ ഉൾപ്പെടുത്താറുണ്ടോ? ഡയലോഗുകളുടെ കാര്യത്തിൽ ആർട്ടിസ്റ്റുകളുടെ ഭാഗത്ത് നിന്ന് സജഷൻ വരാറുണ്ടോ?
ഭൂരിഭാഗവും സ്ക്രിപ്റ്റിൽ ഉണ്ടാവുന്നതാണ്. സ്ക്രിപ്റ്റ് നമ്മൾ അങ്ങനെത്തന്നെയാണ് എഴുതാറുള്ളത്. ഡയലോഗ് ഇല്ലാതെ സിറ്റുവേഷൻ മാത്രം കൊടുത്തിട്ട് ഒരു സ്ക്രിപ്റ്റ് ഉണ്ടാക്കി അത് ഷൂട്ട് ചെയ്യുന്നത് എനിക്ക് നടക്കില്ല. നമുക്ക് എന്തായാലും കംപ്ലീറ്റ് ഡയലോഗുകൾ ഉണ്ടാകും. പിന്നെ എന്തെങ്കിലും ഷൂട്ട് ചെയ്യുമ്പോൾ അത് മാറും. എല്ലാം സ്ക്രിപ്റ്റഡ് ആയിരിക്കും. സ്ക്രിപ്റ്റഡ് ആയതുകൊണ്ടാണ് അത് ഒരു ഫ്ലോയിൽ എടുക്കാൻ പറ്റുന്നത്. അല്ലെങ്കിൽ നമ്മൾ കൺഫ്യൂസ്ഡ് ആയിപ്പോകും.. വലിയ സീനാണെകിലും ചെറുതാണെങ്കിലും സ്ക്രിപ്പ്റ്റഡ് അല്ലാതെ എനിക്കൊരിക്കലും പറ്റില്ല.
പ്രേമലുവിൽ ഷമീർ ഖാൻ എന്നയാളാണ് സുബിൻ എന്ന കഥാപാത്രം ചെയ്തത്. സുബിൻ കണ്ടെന്റ് ക്രീയേറ്ററാണ്. അവന്റെ അടുത്തെല്ലാം നമ്മൾ സ്ക്രിപ്റ്റ് കൊടുത്തിട്ട് ഇതാണ് സംഭവം, നിനക്ക് അഡിഷണൽ ആഡ് ചെയ്യാൻ പറ്റുമെങ്കിൽ കൂട്ടിച്ചേർത്തോ എന്ന് പറയും. അവൻ പറയുന്നതാണ് ‘അച്ഛന്റെ പ്രായമുള്ള ആളാണെങ്കിലും ബഹുമാനിക്കണമെന്നില്ല, അത് കരുതി എനിക്ക് അച്ഛന്റെ പ്രായമുണ്ടെന്നല്ല’ എന്നുള്ള ഡയലോഗൊക്കെ അവൻ ആഡ് ചെയ്യുന്നതാണ്. അതൊന്നും സ്ക്രിപ്റ്റിൽ ഉണ്ടായിരുന്നില്ല.
അതുപോലെ നസ്‌ലെൻ ആണെങ്കിലും ബാക്കിയുള്ളവരൊക്കെയാണെങ്കിലും ഡയലോഗ് ഡെലിവർ ചെയ്യുമ്പോൾ ചിലപ്പോൾ എക്സ്ട്രാ ഒരു സാധനം ഉണ്ടാകും. അത് നല്ലതാണെങ്കിൽ കൊള്ളാം, അടുത്ത ടേക്കിൽ അതുംകൂടെ ഇട്ടോ എന്ന് പറയും.
പ്രേമലു കണ്ട ഓരോ പ്രേക്ഷകരെ സംബന്ധിച്ച് സിനിമയിലെ ഓരോ കഥാപാത്രങ്ങളുടെയും സ്ഥാനത്ത് മറ്റൊരാളെ പ്ലേസ് ചെയ്യാൻ കഴിയില്ല. പ്രേമലുവിലെ കാസ്റ്റിങ് എങ്ങനെയായിരുന്നു? മമിതയെയും നസ്‌ലെനെയും തന്നെയായിരുന്നോ ആദ്യം കാസ്റ്റ് ചെയ്യാൻ ഉദ്ദേശിച്ചത്?
മമിതയെയും നസ്‌ലെനെയും തന്നെയായിരുന്നു ലീഡ് ആയിട്ട് ഉദ്ദേശിച്ചിരുന്നത്. ഏറ്റവും ആദ്യം വന്നത് മമിതയായിരുന്നു. പിന്നെയാണ് നസ്‌ലെൻ വരുന്നത്. സ്ക്രിപ്റ്റ് എഴുതുമ്പോൾ തന്നെ ലീഡ് ചെയ്യാൻ ഇവരെ രണ്ട് പേരെയുമാണ് ഉദ്ദേശിച്ചത്. പിന്നെ അഖിലയാണ് വന്നത്. പിന്നെയാണ് സംഗീത് ഏറ്റവും അവസാനമാണ് ശ്യാം അതിലേക്ക് എത്തുന്നത്. ഇതിലുള്ള എല്ലാവരെയും എനിക്ക് നേരത്തെ അറിയാമായിരുന്നു.
കൂടെ വർക്ക് ചെയ്തിട്ടുള്ളവരാണ്. ശ്യാമിന്റെ കൂടെ മാത്രമാണ് വർക്ക് ചെയ്യാതിരുന്നത്. പക്ഷെ ശ്യാമിനെ സോഷ്യൽ മീഡിയയിലൂടെയൊക്കെ എനിക്കറിയാം. ഇവരെയൊക്കെ വിളിച്ചിട്ട് ചെയ്യിപ്പിച്ച് നോക്കിയിട്ടാണ് ഫൈനൽ പറഞ്ഞത്. അതിന് മുൻപ് ഈ റോളുകളിലേക്ക് വേറെ ആളുകളെയും ഓഡിഷൻ ചെയ്തിരുന്നു. കാസ്റ്റിങ് കോളിൽ നിന്നല്ലാതെ നമുക്ക് അറിവാവുന്ന ആളുകളെ വെച്ച് നമ്മൾ ചെയ്യിപ്പിച്ചിരുന്നു. ഇവരെയാണ് ആപ്റ്റ് ആയി തോന്നിയത്.
ആദ്യമേ തോമസ് എന്ന കഥാപാത്രമായി ആദ്യം മനസിൽ കണ്ടത് മാത്യുവിനെ ആയിരുന്നോ?
മാത്യുവിന്റെ റോൾ നമ്മൾ സ്ക്രിപ്റ്റ് ഡെവലപ് ചെയ്യുന്ന സമയത്ത് വന്നതാണ്. അപ്പോൾ മാത്യുവിനെ തന്നെയായിരുന്നു നമ്മൾ ആദ്യം ഫിക്സ് ചെയ്തിരുന്നത്.
പൊളിറ്റിക്കൽ കറക്ട്നെസ്സ് നോക്കുന്ന ഈ ഒരു കാലഘട്ടത്തിൽ കോമഡി ഴോണറിലുള്ള ഒരു ചിത്രം എടുക്കുമ്പോൾ ഒരു സംവിധായകൻ എന്ന നിലയിൽ ഒരുപാട് വെല്ലുവിളികൾ നേരിട്ടുണ്ടാകും, തിരക്കഥ എഴുതുമ്പോഴോ മറ്റേതെങ്കിലും സന്ദർഭങ്ങളിലോ അത്തരത്തിലുള്ള ബുദ്ധിമുട്ടുകൾ നേരിട്ടിരുന്നോ?
ഇപ്പോൾ പണ്ടത്തെ സിനിമകളിലെ പോലെയല്ല. ഇപ്പോൾ ഫിലിം മേക്കേഴ്‌സൊക്കെ പൊളിറ്റിക്കൽ കറക്ട്നെസിന്റെ കാര്യത്തിൽ വളരെ കോൺഷ്യസാണ്. വലിയ രീതിയിലുളള റിഗ്രസിവ് സംഭവങ്ങൾ വരാതിരിക്കാൻ നോക്കാറുണ്ട്. പിന്നെ ചിലത് എഴുതി കഴിയുമ്പോൾ നമുക്ക് തന്നെ മോശമാണെന്ന് തോന്നില്ലേ. അങ്ങനെ തോന്നാറുള്ള കാര്യങ്ങളൊക്കെ മാറ്റാറുണ്ട്.
മനഃപൂർവം പ്രോഗ്രസീവ് ആവാനും ശ്രമിക്കാറില്ല. കാരണം അങ്ങനെ ചെയ്യുമ്പോൾ മുഴച്ച് നിൽക്കും. പടത്തിനോ ആ കഥാപാത്രത്തിനോ യോജിക്കുന്നതാവില്ല അത്. ക്യാരക്ടറിന്റെ ഒരു ലോജിക്കിലാണ് അത് നിൽക്കുന്നത്. ആ ക്യാരക്ടറിന്റെ വായയിൽ നിന്ന് വരുന്നതേ നമുക്ക് പറയാൻ പറ്റുകയുള്ളു.
ഈ പടത്തിൽ സച്ചിൻ എന്ന ക്യാരക്ടർ എത്രത്തോളം ലോകവിവരവും എത്രത്തോളം പൊളിറ്റിക്കൽ കറക്ട്നെസ്സും ഉണ്ടാകും എന്നതിന് അനുസരിച്ചേ അവൻ സംസാരിക്കുകയുള്ളു. അതേപോലെതന്നെ അമൽ ഡേവിസും റീനുവുമെല്ലാം ഇതിനെക്കുറിച്ച് പഠിച്ച് നിൽക്കുന്ന ആളുകൾ അല്ലല്ലോ. അവരുടെ കഥാപാത്രങ്ങൾക്ക് അവരുടേതായിട്ടുള്ള പോരായിമകൾ ഉണ്ടാകും.
ആ പോരായിമകൾ ഉണ്ടാകുമ്പോഴാണ് അവർ മനുഷ്യന്മാരാകുന്നത്. പൊളിറ്റിക്കൽ കറക്ട്നെസ്സ് മനഃപൂർവം തിരുകി കയറ്റിയാൽ അത് ചിലപ്പോൾ ശരിയാകില്ല. നമ്മൾ തെറി പറയുമല്ലോ. അത് നിത്യജീവിതത്തിൽ നമ്മൾ ഉപയോഗിച്ച് പോരുന്ന ഒരു കാര്യമാണ്. സിനിമയിൽ അത് പറ്റില്ലല്ലോ. നമ്മൾ എന്തായാലും കൂട്ടുകാരൊക്കെയായി ഇരിക്കുമ്പോൾ എന്തായാലും തെറി വരും. അത് ഒരിക്കലും സിനിമയിൽ പറ്റില്ല. എനിക്ക് അതൊക്കെ പറയണമെന്ന് ആഗ്രഹമുണ്ട് (ചിരി). പറയാൻ പറ്റില്ല, മ്യുട് ചെയ്യും. ആ സീനേ എടുത്ത് കളയേണ്ടി വരും. സെൻസറിങ് പ്രശ്നങ്ങളൊക്കെ വരും. അങ്ങനെ ചില നിയന്ത്രണങ്ങൾ വെച്ചിട്ടാണ് ഈ സിനിമ ചെയ്തത്.
സൂപ്പർ ശരണ്യയിലെ അജിത് മേനോൻ എന്ന കഥാപാത്രത്തെ അർജുൻ റെഡ്‌ഡിയുടെ സ്പൂഫ് എന്ന രീതിയിൽ ആയിരുന്നല്ലോ അവതരിപ്പിച്ചിരുന്നത്. മറ്റൊരു കഥാപാത്രത്തിന്റെ മാനറിസത്തിൽ ഒരു സോഷ്യൽ ഇശുവിനെ അഡ്രസ് ചെയ്യുമ്പോൾ ഒരു സംവിധായകൻ എന്ന നിലയിൽ സ്ക്രിപ്റ്റിൽ എത്രത്തോളം ശ്രദ്ധ ചെലുത്തിയിട്ടുണ്ട്? ഇത് പോലെ താങ്കളുടെ മൂന്ന് സിനിമയിലും ആന്റി ഹീറോസുകളെ ഉൾപ്പെടുത്തിയിട്ടുണ്ട്. സമൂഹത്തിൽ നിലനിക്കുന്ന ആളുകളെ തുറന്നു കാണിക്കാനാണോ ഇതിലൂടെ ഉദ്ദേശിക്കുന്നത്?
തണ്ണീർമത്തനിൽ അങ്ങനെയൊരു ആൾ നമ്മൾ സമൂഹത്തിൽ കണ്ട ആളല്ല. പക്ഷെ കണ്ട ആളുകളുടെ സാമ്യത ഉണ്ടാകാം. അല്ലാതെ ഇങ്ങനെ സമൂഹത്തിൽ ഒരാളുണ്ട്, ഇയാളെ എടുക്കാം എന്നൊന്നുമല്ല. അതിന് പല ഉദ്ദേശവുമുണ്ട്. അവിടെ ഒരു പ്രശനം ഉണ്ടാകണം. ജെയ്‌സണ് ഒരു കോൺഫ്ലിക്റ്റ് വേണം. ജെയ്‌സന്റെ ഒരു ഐഡിയോളജി ഉണ്ട്. ആ ഐഡിയോളജിക്ക് വിപരീതമായിട്ടുള്ള ഒരാളായിക്കണം. അങ്ങനെയുള്ള സാറന്മാരുണ്ട്. അതൊക്കെ ചെറുതാണ് കേട്ടോ, പറഞ്ഞുവരുമ്പോൾ അതിലെ രവി പത്മനാഭൻ വളരെ നിർദോഷകരമായ ഒരാളാണ്. അതൊന്നുമല്ല , അതിന് അപ്പുറത്തേക്കുള്ള ആളുകളുണ്ട്. അല്ലാതെ ഇങ്ങനെയുള്ള ഒരുകൂട്ടം ആളുകളെ തുറന്ന് കാണിക്കുക എന്ന ഉദ്ദേശമൊന്നും ഉണ്ടായിരുന്നില്ല.
പിന്നെ സൂപ്പർ ശരണ്യയിൽ അർജുൻ റെഡ്‌ഡിയുടെ സ്പൂഫ് മനഃപൂർവം ഉപയോഗിച്ചതാണ്. അർജുൻ റെഡ്‌ഡി ഭയങ്കര ഇറിറ്റേറ്റിങ് ആയിട്ട് എനിക്ക് തോന്നിയിരുന്നു. അത് ഒരു നിലക്കും അനുവദിക്കാൻ പറ്റില്ല. നമ്മളുടെ കോളജിലൊക്കെ അങ്ങനെയുള്ള ഒരുത്തൻ പഠിച്ചിട്ടുണ്ടെങ്കിൽ അപ്പോൾ തന്നെ ഇടി കൊണ്ട് ചത്തേനെ. ഇങ്ങനെയൊന്നും ഷോ കാണിക്കാൻ പിള്ളേരൊന്നും സമ്മതിക്കില്ല. അതിനെ പിടിച്ചിട്ട് കോമിക്ക് രീതിയിലേക്ക് ആകിയതാണ്. ഓരോരുത്തരുടെ ഫാന്റസി ആണല്ലോ. അതിനോടൊക്കെയുള്ള എതിർപ്പ് ഉള്ളതുകൊണ്ടാണ് അങ്ങനെയൊരു കഥാപാത്രത്തെ വെച്ചത്.
പിന്നെ ഇതിൽ(പ്രേമലു) ഒരു പ്രത്യേക ആളെ ആ രീതിയിൽ അവതരിപ്പിച്ചിട്ടില്ല. ആദി എന്നുള്ള ഒരാൾ നമ്മൾ പല ആളുകളിൽ നിന്നുള്ള ഇറിറ്റേറ്റിങ് ആയിട്ടുള്ള കാര്യങ്ങൾ എടുത്ത് ഒരു കോമിക് കഥാപാത്രം ഉണ്ടാക്കിയതാണ്. ഇതിലുള്ള ആദി ചെറിയ ഡോസിലുള്ള ഒരാളാണ്. അതൊന്നുമല്ല, അതിന് എത്രയോ മുകളിലുള്ള ആളുകളുണ്ട്. അതിന്റെയൊക്കെ ചെറിയ വേർഷനാണ് ആദി.
ഹൃദയത്തിലെ സ്പൂഫ് പ്രേമലുവിൽ ഉപയോഗിക്കാനുള്ള തീരുമാനത്തിന് പിന്നിൽ?
അത് സിനിമയിലെ സിറ്റുവേഷനുകൾ യോജിച്ച് വന്നപ്പോൾ ഉപയോഗിച്ചു എന്നേയുള്ളു. ഹൃദയത്തിൽ തമിഴ് നാട്ടിലെ ഒരു കോളേജാണ് ഇതിലും തമിഴ് നാടാണ്. അപ്പോൾ വന്ന ഐഡിയയിൽ നിന്നാണ് അത് എടുത്തത്. അല്ലാതെ ഹൃദയത്തെ മനഃപൂർവം ഉൾപ്പെടുത്തിയതല്ല. വിനീത് ഏട്ടൻ കഴിഞ്ഞ ദിവസം എന്നെ വിളിച്ചിരുന്നു. പടം കണ്ടിട്ടില്ല ഹൃദയത്തിന്റെ കാര്യങ്ങൾ ഉണ്ടെന്ന് പറഞ്ഞ് പുള്ളി കുറെ ചിരിക്കുകയൊക്കെ ചെയ്തു.
അതേപോലെ റീനുവിനെ കല്യാണ വീട്ടിൽ വെച്ച് കാണുന്നത് ഹൃദയത്തിൽ ഉള്ളതാണ്. സിറ്റുവേഷൻസ് ഒക്കെ ഒരുപോലെ വരുമ്പോൾ നമുക്ക് ഹൃദയത്തിന്റെ റെഫെറെൻസുകൾ ഓർമ വരും. അങ്ങനെ അതിനെ പാരഡി ചെയ്യാം എന്ന് കരുതി വരുന്നതാണ് അതൊക്കെ.
താങ്കളുടെ ആദ്യ ചിത്രമായ തണ്ണീർമത്തൻ ദിനങ്ങളിലെ നെസ്‌ലന്റെ കഥാപാത്രം ഏറെ പ്രശംസ നേടിയിരുന്നു. തുടച്ചയായ മൂന്ന് ചിത്രങ്ങളിലും നെസ്‌ലൻ ഉണ്ടല്ലോ?
തണ്ണീർമത്തൻ ദിനങ്ങളിൽ ഓഡിഷൻ നടത്തി അതിൽ നിന്ന് കൊള്ളാവുന്ന പിള്ളേരെ എടുത്തതാണ്. അന്ന് നസ്‌ലൻ എന്ന ഒരാളെ അറിയില്ലല്ലോ. ആദ്യമായിട്ട് അഭിനയിക്കുകയാണല്ലോ. രണ്ടാമത്തെ പടത്തിൽ ഒരു ക്യാരക്ടർ വന്നപ്പോൾ നസ്‌ലനെ വിളിക്കുകയായിരുന്നു. സൂപ്പർ ശരണ്യയിൽ ആദ്യ സ്റ്റേജിൽ നസ്‌ലൻ ശരിക്കും പറഞ്ഞാൽ ഇല്ലായിരുന്നു. അത് സംഗീതിനെകൊണ്ട് ചെയ്യിപ്പിക്കാനായിരുന്നു ആദ്യം കരുതിയത്. പിന്നെ അത് മാറ്റി നസ്‌ലനാക്കി, സംഗീതിന് വേറൊരു റോൾ കൊടുത്തു.
ഇതിൽ പിന്നെ തുടക്കത്തിൽ തന്നെ നസ്‌ലൻ ഉണ്ടായിരുന്നു. അപ്പോഴേക്കും നസ്‌ലൻ ഒരു നായകൻ എന്നതിലേക്ക് വന്നിരുന്നു. എനിക്ക് അവന്റെ ആക്ടിങ് നല്ല ഇഷ്ടമാണ്. മലയാളികൾക്ക് ഇഷ്ടപെടുന്ന മാനറിസങ്ങൾ അവനുണ്ട്.
സംഗീതിന്റെ പ്രേമലുവിലേക്കുള്ള എൻട്രി എങ്ങനെയാണ്?
സംഗീതിനെ എനിക്ക് മുൻപേ അറിയാമായിരുന്നു. തണ്ണീർമത്തന്റെ സമയം മുതൽ അറിയാം. എഡിറ്റർ ഷമീർ മുഹമ്മദിന്റെ അസ്സോസിയേറ്റ് ആയിരുന്നു സംഗീത്. തണ്ണീർമത്തനിലെ സ്പോട് എഡിറ്റർ ആയിരുന്നു. അതുകൊണ്ട് സംഗീത് എപ്പോഴും എന്റെ കൂടെ ഉണ്ടാകും. സ്പോട് എഡിറ്റർ എപ്പോഴും ഡയറക്ടറുടെ കൂടെ ഇരിക്കും.
എന്റെ സെറ്റിൽ ഞാനും സ്പോട് എഡിറ്ററും ആയിരിക്കും ഏറ്റവും കൂടുതൽ സംവദിക്കുക. അതുപോലെ ക്യാമറമാനോടും. അന്ന് തുടങ്ങി സംഗീതിനെ അറിയാം. അവന്റെ മാനറിസങ്ങളും കാര്യങ്ങളുമെല്ലാം കണ്ടപ്പോൾ ആക്ടിങ് പറ്റുമെന്ന് തോന്നിയിരുന്നു. പിന്നെ സൂപ്പർ ശരണ്യയിൽ ചെറിയ റോൾ ചെയ്തു. ഹൃദയത്തിൽ ചെയ്തിട്ടുണ്ട്. പ്രേമലുവിലേത് മുഴുനീള കഥാപാത്രമാണ്. ചെറിയ റോളുകളാണ് അവൻ ചെയ്തിട്ടുള്ളത്. ഓഡിഷൻ ചെയ്തപ്പോൾ കോൺഫിഡൻസ് ആയി.
മൂന്ന് കാലഘട്ടത്തിലെ പ്രണയ കഥകളാണ് തണ്ണീർമത്തൻ ദിനങ്ങൾ, സൂപ്പർ ശരണ്യ, പ്രേമലു എന്നീ ചിത്രങ്ങളിൽ പറയുന്നത്. പ്രണയം എന്ന ആശയത്തിലേക്ക് എത്തിയതിനെക്കുറിച്ച് ഒന്ന് പറയാമോ? ഒരു സംവിധായകൻ എന്ന നിലയിൽ പ്രണയത്തിൽ നിന്നും മാറി മറ്റു സബ്ജെക്റ്റുകൾ ചെയ്യണമെന്ന് തോന്നിയിട്ടില്ലേ?
സിനിമ ഒരു കരിയർ ആണ്. ഞാൻ ഒരു ആക്ടിവിസം ചെയ്യുന്ന ഒരാളുമല്ല. എന്റെ വർക്കിലൂടെ എനിക്കത് ചെയ്യാൻ പറ്റില്ല. വേറെ രീതിയിൽ ചെയ്യാൻ പറ്റും. എന്റെ വർക്ക് എന്ന് വെച്ചാൽ എന്റെ ഐഡിയോളജി പ്രചരിപ്പിക്കാനുള്ള ഒരു മാർഗമായിട്ടല്ല ഞാൻ സിനിമയെ കാണുന്നത്. അത് അറിയാതെ വരുന്നുണ്ടാകും. അല്ലാതെ പ്രത്യേക ഉദ്ദേശത്തോടു കൂടിയല്ല ഞാൻ എന്റെ വർക്കിനെ സമീപിക്കുന്നത്. അത് ഒരു സുഖമുള്ള കാര്യമല്ല. അങ്ങനെ ചെയ്യുമ്പോൾ ആ പടം നന്നാവില്ലെന്നാണ് ഞാൻ വിശ്വസിക്കുന്നത്.
പ്രണയം എന്ന് പറഞ്ഞുകഴിഞ്ഞാൽ ഒരു മോശമായിട്ടുള്ള കാര്യമോ, അത് സിനിമയിൽ വരാൻ പാടില്ലാത്ത കാര്യമോ, ലോ ആർട്ട് ആണാണെന്നോയുള്ള യാതൊരു തോന്നലും എനിക്കില്ല. എനിക്ക് അങ്ങനെയുള്ള പടങ്ങൾ കാണാനാണ് ഇഷ്ടം. മലയാളത്തിൽ അങ്ങനെയുള്ള പടങ്ങൾ വളരെ കുറവുമാണ്.
ഭയങ്കര ഫോർമാലിറ്റി ആയിട്ടുള്ള പ്രണയ രംഗങ്ങളും കാര്യങ്ങളൊക്കെയാണ് നമ്മൾ കുറെ കണ്ടിട്ടുള്ളത്. അത് ഇല്ല എന്നല്ല, മറിച്ചത് വളരെ കുറവാണ്. അതുകൊണ്ട് എനിക്കത് ചെയ്യാൻ നല്ല ഇഷ്ട്ടമാണ്. ഇനി വേറെ എന്തെങ്കിലും ചെയ്യുമോയെന്ന് ചോദിച്ചാൽ മനസിൽ വരികയാണെങ്കിൽ തീർച്ചയായും ചെയ്യും. അതിന് നല്ല താത്പര്യം വേണം. അല്ലാതെ ഞാൻ സോഷ്യൽ റെസ്പോണ്സിബിൾ ആയിക്കളയാം എന്ന് തീരുമാനിച്ച് എനിക്ക് ചെയ്യാൻ പറ്റില്ല.
ഞാൻ വ്യക്തിപരമായ രീതിയിലാണ് കാര്യങ്ങൾ കാണുന്നത്. ഒരു ക്യാരക്ടർ അയാളുടെ ഒരു സൈക്കോളജി എന്ന് പറയില്ലേ, അയാളുടെ മനസികമായിട്ടുള്ള കാര്യങ്ങളിലാണ് ഞാൻ കാണാറുള്ളത്. ആ ഒരു വ്യക്തിക്ക് സംഭവിക്കുന്നത് അങ്ങനെ ചെയ്യാനാണ് എനിക്ക് കുറച്ചുകൂടി കംഫർട്ടബ്ൾ ആയിട്ടുള്ളത്.
മറ്റുള്ള സബ്ജെക്റ്റുകൾ എടുക്കാൻ കഴിവുള്ള ആളുകൾ വേറെയുമുണ്ടല്ലോ. പ്രണയം അല്ലാത്ത പടങ്ങൾ ചെയ്യുമോയെന്ന് ചോദിച്ചാൽ എന്തായാലും ചെയ്യും. അങ്ങനെയുള്ള പടങ്ങൾ മനസിൽ വരികയാണെങ്കിൽ, സ്ക്രിപ്റ്റ് ഒക്കെ വരികയാണെങ്കിൽ നമ്മൾക്ക് ഇഷ്ടപെടുകയാണെങ്കിൽ തീർച്ചയായും ചെയ്യും.
ജീവിതത്തിലെ പ്രണയം താങ്കളുടെ സിനിമയിൽ ഉൾപ്പെടുത്തിയിട്ടുണ്ടോ?
അത് ഉണ്ടാകുമല്ലോ. പടത്തിലെ സംഭവങ്ങളൊന്നും ആയിരിക്കില്ല. ചില സംഭാഷണങ്ങൾ ചില മൊമെന്റ്‌സൊക്കെ നമ്മളുടെ ലൈഫിൽ നിന്നൊക്കെ എടുക്കുന്നതായിരിക്കും. മനഃപൂർവം എടുക്കുന്നതായിരിക്കില്ല. എഴുതി വരുമ്പോൾ ചില കാര്യങ്ങൾ ഓർമ വരുമ്പോൾ അതിലേക്ക് ആഡ് ചെയ്യുന്നതാണ്.
സിനിമാ റിവ്യൂവുമായി ബന്ധപ്പെട്ട് ഇപ്പോൾ ഉയർന്ന് വരുന്ന വിവാദങ്ങളെ എങ്ങനെയാണ് കാണുന്നത്? സിനിമ റിവ്യൂ ചെയ്യുന്നതിനെക്കുറിച്ച് എന്താണ് അഭിപ്രായം? റിവ്യൂ സിനിമയെ മോശമായി ബാധിക്കുമെന്ന അഭിപ്രായം താങ്കൾക്കുണ്ടോ?
അഭിപ്രായം പറയുന്നതിനെ നമുക്ക് എതിർക്കാൻ പറ്റില്ലല്ലോ. അഭിപ്രായത്തിൽ നിന്ന് തന്നെയാണ് റിവ്യൂസ് വരുന്നത്. റിവ്യൂ ചെയ്യുന്ന ഒരാളുടെ അഭിപ്രായങ്ങളാണ് പറയുന്നത്. അവർക്ക് അവരുടേതായ ഫാൻ ബേസ് ഉണ്ടാകും. ഫാൻസിനെ രസിപ്പിക്കാനുള്ളതൊക്കെ ചേർത്ത് അവർ പറയുന്നു.
ആ റിവ്യൂകൾ മാത്രം ഡിപെൻഡ് ചെയ്ത് തിയേറ്ററിൽ പോകുന്ന പ്രേക്ഷകരോടാണ് എനിക്ക് പറയാനുള്ളത്. നമുക്ക് താത്പര്യമുള്ള പടമാണെങ്കിൽ പോകുക. അതിനെകുറിച്ച് പ്രത്യേകിച്ച് അഭിപ്രായമൊന്നും പറയാൻ പറ്റില്ല. ഒരാളോടും റിവ്യൂ ചെയ്യരുത് യൂട്യൂബിൽ ഇടരുത് ഫേസ്‌ബുക്കിൽ ഇടരുതെന്ന് എന്നൊന്നും പറയാൻ പറ്റില്ല.
ഇതൊന്നും നമ്മുടെ കയ്യിൽ നിക്കുന്ന കാര്യമല്ല. ഒരാളോട് അഭിപ്രായം പറയരുത് എന്ന് പറയാൻ എനിക്ക് അവകാശമില്ല. എന്റെ പടത്തിന് റിവ്യൂ ചെയ്യരുത് എന്ന് പറയാൻ പറ്റില്ലല്ലോ. ഒരു മോശം റിവ്യൂ വരുമ്പോൾ അത് നമ്മുടെ സിനിമ അറ്റാക്ക് ചെയ്യാനാണെന്ന് തോന്നുമായിരിക്കും. ചിലപ്പോൾ മനഃപൂർവം ചെയ്യുന്നതുമുണ്ടാകും. പക്ഷെ ആ സിനിമക്ക് ക്വോളിറ്റി ഉണ്ടെങ്കിൽ തിയേറ്ററിൽ പോയി കാണുമെന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. അതുകൊണ്ട് റിവ്യൂ പടത്തിനെ ബാധിക്കുമെന്ന് എനിക്ക് തോന്നുന്നില്ല. റിവ്യൂവിന്റെ കാര്യത്തിൽ സിനിമാ മേഖലയിൽ ഉള്ളവർക്കെല്ലാം ആശയ കുഴപ്പമുണ്ട്. നമുക്ക് ആരുടേയും വായ മൂടികെട്ടാൻ പറ്റില്ല.
പ്രേമലു കണ്ട് സിനിമാ മേഖലയിൽ നിന്ന് വന്ന ഏതെങ്കിലും സർപ്രൈസിങ് കോളുകൾ ഉണ്ടായിരുന്നോ?
സത്യൻ അന്തിക്കാട് സാർ വിളിച്ചിരുന്നു. അത് ഭയങ്കര സന്തോഷമായിരുന്നു. പുള്ളി കുടുംബമൊക്കെയായി പോയി കണ്ടു. പടത്തിനെക്കുറിച്ച് കുറെ നേരം സംസാരിച്ചു. പുള്ളി നല്ല ഹാപ്പിയായിരുന്നു. സത്യൻ സാറിനെയൊക്കെ ആശാനെപ്പോലെ കാണുന്ന ഒരാളാണ് ഞാൻ. സത്യൻ സാറിന്റെ പടങ്ങളാണ് ഞാനിപ്പോൾ റിപ്പീറ്റ് കാണാറുള്ളത്. പുള്ളി വിളിക്കുക എന്ന് പറഞ്ഞാൽ ഒരു അംഗീകാരമായിട്ടാണ് ഞാൻ കാണുന്നത്. സത്യൻ സാറും സാറിന്റെ മക്കൾ അഖിലും അനൂപുമൊക്കെ സംസാരിച്ചിരുന്നു.
ഭാവന സ്റ്റുഡിയോസിനെ തന്നെയായിരുന്നോ പ്രേമലു നിര്‍മിക്കാനായി ആദ്യം സമീപിച്ചത്? ഫഹദ് ഫാസിലിന്റെ ഇടപെടൽ എത്രത്തോളം ഉണ്ടായിരുന്നു.
ശരിക്കും പ്രേമലുവിന്റെ സ്ക്രിപ്റ്റ് വേറൊരു പ്രൊഡക്ഷന് വേണ്ടി എഴുതിയതാണ്. അത് നടക്കാതെ പോയി. ഒരിക്കൽ ദിലീഷ് ഏട്ടനെ കണ്ടപ്പോൾ ഏതെങ്കിലും സ്ക്രിപ്റ്റ് ഉണ്ടോയെന്ന് ചോദിച്ചിരുന്നു. ഇങ്ങനെയൊരു സ്ക്രിപ്റ്റ് ഉണ്ടെന്ന് പറഞ്ഞു. പക്ഷെ ഇത് ഭാവന സ്റ്റുഡിയോസ് ചെയ്യുമെന്ന് എനിക്ക് അറിയില്ലായിരുന്നു. അതുകൊണ്ടാണ് ഞാൻ ആദ്യമേ സമീപിക്കാതിരുന്നത്.
പ്രേമലുവിന്റെ കഥ പറഞ്ഞപ്പോൾ തന്നെ അവർക്ക് ഇഷ്ടപ്പെട്ടു. അങ്ങനെയാണ് ദിലീഷേട്ടൻ ഇതിന്റെ ഭാഗമാകുന്നത്. ഫഹദ് ഇങ്ങനെയുള്ള ഡിസ്കഷൻ പരിപാടിയിൽ ഒന്നും ഉണ്ടാവാറില്ല. എല്ലാം പോത്തേട്ടനും ശ്യാമേട്ടനുമാണ് ചെയ്യുക. അന്നൗൺസിങ്ങിന്റെ സമയത്ത് മാത്രമാണ് ആളെ നേരിട്ട് കണ്ടിട്ടുള്ളു. ഒരു പ്രാവശ്യമേ കണ്ടിട്ടുള്ളു.
നസ്‌ലൻ ലീഡ് റോളിൽ എത്തുന്ന ഐ ആം കാതലന്റെ അപ്ഡേഷൻ വല്ലതും ആയോ?ഇനി വരാനിരിക്കുന്ന ചിത്രങ്ങൾ ഏതൊക്കെയാണ്? മുൻനിര താരങ്ങളെവെച്ച് എന്തെങ്കിലും ചിത്രങ്ങൾ പ്ലാൻ ചെയ്തിട്ടുണ്ടോ?
ആ പടം ഇതിന് മുൻപ് വരേണ്ടതായിരുന്നു. കഴിഞ്ഞ ഏപ്രിലിൽ റിലീസ് ചെയ്യാൻ കരുതിയതായിരുന്നു. ഷൂട്ട് ഒരു വർഷമായി കഴിഞ്ഞിട്ട്. ബാക്കി പോസ്റ്റ് പ്രൊഡക്ഷൻ പരിപാടികളുണ്ട്. സൈബർ ക്രൈമിനെ സംബന്ധിച്ചുള്ള ഒരു സിനിമയാണ്. ഒരു ചെറിയ ത്രില്ലർ ഴോണറിലുള്ള സിനിമയാണ്. ഭയങ്കര ത്രില്ലർ എന്നല്ല. ത്രില്ലർ സ്വഭാവമുള്ള സിനിമയാണ്.
തണ്ണീർമത്തൻ ചെയ്യുമ്പോൾ ആ കഥ മനസിൽ ഉണ്ടായിരുന്നു. ബാക് റ്റു ബാക് വേറെയും പ്രൊജെക്ടുകൾ വന്നത് കൊണ്ട് അതിലേക്ക് ഇരിക്കാൻ കഴിഞ്ഞില്ല. മിക്കവാറും അടുത്തതായി ചെയ്യാൻ പോകുന്നത് അതായിരിക്കും. അത് എഴുതിയിട്ടില്ല. എഴുത്തും പരിപാടിയും കഴിഞ്ഞിട്ടില്ല. നായകൻ ആരാണെന്ന് മനസിലുണ്ട്. അത് ഈ ഘട്ടത്തിൽ പറയുന്നില്ല.സെറ്റായിട്ട് പറയാം.
Content Highlight: Interview with Gireesh A.D