മലയാള സിനിമയിലെ താരസംഘടനയായ അമ്മ ആരോപണവിധേയനായ താരത്തെ സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് തിരിച്ചെടുത്തിരിക്കുകയാണ്. അക്രമിക്കപ്പെട്ട നടിയും അമ്മയില്‍ തന്നെ അംഗമാണ്. അക്രമിക്കപ്പെട്ട നടിയും ആരോപണ വിധേയനായ നടനും അമ്മയുടെ മക്കളാണെന്നായിരുന്നു മുമ്പ് നടന്ന് അമ്മയുടെ ജനറല്‍ ബോഡിയില്‍ താരങ്ങള്‍ പറഞ്ഞത്.
താരങ്ങളുടെ ഈ സംഘടനയിലെ ജനാധിപത്യത്തെ വെല്ലുവിളിക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനത്തെയും മലയാളസിനിമയിലെ കൊള്ളരുതായ്മകളെയും കുറിച്ച് ഉറക്കെ ശബ്ദമുയര്‍ത്തിയ സിനിമപ്രവര്‍ത്തകരില്‍ ഒരാളാണ് സംവിധായകന്‍ ആഷിഖ് അബു.
ഇടതുപക്ഷ എം.എല്‍.എമാരും എം.പിയുമെല്ലാം അംഗങ്ങളായ മലയാളസിനിമയിലെ താരസംഘടനയുടെ ജനാധിപത്യപരമല്ലാത്ത പ്രവര്‍ത്തനങ്ങളെ കുറിച്ചും സിനിമയിലെ കൊള്ളരുതായ്മകള്‍ക്കെതിരെയുമുള്ള തന്റെ നിലപാടുകള്‍ ആഷിഖ് അബു ഡൂള്‍ന്യൂസിനോട് വ്യക്തമാക്കുന്നു.
അമ്മയ്ക്കെതിരെ നിരന്തരം പൊതുജനങ്ങളും സിനിമയില്‍ ഉള്ളവരും വിമര്‍ശനം ഉന്നയിക്കുമ്പോള്‍ തന്നെ താരസംഘടന ആരോപണ വിധേയനായ ഒരാളെ തിരിച്ച് എടുക്കുന്നതിനെ കുറിച്ച് എന്താണ് തോന്നുന്നത്. ?
ഇത് ഒരു പവര്‍ഹൗസിന്റെ പവര്‍ ഉണ്ടല്ലോ അതാണ്. അതായത് സിനിമ എന്ന് പറയുന്ന കലാരൂപം ഈ നൂറ്റാണ്ടിന്റെ കലയാണ്. അപ്പോള്‍ ഏറ്റവും പോപ്പുലറായിട്ടുള്ള മീഡിയം കൈകാര്യം ചെയ്യുന്ന ആളുകള്‍ എന്ന നിലയില്‍ സിനിമാക്കാര്‍ക്ക് വലിയ പവര്‍ കിട്ടും. അപ്പോള്‍ വലിയ ഫാന്‍ ബേയ്സ് ലഭിക്കും. സിനിമ എല്ലാവരാലും ആഘോഷിക്കപ്പെടും. അത് സ്വാഭാവികമായി ഒരു പവറിലേക്ക് ഇവരെ എല്ലാവരെയും എത്തിച്ചിട്ടുണ്ട്. അത് ഇപ്പോള്‍ ഉണ്ടായിട്ടുള്ള ഒന്നല്ല. ഈ പവര്‍ അങ്ങോട്ടും ഇങ്ങോട്ടും ഉപയോഗിക്കുന്ന ഈ പ്രശ്നം വര്‍ഷങ്ങളായി ഇവിടെ സംഘടിതമായി പവര്‍ഹൗസുകള്‍ വന്നപ്പോള്‍ സംഭവിച്ചിട്ടുള്ളതാണ്. ഇത് ഒരിക്കലും പുതിയ ഒരു കാര്യമല്ല. പക്ഷേ ഇപ്പോള്‍ ഇതിന് കുറച്ച് കൂടി ക്രിമിനല്‍ സ്വഭാവം കൈവരികയാണ്. ഒരു മാഫിയ സ്വഭാവം. നിയമ വ്യവസ്ഥിതിയെ വളച്ച് ഒടിച്ച് ഒരു തരം സംഘി ലോജിക്ക് ഉപയോഗിച്ചുള്ള വാദങ്ങള്‍ അതില്‍ വരികയും പൊതുബോധത്തെ വെല്ലുവിളിക്കുന്ന തരത്തില്‍ പ്രവര്‍ത്തിക്കുകയുമാണ്.
അവര്‍ മനസ് കൊണ്ട് ഒരിക്കല്‍ പോലും അക്രമത്തെ അതിജീവിച്ച് വന്നയാള്‍ക്കൊപ്പമല്ല എന്ന് തെളിയിച്ചതാണ്. അതിനവര്‍ കണ്ടൈത്തുന്ന കാരണങ്ങളും വളരെ വിചിത്രമാണ്. ഒരിക്കലും അത് മനുഷ്യത്വപരമായ കാര്യമായി ഇത് വരെ തോന്നിയിട്ടില്ല.
പിന്നെ വളരെ മിടുക്കരായ രണ്ട് എം.എല്‍.എമാര്‍, ഒരു എം.പി ഒക്കെ ഈ കൂട്ടത്തില്‍ ഉണ്ട്. സ്വാഭാവികമായി ഇവരുടെ പവര്‍ വര്‍ധിക്കുകയും പലരെയും ഭീഷണിപ്പെടുത്തുക അല്ലെങ്കില്‍ ഭീഷണിപ്പെടുത്തി മിണ്ടാതാക്കുക തുടങ്ങി കുറച്ച് കൂടി ഈസിയറാണ് കാര്യങ്ങള്‍ ഞാന്‍ മനസ്സിലാക്കിയിരിക്കുന്നത്.
നിലപാട് മുമ്പ് തന്നെ ഉറക്കെ പ്രഖ്യാപിച്ച ഒരുപാട് പേര്‍ താരങ്ങളുടെ ഈ നിലപാടിനെതിരെ പ്രതിഷേധവുമായി വരുമ്പോള്‍ ഫാന്‍സിന് ഉപരിയായി സംഘടിതമായ ഒരു ആക്രമണം നടക്കുന്നതായി തോന്നിയിട്ടുണ്ടോ ?
തീര്‍ച്ചയായും, ഞാന്‍ നേരത്തെ പറഞ്ഞ പവര്‍ഹൗസുകള്‍ ഉണ്ടാക്കുന്ന കാര്യങ്ങളാണ് ഇതെല്ലാം. ഇവര്‍ക്ക് ശക്തിയുണ്ട് അത് സിനിമയുടെ ശക്തിയാണ്, ആ ശക്തി നേരത്തെ ആര്‍ജിച്ചത് കൊണ്ട് അവര്‍ക്ക് അത് ഉപയോഗിക്കാന്‍ സാധിക്കും. പ്രൊപ്പഗേറ്റ് ചെയ്തത് കൊണ്ട് ഇത്തരത്തില്‍ ഒരു ആക്രമണം നടക്കുന്നു. സൈബര്‍ ആക്രമണങ്ങള്‍ ആണെങ്കിലും സിനിമക്കെതിരെ നടക്കുന്ന ആക്രമണങ്ങള്‍ ആണെങ്കിലും പ്രൊപ്പഗേറ്റഡ് അല്ലെന്ന് വിചാരിക്കുന്നത് മണ്ടത്തരമാണ്. എനിക്ക് തോന്നുന്നത് കേരളത്തിലെ അധികം ആള്‍ക്കാരും അങ്ങിനെ വിശ്വസിക്കുന്നുണ്ടെന്നാണ്.
സിനിമയില്‍ കൃത്യമായ ജനാധിപത്യവും പൊളിറ്റിക്സും എല്ലാം കൊണ്ട് വരാന്‍ ആഷിഖിന് സാധിച്ചിട്ടുണ്ട്. പക്ഷേ സിനിമ വ്യവസായത്തില്‍ ഈ രാഷ്ട്രീയം കൊണ്ട് വരാന്‍ താങ്കള്‍ക്ക് എത്രത്തോളം സാധിച്ചിട്ടുണ്ട് ?
ഇതിനകത്തൊരു പ്രധാന സംഗതി എന്ന് വെച്ചാല്‍ നമ്മള്‍ സിനിമവ്യവസായം എന്ന് എഴുതുകയും പറയുകയും ചെയ്യുമെങ്കിലും സാങ്കേതികമായി സിനിമ ഒരു വ്യവസായമാണ് എന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടില്ല. അപ്പോള്‍ സിനിമ ഒരു വ്യവസായം എന്ന നിലയില്‍ പറയുകയാണെങ്കില്‍ സാങ്കേതികമായി പാലിക്കേണ്ട തൊഴില്‍ നിയമങ്ങള്‍ ഇതില്‍ വരണം. അത്തരം യാതൊരു ചിട്ടകളോ വ്യവസ്ഥകളോ വര്‍ഷങ്ങളായി ഇല്ലാതിരുന്ന ഒരു വ്യവസായം എന്ന് വിളിക്കുന്ന ഒരു കൂട്ടം ആളുകള്‍ പണിയെടുക്കുന്ന ഒരു തൊഴില്‍ മേഖലയാണിത്.
ഫെഫ്ക്ക എന്ന് പറയുന്ന സംഘടന വന്നതിന് ശേഷമാണ് സിനിമയിലെ ഏറ്റവും ചെറിയ മേഖലയില്‍ പോലും പണിയെടുക്കുന്നവര്‍ക്ക് ശമ്പളം പോലും കൊടുത്ത് തുടങ്ങിയത്. സംഘടിതമായി തൊഴിലാളികള്‍ അവരുടെ അവകാശങ്ങള്‍ പിടിച്ച് വാങ്ങുകയാണ് ചെയ്തത്. അപ്പോള്‍ ഇതിനെ ചൊല്ലി ഒരുപാട് സമരങ്ങള്‍ നടന്നിരുന്നു. മുതലാളിമാരുടെ സമരങ്ങളും തിയേറ്ററുകളുടെ സമരങ്ങളും എല്ലാം നടന്ന് കഴിഞ്ഞതാണ്. പ്രശ്നങ്ങള്‍ പഴയത് തന്നെയാണ്, പുതുതായിട്ട് പ്രശ്നങ്ങള്‍ ഉണ്ടായതല്ല. പക്ഷേ അതിന്റെ സ്വഭാവത്തിലുള്ള വ്യത്യാസം, അതായത് ഇതിന് വയലന്‍സിന്റെ സ്വഭാവം കൈവരിക്കാന്‍ തുടങ്ങിയിട്ട് അധികകാലമായിട്ടില്ല. മുമ്പ് ഒരാളുടെ സിനിമകള്‍ കുറയ്ക്കുക, സിനിമയില്‍ നിന്ന് വിലക്കുക എന്നതില്‍ നിന്ന് മാറി വയലന്‍സിന്റെ അളവ് കൂടിയെന്നതാണ്. സ്വന്തം പ്രസ്ഥാനത്തിന്റെ കീഴില്‍ വര്‍ക്ക് ചെയ്യുന്ന സ്ത്രീകള്‍ക്കെതിരെയും അവശരെന്ന് അവര്‍ തീരുമാനിച്ചിട്ടുള്ളവര്‍ക്കെതിരെയും അവര്‍ ശക്തമായ രീതിയിലുള്ള അക്രമണം നടത്തി കൊണ്ടിരിക്കുകയാണ്.
ഇതില്‍ മറ്റൊരു കാര്യം ചോദിക്കാനുള്ളത് ഇടതുപക്ഷ സഹയാത്രികരായ രണ്ട് എം.എല്‍.എമാരും ഒരു എം.പിയും അടങ്ങുന്ന ഒരു സംഘമാണ് “അമ്മ”. ആ സംഘടന ഇത്തരത്തില്‍ പ്രവര്‍ത്തിക്കുമ്പോള്‍ ഇടതുപക്ഷ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ ഈ സംഭവങ്ങളെ എങ്ങിനെയാണ് കാണുന്നത്?
അത് എനിക്ക് ഒരു തരത്തിലും അംഗീകരിക്കാന്‍ സാധിക്കാത്തതാണ്. ഇപ്പോള്‍ എനിക്ക് തോന്നുന്നത് കേരളത്തിലെ ഇടതുപക്ഷം തന്നെ ചോദ്യം ചെയ്യപ്പെടുന്നുണ്ടെന്നാണ്. ഇവരുടെ നിലപാടെന്താണ് ? ഇടതുപക്ഷം എന്ന് പറയുന്ന പൊളിറ്റിക്കല്‍ ഐഡിയോളജിയോട് ഏത് തരത്തിലാണ് ഇവര്‍ യോജിച്ച് നിക്കുന്നതെന്ന് ഇവിടുത്തെ പാര്‍ട്ടി മെമ്പര്‍മാരുടെ ചോദ്യമുണ്ടാകുമെന്നാണ് എനിക്ക് തോന്നുന്നത്. വളരെ പച്ചയായിട്ട് ഒരു മാഫിയ ഗ്രൂപ്പിന്റെ ഒരു മാഫിയ സ്വഭാവമാണ് സിനിമയ്ക്കകത്ത്, ഇത്രയും പോപ്പുലറായ മീഡിയത്തില്‍ കൊണ്ട് വരാന്‍ നോക്കുന്നത്.
അത് ഇവിടുത്തെ സൂപ്പര്‍സ്റ്റാറുകള്‍ കൊണ്ട് വരുന്നതല്ല. അത്പുറകില്‍ നിന്ന് വേറെ പലയാളുകളും ചെയ്യുന്ന സംഗതികളാണ്. അവര്‍ക്ക് ഈ പവര്‍ഹൗസുകളായി നിലനില്‍ക്കണം. മുമ്പുമുണ്ടായിരുന്നു അത്തരത്തിലുള്ള പ്രവര്‍ത്തികള്‍. മുമ്പ് സോഷ്യല്‍ മീഡിയയും മറ്റും അത്ര സജീവമല്ലാതിരുന്ന ഒരു കാലഘട്ടത്തിലാണ് തിലകന്‍ ചേട്ടനെയും മറ്റും അവര്‍ക്ക് ഉപദ്രവിക്കാന്‍ പറ്റിയത്. ഇന്നായിരുന്നെങ്കില്‍ അത് സാധിക്കുമെന്ന് തോന്നുന്നുണ്ടോ ? . കാരണം ഇന്ന് സോസൈറ്റി വളര്‍ന്നു. ഇനി പൊതുജനം അത് ചോദ്യം ചെയ്യുന്ന കാലം തന്നെയാണിത്.
ഈ വിവാദങ്ങള്‍ ഒക്കെയും നടക്കുമ്പോള്‍ മലയാളത്തിലെ രണ്ട് മുതിര്‍ന്ന സൂപ്പര്‍താരങ്ങളായ മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങിയവര്‍ പാലിക്കുന്ന ഒരു മൗനമുണ്ട്. ഇത് യഥാര്‍ത്ഥത്തില്‍ ക്രൂരമല്ലെ ?
അത് രണ്ട് രീതിയില്‍ എടുക്കേണ്ടി വരും. നമുക്ക് അവരോട് തന്നെ ചോദിക്കേണ്ടി വരും അവരെന്താണ് ഈ നിശ്ശബദ്ത പാലിക്കുന്നതെന്ന്. എനിക്ക് തോന്നുന്നു മമ്മൂക്ക ഭാരവാഹിയായിരിക്കുന്ന നേരത്താണ് ഈ പ്രശ്നം നടക്കുന്നത്. അന്ന് മാധ്യമങ്ങളോട് സംസാരിക്കുകയും നിലപാട് എടുക്കുകയും ചെയ്തതാണ്. യഥാര്‍ത്ഥത്തില്‍ ഇവരല്ല ഇവിടുത്തെ പ്രശ്നം. ഇവിടുത്തെ അധികാരം വേണം എന്ന് വാശിയുള്ള അതല്ലെങ്കില്‍ ഈ അധികാരമില്ലെങ്കില്‍ അവരുടെ നിലനില്‍പ്പ് തന്നെ ഭീഷണിയാവുമെന്ന് ഇന്‍സെക്വര്‍ഡ് ആയിട്ടുള്ള ആളുകളാണ് ഈ രീതിയിലുള്ള പരിപാടികള്‍ ചെയ്യുന്നത്.
ഈ സമയത്ത് ഡബ്യൂ.സി.സി പോലുള്ള സംഘടനകളും നിരവധി സിനിമ പ്രവര്‍ത്തകരും ഇത്തരം പ്രവണതകള്‍ക്കെതിരെ പ്രതിഷേധവുമായി രംഗത്ത് വരുന്നുണ്ട്. ഈ അവസരത്തില്‍ ആഷിഖിന്റെ ഭാഗത്ത് നിന്ന് ഏത് തരത്തിലുള്ള പിന്തുണയാണ് ഉള്ളത് ?
നമ്മളെ സംബന്ധിച്ചിടത്തോളം ഇത്തരം പ്രവണതകള്‍ക്കെതിരെ സംസാരിച്ച് കൊണ്ടിരിക്കുക എന്നതാണ് ഇപ്പോള്‍ ചെയ്യാന്‍ കഴിയുക. സംസാരിച്ച് കൊണ്ടേയിരിക്കുക. ഇപ്പോള്‍ സംസാരിച്ച് തുടങ്ങിയിട്ടെയുള്ളു. ഇവിടെ ഫെഫ്ക്ക എന്ന ഒരു സംഘടനയുണ്ട് അവരും ഈ ഇന്‍ഡ്രസ്ട്രീയുടെ ഭാഗമാണ്. ഫെഫ്ക്ക ഇത് വരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ലല്ലോ. ഫെഫ്ക്ക ഭാരവാഹിയായിട്ടുള്ള ബി.ഉണ്ണികൃഷ്ണന്‍ ഒരു ഇടതുപക്ഷ സഹയാത്രികനാണ്. നടക്കുന്നത് മാഫിയ പ്രവര്‍ത്തനമാണെന്ന് മനസ്സിലാക്കാന്‍ കഴിയുന്നയാളാണ്. അയാള് മിണ്ടുന്നില്ല. എനിക്ക് തോന്നുന്നത് ബി. ഉണ്ണികൃഷ്ണന്‍ ഒക്കെ സംസാരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്നാണ്. എല്ലാവരും സംസാരിക്കേണ്ടതായ സാഹചര്യമാണ് ഉള്ളത്. എല്ലാവരും അവരുടെ നിലപാടുകള്‍ പരസ്യമായി പ്രഖ്യാപിക്കേണ്ട സാഹചര്യമാണ് ഉള്ളത്.
സിനിമയിലെ പല സംഘടനകളും നേരത്തെ പറയുന്ന തരത്തില്‍ ഒരു പവര്‍ഹൗസായി പ്രവര്‍ത്തിക്കുന്നുണ്ട്. അപ്പോള്‍ മലയാളത്തിലെ നവ സിനിമയുടെ വക്താക്കള്‍ എന്ന് അറിയപ്പെടുന്ന ആഷിഖ് അബു, ലിജോ ജോസ് പല്ലിശ്ശേരി, അന്‍വര്‍ റഷീദ്, അമല്‍ നീരദ് ഇങ്ങനെയുള്ള ആളുകളുടെ അടുക്കല്‍ നിന്ന് ഒരു ബദല്‍ മാര്‍ഗം പ്രതീക്ഷിക്കാന്‍ കഴിയുമോ ?
ഉറപ്പായിട്ടും ഞങ്ങള്‍ക്ക് ചെയ്യാന്‍ കഴിയുന്നത് നല്ല സിനിമകള്‍ ഉണ്ടാക്കുക എന്നതാണ്. ഈ സ്റ്റാര്‍ പവറുകള്‍ക്ക് മുകളിലാണല്ലോ സിനിമകള്‍ നില്‍ക്കുന്നത്. ഇവിടെ സ്റ്റാറുകളും സൂപ്പര്‍സ്റ്റാറുകളും ഉണ്ടാകുന്നത് സിനിമയുടെ പവര്‍ കൊണ്ടാണ്. എഴുത്തുകാരുടെയും സംവിധായകരുടെയും അഭിനേതാവിന്റെയും എല്ലാം കൂട്ടായ പ്രവര്‍ത്തനം കൊണ്ടാണ് ഇവിടെ സിനിമയുണ്ടാകുന്നത്. അതില്‍ സില്‍വര്‍ സ്‌ക്രീനില്‍ പ്രത്യക്ഷപ്പെടുന്ന ആളുകള്‍ എന്ന നിലയിലാണ് ഇവര്‍ക്ക് കൂടുതല്‍ ആരാധകരുണ്ടാവുന്നത്. പവര്‍ ഉണ്ടാവുന്നത്, ഈ പവര്‍ എന്നുമുണ്ടാകും. ഈ പവറിലുള്ള ആളുകളുടെ സെന്‍സിബിലിറ്റിക്ക് അനുസരിച്ചായിരിക്കും കാര്യങ്ങളുടെ പോക്ക്.
ഞങ്ങളെ സംബന്ധിച്ചിടത്തോളം ചെയ്യാന്‍ കഴിയുന്നത് ഇവിടെ വളര്‍ന്ന് വരുന്ന ഒരു പുതിയ തലമുറയുണ്ട്. സിനിമയുടെ കാര്യത്തിലായാലും സിനിമകള്‍ കാണാന്‍ വരുന്നയാളുകളുടെ എണ്ണത്തിലാണെങ്കിലും വലിയ വര്‍ധനവുണ്ടാകുന്നുണ്ട്. അപ്പോള്‍ സിനിമയോട് താല്‍പ്പര്യമുള്ള, താരാരാധന എന്ന് പറയുന്ന ഡ്രമാറ്റികല്‍ ആയിട്ടുള്ള താരദേഹങ്ങളോടുള്ള ആരാധന എല്ലാ കാലത്തും ഉണ്ട്. അത് സമീപകാലത്ത് മാറും എന്നാണ് ഞാന്‍ കരുതുന്നത്. കാരണം പുതിയ കാലത്തുള്ള നല്ല അഭിനേതാക്കളായിട്ടുള്ള ആളുകള്‍ക്ക് ഇത്തരത്തിലുള്ള പ്രശ്നങ്ങള്‍ ഉണ്ടെന്ന് തോന്നുന്നില്ല.
മുമ്പ് പാര്‍വ്വതിക്കെതിരെ നടന്ന സൈബര്‍ ആക്രമണങ്ങളും അവരുടെ സിനിമയ്ക്കെതിരെ നടന്ന ക്യാംപെയ്നുകളും നമ്മള്‍ കണ്ടതാണ്. പാര്‍വ്വതി തെറ്റ് ചെയ്തെന്നും മാപ്പ് പറഞ്ഞില്ലെങ്കില്‍ സിനിമയില്‍ നിന്ന് തന്നെ പുറത്താക്കും എന്നുമുള്ള തരത്തില്‍ പ്രസ്താവനകളും നടന്നിട്ടുണ്ട്. അപ്പോള്‍ ഈ തരത്തില്‍ പ്രതിഷേധിക്കുന്നവരെയും വിമര്‍ശിക്കുന്നവര്‍ക്കെതിരെയും ഒരു അപ്രഖ്യാപിത വിലക്ക് സിനിമയില്‍ നിലനില്‍ക്കുന്നതായി തോന്നിയിട്ടുണ്ടോ ?
ഉറപ്പായിട്ടുമുണ്ടല്ലോ, അത് സ്ത്രീകളുടെ അടുത്താണ് കൂടുതലായിട്ടുള്ളത്. സ്ത്രീകളോടാണല്ലോ അവരുടെ എല്ലാതരത്തിലുമുള്ള പരാക്രമവും. അവരെ തെറിവിളിക്കുകയും ഇവരുടെ എല്ലാം പേജുകളില്‍ വായിക്കാന്‍ പോലും പറ്റാത്തതരത്തില്‍ തെറികള്‍ എഴുതി നിറയ്ക്കുകയുമൊക്കെ സംഘടിതമായി ക്രിമിനല്‍ ബുദ്ധിയോടെ ചെയ്യുന്ന കാര്യമാണ്. ഇതിന് പിന്നില്‍ ഫാന്‍സുകളുടെ പേരിലുള്ള ക്രിമിനല്‍ സംഘമാണ്. എനിക്കും മമ്മൂട്ടിയും മോഹന്‍ലാലിനെയുമൊക്കെ ഇഷ്ടമാണ് ഇവരുടെയൊക്കെ ഫാന്‍സായി തന്നെയാണ് ഞങ്ങളുടെ തലമുറയും വളര്‍ന്നത്. എന്നാല്‍ ഞങ്ങളൊന്നും ഇത്തരത്തില്‍ താരങ്ങളോട് ഭ്രാന്ത് പിടിച്ച ആരാധനയുണ്ടായിട്ടില്ല. ഇവരുടെ പേരില്‍ മറ്റുള്ളവരെ ആക്രമിക്കുകയും ചെയ്തിട്ടില്ല. എതെങ്കിലും ഒരു താരത്തിന്റെ ഫാന്‍സായി വളര്‍ന്നത് തന്നെയാണ് ഞങ്ങളുടെ തലമുറയും. പ്രശ്നം ഞങ്ങളുടെ തലമുറയുടേതല്ല.
കഴിഞ്ഞ ദിവസം ഡബ്ല്യു.സി.സി തങ്ങളുടെ നിലപാട് വ്യക്തമാക്കിയിരുന്നു. അതേപോലെ റിമ പറഞ്ഞിരുന്നു ഇനിയും ഇത് സഹിക്കാന്‍ കഴിയില്ല, സിനിമയില്ലെങ്കിലും താന്‍ ജീവിക്കുമെന്ന്. പക്ഷേ ഈ പറയുന്ന താരസംഘടനയുടെ അകത്ത് തന്നെയുള്ള എന്നാല്‍ പുറത്ത് വരാന്‍ കഴിയാത്ത, അഭിനയം അല്ലാതെ മറ്റൊന്നും ചെയ്യാന്‍ കഴിയാത്ത താരങ്ങളില്ലേ? അത്തരം താരങ്ങളെ എങ്ങിനെയാണ് അതില്‍ നിന്നും ധൈര്യസമേതം പുറത്ത് കൊണ്ട് വരാന്‍ കഴിയുക ? .
അത്തരത്തില്‍ പുറത്ത് കൊണ്ട് വരേണ്ട ഒന്നല്ല അത്, അത് ഒരു നിലപാട് എടുത്ത് മുന്നോട്ട് വരേണ്ട ഒരു സംഭവമാണ്. എന്ന് കരുതി അമ്മയിലുള്ള താരങ്ങള്‍ എല്ലാം മോശമാണ് എന്നല്ല പറയുന്നത്. നേരത്തെ പറഞ്ഞപോലെ ചില പവര്‍ ഹൗസുകള്‍, ഇത് കാലകാലങ്ങളായി സംഘടിതമായി ഉണ്ടാവുന്ന കൂട്ടായ്മയില്‍ സംഭവിക്കുന്ന ഒന്നാണ്. മറ്റൊന്ന് ഭരണപക്ഷക്കാരയ ഇടതുപക്ഷ എം.എല്‍.എമാരും എം.പിയും ഈ സംഘടനയില്‍ ഉണ്ട് എന്നത് ഇത്തരം പവര്‍ ഹൗസുകളുടെ പവര്‍കൂട്ടുന്നുണ്ട്. ജനങ്ങള്‍ കൊടുത്തിട്ടുള്ള ജനസമ്മിതി ദുരുപയോഗം ചെയ്യുകയാണിതെന്ന് പറയേണ്ടി വരും, ഒരിക്കലും ഇത് ഒരു ഇടത് ഐഡിയോളജിയിലെ സംഗതിയായിട്ട് എനിക്ക് തോന്നുന്നില്ല. വളരെ വളരെ സാമൂഹ്യവിരുദ്ധമായ പ്രവര്‍ത്തനമാണ് ഇങ്ങിനെയുള്ള ആളുകള്‍ ചെയ്യുന്നത്. ജനങ്ങള്‍ക്ക് എതിരെയുള്ള അതിക്രമം തടയേണ്ട, തൊഴില്‍ ചൂഷണവും തൊഴില്‍ തടയലിനുമെല്ലാം എതിരെ നടപടിയെടുക്കേണ്ട ജനപ്രതിനിധികളായ ആളുകള്‍ തന്നെ അതിന് കൂട്ടുനിക്കുന്നു എന്നതാണ്, ഇവര്‍ ആരെയും കൂസാതെ പ്രവര്‍ത്തിക്കുന്നു എന്നതാണ്.
ആ ചോദ്യം ചോദിക്കാന്‍ ഒരു കാര്യം കൂടിയുണ്ട്. ഇപ്പോള്‍ സോഷ്യല്‍ മീഡിയ അടക്കമുള്ളയിടങ്ങളില്‍ പറയുന്ന ഒരു കാര്യം ആരോപണ വിധേയനായിട്ടുള്ള ദിലീപിന് വേണ്ടി ഏറ്റവും കൂടുതല്‍ വാദിച്ചിട്ടുള്ളത് വനിതാ താരങ്ങള്‍ തന്നെയാണ് എന്നതാണ് എന്തായിരിക്കാം അങ്ങിനെയുള്ള ഒരു പ്രചരണത്തിന് കാരണം ?
എനിക്ക് ഇതില്‍ പറയാനുള്ളത്. ഇവരുടെ എല്ലാം കരുതുന്നത് ഇവരുടെ സിനിമയിലെ സ്‌ക്രിപ്റ്റ് പോലെയാണ് കാര്യങ്ങള്‍. ഇവര്‍ പറയുന്നതെല്ലാം ആളുകള്‍ വിശ്വസിക്കുമെന്നതാണ്. ഇവര്‍ ഈ പറയുന്നത് മലയാളികളോടാണ് എന്നത് ഇവര്‍ മറന്ന് പോകുന്നോ. എനിക്ക് മനസിലാകുന്നില്ല ഇവരുടെ കാര്യം. എന്തിന് വേണ്ടിയാണ് ഇവര്‍ ഈ നാടകം കളിക്കുന്നതെന്നാണ്.
ഇവിടെ ഒരു ക്രിമിനല്‍ കേസുണ്ടാകുകന്നു ആ കേസിനെ എല്ലാം തരത്തിലും നേരിടാന്‍ പ്രാപ്തിയുള്ള ഒരാളാണ് ഈ നടന്‍ അദ്ദേഹത്തിന്റെ കൈയില്‍ പണമുണ്ട്, അധികാരമുണ്ട്. എല്ലാ തരത്തിലും നേരിടാന്‍ പ്രാപ്തിയുള്ള ഒരാളാണ് അപ്പുറത്ത്. ഇപ്പുറത്ത് തങ്ങളുടെ കൂടപിറപ്പാണെന്ന് പ്രഖ്യാപിക്കപ്പെട്ട് ആകമിക്കപ്പെട്ട ആരെയും ഉപദ്രവിക്കാതെ ഉപദ്രവിക്കപ്പെട്ട ഒരു പെണ്‍കുട്ടിയുണ്ട്. അവളുടെ കൂടെ നില്‍ക്കാതെ ശക്തനാണെന്ന് നമ്മള്‍ എല്ലാവര്‍ക്കുമറിയാവുന്ന ഒരാളുടെ കൂടെയാണ് ഇവരെല്ലാം നില്‍ക്കുന്നത്. വളരെ പച്ചയായ അനീതിയാണിത്. അതിന് സാങ്കേതികത്വം എന്ന് പറയുന്ന, ഇവര് പറയുന്ന ഈ ലോജിക് എനിക്ക് മനസിലാവുന്നില്ല. അതില്‍ എനിക്ക് കൂടുതല്‍ ഒന്നും പറയാനില്ല.