| Wednesday, 25th August 2021, 10:03 am

വിശ്വാസികളെ 'ക്രിസംഘി'കളാക്കുന്ന തീവ്ര ഗ്രൂപ്പുകളെ തിരിച്ചറിയേണ്ടതുണ്ട്

അന്ന കീർത്തി ജോർജ്

ഈശോ സിനിമയുമായി ബന്ധപ്പെട്ടുയര്‍ന്നുവന്ന വിവാദങ്ങളെ കുറിച്ച് പരാമര്‍ശിക്കവെ ക്രിസ്ത്യന്‍ മതമൗലികവാദത്തെ രൂക്ഷമായി വിമര്‍ശിച്ച് സംസാരിക്കുന്ന ഫാ. ജെയിംസ് പനവേലിലിന്റെ പ്രസംഗം കഴിഞ്ഞ ദിവസം മുതല്‍ സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ്. അങ്കമാലി രൂപതയുടെ മുഖപത്രമായ സത്യദീപത്തിന്റെ ഇംഗ്ലീഷ് എഡിഷന്റെ അസോസിയേറ്റ് എഡിറ്ററായ ഫാ. ജയിംസ് പനവേലില്‍ പള്ളിയില്‍ കുര്‍ബാനക്കിടെ നടത്തിയ പ്രസംഗത്തിലെ ഭാഗങ്ങളാണ് ഇപ്പോള്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുന്നത്.

ക്രിസ്തുമതമടക്കം എല്ലാ മതങ്ങളും മനുഷ്യനെ പഠിപ്പിക്കുന്നത് സ്നേഹിക്കാനാണെന്നും അതിന് വിപരീതമായി തീവ്രവാദ ആശയങ്ങള്‍ പടര്‍ത്തുന്ന ഗ്രൂപ്പുകളെ തിരിച്ചറിയണമെന്നും ഫാ. ജെയിംസ് പനവേലില്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു. തന്റെ നിലപാടുകളെ കുറിച്ച് കൂടുതല്‍ വിശദമാക്കുകയാണ് ഫാ. ജെയിംസ് പനവേലില്‍

അഭിമുഖം: ഫാ. ജയിംസ് പനവേലില്‍ / അന്ന കീര്‍ത്തി ജോര്‍ജ്

ഈശോ എന്ന സിനിമയുടെ പേരിനെ ചൊല്ലി ചില ക്രിസ്ത്യന്‍ ഗ്രൂപ്പുകളില്‍ നിന്നുയര്‍ന്ന വിദ്വേഷ പ്രചരണങ്ങളെ താങ്കള്‍ രൂക്ഷമായി വിമര്‍ശിക്കുന്നത് വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണല്ലോ?

ഒരു പള്ളിയിലെ പ്രസംഗത്തില്‍ വെച്ച്, സ്വാതന്ത്ര്യദിനവുമായി ബന്ധപ്പെട്ടു പറഞ്ഞ കാര്യങ്ങളിലെ ചില ഭാഗങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ആ പ്രസംഗത്തില്‍ സിനിമയെ കുറിച്ച് മാത്രമല്ല, മറ്റു പല കാര്യങ്ങളെ കുറിച്ചും സംസാരിച്ചിരുന്നു. ക്രിസ്തുമതമടക്കം എല്ലാ മതങ്ങളും മനുഷ്യനെ സ്നേഹിയാക്കുകയാണ് വേണ്ടത്, മതവാദിയാക്കുകയല്ല.

ഞാനൊരു യുവവൈദികനാണ്. അച്ചനായിട്ട് നാല് വര്‍ഷം മാത്രമേ ആയിട്ടുള്ളു. ഞാന്‍ മനസിലാക്കിയ ക്രിസ്തുബോധ്യങ്ങളാണ് ആ പ്രസംഗത്തില്‍ പറഞ്ഞത്. അതൊരിക്കലും സഭയ്‌ക്കോ ക്രിസ്തുവിനോ നിരക്കാത്തതാണെന്ന് ഞാന്‍ കരുതുന്നില്ല.

ഫാ. ജയിംസ് പനവേലില്‍

ക്രിസ്തു ഇന്നും സമൂഹത്തില്‍ പ്രസക്തിയോടെ നിലനില്‍ക്കുന്നത് അദ്ദേഹത്തിന്റെ പ്രബോധനങ്ങള്‍ കൊണ്ടാണ്. ആ പ്രബോധനങ്ങളില്‍ ഏറ്റവും പ്രധാനം മറ്റുള്ളവരെ സ്നേഹിക്കുക എന്നതിനാണ്. ശത്രുവിനെ വരെ സ്നേഹിക്കാനാണ് ക്രിസ്തു പറഞ്ഞിരിക്കുന്നത്. ഞാന്‍ മനസിലാക്കിയ ക്രിസ്തു വാളെടുത്ത് പ്രതികരിക്കാന്‍ പഠിപ്പിച്ചിട്ടുള്ളവനല്ല.

എല്ലാ മതങ്ങളും കാലങ്ങളായി പറയുന്ന കാര്യം ആവര്‍ത്തിക്കുക മാത്രമാണ് ഞാന്‍ ചെയ്തത്. ഇന്നത്തെ കാലഘട്ടം ആ ആശയങ്ങളില്‍ നിന്നും ഏറെ വ്യതിചലിച്ചു പോയതുകൊണ്ടായിരിക്കാം ഞാന്‍ പറഞ്ഞ വാക്കുകള്‍ വൈറലായത്. അല്ലാതെ, ഞാനെന്തെങ്കിലും പുതുമയുള്ളതായി പറഞ്ഞുവെന്ന് കരുതുന്നില്ല.

കഴിഞ്ഞ കുറച്ചു നാളുകളായി മുന്‍പെങ്ങുമില്ലാത്ത വിധം വര്‍ഗീയതയും മതസ്പര്‍ധയും പടരുന്നുണ്ട്. സോഷ്യല്‍ മീഡിയയില്‍ അതിന്റെ പ്രതിഫലനങ്ങള്‍ വ്യക്തമായി കാണാം. സഹിഷ്ണുതയില്ലാത്ത കാലത്തിലാണ് നമ്മള്‍ ജീവിക്കുന്നത്. ഏതൊരു കാര്യത്തിലും അസഹിഷ്ണുത വളരുകയാണ്.

അതുകൊണ്ട് തന്നെ ഈ കാലഘട്ടത്തില്‍ സ്നേഹത്തെയും സഹിഷ്ണുതയെയും പറ്റിയാണ് നമ്മള്‍ പറയേണ്ടത്. അതേക്കുറിച്ച് തന്നെയാണ് മതങ്ങള്‍ പഠിപ്പിക്കേണ്ടത്. ക്രിസ്തുമതവും അതുതന്നെയാണ് പറയുന്നത്.

ഫാ. ജയിംസ് പനവേലിന്റെ പ്രസംഗത്തിന്റെ പൂര്‍ണരൂപം

തൃശൂര്‍ രൂപത ബിഷപ്പായ ആന്‍ഡ്രൂസ് താഴത്ത് അടക്കമുള്ളവര്‍ ഈശോയെന്ന് സിനിമക്ക് പേരിടുന്നതിനെതിരെ സംസാരിച്ചിരുന്നല്ലോ. സഭാനേതൃത്വം ഈ വിഷയത്തെ ഇങ്ങനെയായിരുന്നോ കൈകാര്യം ചെയ്യേണ്ടിയിരുന്നത് ?

അതൊന്നും പറയാന്‍ ഞാന്‍ ആളല്ല. ഞാന്‍ പങ്കുവെച്ചത് എന്റെ ക്രിസ്തീയ ബോധ്യങ്ങളാണ്. ഒരു മതമേലധ്യക്ഷനും തീവ്രവാദത്തെ പിന്തുണക്കുമെന്നോ പ്രചരിപ്പിക്കുമെന്നോ ഞാന്‍ വിശ്വസിക്കുന്നില്ല.

ക്രിസ്ത്യാനികളിലെ ചിലര്‍ ക്രിസംഘികളെന്നാണ് വിളിക്കപ്പെടുന്നതെന്നും അത് അവരുടെ സ്വഭാവം കൊണ്ടാണെന്നും പറഞ്ഞിരുന്നല്ലോ. കത്തോലിക്ക സഭക്കുള്ളില്‍, ഉന്നതനേതൃത്വത്തിനിടയില്‍ വരെ, സംഘപരിവാര്‍ ആശയങ്ങള്‍ക്ക് പ്രചാരം ലഭിക്കുന്നുണ്ടെന്ന വിമര്‍ശനങ്ങളെ എങ്ങനെ കാണുന്നു?

തീവ്രവാദ ആശയങ്ങള്‍ എല്ലാ മതത്തിലും പലപ്പോഴും ഉണ്ടായിട്ടുണ്ട്. അത് ക്രിസ്തുമതത്തിലും ഇസ്ലാമിലുമുണ്ട്. ഇപ്പോള്‍ ഹിന്ദൂയിസത്തിലുമുണ്ട്. പക്ഷെ, അത് ഒരു ന്യൂനപക്ഷം മാത്രമാണ്. ആ ന്യൂനപക്ഷം പറയുന്നതാണ് ആ മതത്തിന്റെ അന്തസത്ത എന്ന് ചിന്തിക്കരുത്. മതത്തിന്റെ യഥാര്‍ത്ഥ ആശയങ്ങളെ മനസിലാക്കിയവര്‍ക്കൊരിക്കലും തീവ്ര ആശയങ്ങളോടൊപ്പം നില്‍ക്കാനാകില്ല.

എല്ലാ മതങ്ങളിലും മതതീവ്രവാദം ശക്തിപ്പെട്ടുക്കൊണ്ടിരിക്കുന്ന കാലഘട്ടമാണിത്. പക്ഷെ അതാണ് ഔദ്യോഗികപക്ഷമെന്ന് ഞാന്‍ കരുതുന്നില്ല. ക്രിസ്തു പഠിപ്പിച്ചതും അതല്ല.

ഫാ. ജയിംസ് പനവേലില്‍ മാര്‍പ്പാപ്പയോടൊപ്പം

എന്നാല്‍ ഈ തീവ്ര ആശയങ്ങള്‍ പറയുന്ന ഗ്രൂപ്പുകള്‍ പ്രബലപ്പെടുന്നുണ്ട്. സോഷ്യല്‍ മീഡിയയുടെ ആവിര്‍ഭാവത്തോടെ അത് കൂടുതല്‍ ശക്തമാവുകയും പ്രചുരപ്രചാരം നേടുകയും ചെയ്യുന്നുണ്ട്. ഇത്തരം സമയങ്ങളില്‍ നമ്മള്‍ ഈ തീവ്ര ആശയങ്ങള്‍ക്കെതിരെ സംസാരിച്ചല്ലേ മതിയാകൂ.

സഭയുടെ മേലധ്യക്ഷന്മാരോ മേലാളന്മാരോ ഇത്തരം തീവ്ര ആശയങ്ങളെ പിന്തുണച്ച് സംസാരിച്ചിട്ടുണ്ടെന്ന് ഞാന്‍ കരുതുന്നില്ല. വളരെ ചെറിയ ന്യൂനപക്ഷമായ ചില ഗ്രൂപ്പുകള്‍ മാത്രമാണ് തീവ്ര ആശയങ്ങളും പ്രൊപ്പഗാണ്ടയും മുന്നോട്ടുവെക്കുന്നത്.

അത്തരം പ്രൊപ്പഗാണ്ടകളെ തിരിച്ചറിയാന്‍ സാധിക്കണം. ആ തിരിച്ചറിവ് പൊതുസമൂഹത്തിനുണ്ടെന്ന് തന്നെയാണ് ഞാന്‍ വിശ്വസിക്കുന്നത്. മതതീവ്രവാദമെന്താണെന്ന് അവര്‍ക്ക് നന്നായിട്ടറിയാം. അതുകൊണ്ടാണ്ട് അതിനെതിരെ നമ്മള്‍ സംസാരിക്കുമ്പോള്‍ ജനങ്ങള്‍ ഏറ്റെടുക്കുന്നത്.
സഭക്കുള്ളില്‍ നിന്നുതന്നെ അതുപറയാന്‍ സാധിക്കുന്നുവെന്നത് നല്ല കാര്യമാണ്.

സഭയിലെ പുഴുക്കുത്തുകളെ മൂടിവെക്കുകയല്ല, തുറന്നുവെച്ച് ഉണക്കുകയാണ് വേണ്ടത് എന്ന് പറഞ്ഞിരുന്നല്ലോ. കേരളത്തിലെ ക്രിസ്തീയ സഭയില്‍ അത്തരം തുറന്നു സമ്മതിക്കലുകള്‍ നടക്കുന്നുണ്ടോ?

ക്രിസ്ത്യന്‍ സഭയിലെന്നല്ല, എവിടെയാണെങ്കിലും പുഴുക്കുത്തുകള്‍ മൂടിവെക്കുമ്പോള്‍ സുഖപ്പെടല്‍ നടക്കില്ല. സുതാര്യമാകുമ്പോഴാണ് നമ്മള്‍ കുറച്ചുകൂടി ക്രിസ്തീയപരവും മനുഷ്യത്വപരവുമായി മാറുന്നത്. തെറ്റുകള്‍ ആരുടെ പക്ഷത്തും സംഭവിക്കാം. അതിനെ മൂടിവെക്കുന്നിടത്ത് പ്രകാശമോ സത്യമോ ഉണ്ടാകില്ല. തെറ്റുകളെ തുറന്നുകാണിക്കാനുള്ള ആര്‍ജവമുണ്ടാകണം. അവിടെയേ കാറ്റും വെളിച്ചവുമുണ്ടാവുകയുള്ളു.

മതം മനുഷ്യനെ ഭാരപ്പെടുത്തുന്ന ഒന്നല്ലല്ലോ, അങ്ങനെയാകാനും പാടില്ലല്ലോ. ജീവിതങ്ങളെ കുറച്ചു കൂടി ലാളിത്യമുള്ളാതാക്കാന്‍ വേണ്ടിയല്ലേ മതങ്ങള്‍ നിലനില്‍ക്കേണ്ടത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Interview with Fr. James Panavelil

അന്ന കീർത്തി ജോർജ്

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍, പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more