എയ്ഡഡ് സ്ഥാപനങ്ങളിലെ കോഴ ഒരു യാഥാർത്ഥ്യമാണ്
DISCOURSE
എയ്ഡഡ് സ്ഥാപനങ്ങളിലെ കോഴ ഒരു യാഥാർത്ഥ്യമാണ്
അനുപമ മോഹന്‍
Monday, 9th May 2022, 6:52 pm

 

എയ്ഡഡ് നിയമനം പി.എസ്.സിക്ക് വിടുന്നതിനോട് ആരൊക്കെയാണ് വിമുഖത കാണിക്കാന്‍ സാധ്യതയുള്ളത്?

 

എയ്ഡഡ് കോളേജുകളിലെ നിയമനം പി.എസ്.സിക്ക് വിട്ടുകൊടുക്കുക എന്ന ആവശ്യം മുന്‍പേ തന്നെ പാലോളി കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഉന്നയിച്ചിരുന്നു. എന്നാല്‍ മാനേജ്‌മെന്റിന്റെ ഭാഗത്തുനിന്നുള്ള ബുദ്ധിമുട്ടുകള്‍ അവര്‍ അവതരിപ്പിച്ചു. അതായത് അവരുടെ കയ്യിലുള്ള എല്ലാ നേതൃത്വവും നഷ്ടപ്പെടുകയാണ്, ഞങ്ങള്‍ ഇത്രയും അധ്വാനിച്ച് ഉണ്ടാക്കിയ സ്ഥാപനത്തില്‍ ഞങ്ങള്‍ക്ക് ഇഷ്ടപെട്ട ഒരാളെ നിയമിക്കാന്‍ കഴിയാത്ത അവസ്ഥയുണ്ട്.

കാരണം ഒരു യത്തീംഖാനയുടെ കീഴിലുള്ള സ്‌കൂളോ ഒരു അനാഥമന്ദിരത്തിന്റെ സ്‌കൂളോ ആണെങ്കില്‍ സ്വഭാവികമായിട്ടും അവിടെ പഠിച്ച കുട്ടികള്‍ക്ക് തന്നെ ജോലി കൊടുക്കാവുന്ന തരത്തിലുള്ള കാര്യങ്ങളാണ് ഉണ്ടാകുന്നത്. ഉദാഹരണത്തിന് തിരൂരങ്ങാടി കോളേജില്‍ ജോലി കൊടുക്കുന്നത് അവിടുത്തെ യതീംഖാനയില്‍ പഠിച്ച കുട്ടികള്‍ക്കായിരിക്കും. എന്നാല്‍ പല ലക്ഷ്യങ്ങള്‍ വെച്ചുകൊണ്ട് നിയമനം നടത്തുന്ന മാനേജ്‌മെന്റുകളുമുണ്ട്. ലാഭമായും ബിസിനസ് ആയും ഈ നിയമനങ്ങളെ കാണുന്നവരുമുണ്ട്.

അങ്ങനെയല്ലാതെ ഒരു സേവനം എന്ന രീതിയിലും ചിലര്‍ നിയമനം നടത്തുന്നുണ്ട്. ഈ വിഷയത്തില്‍ കൂടുതല്‍ ആധിയുണ്ടാകുന്നത് ലാഭേച്ഛയോടെ നിയമനം നടത്തുന്നവര്‍ക്കും അതേപോലെ ഞാന്‍ ആദ്യം പറഞ്ഞ പോലെ അനാഥമന്ദിരത്തിന്റെ കീഴില്‍ സ്ഥാപനങ്ങള്‍ നടത്തുന്നവര്‍ക്കുമൊക്കെയാണ്. ഇതാണ് മാനേജ്‌മെന്റുകള്‍ ഉന്നയിക്കുന്ന വലിയൊരു പ്രശ്‌നം.

പ്രത്യേകിച്ചും ക്രിസ്ത്യന്‍ മാനേജ്‌മെന്റുകള്‍, മുസ്‌ലിം മാനേജ്‌മെന്റുകള്‍ എന്നിവ നോക്കുമ്പോള്‍ ക്രിസ്ത്യന്‍ കോളേജുകളും അതുപോലെ എന്‍.എസ്.എസ്, എസ്.എന്‍ കോളേജുകള്‍ ഒക്കെ നോക്കുകയാണെങ്കില്‍ അവിടെ ഒരു വിഭാഗത്തിലുള്ളവര്‍ക്ക് മാത്രമാണ് നിയമനം നല്‍കുന്നത്. അങ്ങനെ ചെയ്യാത്തത് മുസ്‌ലിം മാനേജ്‌മെന്റുകളാണ്. മുസ്‌ലിം മാനേജ്‌മെന്റുകളുടെ സ്ഥാപനം നോക്കിയാല്‍ അവിടെ എല്ലാ മതസ്ഥര്‍ക്കും അവസരം കൊടുക്കുന്നുണ്ടെന്ന് കാണാന്‍ സാധിക്കും. പക്ഷെ ഇവരൊന്നും പാലിക്കാത്ത കാര്യം സമൂഹത്തിലെ നിര്‍ധരരായ, അതുപോലെ പട്ടികജാതി, പട്ടികവിഭാഗത്തിലുള്ളവരെ തീരെ ഗൗനിക്കുന്നില്ല എന്നതാണ്. ഇങ്ങനെയുള്ള ഒരുപാട് പ്രശ്‌നങ്ങള്‍ അതിന്റെ പിന്നിലുണ്ട്.

അതോടൊപ്പം തന്നെ മാനേജ്‌മെന്റിന്റേതായ പ്രശ്‌നങ്ങളുമുണ്ട്. ഇതിനെങ്ങനെ പരിഹാരം കണ്ടെത്താം എന്നതിനെ കുറിച്ച് നല്ല ചര്‍ച്ചകള്‍ കഴിഞ്ഞ കാലത്ത് സര്‍ക്കാര്‍ ചെയ്തിട്ടുണ്ട്. പ്രത്യേകിച്ച് അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ കാലത്ത് തന്നെ ഇങ്ങനെയൊരു ചര്‍ച്ച ഉയര്‍ന്നു വന്നിരുന്നു. പക്ഷെ ക്രിസ്ത്യന്‍ മാനേജ്‌മെന്റുകളില്‍ നിന്നുവരെ ശക്തമായ എതിര്‍പ്പുകള്‍ വന്നതുകൊണ്ട് തത്കാലത്തേക്കായി മരവിപ്പിച്ചു എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്.

സംവരണം, മുസ്‌ലിം മാനേജ്‌മെന്റുകള്‍ നടത്തുന്ന ഒരു സ്ഥാപനമാണെങ്കില്‍ മുസ്‌ലിങ്ങള്‍ക്ക് സംവരണം ക്രിസ്ത്യന്‍ മാനേജ്‌മെന്റാകുമ്പോള്‍ ക്രിസ്ത്യാനികള്‍ക്ക് സംവരണം, എസ്.എന്‍.ഡി.പി, എസ്.എന്‍ തുടങ്ങിയ മാനേജ്‌മെന്റുകളൊക്കെ അവരുടേതായ സംവരണം പാലിച്ച് കൊണ്ടാണ് നിയമനം നടത്താറുള്ളത്. അതേ സ്ഥാപനത്തില്‍ പഠിച്ചവര്‍ക്ക് ജോലികൊടുക്കണമെന്ന് ഒരു സംഘടന തീരുമാനിച്ചാല്‍ അതിനെങ്ങനെ പരിഹാരം കാണണം തുടങ്ങിയ പ്രശ്‌നങ്ങളും മുന്‍പിലുണ്ട്. പി.എസ്.സിക്ക് വിടുമ്പോള്‍ ഉണ്ടാകുന്ന പ്രശ്‌നമായി ഇവര്‍ ഉയര്‍ത്തിക്കാണിക്കുന്ന വലിയ പ്രശ്‌നം ഇതാണ്. പക്ഷെ അതേസമയത്ത് ഇപ്പുറത്ത് പാവപ്പെട്ടവനെ അവഗണിക്കുന്നു എന്ന വലിയൊരു പ്രശ്‌നം കൂടി നടക്കുന്നുണ്ട്.

മാനേജ്‌മെന്റ് സ്ഥാപനങ്ങളിലെ നിയമനവുമായി ബന്ധപ്പെട്ട് നടക്കുന്ന അഴിമതിയെ എങ്ങനെ നോക്കി കാണുന്നു?

ഒരു മുസ്‌ലിം കമ്മ്യൂണിറ്റിക്ക് അല്ലെങ്കില്‍ ഹിന്ദു കമ്മ്യൂണിറ്റിക്ക് എസ്.എന്‍ കമ്മ്യൂണിറ്റിക്കോ എന്‍.എസ്.എസിനോ ഒരു പോസ്റ്റ് കൊടുക്കുമ്പോള്‍ അവിടെ അറിയാതെ കോഴ എന്ന പരിപാടി എന്തൊക്കെ പറഞ്ഞാലും നടക്കുന്നുണ്ട്. അതൊരു വാസ്തവമാണ്. അതുകൊണ്ട് തന്നെ പാവപ്പെട്ടവന് അവസരങ്ങള്‍ കിട്ടുകയുമില്ല. പിന്നെ അതോടൊപ്പം തന്നെ ഏറ്റവും മിനിമം യോഗ്യതയുള്ളവര്‍ക്ക് എങ്ങനെയെങ്കിലും കയറിക്കൂടാം, എന്ന ഒരു അവസ്ഥാവിശേഷം വരുന്നുണ്ട്. അത് വിദ്യാഭ്യാസത്തിന്റെ നിലവാരം പലപ്പോഴും തകര്‍ക്കുന്നുണ്ട്. കാരണം പല കച്ചവടക്കാരും മറ്റുമൊക്കെ ഒരു ജോലിക്ക് എന്ന തരത്തില്‍ കയറുന്നുമുണ്ട്. പക്ഷെ അതൊക്കെ പി.എസ്.സി കൊണ്ട് പരിഹരിക്കപ്പെടുമെന്ന് എനിക്ക് വിശ്വാസമില്ല.

എയ്ഡഡ് സ്ഥാപനങ്ങളുമായി ഒരു ഒത്തുതീര്‍പ്പിനു സര്‍ക്കാര്‍ തയ്യാറാകണം. കാരണം സ്ഥാപനങ്ങളുടെ പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ ചെലവാക്കിയ പണം അവരുടെ കഷ്ടപ്പാടുകള്‍ ഇപ്പം സര്‍ക്കാരില്‍ നിന്ന് കിട്ടുന്നത് ചെറിയ ഗ്രാന്റ് ആണ്. പിന്നെ കോഴ എന്ന വാക്ക് ഉപയോഗിക്കാന്‍ പറ്റിയില്ലെങ്കിലും സംഭാവനയായും ഡെവലപ്‌മെന്റിനായിട്ടുമൊക്കെ പല ഫീസുകളും വാങ്ങുന്നുണ്ട്. അതൊക്കെ വളരെ തെറ്റാണെങ്കിലും ഇത് അവരുടെ നിലനില്‍പ്പിനും പുരഗതിക്കും വികസനത്തിന്റെയുമൊക്കെ പേര് പറഞ്ഞാണ് അവര് വാങ്ങുന്നത്. പക്ഷെ അത് അങ്ങനെയൊക്കെ വികസനത്തിന് വേണ്ടി ഉപയോഗിച്ചാലും സാധാരണക്കാരായ ആളുകളെ മറന്നുകൊണ്ട് ചെയ്യാന്‍ പാടില്ലല്ലോ.

 

ഇത്തരം സ്ഥാപനങ്ങളില്‍ സംവരണം ശരിയായ നടപ്പിലാക്കുന്നില്ലല്ലോ? എന്തെല്ലാം അനീതിയാണ് ഇതുമായി ബന്ധപ്പെട്ട് നടക്കുന്നത്?

ഒരു കമ്മ്യൂണിറ്റിക്ക് ഒരു സ്ഥാപനം കൊടുക്കുന്നത് ആ കമ്മ്യൂണിറ്റിയില്‍ നിര്‍ധരരായ ആളുകളെ സഹായിക്കാന്‍ വേണ്ടിയാണ്. ഈഴവ കമ്മ്യൂണിറ്റിക്ക് ഒരു സംവരണം കൊടുക്കുന്നുണ്ടെങ്കില്‍ ഈഴവ കമ്മ്യൂണിറ്റിയുടെ നിര്‍ധനരായ ആളുകള്‍ ഉയര്‍ന്നു വരാന്‍ വേണ്ടിയാണ്. പക്ഷെ ഇവിടെ സംഭവിക്കുന്നത് ഇതല്ല. സംവരണം മുതലെടുക്കുന്നത് ഉന്നതന്‍മാര്‍ തന്നെയാണ്. ഇത് എല്ലാ രംഗത്തും കാണാം. അത് പരിഹരിക്കാന്‍ നിയമനം പി.എസ്.സിക്കു നല്‍കുക എന്നത് ഒരു നല്ല മാര്‍ഗം തന്നെയാണ്. പക്ഷെ നിബന്ധനകളോട് കൂടി വേണം പി എസ് സിക്കു കൊടുക്കാന്‍. കാരണം ഇതിന്റെ പേരില്‍ ഒരു സംഘട്ടനമോ ഒരു ചര്‍ച്ചയോ ഒരു കൂട്ടര്‍ക്ക് വിഷമമോ ലാഭമോ നഷ്ടമോ ഉണ്ടാക്കേണ്ട ആവശ്യമില്ല.

ഈ വിഷയത്തില്‍ സര്‍ക്കാര്‍ ഏത് തരത്തിലുള്ള നിലപാടാണ് സ്വീകരിക്കേണ്ടത്?

അതുപോലേ ഈ മാനേജ്‌മെന്റുകളുടെ കാര്യത്തില്‍ ഏതു കമ്മ്യൂണിറ്റിക്കാണോ ആ സ്ഥാപനം നടത്തുന്നത് ആ കമ്മ്യൂണിറ്റിയുടെ അവകാശങ്ങള്‍ സംരക്ഷിച്ചു വേണം പി.എസ്.സിക്കു വിടാന്‍. പിന്നെന്തിനാ പി.എസ്.സിക്ക് വിടുന്നത് എന്ന ചോദ്യം വരും. പാവപ്പെട്ടവര്‍ക്ക് ഇത്തരം ഇടങ്ങളിലേക്ക് കയറി വരാന്‍ സാധിക്കും എന്നതാണ് അതിനുത്തരം. സ്ഥാപനങ്ങളില്‍ നടക്കുന്ന കോഴ എന്ന പ്രശ്‌നം ഇല്ലാതായി വരും. അപ്പോള്‍ അങ്ങനെയൊക്കെ ആകുമ്പോള്‍ മാനേജ്മെന്റുകള്‍ക്ക് നില നില്‍ക്കാന്‍ പറ്റുന്നതാണോ അത്തരം കാര്യങ്ങള്‍ക്ക് ഗവണ്മെന്റ് ഗ്രാന്റ് കൊടുത്തോ നിലനിലനിര്‍ത്താനുള്ള കാര്യങ്ങള്‍ ചെയ്യേണ്ടിവരും.

കാരണം ഒരു സ്ഥാപനം എന്ന് പറയുന്നത് ഒരാള്‍ ഉണ്ടാക്കിയെടുത്താല്‍ അത് നടത്തിക്കൊണ്ട പോവാന്‍ ഒരുപാട് ചെലവുകള്‍ കഴിഞ്ഞ കാലത്ത് മാനേജ്‌മെന്റുകള്‍ നടത്തിയിട്ടുണ്ട് അതിനു ശമ്പളം കൊടുക്കുക എന്ന കാര്യമാവും ഗവണ്മെന്റ് ചെയ്തിട്ടുണ്ടാവുക. പക്ഷെ ഗവണ്മെന്റ് ആവശ്യപ്പെടുന്നത്, ഗവണ്‍മെന്റ് ശമ്പളം കൊടുക്കുമ്പോള്‍ ഗവണ്മെന്റിന്റെ വഴിയില്‍ അപ്പോയിന്മെന്റ് നടത്തേണ്ടതുണ്ട് എന്നതാണ്.

ഇത് രണ്ടും ശരിയാണ് പക്ഷെ ഇത് രണ്ടും സംഘര്‍ഷമില്ലാതെ നടത്തണമെങ്കില്‍ ഒരു തുറന്ന ചര്‍ച്ച ആവശ്യമാണ്. അതിനു ശേഷം അത് പി എസ് സി ക്കു വിട്ടുകൊടുക്കുന്നത് തന്നെയാണ് കമ്മ്യൂണിറ്റിക്കും നല്ലത് സമൂഹത്തിനും നല്ലത്. പ്രത്യേകിച്ചും വലിയൊരു തുക അസര്‍ക്കാര്‍ ശമ്പളം കൊടുക്കുന്ന നിലക്ക് അതിനു വലിയൊരു മാനദണ്ഡം വെച്ചുകൊണ്ട് ചര്‍ച്ച നടത്താന്‍ സര്‍ക്കാര്‍ തയ്യാറാകണം, എന്നാണ് എന്റെ അഭിപ്രായം.

 

മാനേജ്‌മെന്റുകള്‍ എതിര്‍പ്പുമായി വരാനുള്ള സാധ്യതയില്ലേ?

മാനേജ്‌മെന്റുകള്‍ യഥാര്‍ത്ഥത്തില്‍ ഇതിനെ കുറിച്ച് ഗൗരവമായി പഠിച്ചിട്ടില്ല. ഇതൊന്നും വരാന്‍ പോകുന്നില്ല, കുറെ കാലമായി ചര്‍ച്ച ചെയ്യുന്നു എന്ന തരത്തിലാണ് എന്ന് കരുതുന്നത് കൊണ്ടാവാം. എം.ഇ.എസിനെ സംബന്ധിച്ചിടത്തോളം അവര്‍ പറയുന്നത് പലരും കോഴയെ കുറിച്ചു മാത്രമാണ് പറയുന്നത്. ഇത് കോഴയുടെ മാത്രം പ്രശ്‌നമല്ല.

ഞാന്‍ നേരത്തെ പറഞ്ഞത് പോലെ കാര്യങ്ങള്‍ വരുന്നുണ്ട്. എയ്ഡഡ് നിയമനം പി.എസ്.സിക്ക് വിട്ട് കഴിഞ്ഞാല്‍ പിന്നെ പാവപ്പെട്ട ആളുകള്‍, എസ്.സി/ എസ്.ടി വിഭാഗത്തിലുള്ളവര്‍ എന്നിവര്‍ക്ക് എന്തായാലും സംവരണം ആവശ്യമാണ്. അപ്പോള്‍ സംവരണം അംഗീകരിച്ചു കൊണ്ട് ഓരോ കമ്മ്യൂണിറ്റിക്കും അവരുടെ ഭാഗങ്ങള്‍ നല്‍കികൊണ്ട് പി.എസ്.സിക്ക് വിടുന്നതാണ് നല്ലത്. അങ്ങനെയാണല്ലോ പി.എസ്.സിയുടെ മറ്റു സ്ഥാപനങ്ങളിലെ നിയമനങ്ങള്‍ ഒക്കെ നടക്കുന്നത്.

കാശുള്ളവനെ സംബന്ധിച്ച് പി.എസ്.സി നിയമനം വേണ്ട എന്ന് പറയും. കാരണം അവര്‍ കാശുകൊടുത്തു കയറാന്‍ തയ്യാറാണ്. അവര്‍ക്കിഷ്ടപെട്ട സ്‌കൂളിന്റെ, കോളേജിന്റെ മുറ്റത്ത് അവര്‍ക്ക് കയറാം, എനിക്ക് അവിടെ തന്നെ സ്ഥിരമായി നില്‍ക്കാം അങ്ങനെ പല മോഹങ്ങളും പണം ഉണ്ടായതുകൊണ്ട് ഉണ്ടാവും. പാവപ്പെട്ടവന് എന്തായാലും പി.എസ്.സി വരണം എന്നാണ്. അതുകൊണ്ട് നമ്മള്‍ നില്‍ക്കേണ്ടത് പാവപെട്ടവന ടോപ്പമാണല്ലോ അതുകൊണ്ട് ആ നിലക്ക് പി.എസ്.സി വരണം .

Content Highlight: Interview with Dr. Hussain Randathani on Aided school- college appointments Kerala PSC