| Monday, 7th March 2022, 5:55 pm

ബഹുധ്രുവലോകത്തെ നാറ്റോയും അമേരിക്കയും അംഗീകരിക്കണം

നീതു രമമോഹന്‍

റഷ്യ-ഉക്രൈന്‍ സംഘര്‍ഷം അനുദിനം കൂടുതല്‍ സങ്കീര്‍ണമാകുകയാണ്. തലസ്ഥാനമായ കീവിന് പുറമെ മറ്റ് നഗരങ്ങളിലേക്കും റഷ്യന്‍ ആക്രമണം വ്യാപിക്കുകയാണ്. റഷ്യ മുന്നോട്ട് വെക്കുന്ന, അവരുടെ രാജ്യത്തിന്റെ ഭൂമിശാസ്ത്രപരമായതും രാഷ്ട്രീയപരമായതുമായ ആശങ്കകളും നിബന്ധനകളും ഉക്രൈനോ അമേരിക്കയോ നാറ്റോ രാജ്യങ്ങളോ കണക്കിലെടുക്കുന്നില്ല എന്നാണ് റഷ്യയുടെ ഭാഗത്ത് നിന്നുമുള്ള പ്രതികരണം.

റഷ്യക്ക് മേല്‍ സാമ്പത്തിക-വ്യാപാര മേഖലകളിലുള്ള ഉപരോധങ്ങളുമായി കൂടുതല്‍ രാജ്യങ്ങള്‍ മുന്നോട്ട് വന്നതോടെ ലോകരാഷ്ട്രീയത്തിലും ഇന്ത്യയില്‍ നിന്നുള്ള ഒരു വിദ്യാര്‍ത്ഥി തിങ്കളാഴ്ച കാര്‍കീവില്‍ ഒരു ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെടുകയും ചെയ്തതോടെ ഇന്ത്യക്കും കാര്യങ്ങള്‍ കൂടുതല്‍ നിര്‍ണായകമാകുകയാണ്.

ഈ അവസരത്തില്‍ ഉക്രൈന്‍ -റഷ്യ വിഷയത്തിന്റെ ചരിത്രപരമായ വസ്തുതകളെക്കുറിച്ചും, ഇതിന്റെ ഭൂമിശാസ്ത്ര-രാഷ്ട്രീയ-വ്യാപാര-സാമ്പത്തിക പരിണിതഫലങ്ങളെക്കുറിച്ചും വിശദമായി സംസാരിക്കുകയാണ് തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെ ചരിത്രവിഭാഗം അധ്യാപകന്‍ ഡോ. വിന്‍സന്റ് പി.ജെ.


ഡോ. വിന്‍സന്റ് പി.ജെ

ചോദ്യം: ഉക്രൈന്‍- റഷ്യ വിഷയം ഇപ്പോള്‍ എത്തിനില്‍ക്കുന്ന സാഹചര്യത്തെ എങ്ങനെയാണ് നോക്കിക്കാണുന്നത്?

ഉത്തരം: നിലവിലുള്ള സാഹചര്യം സങ്കീര്‍ണമാണ്. ഉക്രൈന്‍ തലസ്ഥാന നഗരമായ കീവിന് പുറമെ ഓരോ ദിവസവും പുതിയ നഗരങ്ങള്‍ റഷ്യന്‍ സൈന്യം വളയുകയാണ്. കരിങ്കടല്‍ തീരത്തുള്ള ഒഡേസ നഗരമൊക്കെ നേരത്തേ തന്നെ റഷ്യന്‍ സേനയുടെ നിയന്ത്രണത്തിലായി. ബെലാറസില്‍ നിന്നും ഒഡേസ നഗരം വഴി, അതുപോലെ ക്രിമിയ, ഡോണ്‍ബാസ് മേഖലയിലൂടെയുമാണ് റഷ്യന്‍ സൈന്യം പ്രവേശിച്ചത്.

പശ്ചിമ യൂറോപ്പുമായി ചേര്‍ന്നുകിടക്കുന്ന പ്രദേശങ്ങള്‍ താരതമ്യേന സുരക്ഷിതമാണെന്നാണ് കരുതിയിരുന്നത്. എന്നാല്‍ ആ മേഖലയിലും ഇപ്പോള്‍ റഷ്യന്‍ ആക്രമണം രൂക്ഷമായിരിക്കുകയാണ്. ക്രിമിയയുടെ പ്രതിരോധം അധികം നീണ്ടുനില്‍ക്കാനുള്ള സാധ്യത കുറവാണ്. നാറ്റോയും അമേരിക്കയും ഇതില്‍ സൈനികമായി ഇടപെടില്ല എന്നത് വ്യക്തമാക്കിക്കഴിഞ്ഞു.

അമേരിക്കയുടെ ഈ നിലപാടിനെക്കുറിച്ച് ഉക്രൈന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്‌കി ഒരു വിമര്‍ശനമെന്ന നിലക്ക് തന്നെ, ‘ലോകത്തിലെ ഏറ്റവും വലിയ സൈനികശക്തി ഒന്നും മിണ്ടുന്നില്ല, ഞങ്ങള്‍ പൂര്‍ണമായും ഒറ്റപ്പെട്ടിരിക്കുന്നു,’ എന്ന് ട്വീറ്റ് ചെയ്യുകയുണ്ടായി.

വൊളോഡിമിര്‍ സെലന്‍സ്‌കി                  Photo credit: Wikipedia

നിലവിലുള്ള സാഹചര്യത്തില്‍ നാറ്റോ, പ്രത്യേകിച്ചും ഫ്രാന്‍സും ബ്രിട്ടണുമടക്കം ഉക്രൈന്‍ സൈന്യത്തിന് എല്ലാവിധ സഹായങ്ങളും നല്‍കും എന്ന് പറഞ്ഞിട്ടുണ്ട്. ഉക്രൈന്‍ സൈന്യത്തെ പിന്‍വാതിലിലൂടെ ആയുധവല്‍ക്കരിക്കാനുള്ള ഒരു ശ്രമം നാറ്റോ നടത്തും എന്നുള്ളതിന്റെ ഒരു സൂചനയാണ് അത്. അത്തരം പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെട്ട് കഴിഞ്ഞാല്‍ റഷ്യ അതിന്റെ ആക്രമണം കൂടുതല്‍ വിപുലമാക്കും.

ഉക്രൈനിലെ എല്ലാ നഗരങ്ങളും, എല്ലാ സൈനികകേന്ദ്രങ്ങളും, എന്തിനേറെ യൂറോപ്പിലെ തന്നെ എല്ലാ സൈനിക കേന്ദ്രങ്ങളും റഷ്യയുടെ മിസൈല്‍ ആക്രമണത്തിന്റെ നിഴലിലാണ്. റഷ്യക്ക് വളരെ എളുപ്പത്തില്‍ ഈ ടാര്‍ഗറ്റുകളൊക്കെ അറ്റാക്ക് ചെയ്യാന്‍ സാധിക്കും. അത്ര വിപുലമായ മിസൈല്‍ സംവിധാനമുള്ള രാജ്യം കൂടിയാണ് റഷ്യ.

ഉക്രൈന് നാറ്റോയുടെ സഹായം കൂടുതല്‍ ലഭിച്ച് കഴിഞ്ഞാല്‍ ഒരുപക്ഷേ ഈ യുദ്ധം അല്‍പം കൂടെ നീണ്ടേക്കാം.

പക്ഷെ, യഥാര്‍ത്ഥത്തില്‍ സെലന്‍സ്‌കിയുടെ കീഴില്‍ കീവില്‍ ഇപ്പോള്‍ ഒരു ഭരണകൂടമുണ്ടോ? ഉക്രൈനെ ഭരിക്കാന്‍ പറ്റുന്ന രീതിയില്‍, അവിടത്തെ പ്രസിഡന്റായി, ഭരണകൂടം എന്ന രീതിയില്‍ സെലന്‍സ്‌കിക്ക് പ്രവര്‍ത്തിക്കാന്‍ കഴിയുന്നുണ്ടോ എന്നത് സംശയമാണ്.

ചോദ്യം: ഉക്രൈന് മേല്‍ അധിനിവേശശ്രമവും ആക്രമണവും നടത്തുന്നതിലൂടെ റഷ്യ ലക്ഷ്യമിടുന്ന കാര്യങ്ങള്‍ എന്തൊക്കെയായിരിക്കാം?

ഉത്തരം: റഷ്യയും ഉക്രൈനും രണ്ട് സ്വതന്ത്ര ഭരണാധികാര രാഷ്ട്രങ്ങളാണ്. ഉക്രൈന്റെ പരമാധികാരത്തില്‍ കടന്നുകയറി അക്രമം നടത്തിയത് അന്താരാഷ്ട്ര നീതിന്യായ വ്യവസ്ഥക്ക് വിരുദ്ധമാണ് എന്നത് ശരിയായ കാര്യമാണ്. പ്രാഥമികമായി റഷ്യന്‍ അതിക്രമത്തെ നമുക്ക് വിമര്‍ശിക്കാം.

അത് നിലനില്‍ക്കെത്തന്നെ, ഒരു മാക്രോപൊളിറ്റിക്കല്‍ സിനാരിയോയില്‍ ഇതിനെ കണ്ടെങ്കില്‍ മാത്രമേ ഈ പ്രശ്‌നത്തിന് ഒരു പരിഹാരമുണ്ടാകുകയുള്ളൂ. അമേരിക്കയും നാറ്റോയും നടത്തിയിട്ടുള്ള സൈനിക അധിനിവേശങ്ങളും റഷ്യ ഇപ്പോള്‍ നടത്തുന്ന അതിക്രമവും തമ്മില്‍ ഒരുതരത്തിലും താരതമ്യപ്പെടുത്താന്‍ സാധിക്കില്ല.

2001ല്‍ ഇറാഖില്‍ അമേരിക്ക അധിനിവേശം നടത്തി. അഫ്ഗാനിസ്ഥാനില്‍ നടത്തി. ഇതിനെയൊന്നും റഷ്യ ഇപ്പോള്‍ ഉക്രൈനില്‍ നടത്തുന്നതുമായി താരതമ്യം ചെയ്യാന്‍ സാധിക്കില്ല. കിഴക്കന്‍ യൂറോപ്പ് റഷ്യയുടെ സ്വാഭാവിക സ്വാധീനമേഖലയാണ്.

ഇന്ത്യന്‍ സാഹചര്യത്തില്‍ ചിന്തിച്ചാല്‍ ഇതിന്റെ ചിത്രം വ്യക്തമാകും. ശ്രീലങ്കയിലുണ്ടായ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍, രാജ്യം തകരുന്ന ഒരു ഘട്ടം വന്നപ്പോഴാണ് അന്ന് അവര്‍ ഇന്ത്യയോട് സൈനികസഹായം അഭ്യര്‍ത്ഥിക്കുന്നത്.

അങ്ങനെയാണ് ഇന്ത്യന്‍ പീസ് കീപിങ് ഫോഴ്‌സിനെ അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധി അയക്കുന്നത്. ഇന്ത്യന്‍ സേനയെ ശ്രീലങ്കയിലേക്ക് അയക്കാനുള്ള പ്രധാന കാരണം, ഇന്ത്യ അവിടെ പോയില്ലെങ്കില്‍ ചൈനയോ അമേരിക്കയോ അവിടേക്ക് സൈന്യത്തെ അയക്കാന്‍ സാധ്യതയുണ്ട് എന്നതാണ്.

നമ്മുടെ തൊട്ടടുത്ത് കിടക്കുന്ന രാജ്യത്ത് മറ്റ് രാജ്യങ്ങളുടെ സൈനികതാവളം ഉണ്ടാകുന്നത് ഇന്ത്യയുടെ സുരക്ഷക്ക് ഭീഷണിയാണ്, അതുകൊണ്ടാണ്.

ഭൂട്ടാനിലോ നേപ്പാളിലോ ശ്രീലങ്കയിലോ ബംഗ്ലാദേശിലോ ഒക്കെ ഒരു വിദേശരാജ്യത്തിന്റെ സൈനികതാവളം വരുന്നു, ഇന്ത്യാ വിരുദ്ധ സൈനികസഖ്യത്തില്‍ ഈ രാജ്യങ്ങള്‍ അംഗങ്ങളാകുന്നു- എങ്ങനെയായിരിക്കും ഇന്ത്യ പ്രതികരിക്കുക. സമാനമായ സ്ഥിതിയാണ് റഷ്യ-ഉക്രൈന്‍ വിഷയത്തിലുമുള്ളത്.

തങ്ങളുടെ തൊട്ടടുത്തുള്ള ഉക്രൈന്‍ ഒരു ശത്രുസൈന്യത്തിന്റെ ഭാഗമായി മാറുന്നത് സ്വാഭാവികമായും ചെറുക്കാനുള്ള ധാര്‍മികമായ, യുദ്ധതന്ത്രപരമായ ബാധ്യത റഷ്യക്കുണ്ട്. അത് റഷ്യ ചെയ്യുക തന്നെ ചെയ്യും.

Photo credit: Wikipedia

ഇക്കാര്യത്തില്‍ തുടര്‍ച്ചയായ മുന്നറിയിപ്പുകള്‍ റഷ്യ കൊടുത്തിരുന്നതുമാണ്. കഴിഞ്ഞ എട്ട് മാസമായി അന്താരാഷ്ട്ര വേദികളിലെല്ലാം തന്നെ പുടിന്‍ മൂന്ന് കാര്യങ്ങള്‍ വ്യക്തമായി ഉന്നയിക്കുന്നുണ്ട്.

1- കിഴക്കന്‍ യൂറോപ്പിലുള്ള നാറ്റോയുടെ സൈനികവിന്യാസം കുറക്കണം.

2- ഉക്രൈനെ നാറ്റോ സഖ്യത്തില്‍ ചേര്‍ക്കില്ല, എന്ന ഉറപ്പ് ലഭിക്കണം.

3- റഷ്യക്ക് ചുറ്റുമുള്ള സ്വതന്ത്രരാജ്യങ്ങളില്‍ റഷ്യക്കെതിരായി അമേരിക്കയടക്കമുള്ളവര്‍ നടത്തുന്ന ഒളിഞ്ഞും തെളിഞ്ഞുമുള്ള പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കണം.

എന്നാല്‍ ഈ കാര്യങ്ങളിലൊന്നും തന്നെ ഉറപ്പ് നല്‍കാന്‍ നാറ്റോയോ അമേരിക്കയോ തയാറായില്ല. ഏറ്റവും ചുരുങ്ങിയത്, നാറ്റോയില്‍ തങ്ങള്‍ ചേരില്ല എന്ന ഉറപ്പ് കൊടുക്കാന്‍ ഉക്രൈന്‍ തയാറായിരുന്നെങ്കില്‍ ഇപ്പോഴത്തെ ഈ അധിനിവേശം ഉണ്ടാകുമായിരുന്നില്ല.

യൂറോപ്യന്‍ യൂണിയന്റെ ഭാഗമാകാന്‍ ഉക്രൈന് താല്‍പര്യമുണ്ട്. 2030ഓട് കൂടി യൂണിയന്റെ ഭാഗമാകാനാണ് അവരുടെ ശ്രമം. 2024ല്‍ യൂറോപ്യന്‍ യൂണിയനില്‍ ഇത് സംബന്ധിച്ച് അപേക്ഷ കൊടുക്കാന്‍ അവര്‍ തീരുമാനിച്ചിരിക്കുകയാണ്. അതിനെയൊന്നും വിമര്‍ശിക്കാന്‍ പറ്റില്ല.

പക്ഷെ, റഷ്യയെ ശത്രുപക്ഷത്ത് നിര്‍ത്തിക്കൊണ്ട് ഉക്രൈന്‍ യൂറോപ്യന്‍ ഇന്റഗ്രേഷന് പോകുന്നത് ആത്മഹത്യാപരമാണ്. അത് തിരിച്ചറിയാനുള്ള തന്ത്രപരമായ നയം സെലന്‍സ്‌കിയോ അതിന് മുമ്പുണ്ടായിരുന്ന പ്രസിഡന്റോ സ്വീകരിച്ചില്ല, എന്നയിടത്താണ് ഉക്രൈന്റെ നയതന്ത്രപരാജയം.

മറ്റൊരു കാര്യം, യൂറോപ്പില്‍ നാറ്റോ ശക്തമായി നിലനില്‍ക്കുമ്പോള്‍ തന്നെ റഷ്യയെ ഒഴിച്ചുനിര്‍ത്തിക്കൊണ്ടുള്ള സുരക്ഷിതത്വം, ഒരു ബാലന്‍സിങ് യൂറോപ്യന്‍ സിസ്റ്റത്തില്‍ സാധ്യമല്ല. ചരിത്രപരമായി യൂറോപ്പിന്റെ രാഷ്ട്രീയത്തെ നിര്‍ണയിച്ച വന്‍ശക്തി രാഷ്ട്രങ്ങളിലൊന്നാണ് റഷ്യ.

മാത്രമല്ല യൂറോപ്പിലെ വന്‍ശക്തികളെല്ലാം തന്നെ റഷ്യയെ യൂറോപ്യന്‍ സഖ്യത്തിന്റെ ഭാഗമാക്കാന്‍ പരിശ്രമിച്ചതാണ്. എന്നാല്‍ അതില്‍ പരാജയപ്പെട്ടിട്ടുമുണ്ട്.

റഷ്യ ഒഴികെയുള്ള കോണ്ടിനെന്റല്‍ യൂറോപ്പ് മുഴുവന്‍ കീഴടക്കിയ ആളാണ് നെപ്പോളിയന്‍. റഷ്യയെ യൂറോപ്പുമായി ചേര്‍ക്കാന്‍ നടത്തിയ യുദ്ധത്തിലാണ് നെപ്പോളിയന്‍ പരാജയപ്പെടുന്നത്.

ഫ്രാന്‍സ് അടക്കമുള്ള മുഴുവന്‍ കോണ്ടിനെന്റല്‍ യൂറോപ്പും കീഴടക്കിയ ആളാണ് ഹിറ്റ്‌ലര്‍. അതിന് ശേഷം റഷ്യ കീഴടക്കാന്‍ പോയപ്പോഴുണ്ടായ റഷ്യയുടെ ആക്രമണമാണ് ഹിറ്റ്‌ലറെ പരാജയപ്പെടുത്തുന്നത്.

യൂറോപ്യന്‍ രാഷ്ട്രീയത്തിന്റെ ഇന്റഗ്രല്‍ പാര്‍ട്ട് ആണ് റഷ്യ. റഷ്യയില്ലാത്ത യൂറോപ്പ് സങ്കല്‍പിക്കാന്‍ പറ്റില്ല. പക്ഷെ, റഷ്യക്കെതിരായ യൂറോപ്പ് എന്ന തരത്തിലേക്ക് കാര്യങ്ങള്‍ വരുമ്പോള്‍ അവിടെ ചിത്രം മാറും.

റഷ്യയെ മാറ്റിനിര്‍ത്തിക്കൊണ്ട്, റഷ്യക്കെതിരായി മുഴുവന്‍ യൂറോപ്പും എന്ന നിലക്ക് യൂറോപ്യന്‍ യൂണിയനും നാറ്റോ സഖ്യവും മാറുന്നിടത്താണ് റഷ്യ അതിന്റെ വിശ്വരൂപം കാണിക്കുന്നത്.

രണ്ട് കാര്യങ്ങള്‍ തുടക്കത്തില്‍ തന്നെ വ്‌ളാഡിമിര്‍ പുടിന്‍ വ്യക്തമാക്കിയിട്ടുണ്ട്.

1 ഡീ മിലിറ്ററൈസേഷന്‍ ഓഫ് ഉക്രൈന്‍

ഈ ലക്ഷ്യം ഏറെക്കുറേ റഷ്യന്‍ സൈന്യം നേടി എന്നുതന്നെ വേണം കരുതാന്‍. കാരണം പ്രധാനപ്പെട്ട വിമാനത്താവളങ്ങളും സൈനിക കേന്ദ്രങ്ങളുമെല്ലാം തന്നെ റഷ്യയുടെ നിയന്ത്രണത്തിലായി. ഉക്രൈന്റെ ആയുധസംഭരണശാലകളെല്ലാം തന്നെ റഷ്യ എയര്‍സ്‌ട്രൈക്കുകളില്‍ തകര്‍ത്തുകളഞ്ഞു. അതുകൊണ്ട് തന്നെ കുറച്ച് പട്ടാളക്കാരും ആയുധങ്ങളും എന്നതിനപ്പുറത്തേക്ക് പ്രതിരോധത്തിനായി അത്യാധുനിക ആയുധങ്ങളൊന്നും പ്രയോഗിക്കാന്‍ പറ്റുന്ന അവസ്ഥയിലല്ല ഉക്രൈന്‍ സേന.

2- ഡീ നാസിഫിക്കേഷന്‍ ഓഫ് ഉക്രൈന്‍

ഇതിലൂടെ പുടിന്‍ ഉദ്ദേശിക്കുന്നത് നവനാസി സ്വഭാവം പുലര്‍ത്തുന്ന ഉക്രൈന്‍ സര്‍ക്കാരിനെ അട്ടിമറിക്കുക എന്നത് തന്നെയാണ്.

കടുത്ത റഷ്യാ വിരുദ്ധ നിലപാടെടുക്കുന്ന ആളാണ് സെലന്‍സ്‌കി. അപ്പോള്‍ സെലന്‍സ്‌കിയെ പുറത്താക്കി റഷ്യന്‍ അനുകൂല നിലപാടുള്ള ഭരണകൂടത്തെ കീവില്‍ പ്രതിഷ്ഠിച്ച് കഴിഞ്ഞാല്‍ താല്‍ക്കാലികമായി റഷ്യയുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കപ്പെടും. അവര്‍ യുദ്ധം അവസാനിപ്പിക്കും. അതിന് തന്നെയാണ് സാധ്യത.

പക്ഷെ അതിനിടയില്‍ നാറ്റോ സഖ്യം റഷ്യയെ പ്രകോപിപ്പിക്കുന്ന രീതിയില്‍ സൈനികവിന്യാസം നടത്തുകയോ ഉക്രൈന് ആയുധങ്ങള്‍ നല്‍കുകയോ ചെയ്ത് കഴിഞ്ഞാല്‍ കൂടുതല്‍ പ്രകോപനങ്ങള്‍ വിളിച്ചുവരുത്തും. ഇത് യുദ്ധത്തിന്റെ ഗതി മാറ്റാനും സാധ്യതയുണ്ട്.

ചോദ്യം: നാറ്റോയില്‍ ചേരില്ല എന്ന ഉറപ്പ് ഉക്രൈന്റെ ഭാഗത്ത് നിന്നും ലഭിച്ചാലും അമേരിക്കയോ മറ്റ് നാറ്റോ അംഗരാജ്യങ്ങളോ ഉക്രൈനെ നാറ്റോയില്‍ ഉള്‍പ്പെടുത്തില്ല എന്ന് റഷ്യക്ക് ഉറപ്പുകൊടുക്കാനുള്ള സാധ്യതയുണ്ടോ ?

ഉത്തരം: അത്തരമൊരു സാധ്യതയെപ്പറ്റി ഇപ്പോള്‍ ചിന്തിക്കേണ്ട ആവശ്യം പോലുമില്ല. കാരണം ഉക്രൈനില്‍ തെരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാര്‍, ആ സര്‍ക്കാരിനല്ലേ നാറ്റോയില്‍ ചേരുമോ ഇല്ലയോ എന്ന ഉറപ്പ് കൊടുക്കാന്‍ സാധിക്കൂ. 2019ല്‍ തെരഞ്ഞെടുക്കപ്പെട്ട സെലന്‍സ്‌കിയുടെ സര്‍ക്കാര്‍ ഇന്ന് അവിടെ ഇല്ല. അവിടത്തെ പ്രസിഡന്റ് തന്നെ ബങ്കറില്‍ ഇരിക്കുകയാണ്. അത് എത്രകാലം എന്നുള്ളതും സംശയകരമാണ്. ഒരുപക്ഷേ അദ്ദേഹം റഷ്യന്‍ സൈന്യത്തിന്റെ പിടിയില്‍ അകപ്പെട്ടേക്കാം, അതല്ലെങ്കില്‍ സുരക്ഷിതമായി പലായനം ചെയ്‌തേക്കാം.

റഷ്യന്‍ അധിനിവേശത്തോടുകൂടി തന്നെ ഉക്രൈനില്‍ ഒരു പരമാധികാര സര്‍ക്കാര്‍ നിലനില്‍ക്കാനുള്ള സാഹചര്യം ഇല്ലാതായിട്ടുണ്ട്. അതേസമയം, നാറ്റോയില്‍ ചേരുക എന്നത് ഉക്രൈന് അത്ര എളുപ്പമുള്ള കാര്യമല്ല. ഉക്രൈനില്‍ ഒരു റഷ്യന്‍ അനുകൂല സര്‍ക്കാര്‍ സ്ഥാപിക്കപ്പെട്ട് കഴിഞ്ഞാല്‍ നാറ്റോയില്‍ ഉക്രൈന്‍ ചേരുന്ന പ്രശ്‌നമേ ഉദിക്കുന്നില്ല.

2010 മുതല്‍ 2014 വരെ ഉക്രൈന്‍ ഭരിച്ചിരുന്നത് വിക്ടര്‍ യാനുകോവിചാണ്. റഷ്യയുമായി വളരെയടുത്ത ബന്ധങ്ങള്‍ വളര്‍ത്തിയെടുക്കുവാനും നാറ്റോ സൈനികസഖ്യവും യൂറോപ്യന്‍ യൂണിയനുമായുള്ള ബന്ധങ്ങള്‍ കുറക്കാനും ശ്രമിച്ചിരുന്നയാളായിരുന്നു അദ്ദേഹം. ഈ പശ്ചാത്തലത്തിലാണ് 2014ല്‍ യൂറോമൈതാന്‍ റെവലൂഷന്‍ ഉണ്ടാകുന്നത്.

വിക്ടര്‍ യാനുകോവിച്‌                      Photo credit: Wikipedia

അവിടെ ആ വിപ്ലവം സ്‌പോണ്‍സര്‍ ചെയ്യുന്നതിന് വേണ്ടി 500 മില്യണ്‍ ഡോളര്‍ അമേരിക്ക ഉപയോഗിച്ചു. ഇങ്ങനെ അമേരിക്കയുടെ പണവും മറ്റ് സഹായങ്ങളും ഉപയോഗിച്ചാണ് യാനുകോവിചിനെ ഭരണത്തില്‍ നിന്നും അട്ടിമറിച്ചത്.

ഇതേത്തുടര്‍ന്നാണ് പെട്രോ പൊറൊഷെന്‍കോ 2014ല്‍ അധികാരത്തില്‍ വരുന്നത്. അദ്ദേഹം ഒരു തികഞ്ഞ റഷ്യ വിരുദ്ധനായിരുന്നു. ഇക്കാലഘട്ടത്തില്‍ ‘റഷ്യാവിരുദ്ധ ഉക്രൈന്‍ ദേശീയത’ എന്ന നിലക്ക് ഒരു കപടദേശീയത അവിടെ വളര്‍ത്തിയെടുക്കാന്‍ യാനുകോവിചും പൊറൊഷെന്‍കോവും ഇപ്പോഴത്തെ സെലന്‍സ്‌കിയും പരിശ്രമിച്ചു.

ഈയൊരു ഘട്ടത്തിലാണ് റഷ്യയുടെ സൈനിക അധിനിവേശം ഉണ്ടാകുന്നത്. സെലന്‍സ്‌കിയുടേത് തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ ആണെങ്കിലും, ഉക്രൈന്‍ എന്ന് പറയുന്ന രാഷ്ട്രത്തിന്റെ അഫയേഴ്‌സും ഭരണനടപടിക്രമങ്ങളും മുന്നോട്ട് കൊണ്ടുപോകാനുള്ള ശേഷി അതിനുണ്ടോ എന്നുള്ളത് സംശയമാണ്.

അവരുടെ ഏറ്റവും പ്രധാനപ്പെട്ട നഗരമായ കീവും ഒഡേസയും ഒക്കെ റഷ്യന്‍ സേനക്ക് കീഴിലായ സ്ഥിതിയിലാണ്. ഈ അവസ്ഥയില്‍ ഏത് ഉക്രൈനാണ്, ഞങ്ങള്‍ നാറ്റോ സൈന്യത്തില്‍ ചേരുന്നില്ല, എന്ന ഉറപ്പ് നല്‍കേണ്ടത് എന്നതും ഒരു ചോദ്യമാണ്. അങ്ങനെ ഒരു ഉറപ്പിന്റെ ആവശ്യം പോലും ഇനി റഷ്യക്കില്ല.

നാറ്റോയും അമേരിക്കയും ഇക്കാര്യത്തില്‍ ഒരു ബഹുധ്രുവ ലോകത്തിന്റെ അസ്ഥിത്വത്തെ അംഗീകരിച്ചേ മതിയാകൂ.

1991ലെ സോവിയറ്റ് യൂണിയന്റെ തകര്‍ച്ചക്കും വാര്‍സൗ പാക്ട് പിരിച്ചുവിട്ടതിന് ശേഷവും നാറ്റോ പിരിച്ചുവിട്ടില്ല. എന്ന് മാത്രമല്ല അത് കൂടുതല്‍ ശക്തമായി നിലനില്‍ക്കുകയും 1997 ആകുമ്പോഴേക്കും 14 പുതിയ രാജ്യങ്ങളെ ചേര്‍ത്ത് നാറ്റോ വിപുലീകരിക്കുകയും ചെയ്തു. സ്വാഭാവികമായുള്ള ഒരു ചോദ്യം, ആര്‍ക്കെതിരെയാണ് ഈ സൈനികസഖ്യം എന്നുള്ളതാണ്. ആ ചോദ്യത്തിന് ഉത്തരം പറയണം.

യൂറോപ്യന്‍ സാഹചര്യത്തില്‍ നാറ്റോ വിപുലീകരണം നടത്തുന്നത് ലോകരാഷ്ട്രീയത്തിലേക്ക് ശക്തമായി തിരിച്ച് വരാന്‍ ശേഷിയുള്ള റഷ്യക്കെതിരെയാണ് എന്നത് എല്ലാവര്‍ക്കും മനസിലാവുന്ന കാര്യമാണ്. അതുകൊണ്ടാണ് റഷ്യ പ്രതിരോധിക്കുന്നത്.

ചോദ്യം: ഇന്നത്തെ അവസ്ഥയിലേക്ക് ഉക്രൈന്‍ എത്തിയതില്‍ ആ രാജ്യത്തെ പ്രസിഡന്റ് എന്ന നിലയില്‍ സെലന്‍സ്‌കിയുടെ ഭരണം വഴിയൊരുക്കിയിട്ടുണ്ടോ?

ഉത്തരം: ഒരു ഭരണാധികാരി പ്രാഥമികമായി തിരിച്ചറിയേണ്ടത് ആ രാജ്യം നിലനില്‍ക്കുന്ന പ്രദേശത്തിന്റെ ജിയോ-പൊളിറ്റിക്‌സ് ആണ്, ആ പ്രദേശത്തെ ശാക്തിക ബലാബലങ്ങളെയാണ്. അത് തിരിച്ചറിയാതെ തീരുമാനങ്ങള്‍ എടുത്ത് കഴിഞ്ഞാല്‍ ഉണ്ടാകുന്ന ദുര്‍ഗതിയാണ് ഇപ്പോള്‍ ഉക്രൈനിലേത്.

‘സുഹൃത്തുക്കളെ മാറ്റാം, പക്ഷെ അയല്‍ക്കാരെ മാറ്റാന്‍ പറ്റില്ല,’ എന്ന പഴമൊഴി പോലെയാണത്. ഉക്രൈനോട് ചേര്‍ന്ന് റഷ്യ എന്ന് പറയുന്ന വന്‍ശക്തി കിടക്കുകയാണ്. ഒരുപക്ഷെ സഹസ്രാബ്ദങ്ങള്‍ നീളുന്ന ബന്ധങ്ങളുള്ള രണ്ട് ജനതയാണ് ഇവര്‍.

രാഷ്ട്രീയമായും മതപരമായും സാംസ്‌കാരികമായും വളരെയധികം ബന്ധങ്ങളുണ്ട് ഇരുരാജ്യങ്ങള്‍ക്കുമിടയില്‍. സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്നു ഉക്രൈന്‍ സോവിയറ്റ് സോഷ്യലിസ്റ്റ് റിപബ്ലിക്ക്. ഏഴാം നൂറ്റാണ്ട്, എട്ടാം നൂറ്റാണ്ട് സമയത്തൊക്കെ, ഈ റഷ്യന്‍ സാമ്രാജ്യം രൂപപ്പെടുന്ന ഘട്ടത്തില്‍ അതിന്റെ തലസ്ഥാനം കീവ് ആയിരുന്നു.

1991ന് ശേഷം കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്‍ഡിപെന്‍ഡന്റ് സ്റ്റേറ്റ്‌സ്, എന്ന സംവിധാനം ഉണ്ടായി. റഷ്യന്‍ ഫെഡറേഷനും, സ്വതന്ത്രമായ മുന്‍ സോവിയറ്റ് സോഷ്യലിസ്റ്റ് റിപബ്ലിക്കുകളും ചേര്‍ന്നാണ് ഈ സംവിധാനം ഉണ്ടായത്. അതൊരു അയഞ്ഞ കോണ്‍ഫെഡറേഷനാണ്. പക്ഷെ, അതിലെ അംഗരാജ്യങ്ങളുടെ മിലിറ്ററി കാര്യങ്ങളിലൊക്കെയുള്ള സുരക്ഷിതത്വം, റഷ്യയുമായി ബന്ധപ്പെട്ട് നിര്‍വഹിക്കപ്പെട്ടിരുന്നു.

പരസ്പരം സാമ്പത്തിക-സൈനിക രംഗത്ത് സഹകരിച്ച് നിലനില്‍ക്കും, എന്ന പൊതുധാരണയും ഉണ്ടായിരുന്നു. അതോടൊപ്പം ഈ രാജ്യങ്ങളൊന്നും നാറ്റോയില്‍ അംഗത്വമെടുക്കില്ല, അമേരിക്കന്‍ പക്ഷത്തേക്ക് പോകില്ല എന്നുള്ള ധാരണയും അക്കാലത്ത് രൂപപ്പെട്ടിരുന്നു.

റഷ്യയിലേക്കോ മുന്‍ സോവിയറ്റ് റിപബ്ലിക്കുകളിലേക്കോ നാറ്റോയുടെ വികാസം ഉണ്ടാകില്ല, എന്നൊക്കെ അമേരിക്ക വാക്ക് കൊടുത്തിരുന്നതാണ്. എന്നാല്‍ ‘അത് സോവിയറ്റ് യൂണിയനുമായി ഉണ്ടാക്കിയ കരാറാണ് റഷ്യയുമായി ഉണ്ടാക്കിയതല്ല’, എന്നാണ് ഇന്ന് ഇതിന് അമേരിക്ക നല്‍കുന്ന ന്യായം.

മുന്‍ സോവിയറ്റ് റിപബ്ലിക്കുകളായ എസ്റ്റോണിയ, ലാത്വിയ, ലിത്വാനിയ എന്നിവരൊക്കെ നാറ്റോയില്‍ അംഗമായി. കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ റഷ്യയുടെ സ്വാഭാവികമായ സ്വാധീനമേഖലയാണ്. അതെല്ലാം നാറ്റോയില്‍ ചേര്‍ന്ന്, നാറ്റോയുടെ വികാസം റഷ്യയുടെ അതിര്‍ത്തിയെ സ്പര്‍ശിക്കാന്‍ തുടങ്ങി.

റഷ്യക്കെതിരായ പ്രക്രിയക്കൊപ്പം നില്‍ക്കുകയാണ് സെലന്‍സ്‌കി ചെയ്യുന്നത്. അതാണ് അവിടുത്തെ പ്രധാനപ്പെട്ട പ്രശ്‌നം. അദ്ദേഹം അവിടത്തെ ആഭ്യന്തര കാര്യങ്ങള്‍ കണക്കിലെടുക്കുന്നില്ല.

ഉക്രൈനില്‍ 17.3 ശതമാനം റഷ്യന്‍ വംശജരുണ്ട്. ഡോണ്‍ബാസിലൊക്കെ ഏകദേശം പകുതിയോളം റഷ്യന്‍ വംശജരാണ്. ക്രിമിയ റഷ്യന്‍ ഭൂരിപക്ഷമുള്ള പ്രദേശമാണ്. ഏകദേശം 4.4 കോടിയാണ് ഉക്രൈനിലെ ജനസംഖ്യ. ഇതില്‍ 75 ലക്ഷത്തിലധികവും റഷ്യക്കാരാണ്. 25 ലക്ഷത്തോളം ഉക്രൈനികള്‍ റഷ്യയിലുമുണ്ട്. ഈ രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധത്തിന്റെ ഒരു പ്രധാനപ്പെട്ട തെളിവാണ് ഈ ജനസംഖ്യ.

മാത്രമല്ല, കുറേക്കാലത്തോളം ഉക്രൈനിലെ ഒഫീഷ്യല്‍ ഭാഷ റഷ്യന്‍ ആയിരുന്നു. പക്ഷെ 2019ലെ നിയമപ്രകാരം അവിടെ റഷ്യന്‍ ഭാഷ നിരോധിച്ചു, ഏക ഔദ്യോഗിക ഭാഷ ഉക്രൈന്‍ ഭാഷ മാത്രമായി പ്രഖ്യാപിച്ചു. റഷ്യന്‍ ദേശീയതക്കെതിരായി ഉക്രൈന്‍ ദേശീയത വളര്‍ത്തിക്കൊണ്ട് വരാനുള്ള ശ്രമമുണ്ടായി.

ഇതോടെ ഉക്രൈനിലെ റഷ്യന്‍ വംശജര്‍ക്ക് പലവിധത്തിലുള്ള ബുദ്ധിമുട്ടുണ്ടായി. 2014ല്‍ ഡോണ്‍ബാസ് മേഖലയില്‍ റഷ്യന്‍ വിമതര്‍ എന്ന് പറയുന്ന വിഭാഗം, ഡൊനെറ്റ്‌സ്‌ക് (Donetsk), ലുഹാന്‍സ്‌ക് എന്നീ പ്രവിശ്യകള്‍ക്ക് പീപ്പിള്‍സ് ഡെമോക്രാറ്റിക് റിപ്പബ്ലിക്‌സ് എന്ന പേരില്‍ സ്വാതന്ത്ര്യം പ്രഖ്യാപിച്ചു. ആംനെസ്റ്റി ഇന്റര്‍നാഷണല്‍ നല്‍കുന്ന വിവരമനുസരിച്ച്, അവിടെ ഉക്രൈന്‍ സേന നടത്തിയ സൈനികനടപടിയുടെ ഭാഗമായി 13,000 ഓളം ആളുകള്‍ കൊല ചെയ്യപ്പെട്ടിട്ടുണ്ട്. ഒരു ആഭ്യന്തരയുദ്ധം എന്ന നിലക്ക് നമുക്ക് അതിനെ കാണാവുന്നതാണ്.

ഭാഷയെ അടിസ്ഥാനമാക്കിയും ഉക്രൈന്‍ സംസ്‌കൃതിയെ മുന്‍നിര്‍ത്തിയുമൊക്കെ ഒരു തീവ്രദേശീയത വളര്‍ത്തിയെടുക്കാന്‍ പൊറൊഷെന്‍കോവും സെലന്‍സ്‌കിയും ശ്രമിച്ചു. അടിത്തറയില്ലാത്ത ഒരു കപട ദേശീയത ആണിത്. കാരണം റഷ്യന്‍-ഉക്രേനിയന്‍ സംസ്‌കൃതികള്‍ ഒരേ ധാരയില്‍ മുന്നോട്ട് പോകുന്നവയാണ്.

റഷ്യന്‍ ഭാഷക്കും സംസ്‌കാരത്തിനും ജനതക്കും എതിരായി ഉക്രൈനികള്‍ എന്നത് തന്നെ തെറ്റായ ഒരു ആശയമാണ്. ഇത്തരത്തില്‍ സെലന്‍സ്‌കി കപട ദേശീയത വളര്‍ത്തിയെടുത്തതിനെയാണ് ‘നവനാസി സ്വഭാവമുള്ളത്’ എന്ന് പുടിന്‍ പറയുന്നത്. നാസികള്‍ അങ്ങനെയാണല്ലോ ചെയ്തത്. ആര്യന്‍ വംശീയതയെയും സംസ്‌കൃതിയെയും മുന്‍നിര്‍ത്തിയാണല്ലോ നാസി തീവ്രദേശീയത വളര്‍ത്തിയെടുത്തത്.

ഇതിലെ അബന്ധം എന്ന് പറയുന്നത്,നാറ്റോയുടെ സൈനികസഖ്യത്തില്‍ ചേരുന്നത് വഴി ഉക്രൈന്റെ സുരക്ഷിതത്വം ഉറപ്പുവരുത്താം എന്ന് സെലന്‍സ്‌കി കരുതി എന്നുള്ളതാണ്. നാറ്റോയില്‍ അംഗമായിക്കഴിഞ്ഞാല്‍ 2014ല്‍ റഷ്യ പിടിച്ചെടുത്ത ക്രിമിയ തിരിച്ചുപിടിക്കും എന്ന വീരവാദവും അദ്ദേഹം മുഴക്കുകയുണ്ടായി.

Photo credit: Wikipedia

ഇവിടെ ഒരു ചോദ്യമുയരുന്നുണ്ട്. ഉക്രൈന്‍ നാറ്റോ സഖ്യത്തില്‍ ചേരുന്നത് ആര്‍ക്കെതിരെ?, എന്ന്

നാറ്റോ എന്ന് പറയുന്നത് അടിസ്ഥാനപരമായി ഒരു സൈനികസഖ്യമാണ്. അത് രൂപപ്പെടുന്നത് ഒരു പൊതുശത്രുവിനെതിരെയായിരിക്കും. ശത്രുവില്ലാതെ സൈനികസഖ്യമില്ലല്ലോ.

നാറ്റോയില്‍ ചേരുമ്പോള്‍ ഉക്രൈന്റെ ശത്രു റഷ്യയാണ്. അപ്പോള്‍ ഉക്രൈന്‍ നാറ്റോയില്‍ ചേരുമ്പോള്‍ സ്വാഭാവികമായും അവിടെ റഷ്യയെ ശത്രുപക്ഷത്ത് പ്രതിഷ്ഠിച്ചിരിക്കുന്നു എന്നത് വ്യക്തമാണ്. ഒരു ശത്രുരാജ്യത്തോട് മറ്റൊരു ശത്രുരാജ്യം തന്ത്രപരമായി സാധിക്കുന്ന രീതിയിലെല്ലാം ഇടപെടും. അതാണ് ഇവിടെ മനസിലാക്കേണ്ടത്.

ചോദ്യം: ഉക്രൈന്‍ നാറ്റോയില്‍ ചേരുന്നതുകൊണ്ട് റഷ്യ എന്ന രാജ്യത്തിനുള്ള ആശങ്കകളെന്തൊക്കെയാണ്?

ഉത്തരം: 1991 മുതല്‍ 2008 വരെ ഏകദേശം ഏകധ്രുവ ലോകമാണ് ഉണ്ടായിരുന്നത്. വന്‍ശക്തി എന്ന് പറയാന്‍ അമേരിക്ക മാത്രമേ ഉള്ളൂ. ബാക്കിയുള്ളത് ധാരാളം പ്രാദേശിക സൂപ്പര്‍പവറുകളാണ്.

2008ലെ മഹാമാന്ദ്യത്തോടെ സാമ്പത്തികമായി മുതലാളിത്തലോകം വളരെയധികം പിന്നോട്ട് പോയി. അമേരിക്കയാകെ തകര്‍ന്നടിഞ്ഞു.

ജി7 രാജ്യങ്ങളില്‍, ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തികശക്തി അമേരിക്ക, രണ്ടാമത് ജപ്പാന്‍ മൂന്നാമത് ജര്‍മനി- അങ്ങനെയായിരുന്നല്ലോ ഉണ്ടായിരുന്നത്. ആ ചിത്രം ഇപ്പോള്‍ മാറി.

Photo credit: Wikipedia

രണ്ടാം സ്ഥാനത്തേക്ക് ചൈന കയറിവന്നു. ഒരുപക്ഷെ, പര്‍ച്ചേസിങ് പവര്‍പാരിറ്റി വെച്ച് നോക്കിയാല്‍ ഇപ്പോള്‍ ഇന്ത്യയായിരിക്കും മൂന്നാം സ്ഥാനത്ത്. ജപ്പാനും ജര്‍മനിയുമൊക്കെ പിന്നോട്ടുപോയി. യൂറോപ്പില്‍ ഇറ്റലിയും ഫ്രാന്‍സും ബ്രിട്ടണുമടക്കം ലോകത്തിന്റെ മുഖ്യധാരാ സാമ്പത്തികരംഗത്ത് നിന്നും പുറത്തുപോയി. ആ സ്ഥാനത്തേക്ക് പുതിയ രാജ്യങ്ങള്‍ കയറിവന്നു.

അതില്‍ പ്രധാനപ്പെട്ടവയാണ് ബ്രസീല്‍, ഇന്ത്യ, ചൈന, റഷ്യ, സൗത്ത് ആഫ്രിക്ക എന്നീ ബ്രിക്‌സ് രാജ്യങ്ങള്‍. ഇവര്‍ ലോക സാമ്പത്തികരംഗത്തിന്റെ ഒരു പ്രധാനപ്പെട്ട ഭാഗമായി മാറിക്കഴിഞ്ഞു. 2008ന് ശേഷം ലോകം കൂടുതല്‍ ബഹുധ്രുവമായി എന്ന വസ്തുത അംഗീകരിക്കാതെ പറ്റില്ല. യൂറോപ്പും അമേരിക്കയും ഇപ്പോള്‍ തകര്‍ച്ചയുടെ ഘട്ടത്തിലാണ്. അധികം താമസിയാതെ തന്നെ അമേരിക്കയെ മറികടന്ന് ചൈന ഒന്നാം സ്ഥാനത്തെത്തും.

അമേരിക്കയും യൂറോപ്പും തകരുന്ന സ്ഥാനത്ത്, 1991ല്‍ തകര്‍ഞ്ഞടിഞ്ഞ സോവിയറ്റ് യൂണിയന്റെ നേര്‍ അവകാശിയായ റഷ്യന്‍ ഫെഡറേഷന്‍ ഇന്ന് സൈനികമായി അതിശക്തമായി പുനരുജ്ജീവിക്കപ്പെട്ടു. പഴയ സോവിയറ്റ് യൂണിയന്റെ സൈനികശേഷിയിലേക്ക് അവര്‍ മടങ്ങിയെത്തി. സാമ്പത്തികമായി ഏറെക്കുറെ അവര്‍ സുസ്ഥിരത നേടി, ലോകരാഷ്ട്രീയത്തില്‍ ഇടപെടാനുള്ള കരുത്ത് അവര്‍ ആര്‍ജിച്ചു. എല്ലാ അര്‍ത്ഥത്തിലും ശക്തമായ ഒരു റഷ്യയെയാണ് നമ്മള്‍ ഇന്ന് കാണുന്നത്.

അതേസമയം പസഫിക്ക് മേഖലയില്‍ ഇന്ത്യയെ അടക്കം ഉള്‍പ്പെടുത്തി ക്വാഡ് (QUAD) സംവിധാനം ഉണ്ടാക്കി. അവിടെ അമേരിക്കയുടെ സൈനിക സാന്നിധ്യം ശക്തിപ്പെടുകയാണ്. അത് പസഫിക് മേഖലയിലുള്ള റഷ്യയുടെ ഭാഗങ്ങള്‍ക്ക് ഭീഷണിയാണല്ലോ.

2018ല്‍ റഷ്യ അവരുടെ ആദ്യത്തെ എല്‍.എന്‍.ജി പ്ലാന്റ് സ്ഥാപിക്കുന്നത് സഖാലിന്‍ ദ്വീപിലാണ്. ആ മേഖലയില്‍ ചൈനക്കെതിരെ നടക്കുന്ന സൈനികവിന്യാസം ഒരര്‍ത്ഥത്തില്‍ റഷ്യക്ക് കൂടി സുരക്ഷാഭീഷണി മുഴക്കുന്നുണ്ട്. കിഴക്കന്‍ മേഖലയില്‍ ഇത് റഷ്യക്ക് വലിയ സുരക്ഷാഭീഷണിയാണ്.

ഇതിന് പുറമെയാണ് ഇപ്പോള്‍ ഉക്രൈന്‍ നാറ്റോയില്‍ ചേരാന്‍ ശ്രമം നടത്തുന്നതോടെ പടിഞ്ഞാറന്‍ മേഖലയില്‍ നിന്നും ഉണ്ടാകുന്നത്.

ലോകത്തിലെ ഏറ്റവും വലിയ രാജ്യമാണ് റഷ്യ. 16 രാജ്യങ്ങളുമായി അവര്‍ അതിര്‍ത്തി പങ്കിടുന്നുണ്ട്. 11 സമയമേഖലകള്‍ ഈ രാജ്യത്തുണ്ട്. ആ രാജ്യത്തിന്റെ സ്വാഭാവികമായുള്ള സുരക്ഷാ ആശങ്കകള്‍ അംഗീകരിക്കണം.

സ്വന്തം ഭൂപരിധിക്കുള്ളില്‍ നിന്നും എല്ലാ ആവശ്യങ്ങളും നിര്‍വഹിക്കാന്‍ കഴിയുന്ന അപൂര്‍വരാജ്യങ്ങളിലൊന്ന് റഷ്യയാണ്. അങ്ങനെയുള്ളൊരു രാജ്യത്തിന്റെ ജിയോ-സ്ട്രാറ്റജിക് പ്രാധാന്യവും സൈനികശേഷിയുമെല്ലാം പരിഗണിച്ചുകൊണ്ട് മാത്രമാണ് ബന്ധങ്ങള്‍ രൂപപ്പെടുത്തേണ്ടത്. എന്നാല്‍ 1991ല്‍ പരാജയപ്പെട്ട രാഷ്ട്രമെന്ന നിലക്ക്, ഒരു പരാജിതനോട് പെരുമാറുന്ന രീതിയിലാണ് 2008 വരെയുള്ള കാലത്ത് നാറ്റോ സഖ്യവും അമേരിക്കയും റഷ്യയോട് പെരുമാറിയത്.

റഷ്യക്ക് ചുറ്റും വര്‍ണവിപ്ലവങ്ങള്‍ സ്‌പോണ്‍സര്‍ ചെയ്ത്, അമേരിക്കന്‍ Sphere of Influence ഉണ്ടാക്കാന്‍ വരെ അവര്‍ പരിശ്രമിച്ചു. അതിന്റെ ആദ്യത്തെ വിളനിലം ജോര്‍ജിയ ആയിരുന്നു. അങ്ങനെയാണ് 2008ല്‍ ജോര്‍ജിയയില്‍ റഷ്യന്‍ സൈന്യം ആക്രമണം നടത്തിയത്. തുടര്‍ച്ചയായി 2014ല്‍ ക്രിമിയ പിടിച്ചെടുക്കുന്നതും.

അതായത്, റഷ്യക്ക് ചുറ്റും സ്വാധീനമേഖലകള്‍ ഉണ്ടാക്കാന്‍ അമേരിക്ക ശ്രമിക്കുന്നു, Expansionsimന് തയാറാകുന്നു. അപ്പോള്‍ സ്വാഭാവികമായും പ്രതികരണമുണ്ടാകും.

നാറ്റോയും അമേരിക്കയും ലോകത്തെ ബഹുധ്രുവലോകമായി അംഗീകരിക്കണം. അങ്ങനെ റഷ്യയും അമേരിക്കയും ഇന്ത്യയും ചൈനയും ബ്രസീലും സൗത്ത് ആഫ്രിക്കയുമൊക്കെ ചേര്‍ന്ന ബഹുധ്രുവങ്ങള്‍ നിലനില്‍ക്കുന്ന ഒരു ജനാധിപത്യലോകമാണ് ഇന്നത്തെ സാഹചര്യത്തില്‍ 21ാം നൂറ്റാണ്ടിന് ഭൂഷണമായത്.

എന്നാല്‍, പഴയ ശീതയുദ്ധ കാലത്തിന്റെയും 1991ല്‍ ജോര്‍ജ് ബുഷ് പ്രഖ്യാപിച്ച ഏകധ്രുവലോകം (Unipolar World, New World order) എന്ന സങ്കല്‍പത്തിലും അഭിരമിച്ചുകൊണ്ട് നാറ്റോ സഖ്യത്തിന്റെ ശക്തിയില്‍ വീണ്ടും ലോകത്തെ നിയന്ത്രിക്കാനുള്ള ശ്രമം അമേരിക്കയും നാറ്റോയും നടത്തുകയാണ്.

അതുകൊണ്ടാണ് ഇപ്പോള്‍ റഷ്യയും ചൈനയും തമ്മിലുള്ള സഖ്യം നടന്നിരിക്കുന്നത്. പാകിസ്ഥാനും ഇറാനുമൊക്കെ അതില്‍ ചേര്‍ന്നിരിക്കുന്നു. ഉക്രൈനില്‍ ഫെബ്രുവരി 24ന് പുടിന്‍ ആക്രമണം പ്രഖ്യാപിക്കുമ്പോള്‍ ഇമ്രാന്‍ ഖാന്‍ മോസ്‌കോയിലുണ്ട്. ഇറാന്റെ ശക്തമായ പ്രസ്താവനയും വന്നിട്ടുണ്ട്. റഷ്യയുടെ സ്വാഭാവികമായ ആവശ്യങ്ങള്‍ അംഗീകരിക്കണം എന്നാണ് ഇറാന്‍ പറഞ്ഞത്. പുതിയ ശാക്തിക ചേരികള്‍ രൂപപ്പെട്ട് വരികയാണ്, എന്നാണ് ഇത് സൂചിപ്പിക്കുന്നത്.

Photo credit: Reuters

ചോദ്യം: റഷ്യക്ക്‌മേല്‍ അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളുമെല്ലാം ഏര്‍പ്പെടുത്തുന്ന ഉപരോധം ഏതൊക്ക തരത്തിലായിരിക്കും ബാധിക്കുക?

ഉത്തരം: ഉപരോധം എന്നത് ഇരുതല മൂര്‍ച്ചയുള്ള ഒരു വാളാണ്. ഉപരോധം പ്രഖ്യാപിക്കുന്നതോടു കൂടി ആ രാജ്യം മാത്രമല്ല തകരുന്നത്. റഷ്യക്ക് വലിയ പ്രതിസന്ധി ഉണ്ടാകും എന്നത് ശരിയാണ്. പക്ഷെ അതിനൊപ്പം തന്നെ, ഈ ഉപരോധത്തിന്റെ ഭാഗമായി യൂറോപ്പും വന്‍ പ്രതിസന്ധിയിലേക്ക് പോകും. അമേരിക്കന്‍ എക്കോണമിയെ ഇത് വലിയരീതിയില്‍ ബാധിക്കും.

റഷ്യന്‍ പാചകവാതകത്തെയും എണ്ണയെയും ആശ്രയിച്ചിട്ടാണല്ലോ യൂറോപ്പ് നില്‍ക്കുന്നത്. അപ്പോള്‍ റഷ്യയില്‍ നിന്നും അത് കിട്ടിയില്ലെങ്കില്‍ അവര്‍ക്ക് ഗള്‍ഫ് മേഖലയില്‍ നിന്നും ഇറക്കുമതി ചെയ്യേണ്ടതായി വരും. അതല്ലെങ്കില്‍ അമേരിക്കയില്‍ നിന്നും കൊണ്ടുവരണം. മാത്രമല്ല, ഈ സംഘര്‍ഷമുണ്ടായതോട് കൂടി എണ്ണവില കൂടി. യൂറോപ്പ് ഒറ്റപ്പെട്ട് പോയി. യൂറോപ്പിന്റെ സാമ്പത്തികസ്ഥിതി ഒട്ടും ശുഭകരമല്ല. ജര്‍മനി മാത്രമാണ് ശക്തമായ ഒരു സമ്പദ് വ്യവസ്ഥയുമായി മുന്നോട്ട് പോകുന്നത്. ബാക്കിയെല്ലാ രാജ്യങ്ങളും പലവിധത്തിലുള്ള പ്രതിസന്ധി നേരിടുന്നവയാണ്.

ജി7 ഗ്രൂപ്പില്‍ ഉണ്ടെങ്കിലും ഇറ്റലിയും ഫ്രാന്‍സും ബ്രിട്ടണും ഒന്നും സാമ്പത്തികമായി അത്ര സുരക്ഷിതരല്ല. തൊഴിലില്ലായ്മ അടക്കമുള്ള പലവിധ സാമൂഹിക സംഘര്‍ഷങ്ങളെ അഭിമുഖീകരിക്കുകയാണ് ഇവര്‍.

അതുകൊണ്ട് ഈ ഉപരോധം റഷ്യയെ മാത്രമല്ല. അമേരിക്കയെയും ബാധിക്കും. ഉപരോധത്തോടു കൂടി റഷ്യക്ക് ബുദ്ധിമുട്ടുണ്ടാകും എന്നതിനപ്പുറം യൂറോപ്പ് തകര്‍ന്നടിയും. അതിനൊപ്പം കൊവിഡില്‍ തകര്‍ന്ന ലോക സമ്പദ്‌രംഗം ഒന്നുകൂടി മൊത്തത്തില്‍ ചുരുങ്ങാന്‍ ഈ ഉപരോധം കാരണമാകും. റഷ്യയുടെ ന്യായമായ സുരക്ഷാ ആശങ്കകളെ അഭിമുഖീകരിച്ചുകൊണ്ട്, പരമാവധി നേരത്തെ ഉക്രൈന്‍ അധിനിവേശം അവസാനിപ്പിച്ച്, ഉക്രൈനിന്റെ സ്വാതന്ത്ര്യവും റഷ്യയുടെ സുരക്ഷിതത്വവും ഉറപ്പുവരുത്തുന്ന രീതിയിലുള്ള ഒരു അന്താരാഷ്ട്ര ഉടമ്പടിയാണ് ഉണ്ടാകേണ്ടത്. അതിന് ആര് മുന്‍കൈയെടുക്കും എന്ന ചോദ്യത്തെയാണ് ഇന്ന് ലോകം അഭിമുഖീകരിക്കേണ്ടത്.

ഐക്യരാഷ്ട്രസഭ എന്നത് ഇന്ന് ‘ഇല്ല’. യു.എന്നിനെ കൊണ്ട് യാതൊരു ഉപകാരവുമില്ല. പിന്നെ ഇത് ആര് ചെയ്യും എന്നിടത്താണ് പ്രശ്‌നം.

ചോദ്യം: ഈ സമയത്ത് ചൈനയുമായുള്ള സൗഹൃദം റഷ്യക്ക് എത്രത്തോളം സഹായകരമായിരിക്കും?

ഉത്തരം: ലോകത്തിലെ രണ്ടാമത്തെ വലിയ സാമ്പത്തികശക്തിയായി ഇന്ന് ചൈന മാറിയിട്ടുണ്ട്. റഷ്യയുടെ ഉക്രൈന്‍ അധിനിവേശത്തിന് മുമ്പ്, ഇക്കഴിഞ്ഞ ശീതകാല ഒളിംപിക്‌സിന്റെ ഭാഗമായി ഫെബ്രുവരി അഞ്ചിന് ഷി ചിന്‍പിങും പുടിനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

റഷ്യ-ചൈന സൗഹൃദം നാറ്റോ പോലുള്ള ഒരു മിലിറ്ററി പാക്ടിന്റെ സ്വഭാവത്തിലേക്ക് മാറുന്ന രൂപത്തിലാണ് അവരുടെ പ്രസ്താവന ഉണ്ടായത്. അത് No Limit Pact ആണ്. അതായത് പരസ്പര സഹകരണത്തിന് അതിരുകളില്ല, എന്ന് പ്രഖ്യാപിക്കുകയാണ് അവര്‍.

2001ല്‍ തന്നെ അന്നത്തെ ചൈനീസ് പ്രസിഡന്റായിരുന്ന ജിയാങ് സെമിനും പുടിനും തമ്മില്‍ ഒരു സഹകരണ-സൗഹൃദ ഉടമ്പടി ഒപ്പുവെച്ചു. 20 വര്‍ഷത്തേക്കായിരുന്നു അത്.

ഇതിലെ ആര്‍ട്ടിക്കിള്‍ ഏഴ് പ്രകാരം സൈനികസഹകരണം (Military Pact) അതിലുണ്ട്.

20 വര്‍ഷങ്ങള്‍ക്കിപ്പുറം റഷ്യയില്‍ പുടിന്‍ തന്നെയാണുള്ളത്. ചൈനയില്‍ ഷി ചിന്‍പിങ് വന്നു. ജിയാങ് സെമിന്റെ ചൈനയേക്കാള്‍ എത്രയോ ശക്തമാണ് ഷിയുടെ ചൈന. അപ്പോള്‍ നിലവിലെ യൂറോപ്പിന്റെ ഉപരോധം അതിജീവിക്കാന്‍ ചൈനയുമായുള്ള സാമ്പത്തിക സഹകരണത്തില്‍ റഷ്യക്ക് സാധിക്കും. അത് ഒരു പ്രധാന ഘടകമാണ്.

Photo credit: Wikipedia

കാരണം, അമേരിക്ക ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയാണെങ്കിലും അതിനോട് തൊട്ടടുത്ത് നില്‍ക്കുകയാണ് ചൈന. ഇപ്പോഴുള്ള കണക്കുകള്‍ പ്രകാരം 2030 ആകുമ്പോഴേക്കും ചൈന അമേരിക്കയെ മറികടക്കുകയും ചെയ്യും.

ചോദ്യം: ഉക്രൈന്‍-റഷ്യ വിഷയം ഇന്ത്യയെ എങ്ങനെയൊക്കെയായിരിക്കും ബാധിക്കുക?

ഉത്തരം: ഉക്രൈന്‍-റഷ്യ വിഷയത്തില്‍ ഇന്ത്യയാണ് പ്രതിസന്ധി ഉണ്ടാകാന്‍ സാധ്യതയുള്ള മറ്റൊരു രാജ്യം. കാരണം, ഇന്ത്യയുടെ ഏറ്റവും വിശ്വസ്തമായ സഖ്യരാജ്യമാണ് റഷ്യ. അതേസമയം സമീപകാലത്തായി ഇന്ത്യ അമേരിക്കയുമായി വളരെ അടുത്ത ബന്ധം വളര്‍ത്തിയെടുത്തിട്ടുണ്ട്. അതുകാരണം ഇന്ത്യ ആശയക്കുഴപ്പത്തിലാകും. മാത്രമല്ല നമ്മുടെ ചിരവൈരികളായ പാകിസ്ഥാനുമായും ചൈനയുമായും റഷ്യ ബന്ധം സ്ഥാപിക്കുന്നതും ഇന്ത്യക്ക് പ്രതിസന്ധിയാകും.

ഇത്തരം ഒരുപാട് ഘടകങ്ങള്‍ ഇതില്‍ ഉള്‍ച്ചേര്‍ന്നിട്ടുണ്ട്. എന്തുതന്നെയായാലും, ലോകശാക്തിക ക്രമം പുനര്‍ക്രമീകരണത്തിന്റെ പാതയിലാണ്. ‘ഉക്രൈന്‍ അധിനിവേശത്തിന് മുമ്പും ശേഷവും’, എന്ന നിലക്ക് ലോകത്തിലെ ശാക്തിക ബന്ധങ്ങള്‍ മാറിമറിയാന്‍ പോകുകയാണ്. 1991ല്‍ ഉണ്ടായ ലോകക്രമം റഷ്യയുടെ ഉക്രൈന്‍ അധിനിവേശത്തോട് കൂടി അവസാനിച്ചു. ഇനി പുതിയ ഒരു ശാക്തിക ക്രമത്തിലേക്ക് മാത്രമേ ലോകത്തിന് പോകാന്‍ സാധിക്കുകയുള്ളൂ.

ലോകത്തെ മറ്റൊരു വലിയ സാമ്പത്തിക ശക്തി കൂടിയാണ് ഇന്ത്യ. റഷ്യക്കെതിരായ ഉപരോധങ്ങളുടെ ഭാഗമായി ഇന്ത്യ നില്‍ക്കുമെന്ന് ഒരിക്കലും കരുതാനാകില്ല. തന്ത്രപരമായ കാരണങ്ങളാലും പഴയ സൗഹൃദത്തിന്റെയും ഭാഗമായി ഇന്ത്യ ഈ ‘ഉപരോധ നാടകത്തില്‍’ ചേരാന്‍ സാധ്യതയില്ല. റഷ്യയുമായുള്ള എല്ലാവിധ ബന്ധങ്ങളും ഇന്ത്യയെ ശക്തിപ്പെടുത്തുകയും ചെയ്യും.

1990കളില്‍ ഇന്ത്യക്ക് കൈമാറാം എന്ന് കരാറുണ്ടായിരുന്ന ക്രയോജനിക് സാങ്കേതികവിദ്യ ഇന്ത്യക്ക് നല്‍കാതെ അമേരിക്ക തടഞ്ഞു. അതുകാരണം 20 വര്‍ഷം ആ രംഗത്ത് ഇന്ത്യ പിറകോട്ട് പോയി. അതുകൊണ്ട് അമേരിക്കയുടെ താല്‍പര്യങ്ങള്‍ക്കൊപ്പം ഇന്ത്യ നില്‍ക്കാന്‍ സാധ്യത വളരെ കുറവാണ്. ഉക്രൈന്‍ വിഷയത്തില്‍ യു.എന്നില്‍ പ്രമേയം വന്നപ്പോഴും ഇന്ത്യ വോട്ട് ചെയ്തില്ല.

1979ല്‍ റഷ്യ അഫ്ഗാനിസ്ഥാനില്‍ അധിനിവേശം നടത്തിയ സമയത്ത് ഇന്ത്യ അതിന് അനുകൂലമായാണ് നിന്നത്. വിശാല ജനാധിപത്യം, സ്വാതന്ത്രം, സഹവര്‍ത്തിത്തം എന്നൊക്കെ പറയുന്നതിനപ്പുറം, അടിസ്ഥാനപരമായി രാജ്യങ്ങള്‍ തമ്മിലുള്ള ‘ബാലന്‍സ് ഓഫ് പവര്‍’ ആണ് സുരക്ഷിതത്വത്തെയും സമാധാനത്തെയും വികസനത്തെയുമൊക്കെ നിര്‍ണയിക്കുന്ന ഘടകം.

Photo credit: Wikipedia

അതുകൊണ്ട് ‘ഉക്രൈന് വേണ്ടി എന്തിന്?’ എന്ന ചോദ്യത്തെ അഭിമുഖീകരിക്കാതെ ഇന്ത്യക്ക് മുന്നോട്ട് പോകാനാകില്ല. ഒരു മനുഷ്യന്റെ ജീവന്‍ നഷ്ടമാകുമ്പോള്‍ മാനവികതയുടെ ഭാഗത്ത് നിന്നും നമുക്ക് നിലപാടെടുക്കേണ്ടി വരും, എന്നത് ശരിയാണ്. പക്ഷെ, രാഷ്ടങ്ങള്‍ തമ്മിലുള്ള ബന്ധത്തില്‍, പ്രത്യേകിച്ചും രാഷ്ട്രീയ ബന്ധത്തില്‍ (അത് പവര്‍ റിലേഷന്‍സ് ആണ്) മാനവികതയോ മൂല്യങ്ങളോ ഒന്നും ഒരു ഘട്ടത്തിലും പ്രയോഗിക്കപ്പെടാറില്ല. അത് ചരിത്രത്തിലുടനീളം നമ്മള്‍ കാണുന്ന ഒരു വസ്തുതയാണ്.

1998ല്‍ ഇന്ത്യ പൊഖ്രാന്‍ 2 അണുവിസ്‌ഫോടനം നടത്തിയപ്പോള്‍, അന്ന് ഇന്ത്യക്കെതിരായ അമേരിക്കയടക്കം വ്യാപകമായി ഉപരോധമേര്‍പ്പെടുത്തി. ഇന്ത്യക്കെതിരായി പരമാവധി രാജ്യങ്ങളെ ഈ ഉപരോധത്തില്‍ പങ്കെടുപ്പിക്കുന്നതിന് പരിശ്രമിച്ച രാജ്യങ്ങളില്‍ മുന്‍നിരയിലുണ്ടായിരുന്നു ഉക്രൈന്‍. ഉക്രൈനാണ് അന്താരാഷ്ട്ര വേദികളില്‍ ഇന്ത്യ ആണവശേഷിയുള്ള രാജ്യമായി വളരുന്നത് തടയണമെന്നും അതിന് ഇന്ത്യക്കെതിരായി ഉപരോധം കടുപ്പിക്കണമെന്നും പറഞ്ഞത്. അവരുടെ ആണവായുധങ്ങള്‍ക്കെതിരായ നിലപാടിന്റെ ഭാഗമായിരുന്നു ഇതെന്ന് ഉക്രൈന് വേണമെങ്കില്‍ ന്യായീകരിക്കാന്‍ പറയാം.

ഇങ്ങനെയുള്ള എല്ലാ ഘടകങ്ങളും പരിഗണിച്ചുകൊണ്ടാണ് രാജ്യങ്ങള്‍, സ്ട്രാറ്റജിസ്റ്റുകള്‍ അവരുടെ നയങ്ങള്‍ രൂപപ്പെടുത്തുന്നത്. അക്രമത്തെ അപലപിക്കുന്നു എന്ന് വളരെ സൗമ്യവും സ്വീകാര്യവുമായ ഭാഷയില്‍ ഇന്ത്യന്‍ പ്രതികരണങ്ങള്‍ ഉണ്ടാകും. പക്ഷെ തന്ത്രപരമായി ഇന്ത്യ റഷ്യക്കൊപ്പമായിരിക്കും.

ചോദ്യം: റഷ്യന്‍ രാഷ്ട്രീയത്തെക്കുറിച്ചും പുടിന്‍ എന്ന ഭരണാധികാരി ഏകാധിപതിയാണെന്നുള്ള ചര്‍ച്ചകളൊക്കെ ഇപ്പോള്‍ കൂടുതല്‍ സജീവമാകുന്നുണ്ടല്ലോ?

ഉത്തരം: പുടിന്റെ ഭരണം ജനാധിപത്യമോ ഏകാധിപത്യമോ എന്ന സംവാദം നടത്തുമ്പോള്‍, എല്ലാ തരത്തിലും ലക്ഷണമൊത്ത ജനാധിപത്യം ലോകത്തെവിടെയും നിലനില്‍ക്കുന്നില്ല, എന്നതും നമ്മള്‍ അംഗീകരിക്കണം.

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യമെന്ന് ഇന്ത്യന്‍ ജനാധിപത്യത്തെക്കുറിച്ച് പറയുമ്പോഴും, കൃത്യമായി തെരഞ്ഞെടുപ്പ് നടക്കുന്നു എന്നല്ലാതെ ഈ രാജ്യത്തുള്ളവര്‍ക്ക് എത്രമാത്രം ജനാധിപത്യപരമായ അനുഭവങ്ങളാണുള്ളത് എന്ന് ചോദിച്ചാല്‍ അതിന്റെ ഉത്തരം എന്തായിരിക്കുമെന്ന് എല്ലാവര്‍ക്കും അറിയാം.

പാശ്ചാത്യവിരുദ്ധ ചേരിയിലുള്ള രാജ്യങ്ങളെ മുഴുവന്‍ ജനാധിപത്യവിരുദ്ധരായി കാണുക, എന്ന അമേരിക്കന്‍-യൂറോ കേന്ദ്രീകൃത വീക്ഷണത്തിന്റെ ഭാഗമായാണ് ജനാധിപത്യത്തെക്കുറിച്ചും ഏകാധിപത്യത്തെക്കുറിച്ചുമുള്ള ഇത്തരം സംവാദങ്ങള്‍ വരുന്നത്.

ഒരു ജനത അതിന്റെ ചരിത്രാനുഭവങ്ങളുടെയും അവരുടെ ആവശ്യങ്ങള്‍ക്കുമനുസരിച്ചുള്ള നേതാക്കളെയാണ് തെരഞ്ഞെടുക്കുന്നത്. പുടിന്റെ മദര്‍ റഷ്യ പാര്‍ട്ടി കഴിഞ്ഞ തെരഞ്ഞെടുപ്പിലും വന്‍ ഭൂരിപക്ഷം നേടി. അവിടത്തെ ഏറ്റവും വലിയ രണ്ടാമത്തെ പാര്‍ട്ടി കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് റഷ്യയാണ്.

അവര്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 17 സീറ്റുകള്‍ കൂടുതല്‍ നേടി അവിടെ ശക്തി തെളിയിച്ചു.

റഷ്യന്‍ രാഷ്ട്രീയത്തിന്റെ ഒരു പ്രധാനപ്പെട്ട പ്രശ്‌നം, അവിടത്തെ ഏറ്റവും വലിയ പാര്‍ട്ടിയായ പുടിന്റെ മദര്‍ റഷ്യ പാര്‍ട്ടിയും രണ്ടാമത്തെ വലിയ രാഷ്ട്രീയപാര്‍ട്ടിയായ കമ്യൂണിസ്റ്റ് പാര്‍ട്ടിയും ശക്തമായ റഷ്യന്‍ ദേശീയതയെ പിന്‍പറ്റുകയും സോവിയറ്റ് യൂണിയന്റെ സുവര്‍ണനാളുകളിലേക്ക് റഷ്യ മടങ്ങിപ്പോകണമെന്ന് ആഗ്രഹിക്കുകയും ചെയ്യുന്നവരാണ്. ഇത്തരം ഒരാഗ്രഹം റഷ്യയുടെ ദേശീയ വികാരമായി മാറിയിട്ടുണ്ട്. ആ ദേശീയ വികാരത്തെയാണ് പുടിന്‍ പ്രതിനിധാനം ചെയ്യുന്നത്. അതുകൊണ്ട് തന്നെ, ആന്തരികമായി വളരെ ഐക്യപ്പെട്ട ഒരു രാജ്യമാണ് റഷ്യ.

കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് റഷ്യ                         Photo credit: Wikipedia

മറ്റൊരു കാര്യം, പുടിനെ 21ാം നൂറ്റാണ്ടിലെ സ്റ്റാലിനായാണ് യൂറോപ്യന്‍ മാധ്യമങ്ങള്‍ അവതരിപ്പിക്കുന്നത്. എതിരാളികളോടുള്ള പുടിന്റെ സമീപനത്തെക്കുറിച്ച് കൂടുതല്‍ വസ്തുതകള്‍ പുറത്ത് വരേണ്ടതുണ്ട്. ഒരു എതിരാളികളെയും വെച്ചുപൊറുപ്പിക്കുന്ന സമീപനമല്ല അദ്ദേഹത്തിന്റേത്, എന്ന് വ്യക്തമാണ്. രാഷ്ട്രീയ എതിരാളികള്‍ പലരും ദുരൂഹസാഹചര്യത്തില്‍ കൊല ചെയ്യപ്പെടുന്നു. അവിടത്തെ വന്‍ വ്യവസായികള്‍ക്ക് പോലും ഇതേ ദുര്‍ഗതി ഉണ്ടായതായി കാണാം. എന്നാല്‍ അന്താരാഷ്ട്രരംഗത്തെ സംഘര്‍ഷങ്ങളെ ഈ കാര്യങ്ങള്‍ വെച്ച് വിശകലനം ചെയ്തിട്ട് കാര്യമില്ല.

യൂറോ കേന്ദ്രീകൃതമായ ലോകവീക്ഷണവും ‘ഞങ്ങളാണ് ജനാധിപത്യം’ എന്ന യൂറോപ്പിന്റെ വ്യാഖ്യാനവും, പഴയ കൊളോണിയല്‍ കാലഘട്ടത്തിലെ മിഷന്‍ സിവിലൈസ്ഡ് ഒക്കെ പോലെയുള്ള ചിന്തകളുമാണ് റഷ്യയെയും പുടിനെയും ജനാധിപത്യവിരുദ്ധ ചേരിയില്‍ നിര്‍ത്തുന്നത്.

സ്വാതന്ത്ര്യം ഒരിക്കലും ആര്‍ക്കും കൊടുക്കാന്‍ പറ്റില്ല. ഒരു ജനതക്ക് സ്വാതന്ത്ര്യം വേണമെങ്കില്‍ ആ ജനത തന്നെ അത് ആര്‍ജിച്ചെടുക്കണം. റഷ്യക്കാര്‍ക്ക് പുടിനില്‍ നിന്നുമൊക്കെ സ്വാതന്ത്ര്യം വേണമെങ്കില്‍ റഷ്യന്‍ ജനത പോരാട്ടങ്ങളിലൂടെ അത് ആര്‍ജിച്ചെടുത്ത് കൊള്ളും. പുറമെ നിന്നുള്ള ഒരാള്‍ക്കും സ്വാതന്ത്ര്യം വെള്ളിത്താലത്തില്‍ വെച്ചുകൊടുക്കാന്‍ പറ്റില്ല. അങ്ങനെ ഒരാള്‍ തന്നിട്ടും കാര്യമില്ല. കാരണം എപ്പോള്‍ വേണമെങ്കിലും അവരത് തിരിച്ചെടുക്കും.

ഇങ്ങനെ അമേരിക്കയുടെ കയ്യില്‍ നിന്നാണ് സ്വാതന്ത്ര്യം വാങ്ങുന്നതെങ്കില്‍ അത് ഏത് നിമിഷവും അമേരിക്കക്ക് തിരിച്ചെടുക്കാന്‍ കഴിയും എന്നും അത് ഒരര്‍ത്ഥത്തില്‍ അമേരിക്കന്‍ അധീശത്വമായിരിക്കുമെന്നും ആര്‍ക്കാണ് അറിയാത്തത്.

ഏകാധിപത്യത്തെക്കുറിച്ചും ജനാധിപത്യത്തെക്കുറിച്ചുമുള്ള സംവാദങ്ങളൊക്കെ ബി.ബി.സിയും അമേരിക്കയും പറയുന്നതരത്തില്‍ നമ്മള്‍ എടുത്തിട്ട് കാര്യമില്ല.

അമേരിക്ക മുന്നോട്ട് വെക്കുന്ന ജനാധിപത്യമാണ് ജനാധിപത്യം എന്ന് അംഗീകരിക്കുമ്പോഴാണ് ചൈനയില്‍ ഏകാധിപത്യമാണ്, പുടിന്‍ ഏകാധിപതിയാണ് എന്നൊക്കെ പറയുന്നത്. പാശ്ചാത്യരാജ്യങ്ങളുടെ അളവുകോല്‍ ഉപയോഗിച്ച് ഒരിക്കലും ഏകാധിപത്യത്തെയും ജനാധിപത്യത്തെയും വേര്‍തിരിക്കാനാവില്ല.

2011ല്‍ ന്യൂയോര്‍ക്ക് നഗരത്തിലെ സുക്കോട്ടി പാര്‍ക്കില്‍ (Zuccotti Park) ഒക്യുപൈ വാള്‍സ്ട്രീറ്റ് മൂവ്‌മെന്റ് (Occupy Wall Street movement) നടന്നു.

We Are 99 Percent (ഞങ്ങള്‍ 99 ശതമാനമാണ്) എന്നായിരുന്നു അവരുടെ മുദ്രാവാക്യം.

Photo credit: Wikipedia

‘American Democracy is for 1 percent, of 1 percent, by 1 percent’ എന്നായിരുന്നു അവര്‍ പറഞ്ഞത്. അതായത് ഒരു ശതമാനം മാത്രം വരുന്ന അതിസമ്പന്നര്‍ക്കും വന്‍ കോര്‍പറേറ്റുകള്‍ക്കുമായുള്ള ഭരണക്രമമാണ് അമേരിക്കയില്‍ നിലനില്‍ക്കുന്നത് എന്ന്.

ഞങ്ങള്‍ 99 ശതമാനം വരുന്ന സാധാരണക്കാരാണ് ഈ സുക്കോട്ടി പാര്‍ക്കില്‍ വന്നിരുന്ന് ജനാധിപത്യവിപ്ലവം നടത്തുന്നത് എന്നും അവര്‍ പറഞ്ഞു. എന്നാല്‍ അമേരിക്കന്‍ ജനാധിപത്യത്തെക്കുറിച്ചുള്ള സംവാദത്തില്‍ ഇത് എവിടെയും ചര്‍ച്ചയാകുന്നില്ല.

Photo credit: Wikipedia

ചോദ്യം: ഉക്രൈന്‍ വിഷയത്തില്‍ പുടിനും റഷ്യയും വിജയിച്ചാല്‍, ഇന്ത്യയുടെ അരുണാചല്‍ പ്രദേശ് അടക്കമുള്ള നോര്‍ത്ത് ഈസ്റ്റ് സംസ്ഥാനങ്ങളിലും തായ്‌വാന്‍ വിഷയത്തിലുമൊക്കെയുള്ള ചൈനയുടെ ഇടപെടലുകളെ അത് ബാധിക്കാനിടയുണ്ടോ?

ഉത്തരം: അരുണാചല്‍ പ്രദേശ് വിഷയം നമ്മള്‍ മറ്റൊരു പ്രതലത്തില്‍ കാണേണ്ടതാണ്. എന്നാല്‍ തായ്‌വാന്റെ കാര്യത്തില്‍ ഈ സംശയം ശരിയാണ്. 1949ല്‍ ചൈനീസ് വിപ്ലവത്തിന്റെ ശേഷം അവിടെ ‘ടു ചൈന’ (രണ്ട് ചൈന) എന്ന നയമാണ് പാശ്ചാത്യരാജ്യങ്ങള്‍ സ്വീകരിച്ചത്. പക്ഷെ, 1950കളില്‍ തന്നെ ഇന്ത്യ ഈ പോളിസി എടുത്തുകളഞ്ഞു. പീപ്പിള്‍സ് റിപബ്ലിക് ഓഫ് ചൈനയെ മാത്രമാണ് ഇന്ത്യ ചൈനയായി അംഗീകരിക്കുന്നത്. തായ്‌വാനെ ഇന്ത്യ അംഗീകരിക്കുന്നില്ല.

ചൈനയുടെ വിദേശനയത്തിന്റെ ആണിക്കല്ലാണ് ‘ഏക ചൈനാ വാദം’. തായ്‌വാനെ ചൈനയായോ ഒരു സ്വതന്ത്രരാജ്യമായോ അവര്‍ അംഗീകരിക്കുന്നില്ല. എന്നാല്‍ തായ്‌വാന്‍ സ്വതന്ത്രമായി നില്‍ക്കണം എന്ന വാദമാണ് അമേരിക്കക്ക് ഉള്ളത്.

ചോദ്യം: റഷ്യ- ഉക്രൈന്‍ വിഷയത്തില്‍ ഗള്‍ഫ് രാജ്യങ്ങള്‍ എടുക്കുന്ന നിലപാട് എന്തായിരിക്കും? ഇപ്പോഴുള്ള സംഘര്‍ഷങ്ങള്‍ ആ രാജ്യങ്ങളെ എങ്ങനെയായിരിക്കും ബാധിക്കുക?

ഉത്തരം: ഗള്‍ഫ് രാജ്യങ്ങള്‍ക്കൊന്നും മറ്റ് ലോകരാജ്യങ്ങളുടെ അന്താരാഷ്ട്ര തലത്തിലുള്ള ശാക്തിക ബലാബലങ്ങളില്‍ ഇടപെടാനുള്ള ശേഷിയില്ല. വന്‍ സാമ്പത്തിക ശക്തികളാണ് അവര്‍ എന്നത് വാസ്തവമാണ്. അവരുടെ ധാര്‍മികതക്ക് മൂല്യം ഉണ്ട് എന്നതും ശരിയാണ്. പക്ഷെ, ഒരു സംഘര്‍ഷത്തില്‍ ഇടപെടണം എന്നുണ്ടെങ്കില്‍ അതിലെ നിയമം നടപ്പാക്കാനുള്ള ശേഷിയുണ്ടാകണം. അവര്‍ക്ക് നിലപാടുകളെടുക്കാം. എന്നാല്‍ അന്താരാഷ്ട്ര തലത്തില്‍ അത് നടപ്പാക്കാനുള്ള സാമ്പത്തിക-സൈനിക-തന്ത്രപരമായ ശേഷി യഥാര്‍ത്ഥത്തില്‍ ഗള്‍ഫ് രാജ്യങ്ങള്‍ക്കില്ല.

സാമ്പത്തികരംഗം എടുത്തുകഴിഞ്ഞാല്‍ ഖത്തറിനും യു.എ.ഇക്കുമൊക്കെ വന്‍ സാമ്പത്തിക ശക്തികള്‍ എന്ന നിലയില്‍ അന്താരാഷ്ട്ര തലത്തില്‍ ഒരു ഇടമുണ്ട്.

ഒരര്‍ത്ഥത്തില്‍ ഇപ്പോഴത്തെ റഷ്യ-ഉക്രൈന്‍ വിഷയം ഗള്‍ഫ് മേഖലയിലുള്ള രാജ്യങ്ങള്‍ക്ക് വന്‍ ലാഭമുണ്ടാക്കും. കാരണം റഷ്യക്ക് മേല്‍ ഏര്‍പ്പെടുത്തിയിട്ടുള്ള എണ്ണ കയറ്റുമതി ഉപരോധത്തിന്റെയെല്ലാം ഏറ്റവുമടുത്ത ഉപഭോക്താക്കള്‍ ഗള്‍ഫ് രാജ്യങ്ങളായിരിക്കും. അന്താരാഷ്ട്ര വിപണിയില്‍ നിന്ന് റഷ്യന്‍ എണ്ണ മാറിനില്‍ക്കുന്ന സമയത്ത് അതിനെ പകരംവെക്കാനും എണ്ണ ഉല്‍പാദനം വര്‍ധിപ്പിക്കാനുമൊക്കെ നേതൃത്വം നല്‍കാന്‍ ഗള്‍ഫ് രാജ്യങ്ങള്‍ക്ക് മാത്രമേ സാധിക്കൂ. അമേരിക്കക്കും ഒരുപരിധി വരെ സാധിക്കും. ഇതിലൂടെ ഗള്‍ഫ് രാജ്യങ്ങള്‍ക്ക് വലിയ ലാഭമുണ്ടാകാന്‍ ഇടയുണ്ട്.

റഷ്യയുടെ എണ്ണ ഉപരോധങ്ങള്‍ കാരണം കെട്ടിക്കിടക്കുകയാണ്. എന്നാല്‍, ഒരു തരത്തില്‍ രാജ്യത്ത് എണ്ണ കെട്ടിക്കിടക്കുന്നത് റഷ്യക്കും സഹായകരമാണ്. കാരണം, ലോകവിപണിയിലേക്ക് റഷ്യയുടെ എണ്ണയുടെയും പ്രകൃതിവാതകത്തിന്റെയും വരവ് നിലച്ചാല്‍ എണ്ണവില കുതിച്ചുയരും. എണ്ണ വില കൂടി നില്‍ക്കുന്ന സമയത്ത് ഇപ്പോള്‍ ശേഖരിച്ച് വെച്ചിരിക്കുന്ന എണ്ണ അവര്‍ക്ക് കയറ്റി അയക്കാം.

ചോദ്യം: റഷ്യ-ഉക്രൈന്‍ വിഷയത്തില്‍ ഏതെങ്കിലും ഒരു ഉറച്ച നിലപാടെടുക്കാന്‍ ഇന്ത്യക്ക് മേല്‍ സമ്മര്‍ദ്ദമുണ്ടാകാന്‍ ഇടയുണ്ടോ?

ഉത്തരം: ഐക്യരാഷ്ട്രസഭയിലെ അംഗമെന്ന നിലയില്‍ യു.എന്‍ ചാര്‍ട്ടര്‍ പ്രകാരമുള്ള സമീപനം ഇന്ത്യ സ്വീകരിക്കും. എല്ലാ രാജ്യങ്ങളുടെയും സ്വാതന്ത്ര്യവും പരമാധികാരവും പരസ്പരം ബഹുമാനിക്കപ്പെടണം, രാജ്യങ്ങള്‍ പരസ്പരം ആക്രമിക്കപ്പെടാന്‍ പാടില്ല- എന്നാണ് അതില്‍ പറയുന്നത്. ഈ നിലപാട് സ്വീകരിക്കുന്നതിനൊപ്പം റഷ്യയുമായി ശക്തമായ സഹകരണം തുടരും.

കാരണം, 1962ല്‍ ചൈന-ഇന്ത്യ ആക്രമണമുണ്ടായി. ഏകപക്ഷീയമായ അധിനിവേശമാണ് ചൈനയുടെ ഭാഗത്ത് നിന്നും ഉണ്ടായത്. അന്ന് ചൈനയുടെ ആക്രമണത്തിന് അമേരിക്കയുടെ പിന്തുണയുമുണ്ട്. സോവിയറ്റ് റഷ്യ അന്ന് പറഞ്ഞത് ‘ഇന്ത്യ ഞങ്ങളുടെ ആത്മാര്‍ത്ഥ സുഹൃത്തുക്കളാണെങ്കില്‍ ചൈന ഞങ്ങളുടെ സഹോദരനാണ്’ എന്നാണ്. വലിയ സഹായമൊന്നും റഷ്യയില്‍ നിന്നും ഇന്ത്യക്ക് ലഭിച്ചിട്ടില്ല. എങ്കിലും യുദ്ധം അവസാനിപ്പിക്കാനുള്ള ഇടപെടല്‍ അന്നത്തെ റഷ്യയുടെ ഭാഗത്ത് നിന്നും ഉണ്ടായി.

പക്ഷെ, ഇന്ത്യയുടെ വലിയ കൊട്ടിഘോഷിക്കപ്പെട്ട സഖ്യരാജ്യങ്ങള്‍ അന്ന് എവിടെയായിരുന്നു.

1956ല്‍ സ്യൂയസ് കനാല്‍ ക്രൈസിസ് ഉണ്ടായ സമയത്ത്, ആംഗ്ലോ-ഫ്രഞ്ച് സൈന്യം ഈജിപ്തിനെ ആക്രമിച്ചപ്പോള്‍, അന്ന് ഈജിപ്തിന് വേണ്ടി ആദ്യം ശബ്ദമുയര്‍ത്തുകയും നിലപാടെടുക്കുകയും ചെയ്ത രാജ്യം ഇന്ത്യയായിരുന്നു. ഇസ്രഈലും ബ്രിട്ടണും ഫ്രാന്‍സും കൂടെ ചേര്‍ന്നാണ് അന്ന് ഈജിപ്തിനെ ആക്രമിച്ചത്.

എന്നാല്‍ 1962ല്‍ ചൈന ഇന്ത്യയെ ആക്രമിച്ച സമയത്ത് അതേ ഈജിപ്ത് ചൈന അനുകൂല നിലപാടാണ് സ്വീകരിച്ചത്. അതായത്, ഒരു രാജ്യം ആക്രമിക്കപ്പെടുമ്പോള്‍, പ്രതിസന്ധിയിലാകുമ്പോള്‍ ഈ കൊട്ടിഘോഷിക്കപ്പെടുന്ന സഖ്യങ്ങളും രാജ്യാന്തര സൗഹൃദങ്ങളുമൊന്നും വര്‍ക്കൗട്ട് ആവണമെന്നില്ല. പിന്തുണ എന്നതൊക്കെ ‘മഹത്തായ’ ആശയങ്ങളും വാചകങ്ങളും പ്രമേയങ്ങളും മാത്രമായി ഒതുങ്ങിപ്പോകുന്ന അവസ്ഥകളുണ്ടാകും.

അതുകൊണ്ടാണ് രാജ്യങ്ങള്‍ അതിന്റെ ശാക്തിക സന്തുലനം നിലനിര്‍ത്താനും സഹകരണം ഉറപ്പുവരുത്താനുമുള്ള ബന്ധങ്ങളില്‍ ഏര്‍പ്പെടണമെന്ന് പറയുന്നത്. ആ ബന്ധങ്ങളെ ഏകപക്ഷീയമായി തള്ളിക്കളഞ്ഞുകൊണ്ട് ഒരു സമീപനം സ്വീകരിക്കാന്‍ ലോകത്ത് ഒരു രാജ്യവും തയാറാവില്ല.

അതുകൊണ്ട് ഇന്ത്യ റഷ്യക്കൊപ്പം അടിയുറച്ച് നില്‍ക്കും എന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്.


Content Highlight: Interview with Dr. VJ Vincent on Ukraine- Russia crisis

നീതു രമമോഹന്‍

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ് ട്രെയിനി, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ബിരുദാനന്തര ബിരുദവും ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമയും പൂര്‍ത്തിയാക്കിയിട്ടുണ്ട്.

We use cookies to give you the best possible experience. Learn more