ജഹാംഗീര്‍പുരിയിലെ താങ്കളുടെ സാന്നിധ്യം ശക്തമായൊരു രാഷ്ട്രീയ പ്രസ്താവനയായിരുന്നു. പൊതുജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയക്കാര്‍ അത്തരത്തില്‍ നിരത്തിലിറങ്ങി തന്നെ പ്രവര്‍ത്തിക്കേണ്ടതിന്റെ ആവശ്യകത എത്രത്തോളമാണ് ? പ്രത്യേകിച്ചും, സോഷ്യല്‍ മീഡിയ ഇമേജിന് വലിയ പ്രാധാന്യമുള്ള, ആ ഇമേജ് വോട്ടിങ്ങില്‍ വരെ സ്വാധീനം ചെലുത്തുന്ന ഈ കാലഘട്ടത്തില്‍?
എല്ലാ രാഷ്ട്രീയക്കാരെയും കുറിച്ച് എനിക്ക് പറയാന്‍ സാധിക്കില്ല. കാരണം പലതരത്തിലുള്ള പാര്‍ട്ടികളും രാഷ്ട്രീയ പ്രവര്‍ത്തകരുമുണ്ട്. പക്ഷെ കമ്യൂണിസ്റ്റുകാരെക്കുറിച്ച് ഉറപ്പായും ഒരു കാര്യം പറയാന്‍ സാധിക്കും. ജനങ്ങള്‍ക്കൊപ്പം നില്‍ക്കുക എന്നതാണ് ഒരു കമ്യൂണിസ്റ്റിന്റെ വിശ്വാസസംഹിത. അന്ന് ജഹാംഗീര്‍പുരിയില്‍ മാധ്യമങ്ങള്‍ ഉണ്ടായതുകൊണ്ടാണ് അത് ഇത്രമാത്രം ആഘോഷിക്കപ്പെട്ടത്.
മാധ്യമങ്ങളില്ലാത്തപ്പോഴും വര്‍ഷത്തിലെ 365 ദിവസവും ആഴ്ചയിലെ ഏഴ് ദിവസവും ദിവസത്തിലെ 24 മണിക്കൂറും ഇന്ത്യ എന്ന ഈ രാജ്യത്തെ ഏതെങ്കിലുമൊരു കോണിലിരുന്നു ഒരു കമ്യൂണിസ്റ്റ് ജനങ്ങള്‍ക്കുവേണ്ടി പോരാടുന്നുണ്ട്. വ്യത്യസ്തമായ ബുള്‍ഡോസറുകളെ എതിര്‍ക്കുന്നുണ്ട്. കമ്യൂണിസ്റ്റെന്നാല്‍ അങ്ങനെയാണ്, അതാണ് അവരുടെ പ്രവര്‍ത്തനശൈലി.
ജഹാംഗീര്‍പുരി ബുള്‍ഡോസിങ്ങ് സംഭവസമയത്തേത് പോലെ, ഗുജറാത്ത് കലാപസമയത്തും ഇരയായ ജനങ്ങള്‍ക്കൊപ്പം നിങ്ങളുണ്ടായിരുന്നു. കലാപത്തിനിരയായവര്‍ക്ക് വേണ്ടി ക്യാമ്പുകള്‍ നടത്തിയിരുന്നു. ജഹാംഗീര്‍പുരിയില്‍ നടന്ന ഈ സംഭവങ്ങള്‍ക്ക് ഗുജറാത്ത് കലാപവുമായി എന്തെങ്കിലും സാമ്യങ്ങള്‍ തോന്നിയിരുന്നോ?
ഗുജറാത്ത് കലാപം ഒരു വംശഹത്യയായിരുന്നു, സര്‍ക്കാരിന്റെ നേരിട്ടുള്ള അധികാര ദുര്‍വിനിയോഗം കണ്ട സമയമായിരുന്നു അത്. കൊലപാതകമടക്കമുള്ള ഗുരുതരമായ അക്രമങ്ങള്‍ അന്ന് വ്യാപകമായി നടന്നു. ഗോധ്ര തീവണ്ടി കത്തിക്കല്‍ സംഭവത്തിന് പ്രതികാരം വീട്ടുകയാണെന്നാണ് അക്രമകാരികള്‍ പറഞ്ഞിരുന്നത്.
ഇന്നാണെങ്കില്‍ നോക്കൂ, ജഹാംഗീര്‍പുരിയിലും മധ്യപ്രദേശിലും ഉത്തര്‍പ്രദേശിലും വിദ്വേഷം പരത്താനും കലാപമുണ്ടാക്കാനും വേണ്ടി മതപരമായ ഉത്സവങ്ങളെ ഉപയോഗിക്കുകയാണ്. സാമുദായിക കലാപങ്ങള്‍ക്ക് ഉത്തരവാദികള്‍ ആരായാലും ശിക്ഷിക്കപ്പെടേണ്ടതാണെന്ന കാര്യത്തില്‍ ഞങ്ങള്‍ക്ക് ഒരു എതിരഭിപ്രായവുമില്ല. സംഘര്‍ഷങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുന്നവരെ അടുത്ത നിമിഷം തന്നെ അറസ്റ്റ് ചെയ്യാം. പക്ഷെ ഇവിടെ അതല്ല നടക്കുന്നത്.
ബോധപൂര്‍വമായ പ്രകോപനം നടത്തുന്നു. എന്നിട്ട് ഒരു വിഭാഗം മനുഷ്യരെ മാത്രം അറസ്റ്റ് ചെയ്യുന്നു, ഭയപ്പെടുത്തുന്നു. ശേഷം ഒരു യന്ത്രം കൊണ്ടുവന്ന് വീടുകളും ഷോപ്പുകളും നിരത്തുന്നു. അങ്ങനെ ജനജീവിതം പൂര്‍ണമായും നശിപ്പിക്കുകയാണ്. ഇതാണ് ബി.ജെ.പി- സംഘപരിവാറിന്റെ പുതിയ രീതി. ഏറെ അപകടകരമായ അവസ്ഥയാണിത്. കാരണം, അധികാരമുണ്ടെങ്കില്‍ പിന്നെ കോടതി നിയമങ്ങള്‍ നോക്കാതെ, നോട്ടീസ് നോക്കാതെ, മറ്റുകാര്യങ്ങള്‍ ഒന്നും തന്നെ നോക്കാതെ, വിദ്വേഷത്തിന്റെ പ്രത്യയശാസ്ത്രമനുസരിച്ച് എന്തും ചെയ്യാമെന്ന സ്ഥിതിയാണ് ഇതുണ്ടാക്കുന്നത്. ഇതാണ് മുന്‍ കാലഘട്ടങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഞാന്‍ കാണുന്ന ഭയപ്പെടുത്തുന്ന വ്യത്യാസം.
സംഘപരിവാറിന്റെ അജണ്ടകളും പ്രവര്‍ത്തനങ്ങളും ന്യൂനപക്ഷങ്ങളെ ബാധിക്കുന്നു എന്ന നിലയില്‍ മാത്രമാണ് പലപ്പോഴും ചര്‍ച്ചയാകാറുള്ളത്. പക്ഷേ ശ്രദ്ധിച്ചുനോക്കിയാല്‍ നമുക്ക് മനസിലാകുന്ന ഒരു കാര്യം, സംഘപരിവാറിന്റെ ഓരോ നടപടിയും ഇന്ത്യ എന്ന രാജ്യത്തെ തന്നെയാണ് നശിപ്പിച്ചുകൊണ്ടിരിക്കുന്നത് എന്നതാണ്. കര്‍ഷകരും തൊഴിലാളികളും ചെറുകിട സംരഭകരും ദിവസ വേതനക്കാരുമടക്കം സാധാരണക്കാരെല്ലാം ദുരിതത്തിലാണ്. പൗരന്‍ എന്ന നിലയിലുള്ള അടിസ്ഥാന അവകാശങ്ങള്‍ പോലും നിഷേധിക്കപ്പെടുന്നു. സമ്പദ് വ്യവസ്ഥയിലും സാമൂഹിക അന്തരീക്ഷത്തിലും വലിയ പതനം സംഭവിച്ചിരിക്കുന്നു. എങ്ങനെയെല്ലാമാണ് സംഘപരിവാര്‍ ഇന്ത്യയെ തകര്‍ക്കുന്നതെന്നാണ് താങ്കള്‍ കരുതുന്നത് ?
ഇന്ത്യയെ നശിപ്പിക്കാന്‍ അവര്‍ ശ്രമിക്കുന്നുണ്ട് എന്നത് വ്യക്തമാണ്. പക്ഷെ ഭാഗ്യവശാല്‍ പാര്‍ലമെന്ററി ജനാധിപത്യ സംവിധാനത്തില്‍ സംഘപരിവാറിനും ബി.ജെ.പിക്കും ചെറിയ ശതമാനം ജനങ്ങളുടെ പിന്തുണ മാത്രമാണുള്ളത്. കോര്‍പറേറ്റുകളില്‍ നിന്നും നേരിട്ട് കണക്കില്ലാത്ത തുക പോക്കറ്റിലാക്കുന്ന ഇലക്ട്രല്‍ ബോണ്ടുകളടക്കം, എല്ലാ നാറിയ കളികള്‍ കളിച്ചിട്ടും, സംഘപരിവാറിന് അവരുടെ വോട്ട് ശതമാനം 40ലേക്ക് എത്തിക്കാന്‍ പോലുമായിട്ടില്ല. അതായത് ബാക്കി വരുന്ന 60 ശതമാനം ജനങ്ങളും സംഘപരിവാറിനെതിരായാണ് അവരുടെ സമ്മതിദാന അവകാശം ഉപയോഗിച്ചത് എന്നര്‍ത്ഥം.
ഇന്ന് കാണുന്ന രീതിയില്‍ തന്നെയാണ് സംഘപരിവാര്‍ ഇനിയും മുന്നോട്ടു പോകുന്നതെങ്കില്‍, അത് ന്യൂനപക്ഷത്തെ മാത്രമല്ല, ഇന്ത്യയുടേയും ഇന്ത്യന്‍ ഭരണഘടനയുടെയും പൂര്‍ണമായ നാശത്തിലേക്കാണ് വഴിവെക്കുക. അങ്ങനെ പറയാന്‍ വ്യക്തമായ കാരണം നമുക്ക് മുന്‍പിലുണ്ട്.
സര്‍ക്കാര്‍ സംവിധാനങ്ങളും അധികാരവും ഉപയോഗിച്ച് ബി.ജെ.പി – സംഘപരിവാര്‍ നടപ്പിലാക്കാന്‍ നോക്കുന്ന ഹിന്ദുത്വ എന്ന ആശയത്തിന്റെ അടിസ്ഥാനമെന്താണ്? ഏതെങ്കിലും മതപരമായ വിശ്വാസവുമായി ബന്ധപ്പെട്ടാണോ ഹിന്ദുത്വ നിലനില്‍ക്കുന്നത്? അല്ല. സത്യത്തില്‍ ഹിന്ദുത്വ എന്നത് രാഷ്ട്രീയ നിര്‍മ്മിതമാണ്. മതത്തെ ഉപയോഗിച്ചുകൊണ്ട് രാഷ്ട്രീയ അധികാരം നേടിയെടുക്കുന്നതിനു വേണ്ടി ബി.ജെ.പി പ്രയോഗിക്കുന്ന ആയുധം മാത്രമാണ് ഹിന്ദുത്വ. ആ ഹിന്ദുത്വ ഒരിക്കലും ഇന്ത്യന്‍ ഭരണഘടനയെ അംഗീകരിച്ചിട്ടില്ല. മനുവാദത്തിനും മനുസ്മൃതിക്കുമാണ് ഈ ആശയസംഹിത പ്രാധാന്യം കൊടുക്കുന്നത്.
ഇന്ന് സംഘപരിവാര്‍ അനുകൂലികള്‍ ഗോഡ്‌സെയെ മഹത്വവല്‍ക്കരിക്കുന്നു. പീഡനങ്ങള്‍ നടക്കുന്നത് ഇന്ത്യയിലാണ്, ഭാരതത്തിലല്ല എന്ന് പറയുന്നു. ഉത്തര്‍പ്രദേശ് പോലൊരു സംസ്ഥാനത്ത് ദലിതനെക്കൊണ്ട് മേല്‍ജാതിക്കാരന്റെ ഷൂ നക്കിക്കുന്നു. ഒരു സ്ത്രീ ലൈംഗികമായി ആക്രമിക്കപ്പെടുമ്പോള്‍ അതിനുള്ള കാരണം അവള്‍ തന്നെയാണെന്നാണ് പറയുന്നു. എന്തുകൊണ്ടിത് സംഭവിക്കുന്നത് ? ഉത്തരം ഒന്നേയുള്ളു, മനുസ്മൃതിയിലും മനുവാദും.
ഭാരതീയ ജനത പാര്‍ട്ടിയുടെ കോര്‍പറേറ്റ് അനുകൂല സവര്‍ണ പ്രത്യയശാസ്ത്രമാണിതിന് കാരണം. ഇതിനെയാണ് ഹിന്ദുത്വ എന്ന് വിളിക്കുന്നത്.
വിദ്വേഷത്തിന്റെയും വിഭജനത്തിന്റെയും ഈ ഐഡിയോളജി ‘ദേശസ്നേഹം’ എന്ന പേരില്‍ വേഷം മാറിയെത്തുന്നതാണ് സ്ഥിതിഗതികളെ കൂടുതല്‍ അപകടകരമാകുന്നത്. ആ സ്‌പേസില്‍, നിങ്ങള്‍ ഒരു ഹിന്ദു ആണെങ്കില്‍ ‘സ്വാഭാവികമായി’ ദേശസ്നേഹിയായി മാറുന്നു, ഒരു ക്രിസ്ത്യാനിയോ മുസ്‌ലിമോ ആണെങ്കില്‍ നിങ്ങള്‍ക്കെതിരെ ‘സ്വാഭാവികമായി’ രാജ്യദ്രോഹക്കുറ്റം ചുമത്തുന്നു.
വിഭജിച്ച് ഭരിക്കുക എന്ന ബ്രിട്ടീഷ് തന്ത്രമാണ് അധികാരം കിട്ടുന്നിടത്തെല്ലാം ബി.ജെ.പിയും ചെയ്യുന്നത്. അതുകൊണ്ട് തന്നെ ഇത് ന്യൂനപക്ഷത്തിന്റെ മാത്രം പ്രശ്നമല്ല. സംഘപരിവാറിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വ്യാപ്തിയുള്ളതാണ്. അതിന്റെ ആഴം മനസിലാക്കണമെങ്കില്‍ അവരുടെ പ്രത്യയശാസ്ത്രത്തിലേക്ക് നോക്കിയേ തീരു. ബി.ജെ.പിയുടെ കോര്‍പറേറ്റ് അനുകൂല അജണ്ടകളോട് ഏറ്റവും ചേര്‍ന്നുനില്‍ക്കുന്ന മനുവാദി- ബ്രാഹ്മണിക്കല്‍ പ്രത്യയശാസ്ത്രമാണത്.
നോക്കൂ, അവര്‍ ഇന്ത്യയെ വില്‍ക്കുകയാണ്. ഇന്ത്യയെ വില്‍പനയ്ക്ക് വെച്ചിരിക്കുന്ന മഹാ കച്ചവടമേളയാണ് നടക്കുന്നത്. എയര്‍ ഇന്ത്യയുടെയും എല്‍.ഐ.സിയുടെയുമെല്ലാം മൂല്യം ഇടിച്ചുതാഴ്ത്തിയ ശേഷം അവയെല്ലാം തൂക്കിവില്‍ക്കുകയാണ്. ഇന്ത്യയുടെ പൊതുസ്വത്തുക്കളെല്ലാം ഇങ്ങനെ വിറ്റുതുലയ്ക്കുന്നതിനേക്കാള്‍ വലിയ മറ്റെന്ത് രാജ്യദ്രോഹമാണുള്ളത്. അതാണ് ബി.ജെ.പി ചെയ്തുകൊണ്ടിരിക്കുന്നത്.
ബ്രാഹ്മണിക്കല്‍ രീതികളില്‍ അടിയുറച്ച് മുന്നോട്ടുപോകുന്ന സംഘപരിവാര്‍, ദളിതരെയും ഗോത്ര വിഭാഗങ്ങളെയും ഹിന്ദു എന്ന ലേബലിന് കീഴില്‍ കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ വ്യാപകമായി നടത്തുന്നുണ്ട്. ബ്രാഹ്മണിക്കല്‍ മേല്‍ക്കോയ്മകൊണ്ട് ഏറ്റവും ബുദ്ധിമുട്ടുന്ന ദളിതരെയും ഗോത്രവര്‍ഗക്കാരെയും തെറ്റിദ്ധരിപ്പിച്ച് കൂടെ നിര്‍ത്താനാണ് ബി.ജെ.പി ശ്രമിക്കുന്നത്. സംഘപരിവാര്‍ കൂടുതല്‍ ശക്തിയാര്‍ജിക്കുന്ന ഇന്ത്യയില്‍ ഈ വിഭാഗങ്ങളെ യഥാര്‍ത്ഥത്തില്‍ എന്താണ് കാത്തിരിക്കുന്നത്?
എല്ലാ വിഭാഗങ്ങളും ഹിന്ദുക്കളാണെന്ന് സംഘപരിവാര്‍ പ്രസംഗിച്ചു നടക്കുമ്പോഴും, ഒരു വലിയ വിഭാഗം ഹിന്ദു വിശ്വാസികള്‍ക്കിപ്പോഴും ക്ഷേത്രങ്ങളില്‍ കയറാന്‍ സാധിക്കുന്നില്ല. അവരെ തൊട്ടുകൂടാന്‍ പാടില്ലാത്തവരായി അകറ്റിനിര്‍ത്തിയിരിക്കുകയാണ്. ഏതെങ്കിലുമൊരു ആര്‍.എസ്.എസ് അനുകൂലി ഇന്റര്‍കാസ്റ്റ് മാര്യേജിന് പിന്തുണ നല്‍കുമെന്ന് നിങ്ങള്‍ക്ക് തോന്നുന്നുണ്ടോ?
സവര്‍ണ വിഭാഗക്കാരിയായ ഒരു പെണ്‍കുട്ടി ദളിതനായ ഒരു യുവാവിനെ പ്രേമിക്കാനും വിവാഹം കഴിക്കാനും തീരുമാനിച്ചാല്‍ മിനിറ്റുകള്‍ക്കുള്ളില്‍ തെരുവില്‍ ആള്‍ക്കൂട്ടാക്രമണത്തിനു വിധേയമാകേണ്ടി വരും. ഈ ആര്‍.എസ്. എസുകാരില്‍ ആരെങ്കിലുമൊരാള്‍ എന്തെങ്കിലും പറയുകയോ ആക്രമണത്തെ തടയുകയോ ഇന്റര്‍കാസ്റ്റ് മാര്യേജിനെ പിന്തുണക്കുന്നതോ കണ്ടിട്ടുണ്ടോ? ഇല്ല, കാരണം അവര്‍ ഒരു ദളിത് ഐഡന്റിറ്റി നിര്‍മിച്ചുവെച്ചിട്ടുണ്ട്. സവര്‍ണര്‍ നിര്‍മിക്കുന്ന സാമൂഹ്യ ഘടനക്കകത്ത് വര്‍ണാശ്രമത്തെ അടിസ്ഥാനമാക്കിയുള്ള ആ ദളിത് ഐഡന്റിറ്റി ബാക്കിയാവും.
സവര്‍ണര്‍ എന്നും ഇവിടെത്തന്നെയുണ്ടാകും, അവര്‍ നിര്‍മിക്കുന്ന സാമൂഹ്യഘടനയും ഇവിടെയുണ്ടാകും, ദളിതര്‍ അതേ ഐഡന്റിറ്റിയിലും നിലനില്‍ക്കും. ഒരു ഗോത്ര വിഭാഗത്തിന്റെ പേരില്‍ ആര്‍മി ബറ്റാലിയന്‍ രൂപീകരിച്ചാല്‍ പോലും ഈ ജാതി ശ്രേണിയില്‍ യാതൊരു മാറ്റവും വരുത്താന്‍ ബി.ജെ.പി സമ്മതിക്കില്ല. ഏറ്റവും വൃത്തികെട്ട ജാതി വേര്‍തിരിവ് നിലനിര്‍ത്താനാണ് അവര്‍ ആഗ്രഹിക്കുന്നത്.
അമിത് ഷാ ഒരു ദളിത് വീട്ടില്‍ പോയത് മാധ്യമങ്ങളില്‍ ഏറെ ആഘോഷിക്കപ്പെട്ടിരുന്നു. ഇന്ത്യയുടെ ആഭ്യന്തരമന്ത്രി എത്ര വിശാല ഹൃദയത്തിനുടമയാണെന്നും ദളിതനൊപ്പം ഭക്ഷണം കഴിക്കുന്നുവെന്നും വാനോളം പുകഴ്ത്തപെട്ടു. അമിത് ഷാ ചെയ്തത് കണ്ട് നാണക്കേടാണ് തോന്നിയത്. ആ ദളിതനായ വ്യക്തി അവിടെ എന്തുമാത്രം അപമാനപ്പെട്ടിരിക്കും. ആരെങ്കിലും വീട്ടില്‍ വന്ന് ഭക്ഷണം കഴിക്കുമ്പോള്‍ മാത്രമാണ് താന്‍ മറ്റുള്ളവരോടൊപ്പം തുല്യനാകുന്നത് എന്നല്ലേ ആ ദളിതനോട് പറഞ്ഞുവെക്കുന്നത്. അതും അമിത് ഷാക്കുള്ള ഭക്ഷണം പുറത്തുനിന്നാണ് കൊണ്ടുവന്നത് എന്നത് കൂടി ആലോചിക്കണം.
തീവ്രമായ ഹിന്ദു ഐഡന്റിറ്റിക്കകത്തെ ഐഡന്റിറ്റി പൊളിറ്റിക്സ് ജാതി വ്യവസ്ഥയുടെ അടിസ്ഥാനതത്വങ്ങള്‍ സംരക്ഷിച്ചുകൊണ്ട്, തങ്ങളുടെ താല്‍പര്യങ്ങള്‍ നടപ്പിലാക്കാനാവശ്യമായ ഒരുതരം ഐക്യം സൃഷ്ടിക്കാനുള്ള, ബി.ജെ.പിയുടെയും സംഘപരിവാറിന്റെയും തന്ത്രമാണ്. മനുവാദിന്റെ ഏറ്റവും ആധുനികമായ രൂപമാണിത്.
ഗ്യാന്‍വ്യാപിയടക്കമുള്ള നിരവധി ചരിത്രസ്മാരകങ്ങള്‍ക്കും മസ്ജിദുള്‍ക്കും മേല്‍ വ്യാജ അവകാശവാദങ്ങളുമായി സംഘപരിവാര്‍ എത്തുന്നത് ഒരിക്കല്‍ കൂടി ഗൗരവമായ ചര്‍ച്ചകളിലേക്ക് വഴിവെച്ചിരിക്കുകയാണ്. ബാബറി മസ്ജിദ് ധ്വംസനം ആവര്‍ത്തിക്കപ്പെടുമെന്ന ആശങ്കപ്പെടുന്നുണ്ടോ?
ഹെഡ്ഗവാറിന്റെയും ഗോള്‍വാള്‍ക്കറുടെയും സവര്‍ക്കറുടെയും ആശയങ്ങള്‍ നടപ്പിലാക്കുകയാണ് ബി.ജെ.പി. ഇന്ത്യയില്‍ നിങ്ങളൊരു ന്യൂനപക്ഷമാണെങ്കില്‍ നിങ്ങള്‍ അവരുടെ കീഴാളനായി ജീവിക്കേണ്ടി വരും എന്ന സന്ദേശമാണ് അവര്‍ക്ക് കൊടുക്കാനുള്ളത്. ഞങ്ങള്‍ പറയുന്നത് എല്ലാം അനുസരിക്കൂ, ഞങ്ങള്‍ ചെയ്യുന്നതെല്ലാം അംഗീകരിക്കൂ, കീഴാളനെ പോലെ ജീവിക്കൂ, ആര്‍.എസ്.എസ് ഇന്ത്യയില്‍ അതാണ് നിങ്ങളുടെ സ്ഥാനം… എന്നാണ് അവര്‍ ആഹ്വാനം ചെയ്യുന്നത്. തികച്ചും അപലപനീയമാണിത്. ആര്‍.എസ്.എസിന്റെ ഈ അടിച്ചമര്‍ത്തലിനെതിരെ രാജ്യത്തെ ഓരോ ദേശസ്‌നേഹികളും പോരാടുമെന്ന് തന്നെയാണ് ഞാന്‍ വിശ്വസിക്കുന്നത്.
ഇന്ത്യയുടെ ചരിത്രത്തില്‍, പല കാലഘട്ടങ്ങളിലായി പല സ്ഥലങ്ങളിലായി നിരവധി ആരാധനാലയങ്ങള്‍ തകര്‍ക്കപ്പെട്ടിട്ടുണ്ട്. അക്കാര്യത്തെ ആരുമിവിടെ നിഷേധിക്കുന്നില്ല. സനാതന ധര്‍മം പ്രചരിപ്പിച്ചവര്‍ പല ബുദ്ധ ആരാധനകേന്ദ്രങ്ങളും ജൈന ക്ഷേത്രങ്ങളും നശിപ്പിച്ചിരുന്നു. ഇന്നത്തെ പുരി ജഗന്നാഥ ക്ഷേത്രം ഒരു ബുദ്ധ ആരാധനാലയമായിരുന്നെന്ന് വിവേകാനന്ദന്‍ പോലും ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഇതും പറഞ്ഞുകൊണ്ട്, ആ അമ്പലം പൊളിച്ച് വീണ്ടും ബുദ്ധ ആരാധനാസ്ഥലം പുനര്‍നിര്‍മിക്കൂ എന്ന് പറയാനാകുമോ, ഇല്ല.
കാരണം അയോധ്യ വിധിയില്‍ സുപ്രീംകോടതി പറഞ്ഞത്, ചരിത്രത്തില്‍ ഒരു തെറ്റായി കാര്യം നടന്നിട്ടുണ്ടെന്ന് നിങ്ങള്‍ കരുതുന്നുണ്ടെങ്കിലും, ഇനി സത്യമാണെങ്കിലും, ഭരണഘടനക്ക് അതീതമായ പ്രവര്‍ത്തികളിലൂടെ ആ തെറ്റ് തിരുത്താന്‍ നിങ്ങള്‍ക്കാകില്ല എന്നാണ്. അതുമാത്രമല്ല, 1991ല്‍ നിലവില്‍ വന്ന ആരാധനാ സ്ഥലങ്ങള്‍ സംരക്ഷിക്കാനുള്ള നിയമവും അയോധ്യ വിധിയില്‍ സുപ്രീം കോടതി ചൂണ്ടിക്കാണിക്കുന്നുണ്ട്. ഈ നിയമപ്രകാരം 1947 ഓഗസ്റ്റ് 15ലേത് പോലെ തന്നെ ആരാധനാലയങ്ങള്‍ നിലനിര്‍ത്തണമെന്നാണ് ആ നിയമത്തില്‍ പറയുന്നത്.
അതുകൊണ്ട് തന്നെ, ഈ നിയമത്തെ ലംഘിച്ചുകൊണ്ടെത്തുന്ന ഹരജികള്‍ കോടതികള്‍ അനുവദിക്കുന്നത് പോലും ഞാനടക്കം നിരവധി പേരെ ഞെട്ടിച്ചിരിക്കുകയാണ്. ഗ്യാന്‍വാപി വിധിയുമായി ബന്ധപ്പെട്ടു വന്ന സുപ്രീംകോടതി വിധി അങ്ങേയറ്റം നിരാശജനകമായിരുന്നു. ഒരു സര്‍വേ നടത്തുന്നതിനെ അങ്ങനെ നിയമവിരുദ്ധമായി കണക്കാക്കാനാകില്ലെന്നാണ് വിധിയില്‍ പറയുന്നത്. കോടതിയുടെ ഈ നിരീക്ഷണം എനിക്ക് മനസിലാക്കാനേ സാധിക്കുന്നില്ല.
ഉദാഹരണത്തിന് ഒരാള്‍ തീവെപ്പിന് വേണ്ടി വിറക് കൂട്ടുന്നു. ഈ വിറക് കൂട്ടുന്നത് തീവെപ്പിനാണെന്ന് അറിഞ്ഞിട്ടും നിങ്ങള്‍ക്കതില്‍ ഒരു പ്രശ്‌നവും തോന്നുന്നില്ല. ഈ സര്‍വേ വിറക് കൂട്ടലാണ്. ശക്തമായ ഒരു നിയമം ഇവിടെയുള്ളപ്പോള്‍, എന്തിനാണ് നിയമം ലംഘിക്കുന്ന ഹരജികള്‍ കോടതികള്‍ അനുവദിക്കുന്നത്… നേരത്തെ ഒരു കേസില്‍ ഇതേ നിയമം ഉയര്‍ത്തിപ്പിടിച്ച കോടതി തന്നെ എന്തുകൊണ്ടാണ് ഇപ്പോള്‍ ശക്തമായ നടപടികളൊന്നും സ്വീകരിക്കാത്തത്?
ഇന്ത്യയില്‍ നടക്കുന്ന ഇത്തരം കാര്യങ്ങളില്‍ എനിക്ക് കടുത്ത ആശങ്കയുണ്ട്. അതുകൊണ്ട് തന്നെ ഈ അനീതികള്‍ക്കെതിരെ കൂടുതല്‍ ശക്തിയോട അണിനിരക്കേണ്ടതുണ്ട്.
ഉത്തരേന്ത്യയായിരുന്നു ഈയടുത്ത കാലം വരെ സംഘപരിവാറിന്റെ പ്രധാന കേന്ദ്രം. എന്നാല്‍ ഇന്ന് ദക്ഷിണേന്ത്യയിലേക്കും അവര്‍ സ്വാധീനം ശക്തമാക്കിയിരിക്കുകയാണ്. സംഘപരിവാര്‍ ആശയങ്ങളുടെ പരീക്ഷണശാലയായി കര്‍ണാടക മാറിയിരിക്കുന്നു. സൗത്ത് ഇന്ത്യയിലേക്കുള്ള വാതിലായാണ് ബി.ജെ.പി കര്‍ണാടകയെ കാണുന്നതെന്ന നിരീക്ഷണങ്ങള്‍ നേരത്തെ തന്നെ ഉയര്‍ന്നിരുന്നു. ഈ പ്രവണതയെ എങ്ങനെയാണ് നോക്കിക്കാണുന്നത്?
ഏറെ ഗൗരവപൂര്‍ണമായ വിഷയമാണിത്. മതപരിവര്‍ത്തന നിരോധനം നിയമം മാത്രം എടുത്തുനോക്കൂ. ക്രൂരമായ നിയമമാണത്. ക്രിസ്ത്യാനികള്‍ക്കെതിരെയാണ് അത് പ്രധാനമായും ഉപയോഗിക്കപ്പെടുന്നത്. ഈ നിയമത്തിലൂടെ ഘര്‍വാപസി എന്ന സംഘപരിവാര്‍ പദ്ധതിയെ നിയമവിധേയമാക്കുകയാണ്. ഒരു ക്രിസ്ത്യാനിയെ നിര്‍ബന്ധിച്ച് ഹിന്ദുവാക്കുന്നത് ഈ നിയമപ്രകാരം അനുവദനീയമാണ്. എന്നാല്‍ തിരിച്ചാണെങ്കില്‍ നിരവധി ചിട്ടവട്ടങ്ങളും നൂലാമാലകളുമുണ്ടെന്ന് മാത്രമല്ല, സംഘപരിവാറിന് ആരെയും ആക്രമിക്കാനുള്ള പഴുതുകളും ധാരാളമുണ്ട്.
ക്രിസ്ത്യന്‍ മതത്തിനകത്തെ ഏത് വൈദികനെയും, ഏതൊരു വ്യക്തിയെയും ഈ നിയമം ഉപയോഗിച്ച് അറസ്റ്റ് ചെയ്യാം. മതത്തെ കുറിച്ച് വെറുതെ സംസാരിച്ചാല്‍ പോലും ആരെയും പിടിച്ച് അകത്തിടാം. ‘ലവ് ജിഹാദും’ ഇതിനൊപ്പം കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. പ്രായപൂര്‍ത്തിയായ ഒരാള്‍ക്ക് ഇഷ്ടപ്പെട്ട ജീവിതപങ്കാളിയെ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്രമുണ്ട്. എന്നാല്‍ ഇന്നത്തെ ഇന്ത്യയില്‍ ആ തെരഞ്ഞെടുപ്പ് ഒന്നുകില്‍ നിങ്ങളെ ജയില്‍ അടക്കും, അല്ലെങ്കില്‍ നിങ്ങള്‍ തെരഞ്ഞെടുത്ത പങ്കാളിയെ ജയിലില്‍ അടക്കും.
കര്‍ണാടക ആര്‍.എസ്.എസിന്റെ പരീക്ഷണശാലയാണെന്ന് നേരത്തെ തന്നെ പറയുന്നതാണ്. ഇക്കഴിഞ്ഞ വര്‍ഷങ്ങളിലായി പല പരീക്ഷണപദ്ധതികളും നമ്മള്‍ കണ്ടുകഴിഞ്ഞു. പക്ഷെ ഹിജാബ് വിഷയത്തില്‍ സംഭവിച്ചത് മറ്റെന്തിനേക്കാളും ഭീകരമായിരുന്നു. കാരണം വിദ്യാഭ്യാസം നേടാനുള്ള അടിസ്ഥാന അവകാശമാണ് അവിടെ നിഷേധിക്കപ്പെട്ടത്, നിബന്ധനകള്‍ക്ക് വിധേയമാക്കിയത്.
സിഖ് വംശജനായ ഒരു പുരുഷന്‍ തലപ്പാവ് കെട്ടുന്നത് വളരെ സാധാരണമായ കാര്യമാണ്. പഞ്ചാബി ഗ്രാമങ്ങളിലെ പെണ്‍കുട്ടികള്‍ തട്ടമിടുന്നതും വളരെ സാധാരണമായ കാര്യമാണ്. പക്ഷെ ഒരു പെണ്‍കുട്ടി ഹിജാബ് ധരിച്ചാല്‍ വിദ്യാഭ്യാസം നേടാനുള്ള അവളുടെ അവകാശം വരെ നിഷേധിക്കപെടുകയാണ്. ഇതാണ് കര്‍ണാടകയില്‍ സംഭവിക്കുന്നത്. കേരളത്തില്‍ ഹിജാബ് ധരിച്ച പെണ്‍കുട്ടികള്‍ പഠനത്തിലും മറ്റു മേഖലകളിലും എത്ര മികച്ച പ്രകടനമാണ് നടത്തുന്നതെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. അത്തരം പെണ്‍കുട്ടികള്‍ക്കാണ് വിദ്യാഭ്യാസം നിഷേധിക്കപ്പെടുന്നത്.
കര്‍ണാടകയില്‍ പാഠപുസ്തകങ്ങള്‍ വരെ മാറ്റിക്കൊണ്ടിരിക്കുകയാണ്. ഫൂലേയെയും ഭഗത് സിംഗിനെയും ഒഴിവാക്കി. കര്‍ണാടകയിലെ പ്രമുഖ ജാതിവിരുദ്ധ നേതാവും നവോത്ഥാന നായകനുമായ ബാസവണ്ണയെ കുറിച്ച് അദ്ദേഹം പൂണൂല്‍ ധരിക്കുന്ന ചടങ്ങ് നടത്തിയിരുന്നെന്ന് എഴുതിപ്പിടിപ്പിച്ചു. പിന്നീട് ലിംഗായത്ത് വിഭാഗക്കാര്‍ പ്രതിഷേധം ഉയര്‍ത്തിയപ്പോള്‍ അത് പിന്‍വലിച്ചിട്ടുണ്ട്.
കര്‍ണാടകയുടെ കാര്യത്തില്‍ എനിക്ക് കനത്ത ആശങ്കയുണ്ട്. അതേസമയം കര്‍ണാടകയിലെ ജനങ്ങള്‍ ഈ സംഘപരിവാര്‍ അജണ്ടകള്‍ക്കെതിരെ അണിനിരക്കുന്നത് പ്രതീക്ഷയും നല്‍കുന്നുണ്ട്. എഴുത്തുകാര്‍, ബുദ്ധിജീവികള്‍, കവികള്‍, രാഷ്ട്രീയ പാര്‍ട്ടികള്‍, ബഹുജന സംഘടനകള്‍, അധ്യാപകര്‍ തുടങ്ങിയവരെല്ലാം ഈ പ്രതിഷേധത്തില്‍ പങ്കുച്ചേരുന്നത് ഏറെ സന്തോഷവും ഊര്‍ജവും പകരുന്ന കാഴ്ചയാണ്.
അപകടകാരിയായ സംഘപരിവാറിനെതിരെ എങ്ങനെയാണ് പോരാടേണ്ടത്? ആ പോരാട്ടത്തില്‍ ഇടത് പ്രസ്ഥാനങ്ങളുടെ പങ്കും പ്രസക്തിയുമെന്താണ്?
സംഘപരിവാറിനെതിരെയുള്ള പോരാട്ടത്തിലെ ആദ്യ ഘടകമെന്നത് പ്രത്യയശാസ്ത്രപരമായി ഒരിക്കലും വിട്ടുവീഴ്ച ചെയ്യരുത് എന്നതാണ്. ‘ഹിന്ദു വോട്ടുകള്‍ക്ക്’ വേണ്ടി പല പാര്‍ട്ടികളും പലതും ചെയ്യുന്നത് ഇന്ന് നമ്മള്‍ കാണുന്നുണ്ട്. ആരാധാനാലയങ്ങള്‍ കയറിയിറങ്ങിയും ഗംഗയില്‍ മുങ്ങിയും ഹനുമാന്‍ ചാലിസ നടത്തിയും അതിന്റെയെല്ലാം ഫോട്ടോകള്‍ പ്രചരിപ്പിച്ചും അവര്‍ പലതും കാണിച്ചുകൂട്ടുകയാണ്. മതം എന്നത് വ്യക്തിപരമായ കാര്യമല്ലേ. മതപരമായ എന്തെങ്കിലും ആചാരങ്ങള്‍ നടത്തണമെങ്കില്‍ എന്തിനാണ് നിങ്ങള്‍ ക്യാമറയും കൂടെ കൊണ്ടുപോകുന്നത്?
ബി.ജെ.പിയുമായി ഒരു മത്സരത്തിനാണ് ഇക്കൂട്ടര്‍ ശ്രമിക്കുന്നത്. ബി.ജെ.പിയേക്കാള്‍ മികച്ച ഹിന്ദുക്കള്‍ തങ്ങളാണെന്ന് മുദ്രാവാക്യം വിളിക്കുകയാണവര്‍. ഇത് ശരിക്കും സഹായിക്കുന്നത് ബി.ജെ.പിയെയാണ്. ഇന്ത്യയുടെ രാഷ്ട്രീയരംഗം പൂര്‍ണമായും ഏത് രീതിയിലേക്ക് മാറണമെന്നാണോ ബി.ജെ.പി ആഗ്രഹിക്കുന്നത് അവിടേക്ക് കാര്യങ്ങളെ കൊണ്ടുപോകുകയാണിവര്‍.
ഇനി സംഘപരിവാറിനെതിരെയുള്ള പോരാട്ടത്തിലെ ഇടതുസംഘടനകളുടെ പങ്കിലേക്ക് വന്നാല്‍, ബി.ജെ.പിക്ക് പ്രത്യയശാസ്ത്രപരമായി ഏറ്റവും വലിയ ഭീഷണിയുയര്‍ത്തുന്നത് ഇടതുപക്ഷമാണെന്ന് നരേന്ദ്ര മോദി പോലും തുറന്നുസമ്മതിച്ചതാണ്. കേരളം ഒരു കൊച്ചു സംസ്ഥാനമാണെങ്കില്‍ അവിടുത്തെ സര്‍ക്കാരിന്റെ പ്രത്യയശാസ്ത്രം രാജ്യത്തെ മുഴുവന്‍ ബാധിക്കുമെന്നാണ് മോദി പറഞ്ഞത്. അദ്ദേഹം പറഞ്ഞത് ശരിയാണ്, കാരണം സംഘപരിവാറിന് ഞങ്ങളൊരു അപകടം തന്നെയാണ്. സംഘപരിവാറിനെതിരെ പ്രത്യയശാസ്ത്രത്തില്‍ തരിമ്പും വിട്ടുവീഴ്ച വരുത്താതെ ഇടതുപക്ഷം പോരാടും.
ഇനി രണ്ടാമത്തെ കാര്യത്തിലേക്ക് വരാം. ജനങ്ങള്‍ നേരിടുന്ന അടിസ്ഥാനപരമായ പ്രശ്‌നങ്ങളില്‍ ഇടപെടാന്‍ സാധിക്കണം. അവരുടെ ദൈനംദിന ജീവിതത്തെയും വരുമാനത്തെയും ബാധിക്കുന്ന വിഷയങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരാന്‍ സാധിക്കണം. കര്‍ഷകസമരവും തൊഴിലാളി സമരവും ആദിവാസി സമരങ്ങളുമെല്ലാം അതിന്റെ ഭാഗമാണ്. എന്നാല്‍ അതേസമയം, ഈ ജീവിതപ്രശ്‌നങ്ങളിലേക്ക് നയിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ ഇടപെടലുകളെ ഭരണഘടനയ്ക്ക് മേലുള്ള കടന്നുകയറ്റമായി കൂടി വേണം കാണാനും മനസിലാക്കാനും.
സാമ്പത്തികപ്രതിസന്ധികളും രാഷ്ട്രീയ പ്രത്യയശാസ്ത്ര പ്രതിസന്ധികളും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. ശക്തമായ രാഷ്ട്രീയ നിലപാടുകളില്ലാതെ, സാമ്പത്തികരംഗത്തെ പ്രശ്‌നങ്ങളില്‍ മാത്രം ഊന്നിക്കൊണ്ട് സമരം നടത്തിയാല്‍ ബി.ജെ.പിയെയും ആര്‍.എസ്.എസിനെയും തോല്‍പ്പിക്കാനാവില്ല. ദൈനംദിനജീവിതത്തില്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ ഒരു പരസ്പര ഐക്യം രൂപപ്പെടുത്തും. ആ സാഹചര്യത്തെ പ്രത്യയശാസ്ത്രപരമായി കൂടി ബന്ധപ്പെടുത്തിയാലേ സംഘപരിവാറിനെതിരെയുള്ള പോരാട്ടം ശക്തമാക്കാനാകൂ.
മൂന്നാമത്തേത്, എപ്പോഴും ജനങ്ങള്‍ക്കൊപ്പമുണ്ടായിരിക്കുക എന്നതാണ്. ചുവപ്പ് കൊടിയേന്തുന്നവര്‍ അക്കാര്യത്തില്‍ ഒരിക്കലും വിട്ടുവീഴ്ച വരുത്തരുത്. അനീതിയും അക്രമവും നടക്കുന്നിടത്ത്, അത് എവിടെയായാലും, അതിനെതിരെ ചുവപ്പ് കൊടിയുയര്‍ന്നിരിക്കണം. സംഘപരിവാറിനെതിരെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടത്തിന് തയ്യാറാകുന്ന മറ്റു പാര്‍ട്ടികള്‍ക്കും സംഘടനകള്‍ക്കുമൊപ്പം ഒന്നിച്ചുനിന്ന് മുന്നോട്ടുപോകാനും ഇടതുപക്ഷത്തിന് സാധിക്കണം.
സംഘപരിവാറിനെതിരായ പോരാട്ടത്തില്‍ സമാനമായ നിലപാട് സ്വീകരിക്കുന്നവരെ കൂടെ നിര്‍ത്തുമെന്ന് പറഞ്ഞല്ലോ. അങ്ങനെയെങ്കില്‍ ആം ആദ്മി പാര്‍ട്ടിയെ എങ്ങനെയാണ് വിലയിരുത്തുന്നത്? ദല്‍ഹിയിലും പഞ്ചാബിലും ഭരണം പിടിച്ചെടുക്കാന്‍ ആപ്പിന് കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ അതേസമയം ഹനുമാന്‍ ചാലിസ ചൊല്ലുന്ന നേതാവുള്ള ബി.ജെ.പിയുടെ ബി ടീം എന്നും അവര്‍ വിമര്‍ശിക്കപ്പെടുന്നുണ്ട്.
ദല്‍ഹിയിലും പഞ്ചാബിലും ഭരണം പിടിച്ചെടുത്തുകൊണ്ട് ബി.ജെ.പിയുടെ തേരോട്ടത്തിന് ഒരു തടയിടാന്‍ ആം ആദ്മിക്ക് കഴിഞ്ഞുവെന്നത് പ്രധാനപ്പെട്ട കാര്യമാണ്. എന്നാല്‍ ജഹാംഗീര്‍പുരിയിലടക്കം ന്യൂനപക്ഷങ്ങള്‍ക്കെതിരെ നടന്ന അതിക്രമങ്ങളില്‍ അവര്‍ സ്വീകരിച്ച് നിലപാട്, ആം ആദ്മിയുടെ രാഷ്ട്രീയത്തിലെയും പ്രത്യയശാസ്ത്രത്തിലെയും അപകടകരമായ പ്രശ്‌നങ്ങളാണ് ചൂണ്ടിക്കാണിക്കുന്നത്.
ജഹാംഗീര്‍പുരിയില്‍ ബുള്‍ഡോസിങ്ങ് നേരിട്ടവരെല്ലാം റോഹിങ്ക്യരും ബംഗ്ലാദേശികളുമാണെന്നും അവരെ ആം ആദ്മി പിന്തുണക്കുകയാണെന്നും ബി.ജെ.പി പറഞ്ഞപ്പോള്‍, ബി.ജെ.പിയാണ് നേരത്തെതന്നെ ആ മനുഷ്യരെ അവിടെ പാര്‍പ്പിച്ചതെന്ന മറുപടിയാണ് ആം ആദ്മി നല്‍കിയത്. എന്ത് തരം മറുപടിയാണത്! ബംഗ്ലാദേശികളെയും റോഹിങ്ക്യകളെയും ആര്‍ക്കാണ് കൂടുതല്‍ ഉപദ്രവിക്കാന്‍ കഴിയുക എന്നാണോ ഇവിടെ ചര്‍ച്ച നടക്കുന്നത്!
ഇന്ത്യയിലെ പൗരന്മാരെ അനധികൃത കുടിയേറ്റക്കാരെന്ന് വിളിച്ചുകൊണ്ട് അവര്‍ക്കെതിരെ നടന്ന ബുള്‍ഡോസിങ്ങിനെ ന്യായീകരിക്കുകയല്ലേ ചെയ്യുന്നത്.
ആപ്പിന് സ്വാധീനമുള്ള മേഖലയാണ് ജഹാംഗീര്‍പുരി, ആം ആദ്മി കൗണ്‍സിലറാണ് അവിടെയുള്ളത്. എന്നിട്ടുപോലും ബുള്‍ഡോസിങ്ങിന് ഇരയായവരെ, സംഭവസമയത്തോ അതിനുശേഷമോ, ഒന്നുവന്ന് കാണാന്‍ ആം ആദ്മിയിലെ ഒരു അംഗം പോലും തയ്യാറായില്ല. ഇക്കാര്യത്തില്‍ ആപ്പും ബി.ജെ.പിയും ഒരുപോലെയാണ്. ബി.ജെ.പി ഏറ്റവും അക്രമകരമായ വഴികളിലൂടെ എല്ലാം വെട്ടിത്തുറന്ന് പറയുന്നുവെന്ന വ്യത്യാസമേയുള്ളു.
പൗരത്വപ്രതിഷേധങ്ങള്‍ അടിച്ചമര്‍ത്തുന്നതിന് വേണ്ടി സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉപയോഗിച്ച് ന്യൂനപക്ഷങ്ങള്‍ക്കെതിരെ നടത്തിയ കലാപമായിരുന്നു കിഴക്കന്‍ ദല്‍ഹിയില്‍ നടന്നത്. ആ സമയത്ത് ബി.ജെ.പി നേതാക്കളുടെ വിദ്വേഷപ്രസംഗത്തിനെതിരെ ആം ആദ്മി സര്‍ക്കാര്‍ ഒന്നും ചെയ്തില്ല. ദല്‍ഹി സര്‍ക്കാരിന്റെ അധികാരപരിധിയിലല്ല പൊലീസ് എന്നത് അംഗീകരിക്കുന്നു. എന്നാല്‍ രാഷ്ട്രീയ ഇടപെടലുകള്‍ നടത്താമായിരുന്നു. അതുമുണ്ടായില്ല.
പ്രാദേശിക രാഷ്ട്രീയ പാര്‍ട്ടികള്‍ ബി.ജെ.പിയുടെയും ആര്‍.എസ്.എസിന്റെയും ടോക്‌സിക് ഹിന്ദുത്വക്കെതിരെയും ന്യൂനപക്ഷങ്ങള്‍ക്കെതിരെ നടക്കുന്ന അടിച്ചമര്‍ത്തുകള്‍ക്കെതിരെയും നിലപാട് സ്വീകരിക്കണമെന്നാണ് ജനം ആഗ്രഹിക്കുന്നത്. അവിടെ, എ.എ.പി പൂര്‍ണ പരാജയമാണ്.
താങ്കള്‍ സൂചിപ്പിച്ച സംഘപരിവാറിനെതിരെയുള്ള പോരാട്ടത്തില്‍ ഇടതുപക്ഷത്തിന്റെ ശക്തികേന്ദ്രങ്ങളിലൊന്നായ കേരളത്തിനും വലിയ പങ്കുവഹിക്കാനുണ്ടാകുമല്ലോ. എന്നാല്‍ കേരളത്തിലെ എല്‍.ഡി.എഫ് സര്‍ക്കാരിനെതിരെ വലിയ വിമര്‍ശനങ്ങളും ഉയരുന്നുണ്ട്. മോദിയുടേത് പോലുള്ള വികസനമാണ് പിണറായി സര്‍ക്കാര്‍ കേരളത്തില്‍ നടപ്പാക്കുന്നതെന്നാണ് പ്രധാനമായും ഉയരുന്ന വിമര്‍ശനം. രണ്ടാമത്തേത് കേരള പൊലീസിലെ സംഘപരിവാര്‍വത്കരണമാണ്. അടുത്തത് ‘ഏറ്റുമുട്ടല്‍ കൊലപാതകങ്ങളിലൂടെ’ മാവോയിസ്റ്റുകളെ കൊലപ്പെടുത്തിതാണ്. കേരള സര്‍ക്കാരിന്റെ വികസന പദ്ധതികളെ കുറിച്ചുള്ള വിമര്‍ശനങ്ങളോട് എന്താണ് പറയാനുള്ളത്?
ഞങ്ങള്‍ എപ്പോഴും വിമര്‍ശനങ്ങളെ സ്വാഗതം ചെയ്യുന്നവരാണ്. വിമര്‍ശനങ്ങള്‍ക്കും ജനങ്ങളുടെ വാക്കുകള്‍ക്കും ചെവി കൊടുത്തുകൊണ്ടല്ലാതെ ഒരു ഇടത് സര്‍ക്കാരിന് നിലനില്‍ക്കാനാവില്ല. കാരണം, ഇടതുപക്ഷം അധികാരത്തിലെത്തുന്നതിന്റെ ഏക ഉദ്ദേശ്യം ജനങ്ങളെ സേവിക്കലാണ്.
അങ്ങനെ എല്ലാ വിമര്‍ശനങ്ങളും പരിഗണിക്കുമ്പോഴും ചില ചോദ്യങ്ങള്‍ തിരിച്ചു ചോദിച്ചേ മതിയാകൂ. കേരളത്തിലെ വികസന പദ്ധതികള്‍ മോദിയുടേത് പോലെ തന്നെയാണെന്ന് പറയുന്നവരോട് ഒന്നേ ചോദിക്കാനുള്ളു, മോദിയുടെ വികസനം എന്താണെന്ന് നിങ്ങള്‍ക്കറിയാമോ? കേരളം അതിന്റെ പൊതുമേഖലാ സ്ഥാപനങ്ങളെ സ്വകാര്യവത്കരിക്കുന്നുണ്ടോ? ഇവിടുത്തെ സര്‍ക്കാര്‍ പൊതുമേഖലയെ ശക്തിപ്പെടുത്താനാണ് പണം ചെലവഴിക്കുന്നത്. സര്‍ക്കാരിന് കീഴിലെ പന്ത്രണ്ടോളം സ്ഥാപനങ്ങള്‍ ലാഭത്തിലായി.
അതുകൊണ്ട് തന്നെ വിമര്‍ശകരോട് ഇതാണ് ചോദിക്കാനുള്ളത്, മോദി സര്‍ക്കാര്‍ വിദ്യാഭ്യാസ- ആരോഗ്യ മേഖലയ്ക്ക് വേണ്ടി എന്തെങ്കിലും ചെയ്യുന്നുണ്ടോ, സ്വകാര്യവത്കരണമല്ലാതെ? സാമൂഹിക സൂചകങ്ങളിലുള്ള കേരള സര്‍ക്കാരിന്റെ ശ്രദ്ധയാണ് കേരളത്തെ നമ്പര്‍ വണ്‍ ആക്കുന്നത്. മോദി സര്‍ക്കാരോ വേറെ ഏതെങ്കിലും സര്‍ക്കാരോ അങ്ങനെ ചെയ്യുന്നുണ്ടോ?
മോദി സര്‍ക്കാര്‍ ഇതൊക്കെ ചെയ്യുന്നുവെന്നാണ് കരുതുന്നതെങ്കില്‍ അവര്‍ക്ക് തെറ്റുപറ്റിയിരിക്കുകയാണ്.
മോദി സര്‍ക്കാര്‍ മിനിമം വേതനം ഉറപ്പാക്കുന്നുണ്ടോ? ദാരിദ്രവും ഇല്ലായ്മയും പരിഹരിക്കാനുള്ള ശക്തമായ നടപടികള്‍ സ്വീകരിക്കുന്നുണ്ടോ? കേരള സര്‍ക്കാരിനെ നോക്കൂ, ലൈഫ് മിഷനും ഗ്രീന്‍ മിഷനും ഭക്ഷ്യ സുരക്ഷാപദ്ധതികളും മാവേലി സ്റ്റോറുകളും കൊണ്ട് കേരളം മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
ഞാനൊരു മാവേലി സ്റ്റോറില്‍ പോയിരുന്നു. അവിടുത്തെ വിലവിവരപ്പട്ടിക, മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വന്ന, എന്റെ ഒപ്പമുണ്ടായിരുന്നവര്‍ക്ക് കാണിച്ചുകൊടുത്തു. ഇതാണ് വ്യത്യാസം, ഇവിടുത്തെ സര്‍ക്കാര്‍ പതിമൂന്നോളം സാധനങ്ങള്‍ പകുതി വിലയില്‍ നല്‍കുകയാണ് എന്നും ചൂണ്ടിക്കാണിച്ചു.
ശരിയാണ്, ഈ സാധനങ്ങള്‍ നിശ്ചിത അളവിലേ നല്‍കുന്നുള്ളു. പക്ഷെ, വിലക്കയറ്റം കൊണ്ട് കഷ്ടപ്പെടുന്ന കുടുംബങ്ങള്‍ക്ക് അത് വലിയ സഹായമാണ്.
നമുക്ക് ഹൈവേകള്‍ ആവശ്യമില്ലേ, തീര്‍ച്ചയായും ആവശ്യമുണ്ട്. അതിനെതിരെ വിമര്‍ശനമുന്നയിക്കുന്നവര്‍ തന്നെ കേരളത്തിലെത്തിയാല്‍ പറയും ‘എന്തൊരു ട്രാഫിക് ബ്ലോക്കാണ് ഇവിടെ. ഒരു സ്ഥലത്തും പോലും പോകാന്‍ പറ്റില്ല’ എന്ന്.
അതുകൊണ്ട് നമുക്ക് ഹൈവേകള്‍ ആവശ്യമാണ്. ഹൈവേകള്‍ വരുമ്പോള്‍ ഭൂമി നഷ്ടപ്പെടുന്നവര്‍ക്ക് പുനരധിവാസത്തിനുള്ള സൗകര്യങ്ങള്‍ ലഭിക്കുന്നില്ലേ എന്ന കാര്യമാണ് ശ്രദ്ധിക്കേണ്ടത്. കേന്ദ്രം നല്‍കുന്നതിനേക്കാള്‍ കൂടുതല്‍ തുകയാണ് കേരളം പുനരധിവാസ പാക്കേജില്‍ നല്‍കുന്നത്. കാരണം ജനങ്ങളെ ബലി കൊടുത്തുകൊണ്ട് വികസനം നടത്താന്‍ സാധിക്കില്ല, അക്കാര്യത്തില്‍ ഒരു തര്‍ക്കവുമില്ല.
ഹൈദരാബാദില്‍ വെറ്റിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊന്ന കേസില്‍ അറസ്റ്റ് ചെയ്തവരെ കൊലപ്പെടുത്തിയ സംഭവം പൊലീസ് നടത്തിയ വ്യാജ ഏറ്റുമുട്ടലായിരുന്നുവെന്ന സുപ്രീംകോടതി സമിതിയുടെ റിപ്പോര്‍ട്ട് വലിയ ചര്‍ച്ചയായിരുന്നല്ലോ. കേരളത്തിലെയും കേന്ദ്രത്തിലെയും പല സി.പി.ഐ.എം നേതാക്കളും ഏറ്റുമുട്ടല്‍ കൊലപാതകങ്ങളെ അപലപിച്ച് അന്നും ഇന്നും രംഗത്തുവരുന്നുണ്ട്. അതേസമയം കേരളത്തില്‍ പിണറായി സര്‍ക്കാരിന്റെ ഭരണകാലത്ത് എട്ടോളം മാവോയിസ്റ്റുകളെയാണ് ‘ഏറ്റുമുട്ടലിലൂടെ’ വധിച്ചത്. അവയെല്ലാം തന്നെ പൊലീസും സേനയും നടത്തിയ വ്യാജ ഏറ്റുമുട്ടല്‍ കൊലകളാണെന്ന നിരവധി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്. ഇതേ കുറിച്ച് എന്താണ് പറയാനുള്ളത്?
ഏറ്റുമുട്ടല്‍ കൊലകളെ ഞങ്ങള്‍ പൂര്‍ണമായും എതിര്‍ക്കുന്നു. അതില്‍ ഒരു സംശയവും വേണ്ട. ഒന്നാം പിണറായി സര്‍ക്കാര്‍ അധികാരമേറ്റതിന് ശേഷം മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ട സംഭവങ്ങളെ കുറിച്ച് എനിക്ക് അറിയാം. അതിന്റെ വിശദാംശങ്ങളിലേക്കൊന്നും നമുക്ക് പോകേണ്ടതില്ലല്ലോ.
സി.പി.ഐ.എമ്മോ സി.പി.ഐ.എം നേതൃത്വം നല്‍കുന്ന കേരള സര്‍ക്കാരോ ഒരിക്കലും എന്‍കൗണ്ടര്‍ കില്ലിങ്ങുകളെ അനുകൂലിച്ചിട്ടില്ല, അനുകൂലിക്കുകയുമില്ല.
അതേസമയം മാവോയിസ്റ്റുകള്‍ എന്താണ് ചെയ്യുന്നതെന്ന് കൂടി നോക്കേണ്ടതുണ്ട്. അക്രമത്തെ ആയുധമാക്കികൊണ്ട്, തങ്ങളുടെ താല്‍പര്യങ്ങള്‍ നിറവേറ്റുന്നതിന് വേണ്ടി, സമൂഹത്തിലെ പാര്‍ശ്വവത്കൃതരായ കമ്യൂണിറ്റികളെ സംഘടിപ്പിക്കാനാണ് അവര്‍ നോക്കുന്നത്. അത് ഒരിക്കലും ഇടത് പ്രസ്ഥാനത്തിന് ചേര്‍ന്നതല്ല. അവര്‍ എന്തിനാണ് സ്വയം മാവോയിസ്റ്റുകളെന്ന വിളിക്കുന്നതെന്ന് പോലും എനിക്ക് മനസിലാകുന്നില്ല. മാവോ സെ തുങ്ങിന്റെ ആശയങ്ങളുമായുള്ള ഒരു സാമ്യവും ഇവരുടെ പ്രവര്‍ത്തനങ്ങളില്‍ കാണാനാകില്ല.
മാവോ ഒരു ജനകീയനായ നേതാവായിരുന്നു. അദ്ദേഹം ജനങ്ങളുടെ സമരത്തിലും അവരുടെ പോരാട്ടങ്ങളിലുമാണ് വിശ്വസിച്ചത്, അല്ലാതെ ചില ആളുകളെ തെരഞ്ഞുപിടിച്ച് കൊല്ലുന്ന തീവ്രവാദരീതികളിലല്ല. ഇവിടുത്തെ മാവോയിസ്റ്റുകള്‍ മുന്നോട്ടുവെക്കുന്ന രാഷ്ട്രീയം ഇന്ത്യയിലെ ഇടതു പ്രസ്ഥാനങ്ങള്‍ക്ക് ഏറെ ഹാനികരമാണ്.
ജാര്‍ഖണ്ഡില്‍ ഏറെ നാള്‍ പ്രവര്‍ത്തിച്ചയാളാണ് ഞാന്‍. പോവപ്പെട്ടവരില്‍ പാവപ്പെട്ടവരായ ഗോത്ര വിഭാഗങ്ങള്‍ ഈ ‘മാവോയിസ്റ്റുകളെന്ന്’ പറയപ്പെടുന്നവര്‍ക്കും സര്‍ക്കാരിനുമിടയില്‍ പെട്ട് എത്രമാത്രം കഷ്ടപ്പെടുന്നുവെന്ന് എനിക്കറിയാം.
ഗോത്രവിഭാഗങ്ങളുടെ അടിസ്ഥാന അവകാശങ്ങളും താല്‍പര്യങ്ങളും വരെ അനുവദിക്കാതിരിക്കാന്‍ മാവോയിസ്റ്റുകള്‍ ചെയ്യുന്ന ഓരോ കാര്യങ്ങളെയും സര്‍ക്കാര്‍ ഉപയോഗിക്കുകയും ചെയ്യും. മാവോയിസ്റ്റ് ആശയങ്ങളുമായി ഒരു ബന്ധവുമില്ലാത്ത എത്രയോ ആദിവാസികളാണെന്നറിയാമോ വിചാരണ കാത്തുകഴിയുന്നത്. അപ്പോള്‍ ഈ മാവോയിസ്റ്റുകള്‍ ആരെയാണ് സഹായിക്കുന്നത്? ആര്‍ക്ക് വേണ്ടിയാണ് ഇതൊക്കെ കാണിച്ചുകൂട്ടുന്നത്?
മാവോയിസ്റ്റ് ആശയങ്ങളോടുള്ള എതിരഭിപ്രായം നില്‍ക്കുമ്പോഴും ഏറ്റുമുട്ടല്‍ കൊലപാതകങ്ങളെ പൂര്‍ണമായും എതിര്‍ക്കുന്നുവെന്ന് പറഞ്ഞല്ലോ. ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ കുറക്കുന്നതിനുള്ള എന്തെങ്കിലും നടപടികളെ കുറിച്ച് സി.പി.ഐ.എം ആലോചിച്ചിട്ടുണ്ടോ?
അങ്ങനെയൊരു ചര്‍ച്ചയോ നടപടിയോ സ്വീകരിക്കാന്‍ തക്കവിധം നിരന്തരമായി ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ നടക്കുന്ന സ്ഥലമൊന്നുമല്ലല്ലോ കേരളം. അസമിലെയും ഉത്തര്‍പ്രദേശിലെയും ബി.ജെ.പി സര്‍ക്കാരുകളുടെ പ്രഖ്യാപിത നയമാണ് ഏറ്റുമുട്ടല്‍ കൊലപാതകം. അതുപോലെയൊന്നുമല്ലല്ലോ ഇവിടുത്തെ സാഹചര്യങ്ങള്‍.
കേരള പൊലീസിലെ കാവിവല്‍കരണത്തെ കുറിച്ച് സി.പി.ഐ നേതാവ് ആനി രാജ ഒരിക്കല്‍ വിമര്‍ശനം ഉന്നയിച്ചിരുന്നല്ലോ. സമാനമായ വിമര്‍ശനങ്ങളും റിപ്പോര്‍ട്ടുകളും അതിനുമുന്‍പും ശേഷവും ഉയര്‍ന്നുവന്നിരുന്നു. അതേകുറിച്ച് എന്താണ് പറയാനുള്ളത്?
ആനി രാജയുടെ പ്രസ്താവനയെ കുറിച്ച് സി.പി.ഐ തന്നെ മറുപടി നല്‍കിയിരുന്നതാണല്ലോ. അതുകൊണ്ട് അതേകുറിച്ച് കൂടുതലൊന്നും പറയാനില്ല. അതേസമയം രാജ്യത്തെ വിവിധ അഡ്മിനിസ്‌ട്രേഷന്‍ മേഖലകളില്‍ ബി.ജെ.പി – ആര്‍.എസ്.എസ് കടന്നുകയറ്റം നടക്കുന്നുണ്ട് എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. മധ്യപ്രദേശിലെ ഉദാഹരണം തന്നെ നോക്കുക, സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ആര്‍.എസ്.എസില്‍ ചേരുന്നതിനുണ്ടായിരുന്ന നിരോധനം എടുത്തുകളയാനുള്ള നീക്കങ്ങളാണ് അവിടെ തകൃതിയായി നടക്കുന്നത്.
ഇങ്ങനെ സര്‍ക്കാര്‍ ജീവനക്കാര്‍ക്കിടയിലും പൊലീസിലും ജുഡീഷ്യറിയിലുമൊക്കെ ആര്‍.എസ്.എസ് സ്വാധീനം വര്‍ധിപ്പിക്കാനുള്ള ശ്രമങ്ങളുണ്ടാകുന്നുണ്ട്. ആര്‍.എസ്.എസിന്റെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ സര്‍സംഘ് ചാലക് മോഹന്‍ ഭാഗവതിനെ കാണാനെത്തിയ ഉന്നത ഉദ്യോഗസ്ഥരുടെ ഒരു വമ്പന്‍ ലിസ്റ്റുണ്ട്. അതുകൊണ്ട് തന്നെ രാജ്യമാകെ ആര്‍.എസ്.എസ് നടത്തുന്ന ഈ നുഴഞ്ഞുകയറ്റത്തിന്റെ പശ്ചാത്തലത്തില്‍, കേരള പൊലീസില്‍ മാത്രമായി ആര്‍.എസ്.എസ് സ്വാധീനം ശക്തമാകുന്നുവെന്ന് പറയുന്നത് തെറ്റായ നിരീക്ഷണമാണ്.
Content Highlight: Interview with CPIM leader Brinda Karat