| Tuesday, 30th August 2022, 7:47 pm

ഞാന്‍ റൂട്ട് മാറ്റിയതല്ല, മാറിയതാണ്

അമൃത ടി. സുരേഷ്

മൃഗങ്ങളെ കേന്ദ്രീകരിച്ച് മുമ്പും സിനിമകള്‍ വരുകയും വിജയിക്കുകയും ചെയ്തിട്ടുണ്ട്. അതില്‍ നിന്നും പാല്‍തു ജാന്‍വര്‍ എന്ത് വ്യത്യസ്തതയായിരിക്കും നല്‍കുക?

ഓരോ ജോണറിലും സിനിമ വരാറുണ്ട്. റൊമാന്റിക്ക് ജോണറില്‍ ആണെങ്കില്‍ എല്ലാ സിനിമകളും ഒരുപോലത്തെ റൊമാന്‍സ് ആവണമെന്നില്ലല്ലോ. അതിന് അതിന്റേതായ പല വ്യത്യാസങ്ങള്‍ ഉണ്ടാവുമല്ലോ. മൃഗങ്ങള്‍ കഥയുടെ ഭാഗമണെന്നേയുള്ളൂ. ശരിക്കും ചെറുപ്പക്കാരനായ ഒരു ലൈവ് സ്റ്റോക്ക് ഇന്‍സ്‌പെക്റ്ററുടെ ജേര്‍ണിയാണിത്. അയാള്‍ പുതിയ ഗ്രാമത്തിലെത്തുന്നതും അവിടെ നേരിടുന്ന വെല്ലുവിളികളുമൊക്കെ നിറഞ്ഞ അയാളുടെ ജേര്‍ണിയാണ് ഈ സിനിമ. ഓരോ സിനിമക്കും അതിന്റേതായ കഥകളുണ്ട്. ഇതൊരു കുഞ്ഞു സിനിമയാണ്. ഭയങ്കര കോപ്ലിക്കേഷന്‍സൊന്നുമില്ല. അതിനിടക്ക് ഹ്യൂമറും ഡ്രാമയും ചെറിയ ടെന്‍ഷനും കടന്നുവരുന്നുണ്ട്. കണ്ടിറങ്ങുമ്പോള്‍ ആളുകള്‍ക്ക് മനസ് നിറഞ്ഞ ഫീല്‍ ഉണ്ടാകുമെന്നാണ് കരുതുന്നത്.

ട്രെയ്‌ലറിന്റെ അവസാനം വരുന്ന ഉണ്ണിമായയുമായുള്ള രംഗം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. എന്ത് തോന്നി?

പ്രൊമോഷന്റെ തിരക്കുകള്‍ കാരണം അതൊന്നും ശ്രദ്ധിക്കാന്‍ പറ്റിയില്ല. ഉണ്ണിമായ എന്റെ ചേച്ചിയുടെ കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. നമ്മുടെയെല്ലാവരുടെയും ജീവിതത്തില്‍ മോട്ടിവേറ്റ് ചെയ്യാന്‍ എപ്പോഴും ആളുകള്‍ ഉണ്ടാവും. ചില സമയത്ത് ഒരു റിയാലിറ്റി ചെക്ക് തരാന്‍ ആളുകള്‍ ഉണ്ടാവും. ഫേക്കായിട്ടുള്ള മോട്ടിവേഷന്‍ നല്‍കുന്നതിനെക്കാള്‍ നല്ലതാണല്ലോ ഫാക്റ്റ് പറയുന്നത്. അങ്ങനെയൊരു രീതിയിലാണ് ഉണ്ണിമായയുടെ കഥാപാത്രം പറഞ്ഞുപോകുന്നത്.

അഭിനേതാവ് എന്ന നിലയില്‍ സിനിമ സെലക്റ്റ് ചെയ്യുമ്പോഴും അഭിനയിക്കുമ്പോഴും ഉള്ളിലെ സംവിധായകന്‍ പുറത്ത് വരാറുണ്ടോ?

ഇല്ല. കഥ കേള്‍ക്കുമ്പോള്‍ അതിന്റെ സ്‌ക്രീന്‍ പ്ലേയും സ്ട്രക്ച്ചറും നോക്കാറുണ്ട്. പ്രീ പ്രൊഡക്ഷന്‍ സമയത്തും സ്‌ക്രിപ്റ്റിങ്ങിന്റെ സമയത്തും ചെയ്യാന്‍ പറ്റുന്ന ഡിസ്‌കഷന്‍സ് ഒക്കെ അപ്പോള്‍ നടത്തും. ആക്റ്ററാവുമ്പോള്‍ പൂര്‍ണമായും സംവിധായകന്റെ സ്വാതന്ത്ര്യത്തിന് തന്നെ വിട്ടുകൊടുക്കും. കഥ കേള്‍ക്കുമ്പോള്‍ നമ്മുടെ മനസില്‍ ഒരു സിനിമ ഉണ്ടാവും. സംവിധായകന്റെ മനസിലും അതുപോലത്തെ സിനിമ തന്നെയാണ് മിക്കവാറും ഉണ്ടാവുക. ചിലപ്പോള്‍ നമ്മള്‍ ഒട്ടും വിചാരിക്കാത്ത വേറെ സിനിമ ആയിരിക്കാം. ഷൂട്ടിങ്ങ് തുടങ്ങികഴിയുമ്പോഴേ അത് മനസിലാവൂ. കമ്മിറ്റ് ചെയ്തുകഴിഞ്ഞാല്‍ അവരുടെ കൂടെ ആ സിനിമ ചെയ്തുതീര്‍ക്കുക എന്നതേ ചെയ്യാനുള്ളൂ.

അഭിനയത്തിനിടയില്‍ സംവിധായകന്‍ എന്ന നിലയില്‍ സജഷന്‍സ് കൊടുക്കാറുണ്ടോ?

ഇല്ല. കൂടുതല്‍ അവരെ കോപ്ലിക്കേറ്റ് ചെയ്ത് കണ്‍ഫ്യൂസ് ചെയ്യാന്‍ ശ്രമിക്കാറില്ല. മറ്റൊരു സംവിധായകന്‍ ഇടക്ക് വന്ന് സജഷന്‍സും ഫീഡ് ബാക്കും കൊടുത്താല്‍ സംവിധായകന്‍ പതറിപ്പോവും. ഞാന്‍ വിചാരിച്ചത് തെറ്റാണോ ഇനി ഇയാള്‍ പറയുന്നതാണോ ശരി എന്ന് വിചാരിക്കും. ചിലത് നല്ല ഫീഡ്ബാക്ക്‌സായിരിക്കും, അത് എനിക്കും ഗുണം ചെയ്യാറുണ്ട്. ചിലത് കണ്‍ഫ്യൂസ്ഡാക്കും. എല്ലാം കറക്റ്റായിട്ട് ചെയ്തുപോകുന്നുണ്ടോ എന്ന് നോക്കും.

ഇതുവരെ അഭിനയിച്ചതില്‍ ഭൂരിഭാഗവും വിജയിച്ച ചിത്രങ്ങളാണ്. സിനിമ സെലക്ഷനില്‍ എത്രത്തോളം സൂക്ഷമത പുലര്‍ത്താറുണ്ട്?

അഭിനയിക്കുന്ന സിനിമകളില്‍ അത്രയും സൂക്ഷ്മത നോക്കാറില്ലായിരുന്നു. ഇപ്പോള്‍ അഭിനേതാവ് എന്ന നിലയില്‍ കുറച്ച് കൂടി ഉത്തരവാദിത്തം വന്നു. പ്രധാന കഥാപാത്രങ്ങളും ലീഡ് റോളും ചെയ്യാന്‍ തുടങ്ങി. ആക്റ്റര്‍ എന്ന നിലയില്‍ ഉത്തരവാദിത്തം കൂടിയപ്പോള്‍ മുതല്‍ സ്‌ക്രിപ്റ്റ് നോക്കി എടുക്കാന്‍ തുടങ്ങി. ഐഡിയ ഇംപ്രസ് ചെയ്യിപ്പിച്ചാല്‍ പിന്നെ പൂര്‍ണമായും അതിന് വേണ്ടി ഇരിക്കുക എന്ന പ്രോസസിലേക്കാണ് കടക്കുന്നത്. പണ്ട് അങ്ങനെ ആയിരുന്നില്ല. കഥ കേള്‍ക്കും. കഥാപാത്രമെന്താണെന്ന് കേട്ടിട്ട് അങ്ങ് ചെയ്യും. ഉത്തരവാദിത്തം വന്നതോടെ കുറച്ച് കൂടി സീരിയസായി കാണാന്‍ തുടങ്ങി.

ഒടുവില്‍ പുറത്ത് വന്ന ഡിയര്‍ ഫ്രണ്ട് തിയേറ്ററില്‍ പരാജയപ്പെട്ടിരുന്നു. എന്നാല്‍ ഒ.ടി.ടിയില്‍ എത്തിയപ്പോള്‍ പ്രേക്ഷകര്‍ സ്വീകരിക്കുകയും ചെയ്തു. അതിനെ എങ്ങനെയാണ് നോക്കികാണുന്നത്?

കുറെയൊക്കെ പ്രതീക്ഷിച്ചിരുന്നു. പരീക്ഷണ ചിത്രമായിട്ട് തന്നെയാണ് അത് ഷൂട്ട് ചെയ്തത്. ഷൂട്ട് ചെയ്യുമ്പോള്‍ എല്ലാവര്‍ക്കും ആ ഡിസ്‌കഷന്‍ ഉണ്ടായിരുന്നു. ടാര്‍ഗെറ്റഡായിട്ടുള്ള പ്രേക്ഷകരിലേക്ക് പോയാലേ വര്‍ക്ക് ആവുകയുള്ളൂ. ഒരു കൊമേഴ്ഷ്യല്‍ സ്‌പേസില്‍ ആ സിനിമ അത്ര എക്‌സൈറ്റ്‌മെന്റാകണമെന്നില്ല. ഒ.ടി.ടിയില്‍ വരുമ്പോഴുള്ള റെസ്‌പോണ്‍സും പ്രതീക്ഷിച്ചത് തന്നെയാണ്. ഒ.ടി.ടിയില്‍ എത്തുമ്പോള്‍ സെലക്ടീവായിട്ടുള്ള പ്രേക്ഷകര്‍ അവരുടെ കംഫര്‍ട്ട് സോണിലിരുന്നാണല്ലോ കാണുന്നത്. അതുകൊണ്ട് അവരുടെ ക്രിട്ടിസസമൊക്കെ കുറച്ചുകൂടി ലിബറലായിരിക്കും.

ഈ പ്രതികരണങ്ങള്‍ കണ്ടപ്പോള്‍ ഡയറക്ട് ഒ.ടി.ടിയിലേക്ക് തന്നെ റിലീസ് ചെയ്താല്‍ മതിയായിരുന്നു എന്ന് തോന്നിയോ?

ശരിക്കും ഒ.ടി.ടിക്ക് വേണ്ടി ആലോചിച്ച് ചെയ്ത സിനിമ ആണത്. പിന്നീട് കൊവിഡ് ലോക്ക്ഡൗണ്‍ മാറിയതിന് ശേഷം ഒ.ടി.ടി ഡയറക്റ്റ് റിലീസ് കുറഞ്ഞല്ലോ. അങ്ങനെയായപ്പോഴാണ് തിയേറ്ററില്‍ ഇറക്കിയിട്ട് ഒ.ടി.ടിയിലേക്ക് പോകാമെന്ന് വിചാരിച്ചത്. ഫ്‌ളോപ്പ് ആവാന്‍ വേണ്ടി ആരും ഒരു സിനിമ ചെയ്യില്ലല്ലോ. ഇപ്പോള്‍ ആ സിനിമയെ സ്വീകരിച്ചവര്‍ തന്നെയായിരുന്നു അതിന്റെ ടാര്‍ഗെറ്റഡ് ഓഡിയന്‍സ്. ആ സിനിമക്ക് വേണമെങ്കില്‍ കുറച്ച് ഡ്രാമയും കുറച്ച് ആക്ഷനും ഒക്കെയുള്ള രീതിയില്‍ ഒരു കൊമേഴ്ഷ്യല്‍ ക്ലൈമാക്‌സ് കൊടുക്കാമായിരുന്നു. എന്നാല്‍ അതല്ല, ഈ സിനിമക്ക് ഈ ക്ലൈമാക്‌സാണ് വേണ്ടതെന്ന് ഇതിന്റെ ഫിലിം മേക്കേഴ്‌സിന് അറിയാമായിരുന്നു. അവരുടെ കൂടെ നില്‍ക്കാമെന്നുള്ളതാണ് നമ്മളും തീരുമാനിച്ചത്. അതിന്റെ കൂടെ നമ്മള്‍ നിന്നു. അത് അതുപോലെ തന്നെ വര്‍ക്ക് ആവുകയും ചെയ്തു. ഡിയര്‍ ഫ്രണ്ടിനെ പരാജയസിനിമയായി കാറ്റഗറൈസ് ചെയ്യാന്‍ താല്‍പര്യപ്പെടുന്നില്ല.

ഉള്ളിലെ ആക്റ്ററിനെ കൂടി എക്‌സ്‌പ്ലോര്‍ ചെയ്യാനാണോ ഒരു പരീക്ഷണ സിനിമക്ക് യെസ് പറഞ്ഞത്?

എനിക്ക് ആ ടീമിനെ ഇഷ്ടമാണ്. അവരുടെ കണ്‍വിക്ഷന്‍സും അവരുടെ സിനിമകളും മുമ്പ് ഇഷ്‌പ്പെട്ടിട്ടുള്ളതാണ്. ഞാന്‍ സംവിധാനം ചെയ്യുന്ന ടൈപ്പ് സിനിമയല്ല ഇത്. എന്റെ ഇന്‍സ്റ്റിങ്റ്റിലോ സെന്‍സിറ്റിവിറ്റിയിലോ ഡിയര്‍ ഫ്രണ്ട് പോലൊരു സിനിമ ഒരിക്കലും വരില്ല. എനിക്ക് അതൊരു ലേണിങ്ങ് പ്രോസസാണ്. ആക്റ്റര്‍ എന്ന രീതിയില്‍ കുറച്ച് കൂടി സട്ടിലായിട്ട് അഭിനയിക്കാനും പഠിക്കാനുള്ള അവസരം കിട്ടി. എന്റെ ആക്റ്റിങ്ങ് കരിയറില്‍ ഏറ്റവും ഹെല്‍പ്ഫുള്ളായിട്ടുള്ള സിനിമ ആയിരുന്നു അത്. അതുകൊണ്ട് തന്നെയാണ് ടൊവിനോയും ആ സിനിമ ചെയ്തത്. ടൊവിനോ സാധാരണ ചെയ്യുന്നതിനെക്കാള്‍ എത്രയോ പൈസ കുറച്ചിട്ടാണ് ആ സിനിമയില്‍ അഭിനയിച്ചത്. കാരണം അതൊരു എക്‌സ്പിരിമെന്റല്‍ സിനിമയാണ്. വിജയമാകില്ലെന്ന് അറിയാമായിരുന്നു. അതുകൊണ്ടാണ് കുഞ്ഞ് ബജറ്റില്‍ ആ സിനിമ ചെയ്തത്. എല്ലാവര്‍ക്കും ആ സിനിമയെ പറ്റി കൃത്യമായ ക്ലാരിറ്റി ഉണ്ടായിരുന്നു.

മലയാള സിനിമയില്‍ സക്‌സസ്ഫുള്ളായിട്ടുള്ള ആക്റ്റര്‍-ഡയറക്റ്റര്‍ കോമ്പോയാണ് ടൊവിനോ-ബേസില്‍. അടുത്തിടെ എന്തേ പാല്‍തൂ ചിരിക്കാത്തൂ എന്ന് ടൊവിനോ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചതും ബേസില്‍ അതിന് കൊടുത്ത റീപ്ലേയും സോഷ്യല്‍ മീഡിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. അത് ഇന്‍സ്റ്റന്റായി തന്നെ വന്നതാണോ?

അവന്‍ അങ്ങനെയൊരു കമന്റ് ഇട്ടപ്പോള്‍ എന്നാല്‍ പിന്നെ ഇരിക്കട്ടെ എന്ന് ഞാനും വിചാരിച്ചു. പ്ലാന്‍ഡ് ഒന്നുമായിരുന്നില്ല. കമന്റ് കണ്ടപ്പോള്‍ നിനക്കും ഇരിക്കട്ടെ എന്ന് കരുതി തുപാത്തു പാട്ടിന്റെ പാറ്റേണില്‍ തന്നെ അന്നേരം കുത്തിയിരുന്ന് ടൈപ്പ് ചെയ്ത് തിരിച്ച് കൊടുത്തതാണ്. അത് അത്ര വലിയ ഭയങ്കര വരികളൊന്നുമല്ല. ഉടായിപ്പ് വരിയാണ് അതൊക്കെ.

ആദ്യ കാലങ്ങളില്‍ കോമഡി റോളുകളിലായിരുന്നു കണ്ടുവന്നിരുന്നത്. ഇതിനിടക്ക് ജോജിയിലെ അച്ചന്‍ കഥാപാത്രമാണ് ഞെട്ടിച്ചത്. പിന്നീട് ജാന്‍ എ മന്‍, ഡിയര്‍ ഫ്രണ്ട് പോലെ ആഴമുള്ള കഥാപാത്രങ്ങളുള്ള സിനിമകള്‍ വരുന്നു. അഭിനേതാവ് എന്ന് നിലയില്‍ റൂട്ട് മാറ്റുകയാണോ?

റൂട്ട് മാറ്റിയതല്ല, മാറിയതാണ്. മാറ്റത്തിന്റെ കൂടെ ഞാനും അങ്ങ് സഞ്ചരിക്കുകയാണ്. ഇന്ന രീതിയിലുള്ള പടങ്ങള്‍ വരണമെന്ന് വിചാരിച്ച് ചെയ്യുന്നതല്ല. വരുന്നത് ചെയ്യുന്നു എന്ന് മാത്രമേയുള്ളൂ. അഭിയിക്കുമ്പോഴും എന്റെ പ്രയോറിറ്റി ഡയറക്ഷണില്‍ തന്നെയായിരുന്നു. അഭിനയിക്കുന്ന സിനിമകളുടെ കൂടെ തന്നെ ഡയറക്ട് ചെയ്യുന്ന സിനിമകളുടെ എഴുത്ത് നടക്കാറുണ്ടായിരുന്നു. ഞാന്‍ അഭിനയിച്ച പല സെറ്റുകളിലും അതിന്റെ എഴുത്തുകാര്‍ കൂടെ ഉണ്ടായിരുന്നു. അഭിനയിക്കുമ്പോള്‍ കുറച്ച് കൂടി ഫ്രീ സ്‌പേസ് കിട്ടും. സപ്പോര്‍ട്ടിങ് റോളൊക്കെ ചെയ്യുമ്പോഴാണ് അങ്ങനെ കിട്ടുന്നത്. ഷൂട്ട് ഇല്ലാത്ത ദിവസങ്ങളുണ്ടാവും. അപ്പോള്‍ സംവിധാനം ചെയ്യുന്ന സിനിമ ഡിസ്‌കസ് ചെയ്യാനൊക്കെ സമയം കിട്ടും.

ജോജിയൊക്കെ വന്നതിന് ശേഷമാണ് ആക്റ്റര്‍ എന്ന നിലയില്‍ സീരിയസായി ആലോചിക്കാന്‍ തുടങ്ങിയതും ഡിയര്‍ ഫ്രണ്ട്, ആണും പെണ്ണും പോലെയുള്ള സിനിമയിലേക്ക് കാസ്റ്റ് ചെയ്യപ്പെടുന്നതും. ഡിയര്‍ ഫ്രണ്ടിന് മുമ്പാണ് ജാന്‍ എ മന്‍ സംഭവിച്ചത്. മെല്ലെ മെല്ലെ അത് പാല്‍തു ജാന്‍വറിലേക്ക് എത്തി. ആ ഇവോള്‍വ്‌മെന്റ് സംഭവിക്കുന്നുണ്ട് എന്ന് കണ്ടപ്പോള്‍ ഞാനും ശ്രദ്ധിക്കാന്‍ തുടങ്ങി. അടുത്തത് എന്ത് ചെയ്യണമെന്ന് പ്ലാനിങ് തുടങ്ങി. ഇപ്പോള്‍ കുറച്ച് കൂടി റെസ്‌പോണ്‍സിബിലിറ്റി വന്നു. സംവിധാനം അതിനൊപ്പം കൊണ്ടുപോകാന്‍ പറ്റുന്നില്ല. എഴുത്ത് പാരലലായി നടക്കുന്നുണ്ടായിരിക്കാം. പക്ഷേ എനിക്ക് പൂര്‍ണമായ ഒരു ഇന്‍വോള്‍വ്‌മെന്റ് ഇപ്പോഴത്തെ സ്‌പേസിലില്ല.

ഇനി സംവിധാനം ചെയ്യുന്നുണ്ടെങ്കില്‍ അഭിനയിക്കുന്നത് പൂര്‍ണമായും നിര്‍ത്തി അതിലേക്ക് ഇരിക്കണം. ടൈം മാനേജ്‌മെന്റൊക്കെ കുറച്ച് കൂടി സ്‌ട്രെസ്ഫുള്ളായി. ആക്റ്റര്‍ എന്ന നിലയില്‍ നമ്മുടെ മുഖവും നമ്മളെ വിശ്വസിച്ച് കഥകള്‍ എഴുതുന്ന എഴുത്തുകാരും സംവിധായകരും പ്രൊഡ്യൂസേഴ്‌സും വന്നപ്പോള്‍ പഴയത് പോലെ രണ്ട് ജോലിയും ഒരുപോലെ ചെയ്യുക എന്ന് പറയുന്നത് ബുദ്ധിമുട്ടായി. ഒരു സമയം ഒരെണ്ണത്തില്‍ തന്നെ പ്രയോറിറ്റി കൊടുക്കുക, മറ്റേത് സമയമാവുമ്പോള്‍ തുടങ്ങാം എന്ന് രീതിയിലായി. അഭിനയവും സംവിധാനവും തുല്യപ്രാധാന്യത്തോടെയാണ് കാണുന്നത്.

നായകനാണ് സിനിമയെ തോളിലേറ്റേണ്ടയാള്‍. ഉത്തരവാദിത്തം കൂടും. നായകായുള്ള ഷിഫ്റ്റ് എങ്ങനെയുണ്ടായിരുന്നു?

നായകനായതുകൊണ്ട് ഇപ്പോള്‍ നമ്മളാണ് മുന്നില്‍ നില്‍ക്കേണ്ടത്. പ്രൊമോഷനാണെങ്കിലും ഓണ്‍ലൈന്‍ സ്‌പേസിലാണെങ്കിലും എല്ലാ കാര്യത്തിലും നമ്മളുടെ പ്രസന്‍സ് വേണം. നമ്മളാണ് മുമ്പോട്ട് കൊണ്ടുപോകേണ്ടത്. കൂടെ വേറെ സിനിമകള്‍ ഇറങ്ങുന്നുണ്ട്. അതിനൊപ്പം ഇതുകൂടി കാണുകയാണെങ്കില്‍ നന്നായിരുന്നു. ആക്റ്റര്‍ എന്ന നിലയില്‍ കുറച്ച് കൂടി മെച്ചപ്പെടുത്താന്‍ നോക്കുന്നുണ്ട്. മുമ്പുള്ളതിനെക്കാള്‍ എഫേര്‍ട്ട് ഇടുന്നുണ്ട്. മുമ്പ് ഒറ്റവരി കഥാപാത്രങ്ങളായിരുന്നല്ലോ. ഇപ്പോള്‍ ആഴത്തിലുള്ള കഥാപാത്രങ്ങള്‍ വരാന്‍ തുടങ്ങിയപ്പോള്‍ അത് ചെയ്യുന്നതിനുള്ള എക്‌സൈറ്റ്‌മെന്റ് കൂടി. ആക്റ്റര്‍ എന്ന രീതിയില്‍ ആ പ്രോസസ് കൂടുതല്‍ എന്‍ജോയ് ചെയ്യാന്‍ തുടങ്ങി. സപ്പോര്‍ട്ടിങ് റോള്‍ ചെയ്യുമ്പോള്‍ കൗണ്ടര്‍ ഡയലോഗുകളും തമാശകളും ബോഡി ലാഗ്വേജ് ഉപയോഗിച്ചിട്ടുള്ള കോമഡികളും ഒക്കെ ചെയ്യുക എന്നുള്ളതായിരുന്നു രീതി. ഇപ്പോള്‍ കുറെക്കൂടി ഇന്റന്‍സായിട്ടുള്ള സിറ്റുവേഷന്‍സും കഥാഗതിയെ നയിക്കുന്ന ക്യാരക്‌റ്റേഴ്‌സും ഉള്ള രീതി വേറെ ഒരു രീതിയില്‍ എന്‍ജോയ് ചെയ്യുന്നുണ്ട്.

പുതിയ പ്രോജക്റ്റുകള്‍

ദര്‍ശന രാജേന്ദ്രനൊപ്പം ജയ് ജയ് ജയഹേ എന്നൊരു സിനിമ വരുന്നുണ്ട്. വിപിന്‍ ദാസാണ് സംവിധാനം. ജാന്‍ എ മനിന്റെ പ്രൊഡ്യൂസേഴ്‌സാണ് ഈ ചിത്രവും പ്രൊഡ്യൂസ് ചെയ്തിരിക്കുന്നത്. ഒക്ടോബറിലാണ് റിലീസ്. പാല്‍തു ജാന്‍വര്‍ പോലെ പ്രതീക്ഷയുള്ള സിനിമ ആണത്. കുറച്ച് സിനിമകള്‍ ഷൂട്ട് ചെയ്യുന്നുണ്ട്. ഈ വര്‍ഷം മുഴുവന്‍ അഭിനയിക്കുകയാണ്. അടുത്ത വര്‍ഷം സംവിധാനത്തിലേക്ക് കടക്കാം എന്നാണ് പ്ലാന്‍ ചെയ്തിരിക്കുന്നത്.

Content Highlight: interview with director basil joseph

അമൃത ടി. സുരേഷ്

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ജേര്‍ണലിസത്തില്‍ പി.ജിയും പൂര്‍ത്തിയാക്കിയിട്ടുണ്ട്.

We use cookies to give you the best possible experience. Learn more