ആക്റ്റിവിസ്റ്റ് ഫാദര്‍ അഗസ്റ്റിന്‍ വട്ടോളി
ഞാന്‍ പഠിച്ചത് പൂനമല്ലി എന്നു പറയുന്ന സെമിനാരിയിലാണ്. വിമോചന ദൈവശാസ്ത്രത്തിന്റെ വളരെ വലിയ വാങ്ങലുളള ഒരു സെമിനാരിയാണത്. വിമോചന ദൈവശാസ്ത്രം- ഏറ്റവും പാര്‍ശ്വവല്‍കൃതരായ മനുഷ്യരുടെ പക്ഷം പിടിക്കുന്ന ഒരു ദൈവത്തെയാണ് വിമോചന ദൈവശാസ്ത്രം ബൈബിളിലൂടെ നമുക്ക് വിശദീകരിച്ച് തരുന്നത്. ഏറ്റവും നിസഹായരായ ഏറ്റവും ദരിദ്രരായ മനുഷ്യരുടെ പക്ഷം പിടിക്കേണ്ടത് നമ്മളുടെ ഉത്തരവാദിത്തമാണ്,കടമയാണ് എന്നുളെളാരു വലിയൊരു സന്ദേശം ആ സെമിനാരിയുടെ ക്യാമ്പസ് നമുക്ക് പറഞ്ഞു തന്നിരുന്നു.
അപ്പോള്‍ അതിന്റെയൊക്കെയൊരു പശ്ചാത്തലത്തിലാണ് അങ്ങനെ ജീവിക്കുന്നതിനെപ്പറ്റി ആലോചിച്ചു തുടങ്ങിയത്. ആദിവാസി ജനവിഭാഗങ്ങളെപ്പറ്റി ഞാന്‍ ആലോചിച്ചു തുടങ്ങിയിരുന്നു. പ്രകൃതി ആയിട്ടും അവരുടെ ജീവിതത്തെ സംബന്ധിച്ചും മറ്റു മനുഷ്യരില്‍ നിന്നും വ്യത്യസ്തമായ ഒരു ജീവിത വ്യവസ്ഥ അവര്‍ക്കുണ്ടെന്നും ജീവിതരീതി അവര്‍ക്കുണ്ടെന്നും ഒക്കെ ഞാന്‍ മനസിലാക്കി തുടങ്ങുന്നതാണ്. എന്റെ വൈദികജീവിതത്തിന്റെ തുടക്കം മുതല്‍ അത്തരത്തിലുളള വായനകള്‍ നടക്കുന്നുണ്ട്.
യാത്രകളിലൂടെയും കണ്ടുമുട്ടുന്ന മനുഷ്യരിലൂടെയുമൊക്കെ ഞാനത് മനസിലാക്കാന്‍ ശ്രമിക്കുന്നു. അങ്ങനെയാണ് വാത്തുരുത്തിയില്‍ താമസിക്കുന്നത്. വാത്തുരുത്തിയില്‍ താമസം തുടങ്ങി കുറച്ചുനാളുകള്‍ക്കുളളില്‍ തന്നെ മൂലമ്പിളളി സമരവുമായി ബന്ധപ്പെടാന്‍ ഇടയായി. അതുവരെ സമരമെന്നു കേട്ടാല്‍, പ്രത്യേകിച്ചു, വികസനത്തിനെതിരെയുളള സമരമെന്നു കേട്ടാല്‍ അതു വളരെ മനുഷ്യവിരുദ്ധമായിട്ടാണ് തോന്നിയിരുന്നത്. ഉദാഹരണമായി ഒരു വലിയ റോഡ് വരുന്നു ഈ റോഡിന് വിഘാതമായി ജനങ്ങള്‍ സമരം ചെയ്യുന്നു. ആ സമരം വളരെ തെറ്റാണെന്നായിരുന്നു എന്റെ മനസിലുണ്ടായിരുന്നത്.
വികസനത്തിനു വേണ്ടി ഒരു കാര്യം നടക്കുമ്പോള്‍ എന്തുകൊണ്ടാണ് ഈ ജനങ്ങള്‍ വികസനത്തിനു എതിരു നില്‍ക്കുന്നത്. അവരെന്തുകൊണ്ടാണ് സമരം ചെയ്യുന്നത്. പൊലീസും കേരള ഗവണ്‍മെന്റും കൂടി ആ ഭൂമി ഏറ്റെടുത്ത് അവരെ മാറ്റി താമസിപ്പിക്കണം. വികസനമാണ് പ്രധാനപ്പെട്ടത് എന്നുളളതായിരുന്നു എന്റെ മനസിലുണ്ടായിരുന്നത്. പക്ഷേ വടുതലയില്‍ ചെന്ന് ഈ സമരത്തിന്റെ വിശദാംശങ്ങള്‍ ഞാന്‍ മനസിലാക്കുന്നതോടെ അവരുമായി ബന്ധപ്പെടാനും, ആ സമരമായി ബന്ധപ്പെടാനും തുടങ്ങി. അങ്ങനെയാണ് വികസനത്തെപ്പറ്റിയുളളയൊരു കാഴ്ച്ചപാട് എനിക്ക് ആദ്യമായി കിട്ടുന്നത്.
അതുവരെ ഞാന്‍ വേറൊരു വ്യക്തിയായിരുന്നു. പാര്‍ശ്വവല്‍കൃതരെപ്പറ്റിയും ദരിദ്രരെപ്പറ്റിയും ഒക്കെ ചിന്തിക്കുന്നുണ്ടെങ്കിലും എന്തുകൊണ്ട് പാര്‍ശ്വവല്‍കൃതരുണ്ടാകുന്നു,എന്തുകൊണ്ട് ദരിദ്രരുണ്ടാകുന്നു,എന്തുകൊണ്ട് നിസഹായമായൊരു അവസ്ഥ ജനങ്ങള്‍ക്കുണ്ടാകുന്നു എന്നുളെളാരു വ്യവസ്ഥിതിയെപ്പറ്റിയൊന്നും ഞാന്‍ ചിന്തിച്ചിരുന്നില്ല. പക്ഷേ മൂലമ്പിളളി സമരത്തോടെയാണ് എനിക്ക് യഥാര്‍ഥ രാഷ്ട്രീയമായിട്ടുളെളാരു കാഴ്ച്ചപാട് ജീവിതത്തില്‍ കിട്ടുന്നത്.
വികസനത്തെപ്പറ്റിയുളള കാഴ്ച്ചപാട്, കുടിയൊഴിക്കപ്പെടുന്ന ജനത്തെപ്പറ്റിയുളള കാഴ്ച്ചപാട് അതില്‍ തുടങ്ങി കേരളത്തിലെ ജനകീയ സമരങ്ങളുമായി ബന്ധപ്പെട്ട് എല്ലാം ഇടപെടാന്‍ സാധിച്ചു. ഉടനെ തന്നെയാണ് കേരളീയം മാസികയുടെ ഒരു ക്യാമ്പ് സമീഷ കാലടിയില്‍ വെച്ച് നടക്കുന്നത്. റോബിന്‍, കേരളീയം തുടങ്ങിയിട്ടുളള ഒരു നീണ്ട പ്രവര്‍ത്തകരെ കാണാനും പരിചയപ്പെടാനും സാധിച്ചു. കേരളത്തിലും ഇന്ത്യയിലും നടക്കുന്ന ജനകീയസമരങ്ങളുമായി ഒരു ബന്ധം വരുന്നത് ആ ക്യാമ്പില്‍ നിന്നാണ്.
ഫാദര്‍ അഗസ്റ്റിന്‍ വട്ടോളിയെ സഭ പുറത്താക്കുമോ?
ഇത്തരത്തിലുളള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുന്നത് ബുദ്ധിമുട്ടായിരിക്കുമെന്ന ഒരു സൂചനയാണ് അവര്‍ നല്‍കിയിരിക്കുന്നത്. പുറത്താക്കല്‍ എന്നു പറയുന്നൊരു ഭീഷണി ഇപ്പോള്‍ നിലനില്‍ക്കുന്നില്ല. അതിനെപ്പറ്റിയും അങ്ങനെ അധികാരികള്‍ ആലോചിക്കുന്നുണ്ട് എന്നു എനിക്ക് തോന്നുന്നില്ല. പക്ഷെ തീര്‍ച്ചയായിട്ടും സഭ പുറമെയുളള സമരങ്ങള്‍ക്ക് നേതൃത്വം കൊടുത്ത ഒരാളെന്ന നിലയിലല്ല ഇപ്പോള്‍ എന്നെ കാണുന്നത്.
കാരണം സഭയ്ക്കകത്ത് വന്ന വിഷയങ്ങളില്‍ വ്യക്തമായിട്ടുളള നിലപാട് എടുക്കേണ്ടി വന്നപ്പോള്‍ സ്വാഭാവികമായിട്ടും അതിന്റെയുളളില്‍ ചില പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഒരു ഷോകോഴ്‌സ് നോട്ടീസ് തന്നു എന്നുളളത് സ്വാഭാവികമായിട്ടും അതില്‍ തന്നെ വ്യക്തമായി പറഞ്ഞിട്ടുണ്ട്. ഇറ്റ് ഈസ് എ റിപ്പോര്‍ട്ട് ഓഫ് ദാറ്റ്. അങ്ങനെ കേള്‍ക്കുന്നുവെന്നാണ് പറഞ്ഞിരിക്കുന്നത് അല്ലാതെ ഞങ്ങളിതിങ്ങനെയാണ് എന്നു പറഞ്ഞിട്ടില്ല. സഭയിലെ ശക്തമായ ചെറിയ ന്യൂനപക്ഷത്തിന്റെ ഭാഗത്തുനിന്നുളള ചില കാരണങ്ങള്‍കൊണ്ടായിരിക്കാം അത്തരത്തിലുളള ഒരു നോട്ടീസ് എനിക്ക് നല്‍കിയത്.
സീറോ മലബാര്‍ സഭയിലെ ജാതീയത
സീറോ മലബാര്‍ സഭ ഒരു സവര്‍ണ സഭയായാണ് വിലയിരുത്തപ്പെടുന്നത്. മത്സ്യത്തൊഴിലാളികള്‍ ഭൂരിപക്ഷമുളള യത്തീം സമുദായം അങ്ങനെയല്ല. അവിടെ ദളിതരും,മത്സ്യത്തൊഴിലാളികളും എണ്ണത്തില്‍ കൂടുതലുണ്ട്. സീറോ മലബാര്‍ സഭയില്‍ ഈ വ്യവസ്ഥ വളരെ ശക്തമായി നിലനില്‍ക്കുന്ന ഒരു വ്യവസ്ഥയായിട്ടാണ് ഇപ്പോഴും ഞാനതിനെ മനസിലാക്കുന്നത്. ഇതൊരു വ്യക്തിപരമായ നിരീക്ഷണമാണ്. അതിന്റെ തെളിവ് ഒരു വളരെ കൃത്യമായ പഠനത്തിന്റെ പശ്ചാത്തലത്തില്‍ ഞാന്‍ പറയുന്നതല്ല. ആഴത്തില്‍ അത് പരിശോധിക്കേണ്ടിയിരിക്കുന്നു.
പക്ഷെ അതിനൊരു കാരണം നരേന്ദ്ര മോദി ചാര്‍ജെടുത്ത ഉടനെ തന്നെ അവര്‍ക്ക് സ്വീകരണം കൊടുക്കുന്നതില്‍ മുന്നിട്ട് നിന്നത് സീറോ മലബാര്‍ സഭയാണ് എന്നതാണ്. അത് ലത്തീന്‍ സഭ അല്ല സി.ബി.സി.ഐ അല്ല മുന്നിട്ട് നിന്നത്. സീറോ മലബാര്‍ ബിഷപ്പ് കോണ്‍ഫറന്‍സ് അന്ന് ദല്‍ഹിയില്‍ യോഗം സംഘടിപ്പിക്കുകയും അതിലേക്ക് അദ്ദേഹത്തെ ക്ഷണിക്കുകയും ചെയ്തു. അപ്പോള്‍ ഒരു സവര്‍ണത ശക്തമായി നിലനില്‍ക്കുന്നതാണ് സീറോ മലബാര്‍ സഭ. മാത്രമല്ല സീറോ മലബാര്‍ സഭയുടെ സ്ഥാപനങ്ങള്‍ക്കകത്ത് ദളിത് വിഭാഗത്തില്‍പ്പെടുന്ന ആള്‍ക്കാര്‍ക്ക് ഒരു സംവരണം വേണമെന്നു പറഞ്ഞപ്പോള്‍ അതിനെ എതിര്‍ത്തുകൊണ്ട് കോടതിയില്‍ പോയ ഒരു പശ്ചാത്തലം കൂടി ഉണ്ട് എന്നാണ് ഞാന്‍ മനസിലാക്കുന്നത്.
അല്ലെങ്കില്‍ അവര്‍ക്കെതിരെ ആ സംവരണം സീറോ മലബാര്‍ സഭയുടെ സ്ഥാപനങ്ങള്‍ക്കകത്ത് അത് സ്‌കൂളുകളായിരിക്കാം, കോളേജുകളായിരിക്കാം ഈ സംവരണം വളരെ ശക്തമായിട്ടുണ്ടാകണമെന്നാഗ്രഹിക്കുകയും അത് നടപ്പില്‍ വരുത്തണമെന്ന് വളരെ ശക്തമായി നിലപാടെടുത്തതായിട്ട് ഞാന്‍ കേട്ടിട്ടില്ല. പലപ്പോഴും അങ്ങനെയുളള അവസരങ്ങളുണ്ടാകുമ്പോല്‍ അത് നിഷേധിക്കപ്പെടുന്ന അവസരങ്ങളും പലപ്പോഴും വൈദികര്‍ തന്നെ പങ്കുവെയ്ക്കുകയുണ്ടായിട്ടുണ്ട്. ദളിത് വിഭാഗത്തില്‍പ്പെടുന്ന ആള്‍ക്കാര്‍ക്ക് അര്‍ഹമായ ഒരു പ്രാതിനിധ്യം നമ്മുടെ സ്ഥാപനങ്ങളില്‍ കൊടുക്കണമെന്ന് പറഞ്ഞപ്പോള്‍ അതിനെതിരെ സഭാധികാരികള്‍ ശക്തമായ നിലപാടെടുക്കയായിരുന്നു.
അങ്ങനെ അവര്‍ക്ക് കിട്ടുന്നതിന് ശക്തമായ സമരങ്ങളോ അത്തരത്തില്‍ നിലപാടുകളിലേക്കോ പോകേണ്ടിയോ വന്നുവെന്ന് പറയാം. അപ്പോള്‍ സ്വാഭാവികമായിട്ടും ഈ ജാതിവിവേചനം വളരെ ശക്തമായും നിലനില്‍ക്കുന്ന ഒരു ഘടന തന്നെയാണ് സീറോ മലബാര്‍ സഭയിലുളളത് എന്നാണ് ഞാന്‍ മനസിലാക്കുന്നത്. അംബേദ്കര്‍ രാഷ്ട്രീയം അബേദ്ക്കറുടെ ജാതി ഉന്മൂലനം ഡോ.എല്‍.വിജയന്‍ ഒക്കെ കൂടി അബേദ്ക്കറുടെ ജാതി ഉന്മൂലനം എന്നു പറയുന്ന കൃതി കേരളത്തിലെ മുഴുവന്‍ ആള്‍ക്കാരും വായിക്കേണ്ട ഒരു കൃതി ആണ്. ഞാനത് വായിച്ചത് രണ്ടു വര്‍ഷം മുന്‍പാണ്. അങ്ങനെ വായിച്ചപ്പോള്‍ എന്റെ സെമിനാരി ജീവിതത്തെപ്പറ്റി തന്നെ എനിക്കല്‍പം വിഷമം തോന്നി.
കാരണം ഈ കൃതി വായിക്കാതെ വൈദികനാകാന്‍ പാടില്ലായെന്ന് ഞങ്ങളോട് പറഞ്ഞുതരാന്‍ സെമിനാരിക്കകത്ത് ആരും ഉണ്ടായിരുന്നില്ല. ജാതിബോധത്തിലാണ് കേരളീയനും ഇന്ത്യക്കാരനും ജീവിക്കുന്നത്. ആ വ്യവസ്ഥ നിലനില്‍ക്കുമ്പോള്‍ ഇതിനെ എങ്ങനെ അതിജീവിക്കാം. എങ്ങനെ ജാതി ഇല്ലാത്ത ഒരു വ്യവസ്ഥ നമുക്കുണ്ടാക്കാം എന്നുളളത് മുഴുവന്‍ മനുഷ്യരുടെ ചിന്തയ്ക്ക് പാത്രീപൗദമാവേണ്ടതാണ്. അപ്പോള്‍ അബേദ്ക്കറെ പഠിക്കാതെ ജാതി ഉന്മൂലനം വായിക്കാതെ കേരളത്തിലോ,ഇന്ത്യയിലോ ആള്‍ക്കാര്‍ ഉണ്ടാകരുത് എന്നൊരു തീരുമാനം നമ്മള്‍ എടുക്കുകയും ആ രാഷ്ട്രീയം വ്യക്തമായി മനസിലാക്കുകയും, പങ്കുവെയ്ക്കുകയും ആ രാഷ്ട്രീയത്തിലേക്ക് മതങ്ങളും സമുദായങ്ങളും എത്തുകയും ചെയ്യേണ്ടത് അത്യന്താപേക്ഷിതമായൊരു കാര്യമായിട്ടാണ് ഞാന്‍ മനസിലാക്കുന്നത്.
കന്യാസ്ത്രീകളുടെ സമരം
കന്യാസ്ത്രീസമരത്തിലേക്ക് ഞാന്‍ വന്നപ്പോള്‍ ഒരുപാട് അപവാദങ്ങള്‍ എനിക്കെതിരെയൊക്കെ പറയുകയുണ്ടായി. അത് ഞാനത്ര കാര്യമായി എടുക്കാറില്ല. കാരണം ജനകീയ സമരങ്ങളുടെ മുഖത്തു നില്‍ക്കുന്ന എല്ലാ നേതാക്കന്മാരും അനുഭവിക്കുന്ന ഒരു പ്രതിസന്ധിയാണത്. കാരണം നമുക്കെതിരെ നില്‍ക്കുന്നത് ഒരു വലിയ ഭരണകൂടമാണ്. ഒരു വലിയ വ്യവസ്ഥയാണത്. സഭ പോലൊരു പ്രസ്ഥാനം, സഭ നമുക്കറിയാം വളരെ ശക്തിമത്തായ വളരെ യാഥാസ്ഥിതികമായ ഇവിടുത്തെ രാഷ്ട്രീയവ്യവസ്ഥിതിയിലൊക്കെ വളരെയധികം സ്വാധീനവും ശക്തിയുമുളള ഒരു പ്രസ്ഥാനമാണത്. ഇത്തരത്തിലുളള ആരോപണങ്ങള്‍ അത് എനിക്കുമാത്രമുണ്ടാകുന്ന ഒരു സംഗതിയല്ലത്. അതുകൊണ്ടു തന്നെ അത്തരത്തിലുളള ആരോപണങ്ങള്‍ക്ക് മറുപടി കൊടുക്കേണ്ടത് നമ്മളു കൊടുക്കാറുണ്ട്. പക്ഷെ അതിനത്ര വില കൊടുക്കാറില്ല.
കാരണം നമ്മള്‍ ചെയ്യേണ്ടതും നമ്മുടെ മനസാക്ഷിയുടെ മുന്‍പില്‍ ശരിയെന്നു തോന്നുന്നതുമാണ് നമ്മള്‍ ചെയ്തുകൊണ്ടിരിക്കുന്നത്. ഞാന്‍ ക്രിസ്തുവിന്റെ ശിഷ്യനായി ക്രിസ്തുവിന്റെ നാമത്തിലുളള പുരോഹിതനായിട്ട് ജീവിക്കുന്നൊരാളാണ്. അപ്പോള്‍ എന്റെ മനസാക്ഷി രൂപീകരിക്കപ്പെടുന്നത് ക്രിസ്തുവാണ്, ക്രിസ്തുവിന്റെ ദര്‍ശനങ്ങളാണ്. അപ്പോള്‍ ആ ദര്‍ശനത്തിന്റെ ഒരു ചുവടുപിടിച്ചാണ് കന്യാസ്ത്രീസമരത്തില്‍ ഞാന്‍ പങ്കെടുക്കുന്നത്. കാരണം ആ സമരത്തിന്റെ നൈതികത ആ സമരത്തിന്റെ ഒരു സത്യസന്ധത നമുക്കത് മനസിലായിരുന്നു.
വ്യക്തിപരമായിട്ട് തന്നെ അതിനെ പറ്റി കൂടുതല്‍ ആഴത്തില്‍ അന്വേഷിക്കുകയും, ഇവരെ കാണുകയും ഇവരോട് സംസാരിക്കുകയും ഒക്കെ ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് ഞാനാ സമരത്തില്‍ പങ്കെടുക്കാന്‍ തീരുമാനിക്കുന്നത്. ഏതെങ്കിലുമൊരു ഫ്രാങ്കോയെന്നു പറയുന്ന വ്യക്തിക്കെതിരെ അല്ല വളരെ വലിയൊരു വ്യവസ്ഥക്കെതിരെയാണ് സമരം നടക്കുന്നത്. തെറ്റായൊരു വ്യവസ്ഥ അവിടെ രൂപപ്പെട്ടിട്ടുണ്ട്. ആ വ്യവസ്ഥക്കെതിരെ നടക്കുന്നൊരു സമരമാണ്. അപ്പോള്‍ നമുക്കെതിരെ നില്‍ക്കുന്നത് വളരെ ശക്തിമത്തായ ഭരണകൂടവ്യവസ്ഥകളാണ്. ഭരണകൂടം നില്‍ക്കുന്നുണ്ട്. അത്രയും ശക്തമായിട്ട് മത മണ്ഡലം നില്‍ക്കുന്നുണ്ട്. അപ്പോള്‍ സ്വാഭാവികയായിട്ടും ഇത്തരത്തിലുളള അപവാദങ്ങളും ഒക്കെ കേള്‍ക്കാന്‍ നമ്മള്‍ വിധിക്കപ്പെടേണ്ടിരിക്കുന്നതാണ്.
കന്യാസ്ത്രീകളുടെ സ്ഥലമാറ്റം / കാട്ടുതറ അച്ഛന്റെ ദുരൂഹ മരണം
ഈ എസ്.ഒ.എസ് എന്നു പറയുന്ന ആ പ്രസ്ഥാനം കേരളത്തിലെ ജനങ്ങള്‍ കന്യാസ്ത്രീകള്‍ക്ക് നീതി ലഭ്യമാകുന്നു ഉറപ്പ് ലഭിക്കുന്നതു വരെ അവരുടെ കൂടെയുണ്ടാകുമെന്ന് പറഞ്ഞിരുന്നു. വീണ്ടുമവര്‍ സമരത്തിനിറങ്ങേണ്ടൊരു ഗതികേടിലേക്ക് അവരുമെത്തിപ്പെട്ടിരിക്കുകയാണ്. കാരണം അവരുടെ സഭ അവരുടെ ആ കോണ്‍ഗ്രിഗേഷന്‍ സന്യാസ സഭ അവരെ വീണ്ടും സ്ഥലം മാറ്റാന്‍ തീരുമാനിച്ചിരിക്കുകയാണ്. ഒരു കന്യാസ്ത്രീയെ ഒഴിച്ച് ബാക്കി നാലു പേര്‍ക്കും പല സ്ഥലങ്ങളിലേക്ക് മാറണമെന്നുളള അറിയിപ്പവര്‍ക്ക് വീണ്ടും വന്നിരിക്കയാണ്. അവര്‍ വെറും സപ്പോട്ടേഴ്‌സ് മാത്രമല്ല, ഈ കേസില്‍ വളരെ പ്രധാനപ്പെട്ട സാക്ഷികള്‍ കൂടിയാണ്.
കാട്ടുതറ എന്നു പറയുന്ന അച്ഛന്‍ മരിച്ചത് നമുക്കറിയാം. ആ മരണത്തെ സംബന്ധിച്ചിടത്തോളം വളരെ ദുരൂഹതയുണ്ട്. ഈ കേസിലെ വളരെ പ്രധാനപ്പെട്ടൊരു സാക്ഷിയാണ്. കാരണം ഫ്രാങ്കോ എന്നു പറയുന്ന ഈ കുറ്റാരോപിതനായ മനുഷ്യനെപ്പറ്റി ഒരുപാട് വിവരങ്ങള്‍ പങ്കുവെയ്ക്കാന്‍ കെല്‍പ്പുളള, ഒരുപാട് വിവരങ്ങള്‍ വ്യക്തമായിട്ട് മാധ്യമങ്ങളുടെ മുമ്പില്‍ സംസാരിച്ച ഒരു വ്യക്തികൂടിയാണത്. അപ്പോള്‍ ആ വ്യക്തി ദുരൂഹമായിട്ട് മരണപ്പെട്ടു. അവിടെ നില്‍ക്കുമ്പോള്‍ തന്നെയാണ് കന്യാസ്ത്രീകളെ ഒരാളെ ഈ സമരത്തിന് നേതൃത്വം കൊടുത്ത അനുപമ എന്നു പറയുന്ന കന്യാസ്ത്രീയെ ജലന്തറിലേക്കാണ് മാറ്റിയിരിക്കുന്നത്.
വളരെ തെറ്റായൊരു സന്ദേശമാണ് സഭ ഇതുവഴി സമൂഹത്തിനു കൊടുക്കുന്നത്. വൈദികന്‍ പറയുന്നത് മെത്രാന്‍ പറയുന്നത് അക്ഷരംപ്രതി അനുസരിക്കുന്ന ഒരു പത്തോ ഇരുപതോ ശതമാനം ഒഴിച്ച് ചിന്തിക്കുന്ന കേരളത്തിലെ വിശ്വാസി സമൂഹത്തിന് കടുത്ത ആത്മരോഷം ഉണ്ടാക്കുന്നതാണ്. കടുത്ത വിയോജിപ്പ് ഉണ്ടാക്കുന്ന കാര്യങ്ങളാണ് സഭ ചെയ്തുകൊണ്ടിരിക്കുന്നത്. അത് അവര്‍ക്ക് വിയോജിപ്പ് മാത്രമല്ല വിശ്വാസ പ്രതിസന്ധി കൂടിയാണ് ഉണ്ടാക്കുന്നത്.
കാരണം ക്രിസ്തുവിന്റെ ദര്‍ശനമെന്നു പറഞ്ഞാല്‍ ഏറ്റവും നിസഹായന്റെ കൂടെ നില്‍ക്കുന്നതാണ്. ഏറ്റവും പാര്‍ശ്വവല്‍കൃതന്റെ കൂടെ നില്‍ക്കുന്നതാണ്. ശബ്ദമില്ലാത്തവന്റെ ശബ്ദമാക്കേണ്ടതാണ്. അങ്ങനെയൊരു പ്രസ്ഥാനം അങ്ങനെ നിരന്തരം പ്രഘോഷിച്ചുകൊണ്ട് ഇപ്പോള്‍
ധ്യാനകേന്ദ്രങ്ങളിലൂടെ, പളളികളിലൂടെ, കൂദാശ പരികര്‍മ്മത്തിലൂടെ നിരന്തരം ഈ ജനങ്ങളോട് ഏറ്റവും സാധാരണക്കാരന്റെ പക്ഷം പിടിക്കണമെന്നും ഏറ്റവും സാധാരണക്കാരന്റെ കൂടെ നില്‍ക്കണമെന്നും ഏറ്റവും ദരിദ്രനെപ്പറ്റി ചിന്തിക്കണമെന്നും ദരിദ്രര്‍ക്ക് സഹായം ചെയ്യണമെന്നും നിരന്തരം പറഞ്ഞുകൊണ്ടിരിക്കുന്നുണ്ട്. അങ്ങനെ ഒരുപാട് സഹായങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്നൊരു പ്രസ്ഥാനമാണ് സഭ എന്നു പറയുന്നത്.
അപ്പോള്‍ കന്യാസ്ത്രി തനിക്ക് ഇത്തരത്തിലുളെളാരു അപമാനം സഹിക്കേണ്ടി വന്നു തനിക്ക് ഒരു ദുരനുഭവം ഉണ്ടായി എന്നു തുറന്നു പറഞ്ഞപ്പോള്‍ അത് സഭയെ താറടിക്കാന്‍ വേണ്ടിയിട്ടാണ് ഇവരിറങ്ങി തിരിച്ചിരിക്കുന്നത് അതുകൊണ്ട് ഈ സമരത്തെ ഇല്ലാതാക്കണമെന്നുളള ഒരു ചിന്തയോടു സഭയിലെ ഉത്തരവാദിത്തപ്പെട്ട ചില വ്യക്തികള്‍ അങ്ങനെയിറങ്ങി തിരിച്ചിരിക്കുന്നത് അത് വിശ്വാസീസമൂഹത്തിന് കടുത്ത പ്രതിസന്ധി ഉണ്ടാക്കും. അതുകൊണ്ട് അവര്‍ക്ക് നിലനില്‍ക്കണമെങ്കില്‍ പ്രതിരോധിച്ചേ പറ്റു. സമരം ചെയ്‌തേ പറ്റു. അവര്‍ക്ക് സമരം ചെയ്യാതെ നിലനില്‍ക്കാന്‍ പറ്റില്ല. കാരണം അത്രയും വലിയ ശക്തിമത്തായൊരു സംവിധാനത്തിനെതിരാണ് അവര്‍ പടപ്പൊരുതിക്കൊണ്ടിരിക്കുന്നത്.
അപ്പോള്‍ അതുകൊണ്ടാണവര്‍ വീണ്ടും തെരുവിലേക്കിറങ്ങുന്നതിനെപ്പറ്റി ആലോചിക്കുന്നത്. പക്ഷെ ഇവിടെ ഉന്നയിക്കപ്പെടുന്ന പ്രധാനപ്പെട്ട കാര്യം ഈ കന്യാസ്ത്രീകള്‍ എന്തുകൊണ്ട് വീണ്ടും സമരത്തെപ്പറ്റി ആലോചിക്കേണ്ടി വരുന്നു, അവര്‍ക്കതിനെപ്പറ്റി ചിന്തിക്കേണ്ടി വരുന്നു എന്നതാണ്. കാനന്‍ ലോ പറഞ്ഞിട്ടാണ് ഇവരെ മറ്റു സ്ഥലങ്ങളിലേക്കൊക്കെ മാറ്റുന്നത്. കാനന്‍ നിയമത്തെപ്പറ്റി ഒരു വ്യവസ്ഥയ്ക്ക് സംസാരിക്കേണ്ടി വരുന്നത് ആ വ്യവസ്ഥയുടെ ജീര്‍ണതയാണ് അതിനെപ്പറ്റിയുളളത്. വ്യവസ്ഥ നിയമത്തെപ്പറ്റിയല്ല നീതിയെപ്പറ്റിയിട്ടാണല്ലോ സംസാരിക്കേണ്ടത് ദര്‍ശനങ്ങളെപ്പറ്റിയിട്ടാണല്ലോ സംസാരിക്കേണ്ടത്.
ക്രിസ്തു ഞാന്‍ ഫാദര്‍ അഗസ്റ്റിന്‍ എന്നു പറയുമ്പോള്‍ എന്റെ പേരിന്റെ മുമ്പിലുള്ള ഫാദര്‍ എന്നു പറയുന്നതിനെ സമൂഹം മറ്റൊരു തരത്തിലാണ് കാണുന്നത്. ഒരു ഉത്തരവാദിത്തം എനിക്കീ സമൂഹത്തിനോടുണ്ട്, കടമ നിര്‍വഹിക്കാനുണ്ട്. അല്ലെങ്കില്‍ പിന്നെ ഒരു ഫാദറായിട്ടോ ഒരു ബിഷപ്പെന്നോ ഒരു കര്‍ദിനാളെന്നോ നമ്മളെഴുതി വെക്കരുത്. അല്ലെങ്കില്‍ ആ ഒരു പദവിയില്‍ നമ്മള്‍ തുടരാന്‍ പാടില്ല. അപ്പോള്‍ ആ പദവിയില്‍ തുടരുന്നുണ്ടെങ്കില്‍ ഞാനൊരു ഫാദറാണെങ്കില്‍ ക്രിസ്തുവിന്റെ ദര്‍ശനത്തില്‍ ക്രിസ്തുവിന്റെ നിലപാടില്‍ ജീവിക്കാന്‍ ബാധ്യസ്ഥനാണ്.
അപ്പോള്‍ ക്രിസ്തുവിന്റെ നിലപാടില്‍ ജീവിക്കാന്‍ ബാധ്യസ്ഥരായ ഈ സമൂഹം അല്ലെങ്കില്‍ വൈദിക സമൂഹം അല്ലെങ്കില്‍ ഈ സഭാസമൂഹം ഈ കന്യാസ്ത്രീകളോടൊപ്പം വളരെ ശക്തമായിട്ട് നിലകൊളളുകയും അവര്‍ക്ക് നീതി കിട്ടാന്‍ ഉറപ്പാക്കുകയും ചെയ്യുന്നൊരു വ്യവസ്ഥ ഉണ്ടാകണം. അതിനുളളില്‍ മാര്‍പ്പാപ്പ വളരെ വ്യക്തമായിട്ട് പറഞ്ഞിട്ടുണ്ട്. ദൈവജനത്തിനെഴുതിയിട്ടുളള ഒരു എഴുത്ത് കാരണം ലൈംഗികാതിക്രമം സഭയിലും സമൂഹത്തിലും വളരെ ശക്തമായി ഒരുപാട് നടക്കുന്ന ഒരു കാലഘട്ടത്തിലാണ് മാര്‍പ്പാപ്പ ആ കത്തെഴുതുന്നത്. അതില്‍ വളരെ വ്യക്തമായി മാര്‍പ്പാപ്പ പറഞ്ഞിട്ടുണ്ട് ലൈംഗികാതിക്രമം നടക്കാതിരിക്കാനുളള ഒരന്തരീക്ഷം നമ്മള്‍ സഭയില്‍ സൃഷ്ടിക്കണം നമുക്ക് സൃഷ്ടിക്കാനുളള ഉത്തരവാദിത്തമുണ്ട്. അതുമാത്രമല്ല ഇനി അങ്ങനെ നടന്നാല്‍ അതൊരിക്കലും മൂടിവെക്കപ്പെടരുത്.
99 പേരും നന്നായിട്ട് ജീവിക്കുന്നു ഒരാളാല്ലേ ചെയ്തിട്ടുളളു നിങ്ങള്‍ ഒരാളുടെ കാര്യമെന്തിനാണ് പറയുന്നതെന്ന് പറഞ്ഞുകൊണ്ട് മാധ്യമങ്ങള്‍ക്കെതിരെ തിരിയുന്നതിനെപ്പറ്റി അദ്ദേഹം വളരെ ശക്തമായിട്ട് വിമര്‍ശിച്ചു. ഒരാളാണ് തെറ്റ് ചെയ്തതെങ്കില്‍ പോലും അത് മൂടി വെക്കാന്‍ പാടില്ല അത് പുറത്ത് പറയണം ശിക്ഷ ലഭിക്കണം എന്നുളളത് അര്‍ത്ഥശങ്കയ്ക്ക് ഇടയില്ലാത്ത വിധത്തില്‍ വളരെ വ്യക്തമായിട്ട് മാര്‍പ്പാപ്പ പറഞ്ഞിട്ടുണ്ട്.
ആലഞ്ചേരി പിതാവിന്റെ ഭൂമി വിവാദം / ഫ്രാങ്കോ മുളയ്ക്കല്‍
ആലഞ്ചേരി പിതാവിനോട് ബന്ധപ്പെട്ട ഭൂമി വിവാദവും ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ കുറ്റാരോപണവും സഭാസമൂഹത്തില്‍ കടുത്ത പ്രതിസന്ധി ഉണ്ടാക്കുന്നുണ്ട്. ഇതൊരു രണ്ടു വ്യക്തികളുടെ പ്രശ്‌നമായിട്ട് മാത്രം കണ്ടാല്‍ പോര. രണ്ട് വ്യക്തികള്‍ തെറ്റ് ചെയ്തപ്പോള്‍, അല്ലെങ്കില്‍ വ്യക്തികള്‍ തെറ്റ് സംഭവിക്കാം അത് ഫാദര്‍ അഗസ്റ്റിന്‍ വട്ടോളിക്ക് സംഭവിക്കാം കര്‍ദിനാല്‍ ആലഞ്ചേരിക്ക് സംഭവിക്കാം ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് സംഭവിക്കാം. പക്ഷേ അങ്ങനെയൊക്കെ സംഭവിക്കുമ്പോള്‍ ആ വ്യവസ്ഥയുടെ ഉളളില്‍ കുറ്റാരോപണം ഉണ്ടാകുന്നു. ആ കുറ്റാരോപണത്തില്‍ പ്രാഥമികമായൊരു അന്വേഷണം നടത്തുകയും ആ അന്വേഷണം ഗുരുതരമാണെന്നു കണ്ടാല്‍ നടപടിയെടുക്കുകയും വേണം.
ഇതൊരു സാധാരണ ഗതിയില്‍ ഉളള ആരോപണങ്ങളല്ല. ഭൂമി വിവാദത്തെപ്പറ്റിയുളള ആരോപണങ്ങള്‍ വളരെ വ്യക്തമായി എല്ലാ രേഖകളും കൃത്യമായിട്ട് സംസാരിക്കുന്നുണ്ട്. തെളിവുകളുടെ അടിസ്ഥാനത്തിലാണ് സംസാരിച്ചത്. അല്ലാതെ തെളിവില്ലാതെ അല്ല സംസാരിച്ചത്. ഫ്രാങ്കോ മുളയ്ക്കലിന്റെ വിഷയം പറയുമ്പോള്‍ കന്യാസ്ത്രീയാണ് സംസാരിച്ചിരിക്കുന്നത്. സാധാരണ ഗതിയിലൊരു സ്ത്രി ഒരിക്കലും തങ്ങള്‍ക്ക് ഇത്തരത്തിലൊരു അനുഭവമുണ്ടായിയെന്ന് തുറന്നു പറയാന്‍ മടിക്കും. പതിനായിരം വട്ടം ആലോചിച്ചിട്ടേ ഇത്തരത്തിലുളള ഒരു കാര്യം പറയു.
ഒരിക്കലുമൊരു കന്യാസ്ത്രി പക വീട്ടാന്‍ പോലും ഇത്തരമൊരു ആരോപണം പറയുന്നതിനെപ്പറ്റി ആലോചിക്കില്ല. ഗുരുതരമായ ആരോപണമുണ്ടാകുമ്പോള്‍ അവിടെ ചെയ്യേണ്ടിയിരുന്നത് എത്രയും പെട്ടന്ന് ഈ വ്യക്തികളോട് സത്യാവസ്ഥ മനസിലാകുന്നതു വരെ മാറിനില്‍ക്കാന്‍ പറയുക എന്നുളളതായിരുന്നു. സഭ എന്നു പറയുന്ന പ്രസ്ഥാനം അത് സ്വര്‍ഗത്തില്‍ നിന്ന് അങ്ങനെതന്നെ കെട്ടിയിറക്കിയ പ്രസ്ഥാനമൊന്നുമല്ല. ഇത് മനുഷ്യരിലൂടെ മനുഷ്യന്റെ പ്രയത്‌നത്തിലൂടെ മനുഷ്യന്റെ ചിന്തകളിലൂടെ ഉണ്ടായിവന്നൊരു പ്രസ്ഥാനം തന്നെയാണത്. അപ്പോള്‍ സ്വാഭാവികമായും അതില്‍ തെറ്റുകള്‍ സംഭവിക്കാം. കുറ്റങ്ങളുണ്ടാകാം, വീഴ്ചകളുണ്ടാകാം അതിലെ വ്യക്തികള്‍ക്ക്.
സഭയ്ക്കല്ല തെറ്റ് സംഭവിക്കുന്നത്. സഭയില്‍ ജീവിക്കുന്ന വ്യക്തികള്‍ക്ക് തെറ്റുകള്‍ സംഭവിക്കാം. പക്ഷേ അങ്ങനെ തെറ്റുകള്‍ സംഭവിക്കുമ്പോള്‍ ആ വ്യക്തികളെ തിരുത്താനുളള ഒരു സംവിധാനം സഭയുടെ അകത്ത് ഉണ്ടായിരിക്കണം. ഇവിടെ സംഭവിച്ചിരിക്കുന്നത് ആരോപണവിധേയരായ ഈ രണ്ടു വ്യക്തികളെ ആരോപണത്തില്‍ വ്യക്തത ഉണ്ടാകുന്നതുവരെ മാറ്റിനിര്‍ത്താന്‍ ആ സഭാസംവിധാനത്തിനകത്ത് ഉത്തരവാദിത്തപ്പെട്ടവര്‍ക്ക് കഴിഞ്ഞില്ല എന്നതാണ് ഈ പ്രശ്‌നത്തെ രൂക്ഷമാക്കാനുളള കാരണം.
മതഗ്രസ്ഥങ്ങളിലെ സ്ത്രീവായന
തൊണ്ണൂറ്റിയൊന്‍പത് ശതമാനം മനുഷ്യരും ഈശ്വര വിശ്വാസികളാണ്. ധ്യാനകേന്ദ്രങ്ങളിലൂടെ, പളളികളിലൂടെ, മോസ്‌ക്കിലൂടെ, ക്ഷേത്രത്തിലൂടെയൊക്കെ കടന്നു പോകുന്നവരാണ്. മതഗ്രന്ഥങ്ങള്‍ വായിക്കുന്ന മനുഷ്യരാണ്. മതപുരോഹിതന്മാര്‍ അവര്‍ക്ക് നിരന്തരം നിര്‍ദേശങ്ങളും പഠനങ്ങളും ക്ലാസുകളും നല്‍കുന്നുണ്ട്. ഇവിടെ നമ്മള്‍ ചോദിക്കേണ്ടത് എന്ത് തരം വായനയാണ് ഇപ്പോള്‍ ബൈബിളിനെ സംബന്ധിച്ച് നമ്മള്‍ നടത്തുന്നത് അല്ലെങ്കില്‍ ഭഗവത്ഗീതയെക്കുറിച്ച് നടത്തുന്നത് അല്ലെങ്കില്‍ ഖുറാനെക്കുറിച്ച് നടത്തുന്നത്.
ഇതിനെയൊക്കെ സ്ത്രീപക്ഷത്തു നിന്ന് വായിക്കാന്‍ മതപുരോഹിതര്‍ ശ്രമിക്കുന്നുണ്ടോയെന്നുളളതാണ്. അല്ലെങ്കില്‍ മതം പഠിപ്പിക്കുന്നവര്‍ ശ്രമിക്കുന്നുണ്ടോയെന്നുളളതാണ്. അപ്പോള്‍ അടിസ്ഥാനപരമായി ഈയൊരു ചോദ്യം ചോദിക്കണം. കാരണം ഇത് ചോദിച്ചില്ലായെങ്കില്‍ കാലം മുന്നോട്ട് പോകുന്നു നമ്മള്‍ പുറകോട്ട് പോകുന്നു എന്നു പോലെയാവും. അതാണ് നമ്മള്‍ ഇപ്പോള്‍ കാണുന്നത്. നമ്മള്‍ ഇപ്പോള്‍ എത്രയോ വര്‍ഷം മുന്‍പത്തെ ഘട്ടത്തില്‍ നില്‍ക്കുന്ന ഒരവസ്ഥയിലാണുളളത്. അതുകൊണ്ടു തന്നെ മതഗ്രന്ഥങ്ങള്‍ അത് ബൈബിളാണെങ്കിലും ഖുറാനാണെങ്കിലും ഭഗവത്ഗീതയാണെങ്കിലും അത് സ്ത്രീപക്ഷത്തു നിന്നും വായിക്കേണ്ട ഒരു കാലഘട്ടമാണിത്.
അതിനു കാരണം ഒരു സമൂഹത്തിന്റെ നിലനില്‍പ് സമൂഹത്തിന്റെ ജീവന്‍, ആരോഗ്യം നിലനില്‍ക്കുന്നത് ആ സമൂഹത്തിലെ സ്ത്രീകളുടെയും കുട്ടികളുടെയും ഏറ്റവും പാര്‍ശ്വവല്‍കൃതരായ മനുഷ്യരുടെ നിലനില്‍പ്പിന്റെ ആധാരത്തിലാണ്. ഒരുപാട് മനുഷ്യര്‍ വായിക്കുന്ന നമ്മുടെ മത ഗ്രന്ഥങ്ങളെ ഇനി വ്യഖ്യാനിച്ചുകൊടുക്കുമ്പോള്‍ അത് സ്ത്രീപക്ഷത്തു നിന്ന്, പാര്‍ശ്വവല്‍കൃതരുടെ പക്ഷത്തു നിന്ന് ഏറ്റവും അടിത്തട്ടിലുളള ജനങ്ങളുടെ പക്ഷത്തു നിന്ന് വായിക്കാന്‍ അതിലെ നേതാക്കന്മാര്‍ക്ക് കഴിവുണ്ടായിരിക്കണം. അങ്ങനെ മത പഠനം നടത്തുന്ന കുട്ടികളില്‍ ഇത്തരത്തിലുളള ആലോചനകള്‍ നടക്കണം. നമ്മള്‍ കതിരു കൊണ്ടല്ലല്ലോ വളം വയ്ക്കുന്നത്.
കാനോണ്‍ നിയമമല്ല ഇന്ത്യന്‍ ഭരണഘടനയാണ് വലുത്
മതസ്ഥാപനങ്ങളെന്നു പറയുമ്പോള്‍ അതില്‍ ജനാധിപത്യം സാധാരണഗതിയില്‍ വളരെ കുറവുളള ഇടങ്ങളാണ്. അത് ഹയറാര്‍ക്കിലായ ഒരു വ്യവസ്ഥയാണ്. മത പൗരോഹിത്യത്തിന്റെ നേതൃത്വത്തിന്റെ കീഴില്‍ നടക്കുന്ന പ്രസ്ഥാനങ്ങളായതുകൊണ്ട് അവിടെയൊരു ഹയറാര്‍ക്കി നിലനില്‍ക്കുന്നുണ്ട്. ഈ പ്രസ്ഥാനങ്ങളെ അത് സഭയാണെങ്കിലും മറ്റു മതപ്രസ്ഥാനങ്ങളാണെങ്കിലും ഇത്തരത്തിലുളള സമരങ്ങള്‍ അതിന്റെയുളളിലേക്ക് ഒരു ജനാധിപത്യപ്രക്രിയയെ കടത്തിവിടാനുളള ഒരു ശ്രമം കൂടിയാണ്. കാരണം ഇന്ത്യന്‍ പൗരന്മാരെന്ന രീതിയില്‍ നമ്മളെ ബാധിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഗ്രന്ഥം ഭരണഘടനയാണ്.
ഈ ഭരണഘടനയിലൂടെയാണ് ഏറ്റവും അടിത്തട്ടില്‍ കിടക്കുന്ന മനുഷ്യനും ഇവിടെ നീതി കിട്ടുക. ഒരു ബിഷപ്പ് ബലാത്സംഘം ചെയ്താല്‍ എങ്ങനെ ഒരു കന്യാസ്ത്രീക്ക് നീതി നടത്തിക്കൊടുക്കണമെന്നത് കാനന്‍ ലോയില്‍ പറഞ്ഞിട്ടില്ല. ആ വ്യവസ്ഥ നിലനില്‍ക്കുന്നത് ഒരുപക്ഷെ അവിടുത്തെ പൗരോഹിത്യത്തെ സംരക്ഷിക്കാനാണ്. ഒരു കര്‍ദിനാല്‍ ഭൂമി വിവാദത്തില്‍ പെട്ടാല്‍ ആ പ്രശ്‌നം എങ്ങനെയാണ് പരിഹരിക്കേണ്ടത് എന്നത് കാനന്‍ ലോയില്‍ പറഞ്ഞിട്ടില്ല. കാരണം കാനന്‍ ലോ ഉണ്ടായിരിക്കുന്നത് ഇത്തരത്തില്‍ സംഭവങ്ങള്‍ നടക്കുമെന്ന് മുന്നില്‍ കണ്ടുകൊണ്ടല്ല. അപ്പോള്‍ അവിടെ നമുക്ക് നീതി കിട്ടുന്നത് ഇന്ത്യന്‍ പീനല്‍ കോഡനുസരിച്ചാണ് അതിനു ആധാരമായ ഇന്ത്യന്‍ ഭരണഘടനയനുസരിച്ചാണ്. ഒരു ഭരണഘടന ധാര്‍മികതയെപ്പറ്റി ആഴത്തില്‍ ചിന്തിക്കുകയും മതങ്ങളുടെ വ്യവസ്ഥക്കകത്തേക്ക് ജനാധിപത്യത്തിന്റെ വായു കടത്തി വിടാനും ഇത്തരത്തിലുളള സമരങ്ങള്‍ ഉപകരിക്കപ്പെടും.
കത്തോലിക്കാ സഭയിലെ പൗരോഹിത്യം സിസ്റ്റര്‍ ലൂസി കളപ്പുരക്കലിന്റേയും ഫ്രാങ്കോ മുളക്കലിന്റേയും കുറ്റങ്ങള്‍
സിസ്റ്റര്‍ ലൂസിക്കുണ്ടായ അനുഭവങ്ങള്‍ അതും നമ്മളെ ആഴത്തില്‍ ഇരുത്തി ചിന്തിപ്പിക്കേണ്ടതാണ്. സിസ്റ്റര്‍ ലൂസി സമരപന്തലില്‍ വന്നു, അവര്‍ കുറെ സ്വതന്ത്രമായി ജീവിക്കാനാഗ്രഹിക്കുന്നു, സഭയുടെ നിയമങ്ങള്‍ പാലിക്കുന്നില്ല, കവിതയെഴുതുന്നു, ലൈസന്‍സ് എടുത്തതിന് പെര്‍മിഷന്‍ വാങ്ങിയില്ല, വണ്ടി വാങ്ങിച്ചു എന്നൊക്കെ പറഞ്ഞുകൊണ്ടാണ് നോട്ടീസ് കൊടുത്തത്. ജനാധിപത്യ സങ്കല്‍പങ്ങള്‍ വളരെയധികം വികസിച്ചുവരുന്ന ഒരു കാലഘട്ടത്തിലാണ് നമ്മള്‍ ജീവിക്കുന്നത്. സ്വാതന്ത്ര്യത്തെപ്പറ്റി പുതിയ തലമുറയും മനുഷ്യരും ഒരുപാട് ചിന്തിക്കുന്നൊരു കാലഘട്ടത്തിലാണ ഇന്ന് ജീവിക്കുന്നത്.
പരിസ്ഥിതിയെപ്പറ്റിയിട്ടുളള ചിന്തകള്‍, ഫെമിനിസം-സ്ത്രീവാദപ്രസ്ഥാനങ്ങള്‍ വളരെ ശക്തിയായി വരുന്നൊരു കാലഘട്ടമാണിത്. അവിടെയൊക്കെ ഈ പറയുന്ന എല്ലാ പ്രവര്‍ത്തനത്തിന്റേയുമുളളില്‍ പരിശുദ്ധാത്മാവിന്റെ പ്രവത്തനം ഞാന്‍ കാണുന്നുണ്ട്. കാരണം മനുഷ്യര്‍ പുരോഗമിക്കുകയാണ് മനുഷ്യന്‍ മുന്നോട്ട് പോവുകയാണ് അവര്‍ക്ക് തടാകം പോലെ നില്‍ക്കാനായിട്ട് പറ്റില്ല. ഒരടഞ്ഞ വ്യവസ്ഥയ്ക്ക് കീഴില്‍ അടിമസമാനമായി ജീവിക്കാന്‍ ഒരിക്കലും കഴിയില്ല. ഞാന്‍ പുരോഹിതനായി എന്നതുകൊണ്ട് എനിക്ക് ഇവിടുത്തെ ഇന്ത്യന്‍ ഭരണഘടന നല്‍കുന്ന എന്റെ അഭിപ്രായസ്വാതന്ത്ര്യം അതില്ലാതെ ജീവിക്കാന്‍ എനിക്കാവില്ല.
എന്റെ ജീവനു തുല്യമാണ് എന്റെ അഭിപ്രായം, സ്വാതന്ത്ര്യം. അതിന്റെ മേലെ ആരുവരാന്‍ ശ്രമിച്ചാലും നമുക്കു സമ്മതിക്കാന്‍ പറ്റില്ല. അപ്പോള്‍ ഒരു കന്യാസ്ത്രി ആയി എന്നതുകൊണ്ട് അവര്‍ക്ക് അവകാശപ്പെട്ട അവകാശങ്ങള്‍ നിഷേധിക്കുന്നത് അതുചിതമാണോയെന്ന് സഭ ആത്മപരിശോധന ചെയ്യേണ്ട സമയമാണ്. പുതിയ തലമുറയിലെ കുട്ടികള്‍ ഈ വ്യവസ്ഥക്കകത്തേക്ക് കടന്നുവന്ന് അവര്‍ സന്ന്യാസജീവിതം നയിച്ച് ഈ പ്രസ്ഥാനങ്ങളെ നിലനിര്‍ത്തണമെങ്കില്‍ അത്തരത്തിലുളള പുതിയ ചിന്തകള്‍ക്ക് തുടക്കം കൊടുത്തേ പറ്റു.
ഒരുപക്ഷേ സ്ത്രീപൗരോഹിത്യത്തെ പറ്റിവരെ ആലോചിക്കേണ്ട ഒരു സമയമാണ്. സ്ത്രീപൗരോഹിത്യത്തെ പറ്റി ചര്‍ച്ചചെയ്യുന്നതു പോലും സമ്മതിക്കാത്തൊരിടമാണ് കത്തോലിക്ക സഭ. പക്ഷെ മറ്റു പ്രസ്ഥാനങ്ങള്‍ക്കകത്ത് സിഎസ്‌ഐ സഭയില്‍ ആംഗ്ലിക്കന്‍ സഭയിലുമൊക്കെ വനിതാപൗരോഹിത്യം നിലനില്‍ക്കുന്നുണ്ട്. അത്തരത്തില്‍ വളരെ പുരോഗമനപരമായി ചിന്തിക്കേണ്ട ഒരു കാലഘട്ടത്തിലാണ് നമ്മള്‍ ജീവിക്കേണ്ടത്. അങ്ങനെ ചിന്തിച്ചില്ലായെങ്കില്‍ ഈ പ്രസ്ഥാനങ്ങള്‍ അപ്രസക്തമാവുകയും അര്‍ഥമില്ലാത്തതാവുകയും ചെയ്യും.
കന്യാസ്ത്രി ഒരു കാറോടിച്ചു എന്നുളളത് വലിയ കുറ്റമാകുമ്പോള്‍ തൊണ്ണൂറ്റിരണ്ട് കോടി രൂപയുടെ നഷ്ടം വന്ന ഒരു തെറ്റില്‍ ആരോപണവിധേയനായ ഒരു കര്‍ദിനാള്‍ ഇവിടെയുണ്ട്. ബലാല്‍സംഘത്തിനു ആരോപണവിധേയനായ ഒരു ബിഷപ്പ് ഇവിടെയുണ്ട് അവര്‍ക്കൊന്നും ലെറ്റര്‍ കൊടുത്തിട്ടില്ല അവര്‍ക്കൊരു നോട്ടീസ് കൊടുത്തിട്ടില്ല, നോട്ടീസ് കൊടുത്തത് സമരത്തിനു പോയ കന്യാസ്ത്രീകള്‍ക്കാണ്. സമരം ചെയ്തുവെന്ന പേരിലാണ് എനിക്ക് നോട്ടീസ് നല്‍കുന്നത്. എന്ത് മൂല്യത്തിന്റെ അടിസ്ഥാനത്തിലാണ് ഈ വ്യവസ്ഥ നിലനില്‍ക്കുന്നത്, ഈ വ്യവസ്ഥ മുന്നോട്ട് പോകുന്നത് എന്ന് സമൂഹത്തിനു ചിന്തിക്കാന്‍ കാരണമായിട്ടുളളതാണ്. അത്തരത്തില്‍ കുറച്ചുകൂടി ആഴത്തിലും പുരോഗമനപരമായും സഭ ആത്മപരിശോധന ചെയ്ത ഒരു നിലപാടില്ലേക്ക് സഭ മാറണം എന്നുളളതാണ് എനിക്ക് പറയാനുളളത്.
കത്തോലിക്കാ സഭയുടെ ഭൂമി കയ്യേറ്റങ്ങള്‍
യഥാര്‍ഥ ആരാധന സത്യത്തിലാണ് നടക്കുന്നത് എന്നുളള ഒരു പുതിയ ആത്മബോധം നല്‍കുന്നതിനു വേണ്ടി ജീവിച്ചയാളാണ് ക്രിസ്തു. ആ ജീവിതത്തിന്റെ ദര്‍ശനങ്ങള്‍ നിലപാടില്‍ ജീവിക്കുന്ന നമ്മളെ സംബന്ധിച്ചിടത്തോളം ഭൂമിയോ,സ്വത്തോ,അധികാരമോ അല്ല പ്രധാനം ജനമാണ് പ്രധാനപ്പെട്ടത്. പുറംമ്പോക്കില്‍ കുരിശു വെച്ചിരിക്കുന്നു അത് പതുക്കെ പതുക്കെ നമ്മുടേതാക്കി മാറ്റുന്നു. ഇങ്ങനത്തെ കുരിശുകൃഷികള്‍ തീര്‍ച്ചയായുമത് ക്രിസ്തു വിരുദ്ധമാണ്. അല്ലെങ്കില്‍ കോടികള്‍ മുടക്കി പളളികള്‍ പണിയുന്നു. ദരിദ്രരായ പട്ടിണിപാവങ്ങള്‍ ജീവിക്കുന്നു, ആദിവാസികള്‍ പട്ടിണി കിടന്നു മരിക്കുന്നു.
ആദിവാസി ഊരുകളിലേക്കൊക്കെ നമ്മള്‍ കടന്നു ചെല്ലുമ്പോള്‍ ഭക്ഷണം കഴിക്കാന്‍ പറ്റാത്ത കുട്ടികള്‍ ജീവിക്കുന്ന പ്രദേശത്ത് അല്ലെങ്കില്‍ ഇരുപതു സെന്റ് ഭൂമിയില്‍ നാല്‍പതു വീടുകള്‍ വെച്ചു താമസിക്കുന്ന ജനങ്ങളുള്ള പ്രദേശങ്ങളില്‍ കോടികള്‍ മുടക്കി പണിയുന്ന ബ്രഹ്മാണ്ഡങ്ങളായ ദേവാലയങ്ങള്‍ക്ക് പ്രസക്തിയില്ല. ഏഷ്യയുടെ പുസ്തകത്തില്‍ വയലിനോട് വയല്‍ ചേര്‍ത്ത് വീടോട് വീട് ചേര്‍ത്ത് അതിലൊറ്റയ്ക്ക് താമസിക്കുന്നവരുടെ ദുരിതം ഇതെല്ലാം നിര്‍ജനങ്ങളായി മാറുമെന്ന് പറയുന്നുണ്ട്. അത് പ്രവാചകന്റെ വാക്കുകളാണ്. ഇത്തരത്തില്‍ ധനത്തോട്, ഭൂമിയോട് അമിതമായ ആഗ്രഹം പ്രകടിപ്പിക്കുന്നത് ഒരു കാരണവശാലും ക്രിസ്തുവിനു യോജിച്ചതല്ല.
സഭ തിരുത്തല്‍ ശക്തിയാകണം
സഭയിലെ ഉന്നതസ്ഥാനങ്ങള്‍ വഹിക്കുന്നവര്‍ക്കെതിരെയുളള ആരോപണങ്ങളുണ്ടാകുമ്പോള്‍ സമൂഹത്തില്‍ നടക്കുന്ന വളരെ പ്രധാനപ്പെട്ടൊരു കാര്യം സമൂഹവ്യവസ്ഥയില്‍ ദരിദ്രരുണ്ടാകുന്നത് അല്ലെങ്കില്‍ അസമത്വമുണ്ടാകുന്നത് അവിടുത്തെ രാഷ്ട്രീയപാര്‍ട്ടികളുടെ പാളിച്ചകളാണ്. അല്ലെങ്കില്‍ ആ ഭരണത്തിനു നേതൃത്വം കൊടുക്കുന്ന രാഷ്ട്രീയപാര്‍ട്ടികളുടെയും പ്രസ്ഥാനങ്ങളുടെയും വീഴ്ചയാണ്. ഇതിനെ നിരന്തരം ചോദ്യം ചെയ്യുകയും നിരന്തരം തിരുത്താന്‍ ആവശ്യപ്പെടുകയും ചെയ്യുന്ന ഒരു നേതൃത്വം ആ സമൂഹത്തിലുണ്ടായിരിക്കണം. അങ്ങനെ നിരന്തരം തിരുത്തല്‍ ശക്തിയാകാനും, രാഷ്ട്രീയ പ്രവര്‍ത്തകരേയും, ഗവര്‍മെന്റ് നേതൃത്വം കൊടുക്കുന്ന ഭരണാധികാരികളെയും ചോദ്യം ചെയ്യാനും വിലയിരുത്താനും, അവരുടെ തെറ്റുകളെ ചൂണ്ടിക്കാട്ടാനുമൊക്കെ ശേഷിയുളളതാണ് സഭ എന്നു പറയുന്ന പ്രസ്ഥാനം.
സഭയ്‌ക്കെതിരെ ഒരാരോപണമുണ്ടാകുമ്പോള്‍ അതില്‍ വ്യക്തത വരുത്താത്തിടത്തോളം കാലം ഈ രാഷ്ട്രീയ നേതൃത്വത്തിനെതിരെ വിരല്‍ ചൂണ്ടുന്നതിനുളള ധാര്‍മികമായ ശക്തി നഷ്ടപ്പെടുന്നു എന്നുളളതാണ് ഞാന്‍ കാണുന്ന ഏറ്റവും വലിയ പ്രതിസന്ധി. തിരുത്തല്‍ ശക്തിയാകണമെങ്കില്‍ ജനങ്ങള്‍ പിന്തുണക്കുന്ന നേതാക്കന്മാര്‍ സംസാരിക്കുമ്പോഴാണ്. അധികാരവും പണവും ജനപിന്തുണയുമില്ലാത്ത നമ്മള്‍ പറയുന്നത് ഭരണാധികാരികള്‍ വിലവെക്കണമെന്നില്ല. എന്‍എച്ച് 17 നും എന്‍എച്ച് 47നും കുടിയൊഴിക്കലുണ്ടാകുമ്പോള്‍ ഇവിടുത്തെ സഭകളിലെ മെത്രാന്മാര്‍ കെ.സി.ബി.സിയോ എസ്.എം.ബി.സിയോ ശക്തമായിട്ട് നിലപാടെടുക്കയാണ്.
അത് ചെയ്യാന്‍ ഞങ്ങള്‍ സമ്മതിക്കില്ലായെന്നു പറഞ്ഞാല്‍ ഭരണാധികാരികള്‍ക്ക് അത് കേട്ടേ പറ്റൂ. കാരണം അത്രയും സഭാസംവിധാനമുണ്ട് അവരെ സംബന്ധിച്ച്. ഇത്തരത്തിലുളള നിലപാടെടുത്തുകൊണ്ട് നിങ്ങള്‍ക്ക് മുന്നോട്ട് പോകാന്‍ കഴിയില്ലയെന്ന് പിണറായി വിജയനോട് ഒരു അഗസ്റ്റിന്‍ വട്ടോളി പറയുന്നതു പോലെയല്ല ഒരു ബിഷപ്പ് പറയുന്നത്, കര്‍ദിനാള്‍ പറയുന്നത്. അപ്പോള്‍ അങ്ങനെ പറയാനുളള അവരുടെ ധാര്‍മിക ശക്തിക്ക് കുറവു സംഭവിക്കുന്നു എന്നുളളതാണ് ഈ ആരോപണത്തിന്റെ ഏറ്റവും വലിയ പ്രശ്‌നമായി ഞാന്‍ കാണുന്നത്.