| Friday, 15th July 2022, 6:01 pm

ട്രേഡ് യൂണിയന്‍ നിലപാടുകളെ ശരിവെക്കുന്ന വിധി; ധനലക്ഷ്മി ബാങ്ക് സമരത്തില്‍ നിന്ന് ഇന്ത്യന്‍ മുതലാളിമാര്‍ പഠിക്കേണ്ട പാഠം

സഫ്‌വാന്‍ കാളികാവ്

ഏഴ് വര്‍ഷം മുമ്പാണ് ഒരു കാരണവും കാണിക്കാതെ ധനലക്ഷ്മി ബാങ്കില്‍ നിന്ന് ബാങ്ക് ഓഫീസേഴ്‌സ് ഓര്‍ഗനൈസേഷന്റെ ജനറല്‍ സെക്രട്ടറിയായിരുന്ന പി.വി. മോഹനനെ പിരിച്ചുവിടുന്നത്‌. ആറ് വര്‍ഷത്തെ നിയമ പോരാട്ടത്തിനൊടുവില്‍ മോഹനനെ പിരിച്ചുവിട്ട നടപടി നിലനില്‍ക്കില്ലെന്നും പിരിച്ചുവിട്ട ദിവസം മുതലുള്ള പലിശയടക്കമുള്ള നഷ്ടപരിഹാരവും മുഴുവന്‍ കോടതിച്ചെലവും ബാങ്ക് കൊടുക്കണമെന്ന് തൃശൂര്‍ അഡീഷണല്‍ സബ്ബ് കോടതി വിധിച്ചത് ഈയടുത്താണ്.

2015 ജൂണ്‍ 11നാണ് പി.വി മോഹനനെ അകാരണമായി ധനലക്ഷ്മി ബാങ്ക് പിരിച്ചുവിടുന്നത്. ബാങ്ക് ഓഫീസര്‍മാരുടെ സംഘടനയായ ആള്‍ ഇന്ത്യ ബാങ്ക് ഓഫീസേഴ്‌സ് കോണ്‍ഫെഡറേഷന്റെ സംസ്ഥാന പ്രസിഡന്റായും അഖിലേന്ത്യ സീനിയര്‍ വൈസ് പ്രസിഡന്റായും പ്രവര്‍ത്തിച്ചുവരുമ്പോഴാണ് ബാങ്കിലെ സീനിയര്‍ മാനേജരായിരുന്ന മോഹനനെ പിരിച്ചുവിട്ടിന്നത്.

തികച്ചും കിരാതമായ ബാങ്കിന്റെ ഈ നടപടികളില്‍ പ്രതിഷേധിച്ച് ധനലക്ഷ്മി ബാങ്കിലെ ഡയറക്ടര്‍ ബോര്‍ഡ് അംഗവും സംസ്ഥാന ചീഫ് സെക്രട്ടറിയുമായിരുന്ന കെ. ജയകുമാര്‍ ബാങ്കിനെ പരസ്യമായി വിമര്‍ശിച്ച് ഡയറക്ടര്‍ ബോര്‍ഡില്‍ നിന്നും രാജിവെച്ചുപോയതും അന്ന് വലിയവാര്‍ത്ത പ്രാധാന്യം നേടിയിരുന്നു. ആറ് വര്‍ഷത്തെ നിയമപോരാട്ടത്തെക്കുറിച്ചും അതിന് കാരണമായ ഊര്‍ജത്തെക്കുറിച്ചും ഡൂള്‍ന്യൂസിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയാണ് പി.വി. മോഹനന്‍.

പി.വി. മോഹനന്‍

ആറ് വര്‍ഷത്തെ നിയമപോരാട്ടത്തിന് ശേഷമാണ് നിങ്ങള്‍ക്ക് നീതി ലഭിക്കുന്നത്. ശരിക്കും എന്തായിരുന്നു ബാങ്കിന്റെ പ്രതികാര നടപടിക്ക് കാരണം?

കാരണം ഞാന്‍ ഇന്നും അന്വേഷിച്ചുകൊണ്ടിരിക്കുയാണ്. പിരിച്ചുവിടല്‍ സമയത്തോ തുടര്‍ന്ന് നടന്ന നിയമയുദ്ധത്തിലോ ബാങ്ക് വ്യക്തമാക്കാത്ത കാര്യമാണത്.

ബാങ്കിന്റെ ബോംബെ ബ്രാഞ്ചില്‍ നടന്ന സ്ഥിര നിക്ഷേപവുമായി ബന്ധപ്പെട്ട ഒരു അഴിമതി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഓഫീസര്‍ സംഘടനയുടെ ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ ഞാന്‍ കത്തെഴുതിയിരുന്നു. പിന്നീട് കോടിക്കണക്കിന് രൂപയുടെ അഴിമതി പുറത്തുവരികയും ചെയ്തു. ഇതിന്റെ പേരില്‍ ബാങ്കിന്റെ ഒരു ഉന്നതാധികാരിയുടെ പകയാണ് പിരിച്ചുവിടലില്‍ കലാശിച്ചതെന്നാണ് പൊതുവെ വിലയിരുത്തുന്നത്.

ഇതാണ് കാരണമെന്നത് ഇപ്പോഴും പറയാന്‍ കഴിയാത്തത്, ബാങ്ക് ഇതുവരെ ഇത് മെന്‍ഷന്‍ ചെയ്യാത്തതുകൊണ്ടാണ്. കോടതിയില്‍ പോലും ബാങ്ക് ഇക്കാര്യം സൂചിപ്പിച്ചിട്ടില്ല.

എപ്പോള്‍ വേണമെങ്കിലും പിരിച്ചുവിടാം എന്ന സ്‌പെഷ്യല്‍ ക്ലോസ് ഉപയോഗിച്ചാണ് എന്നെ പിരിച്ചുവിട്ടത്. സാധാരണ രാജ്യദ്രോഹ കുറ്റങ്ങള്‍ പോലെയുള്ള കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുമ്പോഴാണ് ഈ ക്ലോസ് ഉപയോഗിക്കാറുള്ളത്.

പിരിച്ചുവിടുമ്പോള്‍ എനിക്ക് ഒമ്പത് മാസത്തെ സര്‍വീസ് മാത്രമേ ബാക്കിയുണ്ടായിരുന്നുള്ളു. 2016ല്‍ റിട്ടയര്‍ ചെയ്യാനിരിക്കെയാണ് 38 വര്‍ഷത്തെ സര്‍വീസുള്ള എന്നെ ബാങ്ക് പിരിച്ചുവിടുന്നത്. സാങ്കേതികമായി ഇത് ബാങ്കിനെതിരെയുള്ള വിധിയാണെങ്കിലും അന്ന് തെറ്റ് ചെയ്ത എക്‌സിക്യൂട്ടീവിനെതിരായ വിധിയായിട്ടാണ് ഞാന്‍ കാണുന്നത്.

ഒരു തെറ്റിനെതിരെ ശബ്ദമുയര്‍ത്തിയത് വിജയം കണ്ടു. ശരിയായ രീതിയില്‍ ട്രേഡ് യൂണിയന്‍ നടത്തുന്ന ഏതൊരാള്‍ക്കും അനുകൂല വിധിയാണിത്. ഒരു കാരണവുമില്ലാതെ ഇനിയൊരു ബാങ്കിന് ഇങ്ങനെ ചെയ്യാനാവില്ല എന്ന സന്ദേശമാണ് ഈ വിധി. ആ അര്‍ത്ഥത്തില്‍ ഇത് വളരെ ചരിത്ര പ്രാധാന്‌യമുള്ള വിധിയാണെന്ന് ഞാന്‍ വിശ്വസിക്കുന്നു.

പിരിച്ചുവിടല്‍ സമയത്ത് രാഷ്ട്രീയ വ്യത്യാസമില്ലാതെ വലിയ സമരങ്ങളാണ് നടന്നത്. അന്നത്തെ പ്രതിപക്ഷ- ഭരണപക്ഷ പാര്‍ട്ടികളുടെ പിന്തുണ താങ്കള്‍ക്കുണ്ടായിരുന്നു. എന്നിട്ടും പിരിച്ചുവിടല്‍ പിന്‍വലിക്കാതിരിക്കാന്‍ ബാങ്കിനെ പ്രേരിപ്പിച്ചതെന്താണ്?

ഞങ്ങള്‍ക്കിനിയും ഉത്തരം കിട്ടാത്ത ചോദ്യമാണത്. ഞങ്ങളുടേത് ഒരു അരാഷ്ട്രീയ സംഘടനയുടെ പരിമിതികളായിരിക്കാം, ആള്‍ ഇന്ത്യ ബാങ്ക് ഓഫീസേഴ്‌സ് ഫെഡറേഷന്‍ എന്ന സംഘടനയുടെ ഭാഗമായിരുന്നു ഞാന്‍. ഇന്ത്യയില്‍ ബാങ്ക് ഓഫീസര്‍മാരിലെ 90 ശതമാനം ജീവനക്കാരും ഈ സംഘടനയില്‍ അംഗങ്ങളാണ്.

ഇതിന് രാഷ്ട്രീയമില്ല എന്നതുകൊണ്ടുതന്നെ അന്നത്തെ ഭരണ- പ്രതിപക്ഷ കക്ഷികള്‍ രാഷ്ട്രീയമായി എന്നെ പിന്തുണച്ചെങ്കിലും അവര്‍ക്കും സ്വന്തമായി ഇടപെടാന്‍ പരിമിതികളുണ്ടായിരുന്നു. ഒരുപക്ഷേ ഞങ്ങളുടെ സംഘടനക്ക് ഏതെങ്കിലും ഒരു രാഷ്ട്രീയ സംഘടനയുമായി ബന്ധമുണ്ടായിരുന്നെങ്കില്‍ പിരിച്ചുവിടല്‍ അന്ന് തന്നെ റദ്ദാക്കുമായിരുന്നു എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.

മറ്റൊരുകാര്യം, ഒരു പ്രൈവറ്റ് സ്ഥാപനം എന്ന നിലയില്‍ ഭരണ കക്ഷിക്കായാലും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കാണെങ്കിലും സമ്മര്‍ദം ചെലുത്തുക എന്നതിനപ്പുറം ഇടപെടാന്‍ പരിമിതിയുണ്ട് എന്നാണ് ഞാന്‍ മനസിലാക്കുന്നത്.

വലിയ സമരങ്ങള്‍ക്ക് ശേഷം അന്നത്തെ ആഭ്യന്തര മന്ത്രിയായിരുന്ന രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ സമവായ ചര്‍ച്ച നടന്നത്, പന്നീട് എങ്ങനെയാണ് വിഷയം കോടതിയിലെത്തിയത്?

35 മുപ്പത്തിയെട്ട് വര്‍ഷം ജോലി ചെയ്ത, എന്നെ ഞാനാക്കിയ ബാങ്കിനെതിരെ ഒരു കേസ് കൊടുക്കുക എന്നത് വേദനാജനകമായിരുന്നു. ബാങ്ക് ഒപ്പിട്ട ധാരണകളില്‍ നിന്ന് പിന്മാറുകയും അതിനിടയില്‍ എന്റെ റിട്ടയര്‍മെന്റ് തീയതി കഴിയുകയും ചെയ്തു.

പുറത്താക്കിയ ശേഷം ഒരു വര്‍ഷം കഴിഞ്ഞാണ് ഞാന്‍ കേസ് കൊടുക്കുന്നത്. അതിനുമുമ്പ് മനുഷ്യാവകാശ കമ്മീഷന്റെ മുമ്പില്‍ പരാതിപ്പെട്ടപ്പോള്‍ അതിന് മറുപടിയായി അന്നത്തെ ബാങ്കിന്റെ അധികാരികള്‍ പറഞ്ഞത്. ‘ഈ പിരിച്ചുവിടല്‍ മനുഷ്യാവകാശത്തിന്റെ പരിധിയില്‍ വരില്ല എന്നും മോഹനന് സിവില്‍ കോടതിയില്‍ നഷ്ടപരിഹാരത്തിന്നടക്കം കേസ് കൊടുക്കാമല്ലോ,’ എന്നുമാണ്‌. അത്തരത്തില്‍ ബാങ്ക് കേസിലേക്ക് എന്നെ വലിച്ചിഴക്കുകയായിരുന്നു.

33 ദിവസമാണ് അന്ന് ബാങ്ക് ജീവനക്കാര്‍ പണി മുടക്കിയത്, ബാങ്കിങ് മേഖലയിലെ തൊഴിലാളി ഐക്യത്തെ എങ്ങനെ കാണുന്നു?

ആ പണിമുടക്ക് തൊഴിലാളിസമര ചരിത്രത്തില്‍ സുവര്‍ണ ലിപികളില്‍ കുറിക്കേണ്ടത് തന്നെയാണ്. തൃശൂര്‍ തേക്കിന്‍കാട് മൈതാനിയില്‍ ഒരുപാട് സമരങ്ങള്‍ നടന്നിട്ടുണ്ട്. പക്ഷേ ഇങ്ങനെയൊരു സമരം നടന്നിട്ടുണ്ടോ എന്നത് എനിക്ക് സംശയമാണ്. ബാങ്ക് ഓഫീസര്‍മാരെ പൊതുവെ വൈറ്റ് കോളര്‍ ജോലിക്കാരായിട്ടാണ് സമൂഹം തന്നെ കാണുന്നത്. അത്തരം ധാരണങ്ങളെ തിരുത്തിക്കുറിച്ച സമരമായിരുന്നു അത്.

ഞങ്ങളുടെ സംഘടനയായ എ.ഐ.ബി.ഒ.സിക്ക് പുറമെ ബാങ്ക് ജീവനക്കാരുടെ മറ്റൊരു സംഘടനയായ ബെഫിയും സമരത്തിന് മുന്നില്‍ തന്നെയുണ്ടായിരുന്നു. ചുമട്ടുതൊഴിലാളികളും സര്‍ക്കാര്‍ ജീവനക്കാരും എന്ന് വേണ്ട എല്ലാ വിഭാഗത്തില്‍പ്പെട്ടവരും സമരത്തിന് പിന്തുണയുമായെത്തിയിരുന്നു.

രാഷ്ട്രീയ കക്ഷി ഭേദമന്യേ എല്ലാ നേതാക്കളും എം.എല്‍.എമാരും എം.പിമാരും സാംസ്‌കാരിക പ്രവര്‍ത്തകരും ഞങ്ങള്‍ക്ക് ചുറ്റും അണിനിരന്നിരുന്നു. ബാങ്കിലെ ഓഫീസര്‍മാര്‍ നടത്തിയ അനശ്ചിതകാല നിരാഹാരത്തില്‍ വനിതാ ഓഫീസര്‍മാരടക്കം പങ്കെടുത്തത് ആ സമരത്തിന്റെ പ്രത്യേകതയായിരുന്നു.

നീണ്ട നിയമയുദ്ധത്തിനിടയില്‍ എപ്പോഴൊക്കെയോ ശക്തി ചോര്‍ന്നുപോയെന്നു തോന്നിയപ്പോള്‍ എനിക്ക് ഊര്‍ജം പകര്‍ന്നത് ആ നിരാഹാര സമരത്തില്‍ പങ്കെടുത്ത വനിതാ ഓഫീസര്‍മാര്‍ അടക്കമുള്ളവരുടെ നിശ്ചയദാര്‍ഢ്യത്തിന്റെ ഓര്‍മകളായിരുന്നു. ഒന്നും രണ്ടും വയസ് പ്രായാമുള്ള കുട്ടികളെ വീട്ടിലിരുത്തിയായിരുന്നു അന്ന് ആ ജീവനക്കാര്‍ സമരത്തിന്റെ ഭാഗമായിരുന്നത്. ശരിക്കും അത് വനിതകള്‍ നേതൃത്വം നല്‍കിയ സമരമായിരുന്നു.

നിയമപോരാട്ടങ്ങള്‍ക്കിടയില്‍ തളര്‍ന്നുപോയപ്പോള്‍ ഞാന്‍ ആലോചിച്ചതും വനിതകളുടെ സമരത്തെക്കുറിച്ചും അവരുടെ കുടുംബങ്ങളെക്കുറിച്ചുമായിരുന്നു. ആ ഊര്‍ജം തന്നെയായിരുന്നു എനിക്ക് നിയമപോരാട്ടത്തിന് കരുത്ത് പകര്‍ന്നത്.

ആറ് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം കിട്ടിയ ഈ വിധിയെ എങ്ങനെ നോക്കിക്കാണുന്നു?

കാരണമൊന്നും കാണിക്കാതെയുള്ള പിരിച്ചുവിടല്‍ നടപടി നിലനില്‍ക്കില്ല എന്ന വിധി ഞാനും ട്രേഡ് യൂണിയനുകളും എടുത്ത നിലപാടുകളെ ശരിവെക്കുന്നതാണ്. തങ്ങളുടെ തെറ്റായ തീരുമാനങ്ങളെ ചോദ്യം ചെയ്യുന്ന ആരേയും ഒരു കാരണവും കാണിക്കാതെ പിരിച്ചുവിടാമെന്ന ധനലക്ഷ്മി ബാങ്കിലെ അക്കാലത്തെ
ചില ഉന്നതരുടെ ധാര്‍ഷ്ട്യത്തിന് നീതിപീഠം നല്‍കിയ ചുട്ട മറുപടി തന്നെയാണ് ഈ വിധി.

സംസ്ഥാനത്ത് ഐ.ടി കമ്പനികളിലാണ് കൂട്ടപിരിച്ചുവിടലുകള്‍ അടക്കം നടക്കുന്നത്. സര്‍ക്കാരിന് കൃത്യമായ റോള്‍ ഇല്ലാത്ത അവസ്ഥയാണ്. തൊഴിലാളി നേതാവ് എന്ന നിലയില്‍ ഇത്തരം കാര്യങ്ങള്‍ എങ്ങനെ നോക്കികാണുന്നു?

തൊഴിലാളി നേതാവ് എന്ന പദത്തിന് ഞാന്‍ അര്‍ഹനല്ല എന്ന് തോന്നുന്നു. ബാങ്കിലെ ഓഫീസര്‍മാരുടെ പ്രശ്‌നങ്ങളില്‍ ഇരുപത്തിയഞ്ച് വര്‍ഷത്തോളം ഇടപെട്ടു, എന്ന് മാത്രമേയുള്ളൂ. ഏത് വിധേനയുള്ള പിരിച്ചുവിടലും വേദനാജനകമാണ്, ഒഴിവാക്കേണ്ടതുമാണ്. പക്ഷെ ഐ.ടി കമ്പനികളിലെല്ലാം ലേഓഫ് ഇന്ന് സാധാരണമായിരിക്കുന്നു. ആ പിരിച്ചുവിടലും എനിക്ക് സംഭവിച്ചതും തമ്മില്‍ സമാനതകളില്ല എന്നാണ് എനിക്ക് തോന്നുന്നത്.

കൊവിഡിന് ശേഷം തൊഴില്‍ നിയമങ്ങളില്‍ വ്യാപകമായി വെള്ളം ചേര്‍ക്കപ്പെടുന്നുണ്ട്, ചുമട്ടുതൊഴിലാളികള്‍ വരെ കേരളത്തില് ഇതിന്റെ ഇരകളാകുന്നുണ്ട്. ഇതിനെ എങ്ങനെ കാണുന്നു?

കഴിഞ്ഞ ആറ് വര്‍ഷമായി ഞാന്‍ സാന്ത്വന പരിചരണ രംഗത്ത് എളിയ കാര്യങ്ങള്‍ ചെയ്തുകൊണ്ടിരിക്കുയാണ്. എന്റെ ഇപ്പോഴത്തെ പ്രവര്‍ത്തന മേഖല അത് മാത്രമാണ്. അതുകൊണ്ടു മറ്റു കാര്യങ്ങളില്‍ പ്രതികരിക്കാനുള്ള അര്‍ഹത എനിക്കില്ലെന്ന് തോന്നുന്നു.

CONTENT HIGHLIGHTS: Interview with former Dhanlaxmi Bank senior  officer and trade union leader PV Mohanan

സഫ്‌വാന്‍ കാളികാവ്

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍, കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദവും, ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമയും പൂര്‍ത്തിയാക്കിയിട്ടുണ്ട്.

We use cookies to give you the best possible experience. Learn more