| Monday, 3rd April 2023, 9:28 pm

INTERVIEW | ആലപ്പുഴ രൂപതയില്‍ നിന്ന് വ്യത്യസ്തമായി തൃശൂര്‍ രൂപത കലകള്‍ നിരോധിക്കാന്‍ ആവശ്യപ്പെടുന്നത് സവര്‍ണാധികാരത്താല്‍ | ഫ്രാന്‍സിസ് നൊറോണ

ആമിന കെ.

ഫ്രാന്‍സിസ് നൊറോണ

സാധാരണ ഗതിയില്‍ വിമര്‍ശനങ്ങളിലും വിവാദങ്ങളിലും പെടുന്ന ഒരു കഥയുടെ രീതിയായിരുന്നില്ല മാസ്റ്റര്‍ പീസിന്റേത്. എഴുത്തുകാരുടെ ജീവിത രീതിയായിരുന്നു പശ്ചാത്തലം. അതില്‍ ഒരു പരാതി നല്‍കിയത് ആരായിരിക്കുമെന്നാണ് തോന്നുന്നത്? അതിന് പിന്നിലെ ഉദ്ദേശമെന്തായിരിക്കാം?

മാസ്റ്റര്‍ പീസ് എന്ന എന്റെ നോവലിനെതിരെയാണ് പരാതി വരുന്നത്. ഈ നോവല്‍ എഴുത്തിനുള്ളിലെ എഴുത്തിനെക്കുറിച്ചാണ് സംസാരിക്കുന്നത്. മലയാള സാഹിത്യത്തില്‍ ഇന്നോളം ഉണ്ടായിട്ടുള്ള എല്ലാ കാര്യങ്ങളും ഉള്‍പ്പെടുത്തി, എഴുത്തിന്റെ നാനാതലങ്ങളില്‍ സ്പര്‍ശിച്ച് കൊണ്ടുള്ള നോവലായിരുന്നു ഇത്.

ഞാന്‍ വളരെ വൈകി എഴുത്തില്‍ വന്നിട്ടുള്ള ഒരാളാണ്. വായനയുടെ വലിയ കാലഘട്ടം എനിക്ക് ഉണ്ടായിരുന്നു. ആ കാലഘട്ടത്തില്‍ നില്‍ക്കുമ്പോള്‍ വായനക്കാരന്‍ എന്ന നിലയില്‍ ഞാന്‍ കണ്ടിരുന്ന എഴുത്തിന്റെ ലോകമുണ്ടായിരുന്നു. അതൊരു മനോഹരമായ ലോകമായിരുന്നു. നമുക്ക് ആരാധനയൊക്കെ തോന്നുന്ന രീതിയിലുള്ള വലിയൊരു ലോകമായിരുന്നു അത്. വളരെ അത്ഭുതത്തോട് കൂടിയാണ് ഞാനത് കണ്ടിരുന്നത്.

എന്നാല്‍ എഴുത്തിന്റെ ലോകത്തിറങ്ങുമ്പോഴാണ് അവിടെ നടക്കുന്ന പല കാര്യങ്ങളും നമുക്ക് മനസിലാകുന്നത്. ഇത് എന്നെ വ്യക്തിപരമായി ബാധിക്കുന്ന ഒരു കാര്യമല്ല. ഇതൊരു സിസ്റ്റത്തില്‍ വന്നിട്ടുള്ള അപചയമാണ്. ചില മൂല്യച്ചുതികളും പുഴുക്കുത്തുകളുമുള്ള ഒരു ലോകമാണല്ലോ എഴുത്തിന്റേതെന്നുള്ള തിരിച്ചറിവുകള്‍ വന്നു.

ഈ ലോകത്തെ ചുറ്റിപ്പറ്റി നില്‍ക്കുന്ന വലിയൊരു ലോകമുണ്ട്. എഴുത്തിന്റെ ലോകത്തെ ചുറ്റിപ്പറ്റിയാണല്ലോ വായനക്കാര്‍ നില്‍ക്കുന്നതെന്നുള്ളൊരു സങ്കടത്തിലാണ് അവരോടിത് തുറന്നെഴുതണമെന്ന് തോന്നിയത്. എഴുത്തിനകത്ത് നില്‍ക്കുന്നൊരാള്‍ എന്ന നിലയില്‍ എനിക്ക് ഇത് തുറന്നെഴുതേണ്ട ധാര്‍മികതയുണ്ട്. ആ തോന്നലിലാണ് മാസ്റ്റര്‍പീസ് എഴുതുന്നത്. കേവലം എഴുത്തിന്റെ ലോകം എന്നതിലുപരി എന്നെ തന്നെ ആത്മ വിമര്‍ശനത്തിന് പാത്രമാക്കിയാണ് ഞാന്‍ നോവലെഴുതിയത്. നോവലില്‍ പല പേജുകളിലും ആത്മവിമര്‍ശനവുമായി ഞാന്‍ കടന്ന് വരുന്നുണ്ട്. അത്തരമൊരു വലിയ കാന്‍വാസിലാണ് ഈയൊരു നേവലെഴുതുന്നത്.

മാസ്റ്റര്‍ പീസ്

എന്തുകൊണ്ടാണ് ഈ നോവലിനെതിരെ പരാതി വന്നതെന്ന് ഞാന്‍ ആലോചിച്ചു. എനിക്ക് കൃത്യമായി ആരാണ് പരാതി നല്‍കിയതെന്ന് അറിയാനുള്ള നിര്‍വാഹമില്ല. എങ്കില്‍ പോലും പരാതി കൊടുത്ത ആളുടെ ലക്ഷ്യം എന്താണെന്നാണ് ഞാന്‍ ചിന്തിക്കാന്‍ തുടങ്ങിയത്. ഞാനൊരു സര്‍ക്കാര്‍ ജീവനക്കാരനാണ്. നീതിന്യായവ്യവസ്ഥക്ക് കീഴില്‍ ജോലി ചെയ്യുന്നൊരാളാണ്.

മറ്റേതൊരു ഡിപ്പാര്‍ട്ട്‌മെന്റില്‍ ജോലി ചെയ്യുന്നവരേക്കാള്‍ നിയമം പരിപാലിക്കാന്‍ ഞങ്ങള്‍ ബാധ്യസ്ഥരാണ്. അപ്പോള്‍ അത്തരം ഒരു സാഹചര്യത്തില്‍ നില്‍ക്കുന്ന എനിക്കെതിരെ എന്റെ മേലധികാരികള്‍ക്ക് പരാതി നല്‍കുമ്പോള്‍ തീര്‍ച്ചയായും അവര്‍ അതിനെക്കുറിച്ച് അന്വേഷിക്കും. അത്തരമൊരു സാഹചര്യത്തില്‍ ഈ പരാതി കൊടുത്തൊരാളുടെ ഉദ്ദേശം ഞാന്‍ ഔദ്യോഗിക ജീവിതത്തില്‍ നിന്നൊതുങ്ങണമെന്നായിരിക്കാം.

എന്നാല്‍ എന്റെ മുന്നില്‍ അതിജീവനം വേണോ ഉപജീവനം വേണോ എന്ന പ്രതിസന്ധി വന്നപ്പോള്‍ ഉപജീവനം ഉപേക്ഷിച്ച് ഞാന്‍ അതിജീവനമായ എന്റെ എഴുത്തുമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ചിരിക്കുകയാണ്. ഞാന്‍ കൃത്യമായി ആലോചിച്ച് ഉറച്ച് എന്റെ തന്നെ തീരുമാനത്തില്‍ മുന്നോട്ട് പോയതാണ്.

എഴുത്തുകാരുടെ ജീവിതാവസ്ഥയാണ് നോവലിന്റെ ഇതിവൃത്തം. എന്നാല്‍ ആ നോവല്‍ അറംപറ്റിയ പോലെയായി എന്നാണ് താങ്കള്‍ പറഞ്ഞത്. ഉപജീവനമാണോ അതിജീവനമാണോ തുടരുക എന്ന ഘട്ടം വന്നപ്പോള്‍ അതിജീവനം തെരഞ്ഞെടുക്കുന്നു എന്ന് പറയുന്നു. ഉപജീവനം ഇപ്പോഴും ഒരു ചോദ്യമായി നില്‍ക്കുന്നു. താങ്കള്‍ പറയുന്നത് എഴുത്ത് നിര്‍ത്തി ഔദ്യോഗിക ജീവിതത്തില്‍ ഒതുങ്ങണമെന്ന ഉദ്ദേശമാണ് പരാതിക്കാരുടേതെന്നാണ്. എന്നാല്‍ ഔദ്യോഗിക ജീവിതവും അതിലൂടെ എഴുത്തും നിര്‍ത്തിക്കാനുള്ള ഗൂഢാലോചനയായും ഇതിനെ കാണാന്‍ സാധിക്കുമോ?

അങ്ങനെ കാണാന്‍ പറ്റത്തില്ല. കേരളത്തിന്റെ ചരിത്രവും കാലഘട്ടവും സര്‍ക്കാരിന്റെ പശ്ചാത്തലവും പരിശോധിച്ചാല്‍ കേരളത്തില്‍ മറ്റ് ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്തമായി എഴുത്തുകാര്‍ക്ക് ലിബറലായി എഴുതാനുള്ള ഇടം ഇവിടെയുണ്ട്. എഴുത്തിലേക്ക് വരാന്‍ ആഗ്രഹമുള്ളവര്‍ക്ക് സ്വതന്ത്രമായി എഴുതാനുള്ള അന്തരീഷം ഇവിടെ സംജാതമാണ്.

അതുകൊണ്ട് തന്നെ ഒരു എഴുത്തുകാരന്റെ ഉപജീവനം തകര്‍ക്കാനേ സാധിക്കുകയുള്ളൂ, അതിജീവനത്തെ തടയാനായിട്ടുള്ള ഒരു സാഹചര്യവും ഇവിടെയില്ല. പ്രത്യേകിച്ച് ഒരു സര്‍ക്കാര്‍ ജീവനക്കാരില്‍ അനേകം പേര്‍ കഥയും സര്‍ഗാത്മക ജീവിതവുമായി മുന്നോട്ട് പോകുന്നുണ്ട്. അവരോടൊക്കെ സര്‍ക്കാര്‍ ഒരു ലിബറലായിട്ടുള്ള സമീപനമാണ് കാണിക്കുന്നത്.

എന്റേത് മാത്രം വ്യത്യസ്ത സാഹചര്യമാണ്. കാരണം ഞാന്‍ ജോലി ചെയ്യുന്നത് ഒരു നീതിന്യായ വ്യവസ്ഥയുടെ കീഴിലാണ്. മാത്രവുമല്ല, നീതിന്യായ വ്യവസ്ഥയില്‍ വര്‍ക്ക് ചെയ്യുമ്പോള്‍ നിയമത്തിന്റെ വള്ളി പുള്ളി തെറ്റാതെ പാലിക്കേണ്ട ധാര്‍മിക ഉത്തരവാദിത്തം എനിക്കുണ്ട്.

എന്നെ ആരോ ടാര്‍ജറ്റ് ചെയ്യുന്നു. മാസ്റ്റര്‍ പീസിനെതിരെ പരാതി വരുന്നു, കക്കുകളി വിവാദമാകുന്നു, ഇങ്ങനെ പരാതികള്‍ വരുമ്പോള്‍ എന്റെ എഴുത്തിന് തടസം വരുന്നു. അത് പ്രത്യേകമൊരു സാഹചര്യമാണ്. എല്ലാ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അത്തരമൊരു സാഹചര്യമില്ല.

കക്കുകളി നാടകത്തില്‍ നിന്നുള്ള രംഗം

കാരണം ഒരു പരാതി വരുമ്പോഴേ സര്‍ക്കാര്‍ സംവിധാനം ശ്രദ്ധിക്കുകയുള്ളൂ, അത് വരെ എഴുതിക്കോട്ടേ എന്ന ഒരു ലിബറല്‍ മനോഭാവം ഇപ്പോഴുള്ള സിസ്റ്റം കാണിക്കുന്നുണ്ട്.

എന്റെ കേസ് എക്സെപ്ഷണലാണ്. എനിക്കെതിരെയുള്ള പരാതി വെച്ചിട്ട് എഴുത്തുകാരുടെ ലോകത്തെ ജനറലൈസ് ചെയ്ത് പറയാന്‍ പറ്റില്ല. വളരെ സ്വതന്ത്രമായിട്ടും വ്യക്തിസ്വാതന്ത്ര്യത്തോടും കൂടി എഴുതാനുള്ള മണ്ണാണ് കേരളത്തിന്റേത്. നമുക്ക് അറിയാം കൊറോണ സമയത്ത് നമ്മുടെ നാടക ലോകം വളരെ ബുദ്ധിമുട്ടിയപ്പോഴാണ് നാടകങ്ങളെ പുനരുജ്ജീവിപ്പിക്കാന്‍ വേണ്ടി കേരള സംഗീത അക്കാദമി വഴി 25 നാടകങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കിയത്.

അതിന്റെ വെളിച്ചത്തില്‍ നാടക സംഘങ്ങളില്‍ നിന്ന് തെരഞ്ഞെടുത്ത സ്‌ക്രിപ്റ്റില്‍ ഒന്നാണ് കക്കുകളിയും. അങ്ങനെയാണ് കക്കുകളി കുറച്ച് കൂടി വിപുലമായി കളിക്കാന്‍ തുടങ്ങിയത്. അതുകൊണ്ടാണ് സര്‍ക്കാരിന്റെ അംഗീകാരത്തോട് കൂടിയും ഒത്താശയോടും കൂടിയാണ് കക്കുകളി അരങ്ങേറുന്നതെന്ന് വിമര്‍ശനം ഉയര്‍ന്നത്.

അത്തരത്തില്‍ കലയെയും സാഹിത്യത്തെയും പ്രോത്സാഹിപ്പിക്കുന്ന നാടാണ് നമ്മുടേത്. ഈ നാടകങ്ങളൊക്കെ കാണാന്‍ മന്ത്രിമാരും വന്നിരുന്നു.
കലയെ ഭരണപ്രതിപക്ഷ വ്യത്യാസമില്ലാതെ സപ്പോര്‍ട്ട് ചെയ്യുന്ന അന്തരീക്ഷം കേരളത്തില്‍ ഇപ്പോഴുണ്ട്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഇവിടെ എഴുത്ത് രസകരവും ലൈവുമായി പോകുന്നുവെന്നാണ് എന്റെ അഭിപ്രായം.

 രണ്ട് കൃതികള്‍ക്കും പരാതിയും വിവാദവും വന്നപ്പോള്‍ പിന്നാലെ തിരുത്തല്‍ നല്‍കിയിട്ട് ജോലിയില്‍ പ്രവേശിക്കാന്‍ മേലധികാരികളുടെ ഉത്തരവുമുണ്ടായി. പരാതിയോടും ഉത്തരവിനോടും ഏത് തരത്തില്‍ ആണ് താങ്കള്‍ പ്രതികരിച്ചത്?

ഡിസംബര്‍-ജനുവരി മാസങ്ങളിലായിരുന്നു മാസ്റ്റര്‍ പീസിനെതിരെ പരാതി വന്നത്. ഈ പരാതി ഞാന്‍ എന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളോട് പങ്കുവെക്കുകയല്ലാതെ മറ്റാരോടും പറഞ്ഞിട്ടില്ല. ഇത് എഴുത്തിനുള്ളിലെ എഴുത്തിനെക്കുറിച്ചുള്ള പുസ്തകമാണ്. ഒരു പരാതി അല്ലേ. ഇത് അഡ്മിനിസ്‌ട്രേറ്റീവ് ലാറ്റസ് ആണ്, അല്ലാതെ ഭയങ്കരമായിട്ടുള്ള ക്രിമിനല്‍ കുറ്റമല്ല, പക്ഷേ പെര്‍മിഷന്‍ വാങ്ങിയില്ല എന്ന പ്രശ്‌നം മാത്രമേ ഇതിലുള്ളൂ.

എന്റെ മേലധികാരികള്‍ എന്നോട് പറഞ്ഞത് അത് റെക്റ്റിഫൈ ചെയ്തിട്ട് നീ ജോലിയില്‍ തുടരൂ എന്നാണ്. തുടര്‍ന്ന് വരുന്ന നിയമനടപടികള്‍ പാലിച്ചാല്‍ മതി, പെയര്‍ പെര്‍മിഷന്‍ വാങ്ങിച്ചുകൊണ്ടേ ഇനി എഴുതാവൂ എന്നാണ് മേലധികാരികള്‍ പറഞ്ഞത്.

പക്ഷേ മാസ്റ്റര്‍ പീസ് എന്ന നോവലിന് മാത്രമാണ് പരാതി വന്നതെങ്കില്‍ എനിക്ക് ഇങ്ങനെ തീരുമാനിക്കേണ്ടി വരില്ലായിരുന്നു. എന്നാല്‍ അതിന് പിന്നാലെ കക്കുകളി വിവാദമാകുന്നു.

2017 നവംബറില്‍ മാതൃഭൂമിയില്‍ കവര്‍ സ്റ്റോറിയായിട്ടാണ് കക്കുകളി എന്ന കഥ വരുന്നത്. അത് അന്നത്തെ കാലഘട്ടത്തില്‍ സാഹിത്യത്തില്‍ ചര്‍ച്ചയായിട്ടുമുണ്ട്. പലരും കഥയെ ആസ്വാദന രീതിയില്‍ സെലിബ്രേറ്റ് ചെയ്തിരുന്നു. അതിന് ശേഷം കഥയെ 2018ല്‍ കോഴിക്കോടുള്ള ഒരു സ്‌കൂള്‍ സ്‌റ്റേറ്റ് സ്‌കൂള്‍ കലോത്സവത്തില്‍ നാടകമാക്കുകയും അതിന് ഒന്നാം സമ്മാനം ലഭിക്കുകയും ചെയ്തിരുന്നു.

തുടര്‍ന്ന് 2019ല്‍ ആലപ്പുഴയിലുള്ള മാന്നാര്‍ സ്‌കൂള്‍ ഈ നാടകം ചെയ്തു. ഈ നാടകത്തിന്റെ സംവിധായകനായിരുന്നു ജോബ് മഠത്തില്‍. അതിലും നാടകത്തിന് ഒന്നാം സമ്മാനം ലഭിച്ചു. അതിനെത്തുടര്‍ന്നാണ് ജോബ് മഠത്തില്‍ അദ്ദേഹത്തിന്റെ പുന്നപ്ര ഗ്രാമത്തില്‍ വായനശാലയുടെ പുനരുദ്ധാരണത്തിന്റെ ധനശേഖരണാര്‍ത്ഥം അവിടുത്തെ നാട്ടുകാരെ ഉള്‍പ്പെടുത്തി അമച്വര്‍ നാടകമായി ഇത് കളിച്ചത്. ആ നാടകത്തിന് ഭയങ്കരമായ ജനസ്വീകാര്യത ആലപ്പുഴയിലുണ്ടായി.

ആയിരക്കണക്കിനാളുകളാണ് ആ നാടകം കണ്ടത്. അതില്‍ ഒന്ന് രണ്ട് പ്രൊഫഷണല്‍ ആര്‍ട്ടിസ്റ്റുകളുണ്ട്. അതിലെ നായികയായിട്ടുള്ള മാളു എന്ന് പറയുന്ന കുട്ടി ആര്‍ട്‌സ് കോളേജിലെ വിദ്യാര്‍ത്ഥിയായിരുന്നു. 2017 മുതല്‍ എന്റെ കഥയും 2018 മുതല്‍ ഈ നാടകവും ഇവിടെയുണ്ട്. 2017ന് ശേഷം ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം 2022ല്‍ നാടകം സജീവമായി കളിച്ചു.

15ഓളം വേദികളിലാണ് കഴിഞ്ഞ വര്‍ഷം നാടകം കളിച്ചത്. എന്നാല്‍ മാസ്റ്റര്‍ പീസ് എന്ന നോവലിന് പിന്നാലെയാണ് കക്കുകളി വിവാദമായത്. അതിലൂടെ എന്നെ ടാര്‍ജറ്റ് ചെയ്യുന്നതാണെന്ന് മനസിലായി. എന്നെ ഔദ്യോഗിക ജീവിതത്തില്‍ തളച്ചിടാനാണ് അവരുടെ ഉദ്ദേശമെന്ന് എന്റെ മനസ് പറയുന്നു.

2019ല്‍ തന്നെ കക്കുകളി ഇന്നാണെങ്കില്‍ ഒരു പക്ഷേ പബ്ലിഷ് ചെയ്യാന്‍ സാധിക്കില്ലെന്ന് പറഞ്ഞിരുന്നു. അതായത് കക്കുകളി വിവാദമാകുമായിരുന്നുവെന്ന് അന്നേ അറിയാമായിരുന്നു. നിരവധി വേദികള്‍ പിന്നിട്ട് ഈ കളി വിവാദമാകുന്നു. അതിലുള്ള പ്രതികരണമെന്താണ്?

മതത്തെ ഏത് രീതിയില്‍ സ്പര്‍ശിച്ചാലും വിവാദമാകുന്ന ഒരു സാഹചര്യം ഇപ്പോഴുണ്ട്. പണ്ടുകാലത്ത് അത് ഇല്ലായിരുന്നു. എം.ടിയുടെ നിര്‍മാല്യമൊക്കെ അന്ന് കാണുമ്പോള്‍ ഇല്ലാത്ത ഒരു പ്രശ്‌നം ഇന്ന് ഉണ്ടാകുന്നു. നിര്‍മാല്യം ഇന്ന് ചെയ്യാന്‍ പറ്റില്ലെന്ന് പറയുന്ന രീതിയിലാണ് കെ.എല്‍.എഫില്‍ ഞാന്‍ അങ്ങനെ പറഞ്ഞത്.

ഇന്നാണെങ്കില്‍ കക്കുകളി എനിക്ക് എഴുതാന്‍ പറ്റില്ല. ഞാന്‍ ഖസാക്കിന്റെ ഇതിഹാസത്തെക്കുറിച്ച് ഒരു റിവ്യൂ എഴുതിയിരുന്നു. അതില്‍ ഞാന്‍ പറയുന്നുണ്ട്. ഒ.വി. വിജയന് അന്ന് ഖസാക്കിന്റെ ഇതിഹാസം എഴുതാന്‍ പറ്റി. അതിലെ കുറേയധികം കാര്യങ്ങള്‍ ഇന്ന് അദ്ദേഹം ഉണ്ടായിരുന്നെങ്കില്‍ എഴുതാന്‍ സാധിക്കുകയില്ല.

ഖസാക്കിന്റെ ഇതിഹാസം

കാലം കഴിയുന്തോറും കലുഷിതമായ മതാന്തരീക്ഷവും മത സ്പര്‍ദ്ധയും വളര്‍ന്ന് കൊണ്ടിരിക്കുകയാണ്. ആശ്വാസവും സമാധാനവും തോന്നുന്നത് പുതുതലമുറക്ക് ഇതൊന്നും ഒരു വിഷയമല്ല എന്നത് കൊണ്ടാണ്. മതം, ആണ്‍ പെണ്‍ വേര്‍തിരിവുകള്‍, അടക്കം അച്ചടക്കം എന്ന് പറയുന്ന പഴയ മാമൂലുകള്‍ തുടങ്ങിയവ നിഷേധിച്ച് കൊണ്ടുള്ള അവരുടെ പുത്തന്‍ ചിന്താധാരകള്‍ വളരെ വ്യതസ്തമാണ്.

നമുക്ക് പ്രാധാന്യം എന്ന് തോന്നുന്ന കാര്യങ്ങള്‍ അവര്‍ക്ക് പ്രാധാന്യമല്ല. അപ്പോള്‍ പുതു തലമുറക്ക് അങ്ങനെയൊരു മനോഭവമുള്ളത് പുതിയ സൂചനയും ശുഭകരവുമായ കാര്യമാണ്.

എഴുത്ത് ജീവിതത്തില്‍ ഏഴ് വര്‍ഷം പൂര്‍ത്തിയാക്കുന്നു. എഴുതിയ രണ്ട് സൃഷ്ടികളും വിവാദത്തിലാകുന്നു. വളരെ പെട്ടെന്ന് തന്നെ ഇത്തരത്തില്‍ വേട്ടയാടപ്പെട്ടത് താങ്കളുടെ രചനകളിലെ തീവ്രമായ ആശയങ്ങള്‍ കൊണ്ടാണോ?

എന്റെ എഴുത്തുകള്‍ സമൂഹത്തില്‍ നിന്ന് അരികുവല്‍ക്കരിക്കപ്പെട്ട, പാര്‍ശ്വവല്‍കരിക്കപ്പെട്ടവരുമായി ചേര്‍ന്ന് നില്‍ക്കുന്നതാണ്. അവരെക്കുറിച്ച് പഠിക്കുമ്പോള്‍ അറിയാം കാലമെത്ര പുരോഗമിച്ചാലും അവര്‍ ഇപ്പോഴും ആരുടെയൊക്കെയോ അടിമത്തത്തിന് കീഴില്‍ ഞെരുക്കപ്പെടുന്ന ജനതയാണ്. ഇപ്പോള്‍ തീരദേശ ജനതയെക്കുറിച്ച് നമ്മള്‍ എഴുതാനെടുക്കുകയാണെങ്കില്‍ നമ്മള്‍ കാണുന്നത് പൗരോഹിത്യ ആണധികാരത്തിന്റെ കീഴിലായിപ്പോകുന്ന അരികുവല്‍കരിക്കപ്പെട്ട തീരദേശഗ്രാമങ്ങളിലെ ജനതയെയാണ്.

അവരുടെ വേദനകള്‍, അവരുടെ കഷ്ടതകള്‍, രക്ഷകനെന്ന് വരുന്ന ആളുകള്‍ തന്നെ അവരുടെ ശിക്ഷകരായി മാറുന്നൊരു സ്ഥിതി തുടങ്ങിയവയാണ് എന്റെ എഴുത്തുകളില്‍ കാണുന്നത്.

ജീവിതത്തില്‍ ഞാനൊരു ലളിത ജീവിതം നയിക്കുന്ന മനുഷ്യനാണെന്ന് ആര്‍ക്കും തോന്നും. എന്നാല്‍ എഴുത്ത് മേശയിലിരിക്കുമ്പോള്‍ മൂര്‍ച്ചയുള്ള ആയുധം കൈയിലിരിക്കുന്നത് പോലെ തന്നെയാണ്. പേന എന്റെ മൂര്‍ച്ചയുള്ള ആയുധമാണ്. എഴുത്തുകാരന്‍ എന്ന നിലയില്‍ വലിയൊരു കൂട്ടം സമൂഹം ചൂഷണം ചെയ്യപ്പെടുമ്പോള്‍, വരേണ്യ ആധിപത്യത്തിന്റെ കീഴില്‍, പുരോഹിത ആണധികാരത്തിന്റെ കീഴില്‍ അടിച്ചമര്‍ത്തപ്പെടുന്ന ജനതയ്ക്ക് അതിജീവനം ഉണ്ടാകണമെന്നാണ് ചിന്ത.

കക്കുകളി അരികുവല്‍കരിക്കപ്പെട്ട ജീവിതത്തില്‍ നിന്ന് മഠത്തിലേക്ക് വരുന്നൊരു പെണ്‍കുട്ടിയുടെ കഥയാണ്. അവള്‍ അവിടെ അതിനെ അതിജീവിക്കുകയാണ് ചെയ്യുന്നത്. തിരിച്ച് വന്നിട്ട് സ്വന്തം കാലില്‍ അധ്വാനിച്ച് വിയര്‍പ്പിന്റെ അന്നം ഭക്ഷിച്ച് അവള്‍ ഇതിനെയെല്ലാം തള്ളിപ്പറഞ്ഞ് കൊണ്ട് കക്കുകളിക്കുന്നതിലാണ് കഥ അവസാനിക്കുന്നത്.

അരികുവല്‍ക്കരിക്കപ്പെട്ട കീഴാളജനതയുടെ അതിജീവനവും ഉയര്‍ത്തെഴുന്നേല്‍പ്പും ഉണ്ടാകണം, ഉണ്ടായേ തീരൂ എന്ന വലിയൊരു പ്രതീഷ നിലനിര്‍ത്തിക്കൊണ്ടാണ് മിക്ക എഴുത്തുകളും. അപ്പോള്‍ അത്തരം എഴുത്തുകള്‍ എഴുതുമ്പോള്‍ അരികുവല്‍ക്കരിക്കപ്പെട്ട ജനതയെ ചൂഷണം ചെയ്ത് ദുര്‍മേചസായി നില്‍ക്കുന്ന (മതത്തിന്റെ തലത്തിലാണെങ്കിലും രാഷ്ട്രീയത്തിന്റെ തലത്തിലാണെങ്കിലും) സവര്‍ണ ലോകത്തിന് ഇത് ഭയങ്കര ഇറിറ്റേറ്റഡ് ആയിരിക്കും. തീര്‍ച്ചയായും അവരുടെ പ്രത്യേക ഉദ്ദേശം എന്ന് പറയുന്നത് എഴുത്തുകാരനെ മൗനിയാക്കുക എന്നതാണ്.

അതിന്റെ പ്രോസസിന്റെ ഭാഗമായിട്ടാണ് ഇത്തരത്തില്‍ എഴുത്തുകാര്‍ക്കെതിരെ ഒട്ടുമിക്ക സ്ഥലങ്ങളിലും മൗനിയാക്കാനുള്ള ശ്രമം നടന്നുകൊണ്ടിരിക്കുന്നത്. ഞാനും അതേ പ്രോസസ് ചെയ്തു കൊണ്ടിരിക്കുന്നത് കൊണ്ടാണ് എനിക്കെതിരെ ഇത്തരം ആക്രമണങ്ങള്‍ വരുന്നതെന്നാണ് ഞാന്‍ വിചാരിക്കുന്നത്.

എഴുത്തിന്റെ പേരില്‍ എഴുത്തുകാര്‍ ക്രൂശിക്കപ്പെടുന്നത് ഇത് ആദ്യമായല്ല. പി.എം. ആന്റണിയുടെ ക്രിസ്തുവിന്റെ ആറാം തിരുമുറിവ്, എസ്. ഹരീഷിന്റെ മീശ, സന്തോഷ് ഏച്ചിക്കാനത്തിന്റെ ബിരിയാണിയുമൊക്കെ വിവാദങ്ങള്‍ക്ക് ഇരയായിട്ടുണ്ട്. കല്‍ബുര്‍ഗിയും ഗൗരി ലങ്കേശുമൊക്കെ പലതും വെട്ടിത്തുറന്ന് എഴുതിയത് മൂലം കൊല്ലപ്പെട്ടവരാണ്. എഴുത്തുകാരെ നിശബ്ദമാക്കുക എന്നത് പലരുടെയും അജണ്ടയാണ്. അത്തരത്തില്‍ ഉള്ള എന്തെങ്കിലും ഇടപെടല്‍ ഇവിടെ ഉണ്ടായിട്ടുണ്ടോ?

തീര്‍ച്ചയായും, ക്രിസ്തുവിന്റെ ആറാം തിരുമുറിവ് എന്ന നാടകം ആലപ്പുഴയിലാണ് ആദ്യമായി കളിക്കുന്നത്. (എന്റെ പരിസരത്ത് നിന്ന് കൊണ്ടുള്ള വിഷയമായത് കൊണ്ടാണ് ഈ രചനയെ മുന്‍നിര്‍ത്തി ഉത്തരം പറയുന്നത്). പി.എം. ആന്റണി എന്ന നാടകകൃത്ത് നിക്കോസ് കസന്‍ദ്‌സക്കിസിന്റെ ക്രിസ്തുവിന്റെ അന്ത്യപ്രലോഭനം എന്ന കൃതിയെ ആധാരമാക്കിയാണ് നാടകം ചെയ്തത്. ആ നാടകം ആലപ്പുഴയുടെ മണ്ണില്‍ കളിക്കുമ്പോള്‍ ഇവിടെ ഞാന്‍ ആദ്യ ഷോ കണ്ടിരുന്നു.

ആ നാടകം കാണാന്‍ മുന്‍നിരയില്‍ ആലപ്പുഴയിലെ പുരോഹിതന്മാരെ പി.എം. ആന്റണി ക്ഷണിച്ചിരുന്നു. അവരില്‍ ഒട്ടുമിക്ക പേരും വന്ന് ആ നാടകം കണ്ടു. ആ നാടകം തീര്‍ന്നപ്പോള്‍ കൈയടിയോടെ എല്ലാവരും വരവേറ്റു. ഒരു എതിര്‍പ്പുമുണ്ടായിരുന്നില്ല.

പി.എം. ആന്റണി

നാടകം എപ്പോഴാണ് വിവാദമായതെന്ന് നമ്മള്‍ ആലോചിക്കണം. കക്കുകളി കളിച്ചത് പോലെ ഈ നാടകം പല സ്റ്റേജുകളിലും കളിച്ചു. എന്നാല്‍ തൃശൂരില്‍ കളിച്ചപ്പോഴാണ് ഈ നാടകത്തിന് വിവാദമുണ്ടാകുന്നത്. കക്കുകളിയും ഇത് പോലെ പല സ്റ്റേജുകള്‍ കളിച്ചപ്പോഴാണ് വിവാദമുണ്ടായത്. കേരളത്തിന്റെ സാംസ്‌കാരിക തലസ്ഥാനമെന്ന് അറിയപ്പെടുന്ന തൃശൂരില്‍ എന്തുകൊണ്ട് കലകള്‍ക്കെതിരെ, നാടകങ്ങള്‍ക്കെതിരെ നിരോധിക്കണമെന്ന ആവശ്യവുമായി മൃഗീയമായ പ്രതിരോധമുണ്ടാകുന്നുവെന്ന് നാം ആലോചിക്കണം.

കാരണം ആറാം തിരുമുറിവിന്റെ മൂലകൃതിയായ ക്രിസ്തുവിന്റെ അന്ത്യപ്രലോഭനം എന്ന ടെക്‌സ്റ്റ് സെമിനാരികളില്‍ പഠിപ്പിക്കുന്നുണ്ട്. അതില്‍ ഒരു വിരോധവുമില്ല. അത് സ്വീകാര്യമായിരിക്കുമ്പോള്‍ തന്നെ അതിനെ ആസ്പദമാക്കി നടന്ന നാടകം എതിര്‍ക്കപ്പെടുന്നു.

അതുപോലെ കക്കുകളി എന്ന കഥ ഉള്‍പ്പെടുന്ന തൊട്ടപ്പന്‍ എന്ന സമാഹാരത്തിന് കെ.സി.ബി.സി പുരസ്‌കാരം നല്‍കുകയും കക്കുകളി മൂല കഥയായി എടുത്ത സ്വതന്ത്രാവിഷ്‌കാരമായ നാടകത്തെ അവര്‍ എതിര്‍ക്കുകയും ചെയ്യുമ്പോള്‍ അതിനകത്തുള്ള രാഷ്ട്രീയവും മതപരവുമായ കാര്യങ്ങള്‍ നമ്മള്‍ ആലോചിക്കേണ്ടിയിരിക്കുന്നു.

തൊട്ടപ്പന്‍

പ്രത്യേകിച്ച് തൃശൂര്‍ അതിരൂപതക്ക് കീഴില്‍ നാടകം കളിച്ചപ്പോള്‍ അവിടുത്തെ പിതാക്കന്മാര്‍ എന്തുകൊണ്ട് അതിനെ എതിര്‍ത്തുവെന്ന് ചിന്തിക്കണം. ക്രൈസ്തവ അന്തരീക്ഷത്തില്‍ വളരുകയും അതിന്റെ ഉള്ളിലുള്ള പുഴുക്കുത്തുകള്‍ മനസിലാക്കി അതിനെതിരെ വിമര്‍ശനം ഉന്നയിച്ച് അതിനൊരു നവീകരണം ഉണ്ടാകണമെന്നുള്ള രീതിയില്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ആളെന്ന നിലയില്‍ ഇത് ഡീപ്പായി പഠിക്കുന്ന നമുക്ക് അറിയാം.

ആലപ്പുഴ രൂപതയെ സംബന്ധിച്ചാണെങ്കിലും കൊച്ചി രൂപതയെ സംബന്ധിച്ചാണെങ്കിലും അതിന്റെ തലപ്പത്തിരിക്കുന്നത് അരികുവല്‍ക്കരിക്കപ്പെട്ട ജനങ്ങളുടെ ഇടയില്‍ നിന്ന് വളര്‍ന്ന് വന്ന പുരോഹിതരും മെത്രാന്മാരുമാണ്. അരികുവല്‍ക്കരിക്കപ്പെടുന്ന ജനങ്ങളുടെ പ്രശ്‌നങ്ങള്‍ അവര്‍ക്ക് അറിയാം. അതുകൊണ്ടാണ് അവര്‍ക്ക് ആ നാടകം സ്വീകാര്യമായതും.

തൃശൂര്‍ വരുമ്പോള്‍ അത് സവര്‍ണ പുരോഹിത ആണധികാരത്തിന്റെ തണലിലാണ് തൃശൂര്‍ രൂപത നില്‍ക്കുന്നത്. തീരദേശ ഗ്രാമങ്ങളോ കുടിയേറ്റ ഗ്രാമങ്ങളോ ആയിട്ട് യാതൊരു ബന്ധവും ഇല്ലാതെ എലൈറ്റഡ് കുടുംബത്തില്‍ നിന്ന് വന്ന പുരോഹിതന്മാരാണ്. ഈ സവര്‍ണ മതമേധാവിത്തമാണ് തൃശൂരില്‍ നാടകത്തെ നിരോധിക്കാനായി ആവശ്യപ്പെടുന്നത്.

നേരത്തേതുമായി കൂട്ടിച്ചേര്‍ത്ത് വായിക്കുമ്പോള്‍ സവര്‍ണ പുരോഹിത ആണധികാരത്തിന്റെ ധാര്‍ഷ്ഠ്യമാണ് നമ്മള്‍ കാണുന്നത്. അതിന് ഒരിക്കലും കീഴ്‌പ്പെട്ട് പോകാതെ നാടകവുമായി മുന്നോട്ട് പോകണമെന്ന കാഴ്ചപ്പാടാണ് എനിക്ക്. അതിന്റെ ഒരു തുടര്‍ച്ചയെന്നോണമാണ് ഞാനെന്റെ ജോലി സ്വയം ഉപേക്ഷിച്ചത്.

 പ്രധാനമായും അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ പ്രശ്‌നങ്ങളാണ് താങ്കളുടെ കൃതികളില്‍ വന്നുകൊണ്ടിരിക്കുന്നത്. മാസ്റ്റര്‍ പീസ് ആകട്ടെ എഴുത്തുകാരുടെ കഥയും. അതില്‍ എഴുത്തുകാരുടെ സാമ്പത്തിക സ്ഥിതിയെ കുറിച്ച് സൂചിപ്പിക്കുന്നുണ്ട്. മറ്റ് എന്തൊക്കെ പ്രശ്നങ്ങളാണ് എഴുത്തുകാര്‍ അനുഭവിക്കുന്നതെന്നാണ് നോവലില്‍ പറയുന്നത്?

മാസ്റ്റര്‍പീസില്‍ എഴുത്തുകാരുടെ സാമ്പത്തികാവസ്ഥ മാത്രമല്ല, അവരെ സംബന്ധിക്കുന്ന എല്ലാ കാര്യങ്ങളും ഉള്‍പ്പെടുന്നു. എഴുത്തിന്റെ വലിയ രാജ്യത്തെക്കുറിച്ചാണ് ഇതില്‍ എഴുതിയിരിക്കുന്നത്. ഇനിയും കുറച്ച് കൂടിയുണ്ടെന്ന് പറഞ്ഞ് ഒന്നും കൂട്ടിച്ചേര്‍ക്കാനില്ല തരത്തിലാണ് നോവലെഴുതിയിരിക്കുന്നത്.

ഒരു ചെറിയ പുസ്തകമാണെങ്കിലും സമഗ്രമായി എല്ലാ വശങ്ങളും അവതരിപ്പിച്ചിട്ടുണ്ട്. അവാര്‍ഡുകള്‍, എഴുത്തുകാരുടെ ജീവിതം, അവര്‍ നേരിടുന്ന വെല്ലുവിളികള്‍, എഴുത്തുകാര്‍ അപചയത്തിന് അടിമകളായിപ്പോകുന്നത്, അങ്ങനെ എല്ലാ മേഖലകളെയും സ്പര്‍ശിച്ച് കൊണ്ടുള്ള പുസ്തകമാണത്.

എഴുത്തുകാരന്‍ എസ്.ഹരീഷ് ഇത് വായിച്ചിട്ട് എന്നെ വിളിക്കുമ്പോള്‍ പറഞ്ഞത് നീ എഴുതിയില്ലായിരുന്നെങ്കില്‍ ഞാന്‍ എഴുതുമായിരുന്നുവെന്നാണ്. ഇന്നല്ലെങ്കില്‍ നാളെ ഞാനല്ലെങ്കില്‍ മറ്റൊരാള്‍ ഈ നോവലെഴുതുമായിരുന്നു. കാരണം അത്രമേല്‍ ഈ എഴുത്തിന്റെ ലോകം നമ്മള്‍ കാണാത്ത രീതിയില്‍ അപചയപ്പെട്ടു പോകുന്നുവെന്ന നിലപാടില്‍ തന്നെയാണ് ഇപ്പോഴും നില്‍ക്കുന്നത്. നെറോണയല്ലെങ്കില്‍ മറ്റൊരാള്‍ ഇത് എഴുതുമായിരുന്നു. അത് എഴുതാനുള്ള നിയോഗം എനിക്കുണ്ടായെന്നേയുള്ളൂ.

 പൊതു സമൂഹത്തിന്റെ സ്വഭാവം മുന്നില്‍ കണ്ട് എല്ലാ എഴുത്തുകാരും ജാഗ്രത പാലിക്കണമെന്നും താന്‍ എഴുതി വെക്കുന്ന ഒരു കൃതി സമൂഹത്തെ കത്തിക്കാളിക്കുന്ന തരത്തിലാകരുതെന്നും അതിലും നല്ലത് എഴുതാത്തതാണെന്നും താങ്കള്‍ ഒരു വേദിയില്‍ പണ്ട് പറഞ്ഞിരുന്നു. അത്തരത്തില്‍ എന്തെങ്കിലും ജാഗ്രത കുറവ് താങ്കളുടെ കൃതിയില്‍ സംഭവിച്ചുവെന്ന് തോന്നിയോ. എന്താണ് ആ പ്രസ്താവനയെ കുറിച്ച് വ്യക്തമാക്കാനുള്ളത്?

അങ്ങനെയൊരു ജാഗ്രതക്കുറവ് എന്റെ കൃതിയില്‍ ഇക്കാലമത്രയും ചൂണ്ടിക്കാണിച്ചിട്ടില്ല. കക്കുകളി വിവാദമാകുന്നത് സഭയോട് അനുഭാവം ചേര്‍ന്ന് നില്‍ക്കുന്നവര്‍ പൊട്ടന്‍കഥയാണെന്ന് പറഞ്ഞ് കാര്യകാരണമില്ലാതെ വിമര്‍ശിക്കുന്നത് കൊണ്ടാണ്. അല്ലാതെ എന്റെ കഥയ്ക്ക് മത സ്പര്‍ദ്ധയുണ്ട്, ഒരു സമൂഹത്തെയോ വിഭാഗത്തെയോ പ്രതിസന്ധിയിലാക്കി എന്ന വിമര്‍ശനം ഉണ്ടായിട്ടില്ല.

കക്കുകളിയില്‍ ഞാന്‍ ആരെക്കുറിച്ചാണോ എഴുതിയിട്ടുള്ളത്, ആ സമൂഹമാണ് എനിക്ക് ഒരു ആദരവ് തന്നിരിക്കുന്നത്. അപ്പോള്‍ എന്റെ കഥകളില്‍ ഒരിക്കലും ഒരു തരത്തിലുമുള്ള ജാഗ്രത കുറവമുണ്ടായിട്ടില്ല.

നമ്മുടെ ഒരു ജാഗ്രത കുറവ് കൊണ്ട് സമൂഹത്തിലെ ജനങ്ങള്‍ തമ്മില്‍ ഒരു സ്പര്‍ദ്ധയോ മറ്റൊരു രീതിയില്‍ ചേരി തിരിഞ്ഞുള്ള പ്രസ്താവനകള്‍ക്കോ ഇടം കൊടുക്കരുതെന്ന് ഊന്നിയാണ് ഞാന്‍ അന്ന് ഒരു പരാമര്‍ശം നല്‍കിയത്. അതില്‍ ഇപ്പോഴും ഉറച്ച് നില്‍ക്കുന്നു. എഴുത്തുകാരന്‍ ജാഗ്രതയുള്ളവരയാരിക്കണം. അതോടൊപ്പം ഈ കാര്യങ്ങളൊക്കെയും തുറന്ന് പറയുകയും വേണം.

ഇന്നത്തെ കാലത്ത് നിരവധി എഴുത്തുകാര്‍ ജാതീയതക്കും ഫാസിസത്തിനുമതിരായി നിരന്തരം ശബ്ദിച്ചു കൊണ്ടിരിക്കുകയാണ്. ഒരു ഭാഗത്ത് അവരെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുമ്പോള്‍ മറുഭാഗത്ത് അവരെ സ്വീകരിക്കുന്ന ആളുകളും ഉണ്ട്. എഴുത്തിലൂടെ ഒരു പുതിയ സമൂഹം കെട്ടിപ്പെടുക്കാന്‍ സാധിക്കും എന്ന് തോന്നുന്നുണ്ടോ?

എന്നെ സംബന്ധിച്ച് എഴുത്ത് വലിയൊരു സമൂഹത്തിന് വേണ്ടിയാണ് സംസാരിക്കുന്നതെന്ന ഉത്തമ ബോധ്യത്തോട് കൂടിയാണ് എഴുതുന്നത്. പി.എം. ആന്റണിയുടെ ആറാം തിരുമുറിവ് നിരോധിച്ചപ്പോള്‍ അദ്ദേഹം എന്നോട് പറഞ്ഞത്, എടാ…അവര്‍ എന്റെ നാടകം മാത്രമല്ല, നാടകം കാണാനുള്ള ജനങ്ങളുടെ അവകാശത്തെ കൂടിയാണ് നിരോധിച്ചതെന്നാണ്. ആ ഒരു വാക്കുകളില്‍ നിന്നും, ഒരു എഴുത്തുകാരന്‍ സ്വയം അല്ല സംസാരിക്കുന്നത്, ഒരു സമൂഹത്തെ പ്രതിനിധാനം ചെയ്തിട്ടാണ് സംസാരിക്കുന്നതെന്ന് മനസിലാകും.

എഴുത്തുകാരുടെ സ്വരത്തിന് പവര്‍ഫുള്‍ വരുന്നത് സമൂഹത്തിന്റെ ദുരിതങ്ങളെയും ആശയങ്ങളെയും വിളിച്ച് പറയുന്നത് കൊണ്ടാണ്. ഇത്തരത്തിലുള്ള ഇടപെടലുകള്‍ നടത്തുന്നത് കൊണ്ടാണ് ഫാസിസത്തിനെതിരെ, മതസ്പര്‍ദ്ധക്കെതിരെ വ്യവസ്ഥാപിതമായ നയങ്ങള്‍ക്കെതിരെ എഴുത്തുകാരന്‍ സംസാരിക്കുന്നത്.

എഴുത്ത് ഒരു സര്‍ഗാത്മകമായ പ്രവൃത്തി കൂടിയാണ്. നമ്മള്‍ ആഗ്രഹിക്കുന്ന കഥാപാത്രങ്ങള്‍, കഥയുടെ ഫ്‌ളോട്ട്, ഭൂമിക, ശില്‍പഭംഗി അങ്ങനെ ഒട്ടനവധി ഭംഗിയുള്ള സര്‍ഗാത്മ ചേര്‍ന്നതാണ് ഒരു ഫിക്ഷന്‍. അത് ഒരിക്കലും വേദികളില്‍ നിന്ന് പ്രസംഗിക്കുന്നത് പോലെയുള്ള പ്രോസസ് അല്ല. അത് മറ്റൊരു പ്രോസസ് ആണ്.

എന്നാല്‍ ഒരാള്‍ ഒരു പുസ്തകം വായിച്ചിട്ട് വിശുദ്ധനാകാം എന്നും പറയുന്നില്ല. പുസ്തകം വായിക്കുന്നതിന് മുമ്പുള്ള ഒരാളും അതിന് ശേഷമുള്ളൊരാളും രണ്ട് വ്യക്തികളായിരിക്കും എന്ന് പറയാനാകും. അത്തരത്തിലുള്ള ആന്തരിക നവീകരണം അറിഞ്ഞോ അറിയാതെയോ ഉണ്ടാകുന്നുണ്ട്. ഓരോ വ്യക്തികളിലും വരുന്ന പ്രതിഫലം ആണ് സമൂഹത്തിന് മൊത്തത്തില്‍ വരുന്ന മാറ്റങ്ങള്‍. അതുകൊണ്ട് തന്നെയാണ് എഴുത്ത് സമൂഹത്തെ നവീകരിക്കുമെന്ന് പറയുന്നത്.

ഇങ്ങനെ ഒരു പരാതി വന്നപ്പോള്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ എന്ന നിലയില്‍ എന്തൊക്കെ നടപടിക്രമങ്ങള്‍ ഫേസ് നേരിടേണ്ടി വന്നു?

പരാതി ഹൈക്കോടതിയിലാണ് വന്നത്. ഉദ്യോഗസ്ഥനെതിരെ പരാതി വന്നാല്‍ അത് അന്വേഷിക്കാന്‍ ഒരു സെക്ഷനുണ്ട്. ആ സെക്ഷന്‍ വഴി ഈ ജീവനക്കാരന്‍ എവിടെയാണോ ജോലി ചെയ്യുന്നത് അവിടെയുള്ള മേലധികാരികള്‍ വഴി അന്വേഷണമൊക്കെ നടത്തും. സാധാരണ ഒരു ഓഫീസില്‍ നടത്തുന്ന എല്ലാവിധ പ്രൊസീജറും ഇതിലും ബാധകമായിരുന്നു.

എല്ലാ സര്‍ക്കാര്‍ ജീവനക്കാരും അവരവരുടെ സാഹിത്യ രചനകള്‍ നടത്തുമ്പോള്‍ പ്രയര്‍ പെര്‍മിഷന്‍ വാങ്ങിക്കണമെന്ന നിയമമുണ്ട്. ഞാന്‍ അത് വാങ്ങിച്ചിരുന്നില്ല. ബോധപൂര്‍വം വാങ്ങാതിരുന്നതല്ല. സര്‍വീസില്‍ കയറുന്ന കാലത്ത് പഞ്ചായത്തിലായിരുന്നു ജോലി ചെയ്തിരുന്നത്. അന്ന് ഒരു ജനറല്‍ പെര്‍മിഷന്‍ വാങ്ങിയിരുന്നു. അത് പത്തിരുപത് വര്‍ഷങ്ങള്‍ക്ക് മുമ്പാണ്.

എന്റെ ഒരു ധാരണ ആ പെര്‍മിഷന്‍ കൊണ്ട് വീണ്ടും എഴുതാമെന്നായിരുന്നു. പിന്നെ ഞാന്‍ എഴുത്തിലേക്ക് കടന്ന് വന്നത് 2016ലാണ്. കേവലം ഏഴ് വര്‍ഷത്തെ അനുഭവം മാത്രമേ എനിക്ക് എഴുത്തിലുള്ളൂ. ഇത്തരമൊരു സാഹചര്യത്തില്‍ അന്വേഷണം എന്റെ ഡിപ്പാര്‍ട്ട്‌മെന്റ് നടത്തിയാല്‍ ഞാന്‍ എഴുത്തില്‍ നിന്ന് മാറി എന്റെ ഔദ്യോഗിക ജീവിത്തിലേക്ക് ഒതുങ്ങി പോകാനുള്ള സാഹചര്യം ഉണ്ടാകും.

അത്തരമൊരു സാഹചര്യമാണ് ഇപ്പോഴും സംജാതമായിരിക്കുന്നത്. എന്റെ മാസ്റ്റര്‍ പീസിനെതിരെ പരാതി പോകുന്നു. അതിന്റെ പിന്നാലെ കക്കുകളി വിവാദമാകുന്നു. അത് നാടകമാക്കിയത് വിവാദമാകുന്നു. അത് നാടകമാക്കിയതിനെക്കുറിച്ച് ഹൈക്കോടതിയില്‍ നോട്ടീസ് പോകുന്നു. അത്തരം സാഹചര്യത്തില്‍ ആരെങ്കിലും ചോദ്യം ചോദിക്കുമ്പോള്‍ അതിന് കൃത്യമായി മറുപടി പറയണം.

ഞാന്‍ ആലോചിച്ച് എന്റെ ഡിപ്പാര്‍ട്ട്‌മെന്റിനോട് അനുവാദം ചോദിച്ച് കാത്തിരുന്ന് ഒരു മറുപടി പറയാമെന്ന് പറയുന്നതില്‍ ഒരു ഔചിത്യക്കുറവുണ്ട്. അത്തരമൊരു സാഹചര്യത്തില്‍ ഈ പരാതി കൊടുത്തൊരാളുടെ ഉദ്ദേശ്യം ഞാന്‍ ഔദ്യോഗിക ജീവിതത്തില്‍ ഒതുങ്ങുമെന്നായിരിക്കും വിചാരിച്ചിരുന്നത്.

 സര്‍ക്കാര്‍ ജോലി ചെയ്യുമ്പോള്‍ ഏതെങ്കിലും വിഷയങ്ങളെ കുറിച്ച് എഴുതാന്‍ പറ്റാത്ത സാഹചര്യം നിലവിലുണ്ടോ?

ഉണ്ട്. ഞാന്‍ ക്വാളിഫൈഡ് ക്ലര്‍ക്കല്ല. പ്രമോഷന്‍ വേണ്ടെന്ന് വെച്ച് ഇരിക്കുന്ന ആളായത് കൊണ്ട് ഇത്തരം കാര്യങ്ങളൊന്നും നോക്കേണ്ടി വന്നിട്ടില്ല. എന്നാലും ഈ വിഷയം വന്നപ്പോള്‍ ഞാന്‍ ആ റൂള്‍സ് ആന്റ് റെഗുലേഷന്‍സ് നോക്കിയിരുന്നു. അതില്‍ പറയുന്നത് സര്‍ക്കാരിനെ വിമര്‍ശിക്കുന്ന യാതൊന്നും എഴുതാന്‍ പാടില്ല.

അത് എല്‍.ഡി.എഫ് സര്‍ക്കാര്‍ എന്നല്ല, ഏത് മുന്നണിയാണെങ്കിലും സര്‍ക്കാരിനെ വിമര്‍ശിച്ച് എഴുതാന്‍ പാടില്ല. കാര്യം നമ്മള്‍ സര്‍ക്കാര്‍ ജീവനക്കാരനാണ്. സര്‍ക്കാരിന്റെ വേതനം പറ്റി സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ നമുക്ക് അധികാരമില്ല.

എന്നെ സംബന്ധിച്ച് മറ്റൊരു ക്ലോസും കൂടിയുണ്ട്. കോടതിയെ കുറിച്ച് നമുക്ക് എന്തെങ്കിലും പറയണമെന്നുണ്ടെങ്കില്‍ സര്‍ക്കാരിന്റെ മാത്രമല്ല, കോട
തിയുടെ പെര്‍മിഷന്‍ കൂടി വേണം. ആ രണ്ട് കാര്യങ്ങളും നിയമത്തിലുള്ളതാണ്.

ഇനി തിരിച്ചു പോകുന്നത് എഴുത്തുമേശയിലാക്കാണെന്ന് പറയുന്നു. ആ എഴുത്തുമേശയിലേക്ക് പോകുമ്പോള്‍ ഏതൊക്കെ മേഖലയിലുള്ള കഥകളാണ് തെരഞ്ഞെടുക്കാന്‍ ഉദ്ദേശിക്കുന്നത്?

നിലവില്‍ മുടിയറവ് എന്ന നോവല്‍ എഴുതി കൊണ്ടിരിക്കുന്നു. അത് മാധ്യമം ആഴ്ചപ്പതിപ്പില്‍ അച്ചടിച്ച് വരുന്നുണ്ട്. എന്നെ സംബന്ധിച്ച് ഒരു കഥയോ നോവലോ എഴുതിക്കഴിഞ്ഞാല്‍ എന്റെ മനസ് ശൂന്യമാണ്. പിന്നെ അത് കൊയ്ത്ത് കഴിഞ്ഞ പാടം പോലെയാണ് നില്‍ക്കുന്നത്. അതില്‍ ഇനി അടുത്ത വിളവ് എപ്പോഴാണ് വിതക്കപ്പെടുന്നത്, എപ്പോഴാണ് പൊട്ടിമുളച്ച് വരുന്നത്, ദീര്‍ഘകാലം തരിശായിക്കിടക്കുമോ ഒന്നും പറയാന്‍ കഴിയാതെയാണ് എന്റെ മനസ് കിടക്കുന്നത്.

ഓരോ നോവലും കഴിയുമ്പോഴുള്ള ശൂന്യത ഇനി എഴുതാന്‍ പറ്റുമോ എന്ന് എന്നെ അലട്ടാറുണ്ട്. അതുകൊണ്ട് തന്നെ ഞാന്‍ എഴുതി ജീവിക്കുമെന്ന് എവിടെയും പറഞ്ഞിട്ടില്ല, പക്ഷേ എഴുത്തുമേശയോടും എഴുത്തിനോടും എനിക്ക് വല്ലാത്തൊരു പ്രണയമുണ്ട്.

സര്‍ക്കാര്‍ ജീവനക്കാരനെന്ന നിലയില്‍ സുരക്ഷിതമായ സാമ്പത്തിക അടിത്തറയില്‍ നിന്ന് മാറി എഴുത്തിന്റെ ഉപജീവനത്തിലൂടെ ജീവിച്ചോളാം എന്ന ധാരണയൊന്നും എനിക്കില്ല. നാളെ എനിക്ക് എഴുതാന്‍ പറ്റുമോ എന്ന് എനിക്കറിയില്ല. അത് സര്‍ഗാത്മകമായ പ്രോസസ് ആണ്. എപ്പോഴെങ്കിലും വരുമ്പോള്‍ ഞാന്‍ എഴുതും. അതൊരു ജീവിതമാര്‍ഗമായി എനിക്ക് കാണാന്‍ പറ്റില്ല. എങ്കില്‍ പോലും ഒരു നിലപാട് എന്ന രീതിയിലാണ് ഇങ്ങനൊരു അസ്ഥിരതയിലേക്ക് എടുത്തു ചാടിയത്.

എഴുത്തുമേശ എപ്പോഴും എന്നോട് കൂടിയുണ്ടാവും. ആ പേനയുടെ പിടിത്തം എന്റെ കയ്യില്‍ നിന്ന് വിട്ട് പോകാതിരിക്കാനായുള്ള ഒരു പരിശ്രമവും അതിന് വേണ്ടിയുള്ള അതിതീക്ഷ്ണവുമായ ഒരു ദാഹം എപ്പോഴും എന്റെ ഉള്ളില്‍ ഉണ്ടാകും.

content highlight : interview with francis norona

ആമിന കെ.

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കണ്ണൂര്‍ സര്‍വകലാശാലക്ക് കീഴില്‍ മലയാള ഭാഷാ സാഹിത്യത്തില്‍ ബിരുദം പൂര്‍ത്തിയാക്കിയ ശേഷം, തുഞ്ചത്തെഴുത്തച്ഛന്‍ മലയാളം സര്‍വകലാശാലയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. കേരള രാഷ്ട്രീയം, ദേശീയ രാഷ്ട്രീയം, ജെന്‍ഡര്‍, സാഹിത്യം, കല എന്നിവയുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

We use cookies to give you the best possible experience. Learn more