ഇന്ത്യന്‍ ജനതയുടെ പ്രതീക്ഷയായി മാറിയ കര്‍ഷക സമരത്തിന് നേതൃത്വം നല്‍കിയ സംയുക്ത കിസാന്‍ മോര്‍ച്ചയുടെ നേതാവ് രാകേഷ് ടികായത്ത് ഡൂള്‍ന്യൂസിനോട് സംസാരിക്കുന്നു. സൗത്ത് ഏഷ്യന്‍ പീപ്പിള്‍സ് ആക്ഷന്‍ ഓണ്‍ ക്ലൈമറ്റ് ക്രൈസിസിന്റെ കാലാവസ്ഥ വ്യതിയാനത്തെ കുറിച്ചുള്ള ദേശീയ സമ്മേളനത്തില്‍ പങ്കെടുക്കാനായി കോഴിക്കോട് എത്തിയിരിക്കുകയാണ് രാകേഷ് ടികായത്ത്.
കാലാവസ്ഥ വ്യതിയാനത്തെ കുറിച്ചുള്ള ദേശീയ സമ്മേളനത്തില്‍ പങ്കെടുക്കാനായാണ് താങ്കള്‍ ഇപ്പോള്‍ കേരളത്തിലെത്തിയിരിക്കുന്നത്. കേരളം എന്ന സംസ്ഥാനത്തെയും പരിസ്ഥിതിയോടുള്ള ഇവിടുത്തെ ജനങ്ങളുടെ മനോഭാവത്തെയും എങ്ങനെയാണ് നോക്കിക്കാണുന്നത് ?
കേരളത്തിന്റെ ഉയര്‍ന്ന വിദ്യാഭ്യാസ നിലവാരത്തെ കുറിച്ച് രാജ്യം മുഴുവനുമറിയാം. വിദ്യാഭ്യാസം നേടുന്നവര്‍ തീര്‍ച്ചയായും പരിസ്ഥിതി സംരക്ഷണത്തിന് വേണ്ടി പ്രവര്‍ത്തിക്കും. കേരളത്തിലെ ജനങ്ങള്‍ കൃഷിയിലും ബിസിനസിലും വിദ്യാഭ്യാസത്തിലും പരിസ്ഥിതി സംരക്ഷണത്തിലും ഒരുപോലെ ശ്രദ്ധിക്കുന്നവരാണ്.
ഞാന്‍ ശ്രദ്ധിച്ച ഒരു കാര്യം മലയാളികളുടെ ശുചിത്വമാണ്. വീടുകളും കെട്ടിടങ്ങളുമെല്ലാം വളരെ ശുചിയായാണ് മലയാളികള്‍ സൂക്ഷിക്കുന്നത്. ചെറിയ വീടുകളായാലും വലിയ ഇടങ്ങളായാലും അങ്ങനെയാണ്.
കേരളം ഭരിക്കുന്ന സി.പി.ഐ.എമ്മിന്റെ കര്‍ഷക സംഘടനയായ കിസാന്‍ സഭ കര്‍ഷക സമരത്തിന്റെ ഭാഗമായിരുന്നു. കര്‍ഷക സമരത്തോട് ഐക്യപ്പെടുന്ന നിലപാടായിരുന്നു കേരള സര്‍ക്കാരും സ്വീകരിച്ചിരുന്നത്. ഈ പശ്ചാത്തലത്തില്‍ ഇടതുരാഷ്ട്രീയത്തെ താങ്കള്‍ എങ്ങനെയാണ് നോക്കിക്കാണുന്നത്?
രാഷ്ട്രീയപാര്‍ട്ടികളും സമരങ്ങളും വ്യത്യസ്തമാണ്. നിലവിലെ സംവിധാനത്തെ കൃത്യമായി പ്രവര്‍ത്തിപ്പിക്കുന്നതിന് വേണ്ടിയാണ് പാര്‍ട്ടികളുടെ നേതൃത്വത്തില്‍ സര്‍ക്കാരുകള്‍ രൂപപ്പെട്ടു വരുന്നത്.
ദല്‍ഹിയിലെ കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന നയങ്ങളോടുള്ള എതിര്‍പ്പിന്റെ കൂടി പശ്ചാത്തലത്തിലാണ് വിവിധ പ്രതിപക്ഷ സര്‍ക്കാരുകള്‍ കര്‍ഷക സമരത്തിന് പിന്തുണ നല്‍കിയത്. ജനതാല്‍പര്യത്തിന് മുന്‍ഗണന നല്‍കുന്നതിന്റെ ഭാഗമായിരുന്നു അത്.
ഇടതുപക്ഷം കര്‍ഷക സമരത്തിനൊപ്പമുണ്ടായിരുന്നു. കിസാന്‍ സഭ സംയുക്ത മോര്‍ച്ചക്കൊപ്പം നിലകൊണ്ടു. കേന്ദ്ര സര്‍ക്കാരുകള്‍ കൊണ്ടുവരുന്ന നിയമങ്ങള്‍ വരുംകാലങ്ങളില്‍ രാജ്യത്തെ മുഴുവന്‍ വലിയ രീതിയില്‍ ബാധിക്കുമെന്ന് അവര്‍ക്ക് അറിയാമായിരുന്നു. അതുകൊണ്ടാണ് അവര്‍ സമരത്തില്‍ പങ്കുചേര്‍ന്നത്.
കേരളവുമായി ബന്ധപ്പെട്ട മറ്റ് വിഷയങ്ങളിലേക്ക് വന്നാല്‍, ഇവിടെ എം.എസ്.പിയും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലേതു പോലുള്ള മണ്ടിയുമില്ല. പക്ഷെ, ചില പച്ചക്കറികള്‍ക്ക് കേരള സര്‍ക്കാര്‍ താങ്ങുവില നിശ്ചയിച്ചിട്ടുണ്ട്. അത് രാജ്യത്തെ മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയാക്കാവുന്നതാണ്.
മറ്റൊരു പ്രതിപക്ഷ പാര്‍ട്ടി ഭരിക്കുന്ന തെലങ്കാനയിലും കര്‍ഷകര്‍ക്ക് അനുകൂലമായ നടപടികളുണ്ടാകുന്നുണ്ട്. 24 മണിക്കൂറും മുടങ്ങാത്ത വൈദ്യുതി അവിടെ കര്‍ഷകര്‍ക്ക് ഉറപ്പാക്കിയിട്ടുണ്ട്. വിളകള്‍ നശിച്ചുപോയാല്‍ നഷ്ടപരിഹാരം നല്‍കുന്നതിലും താരതമ്യേന മെച്ചപ്പെട്ട സംവിധാനവും തെലങ്കാനയിലുണ്ട്. ഇത്തരത്തില്‍ സംസ്ഥാനങ്ങള്‍ നടപ്പിലാക്കുന്ന തീരുമാനങ്ങള്‍ രാജ്യം മുഴുവന്‍ വൈകാതെ പ്രതിഫലിക്കും. ചെറിയ സംസ്ഥാനങ്ങള്‍ക്ക് വലിയ മാറ്റം കൊണ്ടുവരാന്‍ കഴിയുമെന്ന് തന്നെയാണ് എന്റെ വിശ്വാസം.
ഉത്തര്‍പ്രദേശ് രാഷ്ട്രീയത്തില്‍ വ്യത്യസ്ത തലങ്ങളില്‍ സ്വാധീനം ചെലുത്താന്‍ കര്‍ഷക സമരത്തിന് കഴിഞ്ഞിരുന്നു. മുസഫര്‍ നഗര്‍ കലാപത്തിന്റെ മുറിവുണക്കുന്നതിലും ജാട്ട് സമുദായവും മുസ്‌ലിം സമുദായവും തമ്മില്‍ രൂപപ്പെട്ടിരുന്ന പ്രശ്‌നങ്ങള്‍ക്ക് അറുതി വരുത്തുന്നതിലും താങ്കളുടെ നേതൃത്വത്തില്‍ നടന്ന പ്രവര്‍ത്തനങ്ങള്‍ നിര്‍ണായകമായിരുന്നു. നിലവില്‍ മുസഫര്‍ നഗറിലെ സ്ഥിതി എങ്ങനെയാണ്?
അവിടെ ഇപ്പോള്‍ എല്ലാം നല്ല രീതിയിലാണ് മുന്നോട്ടുപോകുന്നത്. മറ്റൊരു കാര്യം, അവിടെ ജാട്ടുകളും മുസ്‌ലിങ്ങളും തമ്മിലല്ലായിരുന്നു പ്രശ്‌നങ്ങളുണ്ടായത്. ഹിന്ദുക്കളും മുസ്‌ലിങ്ങളും തമ്മിലായിരുന്നു. പരസ്പരം ഭിന്നിപ്പിക്കുക എന്നതും സംഘര്‍ഷങ്ങളുണ്ടാക്കുക എന്നതും സര്‍ക്കാരുകളുടെ നയങ്ങളായിരുന്നു, പ്രത്യേകിച്ച് ബി.ജെ.പി സര്‍ക്കാരിന്റെ.
ഇപ്പോള്‍ ജനങ്ങള്‍ക്ക് അത് മനസിലായിട്ടുണ്ട്. അതിന്റെ തെളിവാണ് തെരഞ്ഞെടുപ്പ് ഫലം. ഒമ്പത് ലോക്‌സഭ മണ്ഡലങ്ങള്‍ വരുന്ന ആ പ്രദേശത്ത് നേരത്തെ എട്ടും ബി.ജെ.പിയായിരുന്നു. എന്നാല്‍ ഇന്ന് എട്ടും പ്രതിപക്ഷത്തിന്റെ കയ്യിലാണ്. ഒരൊറ്റ സീറ്റാണ് ബി.ജെ.പിക്ക് നിലവിലുള്ളത്.
സര്‍ക്കാരുകള്‍ക്ക് വേണ്ടതല്ല തങ്ങള്‍ക്ക് വേണ്ടത് എന്ന് ജനങ്ങള്‍ ഉറക്കെ പറയാന്‍ തുടങ്ങിയിരിക്കുകയാണ്. സ്വസ്ഥമായും സമാധാനമായും ജീവിക്കാനാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നത്.
കര്‍ഷക സമരത്തിന്റെ സമയത്ത് രാജ്യത്തെ ബി.ജെ.പി സര്‍ക്കാരുകള്‍ക്കെതിരെയും താങ്കള്‍ രംഗത്തുവന്നിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പുകള്‍ നടന്ന സമയത്ത് ബി.ജെ.പിക്ക് വോട്ട് ചെയ്യരുതെന്ന പരസ്യ ആഹ്വാനവും നടത്തിയിരുന്നു. അത്തരം നയപരിപാടികള്‍ ഇപ്പോഴും തുടരുന്നുണ്ടോ?
തെരഞ്ഞെടുപ്പ് സമയത്തെ പ്രചരണം എന്ന നിലയിലല്ലായിരുന്നു അത്. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചില്ലെങ്കില്‍ രാജ്യത്തുടനീളം സമ്മേളനങ്ങള്‍ നടത്തുമെന്നായിരുന്നു പറഞ്ഞിരുന്നത്. അത്തരം സമ്മേളനങ്ങള്‍ ഇപ്പോഴും തുടരുന്നുണ്ട്.
കേന്ദ്ര സര്‍ക്കാര്‍ എം.എസ്.പി ഗ്യാരണ്ടി നിയമവും സ്വാമിനാഥന്‍ കമ്മിറ്റി റിപ്പോര്‍ട്ടും നടപ്പിലാക്കിയാലേ കര്‍ഷകരുടെ ആവശ്യങ്ങള്‍ പൂര്‍ത്തിയാകുകയും അവര്‍ക്ക് പ്രയോജനം ലഭിക്കുകയും ചെയ്യുകയുള്ളു.
നിലവില്‍ കര്‍ഷകര്‍ വലിയ നഷ്ടമാണ് സഹിച്ചുകൊണ്ടിരിക്കുന്നത്. ഒരു തരത്തിലും അവര്‍ക്ക് മുന്നേറാന്‍ സാധിക്കുന്നില്ല. മാര്‍ക്കറ്റ് വളരെ ഉയര്‍ന്നിരിക്കുന്നു. എന്നാല്‍ കൃഷി ചെയ്തുണ്ടാക്കുന്ന വിളകള്‍ക്ക് നല്ല വില കിട്ടുന്നുമില്ല. ഇതിന് മാറ്റം വരുത്തേണ്ടത് സര്‍ക്കാരുകളുടെ ഉത്തരവാദിത്തമാണ്. അതിനുവേണ്ടിയാണ് അന്നും ഇന്നും എന്നും നിലകൊള്ളുന്നത്.
കര്‍ഷക സമരം കര്‍ഷകര്‍ക്ക് മാത്രമല്ല, ഇന്ത്യന്‍ ജനതക്ക് മുഴുവന്‍ വലിയ പ്രതീക്ഷയാണ് നല്‍കിയത്. സമരങ്ങള്‍ വിജയിക്കില്ലെന്നും, ജനങ്ങളുടെ ഭാഗത്ത് നിന്നും എത്ര തന്നെ എതിര്‍പ്പുണ്ടായാലും തീരുമാനങ്ങളില്‍ നിന്ന് ബി.ജെ.പി സര്‍ക്കാര്‍ പിന്നോട്ടു പോകില്ലെന്നുമുള്ള ചിന്തയെ കടപുഴക്കിയ സമരമായിരുന്നു അത്. സര്‍ക്കാര്‍ നയങ്ങള്‍ ജനങ്ങള്‍ക്കെതിരാണെങ്കില്‍ അതിനെതിരെ സംഘടിക്കാമെന്നും ശക്തമായി സമരം നടത്താമെന്നും നിയമങ്ങള്‍ പിന്‍വലിപ്പിക്കാമെന്നുമുള്ള ശക്തമായ പ്രതീക്ഷയാണ് സമരം നല്‍കിയത്. കര്‍ഷക സമരത്തിന്റെ ഈ തലത്തിലുള്ള വിജയത്തെ എങ്ങനെയാണ് നോക്കിക്കാണുന്നത്?
ഒരൊറ്റ മനുഷ്യന്‍ മാത്രമേയുള്ളുവെങ്കിലും സമരം നടത്താന്‍ കഴിയും. സമരങ്ങള്‍ക്ക് മാത്രമേ ഒരു നാടിനെ രക്ഷിക്കാന്‍ കഴിയൂ. സര്‍ക്കാരുകള്‍ക്ക് എപ്പോഴും സമരങ്ങളെയും പ്രതിഷേധങ്ങളെയും അടിച്ചമര്‍ത്താന്‍ ശ്രമിക്കും. എന്നാല്‍ ആ അടിച്ചമര്‍ത്തല്‍ കൊണ്ട് ഇല്ലാതാക്കാന്‍ കഴിയുന്നതല്ല തങ്ങളുടെ സമരമെന്ന് കര്‍ഷക സമരക്കാര്‍ തെളിയിച്ചു. അതാണ് ആ സമരത്തെ വ്യത്യസ്തമാക്കുന്നത്.
സമരത്തിലൂടെ നമ്മുടെ ആവശ്യങ്ങള്‍ മുന്നോട്ടു വെക്കാനാകും. ആ ആവശ്യങ്ങള്‍ക്ക് സര്‍ക്കാര്‍ ചെവി തരുന്നില്ലെങ്കില്‍ വീണ്ടും പ്രതിഷേധങ്ങളിലൂടെയും സമ്മേളനങ്ങളിലൂടെയും ആ ആവശ്യങ്ങള്‍ കൂടുതല്‍ ഉച്ചത്തില്‍ പറയണം.
കിസാന്‍ സംയുക്ത മോര്‍ച്ചയുടെ നേതൃത്വത്തില്‍ ഇപ്പോഴും കര്‍ഷകരുടെ ആവശ്യങ്ങള്‍ നേടിയെടുക്കുന്നതിനുള്ള സമ്മേളനങ്ങള്‍ തുടരുകയാണല്ലോ. പക്ഷെ ഈ ബി.ജെ.പി സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് അനുകൂലമായി ഇനിയെന്തെങ്കിലും നടപടി സ്വീകരിക്കുമെന്ന് കരുതുന്നുണ്ടോ?
2021 ജനുവരി 22ന് ശേഷം ഇതുവരെ സര്‍ക്കാര്‍ ഞങ്ങളുമായി ഒരു ചര്‍ച്ചക്കും തയ്യാറായിട്ടില്ല. അങ്ങനെ നമ്മളോട് സംസാരിക്കാന്‍ പോലും തയ്യാറാകാത്ത സര്‍ക്കാരില്‍ നിന്നും എന്ത് പ്രതീക്ഷിക്കാനാണ്. പക്ഷെ ഞങ്ങള്‍ പിന്നോട്ടു പോകില്ല. ആവശ്യങ്ങള്‍ നേടിയെടുക്കുന്നത് വരെ സമ്മേളനങ്ങളും സമരങ്ങളുമായി മുന്നോട്ടുപോകും. എം.എസ്.പി ഗ്യാരണ്ടി നിയമവും സ്വാമിനാഥന്‍ കമ്മിറ്റി റിപ്പോര്‍ട്ടും നടപ്പിലാക്കുന്നത് വരെ ശക്തമായി തന്നെ മുന്നോട്ടുപോകും.
രാജ്യത്ത് ഇനിയും ഒരു മഹാസമരം നടക്കും. വിലക്കയറ്റം ഇപ്പോള്‍ തന്നെ നിയന്ത്രണാതീതമാണ്. വമ്പന്‍ കമ്പനികള്‍ ഫുഡ് സെക്ടറിലേക്ക് കടന്നുവരികയാണ്. അവരില്‍ നിന്നും രക്ഷപ്പെട്ടില്ലെങ്കില്‍ സാധാരണക്കാരന് ഇവിടെ ഭക്ഷണം വാങ്ങിക്കാന്‍ പോലും കഴിയില്ല. അത്രയും ഭീകരമായ രീതിയില്‍ ഭക്ഷ്യവസ്തുക്കളുടെ വില കൂടും.
തൊഴിലില്ലായ്മയും അതിരൂക്ഷമാണ് ഇപ്പോള്‍. എവിടെ നോക്കിയാലും ജോലിയില്ലാതെ അലയുന്ന യുവാക്കളെ കാണാം. നാല് വര്‍ഷത്തേക്ക് ഒരു യൂണിഫോം (അഗ്നിപഥ് പദ്ധതി) കൊടുത്തിട്ട് എന്താണ് കാര്യം, അതിനുശേഷം അവര്‍ എന്ത് ചെയ്യും. ഇത്തരത്തിലുള്ള നിരവധി പ്രശ്‌നങ്ങള്‍ ജനങ്ങള്‍ നേരിടുന്നുണ്ട്. അവക്കുള്ള പരിഹാരത്തിന് വേണ്ടി ജനങ്ങള്‍ വലിയ സമരത്തിന് തന്നെ മുന്നിട്ടിറങ്ങും.
അടുത്ത ലോക്‌സഭ തെരഞ്ഞെടുപ്പിലേക്ക് രാജ്യം നീങ്ങുകയാണ്. 2024ലെ തെരഞ്ഞെടുപ്പ് ബി.ജെ.പി സര്‍ക്കാരിനും പ്രതിപക്ഷ പാര്‍ട്ടികള്‍ക്കുമെല്ലാം ഏറെ നിര്‍ണായകമാണ്. ഗൗരവമായ തെരഞ്ഞെടുപ്പ് പ്രചാരണപരിപാടികളിലേക്ക് പാര്‍ട്ടികള്‍ കടന്നുകഴിഞ്ഞു. ബി.ജെ.പി തന്നെ അധികാരത്തില്‍ തുടര്‍ന്നേക്കാമെന്നും ചിലപ്പോള്‍ മാത്രം മറിച്ചെന്തെങ്കിലും സംഭവിച്ചേക്കാമെന്നും രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നുണ്ട്. കര്‍ഷക സമരത്തിന്റെ ഭാഗമായും അല്ലാതെയും ഈയടുത്ത വര്‍ഷങ്ങളില്‍ രാജ്യം മുഴുവന്‍ സഞ്ചരിക്കുകയും സാധാരണക്കാരായ മനുഷ്യരുമായി ഇടപെടുകയും ചെയ്ത വ്യക്തിയെന്ന നിലയില്‍ താങ്കള്‍ എങ്ങനെയാണ് വരുന്ന തെരഞ്ഞെടുപ്പിനെ വിലയിരുത്തുന്നത്?
തെരഞ്ഞെടുപ്പിനെ കുറിച്ച് കൃത്യമായി ഇപ്പോള്‍ പറയാന്‍ കഴിയില്ല. പക്ഷെ, ജനങ്ങള്‍ ബി.ജെ.പി സര്‍ക്കാരിന് വോട്ട് ചെയ്യുന്നുണ്ടെന്നോ, ഇനി ചെയ്യുമെന്നോ ഞാന്‍ കരുതുന്നില്ല. കാരണം എല്ലാവരും വലിയ നിരാശയിലാണ്. നിലവിലെ സര്‍ക്കാരിനോട് അവര്‍ക്ക് കടുത്ത അമര്‍ഷമുണ്ട്.
മാത്രമല്ല, വികസനത്തിന്റെ പേരില്‍ ബി.ജെ.പി സര്‍ക്കാരിന് ജനങ്ങളോട് വോട്ട് ചോദിക്കാനാകില്ല. കാരണം വിലക്കയറ്റം അത്രയധികം വര്‍ധിച്ചിരിക്കുകയാണ്. ഇപ്പോഴത്തെ ബി.ജെ.പി വിജയങ്ങളില്‍ ഇ.വി.എം തിരിമറികള്‍ നടക്കുന്നുണ്ടായിരിക്കണം.
Content Highlight: Interview with Farmers Protest leader Rakesh Tikait