| Thursday, 10th November 2022, 7:28 pm

മുസ്‌ലിം പെണ്‍കുട്ടികളുടെ ഹിജാബ് വലിച്ചൂരാന്‍ നീളേണ്ടത് സംഘപരിവാറിന്റെ കൈകളല്ല

നീതു രമമോഹന്‍

സ്വതന്ത്ര ചിന്തകന്‍ ഇ.എ. ജബ്ബാറുമായി നടത്തിയ അഭിമുഖത്തിന്റെ രണ്ടാം ഭാഗം

                                                                     ഇ.എ. ജബ്ബാര്‍

ഇറാനില്‍ മഹ്‌സ അമിനിയുടെ മരണത്തിന് പിന്നാലെ മുടി മുറിച്ചും ഹിജാബ് വലിച്ചൂരിയും സ്ത്രീകളടക്കം പ്രതിഷേധിക്കുകയാണ്. കര്‍ണാടകയിലെ ഹിജാബ് നിരോധനത്തില്‍ സുപ്രീം കോടതിയടക്കം ഇടപെട്ട ഇന്നത്തെ സാഹചര്യത്തില്‍ ഈ പ്രതിഷേധങ്ങള്‍ ഇന്ത്യയെ എങ്ങനെയായിരിക്കും ബാധിക്കുക?

ഇറാനിലെ ഹിജാബ് വിരുദ്ധ പ്രതിഷേധത്തിന്റെ സ്വാധീനം ഇന്ത്യയില്‍ മാത്രമല്ല മുസ്‌ലിം ലോകത്തെല്ലായിടത്തും പടര്‍ന്നുകൊണ്ടിരിക്കുകയാണെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്. ഇസ്‌ലാമിക രാജ്യങ്ങളില്‍ വരെ ഈ പ്രതിഷേധത്തിന് വലിയ സ്വീകരണം ലഭിക്കുകയും മുസ്‌ലിം സ്ത്രീകളെല്ലാം ഇതിന് പിന്തുണയുമായി രംഗത്ത് വരികയും ചെയ്യുന്നുണ്ട്.

അത് ഇന്ത്യയിലും കേരളത്തിലും സംഭവിക്കുന്നുണ്ട്. അല്ലെങ്കില്‍ തന്നെ ഇവിടെ മുസ്‌ലിം പെണ്‍കുട്ടികള്‍ വലിയ ഉണര്‍വിലേക്ക് വരുന്നുണ്ട് എന്നതിന്റെ ലക്ഷണമാണ് ഇക്കഴിഞ്ഞ ഓണാഘോഷത്തിന് നമ്മള്‍ കണ്ടത്.

മലപ്പുറം വണ്ടൂരിലെ ഒരു ഹയര്‍സെക്കന്ററി സ്‌കൂളില്‍ പെണ്‍കുട്ടികള്‍ ഡാന്‍സ് ചെയ്യുന്ന വീഡിയോയാണ് ഇന്റര്‍നാഷണല്‍ മീഡിയയിലടക്കം വന്നത്. മമ്പാട് എം.ഇ.എസ് കോളേജില്‍ നൂറുകണക്കിന് മുസ്‌ലിം പെണ്‍കുട്ടികള്‍ ഓണത്തിന്റെ പ്രത്യേക വേഷം ധരിച്ചുകൊണ്ട് പള്ളിമിനാരങ്ങളുടെ പശ്ചാത്തലത്തില്‍ തിരുവാതിര കളിക്കുന്നതിന്റെ വീഡിയോയും നമ്മള്‍ യൂട്യൂബില്‍ കണ്ടു.

എന്നും ഫണ്ടമെന്റലിസ്റ്റുകളുടെ പിടിയിലുള്ള ഫാറൂഖ് കോളേജിലൊക്കെ നൂറുകണക്കിന് മുസ്‌ലിം പെണ്‍കുട്ടികളാണ് ഡാന്‍സ് കളിച്ചുകൊണ്ട് ഓണമാഘോഷിക്കുന്നത്. അതേസമയം, ഓണമാഘോഷിക്കാന്‍ പാടില്ല, അത് ഹറാമാണ് എന്നൊക്കെ പറഞ്ഞ് കുറേ മൊല്ലാക്കമാര് വഅള് പറയുന്നതും നമ്മള്‍ കാണുന്നുണ്ട്.

എന്നാല്‍ ഇതിന് നേരെ എതിരായുള്ള ഒരു റെസ്‌പോണ്‍സാണ് സമൂഹത്തില്‍ നിന്നും കൂടുതലായും വന്നുകൊണ്ടിരിക്കുന്നത്. ഇതേ പ്രതികരണം ഇറാനില്‍ നടക്കുന്ന സംഭവങ്ങളുടെ ഭാഗമായി ഇവിടെയും വന്നുകൊണ്ടിരിക്കുന്നുണ്ട്, വരും.

മതത്തിന്റെ ഭാവിയെക്കുറിച്ച് എനിക്ക് വലിയ ഉത്കണ്ഠയൊന്നുമില്ല. മതം അതിന്റെ എല്ലാ വിഷപ്പല്ലും കൊഴിഞ്ഞ് ഒരു വിഷമില്ലാത്ത സിംഹമായി കുറച്ചുകാലം കൂടി നിലനില്‍ക്കുമെങ്കിലും മതത്തിന്റെ കാറ്റുപോകുന്ന അവസ്ഥയിലേക്കാണ് ലോകത്ത് എല്ലായിടത്തും കാര്യങ്ങള്‍ നീങ്ങുന്നത്.

പ്രത്യേകിച്ചും സോഷ്യല്‍ മീഡിയയുടെ സ്വാധീനം നമ്മളൊക്കെ കാണുന്നതിനേക്കാളും എത്രയോ വലുതായിരിക്കെ. ഇവിടെയും തീര്‍ച്ചയായും അതിനനുസരിച്ചുള്ള മാറ്റങ്ങളുണ്ടാകും.

ഹിജാബ് വിഷയത്തില്‍ സോഷ്യല്‍ മീഡിയയില്‍ ചിലര്‍ പറയുന്ന ഒരു വാദമുണ്ട്. ഇറാനില്‍ ഹിജാബ് അടിച്ചേല്‍പിക്കുന്ന ഭരണകൂടത്തിനെതിരെ പ്രതിഷേധിക്കുമ്പോള്‍ പക്ഷെ കര്‍ണാടകയില്‍ ഹിജാബ് നിരോധിച്ച ഭരണകൂടത്തെയാണ് ചോദ്യം ചെയ്യുന്നത്. ഈ വൈരുധ്യം ചൂണ്ടിക്കാണിച്ചാണ് കാര്യങ്ങള്‍ മനസ്സിലാക്കാതെ ചിലര്‍ പ്രതികരിക്കുന്നത്. ഹിജാബ് ധരിക്കണമോ വേണ്ടയോ എന്നതിലെ വ്യക്തി സ്വാതന്ത്ര്യത്തിന്റെ പോയിന്റ് മനസിലാക്കാതെയുള്ള ഇത്തരം പ്രതികരണങ്ങളെ കുറിച്ച് എന്താണ് പറയാനുള്ളത്?

ഇതാണ് സാമൂഹ്യ വിഷയങ്ങളിലെ സങ്കീര്‍ണത എന്ന് പറയുന്നത്. അവിടെ നിങ്ങളങ്ങനെ പറഞ്ഞു, ഇവിടെ ഇങ്ങനെ പറയുന്നു എന്ന് ഇതിനെ ലളിതമായി പറയുകയാണ് ചിലര്‍. വൈശാഖന്‍ തമ്പി പറഞ്ഞത് പോലെ, അധികം ബുദ്ധിയൊന്നും ഉപയോഗിക്കാതെ തന്നെ ഇതാണ് ശരിയെന്ന് നമുക്ക് തോന്നും. പക്ഷെ ഇവിടെ ശരിതെറ്റുകള്‍ തീരുമാനിക്കണമെങ്കില്‍ അതില്‍ സോഷ്യല്‍ കോണ്ടക്സ്റ്റ് അല്ലെങ്കില്‍ സാമൂഹ്യ സാഹചര്യം എന്താണെന്ന് നമ്മള്‍ അറിയണം.

കര്‍ണാടകയിലെ പെണ്‍കുട്ടികളുടെ ഹിജാബ് പറിച്ചെറിയാന്‍ നീളേണ്ടത് സംഘപരിവാറുകാരുടെ കൈകളല്ല, എന്നാണ് ഞാന്‍ നേരത്തെയും പറഞ്ഞിട്ടുള്ളത്. അത് അവര്‍ സ്വന്തം കൈകള്‍ കൊണ്ട് തന്നെ വലിച്ചൂരണം. അതിനുള്ള പണികളാണ് നമ്മള്‍ ചെയ്യുന്നത്.

ഇവിടെ ഹിജാബ് നിരോധിക്കാന്‍ വരുന്നവരുടെ ഉദ്ദേശ്യമെന്താണ്, എന്നുള്ള ചോദ്യമാണ് പ്രധാനം. അതില്‍ ഹിജാബ് ധരിക്കാനുള്ള അവരുടെ മനുഷ്യാവകാശത്തിനൊപ്പമാണ് നമ്മള്‍ നില്‍ക്കേണ്ടത്. ഹിജാബ് വേണമോ വേണ്ടയോ എന്നുള്ളത് വേറെ വിഷയമാണ്. പക്ഷെ ഹിജാബ് ധരിക്കാനുള്ള സ്വാതന്ത്ര്യത്തിന് നേരെ ഇത്തരം ദുരുദ്ദേശ്യത്തോടെ ഒരു ഫാസിസ്റ്റ് സംഘം വരുമ്പോള്‍ അവിടെ മനുഷ്യാവകാശത്തിന്റെ കൂടെ നിന്നുകൊണ്ട് മാത്രമേ നമുക്ക് ഹിജാബിനെ കുറിച്ച് സംസാരിക്കാനാവൂ.

അതുകൊണ്ട് തന്നെയാണ് നൂപുര്‍ ശര്‍മയുടെ പ്രശ്‌നം വന്നപ്പോഴും ഞാന്‍ അഭിപ്രായം പറഞ്ഞത്.

നൂപുര്‍ ശര്‍മ പറഞ്ഞ ആ വാചകം ശരിയോ തെറ്റോ എന്നുള്ള പരിശോധനയ്ക്ക് യാതൊരു പ്രസക്തിയുമില്ല. എന്തിന് വേണ്ടി, ഏത് സാഹചര്യത്തില്‍ പറഞ്ഞു, എന്തുമായി ബന്ധപ്പെട്ടാണ് ആ ചര്‍ച്ച നടന്നത് എന്നതാണ് പ്രധാനം.

അടുത്ത പള്ളി പൊളിക്കാനുള്ള ഒരു ഗൂഢാലോചനയുടെ ഭാഗമായി വരുന്ന കാര്യമാണ് ആ പള്ളിയില്‍ ശിവലിംഗമുണ്ടോ ഇല്ലയോ എന്ന ചര്‍ച്ച. ആ ചര്‍ച്ച മീഡിയയില്‍ നടക്കുന്നതിനിടെയാണ് ഒരു ഇസ്ലാമിക പണ്ഡിതന്‍ വന്ന് പള്ളിയിലെ ശിവലിംഗം ശിവലിംഗമല്ല എന്ന് പറയുന്നത്. അതിന് മറുപടിയായാണ് നൂപുര്‍ ശര്‍മയുടെ പരാമര്‍ശം. ‘നിങ്ങളുടെ (മുസ്‌ലിം) പ്രവാചകന്റെ പ്രായം ഇതല്ലേ, ഭാര്യയുടെ പ്രായം ഇതല്ലേ’ എന്നൊക്കെയാണ് നൂപുര്‍ ശര്‍മ പറഞ്ഞത്.

                                                                              നൂപുര്‍ ശര്‍മ

പ്രവാചകന്റെ ഭാര്യയുടെ പ്രായം ഹദീസില്‍ പറഞ്ഞത് ശരിയല്ലേ, എന്ന് പറഞ്ഞുകൊണ്ട് ആ വിഷയത്തെ നമ്മള്‍ ചുരുക്കുന്നതിനര്‍ത്ഥം നമുക്ക് സാമൂഹ്യമായ യാതൊരു കാഴ്ചപ്പാടുമില്ല എന്നാണ്. എന്ത് ഉദ്ദേശ്യത്തോടെയാണ് നൂപുര്‍ ശര്‍മ ഇത് പറഞ്ഞതെന്ന് നോക്കുമ്പോള്‍ കാര്യങ്ങള്‍ വ്യക്തമാണ്. രാജ്യത്തിന്റെ സമാധാന അന്തരീക്ഷം തകര്‍ത്ത് അടുത്തൊരു വര്‍ഗീയ കലാപത്തിലൂടെ അധികാരം നിലനിര്‍ത്താനും ശക്തിപ്പെടുത്താനും വേണ്ടി സംഘപരിവാര്‍ നടത്തുന്ന നീക്കങ്ങളുടെ ഭാഗമായി നടക്കുന്ന പ്രവര്‍ത്തനമാണിത്.

ആ പ്രവര്‍ത്തനത്തിലെ ചെറിയൊരു ഭാഗം മാത്രമായിരുന്നു ആ ടെലിവിഷന്‍ ചര്‍ച്ചയും അതിലെ നൂപുര്‍ ശര്‍മയുടെ പരാമര്‍ശവും. അതിനെ അങ്ങനെത്തന്നെ സമഗ്രമായി കണ്ടാണ് ശരിതെറ്റുകള്‍ നമ്മള്‍ വിലയിരുത്തേണ്ടത്. ഇത് തന്നെയാണ് ഹിജാബ് വിഷയത്തിലും ചെയ്യേണ്ടത്. എന്തിനാണ് ഇവരിത് ചെയ്യുന്നത്, എന്താണ് ഇവിടുത്തെ അടിസ്ഥാനപ്രശ്‌നം, എന്നൊക്കെ നോക്കിയാണ് പ്രതികരിക്കേണ്ടത്.

ഇറാനിലെ പ്രശ്‌നം അവിടത്തെ പെണ്‍കുട്ടികളുടെ മനുഷ്യാവകാശങ്ങളുടെ പ്രശ്‌നമാണ്. ആ അവകാശങ്ങളെ ഒരു മതഭരണകൂടം ഭീകരമായി ആക്രമിക്കുമ്പോള്‍ ഞങ്ങള്‍ക്കീ മതം തന്നെ വേണ്ട, എന്നുപറഞ്ഞ് പതിനായിരക്കണക്കിന് പെണ്‍കുട്ടികള്‍ സമരം ചെയ്യുകയാണ്. നാനൂറിലധികം പെണ്‍കുട്ടികള്‍ ഇതിനോടകം മരിച്ചുവെന്നാണ് ചില റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. അതിനെ നമ്മള്‍ കാണേണ്ടത് വേറെത്തന്നെ ഡയമന്‍ഷനിലാണ്.

ഇത്തരത്തില്‍ സാമൂഹ്യ സാഹചര്യങ്ങളെയും അതിന്റെ സ്വാധീനങ്ങളെയും റിസള്‍ട്ടുകളെയുമൊക്കെ പരിഗണിച്ചുകൊണ്ടാണ് സാമൂഹ്യ വിഷയങ്ങളില്‍ നമ്മള്‍ ഇടപെടേണ്ടത്. അല്ലാതെ, ഒറ്റനോട്ടത്തില്‍ ഉപരിപ്ലവമായി കാണുന്ന കാര്യങ്ങള്‍ വെച്ച് പ്രതികരിക്കാന്‍ എളുപ്പമാണ്. അങ്ങനെ പറയുന്നത് വെട്ടിവിഴുങ്ങാനും എളുപ്പമാണ്. അതാണ് നമ്മള്‍ നേരിടുന്ന സങ്കീര്‍ണത. പല കാര്യങ്ങള്‍ക്കും മറുപടി പറഞ്ഞ് സാധാരണ മനുഷ്യരെ ബോധ്യപ്പെടുത്താന്‍ നമ്മള്‍ ബുദ്ധിമുട്ടുന്നതും ഇതുകൊണ്ടാണ്.

പല യൂറോപ്യന്‍ രാജ്യങ്ങളും സമ്പന്ന വികസിത രാജ്യങ്ങളായി മാറുന്നത് അവിടെ മതവിശ്വാസം കുറവായതുകൊണ്ടാണ് എന്നാണ് സി. രവിചന്ദ്രനടക്കമുള്ള ഒരുവിഭാഗം യുക്തിവാദി നേതാക്കള്‍ പറയുന്ന വാദം. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഇതിനു മറ്റൊരു വശമില്ലേ? അതായത് നേരത്തെതന്നെ സമ്പന്നരാജ്യങ്ങളായിരുന്നത് കൊണ്ട്, ഉയര്‍ന്ന ജീവിതനിലവാരവും സാമൂഹിക സുരക്ഷയും കാരണമാണ് അവിടെ മതവിശ്വാസം കുറഞ്ഞത് എന്ന ഓപ്പോസിറ്റ് നരേറ്റീവുമുണ്ട്. ഈ വിഷയത്തില്‍ മാഷിന്റെ അഭിപ്രായമെന്താണ്?

ഈ വിഷയത്തിലെ എന്റെ നിലപാട് ഞാന്‍ മുമ്പ് തന്നെ ഒന്നുരണ്ട് വേദികളില്‍ വ്യക്തമായി വിശദീകരിച്ചിട്ടുള്ളതാണ്. സമ്പന്നരാവുക എന്നത് മാത്രമല്ല, ഈ പറയുന്ന വികസിത- പരിഷ്‌കൃത രാജ്യങ്ങളിലെ സമൂഹം ഉയര്‍ന്ന പൗരബോധമുള്ള സമൂഹമായി മാറിയിട്ടുണ്ട്.

ഉയര്‍ന്ന പൗരബോധമുള്ളവരായി മാറുകയും സമ്പന്നരായി മാറുകയും അതോടൊപ്പം തന്നെ സോഷ്യല്‍ സെക്യൂരിറ്റി എന്ന് പറയുന്ന സംവിധാനം കൂടി വരുന്നതോടെ വരുന്ന മാറ്റമാണിത്.

സോഷ്യല്‍ സെക്യൂരിറ്റി എന്ന് പറയുമ്പോള്‍ ഓരോ വ്യക്തികള്‍ക്കും ഉറപ്പുവരുത്തുന്ന ചില സംവിധാനങ്ങളുണ്ട്. അവിടെ ഒരു വ്യക്തിക്ക് ജീവിതത്തില്‍ എന്തെങ്കിലും പ്രശ്നങ്ങളുണ്ടായിക്കഴിഞ്ഞാല്‍ നമ്മുടെ നാട്ടിലെ പോലെ അയല്‍വാസികളെ വിളിച്ച് ബുദ്ധിമുട്ടിക്കുന്നതോ ആളുകള്‍ ഓടിക്കൂടി സഹായിക്കേണ്ടതോ ആയ ആവശ്യം വരുന്നില്ല. അവിടെ നിങ്ങള്‍ക്ക് എന്ത് പ്രശ്നമുണ്ടെങ്കിലും ഒരു നമ്പറില്‍ ഡയല്‍ ചെയ്താല്‍ മതി.

ഞാന്‍ കുറച്ചുകാലം യു.എസിലായിരുന്നു. അവിടെ എന്ത് പ്രശ്നമുണ്ടെങ്കിലും ഇങ്ങനെ വിളിച്ചുകഴിഞ്ഞാല്‍ മിനിട്ടുകള്‍ക്കകം സഹായമെത്തിക്കുന്ന, നമ്മുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്ന സംവിധാനമുണ്ട്. അതാണ് സോഷ്യല്‍ സെക്യൂരിറ്റി.

ഇങ്ങനെ സോഷ്യല്‍ സെക്യൂരിറ്റിയും, സാമ്പത്തിക പര്യാപ്തതയും, ഉയര്‍ന്ന പൗരബോധവുമുള്ള, അഴിമതി കാണിക്കാത്ത സമൂഹവും ഉണ്ടാകുമ്പോള്‍ അവിടെ പിന്നെ മനുഷ്യര്‍ക്ക് ഒരു ബാഹ്യശക്തിയെയോ ദൈവത്തിനെയോ ആശ്രയിക്കേണ്ട കാര്യമല്ല. അതുകൊണ്ടാണ് അവിടെയുള്ളവര്‍ പള്ളിയില്‍ പോകാത്തതും. പല യൂറോപ്യന്‍ രാജ്യങ്ങളിലും അപൂര്‍വമായി, വളരെ പ്രായമായ ആളുകള്‍ മാത്രമാണ് പള്ളിയില്‍ പോകുന്നത്.

മാത്രമല്ല അവിടെ സെമിത്തേരികള്‍ മാത്രമാണ് അവര്‍ മതത്തിന്റെ ഭാഗമായി ഉപയോഗിക്കുന്നത്. അതിന് ബദല്‍ സംവിധാനം ഇല്ലല്ലോ എന്നത് കൊണ്ടാണ് അതുപോലും ഉപയോഗിക്കുന്നത്. ആ സെമിത്തേരികള്‍ക്കപ്പുറത്തേക്ക് അവിടെ മനുഷ്യര്‍ക്ക് മതവുമായി ഒരു ബന്ധവും ഇല്ലാതായിട്ടുണ്ട്.

മതം ഇല്ലാതായത് കൊണ്ട് ഇതെല്ലാം പോയതല്ല, മറിച്ച് ഇതൊക്കെ പോയതുകൊണ്ട് സ്വാഭാവികമായി മതവും വിശ്വാസവും കൊഴിഞ്ഞുപോയതാണ്.

അതുകൊണ്ട് കേവല നാസ്തികത പറഞ്ഞാലുടന്‍ നമ്മുടെ നാടും ഇങ്ങനെ ‘സ്വര്‍ഗ’മാകുമെന്ന് പറയുന്നത് വെറും വ്യാമോഹമാണ്, ഉട്ടോപ്പ്യന്‍ ചിന്തയാണ്.

ഒരു നാസ്തികനാണ് നമ്മുടെ നാട്ടില്‍ ‘നരബലി’ നടത്തിയതെന്ന് മറക്കാന്‍ പാടില്ല. നാസ്തിക സംഘടനയുടെ സമ്മേളനത്തില്‍ 10,000 പേര്‍ പങ്കെടുത്തു എന്ന് പറഞ്ഞ് സന്തോഷിക്കുന്നതില്‍ ഒരു കാര്യവുമില്ല. ഈ 10,000 നാസ്തികര്‍ അവിടെ നിന്നിറങ്ങി എന്ത് ചെയ്യാനാണ് പോവുന്നത് എന്നതാണ് കാര്യം.

അവരിവിടെ ലഹരി മാഫിയയിലേക്കാണ് പോകുന്നതെങ്കില്‍, പെണ്‍വാണിഭത്തിനാണ് പോകുന്നതെങ്കില്‍, ക്രിമിനല്‍ കുറ്റങ്ങളിലേക്കാണ് പോകുന്നതെങ്കില്‍ പിന്നെ അവരുടെ നാസ്തികത കൊണ്ട് സമൂഹത്തിന് എന്ത് പ്രയോജനമാണുള്ളത്?

സാമൂഹികമായി മനുഷ്യനെ മനുഷ്യനാക്കുന്ന പ്രക്രിയയും പൗരബോധവുമാണ് പ്രധാനം. ഇപ്പോള്‍ നമ്മളെ നയിക്കുന്നത് പ്രജാബോധമാണ്. പ്രജാബോധത്തില്‍ നിന്ന് പൗരബോധമുള്ള ഒരു പരിഷ്‌കൃത മനുഷ്യനാക്കി സമൂഹത്തെ മാറ്റിയെടുക്കുന്ന പ്രക്രിയയുടെ കൂടെ മാത്രമേ നാസ്തികതയും യുക്തിവാദവും പറഞ്ഞിട്ട് കാര്യമുള്ളൂ.


യുക്തിവാദത്തിന്റെ പാരമ്പര്യവും അത് തന്നെയാണ്. മനുഷ്യന്റെ പ്രശ്നങ്ങള്‍ പറഞ്ഞുകൊണ്ടാണ് സഹോദരന്‍ അയ്യപ്പന്‍ പ്രവര്‍ത്തിച്ചത്. അല്ലാതെ ദൈവമില്ല എന്ന് മാത്രം പറഞ്ഞുകൊണ്ടല്ല. മനുഷ്യര്‍ക്ക് വെള്ളം കുടിക്കാനും ഒരുമിച്ച് ഭക്ഷണം കഴിക്കാനും വസ്ത്രം ധരിക്കാനുമൊക്കെയുള്ള മൗലികമായ അവകാശങ്ങള്‍ക്ക് വേണ്ടി നടന്ന പോരാട്ടങ്ങളില്‍ പങ്കുകൊണ്ട്, അതിന്റെ കൂടെയാണ് ഇതിനെല്ലാം കാരണമായ ദൈവങ്ങളെ കൂടി നമ്മള്‍ ഉപേക്ഷിക്കണം എന്ന് അയ്യപ്പനെ പോലുള്ള ആളുകള്‍ അന്ന് പറഞ്ഞത്.

അതിന്റെ പാരമ്പര്യത്തിലാണ് നമ്മള്‍ വന്നത്. ആ പാരമ്പര്യമൊക്കെ പഴഞ്ചനാണെന്ന് പരിഹസിച്ചുകൊണ്ടാണ് ഇപ്പോള്‍ പുതിയ ചില വാദങ്ങള്‍ കൊണ്ടുവരുന്നത്. എന്നിട്ട് വളരെ പ്രതിലോമകരമായ വലതുപക്ഷ ആശയങ്ങളാണ് പറഞ്ഞുകൊണ്ടിരിക്കുന്നത്.

മനുഷ്യനെ മനുഷ്യനാക്കുന്ന സാമൂഹ്യ പ്രക്രിയയുടെ ഭാഗമല്ലാത്ത നാസ്തിക പ്രചാരണം സമൂഹത്തിന് ഒരു ഗുണവും ചെയ്യില്ല എന്നാണ് എന്റെ അഭിപ്രായം.

ജെന്‍ഡര്‍ പൊളിറ്റിക്സും എല്‍.ജി.ബി.ടി.ക്യു വിഷയങ്ങളും ഇന്ന് ചര്‍ച്ചയാകുമ്പോള്‍ മിക്കവാറും പ്രതിസ്ഥാനത്ത് വരുന്നത് മതപുരോഹിതന്മാരാണ്. ഇത്തരം വിഷയങ്ങളിലെ ചര്‍ച്ചകള്‍ സജീവമാക്കുന്നതില്‍ യുക്തിവാദി പ്രസ്ഥാനങ്ങള്‍ വഹിച്ച പങ്ക് എത്രത്തോളമാണ്?

യുക്തിവാദികളായ ബഹുഭൂരിപക്ഷം ആളുകള്‍ക്ക് പോലും ഇതൊന്നും ഉള്‍ക്കൊള്ളാനുള്ള ബോധ്യമായിട്ടില്ല. ഫെമിനിസം പോലും പറയുമ്പോള്‍ പരിഹസിക്കുന്ന രീതിയാണ് പലര്‍ക്കും. പണ്ടത്തെ സിനിമകളില്‍ സ്റ്റീരിയോടൈപ്പ് ചെയ്ത് കൊച്ചമ്മമാരെ അവതരിപ്പിച്ച രീതിയിലുള്ള ‘ഫെമിനിസ’മാണ് യഥാര്‍ത്ഥ ഫെമിനിസമെന്ന് കരുതുന്നവരാണ് ഇപ്പോഴും യുക്തിവാദികളിലെ വലിയൊരു വിഭാഗം.

എല്‍.ജി.ബി.ടി കമ്മ്യൂണിറ്റിയുടെ വിഷയങ്ങള്‍ എന്താണ് എന്ന് കൃത്യമായി മനസിലാക്കാനോ ഉള്‍ക്കൊള്ളാനോ കഴിയാത്ത ആളുകളാണ് യുക്തിവാദികളുടെ കൂട്ടത്തില്‍ പോലും കൂടുതലുള്ളത്.

പക്ഷെ അടുത്തകാലത്തായി നമ്മള്‍ ഈ വിഷയങ്ങള്‍ കൂടുതലായി പൊതു ചര്‍ച്ചക്ക് കൊണ്ടുവന്നതിനെ തുടര്‍ന്ന് ഇവിടെ കുറെയൊക്കെ ആളുകള്‍ക്ക് ബോധം വന്നുതുടങ്ങിയിട്ടുണ്ട്. മതത്തിനെതിരായ ഒരു സമരത്തിന്റെ ഭാഗമായി കൂടിയാണ് അത് കൊണ്ടുവരുന്നത്. ഇത് രണ്ടും പരസ്പരം ബന്ധപ്പെട്ട് കിടക്കുന്നതാണ് എന്ന യാഥാര്‍ത്ഥ്യം മനസിലാക്കിക്കൊണ്ട്, മതത്തെ വിമര്‍ശിക്കുന്നതോടൊപ്പം ഇത്തരത്തിലുള്ള മാനുഷിക പ്രശ്നങ്ങളും ഞങ്ങള്‍ ഉയര്‍ത്തിക്കൊണ്ട് വരുന്നുണ്ട്. അത് ഏറെക്കുറേ കേരളത്തിലടക്കം പുതിയൊരു കാഴ്ചപ്പാടുണ്ടാകാന്‍ സഹായകമായിട്ടുണ്ട് എന്നാണ് ഞാന്‍ മനസിലാക്കുന്നത്.

യുക്തിവാദി പ്രസ്ഥാനത്തിന്റെ ഭാഗമായി നില്‍ക്കുന്നവര്‍ പൊതുവെ വൈവിധ്യങ്ങളെ അംഗീകരിക്കാത്തവരാണ് എന്ന വിമര്‍ശനം ഉണ്ട്, ആ വിമര്‍ശനത്തോടുള്ള പ്രതികരണം എന്താണ് ?

സ്ത്രീയും പുരുഷനും അതല്ലാത്തവരും എല്ലാം ഒരേ അന്തസുള്ള, ഒരേ അവകാശങ്ങളുള്ള മനുഷ്യരാണ് എന്ന തിരിച്ചറിവാണ് ആത്യന്തികമായി ആധുനിക മനുഷ്യന് ഉണ്ടാവേണ്ടത്. അതുപോലെ ലോകത്തെ എല്ലാ മനുഷ്യരെയും മത-ജാതി-വര്‍ഗ- വര്‍ണ-ഭാഷ-ലിംഗ വ്യത്യാസമൊന്നുമില്ലാതെ തുല്യരായി കാണുക എന്നതാണ് നമ്മുടെ കാഴ്ചപ്പാട്. എന്നാല്‍ ഈ തുല്യത യാന്ത്രികമായി ഉള്‍ക്കൊണ്ട ആളുകളാണ് പാര്‍ശ്വവല്‍കൃതരായ വിഭാഗങ്ങള്‍ക്കും പ്രത്യേക പരിഗണന അര്‍ഹിക്കുന്നര്‍ക്കും ആ പരിഗണന നല്‍കുന്നത് തുല്യതക്കെതിരാണ് എന്നുള്ള വാദങ്ങള്‍ ഉന്നയിക്കുന്നത്.

അത് മനസിലാകാന്‍ ഞാന്‍ ചെറിയൊരു ഉദാഹരണം പറയാം. ശാരീരികമായ പരിമിതികള്‍ ഉള്ള ആളുകളെ (ഇപ്പോള്‍ അംഗവൈകല്യം എന്ന വാക്ക് പോലും ഉപയോഗിക്കുന്നില്ല) പണ്ട് മതത്തിന്റെ അപ്രമാദിത്തമുണ്ടായിരുന്ന കാലത്ത് കൊന്നുകളയുമായിരുന്നു. പിന്നീട് അവരെ ഒരു മൂലക്കിരുത്തി സിംപതി കാണിച്ച് തുടങ്ങി. എന്നാല്‍ കൊന്നു കളയുന്നതിന്റെയും സിംപതിയുടെയും കാലം കഴിഞ്ഞ് അവരോട് എംപതി കാണിക്കുന്ന അവസ്ഥയിലേക്ക് നമ്മള്‍ വന്നു. അതുമാത്രമല്ല അവരെക്കൂടി മറ്റുള്ളവരെ പോലെ തുല്യരായി കണ്ട് സമൂഹത്തില്‍ ഉള്‍ക്കൊള്ളുക എന്നതാണ് ഏറ്റവും പുതിയ കാഴ്ചപ്പാട്.

ആ കാഴ്ചപ്പാടുകളുടെ അടിസ്ഥാനത്തില്‍ അന്താരാഷ്ട്ര നിയമങ്ങള്‍ ഉണ്ടാക്കി. ലോകത്ത് എല്ലാ രാജ്യങ്ങളിലും ഇന്ന് ഇങ്ങനെയുള്ള ആളുകളെ പ്രത്യേകമായി പരിഗണിക്കാനുള്ള നിയമങ്ങളുണ്ട്, അവര്‍ക്ക് വേണ്ടി ബജറ്റില്‍ ഭീമമായ തുക മാറ്റിവെക്കുന്നുണ്ട്. ഏത് വികസിത രാജ്യങ്ങളിലെ ഏതൊരു സ്ഥാപനത്തില്‍ ചെന്നാലും ഇത്തരം ആളുകള്‍ക്ക് വേണ്ട പ്രത്യേക സൗകര്യങ്ങളും സംവിധാനങ്ങളും റിസര്‍വേഷനും ഇന്ന് കാണാം. ജോലിയില്‍ പ്രവേശിക്കുന്നതില്‍ തുടങ്ങി വണ്ടി പാര്‍ക്ക് ചെയ്യുന്നതിലും സാധാരണ റസ്റ്ററന്റില്‍ ഭക്ഷണം കഴിക്കുന്നതില്‍ പോലും റിസര്‍വേഷന്‍ ഉണ്ട്.

ഇതൊന്നും പക്ഷെ നമ്മുടെ നാട്ടിലില്ല. യൂറോപ്പിലോ അമേരിക്കയിലോ പോയാല്‍ മാത്രമേ കാണാനാവൂ.


ഇതൊക്കെ ഒരു ഉയര്‍ന്ന ബോധത്തിന്റെ ഭാഗമായി ഉണ്ടായിവരേണ്ടതാണ്. അതൊന്നും കേവലം നാസ്തികത കൊണ്ട് വരില്ല. അതിനാദ്യം മനുഷ്യന്റെ തുല്യത എന്ന ആശയത്തെ നമ്മള്‍ ഉള്‍ക്കൊള്ളണം. ആ തുല്യതയിലേക്ക് എല്ലാ മനുഷ്യരെയും ഉള്‍ക്കൊള്ളിക്കാനുള്ള വിശാല മനസ്സ് നമുക്കുണ്ടാവണം. നമ്മള്‍ നില്‍ക്കുന്നിടത്ത് നിന്നും നമ്മളിലൂടെ ലോകത്തെ നോക്കിക്കണ്ടാല്‍ ഇത് ശരിയാകില്ല.

അതുകൊണ്ട് യുക്തിവാദിയായി അല്ലെങ്കില്‍ മതം വിട്ടു എന്നതുകൊണ്ട് മാത്രം ഒരാള്‍ക്കും ഫെമിനിസം മനസിലാവില്ല, എല്‍.ജി.ബി.ടി.ക്യു പ്ലസ് വിഭാഗത്തിന്റെ പ്രശ്നങ്ങള്‍ മനസിലാവില്ല, സ്ത്രീ- പുരുഷ സമത്വം മനസിലാവില്ല. കാലില്ലാത്ത ഒരാള്‍ക്ക് ബസില്‍ സീറ്റ് സംവരണം ചെയ്യുമ്പോള്‍, അത് എല്ലാവര്‍ക്കും ഇരിക്കാനുള്ള അവകാശത്തിന് നേരെയുള്ള കടന്നുകയറ്റമാണെന്നൊക്കെ വ്യാഖ്യാനിക്കുന്നത് എത്ര മനുഷ്യത്വരഹിതമായ വാദമാണ്? മനുഷ്യപ്പറ്റും സ്വതന്ത്ര ചിന്തയും ഒരുമിച്ച് വന്നാലേ മനുഷ്യന് മനുഷ്യനാകാനുള്ള സാധ്യതയുള്ളൂ.

കേരളത്തിലെ യുക്തിവാദി പ്രസ്ഥാനങ്ങളുടെ ഘടനയിലേക്ക് വരുമ്പോള്‍ അതിനുള്ളില്‍ തന്നെ പല വിഷയങ്ങളിലും വൈരുധ്യങ്ങളും വിഘടിപ്പും കാണുന്നുണ്ട്. കൊച്ചിയില്‍ എസ്സെന്‍സ് ഗ്ലോബലിന്റെ പരിപാടി നടന്നപ്പോള്‍ അതിന്റെ മറ്റൊരു വേര്‍ഷന്‍ ആലപ്പുഴയില്‍ നടന്നു. യുക്തിവാദ പ്രസ്ഥാനങ്ങള്‍ക്കിടയിലെ അഭിപ്രായ വ്യത്യാസം ഇതിന്റെ പ്രവര്‍ത്തനങ്ങളെ ഏതെങ്കിലും രീതിയില്‍ ബാധിക്കുമെന്ന് തോന്നുന്നുണ്ടോ?

ഒന്നാമത്തെ കാര്യം, യുക്തിവാദികള്‍ക്ക് പ്രവര്‍ത്തിക്കാന്‍ ഒരു ഗോത്രം ആവശ്യമില്ല, ഒരു മതം ആവശ്യമില്ല, ഒരു സംഘടന പോലും ആവശ്യമില്ല. സ്വതന്ത്രമായി ചിന്തിക്കുന്നവര്‍ കൂട്ടംചേരുന്നത് ഈ സ്വതന്ത്രചിന്ത സമൂഹത്തില്‍ പ്രചരിപ്പിക്കുക എന്ന കര്‍ത്തവ്യം നിര്‍വഹിക്കാന്‍ വേണ്ടി, അത് സംഘടിപ്പിക്കാനുള്ള ഒരു ടൂള്‍ എന്ന നിലയിലാണ്.

അതിനപ്പുറത്തേക്ക് ഒരു ഗോത്രം എന്ന രീതിയിലോ കള്‍ട്ട് എന്ന രീതിയിലോ അല്ലെങ്കില്‍ മതം എന്ന രീതിയിലോ യുക്തിവാദികള്‍ സംഘടിക്കേണ്ട കാര്യമേയില്ല. മറിച്ച് ചെറിയചെറിയ കൂട്ടായ്മകളായി എല്ലായിടത്തും ഈ ആശയങ്ങള്‍ പ്രചരിപ്പിക്കുകയാണ് വേണ്ടത്.

ജനാധിപത്യം എന്ന് പറയുന്നത് ഒരു കള്‍ചറാണ്. നമ്മുടെ ഏറ്റവും വലിയ പ്രശ്നം ജനാധിപത്യം എന്ന സംസ്‌കാരത്തെ ഉള്‍ക്കൊണ്ടിട്ടില്ല എന്നതാണ്. വലിയ സ്വതന്ത്ര ചിന്തകര്‍ പോലും അത് ഉള്‍ക്കൊണ്ടിട്ടില്ല.

അഭിപ്രായങ്ങള്‍ പങ്കുവെക്കുന്ന, യോജിപ്പുകളെയും വിയോജിപ്പുകളെയും ബഹുമാനത്തോടെ കണ്ടുകൊണ്ട് വിയോജിപ്പുകള്‍ പങ്കുവെക്കാന്‍ കഴിയുന്ന സംസ്‌കാരത്തെയാണ് ജനാധിപത്യമെന്ന് പറയുന്നത്.

ഒരു യുക്തിവാദിയും ഇസ്‌ലാമിസ്റ്റും തമ്മില്‍ ലണ്ടനില്‍ വെച്ച് നടന്ന സംവാദത്തിന്റെ വീഡിയോ നിങ്ങള്‍ യൂട്യൂബില്‍ എടുത്തുനോക്കൂ.

ഇസ്‌ലാമിസ്റ്റ് ഇസ്‌ലാമിനെ പറ്റി സംസാരിക്കുമ്പോള്‍, അയാളുടെ അഭിപ്രായങ്ങള്‍ പറയുമ്പോള്‍ അപ്പുറത്ത് നില്‍ക്കുന്ന എതിര്‍ സംവാദകനും അദ്ദേഹത്തിന്റെ കൂടെയുള്ളവരും വരെ കയ്യടിക്കും. ഇതുകഴിഞ്ഞ് യുക്തിവാദി സംസാരിക്കുമ്പോള്‍ ഇസ്‌ലാമിസ്റ്റും അയാളുടെ കൂടെ വന്നവരും കയ്യടിക്കും. സദസിലുള്ളവര്‍ രണ്ടിനും കയ്യടിക്കും. എന്നിട്ട് അവര്‍ പറയുന്ന ആശയങ്ങളെ ഉള്‍ക്കൊള്ളണം.

പക്ഷെ നമ്മള്‍ ഇവിടെ കാണുന്നതെന്താണ്? ഒരാളെ സ്വാഗതം ചെയ്യുന്നത് പോലും പരിഹസിച്ച് കൊണ്ടാണെന്ന് നമ്മള്‍ കണ്ടു. ഒരാള്‍ സംസാരിക്കുമ്പോള്‍ ആര്‍ത്തുവിളിക്കുകയും കൂക്കിവിളിക്കുകയും ഒരു പക്ഷത്തിന് വേണ്ടി മാത്രം കയ്യടിക്കുകയും ചെയ്യുന്നതാണ് ഇവിടെ കാണുന്നത്. അത് ജനാധിപത്യം എന്ന സംസ്‌കാരത്തെ ഉള്‍കൊള്ളാത്തതിന്റെ പ്രശ്നമാണ്.

നമ്മളോട് ഒരാള്‍ ഏതെങ്കിലുമൊരു ആശയത്തില്‍ വിയോജിപ്പ് പ്രകടിപ്പിക്കുക എന്നുപറഞ്ഞാല്‍, അയാള്‍ നമ്മുടെ ശത്രുവാണ് എന്നോ അയാള്‍ക്ക് നമ്മളോട് വ്യക്തിപരമായ വെറുപ്പോ അസൂയയോ ഉണ്ട് എന്നോ അല്ല അര്‍ത്ഥം. എന്റെ ആശയങ്ങളോട് ഈ വ്യക്തിക്ക് വിയോജിപ്പുണ്ട് എന്ന് മാത്രമാണ് അതിന്റെ അര്‍ത്ഥം. സാമൂഹ്യമായ വിഷയങ്ങളില്‍ വിയോജിപ്പുണ്ടാവുക എന്നത് വളരെ സ്വാഭാവികമാണ്. കാരണം സാമൂഹിക വിഷയങ്ങള്‍ അത്രയേറെ സങ്കീര്‍ണമാണ്.

സ്വാതന്ത്ര്യം നേടിയ സമയത്ത് അമേരിക്കയുടെ ഔദ്യോഗിക ഭാഷയായി ഏത് സ്വീകരിക്കണം എന്ന കാര്യത്തില്‍ വോട്ടെടുപ്പ് നടത്തിയപ്പോള്‍ ഒരു വോട്ടിനാണ് ഇംഗ്ലീഷ് ജയിച്ചത്. അപ്പുറത്ത് സ്പാനിഷായിരുന്നു. ആ ഇംഗ്ലീഷാണ് പിന്നീട് അമേരിക്കയുടെ ഭാഷയായി മാറിയത്. അതാണ് ജനാധിപത്യത്തിന്റെ മൂല്യം എന്ന് പറയുന്നത്.

വിയോജിപ്പുകളുള്ളവര്‍ പരസ്പരം ശത്രുക്കളെ പോലെ പെരുമാറാന്‍ പാടില്ല. വളരെ ചെറിയ വ്യത്യാസങ്ങള്‍ക്കാണ് ആശയങ്ങള്‍ മാറുന്നത്. അതിന് കാരണം ഓരോരുത്തരും അവരവരുടെ പ്രിവിലേജില്‍ നിന്നുകൊണ്ടോ സാഹചര്യങ്ങളില്‍ നിന്നുകൊണ്ടോ സാമൂഹിക വിഷയങ്ങളെ നോക്കിക്കാണുകയും അവരുടെ മുന്‍വിധികള്‍ക്കനുസരിച്ച് അതിനെ വിലയിരുത്തുകയും ചെയ്യുന്നത് കൊണ്ടാണ്.  അതുകൊണ്ട് വിയോജിപ്പുകള്‍ സ്വാഭാവികമാണ്.

സംവരണം പോലുള്ള വിഷയങ്ങളെടുക്കുമ്പോള്‍, ഞാനെന്റെ പൊസിഷനില്‍ നിന്നല്ല അതിനെ സമീപിക്കുന്നത്. ഞാന്‍ സംവരണത്തിന്റെ ആനുകൂല്യങ്ങള്‍ നേടിയ ആളോ, എന്റെ മക്കളെ ജാതിയും മതവും ചേര്‍ത്ത് സംവരണം നേടിക്കൊടുത്ത ആളോ അല്ല. പക്ഷെ, ഞാന്‍ നേടിയിട്ടില്ലെങ്കിലും സംവരണത്തെ ഞാന്‍ അനുകൂലിക്കുന്നുണ്ട്. കാരണം അത് ആവശ്യമുള്ള ഒരു സമൂഹം ഇവിടെ ഉണ്ട് എന്ന തിരിച്ചറിവാണ്.

അത് എന്റെ പ്രശ്നമല്ല, പക്ഷേ സമൂഹത്തിന്റെ പ്രശ്നമാണ്. നേരെമറിച്ച് എന്റെ കാര്യം മാത്രം ആലോചിച്ചുകൊണ്ട്, എന്റെ മക്കള്‍ക്ക് ഞാന്‍ സംവരണം വാങ്ങിക്കൊടുത്തിട്ടില്ല പിന്നെ ഞാനെന്തിനാ ഇതിനെ അനകൂലിക്കുന്നത്, എന്നാണ് ഞാന്‍ ചിന്തിക്കുന്നതെങ്കില്‍ അത് സംവരണവിരുദ്ധതയാണ്. എന്നാല്‍ അതിനപ്പുറമുള്ള സാമൂഹിക പ്രശ്നമാണിതെന്ന് തിരിച്ചറിയുമ്പോഴാണ് നമ്മള്‍ നമ്മുടെ പ്രിവിലേജിനും അപ്പുറത്തേക്ക് ഈ വിഷയത്തിലെ മറുവശം തിരിച്ചറിയുന്നത്.

അത് തിരിച്ചറിയണമെങ്കില്‍ സമൂഹത്തിന്റെ കെമിസ്ട്രിയും സ്ട്രക്ചറും പ്രശ്നങ്ങളും സങ്കീര്‍ണമാണ് എന്ന രീതിയില്‍ തന്നെ കാണണം. അഭിപ്രായ വ്യത്യാസങ്ങളെ വ്യക്തിപരമായ അക്രമമാക്കാതെ പരസ്പരം ബഹുമാനിച്ചുകൊണ്ട് നിരന്തരം ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുക.

അപ്പോള്‍ കൂടുതല്‍ ആളുകള്‍ക്ക് സ്വീകാര്യമായ ആശയങ്ങള്‍ സ്വാഭാവികമായും സര്‍വൈവ് ചെയ്യും അല്ലാത്തവ പതുക്കെ ഇല്ലാതായിപ്പോകും. അതാണ് ജനാധിപത്യം, അത്രയേ നമുക്ക് സാധ്യമാകൂ.

തീവ്രമായ മതവിശ്വാസത്തെ തകര്‍ക്കാന്‍ നിരന്തരമായ ബോധവല്‍ക്കരണത്തിലൂടെയും ആശയസംവാദങ്ങളിലൂടെയും മാത്രമേ സാധിക്കൂ, എന്നും എന്നാല്‍ സംഘപരിവാറിന്റെ വിദ്വേഷ രാഷ്ട്രീയം ഈ ശ്രമങ്ങളെ പിന്നോട്ടടിക്കുകയാണെന്നും മാഷ് മുമ്പ് പറഞ്ഞിട്ടുണ്ട്. സംഘപരിവാര്‍ ഭരണത്തിന് കീഴില്‍ ഭാവിയില്‍ യുക്തിവാദി പ്രസ്ഥാനങ്ങള്‍ നേരിടുന്ന വെല്ലുവിളികള്‍ എന്തൊക്കെയാണ് ?

അതൊരു വലിയ പ്രശ്നമാണ്. മുസ്‌ലിം സമൂഹത്തെ ഒരു പ്ലൂറല്‍ സമൂഹത്തിന് പാകപ്പെടുത്തുക എന്ന ലക്ഷ്യത്തോട് കൂടി നമ്മള്‍ ഇസ്‌ലാമിനെ വിമര്‍ശിക്കുമ്പോള്‍, അതിജീവനത്തിനെ കുറിച്ചുള്ള ഉത്ക്കണ്ഠയും ഗോത്രീയമോ വംശീയമോ ആയ ഭീഷണിയും നിലനില്‍ക്കുന്ന ഈ സമയത്ത്, ആ വിമര്‍ശനം ഉള്‍കൊള്ളാന്‍ മുസ്‌ലിം സമൂഹത്തിന് കഴിയുന്നില്ല. അവര്‍ക്ക് അതിനുള്ള സാഹചര്യം തീര്‍ത്തും ഇല്ലാതാവുകയാണ്.

എന്നെ പോലുള്ള ആളുകളെ സംബന്ധിച്ച് വലിയ നിരാശയുണ്ടാകുന്ന കാര്യമാണിത്. ഇവിടത്തെ മുസ്‌ലിങ്ങളെല്ലാം സെക്കുലറായി, നല്ല മനുഷ്യരായി, രാജ്യത്തെ പൗരന്മാരായി വരണമെന്നുള്ളതല്ല സംഘപരിവാറിനെ സംബന്ധിച്ചിടത്തോളം അവരുടെ ലക്ഷ്യം. മറിച്ച് മുസ്‌ലിങ്ങളെ ശത്രുക്കളായി പ്രതിഷ്ഠിച്ചു കൊണ്ട്, ഇവര്‍ക്കെതിരെ പരമാവധി വെറുപ്പ് ഉത്പാദിപ്പിച്ചുകൊണ്ട് അവരെ അപരവല്‍കരിച്ച് മാറ്റി നിര്‍ത്തുകയും അതിലൂടെ ഹൈന്ദവ സമൂഹത്തെ കൂടി ധ്രുവീകരിക്കുക എന്നുള്ളതാണ്. ഇതാണ് അവരുടെ രാഷ്ട്രീയം.

സംഘപരിവാറിന്റെ ടാര്‍ഗറ്റ് മുസ്‌ലിങ്ങള്‍ എന്ന വിഭാഗമാണ്. എന്നാല്‍ നമ്മള്‍ ടാര്‍ഗറ്റ് ചെയ്യുന്നത് ഇസ്‌ലാം എന്ന മതത്തെയാണ്. മുസ്‌ലിങ്ങള്‍ ഇസ്‌ലാം എന്ന മതത്തിന്റെ ഇരകളാണ് എന്ന രീതിയിലാണ്. ആ ഇരകളെ, അവരെ ബാധിച്ചിട്ടുള്ള ഈ വിപത്തില്‍ നിന്ന് മോചിപ്പിക്കാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്.

മുസ്‌ലിങ്ങളെ ഇസ്‌ലാമില്‍ നിന്ന് മോചിപ്പിച്ച് മനുഷ്യരാക്കിതീര്‍ത്ത്, രാജ്യത്തെ നല്ല പൗരന്മാരാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ സംഘപരിവാര്‍ പ്രവര്‍ത്തിക്കുന്നത് മുസ്‌ലിങ്ങളെ ശത്രുക്കളായി മാത്രം നിര്‍ത്താനാണ്. അപ്പോള്‍ മുസ്‌ലിങ്ങള്‍ സെക്കുലറാകുന്നത് ഒരിക്കലും സംഘപരിവാര്‍ ഇഷ്ടപ്പെടുന്നില്ല. ഇത് നമുക്ക് വലിയ തിരിച്ചടിയാണ്.

ഞങ്ങള്‍ക്ക് ഞങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന പ്രവര്‍ത്തനം തുടരാന്‍ പറ്റാതാകും, അല്ലെങ്കില്‍ ശൈലി മാറ്റേണ്ടിവരും, അല്ലെങ്കില്‍ നിര്‍ത്തിവെക്കേണ്ടി വരും. കാരണം തലയില്‍ തീ കത്തുന്ന ഒരാളോട് മലയിലെ തീ കെടുത്തണം എന്ന് പറയുന്നതില്‍ അര്‍ത്ഥമില്ലല്ലോ.

വിശ്വാസത്തെക്കാള്‍ ശക്തമാണ് മനുഷ്യന്റെ സ്വത്വബോധം. മതവിശ്വാസവും ദൈവവിശ്വാസവും ഇല്ലാതായ, എന്നാല്‍ ‘നമ്മള്‍ മുസ്‌ലിങ്ങള്‍’, എന്ന് ചിന്തിക്കുന്ന എത്രയോ ആളുകളെ ഞാന്‍ കണ്ടിട്ടുണ്ട്.

നമ്മള്‍ മുസ്‌ലിങ്ങളുടെ പ്രശ്നം, എന്നൊക്കെ പറയുമ്പോള്‍ ആ സ്വത്വബോധം അവരുടെ ഉള്ളിലുണ്ടാകും. അതിനപ്പുറത്തേക്ക് വേറൊരു സ്വത്വബോധം അയാള്‍ക്കില്ല. ഇന്ത്യയില്‍ മുസ്‌ലിമല്ലാത്ത ഒരാള്‍ക്ക് എവിടെയാണ് അയാളെ പ്ലേയ്സ് ചെയ്യാനാകുക. ഞാന്‍ ഹിന്ദുവല്ല, മുസ്‌ലിമല്ല, ക്രിസ്ത്യനല്ല ഞാന്‍ മനുഷ്യനാണ് എന്ന് പറഞ്ഞാലും സമൂഹം അയാളെ മനുഷ്യനായിട്ടല്ല അംഗീകരിക്കുന്നത്. മറിച്ച് അയാള്‍ എവിടെയാണോ എങ്ങനെയാണോ ജനിച്ചത് അതായിട്ടാണ് കണക്കാക്കുന്നത്. ഒരു വര്‍ഗീയകലാപം വരുമ്പോള്‍ ഞാന്‍ യുക്തിവാദിയായത് കൊണ്ട് എന്നെ ഒഴിവാക്കുകയൊന്നുമില്ല. നമ്മളെയും വെട്ടും.

അതുകൊണ്ട് സ്വത്വബോധം ഭീഷണിക്ക് വിധേയമാകുന്ന ഒരു സമയത്ത് നമുക്ക് സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ നന്നായി നടത്താന്‍ കഴിയാതെ വരും. അത് വലിയൊരു തിരിച്ചടി തന്നെയാണ്.

ഗവര്‍ണറെ പറ്റി മാഷ് ഫേസ്ബുക്കില്‍ എഴുതിയത് ചര്‍ച്ചയായിരുന്നല്ലോ, പ്രായാധിക്യത്താല്‍ ബൗദ്ധിക അവശത നേരിടുന്നവരെ ഡമ്പ് ചെയ്യാന്‍വേണ്ടി രാഷ്ട്രീയക്കാര്‍ ഗവര്‍ണര്‍ പദവിയെ കാണുന്നു എന്നായിരുന്നു മാഷ് പറഞ്ഞ കാര്യം. സംഘപരിവാര്‍ ഇതര പാര്‍ട്ടികള്‍ ഭരിക്കുന്ന തമിഴ്‌നാട്ടിലും ബംഗാളിലും കേരളത്തിലുമൊക്കെ ഗവര്‍ണര്‍- സര്‍ക്കാര്‍ പോര് നമ്മള്‍ കാണുന്നുണ്ട്. മാഷ് എങ്ങനെയാണ് ഈ വിഷയത്തെ കാണുന്നത് ?

നമ്മുടെ ജനാധിപത്യത്തിന്റെ വലിയൊരു പരിമിതിയാണ് ഇത്. നമ്മുടെ ജനാധിപത്യം തെരഞ്ഞെടുപ്പിലും വോട്ടെടുപ്പിലും മാത്രം ഒതുങ്ങി നില്‍ക്കുകയാണ്. ജനാധിപത്യ സംസ്‌കാരം ഇവിടെയുള്ളവര്‍ക്ക് ഉള്‍ക്കൊള്ളാന്‍ പറ്റിയിട്ടില്ല. ഗവര്‍ണര്‍ പദവി യഥാര്‍ത്ഥത്തില്‍ ഭരണഘടനയെയും ഫെഡറല്‍ രാഷ്ട്രത്തെയും സംസ്ഥാനങ്ങളെയുമായി കണ്ണി ചേര്‍ക്കുന്ന ഒരു ഭരണഘടനാ സ്ഥാപനമാണ്. ആ പദവിയെ കൊണ്ടുപോയി കേന്ദ്രം ഭരിക്കുന്നവര്‍ക്ക് സംസ്ഥാനങ്ങളെ നിലയ്ക്ക് നിര്‍ത്താനും അവിടെ അവരുടെ രാഷ്ട്രീയം നടപ്പിലാക്കാനുമുള്ള ഉപകരണങ്ങളാക്കി മാറ്റുകയാണ് ചെയ്യുന്നത്.

അതുപോലെ രാഷ്ട്രീയപാര്‍ട്ടികള്‍ അവരുടെ പാര്‍ട്ടികളില്‍ ‘എക്സ്പയറി ഡേറ്റ് കഴിഞ്ഞു, ഔട്ട് ഡേറ്റഡായി’ എന്ന് അവര്‍ക്ക് തോന്നുന്ന നേതാക്കളെ, തല്‍ക്കാലം അവര് മുഖ്യമന്ത്രിയാകാതിരിക്കാന്‍ വേണ്ടി പ്ലേസ് ചെയ്യുന്ന സ്ഥലമായിട്ടാണ് ഗവര്‍ണര്‍ പദവിയെ പലപ്പോഴും കാണുന്നത്. കേരളത്തില്‍ തന്നെ ഇതിന് ഉദാഹരണങ്ങളുണ്ട്. അങ്ങനെ പലരെയും ഗവര്‍ണറാക്കിയ പാരമ്പര്യം നമുക്കുണ്ട്.

അതെല്ലാം മനസില്‍ വന്നപ്പോള്‍ എഴുതിയ ഫേസ്ബുക്ക് കുറിപ്പാണിത്. ‘ഇതാ എന്നെ ആക്രമിക്കാന്‍ വരുന്നേ, ഇതാ തെളിവ്’, എന്ന രീതിയില്‍ പറഞ്ഞുകൊണ്ടുള്ള ഗവര്‍ണറുടെ പത്രസമ്മേളനം കണ്ടപ്പോള്‍, അതില്‍ ചുരുങ്ങിയത് മുദ്രാവാക്യം വിളിച്ചുകൊണ്ട് അയാള്‍ക്ക് നേരെ നാലുപേര്‍ വരുന്നുണ്ടെന്നെങ്കിലും നമ്മള്‍ വിചാരിക്കും. പക്ഷെ ഒന്നുമില്ല, അത് വെറും നാടകമായിരുന്നു. അപ്പോഴാണ് ‘ഇങ്ങേര്‍ക്കെന്തോ കാര്യമായ പ്രശ്‌നമുണ്ടെ’ന്ന് തോന്നി, പ്രതികരണമെന്ന നിലയ്ക്ക് വിമര്‍ശിച്ചു കൊണ്ട് ഞാന്‍ പോസ്റ്റിട്ടത്.

പ്രായം എന്ന പോയിന്റ് ഉയര്‍ത്തിപ്പിടിച്ച് അതിനെതിരെ ഒരുപാട് പേര്‍ സംസാരിച്ചു. പക്ഷെ അത് പ്രായത്തെ കളിയാക്കി പറഞ്ഞതല്ല. അതല്ല ഈ പറയുന്നവരുടെയും പ്രശ്‌നം, ഗവര്‍ണറെ വിമര്‍ശിച്ചു എന്നുള്ളതാണ്. അതിന്റെ പേരില്‍ ഞാന്‍ ഒരു പ്രത്യേക രാഷ്ട്രീയം പേറുന്നവനാണ് എന്ന് തെറ്റിദ്ധരിച്ചാണ് ഈ വിമര്‍ശനം. പക്ഷെ എനിക്ക് അങ്ങനെയൊരു കക്ഷി രാഷ്ട്രീയമില്ല. ഞാന്‍ ഒരു പാര്‍ട്ടിയുടെയും ആളല്ല, ഒരു പാര്‍ട്ടിയിലും അംഗവുമല്ല, പ്രവര്‍ത്തകനുമല്ല. മുമ്പ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രവര്‍ത്തകനും അനുഭാവിയുമായിരുന്നു. പക്ഷെ ആ പാര്‍ട്ടിയുടെ തത്വശാസ്ത്രം പോലും കാലഹരണപ്പെട്ടു, എന്ന് ബോധ്യപ്പെട്ടത് കൊണ്ട് കഴിഞ്ഞ പത്തിരുപത് വര്‍ഷമായി ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും ഭാഗമല്ല.

ഇന്ന് ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയോട് കൂടുതല്‍ അടുപ്പം തോന്നിയിട്ടുണ്ടോ?

ഞാന്‍ രാഷ്ട്രീയത്തെ വിഷയാധിഷ്ഠമായാണ് കാണുന്നത്. ഒരു പ്രശ്‌നം ഉയര്‍ന്നുവരുമ്പോള്‍ ഏത് പാര്‍ട്ടിയാണ് യുക്തിപരമായി നിലപാട് എടുക്കുന്നത്, ഏതാണ് എന്റെ രാഷ്ട്രീയ- സാമൂഹ്യ വീക്ഷണത്തോട് കൂടുതല്‍ യോജിക്കുന്നത് എന്ന് നോക്കി അതിനെ പിന്തുണക്കുക എന്നതാണ് എന്റെ നിലപാട്. അതിപ്പോ യു.ഡി.എഫ് ഭരിക്കുന്ന കാലത്തായാലും എല്‍.ഡി.എഫ് ഭരിക്കുന്ന കാലത്തായാലും ചില കാര്യങ്ങള്‍ എതിര്‍ക്കുകയും ചിലതിനെ പിന്തുണക്കുകയും ചെയ്തിട്ടുണ്ട്.

ഉദാഹരണത്തിന്, എം.കെ. മുനീര്‍ മന്ത്രിയായിരുന്നപ്പോള്‍ എക്സ്പ്രസ്സ് ഹൈവേയുടെ ചര്‍ച്ച വന്നു. സ്വാഭാവികമായും എല്‍.ഡി.എഫ് പക്ഷത്തുള്ളവര്‍ എക്സ്പ്രസ്സ് ഹൈവേയുടെ ദൂഷ്യഫലങ്ങള്‍ പ്രചരിപ്പിച്ചുകൊണ്ട് അതിനെ എതിര്‍ത്ത് സംസാരിച്ചു. പക്ഷെ കേരളത്തിലെ ഗതാഗത പ്രശ്‌നമാണ് അടിയന്തിരമായി പരിഹരിക്കപ്പെടേണ്ടത് എന്നതുകൊണ്ട്, ഏത് തരം റോഡായാലും അത് വരുന്നതിനെ പോസിറ്റീവായി എടുക്കണം എന്ന നിലപാടിലായിരുന്നു ഞാന്‍. മറിച്ച് അതിന്റെ പാര്‍ശ്വഫലങ്ങളെ ഭീകരമായി പര്‍വതീകരിച്ച് പറഞ്ഞുകൊണ്ട് വികസനത്തെ തടയാന്‍ പാടില്ല. എക്സ്പ്രസ്സ് ഹൈവേയെ ഞാനന്ന് പിന്തുണക്കുകയാണ് ചെയ്തത്.

കേവലം താല്‍കാലിക രാഷ്ട്രീയലാഭത്തിന് വേണ്ടി പാര്‍ട്ടികള്‍ എടുക്കുന്ന നിലപാടുകളോട് ഒരിക്കലും യോജിപ്പില്ല.

ഭരണപക്ഷം ചെയ്യുന്ന എല്ലാ കാര്യത്തിലും പ്രതിപക്ഷം കുറ്റം കാണുക. ഭരണപക്ഷത്തുള്ളവര്‍ പ്രതിപക്ഷത്തിന്റെ സഹകരണം പോലും ആവശ്യമില്ലെന്ന രീതിയില്‍ കാര്യങ്ങള്‍ ഏകപക്ഷീയമായി ചെയ്യുക, അതൊന്നുമല്ല ജനാധിപത്യം. ജനാധിപത്യത്തില്‍ ഭരണ- പ്രതിപക്ഷ മുന്നണികള്‍ ഒരു മുന്നണിയായി, യൂണിറ്റായി പ്രവര്‍ത്തിക്കേണ്ടവരാണ്. എന്നിട്ട് ജനങ്ങളുടെയും രാജ്യത്തിന്റെയും പ്രശ്‌നങ്ങളെ എല്ലാവരും ചേര്‍ന്ന് പരിഹരിക്കുകയാണ് വേണ്ടത്. ജനങ്ങളുടെ ഉന്നതിക്ക് വേണ്ടിയാണ് ജനാധിപത്യം.

പക്ഷെ ഇവിടെ അതല്ല, ഇവിടെ പാവപ്പെട്ടവര്‍ക്ക് എല്‍.ഡി.എഫ് വീടുണ്ടാക്കി കൊടുക്കുന്നു എന്ന് കണ്ടാല്‍ ആ വീട് പൊളിക്കാനും അത് മുടക്കാനുമുള്ള പണിയാണ് മറുപക്ഷത്തുള്ളവര്‍ ചെയ്യുന്നത്. ഇത് തന്നെയാണ് നേരെ തിരിച്ചും നടക്കുന്നത്. നാട് നന്നാവണം എന്ന പൊതുബോധത്തിന് പകരം, എതിര്‍ പാര്‍ട്ടികളിലൂടെ നാടിന് നന്മയൊന്നും ഉണ്ടാവരുത് എന്നതാണ് ഇവരുടെ ചിന്ത.

ഒരു ബലാത്സംഗക്കേസ് ഉയര്‍ന്നുവന്നാല്‍ പ്രതി ഏത് പാര്‍ട്ടിയാണ് എന്നതാണ് നമ്മള്‍ ആദ്യം നോക്കുക. അതല്ല ചെയ്യേണ്ടത്. തെറ്റ് ആര് ചെയ്താലും തെറ്റായും ശരി ആര് ചെയ്താലും ശരി ആയും കാണണം, അങ്ങനെ പറയണം. പരസ്പരം സഹകരിക്കേണ്ട കാര്യങ്ങളില്‍ അത് ചെയ്യണം. പക്ഷെ അത്തരം ജനാധിപത്യ ബോധമൊന്നും നമ്മുടെ നാട്ടില്‍ ഇപ്പോഴും വന്നിട്ടില്ല. വികസിത രാജ്യങ്ങളിലൊന്നും പ്രതിപക്ഷവും ഭരണപക്ഷവും എല്ലാ കാര്യത്തിനും അടി കൂടുകയല്ല ചെയ്യുന്നത്.

ജനങ്ങളുടെ പ്രീതി നേടിയെടുക്കാനാണ്, അവര്‍ക്ക് വേണ്ടി നല്ലത് ചെയ്യാനാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ പരസ്പരം മത്സരിക്കേണ്ടത്.

ചോദ്യങ്ങള്‍ അവസാനിച്ചിട്ടുണ്ട്. മാഷിന് ഈ വിഷയത്തില്‍ ഇനിയെന്തെങ്കിലും കൂട്ടിച്ചേര്‍ക്കാനുണ്ടോ?

സ്വതന്ത്ര ചിന്ത എന്നത് സമഗ്ര ചിന്തയാണ്. മനുഷ്യന്റെ ജീവിതത്തെ മൊത്തം പൊളിച്ചുപണിയുന്ന തരത്തിലുള്ള സ്വതന്ത്ര ചിന്തയെയാണ് നമ്മള്‍ യുക്തിവാദം എന്ന് പറയുന്നത്.

‘ദൈവമുണ്ടോ ഇല്ലയോ’ എന്ന കേവല വിഷയത്തില്‍ ഊന്നി നില്‍ക്കുന്ന നിലപാടാണ് നാസ്തികത എന്നത്. യുക്തിവാദത്തിന്റെ, യുക്തിചിന്തയുടെ അനേകം പ്രോഡക്ടുകളില്‍ ഒന്ന് മാത്രമാണ് നാസ്തികത.

നാസ്തികതയ്ക്ക് മാത്രം വലിയ പ്രാധാന്യം നല്‍കുന്നതും നാസ്തികത വന്നാല്‍ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കപ്പെടും എന്ന് പ്രചരിപ്പിക്കുന്നതിലും യാതൊരു അടിസ്ഥാനവുമില്ല. നാസ്തികതയല്ല പ്രശ്‌നം, മനുഷ്യനാണ്.

മനുഷ്യന്റെ പ്രശ്നങ്ങള്‍ക്ക് ദൈവവും മതവും ഏത് രീതിയിലാണോ തടസം നില്‍ക്കുന്നത്, അത് പരിഗണിച്ചുകൊണ്ടാണ് പ്രശ്‌നങ്ങളെ അഭിമുഖീകരിക്കേണ്ടത് എന്നാണ് സ്വതന്ത്ര ചിന്തകരായ ആളുകളോട് എനിക്ക് പറയാനുള്ളത്. മനുഷ്യനെയും മനുഷ്യത്വത്തെയും അവഗണിച്ചുകൊണ്ട് കേവലം വിശ്വാസപരമായ കാര്യങ്ങളില്‍ മാത്രം തര്‍ക്കിക്കുക, എന്നത് മനുഷ്യര്‍ക്ക് ഒരു പ്രയോജനവുമുണ്ടാക്കില്ല.

അതുകൊണ്ട് നാട്ടില്‍ നാസ്തികരുടെ എണ്ണം പെരുകുന്നു എന്നതില്‍ ഞാന്‍ സന്തോഷിക്കുന്നില്ല. നല്ല മനുഷ്യര്‍ പെരുകുന്നു എന്നതിലാണ് എന്റെ സന്തോഷം. മതവിശ്വാസികള്‍ക്കിടയിലും നല്ല മനുഷ്യരുണ്ട്. മതവിശ്വാസികള്‍ മുഴുവന്‍ മോശക്കാരും നാസ്തികരെല്ലാം നല്ലവരുമല്ല.

മനുഷ്യര്‍ നന്നാകുമ്പോള്‍ അതിനനുസരിച്ചുള്ള മാറ്റങ്ങള്‍ സമൂഹത്തിലുണ്ടാകും. അപ്പോള്‍ സ്വാഭാവികമായും കൊഴിഞ്ഞുപോകേണ്ട ദൈവവും മതവും കൊഴിഞ്ഞുപോകും. അതാണ് വികസിത രാജ്യങ്ങളില്‍ നടക്കുന്നതും.

പക്ഷെ ജനാധിപത്യത്തിന്റെ കള്‍ചര്‍ ഉള്‍ക്കൊള്ളാനാകാത്ത, ജനാധിപത്യമൊന്നും അടിച്ചേല്‍പിക്കാന്‍ ഒരിക്കലും പാകമായിട്ടില്ലാത്ത, ഒരു അപരിഷ്‌കൃത സമൂഹത്തിന്റെ മുകളില്‍ അടിച്ചേല്‍പിക്കപ്പെട്ടതാണ് നമ്മുടെ നാട്ടിലെ ജനാധിപത്യം. അഴിമതിയാണ് ഇവിടത്തെ കള്‍ചര്‍.

വികസിത രാജ്യങ്ങളില്‍, ഒരു കാര്യത്തിന് 100 പേര്‍ക്കുള്ള സൗകര്യങ്ങളുണ്ടെങ്കില്‍, അതിന് വേണ്ടി അവിടെ പത്ത് പേരെ ഉള്ളൂ. അതുകൊണ്ട് ഇവര്‍ക്ക് ക്യൂ ലംഘിച്ചോ അഴിമതി കാണിച്ചോ നേടേണ്ട കാര്യമില്ല, സ്വാഭാവികമായും അവര്‍ പൗരബോധമുള്ളവരായി മാറും. നമ്മുടെ നാട്ടില്‍ പത്ത് പേര്‍ക്കുള്ള സൗകര്യങ്ങളുണ്ടാകുമ്പോള്‍ അതിനുവേണ്ടി തിരക്കുകൂട്ടാന്‍ നൂറുപേര്‍ ഉണ്ടാകും. അവിടെ കയ്യൂക്കുള്ളവന്‍ കാര്യം നേടാന്‍ ശ്രമിക്കും, അഴിമതി നടക്കും.

സമൂഹത്തിനാവശ്യമായ എല്ലാ സൗകര്യങ്ങളും ഉണ്ടാകുകയും അതിനോടൊപ്പം ഉയര്‍ന്ന പൗരബോധം വളര്‍ന്നുവരികയും പാരലലായി നടന്നാല്‍ മാത്രമേ നല്ല സമൂഹമുണ്ടാകൂ. സ്വതന്ത്ര ചിന്തകരും അങ്ങനെയാണ് കാര്യങ്ങളെ കാണേണ്ടത് എന്നാണ് എന്റെ അഭിപ്രായം. അത് എന്റെ മാത്രം അഭിപ്രായങ്ങളാണ്. ഒരിക്കലും വ്യക്തിപരമായി ഈ അഭിപ്രായങ്ങളെ കാണരുത്.

ആശയങ്ങളോട് വിയോജിപ്പുള്ളവര്‍ക്ക് അത് പറയാം. പക്ഷെ വ്യക്തിപരമായി ചാപ്പകുത്തിയും ചീത്ത വിളിച്ചും ഇകഴ്ത്തി കാണിച്ചുമല്ല അത് നേരിടേണ്ടത്. പരസ്പര ബഹുമാനത്തോടെ അഭിപ്രായങ്ങള്‍ പങ്കുവെക്കുക, അതാണ് ജനാധിപത്യം.

Content Highlight: Interview with Free thinker and atheist EA Jabbar, second part

നീതു രമമോഹന്‍

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ് ട്രെയിനി, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ബിരുദാനന്തര ബിരുദവും ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമയും പൂര്‍ത്തിയാക്കിയിട്ടുണ്ട്.

We use cookies to give you the best possible experience. Learn more