| Thursday, 2nd November 2017, 4:14 pm

ഉന്നയിക്കുന്ന ആവശ്യം ന്യായമാണ്; അതുകൊണ്ട് സമരം മറ്റിടങ്ങളിലേക്ക് പടരുക തന്നെ ചെയ്യും, വിജയവും; ഗെയില്‍ സമരസമിതി നേതാവ് സംസാരിക്കുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജനവാസകേന്ദ്രങ്ങളില്‍ ഗെയില്‍ പൈപ്പ്‌ലൈന്‍ പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുന്നതിനെതിരെ പദ്ധതി കടന്നുപോകുന്ന പ്രദേശത്തെ ജനങ്ങള്‍ പ്രക്ഷോഭത്തിലാണ്. സുരക്ഷ ഉറപ്പാക്കണമെന്നും മതിയായ നഷ്ടപരിഹാരം നല്‍കണമെന്നുമാണ് പ്രദേശവാസികള്‍ ആവശ്യപ്പെടുന്നത്‌.

കോഴിക്കോട് എരഞ്ഞിമാവില്‍ ഗെയില്‍ പദ്ധതിക്കെതിരായി നടന്നു വരുന്ന സമരം കഴിഞ്ഞദിവസമാണ് അക്രമാസക്തമായത്. സമരക്കാരും പൊലീസും തെരുവില്‍ മണിക്കൂറുകളോളം ഏറ്റുമുട്ടി. ജനവാസ മേഖലകളിലൂടെ പൈപ്പ് ലൈന്‍ കൊണ്ടുപോകാന്‍ അനുവദിക്കില്ലെന്ന് സമരസമിതി ഉറച്ചനിലപാടെടുത്തതോടെയാണ് മലപ്പുറം കോഴിക്കോട് ജില്ലയില്‍ പദ്ധതി വഴിമുട്ടിയത്.

കഴിഞ്ഞ ദിവസം അധികൃതര്‍ എത്തിയതോടെയായിരുന്നു നാട്ടുകാര്‍ സംഘടിച്ചത്. സമരം അക്രമസക്തമാകാനുണ്ടായ കാരണത്തെകുറിച്ചും തങ്ങള്‍ ഉന്നയിക്കുന്ന ആവശ്യങ്ങളെ കുറിച്ചും സമരസമിതി ലീഗല്‍ സെല്‍ ചെയര്‍മാന്‍ വി.ടി പ്രദീപ് കുമാറുമായി ഡൂള്‍ന്യൂസ് പ്രതിനിധി ആര്യ അനൂപ് നടത്തിയ അഭിമുഖം

പ്രദീപ് കുമാര്‍

ഒരുമാസമായി സമാധാനപരമായി തുടരുന്ന സമരം പെട്ടെന്ന് അക്രമാസക്തമാകാനുള്ള പ്രധാനകാരണം എന്താണ്?

ഒരു മാസമല്ല, വര്‍ഷങ്ങളായി ഞങ്ങള്‍ സമരരംഗത്തുണ്ട്. ഒരു മാസം മുന്‍പ് ഗെയിലിന്റെ ജോലിക്കാര്‍ ഇവിടെയെത്തി ഒരാഴ്ച പണിയെടുത്തു. തുടര്‍ന്ന് ഒരു മാസം മുന്‍പ് ഞങ്ങള്‍ പന്തലുകെട്ടി സമരം തുടങ്ങി. ഇന്നലെ ഇവര്‍ വീണ്ടും ജോലിക്ക് വന്നു. ആയിരത്തോളം ആളുകള്‍ അന്ന് സമരരംഗത്തുണ്ടായിരുന്നു. അതുകൊണ്ട് പൊലീസ് തിരിച്ചുപോയി.

ഇന്നലെ അത്രയും ജനങ്ങളുണ്ടായിരുന്നില്ല. വളരെ സമാധാനപരമായിട്ട് തന്നെയാണ് സമരം നീങ്ങിയത്. എന്നാല്‍ സമരക്കാരുടെ ഇടയിലേക്ക് പൊലീസിനെ ഇറക്കിവിട്ട് സമരത്തെ അടിച്ചൊതുക്കുകയായിരുന്നു അധികാരികള്‍.

സമരത്തിന് തീവ്രവാദ സ്വഭാവമുള്ള സംഘടനയുടെ പിന്തുണയുണ്ടെന്നും സമരത്തില്‍ പങ്കെടുക്കാന്‍ മലപ്പുറത്ത് നിന്ന് വരെ ചിലയാളുകള്‍ എത്തിയെന്നും പൊലീസ് പറയുന്നുണ്ടല്ലോ?

തീവ്രവാദ സ്വഭാവമുള്ള സംഘടന എന്ന് പൊലീസ് പറഞ്ഞത് എന്താണെന്ന് ഞങ്ങള്‍ക്ക് മനസിലായിട്ടില്ല. പങ്കെടുത്തവരില്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടിയിലുമുള്ള ആള്‍ക്കാരുമുണ്ട്. മലപ്പുറത്ത് നിന്ന് പ്രത്യേകം എത്തിയെന്നും പറയാന്‍ കഴിയില്ല. കാരണം ഇത് എറണാകുളം മുതല്‍ കാസര്‍ഗോഡ് വരെയുള്ള ലൈനാണ്. ഈ ലൈനില്‍ എവിടെ സമരം നടക്കുമ്പോഴും എല്ലായിടത്തുമുള്ള ആള്‍ക്കാരും പരസ്പരം എത്തിച്ചേരാറുണ്ട്.

അല്ലാതെ കോഴിക്കോട് ജില്ലയില്‍ സമരം നടക്കുകയാണെങ്കില്‍ മുക്കം പഞ്ചായത്തിലെ മാത്രം ആളുകളെ ഉപയോഗിച്ച് സമരം ചെയ്യാന്‍ കഴിയില്ല. അതുകൊണ്ട് തന്നെ മുക്കം പഞ്ചായത്തിലേക്ക് അടുത്ത ജില്ലയില്‍ നിന്നും ആളുകള്‍ എത്തിച്ചേരുക എന്നത് സ്വാഭാവികം മാത്രമാണ്.

എസ്.ഡി.പി.ഐയും വെല്‍ഫെയര്‍ പാര്‍ട്ടിയും ഇന്നോ ഇന്നലെയോ സമരത്തിന് എത്തിയതല്ല. അവര്‍ തുടക്കം മുതലേ സമരത്തിന് പിന്തുണയുമായി ഉണ്ട്. സമരം തുടങ്ങിയ കാലം മുതലേ സി.പി.ഐ.എം ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ സഹായവുമായി രംഗത്തുണ്ട്. ഈ സമരത്തെ വഴിതിരിച്ച് വിടുന്നതിന് വേണ്ടിയാണ് ഗവണ്‍മെന്റിന്റെ ഭാഗത്ത് നിന്നും ചില ആളുകള്‍ സമരത്തിന് തീവ്രവാദ സ്വഭാവം ചാര്‍ത്തി നല്‍കുന്നത്.

സമരത്തിന്റെ മറവില്‍ നടന്നത് പൊലീസ് സ്റ്റേഷന്‍ ആക്രമണമാണെന്നും സ്റ്റേഷന്‍ ആക്രമിക്കുകയെന്ന ലക്ഷ്യത്തോടെ കല്ലുകളും വടികളുമായാണ് സമരക്കാര്‍ എത്തിയതെന്നുമാണ് പൊലീസ് ഭാഷ്യം. അത്തരത്തില്‍ ഒരു പൊലീസ് സ്റ്റേഷന്‍ ആക്രമണമാണോ യഥാര്‍ത്ഥത്തില്‍ നടന്നത്?

അങ്ങനെയൊരു സംഭവമേ സമരസമിതിയുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല. സമരസമിതിയില്‍ ആരും ആയുധങ്ങളോ കല്ലുകളോ ആയിട്ടല്ല സ്‌റ്റേഷനിലേക്ക് പോയത്. ഞങ്ങള്‍ക്കൊപ്പം എം.പിയുമുണ്ടായിരുന്നു. എം.പിക്കൊപ്പം പോകുമ്പോള്‍ ആരെങ്കിലും ആയുധവുമായി പോകുമോ?

ഏതെല്ലാം പാര്‍ട്ടികളുടെ പിന്തുണ നിങ്ങളുടെ സമരത്തിന് ഇപ്പോള്‍ ഉണ്ട്?

സി.പി.ഐ.എം അടക്കമുള്ള എല്ലാ രാഷ്ട്രീയപാര്‍ട്ടികളുടേയും പിന്തുണയിലാണ് ഇവിടെ സമരം നടക്കുന്നത്. ഞങ്ങള്‍ ഉണ്ണികുളത്ത് കൊടികുത്തിയിട്ട് ചര്‍ച്ചയ്ക്ക് ഇരിക്കുകയാണ് ഇപ്പോള്‍. സി.പി.ഐ.എമ്മിന്റെ അടക്കം നേതാക്കന്‍മാര്‍ ഇവിടെയുണ്ട്.
അക്രമണത്തില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് പങ്കുണ്ടെന്ന് കോഴിക്കോട് എസ്.പി എം.കെ പുഷ്‌കരന്‍ പറഞ്ഞിരുന്നു, എന്താണ് അതില്‍ പറയാനുള്ളത് ?

ഇന്ന രാഷ്ട്രീയപാര്‍ട്ടി അല്ലെങ്കില്‍ ഇന്ന സംഘടന എന്ന് നമുക്ക് പറയാന്‍ പറ്റില്ലല്ലോ. ഇങ്ങനെയൊരു വിഷയത്തിലേക്ക് ആള്‍ക്കാര്‍ സംഘടിച്ചപ്പോള്‍ നിരവധി പേര്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്. അതില്‍ ഇങ്ങനെയുള്ള സംഘടനയില്‍പ്പെട്ട ആളുകള്‍ ഉണ്ടോയെന്ന് പറയാന്‍ കഴിയില്ല. പൊതുജനങ്ങളാണ് സമരത്തില്‍ വരുന്നത്. അതില്‍ ഓരോരുത്തരും ഏത് പാര്‍ട്ടിക്കാരാണെന്ന് നമുക്ക് പറയാന്‍ കഴിയില്ല.

ജനവാസമേഖലയിലൂടെ മാത്രമാണോ ഇവിടെ പൈപ്പ് ലൈന്‍ കടന്നുപോകുന്നത്?

മൊത്തത്തില്‍ ഇത് 503 കിലോമീറ്റര്‍ പോകുന്നതില്‍ 321 കിലോമീറ്റര്‍ മാത്രമേ വയലിലൂടെ പോകുന്നുള്ളൂ. ബാക്കി മുഴുവന്‍ ജനവാസമേഖലയിലൂടെയാണ് പോകുന്നത്.

തൃശൂരില്‍ കോള്‍പാടങ്ങളിലൂടെയാണ് പോകുന്നത്. എന്നാല്‍ ഇരിങ്ങാലക്കുടയിലെത്തുമ്പോള്‍ ജനസാന്ദ്രതയുള്ള സ്ഥലങ്ങളിലൂടെയാണ് പൈപ്പ് ലൈന്‍ പോകുന്നത്. കോഴിക്കോട് ജില്ലയില്‍ കാരശ്ശേരി കഴിഞ്ഞാല്‍ മുക്കത്ത് കൂടെ വരുന്നത് വയലിലൂടെയാണ്. ഓമശ്ശേരിയിലും വയലിലൂടെയാണ് പോകുന്നത്. പക്ഷേ മറ്റ് സ്ഥലങ്ങളിലെല്ലാം ജനവാസ മേഖലകളിലൂടെ തന്നെയാണ് പൈപ്പ് ലൈന്‍ പോകുന്നത്.

ജനസാന്ദ്രത കുറഞ്ഞ ഇടങ്ങളിലാണ് പദ്ധതിക്കുവേണ്ടി സര്‍വ്വെ നടത്തിയിരുന്നത് എന്നും എന്നാല്‍ പിന്നീട് ആളുകള്‍ സ്ഥലം വില്‍ക്കുകയും നിര്‍മ്മാണ പ്രവൃത്തികള്‍ നടത്തുകയായിരുന്നുവെന്നും ഈ നടപടി വില്ലേജ് അധികാരികള്‍ തടയാത്തതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്നും ഉദ്യോഗസ്ഥര്‍ പറയുന്നുണ്ട്, അതില്‍ എന്തെങ്കിലും വസ്തുതയുണ്ടോ?

ഒരിക്കലുമല്ല. കൃത്യമായ സര്‍വേ നടന്നിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ഇവര്‍ ഏരിയല്‍ സര്‍വേയുടെ അടിസ്ഥാനത്തില്‍ ഭൂമി ഐഡന്റിഫൈ ചെയ്തു. അതിന് ശേഷം ഇവര്‍ ഫിസിക്കല്‍ സര്‍വേ നടത്തിയില്ല. അതാണ് ഇതിന്റെ യാഥാര്‍ത്ഥ്യം.

കട്ടിലിനനുസരിച്ച് കാല് മുറിക്കുന്ന പണിയാണ് അവര്‍ ഇപ്പോള്‍ യഥാര്‍ത്ഥത്തില്‍ ചെയ്യുന്നത്. കൃത്യമായ സര്‍വേ നടത്തി, ഹിയറിങ് നടത്തി കാര്യങ്ങള്‍ എല്ലാം ശരിയാക്കിയിരുന്നെങ്കില്‍ ഇവര്‍ക്ക് ജനവാസമേഖല ഒഴിവാക്കി പദ്ധതി നടപ്പാക്കാമായിരുന്നു.

മാത്രല്ല കോഴിക്കോട് ജില്ലാ കളക്ടറുടെ നിര്‍ദേശപ്രകാരം തഹസില്‍ദാരും വില്ലേജ് ഓഫീസറും ഗെയില്‍ ഉദ്യോഗസ്ഥരും സംയുക്തപഠനം നടത്തി പുഴക്കരയില്‍കൂടിയും വയലിലൂടെയുമെല്ലാം ബദല്‍ റൂട്ട് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ അതുവഴി പദ്ധതി നടത്താന്‍ അവര്‍ തയ്യാറല്ല.

സമരസമിതി ഉന്നയിക്കുന്ന പ്രധാന ആവശ്യങ്ങള്‍ എന്തെല്ലാമാണ്?

ഒന്ന് സുരക്ഷാ മാനദണ്ഡം ഒരുക്കുക, രണ്ടാമത് ഭൂമി ഏറ്റെടുക്കുന്നതിന് ഭൂവുടമകള്‍ക്ക് നിയന്ത്രണാധികാരം കൊടുക്കുന്ന രേഖകള്‍ കൈമാറുക. ഈ രണ്ട് കാര്യങ്ങളേ ഞങ്ങള്‍ ആവശ്യപ്പെടുന്നുള്ളു. സുരക്ഷാ മാനദണ്ഡം പാലിക്കാതെയാണ് പദ്ധതി നടപ്പിലാക്കുന്നതെന്ന് ഹൈക്കോടതി കമ്മീഷന്‍ തന്നെ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് കൊടുത്തിട്ടുണ്ട്.

കോഴിക്കോട് ജില്ലാ കളക്ടര്‍ കഴിഞ്ഞ സെപ്റ്റംബര്‍ 29 ാം തിയതി വിളിച്ച യോഗത്തില്‍ സുരക്ഷാ മാനദണ്ഡത്തില്‍ യാതൊരു വിട്ടുവീഴ്ചയും വരുത്താന്‍ പാടില്ലെന്ന് ഉത്തരവിട്ടുണ്ട്. ഭൂവുടമകളുടെ പറമ്പില്‍ ഗെയില്‍ജീവനക്കാര്‍ കയറുന്നതിന് മുന്‍പ് വില്ലേജ് ഓഫീസര്‍ സ്ഥലം അളന്ന് തിട്ടപ്പെടുത്തി അതിന്റെ രേഖ ഭൂവുടമയ്ക്ക് നല്‍കണം. അതിന് ശേഷം മാത്രമേ പറമ്പില്‍ കയറിട്ട് മരം മുറിക്കാന്‍ പാടുള്ളൂവെന്നും കളക്ടറുടെ ഉത്തരവിലുണ്ട്.

ഞങ്ങള്‍ക്ക് സുരക്ഷാ മാനദണ്ഡം ഒരുക്കുക, പിന്നെ ഞങ്ങളുടെ ഭൂമി ഏറ്റെടുത്തതിന് രേഖ തരുക, അത് മാത്രമേ സമരസമിതി ഉന്നയിക്കുന്നുള്ളൂ. എന്നാല്‍ കളക്ടറുടെ ഉത്തരവ് പോലും അവര്‍ ധിക്കരിക്കുകയാണ്. മുഖ്യമന്ത്രിയെ നേരിട്ട് വിളിച്ചതാണ് അതുകൊണ്ട് കളക്ടറുടെ ഉത്തരവിന് വിലയില്ല എന്നാണ് അവര്‍ പറയുന്നത്.

സമരത്തെ എങ്ങനെ മുന്നോട്ടുകൊണ്ടുപോകാനാണ് തീരുമാനം?

സമരം ശക്തമാക്കാന്‍ തന്നെയാണ് തീരുമാനം. എല്ലാ മേഖലയിലേക്കും സമരം വ്യാപിക്കാന്‍ പോകുകയാണ്. എരഞ്ഞിമാവ്, ഉണ്ണികുളം, താമരശ്ശേരി, നാദാപുരം ഈ മേഖലകളെല്ലാം വരുംദിവസങ്ങളില്‍ ശക്തമായ സമരത്തിലേക്ക് പോകുകയാണ്.

ഇതുവരെ സമരം ഇല്ലാതിരുന്ന പനങ്ങാട് പഞ്ചായത്തില്‍ സമരം ആരംഭിച്ചിട്ടുണ്ട്. സമരം എല്ലാ സ്ഥലത്തേക്കും വ്യാപിപ്പിക്കും. കാരണം ന്യായമായ ആവശ്യങ്ങള്‍ മാത്രമേ സമരസമിതി ഉന്നയിക്കുന്നുള്ളൂ. നിരന്തരമായി നേതാക്കന്‍മാരുമായി ഞങ്ങള്‍ ബന്ധപ്പെടുന്നുണ്ട്. ഉമ്മന്‍ചാണ്ടിയേയും കാനം രാജേന്ദ്രനേയും കണ്ടു.

പക്ഷേ മുഖ്യമന്ത്രിയെ കാണാനുള്ള ഒരു വേദി ഇതുവരെ ഉണ്ടായിട്ടില്ല. മുഖ്യമന്ത്രിയുമായി ഒരുവട്ടം ചര്‍ച്ച ചെയ്യാന്‍ പറ്റിയാല്‍ ഈ വിഷയം പരിഹരിക്കപ്പെടുമെന്ന വ്യക്തമായ ധാരണ ഞങ്ങള്‍ക്കുണ്ട്. മുഖ്യമന്ത്രിയെ ഇക്കാര്യം പറഞ്ഞ് ബോധ്യപ്പെടുത്താനുള്ള ഒരു അവസരം ഞങ്ങള്‍ക്ക് കിട്ടുകയാണെങ്കില്‍, ചര്‍ച്ചയ്ക്ക് ഒരു വേദിയുണ്ടാകുകയാണെങ്കില്‍ പ്രശ്‌നം പരിഹരിക്കും. അതില്‍ നൂറ് ശതമാനം വിശ്വാസമുണ്ട്.

We use cookies to give you the best possible experience. Learn more