'ബി.ജെ.പി കേരളത്തില്‍ അധികാരത്തില്‍ വന്നാല്‍ പ്രശ്നമില്ലെന്നാണ് ഇവിടുത്തെ ബിഷപ്പുമാര്‍ ഒളിഞ്ഞും തെളിഞ്ഞും പറയുന്നത്. ഞാന്‍ മനസിലാക്കുന്നത് ഇതിന് പിന്നില്‍ മറ്റ് നേട്ടങ്ങള്‍ കൂടി ഉണ്ടെന്നാണ്. ബലാത്സംഗം അടക്കമുള്ള ക്രിമിനല്‍ കേസുകളില്‍ പ്രതികളായവര്‍ക്ക് ഇങ്ങനെ പറയാതെ നിവൃത്തിയില്ല. കാരണം ഈ ഭരണകൂടത്തെ വെല്ലുവിളക്കാനുള്ള ധാര്‍മിക ശക്തി അവര്‍ക്കില്ലാതെ പോയി'
ഈസ്റ്റര്‍ ദിനത്തില്‍ ബി.ജെ.പിയുടെ നേതൃത്വത്തില്‍ ക്രൈസ്തവ വീടുകളില്‍ സന്ദര്‍ശം നടത്തിയിരുന്നു. നിലവിലെ ഇന്ത്യന്‍ സാഹചര്യത്തില്‍ ക്രൈസ്തവര്‍ അക്രമിക്കപ്പെടുമ്പോള്‍, ഈ നീക്കത്തെ എങ്ങനെ കാണുന്നു?
രാജ്യം ഭരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടി എന്ന നിലയില്‍ ബി.ജെ.പി ക്രൈസ്തവ വീടുകള്‍ സന്ദര്‍ശിക്കുന്നു എന്നതില്‍ അസ്വാഭാവികമായി ഒന്നുമില്ല. എന്നാല്‍ ഈ രാഷ്ട്രീയ പാര്‍ട്ടിയുടെ ദര്‍ശനം മത വര്‍ഗീയതയാണ്. ക്രൈസ്തവ വിഭാഗങ്ങള്‍ തങ്ങളുടെ എതിരാളികളാണെന്നതാണ് ഇവര്‍ പ്രത്യയശാസ്ത്രപരമായി വിശ്വസിക്കുന്നത്. അതാണ് ക്രൈസ്തവ മേലധികാരികള്‍ ഇവരോട് സഹകരിക്കുന്നതിലുള്ള വൈരുധ്യവും പ്രശ്‌നവും.
വടക്കേ ഇന്ത്യന്‍ സാഹചര്യത്തില്‍ അവിടുത്തെ ക്രൈസ്തവ- മുസ്‌ലിം ന്യൂനപക്ഷങ്ങള്‍ക്കെതിരായി വലിയ അക്രമമാണ് നടക്കുന്നത്. ക്രൈസ്തവരുടെയും മുസ്‌ലിങ്ങളുടെയും പള്ളികള്‍ അക്രമിക്കപ്പെടുകയാണ്. ഇതുകൂടാതെ ദളിത്- ആദിവാസി വിഭാഗങ്ങള്‍ക്കെതിരെയുള്ള അക്രമങ്ങളും ഓരോ ദിവസവും വര്‍ധിച്ചുവരികയാണ്. ഈ സാഹചര്യത്തില്‍ ക്രൈസ്തവര്‍ ആലോചിക്കേണ്ടത് ഇത്തരത്തില്‍ പ്രത്യയശാസ്ത്രം പേറുന്ന ആളുകളുമായി സഹകരിക്കണോ എന്നതാണ്.
കേരളത്തില്‍ വര്‍ഗീയത നേരിയ തോതിലെങ്കിലും വളരുന്നുണ്ട്. ഇതിന് ഇടതുമുന്നണിക്കും ഐക്യമുന്നണിയും വലിയ പങ്കുണ്ട്. കേരളത്തിലാണ് ആര്‍.എസ്.എസിന് ഏറ്റവും കൂടുതല്‍ ശാഖകളുള്ളത്. മുസ്‌ലിം- ക്രിസ്ത്യന്‍ സമുദായങ്ങള്‍ക്കുള്ളിലും വര്‍ഗീത കൂടിക്കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യം ഇവിടുത്തെ എല്‍.ഡി.എഫും യു.ഡി.എഫും പരിശോധിക്കണം. ഇത് മറന്നുകൊണ്ട് ബി.ജെ.പിയുമായി സഹകരിക്കുന്നതിനെപ്പറ്റി പറയാന്‍ കഴില്ല. അത് അവര്‍ വേറെ പരിശോധിക്കുക തന്നെ വേണം.
എന്നാല്‍ ബി.ജെ.പിയുടെ ലക്ഷ്യം വോട്ടാണ്. 40 ശതമാനത്തില്‍ മുകളിലുള്ള ഇവിടുത്തെ മുഴുവന്‍ ന്യൂനപക്ഷങ്ങളില്‍ നിന്ന് ആരെയെങ്കിലും കൂടെക്കൂട്ടാതെ ഇവിടെ പിടിച്ചുനില്‍ക്കാനാകില്ലെന്ന് അവര്‍ മനസിലാക്കിയിരിക്കുന്നു. അതാണിപ്പോള്‍ ക്രൈസ്തവരെ കൂട്ടുപിടിക്കാന്‍ ശ്രമിക്കുന്നത്. ഇതിന്റെ അപകടം ക്രൈസ്തവ സമൂഹം മനസിലാക്കണം.
ബി.ജെ.പി കേരളത്തില്‍ അധികാരത്തില്‍ വന്നാല്‍ പ്രശ്നമില്ലെന്നാണ് ഇവിടുത്തെ ബിഷപ്പുമാര്‍ ഒളിഞ്ഞും തെളിഞ്ഞും പറയുന്നത്. ഞാന്‍ മനസിലാക്കുന്നത് ഇതിന് പിന്നില്‍ മറ്റ് നേട്ടങ്ങള്‍ കൂടി ഉണ്ടെന്നാണ്. ബലാത്സംഗം അടക്കമുള്ള ക്രിമിനല്‍ കേസുകളില്‍ പ്രതികളായവര്‍ക്ക് ഇങ്ങനെ പറയാതെ നിവൃത്തിയില്ല. കാരണം ഈ ഭരണകൂടത്തെ വെല്ലുവിളക്കാനുള്ള ധാര്‍മിക ശക്തി അവര്‍ക്കില്ലാതെ പോയി. എന്നാല്‍ ക്രിസ്തുവില്‍ വിശ്വസിക്കുന്ന വിശ്വാസി സമൂഹത്തിലെ ഭൂരിഭാഗം വരുന്ന പുരോഹിതരും ഈ അപകടം മനസിലാക്കണം.
റബ്ബര്‍ കര്‍ഷകരെ സഹായിച്ചാല്‍ ബി.ജെ.പിയെ തെരഞ്ഞെടുപ്പില്‍ പിന്തുണക്കുമെന്ന് തലശ്ശേരി അതിരൂപതാ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി പറഞ്ഞിട്ടുണ്ട്. വേറേയും നേതാക്കളില്‍ നിന്ന് സമാന പ്രതികരണങ്ങളുണ്ടായിട്ടുണ്ട്? സഭകളുടെ നേതൃത്വങ്ങള്‍ ബി.ജെ.പിക്ക് വഴങ്ങുന്നതെങ്ങനെയാകും?
ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി
റബ്ബര്‍ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ സൂചിപ്പിക്കുന്നത് മനസിലാക്കാം. അതിലൊരു കുഴപ്പവുമില്ല. പക്ഷെ ദല്‍ഹില്‍ രണ്ട് വര്‍ഷമായി കര്‍ഷകര്‍ സമരത്തിലാണ്. ആദ്യഘട്ട സമരങ്ങളുടെ ഭാഗമായി തങ്ങളുടെ നയങ്ങളില്‍ നിന്ന് കേന്ദ്ര സര്‍ക്കാരിന് പിന്നോട്ട് പോകേണ്ടി വന്നു. ഈ കര്‍ഷകരെ എന്താണ് ഇവര്‍(പുരോഹിതര്‍) കാണാത്തത്. ഈ സമരത്തില്‍ ഒരുപാട് പേര്‍ മരണപ്പെട്ടിട്ടുണ്ട്. ഇതിനിടയിലാണ് 300 രൂപ തന്നാല്‍ ഞങ്ങള്‍ നിങ്ങള്‍ക്ക് വോട്ട് തരാം എന്ന് പറയുന്നത്. കര്‍ഷകര്‍ എന്ന് പറയുന്നവര്‍ റബ്ബര്‍ കര്‍ഷകര്‍ മാത്രമാണ് എന്നാണോ ഇവര്‍ വിചാരിക്കുന്നത്.
കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങള്‍ കാരണം ഇവിടുത്തെ കര്‍ഷകര്‍ തെരുവിലാണ്. രാജ്യത്തെ കര്‍ഷകര്‍ ആത്മഹത്യയുടെ മുനമ്പിലാണ്. കര്‍ഷകരുടെ വംശം തന്നെ കുറ്റിയറ്റുകൊണ്ടിരിക്കുകയാണ്. റബ്ബര്‍ കര്‍ഷകര്‍ ഒരു ചെറിയ വിഭാഗമാണ്, അവരുടെ ആവശ്യങ്ങളെ അവഗണിക്കുകയല്ല. എന്നാല്‍ അവരെ മുന്‍നിര്‍ത്തി വോട്ട് രാഷ്ട്രീയം കളിക്കുന്നത് ശരിയല്ല. ഇത് പ്രതിസന്ധി നേരിടുന്ന മറ്റ് കര്‍ഷകരോടുള്ള അനീതിയാണ്. ഇത് അംഗീകരിക്കാനാകില്ല.
ബി.ജെ.പിയുടെ തന്ത്രം ഭൂരിക്ഷ ക്രിസ്ത്യന്‍ സമുദായങ്ങള്‍ക്കിടയില്‍ വിജയിക്കുമോ?
ബി.ജെ.പി അനുകൂല പ്രസ്താവനകള്‍ നടത്തുന്നവര്‍ക്ക് സമൂഹത്തില്‍ എത്രത്തോളം പിന്തുണയുണ്ട് എന്നത് ആദ്യം പരിശോധിക്കണം. കഴിഞ്ഞ കാലയളവില്‍ മെത്രാന്മാര്‍ പറഞ്ഞത് കൊണ്ട് ഏതെങ്കിലും സ്ഥാനാര്‍ത്ഥി വിജയിച്ച ചരിത്രമില്ല. തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ സഭയുടെ സ്ഥാനാര്‍ത്ഥിയാണെന്ന തരത്തില്‍ പ്രചരിപ്പിക്കപ്പെട്ട ഒരാള്‍ കനത്ത പരാജയമാണ് ഏറ്റുവാങ്ങിയത്. ഈ അനുഭവം കേരള രാഷ്ടീയത്തില്‍ ഉടനീളമുണ്ട്. കെ. കരുണാകരന്റെ കാലത്തും മെത്രാന്റെ പിന്തുണയുള്ള ഒരു സ്ഥാനാര്‍ത്ഥി പരാജയപ്പെട്ടിരുന്നു.
അതുകൊണ്ട് മെത്രാന്മാര്‍ പറയുന്ന സ്ഥാനാര്‍ത്ഥികള്‍ക്ക് കേരളത്തിലെ ജനങ്ങള്‍ വോട്ട് ചെയ്യും എന്നത് തെറ്റായ ബോധ്യമാണ്. ഈ തെറ്റിദ്ധാരണ എല്ലാ രാഷ്ട്രീയ പാര്‍ട്ടിയിലുള്ളവര്‍ക്കുമുണ്ട്. അത് ബി.ജെ.പിയുടെ ധാരണ മാത്രമല്ല. യു.ഡി.എഫിനും എല്‍.ഡി.എഫിനും ഈ ധാരണയുണ്ട്.
ആ കാലം മാറിയെന്നാണ് ഞാന്‍ വിചാരിക്കുന്നത്. മെത്രാന്മാരും വൈദികന്മാരും യുക്തിസഹമായ കാര്യം പറഞ്ഞാല്‍ മാത്രമേ ആളുകള്‍ കേള്‍ക്കുകയുള്ളു. കണ്ണടച്ച് പുരോഹിതരെ കേരളത്തിലെ ക്രൈസ്തവ സമൂഹം പിന്തുടരുന്നില്ല. കാരണം ജനങ്ങള്‍ അടിമകളല്ല. ചിന്തിക്കുകയും ആലോചിക്കുകയും ചെയ്യുന്ന ജനതയാണിപ്പോഴുള്ളത് എന്നാണ് ഞാന്‍ വിചാരിക്കുന്നത്. അങ്ങനെയല്ലെങ്കില്‍ ക്രൈസ്തവത തന്നെ തകരുന്ന ഒരു അവസ്ഥായാണ് വരാന്‍ പോകുന്നത്.
ഫാദര്‍ സ്റ്റാന്‍ സാമിയെ പോലുള്ളവരോട് ഭരണകൂടം ചെയ്ത ക്രൂരത നമുക്ക് മുന്നിലുണ്ട്. ഈ യാഥാര്‍ത്ഥ്യങ്ങള്‍ ജനം തിരിച്ചറിയില്ലേ?
തീര്‍ച്ചയായും മനസിലാക്കും, ചത്തീസ്ഗഡിലും ജാര്‍ഖണ്ഡിലും ആദിവാസികള്‍ക്കായി പ്രവര്‍ത്തിച്ചതിന്റെ പേരില്‍ മാവോയിസ്റ്റ് എന്ന് മുദ്രകുത്തിയാണ് സ്റ്റാന്‍ സാമിയെ കേന്ദ്ര സര്‍ക്കാര്‍ ജയിലിലടച്ചത്. രോഗ ശയ്യയിലായിരുന്നപ്പോള്‍ അദ്ദേഹത്തിന് വെള്ളം കുടിക്കാനുള്ള സൗകര്യം പോലും ഭരണകൂടം ഒരുക്കിയില്ല. അദ്ദേഹത്തിനെ ശരിക്കും കൊന്നുകളയുകയാണുണ്ടായത്. നിരാലംബരായ ദളിതര്‍ക്കും ആദിവാസികള്‍ക്കും ഒപ്പം നിന്നു എന്നതാണ് അദ്ദേഹം ചെയ്ത തെറ്റ്. ഈ ഭരണകൂടം ഇങ്ങനെ ചെയ്തുകൊണ്ടിരുന്നപ്പോള്‍ ആരും മിണ്ടിയില്ല.
ഇപ്പോഴും 18 പേര്‍ മാവോയിസ്റ്റ് മുദ്രകുത്തപ്പെട്ട് ജയിലില്‍ കഴിയുന്നുണ്ട്. അങ്ങനെയുള്ള ഒരു ഭരണകൂടത്തോടാണ് ഈ മതമേലധ്യക്ഷന്മാര്‍ സഹകരിക്കുന്നതെന്ന് മറക്കരുത്. എന്നാല്‍ സാധാരണ വിശ്വാസികള്‍ ഈ യാഥാര്‍ത്ഥ്യം മനസിലാക്കുക തന്നെ ചെയ്യും.
ഫാ. സ്റ്റാന്‍ സാമി
Content Highlight: Interview with father Fr. Augustine Vattoly