സിനിമ നിരൂപണത്തിൽ വന്ന പ്രകടമായ പുതിയ മാറ്റങ്ങൾ വലിയ രീതിയിൽ ചർച്ചകൾക്ക് വഴിവെച്ചിരിക്കുക്കയാണ്. സിനിമ റിവ്യൂകളിൽ നിയന്ത്രണം കൊണ്ടുവരണമെന്ന ആവശ്യവുമായി സംവിധായകൻ മുബീൻ റൗഫ് നൽകിയ ഹരജി ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഇത്തരമൊരു ഹരജിയുമായി ഹൈക്കോടതിയെ സമീപിക്കാനുണ്ടായ സാഹചര്യത്തെ കുറിച്ച് ഡൂൾ ന്യൂസിനോട് സംസാരിക്കുകയാണ് സംവിധായകൻ മുബീൻ റൗഫ്.
സിനിമ നിരൂപണത്തിൽ വന്ന പുതിയ മാറ്റങ്ങളെ താങ്കൾ എങ്ങനെ നോക്കിക്കാണുന്നു ?
സിനിമ നിരൂപണം എല്ലാ കാലത്തും നല്ലത് തന്നെയാണ്. സിനിമ ചെയ്യുന്ന ഒരു വ്യക്തിയും നൂറു ശതമാനം പെർഫെക്റ്റ് ആയിരിക്കണമെന്നില്ല. പക്ഷെ നിരൂപണം ചെയ്യുന്ന രീതിയിലാണ് പ്രശ്നമുള്ളത്. സിനിമയെ റിവ്യൂ ചെയ്യാം. പക്ഷെ അതല്ലല്ലോ ഇപ്പോൾ നടക്കുന്നത്. സിനിമ ചെയ്ത സംവിധായകനെയും അതിൽ അഭിനയിച്ചവരെയുമെല്ലാം വ്യക്തിപരമായി ആക്രമിക്കുന്നതാണ് പ്രശ്നം. തീർച്ചയായും അതിനൊരു ഓർഡറോ മാനദണ്ഡമോ കൊണ്ട് വരേണ്ടതുണ്ട്. അത്തരത്തിലുള്ളൊരു നിയന്ത്രണം വരണം. ഇപ്പോഴുള്ള സിനിമ റിവ്യൂകളിൽ സിനിമകളെ കുറിച്ചാണോ അവർ കൂടുതൽ ചർച്ച ചെയ്യുന്നത്? വ്യക്തിഹത്യയാണ് നടക്കുന്നത്. എല്ലാവരുടെയും കാര്യമല്ല പറയുന്നത്. നൂറു ശതമാനത്തിൽ വെറും രണ്ടു ശതമാനത്തിന്റെ കാര്യമാണിത്. അവർ മാത്രം മതിയല്ലോ മൊത്തത്തിൽ ചീത്തപേരുണ്ടാക്കാൻ. അതിനൊരു തീരുമാനമാണ് ഞങ്ങൾക്ക് വേണ്ടത്. പത്രധർമ്മം എന്നൊക്കെ പറയുമെങ്കിലും അതെല്ലാം ഒരാളുടെ മൂക്കിന്റെ തുമ്പ് വരേയുള്ളു. അത് കഴിഞ്ഞുള്ള പേഴ്സണൽ ലൈഫിലോട്ട് അത് പരിധി വിട്ട് പോവരുത്.
ആവിഷ്ക്കാര സ്വാതന്ത്ര്യത്തെ കുറിച്ചും അഭിപ്രായ സ്വാതന്ത്ര്യത്തെ കുറിച്ചും വലിയ ചർച്ചകൾ നടക്കുന്ന ഈ സമയത്ത് ഒരു സിനിമയെ പറ്റി വ്യക്തിപരമായ അഭിപ്രായം പറയാൻ ഒരാൾക്ക് അവകാശമില്ലേ?
ആവിഷ്ക്കാര സ്വാതന്ത്ര്യവും അഭിപ്രായ സ്വാതന്ത്ര്യവും തുല്യമായി നിൽക്കുന്ന രണ്ട് കാര്യങ്ങളാണ്. പക്ഷെ അതിലുപരി ഒരാളുടെ ജോലിയെ ബാധിക്കുന്ന രീതിയിൽ അഭിപ്രായങ്ങൾ ഉയർന്നു വരുന്നതാണ് ഏറ്റവും വലിയ പ്രശ്നം. അത് വലിയ രീതിയിലാണ് ഒരു കലാസൃഷ്ടിയെ ബാധിക്കുന്നത്.
സിനിമകൾ ബോക്സ് ഓഫീസിൽ പരാജയപ്പെടുന്നത് ആദ്യമായിട്ടല്ലല്ലോ? സോഷ്യൽ മീഡിയ ഒട്ടും ആക്റ്റീവ് അല്ലാത്ത കാലത്തും വലിയ ഹൈപ്പിൽ വന്ന ചിത്രങ്ങൾ പരാജയപ്പെട്ടിട്ടില്ലേ? ചെറിയ ഹൈപ്പിൽ ഇറങ്ങുന്ന ചിത്രങ്ങളുടെ പ്രൊമോഷനായി ഓൺലൈൻ മീഡിയാസും സഹായിക്കാറില്ലേ?
കാലത്തിനനുസരിച്ചു മാറ്റങ്ങൾ എന്തായാലും സംഭവിക്കും. സോഷ്യൽ മീഡിയകളും ഓൺലൈൻ മീഡിയകളും പ്രൊമോഷൻ അടക്കമുള്ള കാര്യങ്ങളിലൂടെ സിനിമയെ വിജയിപ്പിക്കാൻ ഒരുപാട് സഹായിക്കുന്നുണ്ട്. ടാർഗറ്റ് ചെയ്തുകൊണ്ട് റിവ്യൂ ചെയ്യുന്ന വളരെ ചുരുക്കം ആളുകളെ മാത്രമാണ് ഞങ്ങൾ വിമർശിക്കുന്നത്. അവരാണ് പ്രശ്നക്കാർ. കുറച്ചു വർഷങ്ങൾ കഴിഞ്ഞിട്ടുള്ള സിറ്റുവേഷൻ ചിന്തിച്ചു നോക്കണം. ഇത് സിനിമയ്ക്ക് വലിയ രീതിയിൽ ദോഷം ചെയ്യും. അത്തരക്കാർ വലിയ രീതിയിൽ സ്വാധീനം ചെലുത്താൻ തുടങ്ങിയാൽ നേരാവണ്ണം സിനിമ എടുക്കാൻ തന്നെ ഒരാൾക്ക് പേടി തോന്നും. അപ്പോൾ സിനിമയ്ക്ക് നിർമാതാക്കളെ കിട്ടാതെ വരും. സിനിമയെ ആശ്രയിച്ചു ജീവിക്കുന്ന ഒരുപാട് പേരുണ്ട്. സോഷ്യൽ മീഡിയ അടക്കം നിലനിൽക്കുന്നത് സിനിമയെ ആശ്രയിച്ചു കൊണ്ടാണ് . സിനിമയാണ് എല്ലാം. ഈയൊരു സിനിമയെ ഒരു വിഭാഗം ആളുകൾ ടാർഗറ്റ് ചെയ്തു കൊണ്ട് പ്രവർത്തിക്കുമ്പോൾ അതിനെതിരെ നമ്മൾ പ്രതികരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. അല്ലാത്ത പക്ഷം അന്യഭാഷാ ചിത്രങ്ങൾ വലിയ രീതിയിൽ ആഘോഷിക്കപ്പെടുകയും മലയാള സിനിമയ്ക്ക് അത് വലിയ രീതിയിൽ ദോഷമായി മാറുകയും ചെയ്യും.
ഫിലിം റിവ്യൂ എന്നതിലുപരി മൗത്ത് പബ്ലിസിറ്റിക്ക് വലിയൊരു സ്ഥാനമില്ലേ. ചെറിയ ചിത്രങ്ങളടക്കം അതുവഴി വലിയ വിജയമാവാറുണ്ട്. അതുകൊണ്ട് തന്നെ സോഷ്യൽ മീഡിയ റിവ്യൂവിന് വലിയ സ്ഥാനമുണ്ടെന്ന് കരുതുന്നുണ്ടോ?
തീർച്ചയായും മൗത്ത് പബ്ലിസിറ്റിക്ക് വലിയ സ്ഥാനമുണ്ട്. കുറച്ചുനാളുകൾക്ക് മുൻപ് ഒരാൾ ഒരു സിനിമ കണ്ടു വരുകയാണെങ്കിൽ ആ ചിത്രത്തെ കുറിച്ച് അയാളോട് ചോദിക്കുമ്പോൾ അയാൾ ആ സിനിമയുടെ കഥ മുഴുവൻ പറഞ്ഞു തുടങ്ങിയാൽ അത് കേൾക്കുന്ന ഒരാൾ എന്താണ് പറയുക? അത് പറയണ്ട ബാക്കി ഞങ്ങൾ കണ്ടോളാം എന്നല്ലേ? സിനിമയുടെ കഥ കുറച്ചു കേട്ടാൽ തന്നെ നമുക്ക് ചിലപ്പോൾ ബാക്കി കാണാനുള്ള താത്പര്യം അങ്ങ് പോവും. ഇതാണിപ്പോൾ സംഭവിക്കുന്നത്. റിവ്യൂ എന്ന പേരിൽ ഒരു സിനിമയുടെ കഥ ഏകദേശം മുഴുവനായി ഇരുന്നങ്ങ് പറയുകയാണ്. കഥയെ കുറിച്ച് പ്രേക്ഷകർക്ക് മുൻകൂട്ടിയൊരു ധാരണ വരികയാണ്. അത് വലിയ രീതിയിൽ ബാധിക്കും. സിനിമയെന്നാൽ ഒരു രണ്ടു മണിക്കൂർ എന്റർടൈമെന്റ് ആണ്. ഈ രണ്ടു മണിക്കൂർ ഒരു തിയേറ്ററിൽ ഇരുന്ന് കാണാൻ പറ്റാത്ത അത്രയും മോശം സിനിമകളൊന്നും മലയാളത്തിൽ ഇറങ്ങുന്നില്ല. സിനിമയെ അത്തരത്തിലൊരു എന്റർടൈമെന്റ് മാത്രമായി കണ്ടാൽപോരെ. ഇങ്ങനെ കീറി മുറിക്കേണ്ട ആവശ്യമുണ്ടോ?
ഒരു സിനിമയെ സംബന്ധിച്ചു സാമ്പത്തിക ലാഭം വലിയൊരു ഘടകമല്ലേ? ആദ്യത്തെ ഏഴ് ദിവസം സോഷ്യൽ മീഡിയ വഴി നെഗറ്റീവ് അഭിപ്രായങ്ങൾ വരാതിരുന്നാൽ അത് വലിയ രീതിയിൽ ഗുണം ചെയ്യും എന്നാണോ താങ്കളുടെ അഭിപ്രായം?
അതെ, സാമ്പത്തിക ലാഭമാണ് ഏറ്റവും വലുത്. അടുത്ത ചിത്രത്തിന് നിർമാതാവിനെ കിട്ടണമെങ്കിൽ സാമ്പത്തിക ലാഭം തീർച്ചയായും ഒരു വലിയ ഘടകമാണ്. നെഗറ്റീവ് റിവ്യൂ വരുന്നതോ വരാതിരിക്കുന്നതോ അല്ല, ഒരു സിനിമ എന്നത് ഒരു പ്രോഡക്റ്റ് ആണ്. അതിനെയാണ് റിവ്യൂ ചെയ്യുന്നത്. അതിനുപരി ചിത്രത്തിന്റെ സാമ്പത്തിക ലാഭം മറ്റുകാര്യങ്ങളെ ആശ്രയിച്ചാണ് ഇരിക്കുന്നത്. ആദ്യ ദിനം തന്നെ നെഗറ്റീവ് റിവ്യൂ വരുന്ന ചിത്രം അടുത്ത ദിവസങ്ങളിൽ മുന്നോട്ട് പോകണമെങ്കിൽ അതിന്റെ അണിയറപ്രവർത്തകർ വലിയ രീതിയിൽ പ്രൊമോഷൻ ചെയ്യേണ്ടതുണ്ട്. അങ്ങനെ ഒരുപാട് പ്രശ്നങ്ങളുണ്ട്.
ഏഴ് ദിവസം റിവ്യൂ സ്റ്റേ ചെയ്യുമെന്ന രീതിയിൽ ഒരു പത്രക്കുറിപ്പിന്റെ ചിത്രം വലിയ രീതിയിൽ സോഷ്യൽ മീഡിയയിൽ വൈറലാവുന്നുണ്ട്.അതിന് പിന്നിലെ സത്യാവസ്ഥ എന്താണ്?
അത് ആരാണ് ചെയ്‌തെന്ന വിവരം ഞങ്ങൾക്കില്ല. അതിനെക്കുറിച്ചു ചോദിച്ചവരോട് ഞങ്ങൾ പറഞ്ഞിരുന്നു. ഞങ്ങൾ കൊടുത്ത ഹരജിയിൽ സിനിമയിറങ്ങി റിവ്യൂ ചെയ്യാൻ ഏഴു ദിവസത്തിന്റെ സാവകാശം വേണമെന്ന് പറഞ്ഞിരുന്നു. പക്ഷെ ബഹുമാനപ്പെട്ട ഹൈക്കോടതി അതിനെക്കുറിച്ചൊന്നും പ്രതിപാദിച്ചു പറഞ്ഞിട്ടില്ല. അത് ചിലപ്പോൾ ഫേക്ക് ന്യൂസ് ആവാം. അല്ലെങ്കിൽ വായിച്ചറിഞ്ഞപ്പോൾ ഉണ്ടായ മിസ്റ്റേക്ക് ആവാം. ആ ന്യൂസ് വലിയ രീതിയിൽ സ്പ്രെഡ് ആയിട്ടുണ്ട്. അതിനെക്കുറിച്ചു ഹൈക്കോടതി ഇന്നലെ വ്യക്തമാക്കിയിരുന്നു. ജഡ്ജ്മെന്റിന്റെ കോപ്പിയിലും അങ്ങനെയൊരു കാര്യം പറയുന്നില്ല. ഞങ്ങളെ ബന്ധപ്പെട്ട എല്ലാ മീഡിയാസിനോടും അത് ബോധ്യപ്പെടുത്തിയിരുന്നു. ഏതൊരു സംഭവം ഇറങ്ങുമ്പോഴും അതിന്റെ പല വശങ്ങൾ നാട്ടിൽ ഇറങ്ങുമല്ലോ,അതുപോലെ കണ്ടാൽ മതി ഇതിനെയും.
സിനിമ മേഖലയിൽ നിന്നും എന്തെങ്കിലും വിധത്തിലുള്ള പിന്തുണ താങ്കൾക്ക് ലഭിച്ചിരുന്നോ?
എല്ലാവരും എന്റെ കൂടെയുണ്ട്. സിനിമ മേഖലയിൽ നിന്ന് മാത്രമല്ല സിനിമയെ ഏറെ ഇഷ്ടപെടുന്ന സിനിമ പ്രേമികളും സിനിമയിൽ കൂടെ വർക്ക് ചെയ്യുന്ന ഒരുപാട് പേരും എന്റെ കൂടെയുണ്ട്. അതിലുപരി ഒരുപാട് ഓൺലൈൻ മീഡിയാസും ഞങ്ങളുടെ ഒപ്പം തന്നെയുണ്ട്. സത്യസന്ധമായി ആത്മാർത്ഥമായി വർക്ക് ചെയ്യുന്ന എല്ലാവരും കൂടെയുണ്ട്. അതെല്ലാം വലിയൊരു കാര്യം തന്നെയാണ്.
ഇങ്ങനെയൊരു സ്റ്റേ നടപ്പാക്കുകയാണെങ്കിൽ കോടതിക്ക് ഏത് നിയമപ്രകാരമാണ് റിവ്യൂ ചെയ്യരുത് എന്ന കാര്യം റദ്ദ് ചെയ്യാൻ കഴിയുക?
കോടതിയുടെ കാര്യമായതുകൊണ്ട് തന്നെ ഇത് ഏത് രീതിയിലാണ് വരുക എന്നതിനെ കുറിച്ച് വലിയ ധാരണ എനിക്കില്ല. നിലവിൽ ഇതിന് പ്രത്യേകിച്ച് നിയമങ്ങളൊന്നുമില്ല എന്നറിയാം. അതുകൊണ്ട് തന്നെ ഇതിനൊരു മാനദണ്ഡം കൊണ്ടുവരേണ്ടതുണ്ട്. ശരിയായ ഒരു നിയമം കൊണ്ടുവരേണ്ടതുണ്ട്. അതിനാണ് ഞങ്ങൾ ശ്രമിക്കുന്നത്. ഒരു റിവ്യൂ ചെയ്യുന്നതിന് വ്യക്തമായ ഒരു ഗൈഡ്‌ലൈൻ കൊണ്ടുവരണം. ഇതിനൊരു തീരുമാനമെടുക്കുന്നതിന്റെ ഭാഗമായി ബഹുമാനപ്പെട്ട ഹൈക്കോടതി ഇന്നലെ ഡി.ജി.പിയോട് സിനിമ മേഖലയിലെ പ്രവർത്തകരുടെ മൊഴിയെടുത്ത ശേഷം വിവരങ്ങൾ സമർപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ബാക്കി കാര്യങ്ങൾ കോടതി തീരുമാനിക്കും.
താങ്കളുടെ ആദ്യ സിനിമയായ ‘ആരോമലിന്റെ ആദ്യ പ്രണയത്തി’നുള്ള ഒരു പ്രൊമോഷന് വേണ്ടിയാണ് ഇപ്പോൾ ഇത്തരത്തിലൊരു കേസ് ഫയൽ ചെയ്‌തെന്ന് സ്വാഭാവികമായും വിമർശനം വന്നിട്ടുണ്ടാവുമല്ലോ? അതിൽ എന്താണ് പറയാനുള്ളത് ?
ഒരിക്കലും ഞാൻ എന്റെ സിനിമയ്ക്ക് വേണ്ടിയല്ല ഈ കേസ് കൊടുത്തത്. സിനിമയുടെ വർക്ക് എല്ലാം കഴിഞ്ഞു റിലീസിന് ഒരുങ്ങുമ്പോഴാണ് ഇത്തരത്തിലുള്ള പുതിയ പ്രശ്നങ്ങൾ ഫേസ് ചെയ്യേണ്ടി വരുന്നത്. നമ്മുടെ വീട്ടിലൊരു കല്യാണം നടക്കുമ്പോഴാണല്ലോ അതിന്റെ പ്രയാസങ്ങൾ നമ്മൾ തിരിച്ചറിയുക. അതുപോലേയാണിതും. ഞങ്ങളുടെ സിനിമയും ആ സന്ദർഭത്തിൽ എത്തിനിൽക്കുമ്പോഴാണ് അത് മനസ്സിലാവുന്നത്. നിയമപരമായി മുന്നോട്ട് പോവുക എന്നത് തന്നെയല്ലേ ഏറ്റവും നല്ലത്. ഈ കേസ് എന്തായാലും നീണ്ടു പോവും. പടത്തിന് വേണ്ടിയാണ് ചെയ്തതെങ്കിൽ നേരത്തെ തന്നെ എനിക്കത് ആവാമായിരുന്നല്ലോ
ഫുഡ് കഴിച്ചിട്ട് ഹോട്ടലിനെ ആരും കുറ്റം പറയുന്നില്ലല്ലോ എന്നൊരു സ്‌റ്റേറ്റ്‌മെന്റ് കഴിഞ്ഞ ദിവസം വൈറലായിരുന്നു. ഇവിടെ ഫുഡ് വ്ലോഗ് ചെയുന്ന എത്രയോ പേരില്ലേ?
ശരിയാണ്. പക്ഷെ പലർക്കും പല ടേസ്റ്റ് അല്ലെ. എനിക്ക് ത്രില്ലർ സിനിമകൾ ഇഷ്ടമാണെന്ന് കരുതി അത് മാത്രമേ എല്ലാരും ഇഷ്ടപ്പെടാൻ പാടുള്ളു എന്നില്ലല്ലോ. ഒരു കോമഡി സിനിമ കണ്ട് എനിക്കിഷ്ടമായില്ല എന്ന് പറഞ്ഞാൽ അത് ഇഷ്ടമുള്ള പ്രേക്ഷകരെയും ഞാൻ പരിഗണിക്കേണ്ടേ. അത്രയേ ഉള്ളു ഇതും.
തമിഴ് സിനിമ മേഖലയും സമാനമായൊരു പ്രസ്‌താവന ഈയിടെ ഇറക്കുകയുണ്ടായി. അത് എത്രത്തോളം സ്വാധീനിച്ചിട്ടുണ്ട്?
തമിഴ്‌നാട് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ ഇറക്കിയ പ്രസ്താവനയാണത്. തമിഴ് സിനിമ റിലീസ് ആയി മൂന്ന് ദിവസം കഴിയാതെ റിവ്യൂ പബ്ലിഷ് ചെയ്യരുതെന്ന് അവരെടുത്ത തീരുമാനമാണ്. അതിൽ കോടതി ഇടപെട്ടിട്ടില്ല. അത് കോടതി ഇറക്കിയ ഓർഡർ ആണെന്നാണ് ബഹുഭൂരിപക്ഷവും കരുതിയിരിക്കുന്നത്. അതൊരു ശരിയായ രീതിയായിട്ടാണ് ഞങ്ങൾക്കും തോന്നുന്നത്. ഇതേ പാറ്റേൺ തന്നെയാണിത്. ഒരുപാട് പൈസ മുടക്കി, സമയമെടുത്തു ചെയ്യുന്ന സിനിമയ്ക്ക് വേണ്ടി ഞങ്ങൾ ചോദിക്കുന്നത് വെറും രണ്ടോ മൂന്നോ ദിവസം മാത്രമാണ്. ഒരു മാനുഷിക പരിഗണന വേണം. അത്രയേ ചോദിക്കുന്നുള്ളു.
ഈ നിയമം നടപ്പാക്കപ്പെട്ടാൽ അത് സിനിമാമേഖലയ്ക്ക് വലിയ മുതൽകൂട്ടാവുമെന്ന പ്രതീക്ഷയുണ്ടോ?
ഉറപ്പായിട്ടും. അങ്ങനെയൊരു മാറ്റം സംഭവിച്ചാൽ അത് നല്ലതിനായിട്ടുള്ളൊരു മാറ്റമായിരിക്കും. സിനിമയ്ക്ക് മാത്രമല്ല മൊത്തത്തിൽ അത് ഒരുപാട് ഗുണം ചെയ്യും. മലയാള സിനിമ ഒരിക്കലും താഴോട്ട് പോവാതെ എന്നും ലോകത്തിന് നല്ല സിനിമകൾ സമ്മാനിച്ച് കൊണ്ടിരിക്കണം എന്ന് മാത്രമേ ആഗ്രഹമുള്ളു.
Content Highlight : Interview With Director Mubeen Rouf